സേതുരാമയ്യര്‍ പറഞ്ഞത് ശരിയാണോ?! ഒരാളുടെ കയ്യോ കാലോ മുറിച്ചുമാറ്റിയാല്‍ കുറച്ചുകാലത്തേക്ക് ആ അവയവം അവിടെത്തന്നെയുള്ളതായി തോന്നുന്നത് ആത്മാവ് ഉള്ളതുകൊണ്ടാണോ?


‘നേരറിയാന്‍ സിബിഐ’ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ സേതുരാമയ്യര്‍ തട്ടിവിടുകയാണ് – ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അയാളുടെ സൂക്ഷ്മശരീരം അവിടെത്തന്നെ ശേഷിക്കും. ഇതിനെ ന്യായീകരിക്കാന്‍ മറ്റൊരു വാദം കൂടി മുന്നോട്ടു വെക്കുന്നുണ്ട്. ഒരാളുടെ കയ്യോ കാലോ ഒരു മെഡിക്കല്‍ ശസ്ത്രക്രിയയിലൂടെ മുറിച്ചു മാറ്റിയാലും കുറച്ചുകാലത്തേക്ക് ആ അവയവം അവിടെത്തന്നെയുള്ളതായി അയാള്‍ക്ക് അനുഭവപ്പെടാറുണ്ട്. ഒറ്റ നോട്ടത്തില്‍ ആത്മാവ് ഉണ്ട് എന്നതിന് ശാസ്ത്രീയമായ വിശദീകരണമായി തോന്നാമെങ്കിലും ഇത് പൂര്‍ണമായും തെറ്റായ കാര്യമാണ്. ലോക പ്രശ്‌സ്ത ന്യൂറോളജിസ്റ്റ്  ഡോ വി. എസ്. രാമചന്ദ്രന്‍ ഇതിന് നല്‍കുന്ന വിശദീകരണം എന്താണ്? –  അനന്തപത്മനാഭന്‍ എഴുതുന്ന ലേഖനം വായിക്കാം
നാഡീശാസ്ത്രത്തിന് ഒരു ആമുഖം

നിത്യജീവിതത്തില്‍ സിനിമ എന്ന മാധ്യമം നമുക്ക് ഒരുപാട് മാനസികോല്ലാസം തരാറുണ്ട്, പലപ്പോഴും സിനിമയില്‍ ശാസ്ത്രം എന്നു പറഞ്ഞ് അവതരിപ്പിക്കുന്ന കാര്യങ്ങളില്‍ എത്രമാത്രം ശാസ്ത്രമുണ്ട് എന്നത് ചിന്തിക്കേണ്ട വിഷയമാണ്. പലരും സിനിമയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അതേപടി വിശ്വസിക്കാറുമുണ്ട്. അങ്ങനെയുള്ള ഒരു സംഭവത്തെ പറ്റി ആണ് ഇവിടെ കുറിക്കുന്നത്. എല്ലാവരെയും പോലെ എന്നെയും ഏറെ ത്രില്ലടിപ്പിച്ച സിനിമയാണ് ‘നേരറിയാന്‍ സിബിഐ’. ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ എന്ന ഹിറ്റ് സിനിമയുടെ നാലാം പതിപ്പായ ഈ ചിത്രം സംവിധാനം ചെയ്തത് കെ മധു, തിരക്കഥ എഴുതിയത് എസ്.എന്‍ സ്വാമി. ഈ സിനിമയിലെ ഒരു രംഗം ആണ് ഈ കുറിപ്പിന് ആധാരം.

ഒരു തറവാട്ടു വീട്ടിലാണ് സംഭവം നടക്കുന്നത്. പ്രേതബാധയുണ്ട് എന്ന് വീട്ടുകാര്‍ വിശ്വസിക്കുന്ന മുറിയിലേക്ക് സധൈര്യം കടന്നുചെല്ലുകയാണ് നമ്മുടെ നായകന്‍ സേതുരാമയ്യര്‍. (നായകന്‍ അറിവുള്ള വ്യക്തിയാണെന്ന് മുന്‍പുള്ള സീനുകള്‍ ഉപയോഗിച്ച് അണിയറപ്രവര്‍ത്തകര്‍ നമ്മളോട് പറയുന്നുണ്ട്) അങ്ങനെ മുറിയിലേക്ക് കടന്നു വരികയും ഒരു പ്രത്യേക മൂലയിലേക്ക് ശ്രദ്ധിക്കുമ്പോള്‍ പെട്ടെന്ന് നായകന്‍ ഞെട്ടുന്നു. (ആഹാ ഇത്രയും ധൈര്യമുള്ള നായകനും ഞെട്ടലോ?) പിന്നീട് അദ്ദേഹം ഈ മുറിയില്‍ നിന്ന് പുറത്തിറങ്ങുകയും,എന്താണ് ഞെട്ടാന്‍ കാരണം എന്ന് മറ്റൊരു കഥാപാത്രം ചോദിക്കുമ്പോള്‍ അദ്ദേഹം ഒരു വിശദീകരണം കൊടുക്കുകയും ചെയ്യുന്നുണ്ട്. സേതുരാമയ്യര്‍ പറയുന്നത് ആ മുറിയില്‍ ഒരു നെഗറ്റീവ് എനര്‍ജിയുണ്ട് എന്നാണ്. അത് മുന്‍പ് മരണപ്പെട്ട ആരുടെയോ ആവാം, ഏതെങ്കിലും ഒരു വെറ്റല്‍ബോഡി അവിടെ ഉണ്ടാകാമെന്നും പറയുന്നുണ്ട്. തീര്‍ന്നില്ല, ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അയാളുടെ സൂക്ഷ്മശരീരം അവിടെത്തന്നെ ശേഷിക്കും എന്നുകൂടി സേതുരാമയ്യര്‍ തട്ടിവിടുന്നു. ഇതിനെ ന്യായീകരിക്കാന്‍ അദ്ദേഹം മറ്റൊരു വാദം കൂടി മുന്നോട്ടു വെക്കുന്നുണ്ട്. അതായത് ഒരാളുടെ കയ്യോ കാലോ ഒരു മെഡിക്കല്‍ ശസ്ത്രക്രിയയിലൂടെ മുറിച്ചു മാറ്റിയാലും കുറച്ചുകാലത്തേക്ക് ആ അവയവം അവിടെത്തന്നെയുള്ളതായി അയാള്‍ക്ക് അനുഭവപ്പെടാറുണ്ട്. ഒറ്റ നോട്ടത്തില്‍ ആത്മാവ് ഉണ്ട് എന്നതിന് ശാസ്ത്രീയമായ വിശദീകരണമായി തോന്നാമെങ്കിലും ഇത് പൂര്‍ണമായും തെറ്റായ കാര്യമാണ്. എന്താണെന്നല്ലേ?

നാഡീശാസ്ത്രം നമുക്കു മുന്‍പില്‍ വച്ചിരിക്കുന്ന കാര്യങ്ങളെപ്പറ്റി ഒട്ടും അറിവില്ലാത്തത് കൊണ്ടാണ് സേതുരാമയ്യര്‍ക്ക് ഇങ്ങനെയൊരു അബദ്ധം പറ്റുന്നത്. പ്രശസ്ത നാഡീശാസ്ത്രജ്ഞനായ വി എസ് രാമചന്ദ്രനും (Vilayanur Subramanian Ramachandran) ശാസ്ത്ര എഴുത്തുകാരിയായ സാന്ദ്ര ബ്ലേക്ക്സ്ലീയും കൂടെ ചേര്‍ന്ന് എഴുതിയ പുസ്തകമാണ് ‘Phantoms in the Brain‘. കൈയ്യോ കാലോ മുറിച്ചു മാറ്റപ്പെട്ടിട്ടും ആ അവയവം അവിടെ തന്നെ ഉള്ളതായി തോന്നുന്ന ഒരു അവസ്ഥയെ നാഡീശാസ്ത്രം വിളിക്കുന്ന പേരാണ് ‘ഫാന്റം ബോഡി പാര്‍ട്‌സ്’. എന്തുകൊണ്ടാണ് ഇങ്ങനെ വിചിത്രമായ കാര്യം നടക്കുന്നത് എന്ന് നമുക്ക് നോക്കാം.ആദ്യമായി തലച്ചോറില്‍ ഒരു പ്രദേശത്തെ നമുക്ക് പരിചയപ്പെടാം. Sensory Homunculus – നമ്മുടെ ശരീരഭാഗങ്ങള്‍ തലച്ചോറില്‍ അടയാളപ്പെടുത്തിയത് ഈ ഒരു സ്ഥലത്താണ്. നമ്മുടെ തലച്ചോറില്‍ ഇങ്ങനെ ഒരു സ്ഥലം ഉണ്ട് എന്ന് കണ്ടെത്തുന്നത് ന്യൂറോ സര്‍ജനായ Wilder Penfield എന്ന വ്യക്തിയാണ്. ഒരു മസ്തിഷ്‌ക ശസ്ത്രക്രിയക്കിടയില്‍ വെച്ചാണ് അദ്ദേഹത്തിന് ഇങ്ങനെ ഒരു ഏരിയ ഉണ്ട് എന്ന് മനസിലാകുന്നത്. അതുകൊണ്ട് തന്നെ ഇങ്ങനെ അടയാളപ്പെടുത്തിയതിനെ ശാസ്ത്രം വിളിക്കുന്നത് Penfield Map എന്നാണ്.

ഒരിക്കല്‍ രാമചന്ദ്രന്റെ അടുക്കലേക്ക് ഒരാള്‍ വരികയും ഒരു പ്രശ്‌നം പറയുകയും ചെയ്യുന്നു. രാമചന്ദ്രന് അത് ആത്മാവാണെന്ന് പറഞ്ഞു തള്ളിക്കളയാന്‍ മനസ്സുവന്നില്ല. തല്‍ക്കാലം ഇയാളെ നമുക്ക് കിഷന്‍ എന്ന് വിളിക്കാം. രാമചന്ദ്രന്‍ ഇയാളെ അടുത്തിരുത്തി നിരീക്ഷിച്ചു. ഒരു വേളയില്‍ കിഷന്റെ മുഖത്തേക്ക് പേന വെച്ച് തൊട്ടപ്പോള്‍ എന്താണ് അനുഭവപെടുന്നത് എന്ന് ചോദിച്ചു, കിഷന്‍ മറുപടി പറഞ്ഞു: “എന്റെ മുഖത്ത് തൊടുന്നതായി ആണ് എനിക്ക് അനുഭവപ്പെടുന്നത് “. അത് സ്വാഭാവികം. കിഷന്‍ പിന്നീട് പറഞ്ഞ വാക്കുകളിലാണ് ആണ് രസകരമായ വസ്തുത.  “എനിക്ക് എന്റെ വലം കൈയ്യിലെ തള്ളവിരലില്‍ തൊടുന്നതായും അനുഭവപ്പെടുന്നു” (ഈ വലംകൈ ആണ് കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് മുറിച്ചു കളഞ്ഞത്) രാമചന്ദ്രന്‍ ഈ കാര്യം കേട്ടത് അത് അത്ഭുതത്തോടെയാണ്, അദ്ദേഹം പരീക്ഷണം തുടര്‍ന്നു. മുഖത്തിന്റെ ഓരോ ഭാഗത്ത് തൊട്ടപ്പോഴും വലംകൈയ്യുടെ ഓരോ ഭാഗത്തായി തൊടുന്നത് പോലെ കിഷന് അനുഭവപ്പെട്ടു. അങ്ങനെ കിഷന്റെ മുഖത്ത് വലംകൈയ്യുടെ ഒരു രേഖാചിത്രം തയ്യാറായി.

വി.എസ് രാമചന്ദ്രന്‍ വിശദീകരിക്കുന്നത് ഇങ്ങനെ:- Penfield Map-ല്‍ കൈ അടയാളപ്പെടുത്തിയതിന്റെ അടുത്ത് തന്നെയാണ് മുഖവും അടയാളപ്പെടുത്തിയത്. അതായത് തലച്ചോറില്‍ എവിടെയാണോ മുഖത്തിന്റെ സെന്‍സ് ഏരിയാസ് ഉള്ളത്, അതിന് തൊട്ടടുത്തായി ആണ് കൈയ്യുടെ മാപ്പും ഉള്ളത്. ഇനി ഒരാളുടെ കൈ മുറിച്ചു മാറ്റിയാല്‍ തലച്ചോറില്‍ കൈയ്യുടെ സ്ഥലത്തു നിന്നുള്ള നാഡീകോശ സന്ദേശങ്ങള്‍ നിലയ്ക്കും. തുടര്‍ന്ന് തലച്ചോറിലെ മുഖത്തിന്റെ സെന്‍സ് ഏരിയ രേഖപ്പെടുത്തിയ സ്ഥലത്തു നിന്നുള്ള നാഡീകോശങ്ങള്‍ കൈയ്യുടെ സെന്‍സ് ഏരിയ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു. ന്യൂറൽ ക്രോസ് വയറിങ് (neural cross wiring) എന്നാണ് ഇതിനെ രാമചന്ദ്രന്‍ വിളിക്കുന്നത്. ഇതുകൊണ്ട് മുഖത്ത് തൊടുമ്പോള്‍ ഇല്ലാത്ത കൈയ്യില്‍ തൊടുന്നതായി ഒരാള്‍ക്ക് അനുഭവപ്പെടുകയും ചെയ്യുന്നു. ഈ നാഡീകോശസന്ദേശങ്ങളുടെ വിക്രിയകള്‍ കാരണമാണ് ഇല്ലാത്ത കൈ അവിടെയുണ്ട് എന്ന് തോന്നുന്നത്. ഇതൊക്കെയാണെങ്കിലും നമുക്ക് ഇപ്പോഴും ഇഷ്ടം ആത്മാവിനെ വെച്ചുള്ള സേതുരാമയ്യരുടെ വിശദീകരണമാണ്. So simple and cute…

Reference: ‘Phantoms in the Brain’ by V.S Ramachandran and Sandra Blakeslee
Other information links:
https://en.wikipedia.org/wiki/V._S._Ramachandran
https://en.wikipedia.org/wiki/Phantoms_in_the_Brain
https://en.wikipedia.org/wiki/Cortical_homunculus
https://en.wikipedia.org/wiki/Wilder_Penfield


About Ananthapathmanabhan Ananthu

View all posts by Ananthapathmanabhan Ananthu →

Leave a Reply

Your email address will not be published. Required fields are marked *