ജാതിസംവരണം ഇല്ലായിരുന്നുവെങ്കില്‍ ഒറ്റ പട്ടികജാതിക്കാരനും എംഎല്‍യോ എംപിയോ ആകുമായിരുന്നോ? എസ്‌സി സംവരണം ഇല്ലെങ്കില്‍ – സി രവിചന്ദ്രന്‍ എഴുതുന്നു


‘രാഷ്ട്രീയത്തിലെ ജാതിസംവരണം പട്ടികജാതിക്കാര്‍ക്ക് നഷ്ടക്കച്ചവടമായിരുന്നു എന്നതാണ് വാസ്തവം. പക്ഷെ ജാതിസംവരണവാദികളും ജാതിപ്രഭുക്കളും പറഞ്ഞുനടക്കുന്നത് മറ്റൊന്നാണ്. ജാതിസംവരണം ഇല്ലായിരുന്നുവെങ്കില്‍ ഒറ്റ പട്ടികജാതിക്കാരനും എംഎല്‍എയോ എംപിയോ ആകില്ലായിരുന്നുവത്രെ! എത്ര വലിയ നുണയാണിത്! അവസരസമത്വം ഇല്ലാതിരുന്ന ഫ്യൂഡല്‍-രാജവാഴ്ചയുടെ കാലത്ത് ഈ സിദ്ധാന്തം പറയുന്നതില്‍ പ്രസക്തിയുണ്ട്. പക്ഷെ ഒരു ആധുനിക ലിബറല്‍ ജനാധിപത്യത്തില്‍ ഈ വാദമുയര്‍ത്തുന്നത് ആത്മവഞ്ചനയാണ്.’ – സി രവിചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

എസ്‌സി സംവരണം ഇല്ലെങ്കില്‍

തിരുവിതാംകൂറിലെ മലയാളി മെമ്മോറിയലും(1891) ഈഴവമെമ്മോറിയലും(1896) ആവശ്യമായി വന്നത് സര്‍ക്കാര്‍ തൊഴില്‍ സ്ഥാനങ്ങളിലേക്ക് തദ്ദേശിയര്‍ക്ക് തുല്യമായ തോതില്‍ അവസരം (equal access) ഇല്ല എന്നത് ചൂണ്ടിക്കാട്ടിയായിരുന്നു. തമിഴ് ബ്രാഹ്മണരാണ് കൂടുതലും ജോലികളും സ്വന്തമാക്കിയിരുന്നത്. മലയാളി മെമ്മോറിയലിലെ മൂന്നാമത്തെ ഒപ്പ് ഡോ.പി. പല്‍പ്പുവിന്റേതായിരുന്നു. എങ്കിലും നായര്‍സമുദായ അംഗങ്ങളായ ബാരിസ്റ്റര്‍ ജി.പി പിള്ളയും കെ പി ശങ്കരമേനോനും അടക്കം നേതൃനിരയില്‍ ഉണ്ടായിരുന്നതിനാല്‍ മലയാളി മെമമ്മോറിയലിനെ പില്‍ക്കാലത്ത് നായര്‍ മെമ്മോറിയല്‍ എന്നു വിശേഷിപ്പിക്കുന്നവരുണ്ട്. ഈഴവ മെമ്മോറിയല്‍ ജാതിപ്രസ്ഥാനം തന്നെയായിരുന്നു.

രാജവാഴ്ചയും ജന്മിത്വവും നിലവിലിരുന്ന, അവസരസമത്വമില്ലാതിരുന്ന അക്കാലത്ത് ജാതിവിവേചനം പ്രകടമായിരുന്നു.  ഡോ..പല്‍പ്പുവിന്റെ അനുഭവകഥ അതാണ് വ്യക്തമാക്കുന്നത്.  അവസരം ഇല്ലാത്തിടത്ത് കൊടുക്കണം. സ്ഥാനങ്ങളെല്ലാം എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കണം. അവസരസമത്വം(equality of access and opportunities)  ഉണ്ടാകണം. ഏതെങ്കിലും ഒരു വിഭാഗത്തിന് അത് കുത്തകയായി തീരരുത്. This is a valid argument. ഈ വാദം ഉന്നയിച്ചാണ് പല സംവരണസാഹിത്യകാരന്‍മാരും  ഇന്നത്തെ ജാതിസംവരണത്തെ ന്യായീകരിക്കുന്നത്.  ഇതെത്രമാത്രം ശരിയാണ്? രാജവാഴ്ചയില്ലാത്ത, ജന്മിത്വമില്ലാത്ത, അവസരസമത്വമുള്ള, ജാതിവിവേചനം തീരെ പ്രകടമല്ലാത്ത ഒരു സമൂഹമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കേരളത്തിലുള്ളത്. ആദ്യ മൂന്നു കാര്യങ്ങളും സമ്മതിക്കാതിരിക്കാന്‍ നിവര്‍ത്തിയില്ല. അതിനാല്‍ അവസാനത്തെ കാര്യം നീങ്ങിയിട്ടില്ല, നീങ്ങില്ല, നീങ്ങിപ്പോകാന്‍ കൊക്കില്‍ ജീവനുള്ള കാലം സമ്മതിക്കില്ല… എന്നൊക്കെ സംവരണസാധൂകരണയജ്ജത്തിന്റെ ഭാഗമായി വാദിച്ചു വരുന്നു.

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നിയമംമൂലം, ഭരണഘടനാനുസരണമായി ഈ അവസരസമത്വ പ്രശ്നം പരിഹരിച്ചിട്ടുണ്ട്. അതായത്, അവസരനിഷേധം നിയമവിരുദ്ധമാണ്. ഏതൊരു പൗരനും നിയമത്തിന്റെ മുന്നില്‍ തുല്യതയുണ്ട്. ജാതി-മത-വര്‍ണ്ണ-വംശ-ലിംഗ-ഭാഷാ വിവേചനം പാടില്ല. ഏത് തൊഴിലിനും എവിടെയും അപേക്ഷിക്കാം, സ്വന്തമാക്കാം, വിവേചനമില്ല. മലയാളി മെമ്മോറിയലും ഈഴവ മെമ്മോറിയലും ഉയര്‍ത്തിയ  മുഖ്യപ്രശ്നമായ അവസരസമത്വനിഷേധം കഴിഞ്ഞ 70 വര്‍ഷമായി പ്രസക്തമല്ല. അംബേദ്ക്കറൊക്കെ സംരക്ഷണനിയമങ്ങള്‍ക്കും സെപറേറ്റ് ഇലക്രട്രേറ്റിനും വേണ്ടി പോരാടിയ കാലത്തല്ല നാമിന്ന് ജീവിക്കുന്നത്. ജാതിസംവരണം അവസരസമത്വം സൃഷ്ടിക്കുന്ന ഒന്നല്ല. നേരെമറിച്ച് അതിന് വിരുദ്ധവുമാണ്. എന്തുകൊണ്ട്?

1932 ല്‍ സെപറേറ്റ് ഇലക്ട്രേറ്റ് സംബന്ധിച്ച് ഡോ അംബേദ്കര്‍ ഇന്നയിച്ച ആവശ്യം നോക്കുക.  പട്ടികവിഭാഗത്തിന് മാത്രമായി, അവര്‍ മാത്രം വോട്ട് ചെയത്, അവര്‍ മാത്രം മത്സരിക്കുന്ന സീറ്റുകള്‍ വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. കലര്‍പ്പോ വിനിമയമോ ഇല്ലാതെ രാജ്യത്തിനുള്ളിലെ രാജ്യമായി പട്ടികവിഭാഗം നിലകൊള്ളണം എന്നായിരുന്നു അതിന്റെ സാരം. ഇതാകട്ടെ അവസരസമത്വം എന്ന തത്വത്തിന് വിരുദ്ധമാണ്.

ജാതിസംവരണം ഇല്ലായിരുന്നുവെങ്കില്‍ പട്ടികവിഭാഗങ്ങള്‍ക്ക് തൊഴിലോ അധികാരസ്ഥാനങ്ങളോ കിട്ടില്ലായിരുന്നു എന്ന ജാതിയധിക്ഷേപപ്രസ്താവം(caste abuse) തല്‍ക്കാലം അവഗണിക്കാം. സംവരണം ഇല്ലായിരുന്നെങ്കില്‍ തങ്ങള്‍ക്ക് യാതൊന്നും കിട്ടുമായിരുന്നില്ല എന്ന് പട്ടികവിഭാഗങ്ങളില്‍ ചിലരെങ്കിലും ഏറ്റുപറയുന്നതും മാറ്റി നിര്‍ത്താം. ആധുനിക ലിബറല്‍ ജനാധിപത്യ സമൂഹങ്ങളിലെ രാഷ്ട്രീയവിലപേശലുകള്‍(political bargaining) പ്രവര്‍ത്തിക്കുന്നത് അങ്ങനെയല്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്. സംരക്ഷണം മോചനമല്ല; അത് അടിമത്വത്തിന്റെ ഊട്ടിയുറപ്പിക്കലാണ്. മായവതി യു.പി യില്‍ അധികാരത്തില്‍ വന്നത് (നാലുപ്രാവശ്യം) പരിശോധിച്ചാല്‍ ഇത് മനസ്സിലാകും. അവസരസമത്വം ഇല്ലായിരുന്നുവെങ്കില്‍ അതൊരിക്കലും സാധ്യമാകുമായിരുന്നില്ല. ജാതിസംവരണസാഹിത്യത്തിന്റെ പൊള്ളത്തരം വ്യക്തമാകാന്‍ നിലവിലുള്ള തിരഞ്ഞെടുപ്പ് രാഷ്ട്രീയം പരിശോധിച്ചാല്‍ മതി. 1910 ല്‍ അയ്യങ്കാളി ശ്രീമൂലംപ്രജാസഭയിലേക്ക് (Travancore Legislative Assembly) നോമിനേറ്റ് ചെയ്യപെട്ടത് തിരുവിതാംകൂറില്‍ SC-ST സംവരണം വരുന്നതിന് 26 വര്‍ഷം മുമ്പാണ്. എന്തുകൊണ്ട്? അതിനെയാണ് നാം രാഷ്ട്രീയ അനിവാര്യത(political compulsion), രാഷ്ട്രീയസമ്മര്‍ദ്ദം(political pressure) എന്നൊക്കെ വിളിക്കുന്നത്. അല്ലാതെ രാജാവ് ആഗ്രഹിച്ചതുകൊണ്ട് മാത്രം കാര്യമില്ല.

ഇന്ന് ജനറല്‍ സീറ്റുകളില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ നിറുത്തുന്നത് എങ്ങനെയാണ്? ഭൂരിപക്ഷം കേസുകളിലും അതാത് മണ്ഡലങ്ങളിലെ ജാതി-മത സമവാക്യങ്ങള്‍ പരിഗണിച്ചാണ്. കൂടുതല്‍ ഏത് ജാതി/മതക്കാരാണോ അവരില്‍ നിന്നായിരിക്കും  സ്ഥാനാര്‍ത്ഥികള്‍. നിലവില്‍ 131 സീറ്റുകളാണ് ലോക്സഭയിലെ SC-ST സംവരണമണ്ഡലങ്ങള്‍. 84 SC, 47 ST. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ മത്സരപരീക്ഷയിലെ മികവ് പ്രസക്തമല്ല. സംഖ്യയാണ് അവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്,കൂടുതല്‍ വോട്ട് കിട്ടിയാല്‍ മതി. 84 ലോക്സഭാ സീറ്റുകളാണല്ലോ പട്ടികജാതിക്കാര്‍ക്ക് ഉള്ളത്. 2001 ലെ സെന്‍സസ് പ്രകാരം പഞ്ചാബില്‍ 32 ശതമാനമാണ് എസ്ഇ ജനസംഖ്യ. ഹിമാചല്‍ പ്രദേശ്-25.19%, പശ്ചിമബംഗാളില്‍ 23.51%, ഉത്തര്‍പ്രദേശില്‍ 20.7%, ഹരിയാന 20.17%, തമിഴ്നാട്ടില്‍ 20.1%, ചണ്ഡിഗര്‍-18.86%, ഉത്തരഖണ്ഡ്-18.76%, രാജസ്ഥാന്‍ 17.83%, ത്രിപുര-17.83%, കര്‍ണാടക-17.15%, ഒഡിഷ-17.13%, ദല്‍ഹി-16.75%, ആന്ധപ്രദേശ്-16.17%, പോണ്ടിച്ചേരി-15.73%, മധ്യപ്രദേശ്-15.62%, ബീഹാര്‍-15.91%, ചത്തിസ് ഗഡ്-12.82%, ജാര്ഖണ്ഡ്-12.8%, മഹാരാഷ്ട്ര-11.81%… ഇങ്ങനെ പോകുന്നു പത്ത് ശതമാനത്തിലധികം SC ജനസംഖ്യയുള്ള സംസ്ഥാനങ്ങള്‍. 2001 ലെ സര്‍ക്കാര്‍ കണക്കാണിത്.(http://socialjustice.nic.in/UserView/index?mid=76663). ഇതില്‍ വര്‍ദ്ധനയുണ്ടാകാനാണ് എല്ലാ സാധ്യതയും.

ജനസംഖ്യാപരമായി രാഷ്ട്രീയ വിലപേശല്‍ നടത്തിയാല്‍ ഇവയില്‍ പല സംസ്ഥാനങ്ങളിലും SC പാര്‍ട്ടികള്‍ക്ക് ഒറ്റയ്ക്കോ സഖ്യംവഴിയോ അധികാരത്തില്‍ വരാം, കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കാം. പലയിടത്തും മറ്റ് ജാതിവിഭാഗങ്ങള്‍ ഒരു ഗ്രൂപ്പെന്ന നിലയും ഇത്രയുംപോലും ഉണ്ടാകില്ല. ഉദാഹരണമായി ബീഹാര്‍ മാറിമാറി ഭാരിക്കുന്ന യാദവരും(12%) കുറുമികളും(4%) അവിടുത്തെ പട്ടികജാതിക്കാരെക്കാള്‍(15.91%) ചെറിയ ജാതികളാണ് (https://en.wikipedia.org/wiki/Biharis). ജനാധിപത്യവും തിരഞ്ഞെടുപ്പും  സംഖ്യയുടെ കളിയാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഖ്യാപരമായ യാഥാര്‍ത്ഥ്യങ്ങള്‍ പരിഗണിക്കാതെ മുന്നോട്ടുപോകാനാവില്ല. സ്വഭാവികമായും പട്ടികജാതിക്കാര്‍ക്ക് സീറ്റുകളും അധികാരവും ലഭിക്കുക തന്നെ ചെയ്യും, ഇന്നത്തെ ജാതിസംവരണ ക്വാട്ടയിലൂടെയും ലഭിക്കുന്നതിലും കൂടുതല്‍. ക്വാട്ടാ അനുസരിച്ച് സംവരണം ലഭിക്കുമ്പോള്‍ മറ്റ് ജനറല്‍ സീറ്റുകളിലേക്ക് പട്ടികജാതിക്കാര്‍ പരിഗണിക്കപെടാതെ പോകുന്നു എന്നതാണ് വാസ്തവം. ‘നിങ്ങളുടെ വിഹിതം നിങ്ങള്‍ക്കു തന്നുകഴിഞ്ഞല്ലോ’ എന്ന ഭാവത്തില്‍ രാഷ്ട്രീയകക്ഷികള്‍ മറ്റു സീറ്റുകള്‍ ബാക്കി ജാതികള്‍ക്കായി വീതിക്കുന്നു.

രാഷ്ട്രീയത്തിലെ ജാതിസംവരണം പട്ടികജാതിക്കാര്‍ക്ക് നഷ്ടക്കച്ചവടമായിരുന്നു എന്നതാണ് വാസ്തവം. പക്ഷെ ജാതിസംവരണവാദികളും ജാതിപ്രഭുക്കളും പറഞ്ഞുനടക്കുന്നത് മറ്റൊന്നാണ്-ജാതിസംവരണം ഇല്ലായിരുന്നുവെങ്കില്‍ ഒറ്റ പട്ടികജാതിക്കാരനും MLA യോ MP യോ ആകില്ലായിരുന്നുവത്രെ! എത്ര വലിയ നുണയാണിത്! അവസരസമത്വം ഇല്ലാതിരുന്ന ഫ്യൂഡല്‍-രാജവാഴ്ചയുടെ കാലത്ത് ഈ സിദ്ധാന്തം പറയുന്നതില്‍ പ്രസക്തിയുണ്ട്. പക്ഷെ ഒരു ആധുനിക ലിബറല്‍ ജനാധിപത്യത്തില്‍ ഈ വാദമുയര്‍ത്തുന്നത് ആത്മവഞ്ചനയാണ്.


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *