‘എണ്ണ ഉല്‍പ്പന്നങ്ങളെ ജി.എസ്.ടിയില്‍ കൊണ്ടുവന്നാല്‍ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ തീര്‍ച്ചയായും എതിര്‍ക്കും. കാരണം? അവരുടെ ഒരു മുന്തിയ നികുതി വരുമാനം ഗണ്യമായി ഇടിയുകയാണ്. എണ്ണവില കുറയുന്നതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്, അതിനല്ലേ ഇത്രയും മുദ്രാവാക്യം വിളിച്ച് സമരം ചെയ്തത് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്കൊന്നും അവിടെ പ്രസക്തിയില്ല. കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെയൊരു നിര്‍ദ്ദേശം വെച്ചത് ആത്മാര്‍ത്ഥമായിട്ടാണോ? ആണെന്ന് തോന്നുന്നില്ല. ആണെങ്കില്‍ ബി.ജെ.പി ഭരിക്കുന്ന സര്‍ക്കാരുകളെല്ലാം ഈ നിര്‍ദ്ദേശത്തെ പിന്തുണയ്ക്കണം, നിര്‍ദ്ദേശം വെടിയുംതീയുംപോലെ നടപ്പിലാക്കണം.’- സി. രവിചന്ദ്രന്‍ എഴുതുന്നു |
വഴിമാറാത്ത വസ്തുതകള്‍
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരാമെന്ന നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നു എന്ന വാര്‍ത്ത പത്രങ്ങളിലുണ്ട്. ജി.എസ്.ടി ബാധകമാക്കിയാല്‍ എന്തു സംഭവിക്കും? കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇഷ്ടാനുസാരണം എണ്ണയുടെ മുകളില്‍ വില്‍പ്പന-എക്സൈസ് നികുതികള്‍ ചുമത്താനും സര്‍ക്കാര്‍ വിലാസം എണ്ണകമ്പനികളെ വരുതിയില്‍ നിറുത്താനും സാധിക്കില്ല. ജി.എസ്.ടിയിലെ പരമാവധി നികുതി നിരക്ക് 28 ശതമാനമാണ്. ഒരു ലിറ്റര്‍ പെട്രോളിന് ഈ പരമാവധി നിരക്ക് ചുമത്തിയാലും ഇപ്പോഴത്തെ വിലയില്‍ നിന്നും ഏറ്റവും കുറഞ്ഞത് 30 രൂപ കുറയും. അടിപൊളി! കയ്യടിക്കാന്‍ വരട്ടെ. ഇവിടെ ലാഭം ആര്‍ക്കാണ്? ഉപഭോക്താക്കള്‍ക്ക്. നഷ്ടമാകട്ടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക്.
വില കുറയ്ക്കുക,നികുതി കുറയ്ക്കുക,ക്ഷേമം വര്‍ദ്ധിപ്പിക്കുക-ഇതാണല്ലോ പൊതുമുദ്രാവാക്യം. പക്ഷെ ഇതൊക്കെ കേവലം മുദ്രാവാക്യങ്ങളാണ്. അതില്‍ക്കവിഞ്ഞ അര്‍ത്ഥമൊന്നും അവയ്ക്കില്ല. മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പോകുന്നവര്‍ കുടയെടുക്കാറില്ല എന്നു പറയുന്നതുപോലെ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നവര്‍ പൊതുവെ മുദ്രാവാക്യം നടപ്പിലാകുന്ന അവസ്ഥയെ കുറിച്ച് ചിന്തിക്കാത്തവരോ ചിന്തിക്കാന്‍ വിസമ്മതിക്കുന്നവരോ ആയിരിക്കും. ഉദാഹരണമായി, വര്‍ഗ്ഗീയത തുലയട്ടെ എന്ന മുദ്രാവാക്യം വിളിക്കുന്നവരെ സങ്കല്‍പ്പിക്കുക.
എണ്ണ ഉല്‍പ്പന്നങ്ങളെ ജി.എസ്.ടിയില്‍ കൊണ്ടുവന്നാല്‍ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ തീര്‍ച്ചയായും എതിര്‍ക്കും. കാരണം? അവരുടെ ഒരു മുന്തിയ നികുതി വരുമാനം ഗണ്യമായി ഇടിയുകയാണ്. എണ്ണവില കുറയുന്നതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്, അതിനല്ലേ ഇത്രയും മുദ്രാവാക്യം വിളിച്ച് സമരം ചെയ്തത് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്കൊന്നും അവിടെ പ്രസക്തിയില്ല. കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെയൊരു നിര്‍ദ്ദേശം വെച്ചത് ആത്മാര്‍ത്ഥമായിട്ടാണോ? ആണെന്ന് തോന്നുന്നില്ല. ആണെങ്കില്‍ ബി.ജെ.പി ഭരിക്കുന്ന സര്‍ക്കാരുകളെല്ലാം ഈ നിര്‍ദ്ദേശത്തെ പിന്തുണയ്ക്കണം, നിര്‍ദ്ദേശം വെടിയുംതീയുംപോലെ നടപ്പിലാക്കണം. നിര്‍ദ്ദേശം നടപ്പിലാക്കിയിട്ട് ജി.എസ്.ടി യുടെ ഉയര്‍ന്ന പരിധി എല്ലാവരുംകൂടി വര്‍ദ്ധിപ്പിക്കുന്ന ഉടായിപ്പും പാടില്ല.
മറിച്ചാണെങ്കില്‍ സംസ്ഥാനങ്ങളെ വിരട്ടാനും എണ്ണവിലയുടെ പേരില്‍ തങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നവര്‍ക്ക് നൈസായി ഒരു മറുപണി കൊടുക്കാനും കൊണ്ടുവന്ന നിര്‍ദ്ദേശമായി ഇത് പരിമിതപെടും. ഇനി, നിര്‍ദ്ദേശം നടപ്പിലാക്കിയില്ലെങ്കില്‍പ്പോലും എണ്ണവില വര്‍ദ്ധനവിന്റെ പഴി സംസ്ഥാനങ്ങളുടെ മുകളിലാക്കാന്‍ ഈ നിര്‍ദ്ദേശം വഴി സാധിക്കും. സത്യത്തില്‍ ഇതൊരു വിരട്ടലും വിലപേശലുമാണ്. വരുമാനചോര്‍ച്ചയും സാമ്പത്തിക പ്രതിസന്ധികളും കൊണ്ട് നട്ടംതിരിയുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിര്‍ക്കാതിരിക്കാനാവില്ല. അതവരുടെ ഗതികേടാണ്. എതിര്‍ക്കാതിരിക്കാനാവില്ലെന്ന് അറിഞ്ഞു തന്നെയാണ് കേന്ദ്രം ഈ ചീട്ട് ഇറക്കുന്നത്. ഇതിനെല്ലാത്തിനും കാരണം വര്‍ദ്ധിച്ച സര്‍ക്കാര്‍ ചെലവും വരുമാന തകര്‍ച്ചയുമാണ്. അതാണ് വസ്തുത. ബാക്കിയെല്ലാം പൊള്ള മുദ്രാവാക്യങ്ങള്‍.
സര്‍ക്കാരുകള്‍ കൃത്യമായി നികുതി ലഭിക്കുന്ന എണ്ണയും മദ്യവും പോലുള്ള ഉത്പന്നങ്ങളുടെ കാര്യത്തില്‍ കയറി പിടിക്കുന്നു, പരസ്പരം പഴിചാരുന്നു. എണ്ണവില കുറയ്ക്കണം എന്നത് ഉപഭോക്താക്കളുടെ ആവശ്യം മാത്രമാണ്, അത് ഭരണാധികാരികളുടെ ആവശ്യമല്ല. സര്‍ക്കാരുകളെ സംബന്ധിച്ച് പ്രധാനം അവര്‍ക്ക് വേണ്ട വരുമാനം കണ്ടെത്തുക എന്നതാണ്. ചുരുക്കത്തില്‍, ചക്കസര്‍ക്കാരുകളും പൊതുമേഖല കുത്തകവല്‍ക്കരണവുമാണ് ഇന്ത്യയില്‍ എണ്ണവില ഇത്രയും ഉയര്‍ന്നു നില്‍ക്കാന്‍ കാരണം. എണ്ണവില കുറച്ചാല്‍ കയ്യടിനേടാം എന്നറിയുന്നവര്‍ തന്നെയാണ് സര്‍ക്കാരുകള്‍ നിയന്ത്രിക്കുന്നത്. പക്ഷെ അവര്‍ക്കത് സാധിക്കുന്നില്ല. ഈ വസ്തുത വിസ്മരിച്ചുകൊണ്ടുള്ള മുദ്രാവാക്യവിളികള്‍ അവനവന് പോലും വിശ്വസിക്കാനാവാത്ത നുണകളാണ്. ചെമ്പു തെളിഞ്ഞാല്‍പിന്നെ വമ്പു പറഞ്ഞിട്ട് കാര്യമില്ല.