കാദര്‍ ഒരു ചേകന്നൂര്‍ മൗലവിയേയും ഭൂമിയില്‍ നിന്ന് അപ്രത്യക്ഷനാക്കിയിട്ടില്ല. കാദര്‍ ഒരു അധ്യാപകന്റെയും കയ്യും കാലും ക്രോസായി വെട്ടിമാറ്റിയിട്ടില്ല. കാദര്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ കാശ്മീരില്‍ പോയിട്ടില്ല, കാദര്‍ ഐഎസിലേക്ക് ആളെ റിക്രൂട്ട് ചെയ്തിട്ടില്ല. പക്ഷേ അയാള്‍ ഇസ്‌ലാമിലെ പൊള്ളത്തരങ്ങളെ ഖുര്‍ആനും ഹദീസും ഉന്നയിച്ച് നിരന്തരം ട്രോളി. അതുകൊണ്ടുതന്നെ മലയാളികളായ മതമൗലികവാദികള്‍ കെണിയൊരുക്കി അബ്ദുല്‍ കാദര്‍ പുതിയങ്ങാടിയെന്ന യുവാവിന് യു.എ.ഇയില്‍ മൂന്ന് വര്‍ഷത്തേക്ക് ജയില്‍ ശിക്ഷ വാങ്ങിച്ചുകൊടുത്തിരിക്കയാണ്. ധീരനായ ഈ ഫാസിസ്റ്റ് വിരുദ്ധ പോരാളിയാവട്ടെ മാപ്പുപറയാന്‍ കൂട്ടാക്കാതെ ജയില്‍ ശിക്ഷ സ്വീകരിച്ചിരിക്കയാണ്. ഖുറാനിലും ഹദീസിലുമുള്ള കാര്യങ്ങളാണ് താന്‍ പച്ചക്ക് പറയുന്നത് എന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. ലോകത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് പ്രസ്ഥാനമായ മതത്തിനെതിരെ കാദര്‍ കൊളുത്തിയത് ഒരു തീപ്പന്തമാണ്. |
ഇന്ന് കാദര്‍, നാളെ ഞാനും നിങ്ങളും!
മതനിന്ദാകുറ്റം ചുമത്തപ്പെട്ട് യു.എ.ഇയില്‍ അറസ്റ്റിലാവുകയും മൂന്നുവര്‍ഷം തടവുശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്ത മലയാളിയായ സ്വതന്ത്രചിന്തകന്‍ അബ്ദുല്‍ കാദര്‍ പുതിയങ്ങാടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടത് മതേതരവാദിയായ ഓരോ മലയാളിയുടെയും കടമയാവുകയാണ്. പ്രവാചകനെയും ഇസ്ലാമിനെയും അതിനിശിതമായി വിമര്‍ശിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റുകളും, ടിക്ക് ടോക്ക് വീഡിയോളും ചെയ്തതാണ് കാദറിനെ കുടുക്കിയത്. സ്വതന്ത്രചിന്തകനും എക്‌സ് മുസ്ലീമുമായ കാദര്‍, വര്‍ഷങ്ങളായി ഇസ്ലാമിസ്റ്റുകളുമായി നിരന്തരമായ സംവാദത്തില്‍ ആയിരുന്നു. ഇതിന്റെ ഭാഗമായി ടിക്ക് ടോക്കില്‍ കാദര്‍ ചെയ്ത ചില വീഡിയോകള്‍ ആണ് പരാതിക്ക് ഇടയാക്കിയത്.
ഇസ്ലാമിസ്റ്റുകള്‍ കൂട്ടത്തോടെ പ്രതിഷേധിച്ചിട്ടും, സൈബര്‍ ആക്രമണം നടത്തിയിട്ടും കാദര്‍ തന്റെ നിലപാടില്‍ മാറ്റം വരുത്തിയില്ല. ഖുറാനിലും ഹദീസിലുമുള്ള കാര്യങ്ങളാണ് താന്‍ പച്ചക്ക് പറയുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സുഡാപ്പികള്‍ക്ക് മുന്നില്‍ മാപ്പുപറയുന്നതിനേക്കാള്‍ നല്ലത് സെപ്റ്റിക്ക് ടാങ്കില്‍ ചാടി ആത്മഹത്യ ചെയ്യുന്നതാണെന്നാണ് കാദര്‍ പോസ്റ്റിട്ടത്. എന്നാല്‍ ഗള്‍ഫിലെ മലയാളി ഇസ്ലാമിസ്റ്റുകള്‍ കാദറിനെ വെറുതെ വിട്ടില്ല. അവര്‍ ഈ ടിക്ക്‌ടോക്കും പോസ്റ്റും എല്ലാം ചൂണ്ടിക്കാട്ടി കാദറിനെതിരെ യു.എ.ഇ പൊലീസില്‍ കൂട്ട പരാതി നല്‍കി. ഇതേതുടര്‍ന്നാണ് നാലുമാസം മുമ്പ് കാദര്‍ അറസ്റ്റിലായത്.
അറസ്റ്റിലായപ്പോഴും മാപ്പുപറയിപ്പിക്കാന്‍ ഏറെ ശ്രമം നടത്തിയെങ്കിലും കാദര്‍ അതിന് വഴങ്ങിയില്ല. താന്‍ ഇസ്ലാമിനെക്കുറിച്ച് പറഞ്ഞതെല്ലാം ശരിയാണ് എന്ന നിലപാട് തന്നെയാണ് അദ്ദേഹം എടുത്തത്. കോടതിയിലും കാദര്‍ മാപ്പു പറഞ്ഞില്ല.
മതനിന്ദാകുറ്റം പോലെ പ്രാകൃതമായ ഒരു കാര്യത്തിന്റെ പേരില്‍ ഒരു മലയാളി ഗള്‍ഫില്‍ ജയിലില്‍ ആയിട്ടും കേരളത്തിലെ സാംസ്‌ക്കാരിക നായകരില്‍ ആരും തന്നെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ കാദറിന്റെ വിഷയം ഒരു മനുഷ്യാവകാശ പ്രശ്‌നമായി എടുത്തുകൊണ്ട് പോരാട്ടത്തിന് ഇറങ്ങുകയാണ് എക്‌സ് മുസ്ലീം അസോസിയേഷനും, സ്വതന്ത്ര ചിന്തകരും. കാദറിന്റെ ഭാഷയോടും ശൈലിയോടും വിയോജിക്കുന്നവര്‍ പോലും, ഒരു ആശയ പ്രവര്‍ത്തനം നടത്തിയതിന് ഒരു മലയാളിയെ മലയാളികള്‍ തന്നെ ജയിലിലാക്കിയതിനോട് പ്രതിഷേധിക്കുന്നുണ്ട്. നവമാധ്യമങ്ങളിലടക്കം സ്വതന്ത്രചിന്തകരുടെ നേതൃത്വത്തില്‍ കാദറിനായി വലിയ കാമ്പയിനും നടക്കുന്നുണ്ട്.
കാദറിനെ എക്‌സ് മുസ്ലീമാക്കിയത് അഗാധമായ മനുഷ്യസ്‌നേഹം
സ്വതന്ത്രചിന്തകനും സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റുമായ സജീവ് ആല ഇങ്ങനെ എഴുതുന്നു- ‘വാളയാര്‍ അതിര്‍ത്തി കടന്നാല്‍ പിന്നെ കാദറും രാജീവും മാത്യുവും എല്ലാം മലയാളികള്‍ മാത്രമായിരുന്നു. വിദേശത്തെത്തുമ്പോള്‍ എല്ലാവര്‍ക്കും ഇന്ത്യക്കാര്‍ എന്ന വിളിപ്പേരാണെങ്കിലും അവിടെയും കേരളീയര്‍ എന്നൊരു കൂട്ടായ്മയുണ്ടായിരുന്നു. ഗള്‍ഫില്‍ ഒരേ മുറിയില്‍ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമും യുക്തിവാദിയും തീപാറും ചര്‍ച്ചകളും വാഗ്വാദങ്ങളും നടത്തി ഒന്നിച്ചുണ്ടും ഉറങ്ങിയും കഴിഞ്ഞൊരു കാലമുണ്ടായിരുന്നു. എണ്ണപ്പണത്തിന്റെ ബലത്തില്‍ ഇസ്ലാമിസ്റ്റുകള്‍ കേരളത്തില്‍ ശക്തിപ്രാപിച്ചതോടെ മതാതീത മലയാളി സൗഹൃദത്തിന് വിള്ളല്‍ വീണുതുടങ്ങി.
സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഇസ്ലാമിക രാജ്യങ്ങള്‍ നരേന്ദ്രമോഡിയുമായി ഉറ്റബന്ധം പുലര്‍ത്തുമ്പോള്‍ ഗള്‍ഫിലുള്ള മലയാളി മൗദൂദികളും സലഫികളും ബിജെപിയോട് അനുഭവം പുലര്‍ത്തുന്നവരുടെയും ഇസ്ലാം വിമര്‍ശകരുടെയും ജോലി കളയിക്കാനും ആളെക്കൂട്ടി കയ്യേറ്റം ചെയ്യിക്കാനും തുടങ്ങി. ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ ഖുറാനും ഹദീസുകളും ഉദ്ധരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ സ്വതന്ത്രചിന്തകര്‍ നബിയുടെ മനുഷ്യവിരുദ്ധ ക്രൂരതകള്‍ തുറന്നുകാട്ടിയപ്പോള്‍ മുസ്ലീം സമുദായത്തില്‍ നിന്ന് നൂറുകണക്കിന് യുവതിയുവാക്കള്‍ യുക്തിവാദികളായി മാറി.
അങ്ങനെ പുതിയങ്ങാടിക്കാരനായ ഒരു അബ്ദുള്‍ കാദറും അവിശ്വാസിയായി മാറി. ജനാധിപത്യം മതേതരത്വം സ്ത്രീസമത്വം അങ്ങനെ മാനവികമായ എല്ലാത്തിനും ഭീഷണിയും വെല്ലുവിളിയും ഉയര്‍ത്തുന്ന ആറാം നൂറ്റാണ്ടിലെ അന്ധകാര വിശ്വാസ പദ്ധതിക്കെതിരെ, ഒരുകാലത്ത് കടുത്ത ഇസ്ലാമിസ്റ്റായിരുന്ന കാദര്‍ ഫേസ്ബുക്കിലൂടെ നിരന്തരം ആഞ്ഞടിച്ചു. വിമര്‍ശനാക്രമണത്തിന് വീര്യം കൂട്ടാനായി തെറിവാക്കുകള്‍ ഒരു മയവുമില്ലാതെ കാദര്‍ അഴിച്ചുവിട്ടു. അദ്ദേഹത്തിന്റെ ഈ ഭാഷാശൈലിയോട് വിയോജിക്കുമ്പോള്‍ തന്നെ കാദര്‍ മുന്നോട്ട് വെക്കുന്ന വലിയ ശരികള്‍ കണ്ടില്ലെന്ന് നടിക്കാനാവുമായിരുന്നില്ല.
മുത്തായ മുത്ത് മഹോന്നതന്‍ നടത്തിയ കൊള്ള കൊല ബലാത്സംഗം തുടങ്ങിയവയുടെ കണക്കുകള്‍ ഹദീസുകള്‍ ക്വോട്ട് ചെയ്ത് കാദര്‍ തുറന്നുകാട്ടി. മയക്കുവെടിയിലൂടെ കാദറിനെ ഒതുക്കാന്‍ നോക്കി പറ്റാതായപ്പോള്‍ അദ്ദേഹത്തെ എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യാനുള്ള ഗൂഡതന്ത്രങ്ങള്‍ കേരളത്തിലെ ഇസ്ലാമിക തീവ്രവാദികള്‍ മെനഞ്ഞു തുടങ്ങി. യുഎഇയില്‍ ജോലി ചെയ്യുന്ന കാദറിനെ മതനിന്ദാ നിയമത്തിലൂടെ അകത്താക്കാനായി അവിടെ പരാതി നല്കി.മതം വിട്ടവന് ഇസ്ലാം വിധിക്കുന്നത് മരണശിക്ഷയാണ്. കാദറിന്റെ ശിരച്ഛേദം തന്നെയാണ് ഈ കുടില മലയാളികളുടെ ലക്ഷ്യം.
അറേബ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും ലിബറലായ ഭരണസംവിധാനം നിലനില്‍ക്കുന്ന രാജ്യമാണ് യുഎഇ. അതുകൊണ്ട് സൗദി മാതൃകയിലുള്ള ശിക്ഷയൊന്നും കാദറിന് കിട്ടില്ലെന്ന വിശ്വാസം തന്നെയാണ് ഒരേയൊരു ആശ്വാസം.
വിമര്‍ശനങ്ങളുടെ തെറിയും തീയും പുകയും പുറത്തുവിടുമ്പോഴും കുഞ്ഞുങ്ങളുടേതിന് സമാനമായ നിഷ്‌കളങ്കതയും കാദറില്‍ കാണാനാവും. അഗാധമായ മനുഷ്യസ്‌നേഹമാണ് കാദറിനെ എക്‌സ് മുസ്ലീമാക്കിയത്. കോയമ്പത്തൂരില്‍ ഇസ്ലാമിക തീവ്രവാദികള്‍ കഴുത്തറുത്ത് കൊന്ന ഫാറൂഖിനെ അറിയാതെ പോയ കേരളത്തിലെ ഇരുമുന്നണികളും കാദറിന്റെ മോചനത്തിനായി ചെറുവിരല്‍ പോലും അനക്കാന്‍ പോകുന്നില്ല.
സ്വന്തം നാട്ടുകാരന്റെ ജീവനും ജീവിതവും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കേരളത്തിലെ ഇസ്ലാമിസ്റ്റുകളുടെ നീചതന്ത്രങ്ങള്‍ പരാജയപ്പെടണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം. അതിനായി മതാതീതമായ ഒരു മൂവ്‌മെന്റ് രൂപപ്പെടണം.
കാദര്‍ ഒരു ചേകന്നൂര്‍ മൗലവിയേയും ഭൂമിയില്‍ നിന്ന് അപ്രത്യക്ഷനാക്കിയിട്ടില്ല.
കാദര്‍ ഒരു അധ്യാപകന്റെയും കയ്യും കാലും ക്രോസായി വെട്ടിമാറ്റിയിട്ടില്ല.
കാദര്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ കാശ്മീരില്‍ പോയിട്ടില്ല, കാദര്‍ ഐഎസിലേക്ക് ആളെ റിക്രൂട്ട് ചെയ്തിട്ടില്ല, കാദര്‍ മടങ്ങിവരണം. കാദറിനെ നമുക്ക് തിരിച്ചുവേണം. ഇന്ന് കാദര്‍ ,നാളെ ഞാനും നിങ്ങളും. തോറ്റുകൊടുത്താല്‍ അറ്റുപോയ വിരലുകളുമായി കൂടുതല്‍ ജോസഫ്മാഷുമാര്‍ നാടുനിറയും.- ഇങ്ങനെയാണ് സജീവ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അഫ്ഗാനെ നാണിപ്പിക്കുന്ന മലയാളി താലിബാനിസം
സ്വതന്ത്രചിന്തകനും എഴുത്തുകാരനുമായ സി. രവിചന്ദ്രന്‍ ഇങ്ങനെ കുറിക്കുന്നു.-‘അബ്ദുള്‍ കാദര്‍ പുതിയങ്ങാടി എവിടെയാണ്? മുമ്പ് ഒരു പോസ്റ്റില്‍ ഈ ചോദ്യം ചോദിച്ചിരുന്നു. ഇപ്പോള്‍ ഉത്തരമായി. യു.എ.ഇ ജയിലില്‍ ആണ്. അങ്ങേയറ്റം സങ്കടകരം. മതനിന്ദാക്കുറ്റത്തിന് 3 വര്‍ഷം തടവ്. എന്താണ് മതനിന്ദ? അറബിയില്‍ എഴുതപെട്ട ഇസ്ലാമിക മതസാഹിത്യം മലയാളത്തിലാക്കി പ്രചരിപ്പിച്ചു. തര്‍ജമ കുറ്റമാകുന്ന അവസ്ഥ! ‘കുറ്റം’ഏറ്റുപറഞ്ഞ് മാപ്പിരക്കാന്‍ ഖാദര്‍ തയ്യാറായില്ല, തനിക്ക് വേണ്ടി വക്കീലിനെ വെക്കാന്‍പോലും. അറബി അറിയുന്നതുകൊണ്ട് അപ്പീലും സ്വയം നടത്തും. മാപ്പ് പറഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷെ ശിക്ഷയില്ലാതെ നാടുകടത്തപ്പെട്ടേനെ. കാദര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഇത്രയും ആശയപരമായ സത്യസന്ധതയുമുള്ള ഒരു നാസ്തികന്‍ കേരളത്തില്‍ വേറെയുണ്ടാവില്ല. ഏറ്റവും വിലപെട്ട വസ്തു സ്വന്തം ജീവനാണ്. അത് ബലി കഴിച്ച് ആശയപോരാട്ടം നടത്തണോ എന്ന ചോദ്യം വന്നേക്കാം. അതാണ് അബ്ദുള്‍കാദര്‍ ചെയ്തത്.
കേരളത്തിലെ താലിബാനിസം അഫ്ഗാനിസ്ഥാനെ നാണിപ്പിക്കും എന്നൊക്കെ പലരും പതിയെ പറയുന്നുണ്ടാവാം. കാര്യങ്ങള്‍ ആ തലമൊക്കെ പിന്നിട്ടുകഴിഞ്ഞു. ലോകാധിപത്യം സ്വപ്നം കാണുന്ന ഒരു ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ കുട്ടിക്കളി മാത്രമാണ് കാദറിന്റെ കാര്യത്തില്‍ കണ്ടത്. പല വേഷങ്ങളില്‍ രൂപങ്ങളില്‍, പല ഭാവങ്ങളില്‍ 24ഃ7 അത് പ്രത്യക്ഷപെട്ടുകൊണ്ടിരിക്കും. കാപ്സ്യൂള്‍ മുതല്‍ കൈവെട്ട് വരെ, നട്ടെല്ല് മരവിപ്പിക്കുന്ന ഇരവാദം മുതല്‍ ചങ്ക് തകര്‍ക്കുന്ന ഭീകരവാദം വരെ, സൈബര്‍ ലിഞ്ചിംഗ് മുതല്‍ സ്വത്വവാദ ഞരങ്ങലുകള്‍വരെ. ലക്ഷ്യം ലോകാധിപത്യമാണ്,സര്‍വാധിപത്യമാണ്.
എല്ലാവരും മതത്തിന് കീഴ്പെടുന്നതുവരെ യുദ്ധം ചെയ്യാനാണ് മതസാഹിത്യം അലറി വിളിച്ചാവശ്യപെടുന്നത്. ഹിറ്റ്ലറോ സ്റ്റാലിനോപോലും കണ്ടിട്ടില്ലാത്ത കിരാതസ്വപ്നം! യുദ്ധം മനുഷ്യനെതിരെയാണ്, പീഡനം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയാണ്, നിസ്സഹയരായ മനുഷ്യര്‍ക്കെതിരെയാണ്… ‘വംശഹത്യയുടെ വക്കിലെത്തിയ ജനത’ എന്നൊക്കെ താളത്തില്‍ വെച്ചനത്തും. എല്ലാം അപ്പച്ചന്റെ തമാശകള്‍, വെള്ളം ചേര്‍ക്കാത്ത തക്കിയകള്‍! ശുദ്ധ മനസ്സ് കാരണം കാദര്‍ പെട്ടുപോയി. ആ പോരാട്ടം സത്യസന്ധമാണ്, സുധീരമാണ്. കേരളത്തില്‍ ‘ഫാസിസ്റ്റ് വിരുദ്ധ പോരാളി’എന്നാരെയെങ്കിലും വിളിച്ചാല്‍ ആത്മാഭിമാനമുള്ളവര്‍ കാര്‍ക്കിച്ച് തുപ്പി കരണത്തടിക്കും. അത്രമാത്രം വ്യാജവും കപടവും നിരര്‍ത്ഥകവുമാണ് ആ മേഖലയും അവിടെ നടക്കുന്ന എഴുന്നെള്ളിപ്പുകളും. ആ വിശേഷണം സ്വയം സ്വീകരിച്ച ടീമുകളില്‍ 99 ശതമാനവും പിറകില്‍ ചണവാല് കെട്ടി ആന കളിക്കുന്നവരാണ്. പക്ഷെ നിങ്ങള്‍ക്ക് ഫാസിസ്റ്റ് വിരുദ്ധപോരാളി എന്നു സങ്കോചമില്ലാതെ, സത്യസന്ധമായി ആരെയെങ്കിലും വിളിക്കാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ കാദറെ അങ്ങനെ വിളിക്കൂ. അവനതിന് അര്‍ഹനാണ്. ലോകത്തെ ഏറ്റവും ദയാശൂന്യ ഫാസിസമായ മതത്തെയാണ് അവന്‍ നിര്‍മമമായി വെല്ലുവിളിച്ചത്. ആശയങ്ങള്‍ക്ക് വെടിയേല്‍ക്കില്ലെന്നറിയണം. മൂന്ന് വര്‍ഷം കടന്നുപോകും’. – ഇങ്ങനെയാണ് സി. രവിചന്ദ്രന്റെ പോസ്റ്റ് അവസാനിക്കുന്നത്.
കാദറിനായി ഒപ്പുശേഖരണവും ഐകദാര്‍ഡ്യകാമ്പയിനുകളും സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കയാണ്.