പുരോഗമനത്തിലെ പുഴുക്കുത്തുകൾ – പ്രവീൺ രവി എഴുതുന്നു


‘പ്രിവിലേജ് ഉള്ള ഒരാൾ തനിക്ക് പ്രിവിലേജ് ഉണ്ടന്ന് തിരിച്ചറിയാത്ത കൊണ്ട് അയാളുടെ നിലപാടുകളിൽ പക്ഷപാതിത്വം ഉണ്ടാകുന്നു എങ്കിൽ, പ്രിവിലേജ് ഇല്ലാത്ത ഒരാള് തനിക്ക് നേരിട്ട പ്രശ്നങ്ങളെ കുറിച്ചും അതിൻ്റെ അടിസ്ഥാനത്തിൽ സമൂഹത്തേകുറിച്ച് നടത്തുന്ന വിലയിരുത്തലുകളിലും വൈകാരികത മൂലം ഇതേ പക്ഷപാതിത്വം ഉണ്ടാകാൻ ഉള്ള സാധ്യതയും നിലനിൽക്കുന്നു. അവിടെയാണ് ഡാറ്റ, സ്റ്റാറ്റിസ്റ്റിക്സ്, സയൻ്റിഫിക് evidence ഒക്കെ നിങ്ങളെ നിങ്ങളുടെ നിലപാടുകളെ ബയസ്സുകളിൽ നിന്നും മുക്തമാക്കാൻ സഹായിക്കുക’ – പ്രവീൺ രവി എഴുതുന്നു
കേരളത്തിലെ പുരോഗമനവാദികൾ

കേരളത്തിലെ പുരോഗമന സ്വതന്ത്ര ചിന്താമണ്ഡലത്തെ നിരീക്ഷിക്കുകയും കാണുകയും ചെയ്യുന്ന ആളുകൾക്ക് ഒരുപക്ഷേ ഞാൻ പറയുന്നത് കൂടുതൽ മനസ്സിലാക്കാൻ സാധിക്കും, അല്ലാത്തവർക്ക് ചിലപ്പോൾ ഇതെല്ലാം തന്നെ ഒരു പുതിയ കാര്യമായിരിക്കും.

ഒരു സമൂഹത്തെ മുന്നോട്ടു നയിക്കാൻ എല്ലാകാലത്തും വളരെ കുറച്ച് ആളുകളെ ഉണ്ടായിരുന്നുള്ളൂ എന്നതാണ് സത്യം. അതിനുശേഷം അവർ ഉയർത്തിയ വാദങ്ങൾ വസ്തുതകളായി മുന്നിൽ വന്നപ്പോൾ മാത്രമാണ് ആളുകൾ അവരുടെ നിലപാട് പിൻപറ്റാൻ തുടങ്ങിയത്.

എന്നാൽ നമ്മുടെ നാട്ടിൽ പുരോഗമനക്കാരെ തട്ടീട്ട് നടക്കാൻ മേല എന്നതാണ് സ്ഥിതി. കേരളത്തിൽ സ്വയം പുരോഗമന പക്ഷം എന്നും പറഞ്ഞ് സോഷ്യൽ മീഡിയയിലും ചാനലിലും ഒക്കെ വന്ന് ഇരുന്ന് അഭിപ്രായം പറയുന്ന ചില കപട പുരോഗമന ജീവികളെ പരിചയപ്പെടുത്തുക ആണ് ഈ ലേഖനത്തിന്റെ ഉദ്ദേശം. ഇതിൽ യുക്തിവാദികൾ, സോഷ്യലിസ്റ്റു ലിബറൽസ്, ഫെമിനിസ്റ്റുകൾ തുടങ്ങിയ റോളുകൾ നമ്മുടെ മുന്നിൽ കെട്ടി ആടുന്ന ചില ആളുകളെ കുറിച്ച് ആണ് പറയുന്നത്.

യുക്തിവാദികളെക്കുറിച്ച്

യുക്തിവാദികൾ എന്ന് കേൾക്കുമ്പോൾ ഒരു സാധാരണ മലയാളിയുടെ മനസ്സിൽ വന്നിരുന്ന രൂപം എന്തായിരുന്നു? ഒരു പക്ഷെ ഇപ്പോഴും വലിയ ഒരു ഭൂരിപക്ഷം ജനങ്ങളും അങ്ങനെ ആകും ചിന്തിക്കുക. ഊശാന്താടിയും, നാറുന്ന ജുബ്ബയും തൂക്കി ആൾദൈവ വിമർശനം നടത്തുന്ന ഒരു കൂട്ടം മാത്രം ആയിരുന്നു ഒരു കാലത്ത് യുക്തിവാദികൾ. അതേ, DNA യാതൊരു പരിഷ്കരണവും നടത്താതെ കൊണ്ട് നടക്കുന്ന യുക്തിവാദികൾ ഇന്നും ഉണ്ട്.

യുക്തിവാദികളിൽ ബഹുഭൂരിപക്ഷവും കമ്മ്യൂണിസം എന്ന അന്ധ വിശ്വാസത്തെ ചുമക്കുന്നു, സോഷ്യലിസം എന്ന സാമ്പത്തിക അന്ധവിശ്വാസത്തിൽ ഇപ്പോഴും വിശ്വസിക്കുന്നു. ഇതേപോലെ കേരളത്തിലെ യുക്തിവാദികൾ വിശ്വസിക്കുന്ന അന്ധവിശ്വാസങ്ങൾ ആണ് പ്രകൃതി ചികിത്സ, ജൈവ കൃഷി, ഹോമിയോ, ആയുർവേദം. ചുരുക്കി പറഞ്ഞാൽ ശാസ്ത്രവിരുദ്ധമായ എല്ലാം വിശ്വസിക്കുന്ന എന്നാൽ ദൈവമില്ല എന്ന് മാത്രം വിശ്വസിക്കുന്ന മറ്റൊരു യുക്തിവാദ മതവിശ്വാസികൾ മാത്രം ആണ് നമ്മുടെ ഇടയിലെ ഭൂരിപക്ഷം യുക്തിവാദികളും.

ഈ യുക്തിവാദികളേക്കാൾ ശാസ്ത്രീയചിന്ത ഉള്ള മതവിശ്വാസികൾ കേരളത്തിൽ ഉണ്ട് എന്നതാണ് സത്യം. അവരുടെ ചെറുപ്പ കാലത്തു പഠിച്ച കാര്യങ്ങൾ പരിഷ്കരിക്കാതെ, ലോകം മാറിയതിനു അനുസരിച്ചു ലോകവീക്ഷണം മാറ്റാതെ, ഇന്നും സംസാരിക്കുന്ന ഫോസിൽ യുക്തിവാദികൾ. Adultism-ത്തിന്റെ അഥവാ അമ്മാവൻ Syndrome ഇവരിൽ പ്രകടമായി തന്നെ കാണാൻ സാധിക്കും. അതുകൊണ്ട് ഇവരെ ഇനി നാസ്തികർ എന്ന് മാത്രം വിളിച്ചാൽ മതിയാവും.

ഇനിയൊരു കൂട്ടർ ആണ് പബ്ലിക് ആയി നാസ്തികത പറയാതെ പുരോഗമന മുഖം മൂടി ഇട്ടു നടക്കുന്ന ആളുകൾ. ഇവരെയാണ് സാംസ്കാരിക നായകർ, നവോത്ഥാന നായകർ എന്നൊക്കെ സമൂഹം വിളിക്കുന്നത്. ദൈവം ഇല്ല എന്ന് പബ്ലിക് ആയി പറയാത്തത് കൊണ്ട് ഏത് വേദിയിലും ഇവർക്ക് സ്വീകാര്യത ഉണ്ട്. ആ സ്വീകാര്യത കളഞ്ഞു കുളിക്കാൻ താത്പര്യം ഇല്ലാത്തതു കൊണ്ട് വസ്തുനിഷ്ഠമായി സംസാരിക്കാൻ ഇവർക്ക് കഴിയാറില്ല, പകരം ഏതെങ്കിലും പക്ഷം ചേർന്ന് സംസാരിക്കുന്ന ഇവരെയാണ് കൂടുതൽ മലയാളികളും അറിവാളികൾ ആയി കരുതുന്നത്.

ഈ നവോഥാനക്കാർ മത തീവ്രവാദം ശക്തിപ്പെടുത്തുന്നതിൽ മനഃപൂർവം അല്ലെങ്കിലും ഒരു പങ്ക് വഹിക്കുന്നുണ്ട്. ഇവർ രാമനെയും കൃഷ്ണനെയും ഒക്കെ കുളിപ്പിച്ച് കുട്ടപ്പൻ ആക്കി കൊണ്ട് നടക്കാൻ ശ്രമിക്കും. മതപുസ്തകങ്ങളിൽ നിന്ന് വളരെ സെലക്ടീവായി ഗുണപാഠകഥകൾ പറയും. മതങ്ങൾ എല്ലാം മനുഷ്യന് നന്മ നേരിടുന്നതിനു വേണ്ടി മാത്രം ഉണ്ടാക്കിയതാണ് എന്നും, ചില മനുഷ്യരാണ് അതിനെ തെറ്റായി ഉപയോഗിക്കുന്നതെന്നും ആയിരിക്കും ഇവരുടെ വാദം. ശക്തമായി മത വിമർശനം നടത്തുന്നവർ ഇവരുടെ കണ്ണിലെ കരടാണ്.

ഇനീം മറ്റൊരു കൂട്ടർ ആണ് പുരോഗമന ഫെമിനിസ്റ്റ് ചിന്താധാരയിലൂടേ സമൂഹത്തിലെ പാട്രിയാർക്കിയെ ചോദ്യം ചെയ്തു കൊണ്ട് മുന്നോട്ട് വന്ന ഒരു കൂട്ടർ. ഒരു പ്രശ്നം എന്തെന്നാൽ സ്വയം ഫെമിനിസ്റ്റ് എന്ന് അടയാളപ്പെടുത്തുന്ന വലിയൊരു ശതമാനവും സാമൂഹ്യ വിശകലനങ്ങളിൽ വളരെ പക്ഷപാതപരമായ നിലപാടുകൾ എടുക്കുന്നവരാണ്. അതിന് കാരണം അവർ വ്യക്തിപരമായി അനുഭവിച്ചിട്ടുള്ള പ്രശ്നങ്ങൾ ആണ്. ഫെമിനിസത്തിന്റെ കണ്ണിലൂടെ മാത്രം ലോകത്തെ നോക്കി കാണുകയും social construct മാത്രമാണ് oppression-നു കാരണം എന്ന് ശഠിക്കുകയും ചെയ്യുന്നവർ.

അവർ പറയുന്ന പല കാര്യങ്ങളും വ്യക്തിതലത്തിൽ പ്രസക്തമാണെങ്കിലും വിശാലമായ ശാസ്ത്രീയമായ അറിവില്ലാത്തതു കൊണ്ട് അവരുടെ വീക്ഷണം പലപ്പോഴും പക്ഷാപാതപരമായി പോകുന്നു. അവിടെ ശാസ്ത്രീയമായ അറിവുകൾ തങ്ങളുടെ ധാരണകൾക്ക് വിരുദ്ധമായി വരുമ്പോൾ അത്തരം അറിവുകൾ പറയുന്നവരെ സ്ത്രീവിരോധിയും മനുഷ്യത്വവിരോധിയും ആക്കി മാറ്റാനുള്ള ത്വര ഇവരിൽ പ്രകടമാണ്.

നിങ്ങൾ ഒരു വ്യക്തിയെന്ന നിലയ്ക്ക് നിങ്ങളുടെ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും തിരസ്കരണമൊ എതിർപ്പോ നേരിട്ട വ്യക്തി ആണെങ്കിൽ, അതുപോലെ നിങ്ങളുടെ സ്വാഭാവികമായ ഉയർച്ചയെ അടിച്ചമർത്താൻ നിങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളും ശ്രമിക്കുകയോ മറ്റോ ചെയ്തപ്പോൾ സ്വയം ഫെമിനിസ്റ്റ് ആയി മാറിയ ആളാണെങ്കിൽ, നിങ്ങൾ എടുക്കുന്ന തീരുമാനങ്ങളും കാണുന്ന കാഴ്ചകളും പലപ്പോഴും റാഷണൽ ആയിരിക്കില്ല.

ഇത് ഫെമിനിസ്റ്റുകളുടെ കാര്യത്തിൽ മാത്രമല്ല, വീട്ടിലും നാട്ടിലും റിബൽ ആയതുകൊണ്ട് ഒറ്റപ്പെട്ട് എന്നത് കൊണ്ട് യുക്തിവാദി ആയവർ, സ്വന്തം തൊഴിലിടത്തിൽ പീഡിപ്പിക്കപ്പെട്ടതുകൊണ്ട് കമ്യൂണിസ്റ്റ് ആയവൻ, അച്ഛനും അമ്മയും കമ്മ്യൂണിസ്റ്റ് ആയത് കൊണ്ട് കമ്മ്യൂണിസ്റ്റ് ആയവൻ. ജാതീയമായ വിവേചനം അനുഭവിച്ചത് കൊണ്ട് ജാതിവാദി ആയവൻ അങ്ങനെ നിങ്ങളെ ഇമോഷണൽ ആയി സ്വാധീനിച്ച ഘടകങ്ങൾ കൊണ്ട് നിങ്ങൾ ഒരു ഫിലോസഫിയെ സ്വീകരിക്കുകയാണെങ്കിൽ അവിടെ ബയാസ്ട് ആകാനുള്ള സാധ്യത വളരെ വളരെ കൂടുതലാണ്.

ഫെമിനിസ്റ്റ് ആയാൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ മാത്രം കേൾക്കുകയും പറയുകയും ചെയ്യുന്ന ഒരു വ്യക്തിയായി നിങ്ങൾ മാറും. കമ്മ്യുണിസ്റ്റ് ആയാൽ ഒരു മുതലാളി വിരോധി ആയി മാറും. ജാതിവാദി ആയാൽ ഒരു ജാതി വൈരാഗ്യം ഉള്ളവൻ ആയി മാറും.

അതിന് കാരണമാകുന്ന സമൂഹത്തിലെ മറ്റ് വേരിയബിളകളെക്കുറിച്ച് നിങ്ങൾ അജ്ഞരായിരിക്കും. അത് മാത്രമല്ല അത്തരം സാമൂഹിക പ്രശ്നങ്ങളെകുറിച്ച് പറയുന്ന ആളുകളെ നിങ്ങൾക്കെതിരെ ഗൂഢാലോചന നടത്തുന്നവർ ആയി മാത്രമേ നിങ്ങൾക്ക് കാണാൻ സാധിക്കൂ. സ്വാഭാവികമായും നിങ്ങൾ ഒരു എക്കോ ചേംബറിൽ അകപ്പെടും.

എല്ലാ കാര്യത്തിലും റാഷനൽ ആയി ചിന്തിക്കുക തീരുമാനമെടുക്കുക എന്നത് വലിയ ഊർജ്ജം ആവശ്യമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ നമ്മളിൽ ഭൂരിപക്ഷവും നമ്മളോട് ചേർന്നു നിൽക്കുന്ന കൂട്ടത്തിലെ താൽപര്യങ്ങൾക്കനുസരിച്ചായിരിക്കും തീരുമാനങ്ങൾ രൂപപ്പെടുത്തുക. അത് മേൽപ്പറഞ്ഞ യുക്തിവാദി ആകട്ടെ കമ്മ്യൂണിസ്റ്റ് ആകട്ടെ ഫെമിനിസ്റ്റ് ആകട്ടെ അങ്ങനെ തന്നെയാണ് സംഭവിക്കുന്നത്. ഇത്തരം കൂട്ടർ എല്ലാം പൊതുവേ ഒരുമിക്കുന്നത് ഞങ്ങൾ എല്ലാവരും suppressed ആണ് oppressed ആണ് എന്ന ഒരു പൊതുധാരണയിലാണ്, ഒരു പൊതു മിനിമം പരിപാടി എന്നൊക്കെ രാഷ്ട്രീയ പാർട്ടികൾ പറയുന്നതുപോലെ.

ഞാൻ ഇത്തരം ആളുകളെ എല്ലാം ജനറലൈസ് ചെയ്ത് പറയുകയല്ല, പക്ഷേ ഒരു നല്ല ശതമാനം ആളുകൾ ഈ കൂട്ടത്തിൽ പെട്ടവർ വളരെ ബയാസ്ഡ് ആണ് എന്നതാണ് എൻ്റെ മനസ്സിലാക്കൽ. ഇതിൽ ഒരു കൂട്ടർക്ക് മറ്റൊരു കൂട്ടരെ തെറ്റിദ്ധരിപ്പിക്കാൻ വളരെ എളുപ്പമാണ്. അവൻ/അവൾ നമ്മൾക്ക് എതിരാണ് എന്ന് പറഞ്ഞാൽ മതി. പിന്നെ കൂട്ട ആക്രമണമാണ്.

ഇനി ആധുനികകാലത്ത് ഇത്തരം കൂട്ടത്തിലെ ഭാഗമാകുക എന്നാൽ ഒരു പ്രിവിലേജ് ആണ്. ഈ പ്രിവിലേജ് അവർ കാണുന്നുമില്ല. ഒരു ഗോത്രത്തിൻ്റെ ഭാഗം ആയാൽ യുക്തിസഹമല്ലാത്ത തങ്ങളുടെ കൂട്ടത്തിലെ വ്യക്തികളുടെ നടപടികളെ ഇവർ കണ്ണുമടച്ച് പിന്തുണയ്ക്കും. ഈ കൂട്ടത്തിൽ ഇരുന്നു കൊണ്ട് മറിച്ച് അഭിപ്രായപ്രകടനം നടത്തിയാൽ പോലും നിങ്ങൾ വെളിയിലാണ്.

ഇതേ പോലെ നിങ്ങളുടെ സ്വാർത്ഥമായ നേട്ടങ്ങൾക്ക് ഇവരുടെ പിന്തുണ നേടാനും വളരെ എളുപ്പമാണ്, ഇവരുടെ പൊതുശത്രുവിനാൽ നിങ്ങൾ വേട്ടയാടപ്പെടുന്നു എന്ന് വരുത്തി തീർത്താൽ മതി, നിങ്ങളുടെ ആശയം മോശമാണോ, നിങ്ങൾ അത്തരം മനുഷ്യത്വ വിരുദ്ധമായ ആശയങ്ങൾ കൊണ്ട് നടക്കുന്ന ഒരു മതം ആണോ എന്നതൊന്നും ഇവിടെ വിഷയമല്ല.

വളരെ റിഗ്രസീബ് ആയ ആശയങ്ങളുള്ള ഒരു മതവിഭാഗം തങ്ങൾ ന്യൂനപക്ഷം ആണ്, പീഡിപ്പിക്കപ്പെടുന്നു എന്നൊരു ഇരവാദം ഇറക്കുമ്പോൾ ഇവർ സപ്പോർട്ട് ചെയ്യുന്നത് മേൽപ്പറഞ്ഞ മതാത്മകത കൊണ്ടാണ്. ഒരു പ്രശ്നത്തിലെ നെല്ലും പതിരും വേർതിരിക്കാൻ ഉള്ള കഴിവില്ലായ്മ ഈ കൂട്ടത്തിൽ പ്രകടമാണ്. ഇത് കേരളത്തിലെ മാത്രം പ്രശ്നമല്ല. ആഗോളപരമായി ഇത്തരത്തിൽ ഒരു പ്രശ്നം ഉണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

ആശയപരമായി വിയോജിക്കുന്നവരെ ഇവർ എങ്ങനെ ആണ് നേരിടുന്നത് ?

ഇവരോട് അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുന്നവർ സമൂഹത്തിൽ ഏത് ശ്രേണിയിൽ ഉള്ളവരാണ് എന്ന് കണ്ടെത്താനുള്ള ശ്രമം ആയിരിക്കും ആദ്യം ഇവർ നടത്തുക, അതിനുശേഷം അയാളിൽ പ്രിവിലേജ്ൻറെ ഭാരം ആരോപിക്കുക എന്നതാണ് ആദ്യം ചെയ്യുന്ന രീതി. ചരിത്രപരമായ കാരണങ്ങൾ കൊണ്ട്, സമൂഹത്തിൻറെ മുഖ്യധാരയിൽ നിന്നും മാറ്റിനിർത്തപ്പെട്ട ദളിതർ, സ്ത്രീകൾ, ട്രാന്സ്ജെന്ഡേഴ്സ് തുടങ്ങിയവർക്ക് വേണ്ടി ശബ്ദിക്കുന്ന പല പുരോഗമന വാദികളും കപടൻമാർ ആണ്. സത്യത്തിൽ ഒപ്പ്രസ്ഡ് ആയവർക്ക് വേണ്ടി സമൂഹം ഉണ്ടാക്കിയ നിയമങ്ങളെ തങ്ങളെ ആശയപരമായി എതിർക്കുന്നവർക്ക് നേരെ ഉപയോഗിക്കുന്ന ഇവരുടെ മുഖം മൂടി സമൂഹത്തിൽ എക്സ്പോസ് ചെയ്യേണ്ടത് അത്യാവശ്യം ആണ്.

ക്യാൻസൽ കൾച്ചറിന് ആഹ്വാനം നൽകുക, എതിരാളികളെ വലത് പക്ഷ ചാപ്പ അടിക്കുക, അവരുടെ മേൽ സവർണ്ണ, പാട്രിയാർക്കൽ പ്രിവിലേജ് ആരോപിക്കുക തുടങ്ങിയ കുത്സിത പ്രവർത്തികൾ ആണ് ഈ കപടൻമാരുടെ പ്രധാന ആയുധം. തങ്ങൾക്ക് നേരെ ഉള്ള എതിർ അഭിപ്രായങ്ങളെ തങ്ങൾ പ്രതിനിധീകരിക്കുന്ന സമൂഹത്തിന് എതിരെ ഉള്ളതാക്കി മാറ്റി ആ സമൂഹത്തെ മുഴുവൻ ആയും ഇവരെ എതിർക്കുന്ന ആളുകൾക്ക് എതിരെ അണിനിരത്തുക എന്ന തന്ത്രം ആണ് ഇവരുടെ മറ്റൊരു പ്രധാന ഐറ്റം. ഈ വക അഭ്യാസം മൂലം ഒരു അഭിപ്രായം പോലും ഇവരെ പേടിക്കാതെ പറയാൻ പറ്റില്ല എന്നായിട്ടുണ്ട്. മുസ്‌ലിം ഐഡന്റിറ്റിയിൽ വന്നിരുന്നു സ്വന്തം അഭിപ്രായങ്ങൾക്ക് എതിർ അഭിപ്രായം കേൾക്കുമ്പോൾ അത് പറയുന്ന ആളെ മുസ്‌ലിം വിരുദ്ധൻ ആക്കുക. ഫെമിനിസ്റ്റ് എന്ന് സ്വയം അടയാളപ്പെടുത്തി സ്വന്തം അഭിപ്രായത്തെ ആരെങ്കിലും എതിർത്താൽ അവരെ സ്ത്രീ വിരുദ്ധൻ ആക്കുക, ദളിത് വിരുദ്ധൻ ആക്കുക എന്നതൊക്കെ ആണ് ഇവരുടെ കലാപരിപാടികൾ. സ്വന്തം നിലനിൽപ്പും പ്രശസ്തിയും സ്വന്തം ഗോത്രത്തിൻ്റെ പിന്തുണയോടെ ഉറപ്പാക്കുക എന്ന രാഷ്ട്രീയം മാത്രമാണ് ഇവർ ചെയ്യുന്നത്.

“PRIVILEGE IS INVISIBLE TO THOSE WHO HAVE IT” എന്ന ടാഗ് ലൈനിൽ ഞങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളെ വിലയിരുത്താൻ ഉള്ള അവകാശം നിങ്ങൾക്കില്ല എന്ന് പ്രഖ്യാപിക്കുക കൂടി ആണിവിടെ. That’s so regressive. പ്രിവിലേജ് ഉള്ള ഒരാൾ തനിക്ക് പ്രിവിലേജ് ഉണ്ടന്ന് തിരിച്ചറിയാത്ത കൊണ്ട് അയാളുടെ നിലപാടുകളിൽ പക്ഷപാതിത്വം ഉണ്ടാകുന്നു എങ്കിൽ, പ്രിവിലേജ് ഇല്ലാത്ത ഒരാള് തനിക്ക് നേരിട്ട പ്രശ്നങ്ങളെ കുറിച്ചും അതിൻ്റെ അടിസ്ഥാനത്തിൽ സമൂഹത്തേ കുറിച്ച് നടത്തുന്ന വിലയിരുത്തലുകളിലും വൈകാരികത മൂലം ഇതേ പക്ഷപാതിത്വം ഉണ്ടാകാൻ ഉള്ള സാധ്യതയും നിലനിൽക്കുന്നു. അവിടെയാണ് ഡാറ്റ, സ്റ്റാറ്റിസ്റ്റിക്സ്, സയൻ്റിഫിക് evidence ഒക്കെ നിങ്ങളെ നിങ്ങളുടെ നിലപാടുകളെ ബയസ്സുകളിൽ നിന്നും മുക്തമാക്കാൻ സഹായിക്കുക.

പക്ഷേ ഈ വികാര ജീവികൾ ആയ സോ-കോൾഡ് പുരോഗമനവാദികൾ ഇത്തരം കാര്യങ്ങൾക്ക് പ്രാധാന്യം നൽകില്ല. പകരം തങ്ങളോട് എതിർ അഭിപ്രായം പറയുന്ന വ്യക്തിയെ മനുഷ്യത്വവിരുദ്ധനാക്കുക, വലതുപക്ഷ യാഥാസ്ഥിതികൻ ആക്കുക, ഇതിലൂടെ liberals എന്ന് സ്വയം കരുതുന്ന ഒരു കൂട്ടത്തിൻ്റെ ഗോത്രീയ വികാരങ്ങളെ ഉണർത്തി കണ്സോളിഡേറ്റഡ് ആയിട്ടുള്ള ആക്രമണത്തിന് ഇയാളെ വിധേയനാക്കുക എന്നതാണ് ഇവരുടെ രീതി.

നമ്മൾ ലിബറൽസ് എല്ലാം ഇയാൾക്ക് എതിരെ പറയണം എന്ന ഒരു നറെട്ടേവ് ഉണ്ടാക്കി എടുക്കുക ആണിവിടെ. അതിനാവശ്യമായ എതിരാളിയെ തേജോവധം ചെയ്യാൻ ആവശ്യം ആയ വീഡിയോ, ഓഡിയോ ക്ലിപ്പുകൾ ഈ കപട ലിബറൽസ് നിർമ്മിച്ച് നിങ്ങളെ കേൾപ്പിക്കും. പിന്നെ നിങ്ങൾ ഇവർ സ്കെച്ച് ഇട്ട വ്യക്തിക്ക് എതിരെ സംസാരിക്കാൻ നിര്ബന്ധിതനാകും.

ഇതിൻ്റെ പിന്നിൽ ഞാൻ ആദ്യം പറഞ്ഞ, കഞ്ചാവ് അടിക്കാൻ യുക്തിവാദി ആയവൻ തൊട്ട്, പൊട്ടി തെറിക്കാൻ മതം കൊണ്ട് നടക്കുന്നവൻ വരെ ഉണ്ട്. മത ഭ്രാന്തന്മാരുടെ ഗ്രൂപ്പിൽ നിന്നും ഉണ്ടാക്കിയ വീഡിയോ പ്രചരിപ്പിച്ചു നേട്ടം കൊയ്യുന്ന ലിബറലുകളെ നമ്മൾ pseudo liberals എന്ന് തന്നെ വിളിക്കണം എന്നാണ് ഞാൻ പറയുന്നത്.

ഇങ്ങനെ ഒരു മാസ് കാമ്പയിൻ തുടങ്ങിയ ശേഷം, മീഡിയയിലും പൊതുരംഗത്തും ഇത്തരം ലിബറലുകൾ എന്ന് സ്വയം കരുതുന്നവർക്ക് ഉള്ള സ്വാധീനം ഉപയോഗിച്ചുകൊണ്ട് ഈ വ്യക്തിയെ ക്യാൻസൽ കൾച്ചറിന് വിധേയനാക്കുക. അയാളുമായി സഹകരിക്കുന്ന ആളുകളെ തേജോവധം ചെയ്യുക, അയ്യേ… ഈ ഡാഷിൻ്റെ കൂടെ ഒക്കെയാണോ നിങ്ങൾ പരിപാടി ചെയ്യുന്നത് എന്ന് ചോദിക്കുക, അതെന്താ അയാൾക്ക് പ്രശ്ന?. എന്ന് ചോദിക്കുമ്പോൾ നേരത്തെ പറഞ്ഞ രീതിയിൽ വെട്ടിയെടുത്ത തുണ്ട് വീഡിയോ അയച്ചു കൊടുക്കുക, ഇത് കാണുന്നതോടെ പുരോഗമന അപ്പോസ്തലൻ ആകാൻ നടക്കുന്ന ആൾ പിന്നെ ആ ഭാഗത്ത് വരില്ല, പറ്റിയാൽ കൂടെ കൂടി പരദൂഷണം പറയാനും സമയം കണ്ടെത്തും.

എങ്ങനെയാണ് നിങ്ങൾ ഈ pseudo liberals കൂട്ടത്തിലേക്ക് എത്തി ചേരുന്നത് ?

പുരോഗമന പാതയിലേക്ക് പിച്ചവച്ച കയറുന്ന യുവാക്കളും യുവതികളും ഇവരുടെ അപരവൽക്കരിക്കപ്പെട്ടവരോടുള്ള സ്നേഹം കണ്ടു വഴി തെറ്റി പോകാനുള്ള സാധ്യത ഏറെയാണ്. നിങ്ങൾ ഒരു യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച ആളാണെങ്കിൽ സ്വാഭാവികമായും നിങ്ങളുടെ പുരോഗമന ചിന്ത നിങ്ങളെ നിങ്ങളുടെ സ്വന്തം കുടുംബത്തിൽ സമൂഹത്തിൽ ഒറ്റപ്പെടുത്തും, നിങ്ങളുടെ വ്യവസ്ഥയോടും സമൂഹത്തോടുമുള്ള കലഹം ഓരോ ദിവസവും കൂടി വരും. അവിടെ നിങ്ങൾക്ക് പൂർണപിന്തുണയുമായി ഇവർ വരുന്നതോടെ നിങ്ങൾ ഈ ഗ്രൂപ്പിൻറെ ഭാഗമായി കഴിഞ്ഞു.

യാഥാസ്ഥിതിക ബോധത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന നിങ്ങളെ പിന്നീട് വന്നു പൊതിയുന്നത് ഇവർ ഉണ്ടാക്കുന്ന സ്വത്വബോധം ആണ്. നിങ്ങൾ പിന്നീട് കേൾക്കുന്നതും കാണുന്നതും ഇവർ നിശ്ചയിക്കുന്ന കണ്ടെത്തലുകളും നരേറ്റീവ്കളും മാത്രമായിരിക്കും. നിങ്ങൾ ഒരു pedophile ആണെങ്കിൽ, സ്ത്രീപീഡകൻ ആണെങ്കിൽ, യാഥാസ്ഥിതിക മത നിലപാട് പുലർത്തുന്ന ആളാണെങ്കിൽ പോലും നിങൾ ഒരു suppressed and oppressed എന്ന് ഐഡൻ്റിഫയ് ചെയ്തിരിക്കുന്ന ഗ്രൂപ്പിൻറെ ഭാഗം ആണെങ്കിൽ ഇവരിൽ പലരും നിങ്ങൾക്ക് വേണ്ടി ന്യായീകരണം നടത്തും.

സ്വന്തം കൂട്ടർ Oppressed ആണ് അത് കൊണ്ട് ഞങ്ങൾക്ക് എന്ത് തോന്നിവാസം വേണമെങ്കിലും കാണിക്കാം. ഇനിയും അങ്ങനെ കാണിക്കുമ്പോൾ ഞങ്ങളെ ചോദ്യം ചെയ്യാൻ നിങ്ങൾക്ക് തോന്നുന്നത് നിങ്ങളുടെ Privilege കൊണ്ടാണ് എന്ന് സ്ഥാപിക്കുക ആണിവിടെ ലക്‌ഷ്യം . ഐഡൻ്റിറ്റി പൊളിറ്റിക്സ് ഒരിക്കലും ലിബറലിസത്തിൻ്റെ ഭാഗമെ അല്ല.

ഒരു ലിബറൽ കാഴ്ചപ്പാട് ഉണ്ടാക്കുക എന്നത് സാമാന്യം വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞാനിത് എഴുതുമ്പോൾ പോലും ദിവസവും ഞാൻ വായിക്കുന്ന പുസ്തകങ്ങൾ കാണുന്ന വാർത്തകൾ വീഡിയോകൾ എന്നോട് ഇടപെടുന്ന ആളുകളൊക്കെ ദിനംപ്രതി എന്നെ സ്വാധീനിച്ചു കൊണ്ടു ഇരിക്കുകയാണ്. ഇത്തരത്തിലുണ്ടാകുന്ന ബയാസുകൾ എല്ലാം വകഞ്ഞുമാറ്റി സ്വതന്ത്രമായി ഒരന്വേഷണം ഏതൊരു കാര്യത്തോട് ഉണ്ടാവുക എന്നതാണ് പ്രധാനം. അപ്പോഴും നിങ്ങൾ ബായാസ്ട് ആണ് എന്ന ചിന്ത ഉണ്ടായിരിക്കുകയും വേണം. നിലപാടുകൾ തെറ്റാണ് എന്ന് അറിഞ്ഞാൽ അത് തിരുത്താനുള്ള ആർജവം കാണിക്കണം. വ്യക്തി അധിക്ഷേപവും മോബ് ലിഞ്ചിംഗും ആധുനികസമൂഹം ത്യജിക്കേണ്ട കാര്യങ്ങൾ ആണ്.

സ്വതന്ത്ര ചിന്തകരെ സ്വതന്ത്രചിന്ത പഠിപ്പിക്കാൻ വരുന്ന ആചാര്യന്മാരെ കരുതിയിരിക്കുക. അവരുടെ പഴഞ്ചൻ ആശയങ്ങൾ കുത്തിവയ്ക്കാൻ ഉള്ള ബീജമായി ആണ് അവർ നിങ്ങളെ കാണുന്നത്. സ്വന്തം ചിറകുകളിൽ വിശ്വസിക്കുക സ്വയം ആത്മവിശ്വാസം ഉള്ളവൻ ആയി മാറുക. പകരം ഇന്ന് കണ്ടുവരുന്നത് ഒരു കുഴിയിൽ നിന്ന് എഴുന്നേറ്റ് മറ്റൊരു കുഴിയിൽ ഇറങ്ങി ഇരിക്കുക എന്ന പുരോഗമന സ്വതന്ത്രചിന്താ പ്രവർത്തനമാണ്.

പൊളിറ്റിക്കൽ കറക്റ്റ്നസ് എന്ന ഡമോക്ലസിൻ്റെ വാൾ

സ്യൂഡോ ലിബറൽസിനെ പ്പോലെ തന്നെ സമൂഹം പുരോഗമിക്കണം എന്നാഗ്രഹിക്കുന്ന ആളുകൾ നേരിടേണ്ടി വരുന്ന മറ്റൊരു വിഭാഗം ആണ് യാഥാസ്ഥിതിക വാദികൾ. ഇവരുടെ രണ്ടിൻ്റെ ഇടയിൽ വേണം നമ്മുക്ക് ഒരു കാര്യം പറയാൻ എന്നതാണ് അവസ്ഥ. സയൻസ് പറയുന്ന ആളുകളെ സംബന്ധിച്ച, സ്വതന്ത്രമായി ചിന്തിക്കുന്ന വ്യക്തികളെ സംബന്ധിച്ചു ഈ വെല്ലുവിളി അതിജീവിക്കുക എന്നത് വളരെ ശ്രമകരം ആണ്. തീവ്രവലതുപക്ഷ യാഥാസ്ഥിതിക വിഭാഗം ശാസ്ത്ര വസ്തുതകൾ തങ്ങൾക്കനുകൂലമായി വരുമ്പോൾ അത് എടുത്തു കൊണ്ട് സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് എതിരെ പ്രചാരണം നടത്താൻ സാധ്യതയുണ്ട് എന്നത് കൊണ്ട് ശാസ്ത്ര വസ്തുതകൾ പരമാവധി പറയാതെ ഇരിക്കുക അല്ലങ്കിൽ പൊളിറ്റിക്കൽ കറക്റ്റനസ്സ് നോക്കി മാത്രം വിഷയം പറയുക എന്നതാണ് പുരോഗമനത്തിൻ്റെ ഹോൾസെയിൽ കച്ചവടം എടുത്തവർ നമ്മളോട് ആവശ്യപ്പെടുന്നത്.

ഉദാഹരണത്തിന് സ്ത്രീയും പുരുഷനും ബയോളജിക്കലി വ്യത്യസ്തരാണ് എന്നും പുരുഷന് പ്രകൃതിപരമായി ശക്തി കൂടുതലുണ്ട് എന്നും Science പറയുമ്പോൾ കണ്ടോ ഇതാണ് പ്രകൃതിയുടെ ശരി, ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത് സ്ത്രീകൾ പുരുഷന് അടിമപ്പെട്ട കഴിയേണ്ടവരാണ് എന്ന വലതുപക്ഷ നിലപാടിന് കരുത്തു പകരും നിങ്ങൾ പറയുന്ന സയൻസ് അതുകൊണ്ടു പുരോഗമനം ആഗ്രഹിക്കുന്നവര് അത് പറയാതെ ഇരിക്കണം എന്നതാണ് ഇവരുടെ നിലപാട്.

മറ്റൊരു ഉദാഹരണം നോക്കിയാൽ, മേറ്റ് ചെയ്യുമ്പോൾ കൂടുതൽ resources ചിലവഴിക്കേണ്ടത് സ്ത്രീയാണ് എന്നത് കൊണ്ട് അവളുടെ തിരഞ്ഞെടുപ്പുകൾക്ക് ഇണയുടെ റിസോർസസ് ഒരു മാനദണ്ഡം ആണ് എന്ന് പറയുമ്പോൾ കണ്ടോ ഞങ്ങൾ തേപ്പുകാരികൾ ആണ് എന്ന് പറയുന്ന മെയിൽ ഷോവാസ്‌നിസ്റ്റ് പെർവെർട്ടുകൾക്ക് നിങ്ങൾ സയൻസ് പറഞ്ഞു ആയുധം കൊടുക്കുകയാണ് എന്ന വാദം ആണ് ഇവർ ഉയർത്തുന്നത്. ചുരുക്കി പറഞ്ഞാൽ വസ്തുതകളെ പൊളിറ്റിക്കൽ കറക്ട്നെസ് ഭയന്ന് പറയാതെ ഇരിക്കണം എന്നതാണ് ഇവരുടെ നിലപാട്, ഇത് മതാത്മകം ആയ ചിന്തയാണ്.

മനുഷ്യൻ വിശേഷ ജീവിയാണ് എന്നും, അവനു കുറവുകൾ ഇല്ല എന്നും, ഇന്ന് കാണുന്ന കുറവുകൾ മുഴുവൻ സോഷ്യൽ കൺസ്ട്രക്ട് ആണ് എന്നും കരുതുന്നവരുടെ ഫെമിനിസ്റ്റ് വകഭേദങ്ങൾ സമൂഹത്തെ പിന്നോട്ട് നയിക്കും. മുതലാളിയെ മാറ്റി പ്രോലെറ്റേറിയൻ ഡിക്ടറ്റർഷിപ് വരുന്നത് ഫലത്തിൽ ഒന്ന് തന്നെ അല്ലെ എന്ന ചോദ്യത്തിന് മാർക്സ് പറഞ്ഞു, “തൊഴിലാളികൾ ഒരിക്കലും ചൂഷകർ ആകില്ല” -എന്ന വാദം പോലെ ഒന്നാണ് ഇന്നത്തെ പല റാഡിക്കൽ ഫെമിനിസ്റ്റ് മൂവ്മെന്റുകളും മുന്നോട്ട് വക്കുന്ന ആശയങ്ങൾ എന്ന് പറയാതെ വയ്യ.

മനുഷ്യനെ സവിശേഷ ജീവിയായി കണ്ടു കുഴപ്പങ്ങൾ മുഴുവൻ വ്യവസ്ഥയുടെ ആധുനിക ഭാഷയിൽ സോഷ്യൽ construct ആണ് എന്ന വാദം മനുഷ്യനെ പിന്നോട്ട് നടത്താൻ മാത്രം ആണ് ഉപകരിക്കുക. സമാനമായി ന്യൂനപക്ഷ മതതീവ്രവാദത്തെ എതിർക്കുമ്പോൾ അത് ഭൂരിപക്ഷം മതത്തിലെ യാഥാസ്ഥിതികർ തങ്ങളുടെ ആയുധമായി ഉപയോഗിക്കുന്നു എന്നതാണ് മറ്റൊരു ആരോപണം. അത് കൊണ്ട് ന്യൂനപക്ഷ മത തീവ്രവാദം പറയേണ്ട കാര്യമില്ല എന്നതാണ് മറ്റൊരു വാദം.

ഇവിടെ രണ്ടു കാര്യത്തിലും വസ്തുത പറയാതിരിക്കണം എന്നതാണ് ചില പുരോഗമന സ്വത്വ ബോധം പെറുന്നവർ ആവശ്യപ്പെടുന്നത്. ഇത്തരത്തിലുള്ള നിലപാടുകൾ സ്വതന്ത്ര ചിന്തയ്ക്ക് വിഘാതം ആണ് എന്നതുകൊണ്ട് ഒരു റാഷണലിസ്റ്റന്ന് ഇവിടെ പക്ഷപാതിത്വം കാണിക്കാൻ സാധിക്കില്ല. വസ്തുതകൾ പറയുമ്പോൾ മറ്റൊരു കൂട്ടർ അത് ദുരുപയോഗം ചെയ്യും എന്ന വാദം പ്രസക്തമല്ല. പുരോഗമന ചിന്തയുള്ളവർ വസ്തുതകൾ പറയാതിരുന്നതുകൊണ്ട് വസ്തുതകൾ പുറത്ത് വരാതെ ഇരിക്കില്ല. വസ്തുതകൾ ഒളിച്ചു വയ്ക്കാനും ആകില്ല.

വസ്തുതകൾ പറയാൻ പുരോഗമനവാദികൾ തയ്യാറാകുന്നില്ല എങ്കിൽ യാഥാസ്ഥിതികർ അത് പറയും പക്ഷേ അവർ അത് പറയുമ്പോൾ അവരുടെ ആവശ്യപ്രകാരം എരിവും പുളിയും ചേർത്ത് ആയിരിക്കും അത് അവതരിപ്പിക്കുക. അത് കൂടുതൽ അപകടം ആയിരിക്കും ഉണ്ടാക്കുക. അറിവിനെ എങ്ങനെ ഉപയോഗിക്കാം എന്ന പരിശീലനമാണ് ഇവിടെ നൽകേണ്ടത് പകരം സത്യം വിളിച്ചു പറയാതെ ഇരിക്കണം എന്ന നിലപാട് സമൂഹത്തിന് ദോഷമാണ്.

suppressed and oppressed ആയ ഗ്രൂപ്പിന് ഹിതകരം അല്ലാത്ത സത്യങ്ങൾ പറയാതെ ഇരിക്കണം എന്ന് പറയുമ്പോൾ നിങ്ങൾ ചെയ്യുന്നത് ആ സമൂഹത്തിന് പുരോഗമിക്കാൻ ഉള്ള അവസരത്തെ നിഷേധിക്കുകയാണ്. ദളിതർക്കിടയിൽ ഉള്ള വരുമാനത്തിൽ കവിഞ്ഞ മദ്യപാനം, അമേരിക്കൻ ബ്ലാക്ക്സിൻ്റെ ഇടയിലുള്ള കുറ്റകൃത്യങ്ങളുടെ തോത് ഇതൊക്കെ പറയുന്നത് പോലും പുരോഗമനവാദികളുടെ കണ്ണിൽ വലിയ പാതകമാണ്. ചരിത്രത്തിൽ അവരനുഭവിച്ച സാമൂഹ്യ തിരസ്കരണം ആണ് അതിന് കാരണം എന്ന വിധിന്യായത്തിൽ അതിനെ ചുരുക്കുകയാണ് ഇവർ ചെയ്യുന്നത്. സപ്രസ്ഡ് ആൻഡ് ഓപ്പ്രസ്ഡ് ആയ ആളുകൾക്ക് വേണ്ടി സംസാരിക്കുന്ന പലരും ആ ജനതയുടെ കൂട്ടത്തിന്റെ ഗോത്രത്തിൻ്റെ ആരാധനയും ബഹുമാനവും അതിലൂടെ പ്രശസ്തിയും വരുമാനവും കിട്ടുന്നതിന് വേണ്ടി ആണ് പലതും പറയുന്നത്.

മറ്റുള്ളവരെ ഹിംസാത്മകം ആയി അധിക്ഷേപിക്കുന്ന ഈ സോ-കോൾഡ് പുരോഗമന വാദികൾ മനുഷ്യസ്നേഹികൾ ആണ് എന്ന് പറയുന്നത് തന്നെയാണ് ഏറ്റവും വലിയ ഹിപ്പോക്രസി. ഒരു ഇസ്‌ലാം മത വിശ്വാസി വേദങ്ങൾ ഉപനിഷത്തുകൾ നല്ലതാണ് എന്ന് പറയുമ്പോൾ ഹിന്ദു മതസ്ഥർക്ക് കിട്ടുന്ന മാതിരി ഒരു ഹൈ ഇവിടെ ഉണ്ടാക്കുക ആണ് ഇവർ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇത്തരം ഓപ്പ്രെസ്സ്ഡ് ആയ ഗ്രൂപ്പുകൾ സ്വന്തം പ്രശ്നങ്ങളെ തിരിച്ചറിയാതെ പരിഷ്കരിക്കാൻ സാധിക്കാതെ പോകുന്നു.

നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും കാരണം മറ്റുള്ളവരാണ് എന്ന വാദമാണ് ഇവിടെ ഈ കപട പുരോഗമനവാദികൾ ഉയർത്തുന്നത്. ഇത്രത്തോളം മനുഷ്യത്വവിരുദ്ധമായ ഒരാശയം മറ്റൊന്നില്ല.

തോമസ് സോവൽ പറഞ്ഞ ഒരു വാക്യം ഇവിടെ കൊട്ട് ചെയ്യുകയാണ് – There are few ideas more potent than the notion that all your problems are caused by other people and their unfairness to you. That was the royal road to unbridled power for Hitler, Lenin, Mao, – Which to say millions of human beings paid with lives for believing it. ജൂതന്മാർ ആണ് നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും കാരണം എന്ന് പറഞ്ഞു വന്ന ഹിറ്റ്ലറും , ബൂർഷ്വാകൾ ആണ് എല്ലാത്തിനും കാരണം എന്ന് പറഞ്ഞു അധികാരം നേടിയ ലെനിൻ മാവോ തുടങ്ങിയവരും പറഞ്ഞത് വിശ്വസിച്ച ജനം കൊടുത്ത വില അവരുടെ ജീവൻ തന്നെയാണ്.

നല്ല കാര്യങ്ങൾ സ്വാഭാവികമായി സംഭവിക്കുകയും മോശം കാര്യങ്ങൾ എല്ലാം ഏതെങ്കിലും വ്യക്തികൾ അല്ലങ്കിൽ കൂട്ടങ്ങൾ മനഃപൂർവം സൃഷ്ടിച്ചത് ആണ് എന്നും കരുതുന്നവരാണിവർ, ഇവർക്ക് എന്തിനും ഏതിനും ഒരു ശത്രു മറുപക്ഷത്തു ഉണ്ടായേ സാധിക്കൂ.

ഡ്രൈവേഴ്സ് യൂണിയന്റെ തലപ്പത്തേക്ക് ബാലകൃഷ്ണ പിള്ള വരുമ്പോൾ, KSRTC യിലെ ഡ്രൈവർമാരെ അദ്ദേഹം വൈകാരികമായി സ്വാധീനിച്ചത് പുറകിൽ കിടന്നു കൂർക്കം വലിച്ചു ഉറങ്ങുന്ന കണ്ടക്ടർക്ക് മാത്രം പ്രമോഷൻ, കണ്ണ് മിഴിച്ചു മുഴുവൻ സമയം ഒരു വണ്ടി തന്നെ കൊണ്ട് നടക്കുന്ന നിങ്ങൾക്ക് കിട്ടുന്നത് എന്താണ്? എന്ന് ചോദിച്ചു കൊണ്ടാണ് എന്ന് പറഞ്ഞു കേട്ടീട്ടുണ്ട്.

സ്വന്തം മകൻ ചീത്ത ആയതിന് കൂട്ടുകാരെ പഴിക്കുന്ന അമ്മയെപ്പോലെ ആകാതെ ഇരിക്കുക ആണ് വേണ്ടത്. ശാസ്ത്രീയമായ അറിവ് യുക്തിസഹമായും മനുഷ്യത്വപരമായും ആണ് സമൂഹത്തിൽ നടപ്പിലാക്കേണ്ടത് എന്ന കാര്യത്തിൽ എനിക്ക് തർക്കം ഒന്നുമില്ല. പക്ഷേ അതിന് നിങൾ മുന്നോട്ട് വെക്കുന്ന ഫിലോസഫി മനുഷ്യനെ വേർതിരിക്കുന്നത് ആണെങ്കിൽ അത് കൊണ്ട് ഗുണം അല്ല ഉണ്ടാവുക.

അതുകൊണ്ട് സത്യം പറയരുത് എന്ന പുരോഗമന സാഹിത്യത്തെ പാടെ തള്ളിക്കൊണ്ട് മനുഷ്യൻ നേടുന്ന അറിവിനെ എങ്ങനെ മനുഷ്യത്വപരമായി ഉപയോഗിക്കാമെന്നതിനാണ് നമ്മൾ ഊന്നൽ നൽകേണ്ടത്. ഇവിടെയാണ് യുക്തിപരമായ ചിന്ത, Humanism നിങ്ങളെ സഹായിക്കുക.

സ്ത്രീ സുരക്ഷാ നിയമങ്ങൾ ദുരുപയോഗം ചെയ്തു അതിൻറെ ഇരകളായവരെ നമ്മൾ കേൾക്കേണ്ടതുണ്ട്. ദളിത് atrocities തടയാൻ ഉള്ള നിയമങ്ങൾ ദുരുപയോഗം ചെയ്ത് അതിൻറെ ഇരകൾ ആയവരെയും കേൾക്കേണ്ടതുണ്ട്. അവരെ കേൾക്കാൻ പുരോഗമനം പറയുന്നവർ തയ്യാറായില്ലെങ്കിൽ അവർ എത്തിച്ചേരുക യാഥാസ്ഥിതിക വലതുപക്ഷത്തിനൊപ്പം ആയിരിക്കും. അങ്ങനെ സംഭവിക്കുമ്പോൾ ആണ്, ജനാധിപത്യം ഉള്ള ഇടങ്ങളിൽ വലത്പക്ഷ യാഥാസ്ഥിതിക പക്ഷം അധികാരത്തിൽ എത്തുന്നത്.

ജാതി, റേസ്

ഇവിടെ ഇവിടെ ജാതിയുടെ പേരിൽ വർണ്ണത്തിൻറെ പേരിൽ വർഗ്ഗത്തിൻറെ പേരിൽ ഗോത്രത്തിൻ്റെ പേരിൽ ആരും വിവേചനം അനുഭവിക്കുന്നില്ല എന്നോ, ജാതി ഒരു സാമൂഹിക യാഥാർഥ്യമല്ല എന്നോ അല്ല പറയുന്നത്. പക്ഷേ അതിനെ നേരിടാൻ ഉപയോഗിക്കുന്ന ഐഡൻറിറ്റി പൊളിറ്റിക്സ് ഒരുതരത്തിലും ജാതീയത ഇല്ലാതാക്കുന്നതിനും ജാതി സ്പർദ്ധഇല്ലാതാക്കുന്നതിനും സഹായിക്കുകയില്ല. പകരം ഒരു കൂട്ടർ ജാതി വച്ച് കളിക്കുമ്പോൾ എല്ലാവരും ആ കളിയിൽ തുടരാനാണ് താല്പര്യപ്പെടുക. നിങ്ങൾ മാത്രം ജാതിയിൽ തുടർന്നോളൂ ഞങ്ങൾ എല്ലാവരും ജാതി ഉപേക്ഷിച്ചെക്കാം എന്ന് ആരും കരുതില്ല.

ജാതി പോകാൻ ജാതിയെ ഉപേക്ഷിക്കാൻ ആളുകളെ പ്രേരിപ്പിക്കുകയാണ് വേണ്ടത്, അത്തരം നരേറ്റീവ്കൾക്ക് കൂടുതൽ പ്രചാരം കൊടുക്കുകയാണ് വേണ്ടത്. അപ്പൊൾ ഓർഗാനിക് ആയി ജാതി പതിയെ അപ്രത്യക്ഷമാകും. ഒരുപക്ഷേ കുറേക്കാലം കൂടി നിങ്ങൾ ജീവിക്കുന്ന നിങ്ങളുടെ വളരെ സ്വകാര്യ ഇടങ്ങളിൽ ജാതി നിലനിന്നേക്കാം. പക്ഷേ ഭാവിയില് മനുഷ്യനെ ആദ്യം മനുഷ്യരായി കാണാനും അതിനുശേഷം അവൻറെ മറ്റ് വ്യത്യാസങ്ങളിലേക്ക് ശ്രദ്ധ പോകുകയും ചെയ്യുന്ന രീതിയിലേക്ക് സമൂഹം പരുവപ്പെടുക തന്നെ ചെയ്യും.

പക്ഷേ ഒരു വിരോധാഭാസമെന്നു പറയട്ടെ, ജാതിയുടെ പേരിൽ പീഡനം അനുഭവിക്കുന്നു എന്ന് പറയുന്ന പലരും സ്വന്തം ജാതിയിൽ അഭിമാനിക്കുന്നവരും ആ ജാതി മഹത്തരമാണെന്ന് മറ്റു ഉയർന്ന ജാതിയില് ആണ് എന്ന് പറയുന്ന ആളുകൾ കരുതുന്നത് പോലെ തന്നെ കരുതുന്നവരാണ്. അതുകൊണ്ടാണ് ജാതി ഉപേക്ഷിക്കാതെ ജാതിക്കെതിരെ ജാതി വിവേചനത്തിനെതിരെ സമരം ചെയ്യാൻ ഇവർ ഇറങ്ങിപ്പുറപ്പെടുന്നത്. അത് നിലവിൽ ഉള്ള ജാതികളെ ഊട്ടി ഉറപ്പിക്കുന്നതിനാണ് സഹായിക്കുക. ഒരു മാഫിയ സംഘത്തെ നേരിടാൻ മറ്റ് മാഫിയാസംഘങ്ങൾ ഉണ്ടാകുന്നതുപോലെ ഇത് തുടർന്നുകൊണ്ടിരിക്കും.

ഹിന്ദുക്കളിൽ ഉള്ള ജാതി സ്പർദ്ധ ഇല്ലാതായാൽ അതുകൊണ്ട് രാഷ്ട്രീയമായ നേട്ടം ഉണ്ടാവുക ബിജെപിക്കാണ് അല്ലെങ്കിൽ ഹിന്ദു ആശയങ്ങൾ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് ആണ്. അതുകൊണ്ടുതന്നെ ജാതി ഉപേക്ഷിക്കണമെന്നും വിഭാഗീയത ഉണ്ടാക്കുന്ന നരേറ്റീവ്കൾ ഐഡൻറിറ്റി പൊളിറ്റിക്സ് ഇതിനെയെല്ലാം എതിർക്കുന്ന ആളുകളെ വലതുപക്ഷ സംഘി ചാപ്പ അടിക്കുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നത് റാഡിക്കൽ ഇസ്ലാമിക ഗ്രൂപ്പുകളാണ്. ദളിത്-മുസ്ലീം ഐക്യം തന്നെ ഉണ്ടാകുന്നത് ഇതിൻ്റെ അടിസ്ഥാനത്തിൽ ആണ്. അല്ലാതെ ഇസ്ളാമിസ്റുകൾക്ക് ദളിതരോട് പ്രിത്യേക സ്നേഹമോ കരുണയോ ഉണ്ടായിട്ടല്ല.

ഞാൻ ആദ്യം പറഞ്ഞ കാര്യം തന്നെ വീണ്ടും പറയുകയാണ് – പുരോഗമന ആശയങ്ങൾ പറയുമ്പോൾ അത് ചില യാഥാസ്ഥിതിക പാർട്ടികൾ അവരുടെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കാം എന്നതുകൊണ്ട്, പുരോഗമനാശയങ്ങൾ പറയുന്നത് തന്നെ നിർത്തി പകരം ഇത്തരം വിഭാഗീയതകൾ ഉണ്ടാക്കുന്ന ചർച്ചകൾക്ക് വേണ്ടി സമയം ചെലവഴിക്കണം എന്ന ആശയത്തെ സമൂഹം മുന്നോട്ടു പോകണമെന്ന് ആഗ്രഹിക്കുന്ന ഒരാൾക്ക് അംഗീകരിക്കാൻ സാധിക്കില്ല. ബിജെപിയെ നേരിടാൻ എതിരാളികൾ അവരെക്കാൾ മികച്ച ആശയങ്ങളും ആയാണ് എത്തേണ്ടത്. പകരം ജാതി തേച്ചാലും മായ്ച്ചാലും ഉരച്ചാലും പോകില്ല എന്ന നരേറ്റീവിനെ ശക്തമായി എതിർക്കുന്നു.

Sexism

നമ്മൾ ഇന്നും ലിംഗസമത്വത്തിൽ നിന്ന് വളരെ ദൂരെയാണ് എന്ന കാര്യം ആദ്യം തന്നെ അംഗീകരിച്ചുകൊണ്ടാണ് ഇതിനെക്കുറിച്ചും നമ്മൾ സംസാരിക്കുന്നത്. ഇതും ഒരു സാമൂഹിക യാഥാർത്ഥ്യം തന്നെയാണ്. പക്ഷേ ചില ഫെമിനിസ്റ്റുകൾ എങ്കിലും മുന്നോട്ടുവയ്ക്കുന്ന ജെൻഡർ പൂർണമായും ഒരു സോഷ്യൽ കൺസ്ട്രക്‌ട് ആണ് എന്ന വാദം അംഗീകരിക്കാൻ കഴിയില്ല. സമത്വത്തിലേക്ക് നീങ്ങാൻ ഇല്ലാത്തത് ഉണ്ട് എന്ന് വരുത്തിത്തീർക്കുക അല്ല ചെയ്യേണ്ടത്. ബയോളജിക്കൽ ആയ വ്യത്യാസങ്ങളെ പാടെ അവഗണിച്ചുകൊണ്ട് എല്ലാം സമൂഹ നിർമ്മിതിയാണ് എന്ന വ്യാഖ്യാനം ഒരുതരത്തിലും സമത്വം ഉണ്ടാകുന്നതിന് സഹായിക്കില്ല. Queer Theory അതുപോലെ intersectional feminism ഇതൊന്നും അംഗീകരിക്കാൻ കഴിയില്ല. ഇതെല്ലാം കൂടുതൽ വിഭാഗീയതക്ക് ആണ് കളം ഒരുക്കുക.

സെക്ഷ്വൽ ഡിസ്ക്രിമിനേഷന് ഒരു പ്രധാന കാരണം ആയി സമൂഹത്തിൽ നിലനിൽക്കുന്ന സെക്ഷ്വൽ prejudices തെറ്റിദ്ധാരണകളും അഡ്രസ്സ് ചെയ്യേണ്ടത് ആണ് എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. ആണും പെണ്ണും തമ്മിൽ സൈക്കോളജിക്കൽ അതുപോലെ ബയോളജിക്കല് ആയ യാതൊരു വ്യത്യാസവുമില്ല എന്നും ഈ കാണുന്ന വ്യത്യാസങ്ങൾ എല്ലാം സോഷ്യൽ construct ആണ് എന്നുമുള്ള വാദത്തെ പാടെ തിരസ്കരിക്കുന്നു.

ആണിനും പെണ്ണിനും ഈ സമൂഹത്തിൽ തുല്യ അവകാശങ്ങളും പ്രാധാന്യങ്ങളും ആണെന്നും ആരെയെങ്കിലും വർണ്ണ ജാതി-ലിംഗ-നിറത്തിൻ്റെ പേരിൽ വിവേചനം കാണിക്കുന്നത് മാറ്റി നിർത്തുന്നത് എല്ലാം തന്നെ സമൂഹം അത്യധികം പ്രാധാന്യത്തോടെ പരിഹരിക്കേണ്ട കാര്യമാണ് എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല താനും.

ലൈംഗിക ന്യൂനപക്ഷങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ് നിലപാട്. അവരും ഈ വർണ്ണ രാജിയിലെ പറവകൾ ആണ് എന്നും സമൂഹത്തിലെ ഏതൊരു പൗരനും ഉള്ള എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യവും അവർക്കുമുണ്ട് എന്നും അംഗീകരിക്കുന്നു. അവർക്കെതിരെ പൊതുസമൂഹം പുലർത്തുന്ന വ്യവസ്ഥാപിതം ആയിട്ടുള്ള ചിന്താരീതികൾക്കെതിരെ ആളുകളെ ബോധവൽക്കരിക്കേണ്ടത് അത്യാവശ്യമാണ് എന്നും ഈ കൂട്ടത്തിൽ പറഞ്ഞു കൊണ്ട് ഈ ലേഖനം ഇവിടെ അവസാനിപ്പിക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *