‘മതം ക്രൂരമാണ്. കയറി കൂടുന്ന തലച്ചോറുകളെ പോലും ഞൊടിയിടയില്‍ വന്യവും ക്രൂരവുമാക്കാന്‍ കഴിവുള്ളത്. ഇന്നലെ വരെ തോളില്‍ കൈയിട്ട് നടന്നവനെ കൊണ്ട് യാതൊരു കാരണവുമില്ലാതെ നിങ്ങളുടെ കഴുത്തിന് തന്നെ കത്തി കേറ്റിയിറക്കാന്‍ കഴിവുള്ള ഒന്ന്. അടിമുടി മതത്തില്‍ മുങ്ങി കുളിച്ചു കിടക്കുന്ന നമ്മുടേത് പോലൊരു സമൂഹത്തില്‍ നിന്ന് കൊണ്ട്, ഇത്തരം സത്യങ്ങള്‍ വിളിച്ചു പറയുന്ന ‘കുരുതി’ പോലുള്ള സിനിമകള്‍ മനുഷ്യരാശിക്ക് തന്നെയൊരു മുതല്‍കൂട്ടാണ്. ആശ്വാസമാണ്’ – സി.എസ്. സുരാജ് എഴുതുന്നു |
മത ക്രൂരതയെ പച്ചക്ക് ചിത്രീകരിക്കുന്ന ‘കുരുതി’
കുരുതിയെന്ന സിനിമ കണ്ട് എഴുന്നേല്‍ക്കാന്‍ നേരം, ഇത് ഞങ്ങളെ പറ്റിയല്ല ‘അന്ധവിശ്വാസി’കളേയും ‘തീവ്രവിശ്വാസി’കളേയും കുറിച്ചാണെന്ന് പറയുകയല്ലാതെ, സ്വന്തം കരണത്തേറ്റ അടി മറക്കാന്‍, അത് കൊണ്ടുണ്ടായ ജാള്യത മറയ്ക്കാന്‍ മറ്റു വഴികളൊന്നുമില്ല. അത് തന്നെയാണിപ്പോള്‍ സിനിമ കണ്ട് കഴിഞ്ഞയാളുകള്‍ ചെയ്തു കൊണ്ടിരിക്കുന്നതും!
നിലവില്‍ നമ്മുടെ രാജ്യത്ത് നടക്കുന്ന സംഭവങ്ങള്‍ എന്നതിലുപരി, ഇന്നലെകളിലുള്‍പ്പടെ യാതൊരു കാരണവുമില്ലാതെ മനുഷ്യന്‍ മനുഷ്യനെ തന്നെ കൊന്ന് തിന്നതിന്റെ, ഇന്നും കൊന്നു കൊണ്ടിരിക്കുന്നതിന്റെ ദൃശ്യാവിഷ്‌കാരവും, ഈ ക്രൂരതകളുടെ യഥാര്‍ത്ഥ കാരണത്തെ പറ്റിയുള്ള തുറന്നു പറച്ചിലുമാണ് കുരുതി. ആര്‍ക്കോ വേണ്ടി, എന്തിനോ വേണ്ടി, എന്തോ കിട്ടുമെന്ന് പ്രതീക്ഷിച്ച് നടത്തുന്ന കൊലകളെയാണ് ‘കുരുതി’യെന്ന് പറയുക.
മുന്നില്‍ നില്‍ക്കുന്നത് ആരാണെന്ന് പോലുമറിയാതെ, യാതൊരു പരിചയവുമില്ലാതെ, അവന്റെ പേര് പോലുമൊന്നറിയാതെ, അവന്‍ നിങ്ങളോട് മോശമായി യാതൊന്നും ചെയ്തിട്ടില്ലാതെ, അങ്ങനെ യാതൊരു കാരണങ്ങളുമില്ലാതെ, ആര്‍ക്കോ വേണ്ടി, എന്തോ നിങ്ങള്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിങ്ങള്‍ക്കങ്ങനെ ആരുടെയെങ്കിലും ജീവനെടുക്കാന്‍ കഴിയുമോ? അങ്ങനെ നിങ്ങളെ കൊണ്ട് മറ്റൊരുവന്റെ ജീവനെടുപ്പിക്കുന്ന എന്തെങ്കിലും ഇന്നീ ഭൂമിയിലുണ്ടോ?
ഉണ്ട്! മതം!
ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും പേര് പറഞ്ഞ് തമ്മില്‍ തല്ലി മരിച്ചു വീണവര്‍ക്കോ, ഇന്നും മരിച്ചു കൊണ്ടിരിക്കുന്നവര്‍ക്കോ, ഇന്ത്യയിലേക്ക് തോക്കുകളേന്തി നുഴഞ്ഞു കയറി കൊണ്ടിരുന്ന യൗവനങ്ങള്‍ക്കോ, അവരാല്‍ കൊല്ലപ്പെടുന്ന മനുഷ്യര്‍ക്കോ, അങ്ങ് ഇസ്രയേലിലും പലസ്തീനിലും പാക്കിസ്ഥാനിലും സിറിയയിലും അഫ്ഗാനിസ്ഥാനിലും, ഇങ്ങ് ഇന്ത്യയിലും തമ്മില്‍ തമ്മില്‍ കടിച്ചു കീറി പിടഞ്ഞു വീണു കൊണ്ടിരിക്കുന്നവര്‍ക്കോ പരസ്പരം തങ്ങളാരാണെന്ന് പോലുമറിയില്ല!
എന്നിട്ടും എങ്ങനെയാണിവര്‍ക്കീ ക്രൂരത ചെയ്യാന്‍ കഴിയുന്നത്? ഇന്ന് വരെ നേരില്‍ കണ്ടിട്ട് പോലുമില്ലാത്ത, യാതൊരു മുന്‍ പരിചയവുമില്ലാത്ത ജനതകള്‍ക്ക് എങ്ങനെയാണിങ്ങനെ പരസ്പരം വെറുക്കാന്‍ കഴിയുന്നത്? അവരെ ഇവിടെ നിന്നും തുടച്ചു നീക്കണമെന്നാലോചിക്കാന്‍ കഴിയുന്നത്? അവരെന്നും നമ്മളെന്നും പറഞ്ഞ് പരസ്പരം ചേരി തിരിഞ്ഞ്, വെട്ടി കുത്തി സ്വയം പിടഞ്ഞില്ലാതെയാവാന്‍ കഴിയുന്നത്?
ഒരൊറ്റ ഉത്തരമേയുള്ളൂ.. മതം!
ഇവിടെ ജനിച്ചു വീഴുന്ന ഓരോ കുട്ടിയേയും മറ്റൊരുവനെ അന്യനായി കാണാനും, അവനെ വെറുക്കാനും പഠിപ്പിച്ചു കൊണ്ട് തന്നെയാണ് ഓരോ അച്ഛനമ്മമാരും സമൂഹവും അവരെ വളര്‍ത്തി കൊണ്ടു വരുന്നത്. അത് മതമുപയോഗിച്ചല്ലാതെ മറ്റൊന്നു കൊണ്ടും സാധ്യമല്ല താനും!
ഇങ്ങനെ വളര്‍ത്തിയെടുക്കപ്പെടുന്ന ഈ തലമുറ തന്നെയാണ് എവിടെ നിന്നെങ്കിലും ഒരിത്തിരി കനല് കിട്ടിയാല്‍ സ്വയം കത്തിയെരിഞ്ഞ് മറ്റുള്ളവരിലേക്ക് ആളി പടരുന്നതും, സമാധാനവും സന്തോഷവുമുള്‍പ്പടെ സര്‍വ്വതും ഇതു വഴി നശിപ്പിച്ചില്ലാതെയാക്കുന്നതും.
എന്നിട്ട്, ഇവരുടെയൊക്കെ മരണം കൊണ്ടിതവസാനിക്കുമോ? അതൊട്ടില്ലതാനും!നിങ്ങള്‍, നിങ്ങളുടെ മക്കള്‍, അവരുടെ മക്കള്‍.. അങ്ങനെയങ്ങനെ ആളി പടര്‍ന്നു പൊയ് കൊണ്ടേയിരിക്കും…
മറ്റൊരുവന് നേരെ തോക്കെടുത്ത് കാഞ്ചി വലിക്കുന്നവന്‍ മാത്രമല്ല, അവനാ തോക്കെടുത്ത് കൊടുക്കുന്നവനും, അവനെയാ തോക്കെടുക്കാന്‍ പ്രേരിപ്പിച്ച മതമെന്ന അശ്ലീലം അവനിലേക്ക് കുത്തി വെച്ചവനുമെല്ലാം ഒരേ വിഭാഗത്തില്‍ തന്നെ വരുന്നവരാണ്. ഒരേ തെറ്റിന്റെ വിവിധ ഭാഗങ്ങളില്‍ വരുന്നവര്‍!
അതിനി വിശ്വാസിയെന്ന് വിശേഷിപ്പിക്കുന്നവനായാലും ശരി, തീവ്രവിശ്വാസിയെന്ന് വിശേഷിപ്പിക്കുന്നവനായാലും ശരി, എല്ലാം ഒന്ന് തന്നെ!
മതമുള്ളിലുണ്ടായിട്ടും ഇന്ന് വരെയും ആരെയും അതിന്റെ പേരില്‍ നിങ്ങള്‍ക്കുപദ്രവിക്കാന്‍ തോന്നിയിട്ടില്ലെങ്കില്‍, അങ്ങനെ ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍, അതില്‍ നിന്നും ഒന്നേ നിങ്ങള്‍ക്ക് മനസ്സിലാക്കാനുള്ളൂ…
നിങ്ങളിലെ മതമെന്ന സോഫ്റ്റെ്‌വെയര്‍ ഇത് വരെയും ആക്റ്റീവേറ്റായിട്ടില്ല. അതിനുള്ള പാസ്സ്വേര്‍ഡ് ഇനിയും നിങ്ങളുടെ പക്കലെത്തിയിട്ടില്ല, അഥവാ പാസേ്‌വേര്‍ഡ് കിട്ടിയിട്ടുണ്ടെങ്കില്‍ തന്നെ അത് ആക്റ്റീവേറ്റ് ചെയ്യാന്‍ ഇവിടെയുള്ള നിയമങ്ങളോ മാനുഷിക മൂല്യങ്ങളോ നിങ്ങളെയതിന് സമ്മതിക്കുന്നില്ല. അല്ലാതെ നിങ്ങളിലെ മതത്തിന്റെ മഹത്വം കൊണ്ടല്ലത്!
സിനിമ കണ്ടു കൊണ്ടിരിക്കുന്നതിനിടയില്‍ വെച്ച്, എപ്പോഴെങ്കിലും നിങ്ങള്‍ക്ക് അതിലേ ആരുടെയെങ്കിലും പക്ഷം പിടിക്കാന്‍ തോന്നിയെങ്കില്‍ അത് തന്നെയാണ് നിങ്ങളിലുറങ്ങി കിടക്കുന്ന ഈ സോഫ്റ്റെ് വെയറിന്റെ ഏറ്റവും വലിയ തെളിവ്. മതം ക്രൂരമാണ്. കയറി കൂടുന്ന തലച്ചോറുകളെ പോലും ഞൊടിയിടയില്‍ വന്യവും ക്രൂരവുമാക്കാന്‍ കഴിവുള്ളത്. ഇന്നലെ വരെ തോളില്‍ കൈയിട്ട് നടന്നവനെ കൊണ്ട് യാതൊരു കാരണവുമില്ലാതെ നിങ്ങളുടെ കഴുത്തിന് തന്നെ കത്തി കേറ്റിയിറക്കാന്‍ കഴിവുള്ള ഒന്ന്.
ഇത്തരം ക്രൂരതകള്‍ ചെയ്യാന്‍ കഴിയുന്ന വിധം മനുഷ്യരിലേക്ക് വെറുപ്പ് മാത്രം കുത്തിവെച്ചു കൊണ്ടിരിക്കുന്ന മതം, എന്നേ ഇവിടെ നിന്നും ഭസ്മീകരിക്കപ്പെട്ടു പോവേണ്ട ഒന്നാണ്. അത് തന്നെയാണൊരു പുരോഗമന സമൂഹത്തിനാവശ്യവും!
ഇത്തരം സത്യങ്ങള്‍ വിളിച്ചു പറയുന്നവര്‍ തന്നെ കുറവാണെന്നിരിക്കെ, അങ്ങനെ പറയുന്നവരുടെ തലകള്‍ അറുതെടുക്കുമെന്ന് പ്രഖ്യാപിച്ചു നടക്കുന്നവര്‍ ഇവിടെ ഉണ്ടെന്നിരിക്കെ, അടിമുടി മതത്തില്‍ മുങ്ങി കുളിച്ചു കിടക്കുന്ന നമ്മുടേത് പോലൊരു സമൂഹത്തില്‍ നിന്ന് കൊണ്ട്, ഇത്തരം സത്യങ്ങള്‍ വിളിച്ചു പറയുന്ന കുരുതി പോലുള്ള സിനിമകള്‍ മനുഷ്യരാശിക്ക് തന്നെയൊരു മുതല്‍കൂട്ടാണ്. ആശ്വാസമാണ്!