“എല്ലാ ജീവികളും വേറെ കുറെ ജീവികള്‍ ചേര്‍ന്നതു തന്നെയാണ് എന്ന് മനസ്സിലാക്കുന്നത്തില്‍ വിജയിച്ചാല്‍ നിങ്ങള്‍ക്ക് പരിണാമം മനസ്സിലായി എന്ന് പറയാം. മനുഷ്യന്‍ 99% ചിമ്പാന്‍സിയാണ്. 90 ശതമാനം ചുണ്ടെലിയാണ്. അമ്പതു ശതമാനം വാഴപ്പഴവുമാണ്. മനുഷ്യനും, വാഴപ്പഴവും, അമ്പതു ശതമാനത്തോളം ജീനുകള്‍ പങ്കിടുന്നുണ്ട് എന്ന് കേള്‍ക്കുമ്പോള്‍ എന്തെങ്കിലും നാണക്കേട് തോന്നുന്നുണ്ടെങ്കില്‍, ഇതൊന്നും ആരും അറിയാതിരിക്കണേ എന്ന് തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ ശരിയായ വിശ്വാസിയാണ്. ലോകം നിങ്ങളെ കടന്നു മുന്നോട്ട് പൊയ്ക്കഴിഞ്ഞു. ഇത് കേള്‍ക്കുമ്പോള്‍ കൌതുകവും കൂടുതലറിയാന്‍ താല്‍പര്യവും തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ ശാസ്ത്രവാദിയാണ്. ഈ നൂറ്റാണ്ടില്‍ ജീവിക്കാന്‍ അര്‍ഹതയുള്ള ആളാണ്.” – ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു
പരിണാമം….
ലേശം പരിണാമം പഠിപ്പിച്ചു തരാം. നിങ്ങൾ കേട്ടു പരിചയമില്ലാത്ത ഒരു ആംഗിളിൽ നിന്നുള്ള വിവരണമായതുകൊണ്ട് ആദ്യം സെന്‍ കഥയിലെപ്പോലെ നിങ്ങളുടെ മനസ്സ് എന്ന കപ്പ് ശൂന്യമാക്കുക. പരിണാമ സിദ്ധാന്തത്തെ പറ്റി നിങ്ങള്‍ കേട്ടതും മനസ്സിലാക്കിയതും പൂര്‍ണ്ണമായും മനസ്സില്‍നിന്ന് കളയുക.
പോയിന്റ് ഒന്ന്: ലോകത്തുള്ള എല്ലാ ജീവജാലങ്ങളും തമ്മില്‍ പരസ്പരം ബന്ധമുണ്ട് എന്ന് ഒരു രണ്ടായിരം കൊല്ലം മുന്‍പെങ്കിലും മനുഷ്യര്‍ക്ക് അറിവുള്ള കാര്യമായിരുന്നു. അതില്‍ സംശയിക്കാനുള്ള ഒന്നും ഇല്ല. വെറും നിരീക്ഷണത്തില്‍ കൂടി തന്നെ എല്ലാവര്‍ക്കും അറിവുള്ള കാര്യമായിരുന്നു അത്. പരിണാമം, അതായത് ജീവജാലങ്ങള്‍ തമ്മില്‍ ബന്ധമുണ്ട്, അവ പതുക്കെ മാറുന്നുണ്ട് എന്നതില്‍ ഒരു ചര്‍ച്ച പോലും വേണ്ടാത്ത തരത്തില്‍ വ്യക്തതയുള്ള കാര്യമാണ്. അതല്ല പരിണാമ സിദ്ധാന്തം. എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു എന്നതിന് ഒരു വിശദീകരണം നല്‍കുക മാത്രമാണ് ഡാര്‍വിന്‍ ചെയ്തത്.
ജീവജാലങ്ങള്‍ ക്രമേണ മാറുന്നുണ്ട് എന്ന് ഡാര്‍വിന്‍ എങ്ങനെ മനസ്സിലാക്കി എന്ന് പറയാം. ഡാര്‍വിന്റെ യാത്രയില്‍ ഉടനീളം അടുത്തടുത്തു കിടക്കുന്ന ദ്വീപുകളില്‍ ധാരാളം ജീവജാലങ്ങളെ കാണുന്നു. സ്വാഭാവികമായും തൊട്ടടുത്ത ദ്വീപിലെ അതിന്റെ സഹോദര ജീവികളുമായി അവയ്ക്ക് പറയത്തക്ക വ്യത്യാസമൊന്നും ഇല്ല എങ്കിലും അകലേക്ക് പോകും തോറും ആദ്യത്തെ ദ്വീപിലെ അതിന്റെ സഹോദര ജീവികളുമായി ചില ചെറിയ വ്യത്യാസങ്ങള്‍ കാണുന്നു. ഉദാഹരണത്തിന് പക്ഷികളുടെ കൊക്കിന്റെ രൂപം അകലെയുള്ള ദ്വീപിൽ ആദ്യത്തെ ദ്വീപില്‍ കണ്ടതിനേക്കാള്‍ അല്പം മാറുന്നു. ആഹാര രീതികള്‍ മാറുന്നു etc. അങ്ങനെ വ്യതാസം വന്ന് വന്ന് ആദ്യത്തെ ദ്വീപിലെ പക്ഷിയും അവസാനത്തെ ദ്വീപിലെ പക്ഷിയും ശരിക്കും രണ്ടു വ്യതസ്ത പക്ഷികളായി മാറിയിരിക്കുന്നു, അവ തമ്മില്‍ കണ്ടാല്‍ മിണ്ടുന്നു കൂടിയില്ല എന്ന് കാണുന്നു.
ദ്വീപുകൾ ഒരു വൃത്താകൃതിയിൽ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നുണ്ടെങ്കിൽ പലപ്പോഴും ആദ്യത്തെ ദ്വീപില്‍ കാണുന്ന രണ്ടു വ്യതസ്ത ജീവികള്‍ എന്ന് ആദ്യ നോട്ടത്തിൽ കരുതുന്നവ ശരിക്കും ഇങ്ങനെ പരസ്പരം ബന്ധമുള്ള ഒരേ ജീവി തന്നെയാണ് എന്ന് മനസ്സിലാകും. ഇവയെ ring species എന്ന് പറയും.
പോയിന്റ് രണ്ട്: പരിണാമ സിദ്ധാന്തം ജീവന്‍ എങ്ങനെ ഉണ്ടായി എന്ന് പറയുന്ന സിദ്ധാന്തമല്ല. അതുകൊണ്ട് ചര്‍ച്ചക്കിടയില്‍ ജീവന്‍ എങ്ങനെ ഉണ്ടായി എന്ന് തല്‍ക്കാലം ചോദിക്കണ്ട. അത് വേറൊരു വിഷയമാണ്. ജീവന്റെ ഉത്ഭവം വിശദീകരിക്കാന്‍ പറ്റാത്തത് പരിണാമസിദ്ധാന്തത്തിന്റെ ന്യൂനതയല്ല. നമ്മുടെ കണ്‍മുന്നിലുള്ള തീർത്തും വ്യത്യസ്തരായി തോന്നുന്ന ജീവജാലങ്ങള്‍ തമ്മില്‍ ഒരു പരസ്പരബന്ധം എങ്ങനെ ഉണ്ടായി എന്ന് വിശദീകരിക്കുന്ന സിദ്ധാന്തമാണ് ഡാര്‍വിന്‍ മുന്നോട്ടുവച്ചത്. ശ്രദ്ധിക്കുക, മനുഷ്യന്‍ എങ്ങനെ കുരങ്ങുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പോലുമല്ല. കുരങ്ങ് കൂട്ടത്തില്‍ ഒന്ന് മാത്രം. മനുഷ്യന്‍ കുരങ്ങുമായി മാത്രമല്ല, പന്നി, പോത്ത്, കാക്ക,പൂച്ച തുടങ്ങി ചൊറിയന്‍ പുഴുവും,തേരട്ടയും, നെല്ലും, പുല്ലും തക്കാളിയും, വഴുതിനങ്ങയും ഒക്കെയുമായി ബന്ധമുള്ള ജീവിയാണ്.
ജീവജാലങ്ങള്‍ ചെടികളും, ബാക്ടീരിയും അടക്കം ഇങ്ങനെ ബന്ധമുള്ളതുകൊണ്ടാണ് കീടനാശിനി കുടിച്ചാല്‍ നമ്മള്‍ ചാകുന്നത്. കീടങ്ങളുടെയും, നമ്മുടെയും പല രാസപ്രവര്‍ത്തനങ്ങളും ഒരേപോലെയാണ്. ആയുര്‍വേദ കഷായം കുടിച്ചാല്‍ അത് ശരീരത്തെ ബാധിക്കുന്നത്. അല്ലാതെ വാത, പിത്ത, കഫം മൂലമൊന്നുമല്ല. മൃഗങ്ങളില്‍ മരുന്നു പരീക്ഷണം നടത്താനും, മൃഗങ്ങളെ ഉപയോഗിച്ച് വാക്സിനുകളും മരുന്നുകളും ഉണ്ടാക്കാനും, അവയുടെ അവയവങ്ങള്‍ മനുഷ്യന് വച്ചു പിടിപ്പിക്കാനും പറ്റുന്നത് അവക്കും നമുക്കും പൊതുവായ ചില കാര്യങ്ങള്‍ ഉണ്ട് എന്നതു കൊണ്ടാണ്. ഒരു മൃഗ ഡോക്ടറും മനുഷ്യ ഡോക്ടറും പഠിക്കുന്നത് ഏറെക്കുറെ ഒരേ കാര്യങ്ങള്‍ തന്നെയാണ്. മനുഷ്യനും മൃഗങ്ങള്‍ക്കും ഒരേ തരം രോഗങ്ങള്‍ തന്നെയാണ് ഉണ്ടാകുന്നത്. ഉപയോഗിക്കുന്ന മരുന്നുകളും മിക്കവാറും ഒന്നുതന്നെയാണ്. (അളവിലും മറ്റും സ്വാഭാവികമായി മാറ്റങ്ങള്‍ ഉണ്ടാകും. ഇനി ആരും അതില്‍ പിടിച്ചു തൂങ്ങണ്ട. )
ഈ പരിണാമത്തില്‍ എന്തിനു വിശ്വസിക്കണം എന്നൊക്കെ നിങ്ങൾ ചോദിച്ചേക്കാം. സയന്‍സ് ആരും “വിശ്വസിക്കുകയല്ല”, അത് അംഗീകരിക്കുകയാണ്. പരിണാമം അംഗീകരിച്ചാല്‍ നിങ്ങള്‍ക്ക് കൊള്ളാം. പരിണാമം മനുഷ്യരില്‍ മാത്രം നടക്കുന്നതല്ല. എല്ലാ ജീവജാലങ്ങളിലും ഉള്ളതാണ്. പരിണാമത്തെ അംഗീകരിക്കാനുള്ള ഒരു പ്രധാന വൈഷമ്യം മനുഷ്യന്റെ സവിശേഷബുദ്ധി എന്തോ വലിയ കാര്യമാണെന്ന ഒരു തെറ്റിദ്ധാരണയാണ്. പുല്ലും ചെടിയും, പട്ടിയും പൂച്ചയുമൊക്കെ പരിണാമത്തിലൂടെ ഉണ്ടാകുന്നു എന്നു സമ്മതിച്ചാലും സവിശേഷ ബുദ്ധിയുള്ള മനുഷ്യൻ അങ്ങനെ ചുമ്മാ ഉണ്ടാകില്ല എന്നു കരുതുന്നവർ ധാരാളമുണ്ട്.
മനുഷ്യനെന്താ സീബ്രയുടെ പോലെ വരയില്ലാത്തത്, സിംഹത്തെപ്പോലെ ജടയില്ലാത്തത് എന്നൊക്കെ ചോദിക്കുന്നപോലെയെ ഉള്ളൂ ഇത്. അവയ്ക്ക് ജീവിക്കാന്‍ അതൊക്കെ ആവശ്യമായപോലെ മനുഷ്യനു ജീവിക്കാന്‍ വലിയ മസ്തിഷ്കം/സവിശേഷ ബുദ്ധി വേണ്ടി വരുന്നു. അത്രയേ ഉള്ളൂ. ജൈവ ലോകത്തെ സംബന്ധിച്ചിടത്തോളം മനുഷ്യന്റെ സവിശേഷ ബുദ്ധിക്ക് സിംഹത്തിന്റെ ജടയുടെ പ്രാധാന്യമേ ഉള്ളൂ. സിംഹത്തിനോട് ചോദിച്ചാല്‍ ജടയാണ് ലോകത്തിലെ ഏറ്റവും മഹത്തരമായ കാര്യം എന്ന് പറയും. ഞണ്ടിനോട് ചോദിച്ചാല്‍ അതിന്റെ ഇറുക്കുന്ന കൈയ്യാണ് ലോകത്തിൽ ഏറ്റവും മഹത്തരം എന്ന് പറയും.
പരിണാമം ഉദാഹരണങ്ങളിലൂടെ…
പരിണാമത്തെ വേറൊരു ആംഗിളില്‍ കാണാന്‍ നല്ലൊരു ഉദാഹരണം പറയാം. നിങ്ങള്‍ ഒരു ബസ്സ് സ്റ്റാന്‍ഡില്‍ ഒരു ദൂരയാത്രക്ക് നില്കൂന്നു. ബസ്സ് കാലിയാണ്. നിങ്ങള്‍ ഏതു സീറ്റില്‍ ഇരിക്കും? തീര്‍ച്ചയായും വെയിലേല്‍ക്കാത്ത, ബസ്സിന്റെ നടുവിൽ കുലുക്കം കുറവുള്ള, കീറിപ്പറിയാത്ത നല്ലൊരു സൈഡ് സീറ്റില്‍. അല്ലെ? തുടര്‍ന്ന് കേറുന്നവരും നല്ല സീറ്റുകള്‍ കൈവശപ്പെടുത്തും. ബസ്സ് നിറയാന്‍ തുടങ്ങുമ്പോള്‍ ബസ്സിന്റെ പിന്‍ടയറിനു മുകളിലുള്ള സീറ്റ്, പുറകിലെ നീണ്ട സീറ്റ്, ഇവയിലൊക്കെ ആള്‍ വരും. ഏറ്റവും അവസാനം ആളിരിക്കുന്നത് പുറകിലെ നീണ്ട സീറ്റില്‍ ഏറ്റവും നടുവിലായിരിക്കും. ഇരിക്കാന്‍ ഏറ്റവും അസൌകര്യമുള്ള, ബസ്സ് ബ്രേക്കിട്ടാല്‍ വീഴാനൊക്കെ സാധ്യതയുള്ള സീറ്റ്. ആ സീറ്റ് അയാളിഷ്ടപ്രകാരം തിരഞ്ഞെടുത്തതല്ല. അയാള്‍ അവസാനം വന്നതുകൊണ്ട് നിവര്‍ത്തിയില്ലാതെ അവിടെ ഇരിക്കുന്നതാണ്. അതുപോലെയാണ് മനുഷ്യന്റെ കാര്യം. മനുഷ്യന്‍ വരുമ്പോഴേക്കും നല്ല സീറ്റുകള്‍ മറ്റു ജീവികള്‍ കൈവശപ്പെടുത്തികഴിഞ്ഞിരിക്കുന്നു. അങ്ങനെ
പരിണാമത്തിന്റെ അവസാനം വന്ന നമ്മള്‍ക്ക് കിട്ടിയ മോശം സീറ്റാണ് സത്യത്തിൽ ഈ വലിയ തലച്ചോര്‍. ആ സീറ്റ് കിട്ടിയവന്‍ അതാണ് ഏറ്റവും നല്ല സീറ്റ് എന്നു വാദിച്ചാലോ? വലിയ തലച്ചോര്‍ സത്യത്തില്‍ വലിയൊരു ബാധ്യതയാണ്. നമ്മുടെ ഭക്ഷണത്തിന്റെ ഇരുപതു ശതമാനവും വെറും രണ്ടു ശതമാനം മാത്രമുല്ല തലച്ചോറിനു വേണ്ടിയാണ്. നമുക്ക് പക്ഷേ അതില്ലാതെ പറ്റുന്നില്ല. മറ്റു ജീവികള്‍ക്ക് അതില്ലാതെ തന്നെ സുഖമായി ജീവിക്കാന്‍ സാധിക്കുന്നുണ്ട്. ജീനുകള്‍ അടുത്ത തലമുറയിലേക്കു കൈമാറാന്‍ വലിയ തലച്ചോറൊന്നും വേണ്ട. ഇന്നുവരെ ജീവിച്ചു മരിച്ച 99.9999999999999999999…….% ജീവജാതികളും തെളിയിക്കുന്നത് അതാണ്. നമുക്ക് നിവര്‍ത്തിയില്ലാതെ കൊണ്ടുനടക്കേണ്ടി വരുന്ന ഒന്നാണ് വലിയ മസ്തിഷ്കം. ലോകത്തുള്ള മനുഷ്യരെല്ലാം പെട്ടന്നൊരു ദിവസം അപ്രത്യക്ഷരായി എന്ന് കരുതുക. ഇനിയൊരിക്കലും മനുഷ്യനോളം സവിശേഷബുദ്ധിയുള്ള ഒരു ജീവി പരിണമിച്ച് ഉണ്ടാകണമെന്നില്ല. ഈ ആംഗിളില്‍ നിന്ന് നോക്കിയാല്‍ പരിണാമ യാത്രയില്‍ പങ്കെടുക്കാന്‍ ആദ്യം വന്ന അമീബക്കും മറ്റും എന്തു നല്ല സീറ്റാണ് കിട്ടിയത് എന്നു മനസ്സിലാകും.
ഇനി വേറൊരു ഉപമയിലൂടെ പരിണാമം അവതരിപ്പിക്കുകയാണ്. ഇയ്യാള്‍ എന്താണ് പറഞ്ഞോണ്ട് വരുന്നത് എന്ന് തോന്നാം. വിഷയവുമായി ബന്ധമില്ല എന്ന് തോന്നാം. എന്നാലും ശ്രദ്ധിച്ചു മനസ്സിലാക്കുക. ബന്ധം ഒടുവില്‍ മനസ്സിലാകും.
കന്യാകുമാരി മുതല്‍ മംഗലാപുരം വരെ നീളുന്ന ഒരു മനുഷ്യചങ്ങല സങ്കല്‍പ്പിക്കുക. ആളുകള്‍ ഇങ്ങനെ കൈ കോര്‍ത്ത് നിരന്നു നില്‍ക്കുകയാണ്. ഓരോരുത്തരും അവരടെ അവരുടെ ഇടത്തും, വലത്തും നില്‍ക്കുന്നവരുമായി കുശലം പറയുന്നു. മംഗലാപുരത്ത് നില്‍ക്കുന്ന ആദ്യത്തെ ആള്‍ കന്നഡ ഭാഷയില്‍ രണ്ടാമനോട് കുശലം ചോദിക്കുന്നു. അയാള്‍ മൂന്നാമനോട് കുശലം ചോദിക്കുന്നു. അങ്ങനെ. അങ്ങനെ സംസാരിച്ച് പോകും തോറും ഇവരുടെ ഭാഷ മാറി വരുന്നതായി കാണാം. കാസര്‍ഗോഡിനോട് അടുക്കുമ്പോള്‍ ഉച്ചാരണം മാറും, കന്നടത്തിലെ ചില വാക്കുകള്‍ക്കു പകരം മലയാളത്തിലെ ചില വാക്കുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. വീണ്ടും അവിടന്ന് കണ്ണൂരോ, കോഴിക്കോടോ ഒക്കെ എത്തുമ്പോള്‍ കന്നഡ മിക്കവാറും അപ്രത്യക്ഷമായിട്ടുണ്ടാകും. മിക്കവാറും എല്ലാ വാക്കുകളും മലയാളമായി മാറിയിരിക്കും. വാക്കുകളുടെ ഉച്ചാരണവും വാക്കുകളുടെ അര്‍ത്ഥങ്ങളും മാറി യിരിക്കും. അങ്ങനെ മലപ്പുറം ഭാഷ,തൃശൂര്‍ ഭാഷ, പിന്നെ എറണാകുളം, കോട്ടയം ഒക്കെ കടന്നു ഉച്ചാരണ ഭേദങ്ങളും, അർത്ഥ ഭേദങ്ങളും കേട്ട് തിരുവനന്തപുരം എത്താറാകുമ്പോള്‍ അതുവരെ കേള്‍ക്കാത്ത പുതിയ ചില വാക്കുകളും ഉച്ചാരണവും കേട്ടു തുടങ്ങും. തമിഴ് ഭാഷയുടെ. അങ്ങനെ തിരുവനതപുരവും കടന്നു കന്യാകുമാരി എത്തുമ്പോള്‍ മലയാളം മിക്കവാറും അപ്രത്യക്ഷമായി അവര്‍ പരസ്പരം സംസാരിക്കുന്ന ഭാഷ തമിഴ് ആയി മാറിയിരിക്കും.
ഇവിടെ ഓരോരുത്തര്‍ക്കും അവരുടെ തൊട്ട് അടുത്തുള്ള ആളുകള്‍ പറയുന്നത് മനസ്സിലാക്കാന്‍ ഒരു പ്രയാസവും ഉണ്ടാകില്ല എന്നു ശ്രദ്ധിക്കുക. മംഗലാപുരം കാരന് അടുത്തുള്ള ആളുകള്‍ പറയുന്നത് മുഴുവന്‍ മനസ്സിലാകും. എന്നാല്‍ അയാള്‍ കാസര്‍കോഡോ, കണ്ണൂരോ എത്തിയാല്‍ അവര്‍ക്ക് പരസ്പരം പറയുന്നത് തിരിയാതായി തുടങ്ങും. മലപ്പുറംകാരനോ, തൃശ്ശൂര്‍കാരണോ പറയുന്നത് ഒരക്ഷരം മംഗലാപുരംകാരന് മനസ്സിലാകില്ല. നേരെ തിരിച്ചും. അതുപോലെ തന്നെ കന്യാകുമാരിയിലെ തമിഴനും. എല്ലാവര്‍ക്കും അടുത്തുള്ളവര്‍ പറയുന്നത് തിരിയുമെങ്കിലും കൂടുതല്‍ ദൂരേക്ക് പോകും തോറും അവരുടെ ഭാഷയും, സംസാരശലിയും പരസ്പരം മനസ്സിലാകുന്നില്ല എന്ന് ബോധ്യപ്പെടും.
ഇനി നമുക്ക് പരിണാമത്തിന്റെ വിശദീകരണത്തിലേക്ക് വരാം. ഇവിടെ നമ്മള്‍ മൂന്ന് വ്യത്യസ്ത ഭാഷകള്‍ കണ്ടു. കന്നഡ, മലയാളം, തമിഴ്. ഇതില്‍ ഒരു ഭാഷ അവസാനിച്ചത് ഏത് ആളിലാണ് പുതിയ ഭാഷ തുടങ്ങിയത് ഏത് ആളിലാണ് എന്നൊന്നും വ്യക്തമല്ല. വളരെ അവ്യക്തമായ ഒരു അതിർത്തി നിര്ണയിക്കാനേ കഴിയൂ. എല്ലാവര്‍ക്കും അവരുടെ അടുത്തുള്ളവര്‍ പറയുന്നത് മനസ്സിലാകുമെങ്കിലും ദൂരം കൂടും തോറും ഭാഷ വ്യത്യസ്തമാകുന്നു. ഈ മൂന്നു ഭാഷകളെയും ബന്ധിപ്പിക്കുന്ന ഒരു ചങ്ങല കണ്ണി മുറിയാതെ ഉണ്ടെങ്കിലും, മൂന്നും വ്യത്യസ്ത ഭാഷകളായാണ് നമ്മൾ കരുതുന്നത്. പരസ്പരം മനസ്സിലാക്കാന്‍ ആകില്ല. ഈ മൂന്ന് ഭാഷകള്‍ മൂന്നു സ്പീഷീസുകളായി കരുതുക. ഒരു സ്പീഷീസ് എവിടെ വച്ചാണ് മറ്റൊരു സ്പീഷീസ് ആകുന്നതു എന്ന് പറയാനാകില്ല. എന്നാല്‍ വ്യത്യസ്ത സ്പീഷീസുകള്‍ ഉണ്ട് താനും. അതുപോലെ തന്നെയാണ് പരിണാമവും.
ഭാഷകളെപ്പോലെ തന്നെ ജീവജാലങ്ങളിലെ സ്പീഷീസുകള്‍ തമ്മിലും അങ്ങനെ വ്യക്തമായ അതിര്‍ത്തി ഒന്നുമില്ല. ഒരു കന്നഡിഗനും, മലയാളിക്കും, തമിഴനും ഇപ്പോള്‍ പരസ്പരം സംസാരിക്കാനാകില്ലെങ്കിലും ഇവരെ മൂന്നു പേരെയും ബന്ധിപ്പിക്കുന്ന ആയിരക്കണക്കിന് ആളുകളുണ്ട്, അവര്‍ക്കൊക്കെ പരസ്പരം സംസാരിക്കാന്‍ പറ്റും, ജൈവ പരിണാമവും അത്രയേ ചെയ്യുന്നുള്ളൂ. കുരങ്ങനും, മനുഷ്യനും വ്യത്യസ്ത ജീവികളാണ് എന്ന് നമുക്കറിയാം. എന്നാലും ഇവര്‍ തമ്മില്‍ (ശരിക്കും പറഞ്ഞാല്‍ എല്ലാ ജീവികളും തമ്മില്‍ ) കണ്ണി മുറിയാത്ത ഒരു ചങ്ങലയാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നാണ് പരിണാമ സിദ്ധാന്തം പറയുന്നത്. അതായത് കുരങ്ങന്‍ ഒറ്റയടിക്ക് മനുഷ്യനാകുകയല്ല ചെയ്യുന്നത്. കന്നഡ ഒറ്റയടിക്ക് മലയാളം ആകാത്ത പോലെ. മലയാളം ഒറ്റയടിക്ക് തമിഴ് ആകാത്ത പോലെ. ഇവരുടെ ഇടയില്‍ ഇതേ ഭാഷകളുടെ തീരെ ചെറിയ എന്ന് പറയാവുന്ന വകഭേദങ്ങള്‍ സംസാരിക്കുന്ന നമ്മള്‍ കാണാത്ത ധാരാളം ആളുകളുണ്ട്. ജൈവ പരിണാമത്തിലെ ഈ ചങ്ങലയിലെ ആ കണ്ണികള്‍ പക്ഷെ ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരല്ല, മറിച്ച്കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന പൂര്‍വ്വികാരാണ് എന്നതാണ് വ്യത്യാസം.
ഭൂതകാലത്തിലേക്ക് ഒരു ചങ്ങല
ഇനി ഇത് ഒന്നുകൂടി മനസ്സിലാകാന്‍ വേറൊരു ഉപമ കൂടി പറയാം. വീണ്ടും ഒരു മനുഷ്യചങ്ങലയുടെ ഉപമ തന്നെയാണ്. ഇത്തവണ ചങ്ങല നമ്മുടെ ഭൂതകാലത്തിലേക്ക് നീളുന്നതാണ്. ഈ ചങ്ങലയില്‍ നിങ്ങള്‍, നിങ്ങളുടെ അച്ഛന്‍, മുത്തച്ചന്‍, അദ്ദേഹത്തിന്റെ അച്ഛന്‍ അങ്ങനെ മുന്‍തലമുറയിലെ ആളുകള്‍ ഒരു രണ്ടായിരം വര്‍ഷം പുറകിലേക്ക് നീളുന്നതായി സങ്കല്‍പ്പിക്കുക. നൂറു വര്‍ഷം കൊണ്ട് അഞ്ചു തലമുറ ഉണ്ടാകും എന്ന് കണക്കാക്കിയാല്‍ ഏകദേശം നൂറ് തലമുറയിലെ മൂത്താപ്പമാര്‍ അങ്ങനെ നിരന്നു നില്‍ക്കുകയാണ്. നേരത്തെ കണ്ട ചങ്ങലയിലെപ്പോലെ ഇവിടെയും നിങ്ങള്‍ക്ക് നിങ്ങളുടെ അച്ഛനോടും, മുത്തച്ചനോടും ഒക്കെ മലയാളത്തില്‍ സംസാരിക്കാന്‍ കഴിയും. എന്നാല്‍ ആ അവസാനത്തെ മൂത്താപ്പ സംസാരിക്കുന്ന ഭാഷ എന്തായിരിക്കും? രണ്ടായിരം വര്‍ഷം എന്ന് പറയുമ്പോള്‍ സംഘ കാലഘട്ടമാണ്. പണ്ട് പള്ളിക്കൂടത്തില്‍ പഠിച്ചിട്ടുള്ള അകനാനൂറ്, പുറനാനൂറ് മുതലായ കൃതികളിലെ ഭാഷ.
ഈ വരി ഒന്ന് വായിച്ചു നോക്കിക്കെ. “ഒരു കുടിപ്പിറന്ത പല്ലോരുള്ളും മൂത്തവന് വരുക എന്നാതു അവരുള് അറിവുടൈയോനാറു അരചുഞ്ചെല്ലും”. വല്ലതും മനസ്സിലായോ? എന്നാല്‍ ഈ ഭാഷ സംസാരിച്ചിരുന്ന ആ മൂത്താപ്പയുടെ മകന് ഇത് മനസ്സിലാകും. അദ്ദേഹത്തിന്റെ മകനും. അവിടന്ന് ഇങ്ങോട്ട് വരും തോറും ഈ ഭാഷ പതുക്കെ മാറിത്തുടങ്ങും. വഴിയില്‍ എവിടേയോ വച്ച് ആ ഭാഷ മലയാളം എന്ന പേര്‍ സ്വീകരിക്കും. കൃത്യമായി ഏത് ആള്‍ മുതലാണ് ആ പഴയ തമിഴ് മാറി മലയാളമായത് എന്ന് പറയാനാകില്ല. അതായത് ആ ഭാഷ സംസാരിച്ചിരുന്ന ഒരു മൂത്താപ്പയും മലയാളം സംസാരിക്കുന്ന നിങ്ങളും തമ്മില്‍ കണ്ണി മുറിയാത്ത ഒരു ചങ്ങല ഉണ്ടെങ്കിലും നിങ്ങള്‍ക്കും ആ മൂത്താപ്പക്കും പരസ്പരം സംസാരിക്കാനാകില്ല. ഭാഷ ആകെ മാറിപ്പോയിരിക്കുന്നു. ഇവിടെ ആ പഴയ തമിഴും, മലയാളവും രണ്ട് വ്യത്യസ്ത ജീവിവര്‍ഗ്ഗങ്ങള്‍ പോലെയാണ്. രണ്ടിനെയും ബന്ധിപ്പിക്കുന്ന കണ്ണികള്‍ ഇടമുറിയാതെ ഉണ്ടെങ്കിലും രണ്ടും തമ്മില്‍ ഇപ്പോള്‍ ഒരു ബന്ധവുമില്ല. പരസ്പരം ബന്ധപ്പെടാന്‍ പറ്റുന്നില്ല.
സ്പീഷീസുകൾ ഉണ്ടാകുന്നത്
ഇനി സ്പീഷീസുകൾ എങ്ങിനെയാണ് ഉണ്ടാകുന്നതെന്നു നോക്കാം. ഈ മൂത്താപ്പക്ക് രണ്ട് മക്കളുണ്ട് എന്ന് കരുതുക. ഒരു അനിയന്‍ ബാവയും, ചേട്ടന്‍ ബാവയും. ഇതില്‍ അനിയന്‍ ബാവ ഇവിടെ നമ്മുടെ കേരളത്തിൽ തന്നെയാണ്. ചേട്ടന്‍ ബാവ നാടുവിട്ട് ദൂരെ വല്ല മധുരയിലോ മറ്റോ താമസിക്കുന്നു എന്ന് കരുതുക. ഇനി ഇവരും ഇവരുടെ താവഴികളും തമ്മില്‍ ഒരിക്കലും ബന്ധപ്പെടുന്നില്ല എന്ന് കരുതുക. നിങ്ങള്‍ അനിയന്‍ ബാവയുടെ താവഴിയില്‍ പെട്ട ആളാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്കു ശേഷം നിങ്ങള്‍ സംസാരിക്കുന്ന ഭാഷയും, ചേട്ടന്‍ബാവയുടെ താവഴിയില്‍ ഇപ്പോളുള്ള നിങ്ങളുടെ സഹോദരനും സംസാരിക്കുന്നത് ഒരേ ഭാഷയായിരിക്കുമോ? നിങ്ങള്‍ക്ക് പരസ്പരം മനസ്സിലാക്കാന്‍ കഴിയുമോ? ഇല്ല എന്ന് വ്യക്തമാണ്. എന്നാല്‍ നിങ്ങള്‍ രണ്ടു പേരെയും ബന്ധിപ്പിച്ചു കൊണ്ട് ഇട മുറിയാത്ത ഒരു ചങ്ങലയുണ്ട്. പുറകോട്ടു പോയി അനിയന്‍ ബാവ, പഴയ മൂത്താപ്പ വഴി ചേട്ടന്‍ ബാവ വഴി മുന്നോട്ടു വന്ന് മധുരയിലെ നിങ്ങളുടെ ആ അകന്ന സഹോദരനില്‍ എത്തുന്ന ഒരു മനുഷ്യചങ്ങല സങ്കല്പിക്കാം. ഇവര്‍ക്കെല്ലാം അവരുടെ അടുത്ത് നില്‍ക്കുന്ന അവരുടെ തലമുറകളുമായി പരസ്പരം സംസാരിക്കാന്‍ പറ്റും. എന്നാല്‍ നിങ്ങള്‍ക്കും, ആ സഹോദരനും സംസാരിക്കാന്‍ പറ്റില്ല. നിങ്ങള്‍ സംസാരിക്കുന്ന ഭാഷ മലയാളമാണ്. ആ സഹോദരന്‍ സംസാരിക്കുന്ന ഭാഷ തമിഴും. എങ്കിലും നിങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന, പഴയ തമിഴ് സംസാരിച്ചിരുന്ന ഒരു മൂത്താപ്പയുണ്ട്. മലയാളവും തമിഴും രണ്ട് വ്യത്യസ്ത ഭാഷകളാണെങ്കിലും അവയെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു ഭാഷയുണ്ട്. മലയാളത്തിന്റെയും തമിഴിന്റെയും പൊതു പൂര്‍വ്വികനായ ആ പഴയ തമിഴ് എന്നു പറയാം. തമിഴില്‍ നിന്നല്ല മലയാളം ഉണ്ടായത്. പക്ഷേ രണ്ടിനെയും ബന്ധിപ്പിച്ചുകൊണ്ട് ഇന്ന് ഇല്ലാത്ത ആ ഒരു ഭാഷ ഉണ്ടായിരുന്നു.
മലയാളവും, തമിഴും പോലെയാണ് മനുഷ്യനും, ചിമ്പാന്‍സിയും. തമിഴില്‍ നിന്നല്ല മലയാളം ഉണ്ടായത് എന്ന പോലെ ചിമ്പാന്‍സിയില്‍ നിന്നല്ല മനുഷ്യന്‍ ഉണ്ടായത്. അതല്ല പരിണാമ സിദ്ധാന്തം പറയുന്നത്. ഇപ്പോളുള്ള ചിമ്പാന്‍സിയും, മനുഷ്യനും തമ്മില്‍ ബന്ധമൊന്നും ഇല്ലെങ്കിലും മനുഷ്യനെയും, ചിമ്പാന്‍സിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു മൂത്താപ്പ പണ്ട് ഉണ്ടായിരുന്നു എന്നാണ് പരിണാമ സിദ്ധാന്തം പറയുന്നത്. ഒരു സിനിമയില്‍ സുരാജ് വെഞ്ഞാറമൂട് പറയുന്നപോലെ ഈ മൂത്താപ്പയെ നമ്മള്‍ കണ്ടിട്ടില്ലെങ്കിലും അങ്ങനെ ഒരു പ്രസ്ഥാനം ഉണ്ടായിരുന്നു എന്ന് ഉറപ്പല്ലേ?
കുരങ്ങന്റെ മക്കളാണ് മനുഷ്യര്‍ എന്നല്ല പരിണാമസിദ്ധാന്തം പറയുന്നത്. കുരങ്ങനും, മനുഷ്യനും പണ്ടെങ്ങോ ജീവിച്ചിരുന്ന ആ മൂത്താപ്പ വഴി സഹോദരന്റെ മക്കളാണ് എന്നാണ്. കുരങ്ങനും മനുഷ്യനും തമ്മില്‍ പിതാ പുത്ര ബന്ധമല്ല ഉള്ളത്. സഹോദര ബന്ധമാണ്. ശരിക്കും പറഞ്ഞാല്‍ കസിന്‍സ്.
മനുഷ്യന്‍ കുരങ്ങില്‍ നിന്നല്ല ഉണ്ടായതെങ്കിലും ആ പൊതു പൂര്‍വ്വികനെ കുരങ്ങ് എന്ന് വിളിച്ചുകൂടെ എന്ന് ചോദിക്കാം. എന്നാല്‍ മനുഷ്യന്റെയും ചിമ്പാന്‍സിയുടെയും പൊതു പൂര്‍വ്വികനായ ആ മൂത്താപ്പയെ കുരങ്ങ് എന്ന് വിളിക്കാനാകില്ല. ആ മൂത്താപ്പ എത്രത്തോളം കുരങ്ങാണോ അത്രത്തോളം തന്നെ മനുഷ്യനുമാണ്. രണ്ടു പേരിലേക്കും ഉള്ളത് തുല്യ ദൂരമാണ്. കുരങ്ങിനോട് ചോദിച്ചാല്‍ അവരുടെ പൊതു പൂര്‍വ്വികന്‍ മനുഷ്യനായിരുന്നു എന്ന് അവര്‍ പറയും. അത്രയേ ഉള്ളൂ ഇതൊക്കെ.
ഇനി മനുഷ്യന്റെയും ചിമ്പാന്‍സിയുടെയും പൊതു പൂര്‍വ്വികനായ ആ മൂത്താപ്പ എന്നാണ് ജീവിച്ചിരുന്നത് എന്ന് നോക്കാം. ആ മനുഷ്യച്ചങ്ങലയില്‍ പക്ഷേ നൂറോ, ആയിരമോ ആളുകളൊന്നും അല്ല ഉള്ളത്. ആ മൂത്താപ്പയെ കാണണമെങ്കില്‍ എഴുപതു ലക്ഷം വര്‍ഷം പുറകോട്ടു പോകണം. നൂറു വര്‍ഷം കൊണ്ട് അഞ്ചു തലമുറ ഉണ്ടാകും എന്ന് കണക്കാക്കിയാല്‍ ഈ ചങ്ങലയില്‍ ഏകദേശം മൂന്നര കോടി ആളുകള്‍ ഉണ്ടാകും. അത്ര വലിയ മനുഷ്യ ചങ്ങല സങ്കല്‍പ്പിക്കാന്‍ തന്നെ ബുദ്ധിമുട്ടായത് കൊണ്ട് നമുക്ക് അവരുടെ ഫോട്ടോകള്‍ അടുക്കി വയ്ക്കുന്നതായി സങ്കല്‍പ്പിക്കാം. നിങ്ങളുടെ ഒരു ഫോട്ടോ സംഘടിപ്പിയ്‌ക്കുക. അതിന്റെ പുറകില്‍ പിതാവിന്റെ ഫോട്ടോ. അതിന്റെയും പുറകില്‍ നിങ്ങളുടെ മുത്തച്ഛന്റെ ഫോട്ടോ. അങ്ങനെയങ്ങനെ നിങ്ങളുടെ മുതുമുത്തച്ഛന്റെയും മുതുമുതുമുത്തച്ഛന്മാരുടേയും ഫോട്ടോകള്‍… ഈ വരിയുടെ അവസാനം ഇന്നത്തെ മനുഷ്യന്റെയും, ചിമ്പാൻസിയുടെയും പൊതു പൂര്‍വ്വികനായ ആ മൂത്താപ്പ. ഇതിന് എത്ര നീളമുണ്ടാകും എന്നാണ് നിങ്ങള്‍ കരുതുന്നത്? ഒരു ഫോട്ടോക്ക് ഒരു മില്ലിമീറ്റര്‍ കനം എന്ന് കരുതിയാല്‍ ഈ ഫോട്ടോ ചങ്ങലക്ക് ഏതാണ്ട് അഞ്ച് കിലോമീറ്ററോളം നീളമുണ്ടാകും. അവിടന്നും പുറകോട്ടു പോയാൽ മനുഷ്യന്റെയും, പ്രിമേറ്റുകളുടെയും മൂത്താപ്പയെ കാണാം. പിന്നെയും പുറകോട്ടു പോയാൽ സസ്തനികളുടെയും നമ്മുടെയും പൊതുവായ ആ മൂത്താപ്പയെ കാണാം. അങ്ങനെ ഇവിടന്ന് നടന്ന് വല്ല ഗോവ വരെയെങ്കിലും എത്തേണ്ടിവരും നമ്മുടെ ആദിമ മൂത്താപ്പയായിരുന്ന ഏകകോശ ജീവിയെ കാണാന്‍.
പരിണാമം സർവത്രിക നിയമം
പരിണാമ സിദ്ധാന്തം ജൈവ ലോകത്തെ മാത്രം ബാധിക്കുന്ന സിദ്ധാന്തമല്ല. അതൊരു സാര്‍വ്വത്രിക നിയമമാണ്. ഗുരുത്വാകര്‍ഷണ സിദ്ധാന്തം ആപ്പിള്‍ താഴേക്ക് വീഴുന്നത് മാത്രം വിശദീകരിക്കുന്ന സിദ്ധാന്തമാണ് എന്നു പറയുന്നത്ര മണ്ടത്തരമാണ് പരിണാമ സിദ്ധാന്തം മനുഷ്യ പരിണാമം വിശദീകരിക്കുന്ന സിദ്ധാന്തമാണ് എന്ന് പറയുന്നത്. അത് അതിനെക്കാളൊക്കെ വിശാലമായ സാധ്യതകളുള്ള ഒന്നാണ്. ആപ്പിള്‍ താഴേക്ക് വീഴുന്ന സിദ്ധാന്തം ഉപയോഗിച്ച് തന്നെയാണ് ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്ന പ്രതിഭാസവും വിശദീകരിക്കുന്നത്. ആപ്പിള്‍ തലയില്‍ വീഴുന്ന അതേ തത്വം തന്നെയാണ് കോടാനുകോടി പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള ഒരു നക്ഷത്രത്തിനു ചുറ്റും അതിന്റെ ഒരു ഗ്രഹം കറങ്ങുന്നത് വിശദീകരിക്കാനും ഉപയോഗിക്കുന്നത്.
പരിണാമ സിദ്ധാന്തം ഒരു സാര്‍വ്വത്രിക നിയമമാണ്. “Substrate neutral” എന്ന് പറയും. അതായത് ഒരു പ്രത്യേക ഇടത്തു മാത്രം പ്രഭാവമുള്ള ഒരു സിദ്ധാന്തമല്ല അത്. ചില പ്രത്യേക സാഹചര്യങ്ങള്‍ ഒത്തു വരുന്ന എല്ലായിടത്തും അതിന് പ്രഭാവമുണ്ടാകും. ഡാനിയല്‍ ഡെന്നറ്റ് എന്ന തത്വചിന്തകന്‍ പരിണാമ സിദ്ധാന്തത്തെ “Universal acid” എന്നാണു വിശേഷിപ്പിക്കുന്നത്. തൊടുന്നതെല്ലാം ദ്രവിപ്പിക്കുന്ന, അത് വച്ചിരിക്കുന്ന കുപ്പി പോലും ദ്രവിപ്പിക്കുന്ന ആസിഡ്.
”Did you ever hear about universal acid?…..Universal acid is a liquid so corrosive that it will eat through anything!…. Darwin’s idea bear an unmistakable likeness to universal acid:it eats through just about every traditional concept,and leaves in its wake a revolutionized world view,with most of the old landmarks still recognizable,but transformed in fundamental ways.
Darwin’s idea had been born as an answer to questions in biology,but it threatened to leak out,offering answers-welcome or not-to questions in cosmology(going in one direction) and psychology (going in the other direction)” DANIEL DENNET-Darwin’s Dangerous Idea
നൂറു ശതമാനം കൃത്യതയില്ലാതെ പകര്‍പ്പുകള്‍ ഉണ്ടാകുന്ന എവിടെയും ഡാര്‍വിന്റെ സിദ്ധാന്തം പ്രബലമാണ്. Anywhere there is imperfect copying and subsequent differential survival among the variants as a consequence of this,Darwin’s theory rules. മൂന്നേ മൂന്ന് കണ്ടീഷന്‍സ് മാത്രം. (1)പകര്‍പ്പുകള്‍ ഉണ്ടാകണം. (2) ആ പകര്‍പ്പുകള്‍ തമ്മില്‍ ചെറിയ വ്യത്യാസങ്ങള്‍ വേണം (mutation), (3) അതിന്റെ ഫലമായി പകര്‍പ്പുകളുടെ അതിജീവനസാധ്യതയില്‍ വ്യത്യാസം ഉണ്ടാകണം. എങ്കില്‍ അവിടെ ഡാര്‍വിന്റെ സിദ്ധാന്തം പ്രവര്‍ത്തിച്ചിരിക്കും.
മനുഷ്യന്റെ ഒരു പ്രത്യേകതയാണ് എന്തിനും ഏതിനും പേരിടുക എന്നത്. ഒരാളോട് ഒരു കാര്യം പറയാന്‍ എളുപ്പമാണ് എന്നത് ഒരു ഗുണമാണ് എങ്കിലും ഒരു പേരിടുന്നതോടെ ആ വസ്തു സ്വന്തമായി നിലനില്‍ക്കുന്ന ഒന്നാണ് എന്നൊരു ധാരണ ഉണ്ടാകുന്നു. It makes us think it is a discrete thing, something which we can study and marvel at in isolation. “മനുഷ്യന്‍”, “കുരങ്ങ്” എന്നിങ്ങനെ പേരിടുന്നതോടെ അത് രണ്ടും പരസ്പരം ബന്ധമില്ലാത്ത രണ്ട് സാധനങ്ങളാണ് എന്ന ധാരണ ഉണ്ടാകുന്നു. If we confuse the convenience of naming with the reality , we end up in deep trouble. Because evolution does not give a crap what we call ourselves or another one monkey.
കാര്യം പരമാവധി ലളിതമാക്കുക എന്ന ഉദ്ദേശത്തില്‍ ഞാന്‍ മനുഷ്യന്റെയും ചിമ്പാന്‍സിയുടെയും പൊതു പൂര്‍വ്വികന്‍ എന്ന് പറയാവുന്ന മൂത്താപ്പ (മൂത്താപ്പമാര്‍) യെക്കുറിച്ചാണ് പറഞ്ഞത്. ഈ രണ്ടു താവഴികളും ഇപ്പോള്‍ ഉണ്ട് എന്ന് വ്യക്തമാണ്. (ചിമ്പാന്‍സികൾ അതിനിടയില്‍ രണ്ടു താവഴികളായി പിരിഞ്ഞിട്ടുണ്ട്. അതായത് രണ്ടു തരം ചിമ്പാന്‍സികള്‍ ഇന്ന് ലോകത്ത് ജീവിച്ചിരിപ്പുണ്ട്. മനുഷ്യന് ഒരു താവഴിയും. (അതും പക്ഷെ കണക്കിലെ ഒരു കളിയാണ്. നമ്മൾ നമുക്കു മാത്രമായി സ്വന്തം ജീനസ്സും,സ്പീസീസും സൃഷ്ടിച്ചു. ഹോമോ എന്ന ജീനസ്സിൽ മനുഷ്യനെക്കൂടാതെ ഇന്നു ജീവിച്ചിരിക്കുന്ന മറ്റൊരു ജീവിയേയും കൂട്ടിയിട്ടില്ല. ഹോമോയിൽ കൂട്ടുന്നത് ഫോസ്സിലായിപ്പോയ പൂർവ്വികരെ മാത്രമാണ്. അതുപോലെ മനുഷ്യൻ എന്ന ഒരൊറ്റ സ്പീഷീസും. മനുഷ്യനെ ശരിക്കും ചിമ്പാൻസികളുടെ പാൻ എന്ന ജീനസ്സിൽ പെട്ട മൂന്നാമത്തെ സ്പീഷീസായാണ് കണക്കു കൂട്ടേണ്ടതെന്ന് അഭിപ്രായമുള്ളവരുണ്ട്. അഥവാ ചിമ്പാൻസികൾ ഹോമോ ജീനസ്സിൽ പെട്ട രണ്ടു സ്പീഷീസുകളാണ് എന്നും പറയാം.) ഒരു അന്യഗ്രഹ ജീവി ഭൂമിയിൽ വന്നു ഇവിടെയുള്ള ജീവജാലങ്ങളെ വർഗ്ഗീകരിച്ചാൽ മനുഷ്യരെയും ചാമ്പാൻസികളെയും ഒരേ ജീവികളുടെ വ്യത്യസ്‍ത രൂപങ്ങളായായിരിക്കും പരിഗണിക്കുക.
ഇത്രയും വായിച്ചിട്ടും മനുഷ്യ വര്‍ഗ്ഗം, കുരങ്ങു വര്‍ഗ്ഗം അങ്ങനെ കൃത്യമായി വേര്‍തിരിക്കുന്നതില്‍ വലിയ കഥയില്ലെന്നും, കുറെയൊക്കെ അത് നമ്മള്‍ നമ്മുടെ സൌകര്യത്തിനായി അങ്ങനെ പേരിട്ട് വിഭജിക്കുന്നതാണ് എന്നും മനസ്സിലായില്ലെ?
ജീവന്റെ ഉല്പത്തിയെക്കുറിച്ച് ശാസ്ത്രജ്ഞരുടെ ഇടയില്‍ രണ്ട് വീക്ഷണങ്ങളുണ്ട്. ഒരു വിഭാഗത്തിന്റെ അഭിപ്രായത്തില്‍ ഫിസിക്സിന്റെയും, കെമിസ്ട്രിയുടെയും അടിസ്ഥാന നിയമങ്ങള്‍ പ്രകാരം ജീവന്‍ ഉണ്ടായേ തീരൂ എന്നാണ്. അതായത് ഹൈഡ്രജനും, ഓക്സിജന്‍ കൂടിചേരുമ്പോള്‍ വെള്ളം ഉണ്ടാകുന്നപോലെ സ്വാഭാവികമായ ഒന്നാണ് വളരെ സങ്കീര്‍ണ്ണമായ ചില തന്മാത്രകള്‍ കൂടിചേരുമ്പോള്‍ ജീവന്‍ ഉണ്ടാകുന്നത്. എങ്ങനെയാണ് അത് ഉണ്ടാകുന്നത് എന്നറിയില്ലെങ്കിലും അത് വളരെ സ്വാഭാവികമായി സംഭവിക്കാവുന്നതാണ് എന്ന് ഇവര്‍ കരുതുന്നു. ഈ കെമിക്കല്‍ റിയാക്ഷനുകള്‍ നടക്കാന്‍ അനുയോജ്യമായ മറ്റു ഗ്രഹങ്ങളില്‍ ഒരു ബുദ്ധിമുട്ടും ഇല്ലാതെ ജീവന്‍ ഉണ്ടാകും എന്ന് ഇവര്‍ അനുമാനിക്കുന്നു. രണ്ടാമത്തെ കൂട്ടര്‍ ഈ സങ്കീര്‍ണ്ണമായ തന്മാത്രകള്‍ ഉണ്ടാകാന്‍ ഫിസിക്സിന്റെയും, കെമിസ്ട്രിയുടെയും അടിസ്ഥാന നിയമങ്ങള്‍ മാത്രം പോര, അത്ര സാധാരണമല്ലാത്ത ചില പ്രത്യേക സാഹചര്യങ്ങള്‍ കൂടി ഒത്തു വരണം എന്ന് അഭിപ്രായപ്പെടുന്നവരാണ്. അതായത് കുറച്ചു ഭാഗ്യവും വേണം എന്ന അഭിപ്രായക്കാര്‍. അതുകൊണ്ട് മറ്റു ഗ്രഹങ്ങളില്‍ ജീവന്‍ ഉണ്ടാകാന്‍ അത്ര സാധ്യത ഇല്ല എന്ന് കരുതുന്നവരാണ് ഈ കൂട്ടര്‍. രണ്ടു കൂട്ടരും ഇതില്‍ ദൈവത്തെ കൂട്ടിതൊടുവിക്കുന്നില്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക. ജീവൻ എങ്ങനെ ഉണ്ടായി എന്നാണ് അന്വേഷിക്കേണ്ടത് അല്ലാതെ അതാരുണ്ടാക്കി എന്നല്ല.
പരിണാമ സിദ്ധാന്തം തെളിയിക്കാൻ സാധ്യമല്ല എന്നു കരുതുന്നവരാണ് സൃഷ്ടിവാദികൾ. പക്ഷെ “തെളിയിക്കുക” എന്നതുകൊണ്ട് അവർ എന്താണ് ഉദ്ദേശിക്കുന്നത്? ഓക്സിജനും, ഹൈഡ്രജനും ചേര്‍ന്നാല്‍ വെള്ളമുണ്ടാകും എന്ന് “തെളിയിക്കുന്ന” പോലെയല്ല ഒരു കൊലപാതകം “തെളിയിക്കുന്നത്.” ഓക്സിജനും, ഹൈഡ്രജനും ചേര്‍ന്നാല്‍ വെള്ളമുണ്ടാകും എന്ന് തെളിയിക്കുന്ന രീതിയില്‍ പരിണാമം തെളിയിക്കാനാകില്ല. എന്നാല്‍ കുറെയേറെ തെളിവുകള്‍ നിരത്തി ഇന്നാളല്ലാതെ വേറൊരാളല്ല കൊലപാതകം നടത്തിയത് എന്ന് സ്ഥാപിക്കാനാകുന്നപോലെ ജൈവലോകത്ത് നമ്മള്‍ കാണുന്ന കാര്യങ്ങള്‍ വിശദീകരിക്കാന്‍ പരിണാമം അല്ലാതെ വേറൊരു ചോയ്സ് ഇല്ല എന്ന് വ്യക്തമായി സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.
അപ്പോള്‍ പരിണാമം മനുഷ്യനില്‍ മാത്രം സംഭവിക്കുന്നതല്ല, ജൈവലോകത്ത് മാത്രം സംഭവിക്കുന്നതു പോലുമല്ല എന്ന് മനസ്സിലായിക്കാണുമല്ലോ. നൂറു ശതമാനം കൃത്യതയുള്ള പകര്‍പ്പ് ഇല്ലാത്തിടത്തൊക്കെ പരിണാമം സംഭവിക്കും. ടെഡ്ഡി ബെയര്‍ പാവകളുടെ പരിണാമത്തെക്കുറിച്ച് ഞാന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.
ഭാഷ നൂറു ശതമാനം കൃത്യതയോടെയല്ല അടുത്ത തലമുറയിലേക്ക് കൈമാറുന്നത് (ഉച്ചാരണഭേദം, അര്‍ത്ഥഭേദം, പുതിയ വാക്കുകള്‍ etc) കൊണ്ടാണ് ഭാഷയില്‍ പരിണാമം സംഭവിക്കുന്നത്. അതുപോലെ മാതാപിതാക്കളുടെ തനിപ്പകര്‍പ്പല്ല അവരുടെ സന്താനങ്ങള്‍ എന്നതുകൊണ്ടാണ് ജൈവലോകത്ത് പരിണാമം സംഭവിക്കുന്നത്. ഓരോ തലമുറയിലും ഇങ്ങനെ സംഭവിക്കുന്ന കൃത്യതയിലായ്മയെ ബയോളജിയില്‍ മ്യൂട്ടേഷന്‍ എന്നാണ് വിളിക്കുന്നത്. ഓരോ തലമുറയും മുന്‍ തലമുറയില്‍ നിന്ന് ചെറിയ തോതില്‍ വ്യത്യാസപ്പെട്ടിരിക്കും. ഈ വ്യത്യാസം കാലം ചെല്ലും തോറും കൂടുതല്‍ പ്രകടമായി വരുകയും, കുറെയേറെ കാലം അങ്ങനെ തുടര്‍ന്നാല്‍ (മനുഷ്യന്റെ കാര്യത്തില്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍) അത് അവഗണിക്കാനാകാത്ത വിധം വലിയ വ്യതാസമായി മാറുകയും ചെയ്യും.
ഇതില്‍നിന്നു ഒരു കാര്യം മനസ്സിലാക്കാം. പരിണാമം മനുഷ്യനില്‍ അവസാനിക്കുന്നതല്ല. മനുഷ്യൻ പരിണാമത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണിയാണ് എന്നൊക്കെ കരുതുന്ന ആളുകളുണ്ട്. ഒരു നൂറു തലമുറയ്ക്ക് ശേഷമുള്ള നമ്മുടെ കൊച്ചുമക്കള്‍ പറയുന്ന ഭാഷ നമുക്ക് മനസ്സിലാകില്ല (അവര്‍ക്കും നമുക്കും ഇടയിലുള്ള എല്ലാവര്‍ക്കും പരസ്പരം മനസ്സിലാകുമെങ്കിലും). അന്ന് അവരുടെ ഭാഷ മലയാളം എന്നുപോലുമായിരിക്കില്ല അറിയപ്പെടുന്നത്. ഒന്നോ, രണ്ടോ ലക്ഷം വര്‍ഷം കഴിഞ്ഞ് നമുക്ക് തിരിച്ചു വരാന്‍ കഴിഞ്ഞാല്‍ പരിണാമം സംഭവിച്ച നമ്മുടെ കൊച്ചുമക്കളെ കാണാം. ഇന്നത്തെ നമ്മളുമായി അവര്‍ വളരെ വ്യതാസപ്പെട്ടിരിക്കും എന്ന് ഉറപ്പാണ്. ഇന്നത്തെ മനുഷ്യന്റെ രൂപമായിരിക്കില്ല അന്ന്. ഇപ്പോളുള്ള മനുഷ്യര്‍ പരസ്പരം ബന്ധപ്പെടാതെ പല ഗ്രൂപ്പുകളായി പിരിഞ്ഞാല്‍ ചിലപ്പോള്‍ അന്നത്തേക്ക് നമ്മള്‍ പല സ്പീഷീസുകളായി പിരിഞ്ഞിരിക്കും. ഇന്നത്തെ മനുഷ്യര്‍ അവരുടെ പൊതു പൂര്‍വ്വികന്‍ എന്ന സ്ഥാനത്താകും എന്നര്‍ത്ഥം.
അതൊരു പ്രധാന പൊയന്റാണ്. ഇന്നുള്ള എല്ലാ സ്പീഷീസും ഭാവിയില്‍ വേറെ ഏതെങ്കിലും സ്പീഷീസുകളുടെ പൊതു പൂര്‍വ്വികന്‍ ആയി മാറാം. സൃഷ്ടിവാദികള്‍ എടുത്തു വീശുന്ന തെറ്റിദ്ധാരണാജനകമായ ഒരു വാക്കാണ് missing link. സത്യത്തില്‍ മിസ്സിംഗ് ലിങ്ക് എന്നൊന്നില്ല. ഇതുവരെ ജീവിച്ചു മരിച്ച എല്ലാവരും ആരുടെയെങ്കിലുമൊക്കെ മിസ്സിംഗ് ലിങ്കുകളാണ്.
പ്രകൃതി സ്വാഭാവിക നിര്‍ദ്ധാരണം
പരിണാമം സംഭവിച്ചിട്ടുണ്ട്, സംഭവിക്കുന്നുണ്ട്, സംഭവിക്കും എന്ന് വ്യക്തമായ സ്ഥിതിക്ക് അതിന്റെ മെക്കാനിസം നോക്കാം. നാച്ചുറല്‍ സെലക്ഷന്‍ വഴിയാണ് അത് സംഭവിക്കുന്നത് എന്നാണ് ഡാര്‍വിന്‍ മുന്നോട്ടുവച്ച അഭിപ്രായം. പ്രകൃതിനിര്‍ദ്ധാരണം എന്നാണ് മലയാളത്തില്‍ ഇതിനെ വിവര്‍ത്തനം ചെയ്തിരിക്കുന്നത് എങ്കിലും ശരിക്കും അതിനെ സ്വാഭാവിക നിര്‍ദ്ധാരണം എന്നാണ് വിളിക്കേണ്ടത്. പ്രത്യേക ലക്‌ഷ്യം മുന്നില്‍ കണ്ട് മനുഷ്യന്‍ നടത്തുന്നതാണ് ആര്‍ട്ടിഫിഷ്യല്‍ സെലക്ഷന്‍ അഥവാ കൃത്രിമ നിദ്ധാരണം. അതിന്റെ വിപരീതമായാണ് ഡാര്‍വിന്‍ നാച്ചുറല്‍ സെലക്ഷന്‍ എന്ന് ഉദ്ദേശിച്ചത്. അത് പ്രകൃതിനിര്‍ദ്ധാരണമല്ല. പ്രകൃതി നടത്തുന്ന നിര്‍ദ്ധാരണം അഥവാ തിരഞ്ഞെടുപ്പുമല്ല അത്. ആരുടേയും ഇടപെടല്‍ ഇല്ലാതെ സ്വാഭാവികമായി നടക്കുന്നതാണ് നാച്ചുറല്‍ സെലെക്ഷന്‍. ആരും പ്രത്യേകിച്ച് ഉദ്ദേശിക്കാതെ ഭാഷാ പരിണാമം നടക്കുന്നതുപോലെ ഒരു ശക്തിയുടെയും പിന്‍ബലമില്ലാതെ നടക്കുന്നതാണ് നാച്ചുറല്‍ സെലക്ഷന്‍.
വിശ്വാസികള്‍ക്ക് മനുഷ്യന് സൃഷ്ടാവ് പ്രത്യേകം കല്‍പ്പിച്ചു നല്‍കിയ ഉന്നത സ്ഥാനം പോകുമോ എന്ന ബേജാറാണ്. കാര്യം പറയുമ്പോള്‍ ബേജാറായിട്ടു കാര്യമില്ല. മനുഷ്യന്‍ മറ്റേതു ജീവിയും പോലെതന്നെയാണ്. പ്രപഞ്ചത്തിന്റെ പ്രായം വച്ച് നോക്കിയാല്‍ മനുഷ്യന്റെ കാലഘട്ടം അവഗണിക്കാവുന്നത്ര ചെറുതാണ്. നമ്മുടെ പ്രപഞ്ചത്തിന്റെ പ്രായം വെറും ഒരു വര്‍ഷം മാത്രമാണെന്നു കരുതുക. അതായതു ഒരു ഡിസംബര്‍ മാസം മുപ്പത്തൊന്നാം തിയ്യതി രാത്രി കൃത്യം പന്ത്രണ്ടുമണിക്ക് പ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നു. ഇപ്പോള്‍ സമയം അടുത്തകൊല്ലം ഡിസംബര്‍ മാസം മുപ്പത്തൊന്നാം തിയ്യതി രാത്രി കൃത്യം പന്ത്രണ്ടുമണി. അങ്ങനെയെങ്കില്‍ മനുഷ്യന്‍ ഉണ്ടായിട്ടു വെറും ആറു മിനിട്ടെ ആയിട്ടുള്ളൂ. ദൈവത്തിന്റെ അവസാനത്തെ പ്രവാചകന്‍ വന്നിട്ട് ഒരു സെക്കണ്ട് പോലും ആയിട്ടുണ്ടാകില്ല.
മനുഷ്യന്‍ ഉണ്ടായിട്ട് “വെറും” ഒരു ലക്ഷം വര്‍ഷമേ ആയിട്ടുള്ളൂ. നൂറ്റെണ്‍പതു ലക്ഷം വര്‍ഷങ്ങള്‍ ഭൂമി ഭരിച്ച ദിനോസറുകള്‍ അവശേഷിപ്പിച്ചത് ഏതാനും ഫോസ്സില്‍ അസ്ഥികള്‍ മാത്രമാണ്. വെറും ഒരു ലക്ഷം വര്‍ഷം (കോസ്മിക് കലണ്ടര്‍ പ്രകാരം വെറും ആറു മിനിറ്റ്) മാത്രം പ്രായമുള്ള മനുഷ്യന്‍ പ്രപഞ്ച ചരിത്രത്തിലെ ഒരു നിര്‍ണായക ഘടകമാണെന്ന് തോന്നുണ്ടോ? ഒരു വര്‍ഷത്തെ ഡയറിക്കുറിപ്പില്‍ ആറു മിനിറ്റിന് എന്തുമാത്രം പ്രാധാന്യമുണ്ടാകും? ഒരു സെക്കണ്ട് മുന്‍പ് വന്ന പ്രവാചകനോ?
പരിണാമം സംഭവിക്കുന്നതിന്റെ വേറൊരു ഉപമ പറയാം. പരിണാമം സങ്കല്‍പ്പിക്കാന്‍ നമ്മുടെ മസ്തിഷ്കത്തിനു കഴിവില്ല. (അതിനും കാരണം പരിണാമമാണ്. അത്ര ഭാരിച്ച കാര്യങ്ങൾ മനസ്സിലാക്കേണ്ട രീതിയിലല്ല നമ്മുടെ തലച്ചോർ പരിണമിച്ചത്. ഭക്ഷണം തേടി തലച്ചോർ ഉൾക്കൊള്ളുന്ന ശരീരം പുഷ്ടിപ്പെടുത്തുക. വേറെ ജീവികൾ ഈ ശരീരം ആഹാരമാക്കാതെ നോക്കുക. പറ്റിയ ഒരു ഇണയെ കണ്ടെത്തി ഈ സോഫ്റ്റ്‌വെയർ അടങ്ങുന്ന ജീനുകളുടെ അടുത്ത തലമുറ ഉണ്ടാക്കുക.ഇതിനു വേണ്ട സംവിധാനങ്ങളെ തലച്ചോറിലുള്ളൂ.) അതിനാൽ പരിണാമം മനസ്സിലാകണം എന്ന് ശരിക്കും ആഗ്രഹമുള്ളവര്‍ക്ക് ഇത്തരം ഉപമകള്‍ തന്നെ ശരണം.
എന്റെയൊക്കെ ചെറുപ്പത്തില്‍ പൂമ്പാറ്റ പോലുള്ള ബാല മാസികകളില്‍ ഒരു കളിയുണ്ടാകും. രണ്ട് വാക്കുകള്‍ തന്നിട്ട് ആദ്യത്തെ വാക്കിലെ ഓരോ അക്ഷരങ്ങള്‍ മാത്രം മാറ്റി രണ്ടാമത്തെ വാക്കിലെത്തണം. ഇടയ്ക്കു ഉണ്ടാക്കുന്ന വാക്കുകളും അര്‍ത്ഥമുള്ള വാക്കുകളായിരിക്കണം. വെറും റാന്‍ഡം അക്ഷരങ്ങള്‍ പോര. ഉദാഹരണത്തിന് പട്ടിയെ പൂച്ചയാക്കുക. പട്ടി-പൂട്ടി-പൂച്ച. അങ്ങനെ. അല്ലെങ്കില്‍ പുലിയെ ആനയാക്കുക. പുലി-പുളി-ആളി-ആന. ഇങ്ങനെ ലക്ഷക്കണക്കിന് അര്‍ത്ഥമുള്ള വാക്കുകള്‍ കൊണ്ട് ഒരു വാക്ക് വേറൊരു വാക്ക് ആകുന്നതാണ് പരിണാമം. ഒരു ജീവി വേറൊരു ജീവിയാകുന്നു. ഇടയിലുള്ള ജീവികളും ഈ ലോകത്തുതന്നെ ജീവിച്ച് മരിച്ചു പോകുന്നവരാണ് എന്നതുകൊണ്ടാണ് ഇടയില്‍ ഉണ്ടാകുന്ന വാക്കുകള്‍ക്കും അര്‍ത്ഥമുണ്ടാകണം എന്ന് നിഷ്കര്‍ഷിച്ചത്. പിന്നെ ഈ ഉപമയില്‍ ശ്രദ്ധിക്കേണ്ട കാര്യം അവസാനം ഉണ്ടാകേണ്ട വാക്ക്, അതായത് പരിണമിച്ച് എത്തേണ്ട അവസ്ഥ ജൈവ പരിണാമത്തിൽ മുന്‍കൂട്ടി തീരുമാനിക്കുന്നില്ല എന്നതാണ്. നാച്ചുറല്‍ സെലക്ഷന്‍ എന്ന് പറയുന്നത് അതുകൊണ്ടാണ്. പ്രത്യേക ലക്ഷ്യം ഇല്ലാതെയാണ് അത് മുന്നോട്ടു പോകുന്നത്.(എന്നാല്‍ ആർട്ടിഫിഷ്യൽ സെലക്ഷന്‍ എന്ന കൃത്രിമ നിർദ്ധാരണത്തില്‍ ലക്ഷ്യം മുന്‍കൂട്ടി നിർണ്ണയിക്കപ്പെടുന്നുണ്ട്.
എല്ലാ ജീവികളും വേറെ കുറെ ജീവികള്‍ ചേര്‍ന്നതു തന്നെയാണ് എന്ന് മനസ്സിലാക്കുന്നത്തില്‍ വിജയിച്ചാല്‍ നിങ്ങള്‍ക്ക് പരിണാമം മനസ്സിലായി എന്ന് പറയാം. മനുഷ്യന്‍ 99% ചിമ്പാന്‍സിയാണ്. 90 ശതമാനം ചുണ്ടെലിയാണ്. അമ്പതു ശതമാനം വാഴപ്പഴവുമാണ്. മനുഷ്യനും, വാഴപ്പഴവും, അമ്പതു ശതമാനത്തോളം ജീനുകള്‍ പങ്കിടുന്നുണ്ട് എന്ന് കേള്‍ക്കുമ്പോള്‍ എന്തെങ്കിലും നാണക്കേട് തോന്നുന്നുണ്ടെങ്കില്‍, ഇതൊന്നും ആരും അറിയാതിരിക്കണേ എന്ന് തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ ശരിയായ വിശ്വാസിയാണ്. ലോകം നിങ്ങളെ കടന്നു മുന്നോട്ട് പൊയ്ക്കഴിഞ്ഞു. ഇത് കേള്‍ക്കുമ്പോള്‍ കൌതുകവും കൂടുതലറിയാന്‍ താല്‍പര്യവും തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ ശാസ്ത്രവാദിയാണ്. ഈ നൂറ്റാണ്ടില്‍ ജീവിക്കാന്‍ അര്‍ഹതയുള്ള ആളാണ്.