‘സർവ്വമത പ്രാർത്ഥന’ എന്ന പ്രഹസനം എങ്ങനെയാണ് ‘മതേതര’മാകുന്നത്? സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സിന്റെ പ്രതിജ്ഞ അശാസ്ത്രീയം – സി എസ് സുരാജ്


“ചോദ്യങ്ങൾ ചോദിച്ചും, ഓരോ കാര്യങ്ങളും ശാസ്ത്രീയ മനോഭാവത്തോടു കൂടി ചിന്തിച്ചും മനസ്സിലാക്കേണ്ട കുട്ടികളെ കൊണ്ടാണ് ഇത്തരം സംഘടനകളിലൂടെ, നമ്മുടെ സ്കൂളുകൾ തന്നെ ഏതോ ഒരു അജ്ഞാത ശക്തി എല്ലാത്തിനുമുപരിയായി ഉണ്ടെന്നും, ആ ശക്തിയോട് എല്ലാവർക്കുമൊരു കടമയുണ്ടെന്നും, അത് നിറവേറ്റണമെന്നും പ്രതിജ്ഞയെടുപ്പിക്കുന്നത്… കുട്ടികളുടെ തലച്ചോറിലേക്ക് എങ്ങോ ഒരാമാനുഷിക ശക്തിയുണ്ടെന്നുള്ള തെറ്റായ ബോധം, മറു ചോദ്യങ്ങളൊന്നും തന്നെയില്ലാതെ ആണിയടിപ്പിച്ചുറപ്പിക്കുകയാണ് ചെയ്യുന്നത്..!

ആകാശമാമനുമായി കരാർ ഒപ്പിടുവിക്കുന്ന സംഘടനകൾ!

ഭാരത് സ്കൗട്ട് & ഗൈഡ് എന്ന സംഘടനയുടെ പ്രതിജ്ഞയാണ് ചിത്രത്തിൽ കാണുന്നത്. ബ്രിട്ടീഷ് ആർമി ഉദ്യോഗസ്ഥനായിരുന്ന ബേഡൻ പൗവ്വൽ (Baden-Powell) 1907 ൽ തുടങ്ങി വച്ച ആശയമാണ് ഇന്ന് ലോകത്താകമാനമായി ലക്ഷ കണക്കിന് വളണ്ടിയർമാരുള്ള ഒരു സംഘടനയായി മാറിയിരിക്കുന്നത്. 1909 മുതൽ തന്നെ ബ്രിട്ടീഷ് ഇന്ത്യയിൽ സംഘടനയുടെ പ്രവർത്തനമാരംഭിച്ചിരുന്നു. പിന്നീട് പല വർഷങ്ങളിളായി, ഇന്ത്യയുടെ പലയിടങ്ങളിൽ, പല പേരുകളിൽ പ്രവർത്തിച്ച സ്കൗട്ട് സംഘടനക്ക് ഒരു ഏകീകൃത രൂപം വരുന്നത് 1950 ലാണ്.

ഇന്ത്യയിൽ ഏകീകൃതമായൊരു സ്കൗട്ട് സംഘടന നിലവിൽ വരാൻ ഇത്രത്തോളം വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നതെന്തു കൊണ്ടായിരിക്കാം? ഒരുപാട് കാരണങ്ങൾ ഉണ്ടാവാം. എന്നാൽ അവയിലേറ്റവും പ്രധാനപ്പെട്ടൊരു കാരണം പ്രസ്ഥാനത്തിന്റെ പ്രതിജ്ഞയെ ചൊല്ലിയുള്ള തർക്കവും, വ്യക്തതയില്ലായ്‌മ്മയുമായിരുന്നു. ചിത്രത്തിൽ കാണുന്നത് നിലവിലെ പ്രതിജ്ഞയാണ്. എന്നാൽ ആദ്യ കാലത്ത് ഇതിൽ “Country” എന്ന ഭാഗത്ത്‌ ഉണ്ടായിരുന്നത് “Queen/King” എന്നാണ്. ബ്രിട്ടീഷ് രാജ്യം/രാഞ്ജിയോടുള്ള കടമ ഉറപ്പ് വരുത്തുന്നതു കൂടി സ്കൗട്ട് പ്രതിജ്ഞയുടെ ഭാഗമായിരുന്നു. ഈയൊരു പ്രശ്നം, രാഞ്ജിയുടെ ഭാഗം വെട്ടി മാറ്റി അവിടെ “രാജ്യം” എന്നാക്കി പരിഹരിച്ചെങ്കിൽ കൂടി പരിഹരിക്കപ്പെടാത്തൊരു പ്രശ്നം ഈ സംഘടനയുടെ പ്രതിജ്ഞയിലിന്നുമുണ്ട്.

അത് ദൈവം (God) എന്ന ആശയം തന്നെയാണ്! ഒരാമാനുഷിക ശക്തിയോട് മനുഷ്യർ തങ്ങളുടെ ബഹുമാനവും, കടമയും കാണിക്കണമെന്നുള്ളത് സ്കൗട്ട് പ്രസ്ഥാനത്തിന്റെ അടിസ്ഥാന ആശയങ്ങളിലൊന്നാണ് (Duty to God – a person’s relationship with the spiritual values of life, the fundamental belief in a force above mankind).

പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ഈ പ്രതിജ്ഞ ഉറപ്പു വരുത്താൻ ശ്രമിക്കുന്നത്. ഒന്ന്, ദൈവത്തോടും രാജ്യത്തോടുമുള്ള കടമ (Honor God and Country). രണ്ട്, മറ്റുള്ളവരോടുമുള്ള കടമ (Duty to others). മൂന്ന്, സ്കൗട്ട് നിയമം ഓരോ സ്കൗട്ടും അനുസരിക്കും (Obey the Scout Law). ചിത്രത്തിൽ കാണുന്നത് ഒരു സ്കൗട്ട്, പ്രതിജ്ഞയെടുക്കുമ്പോൾ കൈ കൊണ്ട് കാണിക്കുന്ന അടയാളമാണ്. ഇതിലെ നിവർന്നു നിൽക്കുന്ന മൂന്ന് വിരലുകൾ പ്രതിജ്ഞയുടെ ഈ മൂന്ന് ഭാഗങ്ങളെയാണ് സൂചിപ്പിക്കുന്നത്.

നമ്മളെന്തിനാണ് ഇവിടെയിത് ചർച്ച ചെയ്യുന്നത്? ഏതെങ്കിലും ഒരു സംഘടന, എന്തെങ്കിലുമൊക്കെ അതിന്റെ പ്രതിജ്ഞയായി അവതരിപ്പിച്ചാൽ നമുക്കെന്താണ്?

ആദ്യം തന്നെ മനസ്സിലാക്കേണ്ടത് അങ്ങനെ ഏതെങ്കിലുമൊരു സംഘടനയല്ല ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്. ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ സ്കൂളുകളിലുമായി ലക്ഷകണക്കിന് വളണ്ടിയർമാർ നിലവിൽ ഈ സംഘടനക്കുണ്ട്. 10 മുതൽ 17 വയസ്സ് വരെയുള്ള ആൺകുട്ടികൾക്ക് പ്രവർത്തിക്കാവുന്ന സ്കൗട്ട്സ്, 10 മുതൽ 18 വയസ്സ് വരെയുള്ള പെൺകുട്ടികൾക്ക് പ്രവർത്തിക്കാവുന്ന ഗൈഡ്സ് എന്നീ രണ്ട് വിഭാഗങ്ങളാണ് നമ്മുടെ സ്കൂളുകളിൽ പൊതുവെ പ്രവർത്തിക്കുന്നതെങ്കിൽ കൂടി സ്കൗട്ട് & ഗൈഡ് പ്രസ്ഥാനം അവിടെ മാത്രം ഒതുങ്ങുന്നില്ല. 5 മുതൽ 10 വയസ്സ് വരെയുള്ള ആൺകുട്ടികൾക്കായി “കബ്ബുകൾ”, 16 മുതൽ 25 വയസ്സ് വരെയുള്ള ആൺകുട്ടികൾക്കായി “റോവറുകൾ”, 6 മുതൽ 10 വയസ്സ് വരെയുള്ള പെൺകുട്ടികൾക്കായി “ബുൾബുളുകൾ”, 18 മുതൽ 25 വയസ്സ് വരെയുള്ള പെൺകുട്ടികൾക്കായി “റയിഞ്ചറുകൾ” എന്നീ വിഭാഗങ്ങൾ കൂടി ഈ സംഘടനയുടെ ഭാഗമാണ്. (രാജ്യങ്ങൾ അനുസരിച്ച് പ്രായ വ്യത്യാസമുണ്ടാവാം).

ചോദ്യങ്ങൾ ചോദിച്ചും, ഓരോ കാര്യങ്ങളും ശാസ്ത്രീയ മനോഭാവത്തോടു കൂടി ചിന്തിച്ചും മനസ്സിലാക്കേണ്ട കുട്ടികളെ കൊണ്ടാണ് ഇത്തരം സംഘടനകളിലൂടെ, നമ്മുടെ സ്കൂളുകൾ തന്നെ ഏതോ ഒരു അജ്ഞാത ശക്തി എല്ലാത്തിനുമുപരിയായി ഉണ്ടെന്നും, ആ ശക്തിയോട് എല്ലാവർക്കുമൊരു കടമയുണ്ടെന്നും, അത് നിറവേറ്റണമെന്നും പ്രതിജ്ഞയെടുപ്പിക്കുന്നത്. 10 നും 18 നുമിടയിലുള്ള കുട്ടികൾക്ക് ഏറ്റവും കുറഞ്ഞത് 5 പരീക്ഷകളാണുള്ളത്. പ്രഥമ, ദ്വിതീയ, ത്രിതീയ സോപാനുകൾ, രാജ്യപുരസ്കാർ, രാഷ്ട്രപതി പുരസ്‌കാർ തുടങ്ങിയവയാണവ. (പ്രവേശ് ബാഡ്ജ് കൂടിയുണ്ട് – പ്രസ്ഥാനത്തിന്റെ ഭാഗമായി കഴിയുമ്പോൾ കിട്ടുന്ന ബഡ്ജാണത്). ഈ പരീക്ഷകളിൽ ഈ പ്രതിജ്ഞ നിർബന്ധമായും കാണാപാഠം പഠിച്ച് ചൊല്ലി കേൾപ്പിക്കുകയും, എഴുതി കാണിക്കുകയും ചെയ്യേണ്ടതാണ്. അതായത്, ഇത്തരത്തിലൂടെ മനപ്പൂർവമല്ലെങ്കിൽ കൂടി കുട്ടികളുടെ തലച്ചോറിലേക്ക് എങ്ങോ ഒരാമാനുഷിക ശക്തിയുണ്ടെന്നുള്ള തെറ്റായ ബോധം, മറു ചോദ്യങ്ങളൊന്നും തന്നെയില്ലാതെ ആണിയടിപ്പിച്ചുറപ്പിക്കുകയാണ് ചെയ്യുന്നത്..!

ഏതെങ്കിലുമൊരു കഥയിലോ, ഏതെങ്കിലുമൊരു അജ്ഞാത ശക്തിയിലോ, ആർക്കു വേണമെങ്കിലും വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ആവാം. എന്നാൽ എല്ലാവരും അത്തരമൊരു ശക്തിയെ അംഗീകരിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ട ഒരു ബാധ്യതയും “Secular” ആയ ഒരു രാജ്യത്തിനോ അതിന്റെ വിദ്യാഭ്യാസ വ്യവസ്ഥക്കോ ഇല്ല.

ചെറുപ്പത്തിൽ തന്നെ മറ്റൊന്നും ചിന്തിക്കാൻ അനുവദിക്കാതെ, പല കഥകളിലും, അജ്ഞാത ശക്തികളിലും വിശ്വസിക്കാൻ പ്രേരിപ്പിക്കുന്ന മത സ്ഥാപനങ്ങളെ എതിർക്കുന്ന പോലെ തന്നെ എതിർക്കപ്പെടേണ്ട ഒന്നു തന്നെയാണിതും. “സർവ്വമത പ്രാർത്ഥന” എന്നൊരു പ്രഹസനം കൂടി ഈ സംഘടനയുടെ ക്യാമ്പുകളിൽ നടത്താറുണ്ട്. “മതേതരത്വം” എന്നാൽ ഇതാണ് എന്ന തെറ്റിദ്ധാരണയാണ് ഇതിന് പുറകിൽ. സത്യത്തിൽ അവിടെ നടക്കുന്നത് സർവ്വമത പ്രാർത്ഥനയല്ല. അങ്ങനെയൊന്ന് നടത്തണമെങ്കിൽ യേശുവിലും, അള്ളാഹുവിലും, കൃഷ്ണനിലും തുടങ്ങി ലോകത്തുള്ള ചെറുതും വലുതുമായ എല്ലാ വിശ്വസ സമൂഹങ്ങളേയും, മായാവിയിലും, ഡിങ്കനിലും, ലുട്ടാപ്പിയിലുമടക്കം വിശ്വസിക്കുന്നവരെയുമെല്ലാം പരിഗണിക്കേണ്ടി വരും. അതുകൊണ്ട് തന്നെ, അങ്ങനെയൊരു “സർവ്വമത” പ്രാർത്ഥന നടത്താനും കഴിയില്ല. ഇവിടെ ചെയ്യുന്നത് “ഭൂരിപക്ഷമാളുകൾ” വിശ്വസിക്കുന്ന മതങ്ങളുടെ പ്രാർത്ഥന ചൊല്ലുക എന്നതാണ്. ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ പ്രാർത്ഥനകൾ ഇക്കാരണത്താൽ മാത്രം അവിടെ സ്ഥാനം പിടിക്കും. ഈ പ്രാർത്ഥനകൾ മാത്രം തിരഞ്ഞെടുക്കാൻ ഉപയോഗിച്ച മാനദണ്ഡങ്ങൾ തീർത്തും തെറ്റാണെന്നിരിക്കെ, മതേതരത്വമെന്ന ആശയത്തിന് ഒരു വിപരീത അർത്ഥവും കല്പ്പിച്ചു കൊണ്ട് നടത്തുന്ന ഇത്തരം പ്രഹസനങ്ങൾ കുട്ടികൾക്കിടയിലെങ്കിലും നാം ഒഴിവാക്കേണ്ടതല്ലേ?! അതിന് പകരം ഒരു സെക്കുലർ സ്റ്റേറ്റിന്റെ അറിവോടു കൂടി തന്നെ ഇത്തരം കാര്യങ്ങൾ ഇവിടെ നടത്തുന്നത് തെറ്റു തന്നെയല്ലേ?!

ഒരു സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങൾ എന്തു തന്നെയായാലും, ശാസ്ത്രത്തിന്റെ (science) സഹായത്തോടു കൂടി, ഒരു കാര്യത്തെ യുക്തിഭദ്രമായി ചിന്തിച്ചു മനസ്സിലാക്കേണ്ട കുട്ടികളെ കൊണ്ട്, തങ്ങളുടെ മുകളിൽ ഒരു അജ്ഞാത ശക്തിയുണ്ടെന്നും, അതിനോട് താൻ കടപ്പെട്ടിരിക്കുന്നുമെന്നുമുള്ള പ്രതിജ്ഞകൾ ചെയ്യിപ്പിക്കുന്നത് അങ്ങേയറ്റം തെറ്റു തന്നെയാണ്. ഇന്ത്യയൊരു മതേതര – ജനാധിപത്യ രാജ്യമാണ്. അവിടെ നിന്നു കൊണ്ട് ഒരു കുട്ടിയേയും നിങ്ങൾക്കിങ്ങനെ പ്രതിജ്ഞയെടുപ്പിക്കാനുള്ള അധികാരമോ, അവകാശമോ ഇല്ല. ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കേണ്ടത്, ഓരോ പൗരന്മാരുടേയും കടമയാണെന്ന് പറയുന്നൊരു ഭരണഘടനയാണ് നമ്മുടേതെന്ന് കൂടി നമ്മളിവിടെ ചേർത്തു വായിക്കേണ്ടതുണ്ട്. നമ്മുടെ സ്കൂളുകളിൽ പ്രവർത്തിക്കുന്ന ഇത്തരം സമാന്തര വിദ്യാഭ്യാസ പ്രസ്ഥാനങ്ങളുടെ പ്രതിജ്ഞയും മറ്റും പരിശോധിക്കേണ്ട ബാധ്യത തീർച്ചയായും സ്റ്റേറ്റിനുണ്ട്.

ഇത്തരം പ്രതിജ്ഞകൾ നിലക്കുന്നിടം വരെ, നമ്മളെങ്ങനെയാണൊരു പുരോഗമന സമൂഹമാവുക?!


Leave a Reply

Your email address will not be published. Required fields are marked *