കേരളം കണ്ട ഏറ്റവും സംഘടിതവും ആസൂത്രിതവുമായ അഴിമതിയാണ് എന്‍ഡോസള്‍ഫാന്റെ പേരിലുള്ള ധനസഹായം; ഡോ കെ എം ശ്രീകുമാര്‍ പ്രതികരിക്കുന്നു


‘കേരളം കണ്ട ഏറ്റവും സംഘടിതവും ആസൂത്രിതവുമായ അഴിമതിയാണ് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പേരില്‍ നടക്കുന്നത്… യാതൊരുവിധ വ്യക്തമായ പഠനങ്ങളും ഇല്ലാതെയാണ് എന്‍ഡോസള്‍ഫാന്‍ ആണ് പ്രശ്‌നകാരി എന്ന വിലയിരുത്തിയത്. മാത്രമല്ല അതിനു പിന്നീട് ഉണ്ടായ നടപടികള്‍ മുഴുവന്‍ തന്നെ അഴിമതികള്‍ നിറഞ്ഞതും സുതാര്യമല്ലാത്തവയും ആയിരുന്നു. മരിച്ചവര്‍ക്കും പെന്‍ഷന്‍ കൊടുക്കയാണ്. 78 വയസ്സുള്ളവര്‍ മരിച്ചാലും അത് എന്‍ഡോസള്‍ഫാനിന്റെ ഇരയാക്കി സാഹായം നല്‍കുന്നു. വ്യാജ രേഖകളുണ്ടാക്കി ധനസഹായം വാങ്ങിക്കൊണ്ടിരിക്കുന്ന ഒരുപാടുപേര്‍ ഇപ്പോഴുമുണ്ട്.ഒരേ വ്യക്തി രണ്ടു ക്യാമ്പുകളില്‍ പങ്കെടുത്ത ഇരട്ട പെന്‍ഷന്‍ വാങ്ങുന്ന സംഭവങ്ങളുമുണ്ട്. സര്‍ക്കാറിന്റെ കോടികളാണ് ഇങ്ങനെ നഷ്ടമാവുന്നത്’- ഡോ കെ എം ശ്രീകുമാറിന്റെ വൈറലായ പ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍ കാണാം.

എന്‍ഡോസള്‍ഫാന്‍: എനിക്കും കിട്ടണം പണം!

കേരളം കണ്ട ഏറ്റവും സംഘടിതവും ആസൂത്രിതവുമായ അഴിമതിയാണ് കാസർഗോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർ. ദുരിതമനുഭവിക്കുന്ന മനുഷ്യരോടുള്ള നമുക്കുള്ള കരുണയും ആർദ്രതയും ഇത്രയധികം ചൂഷണം ചെയ്തിട്ടുള്ള മറ്റൊരു തട്ടിപ്പ് ലോകത്ത് എവിടെയെങ്കിലും ഉണ്ടോ എന്നുപോലും സംശയമാണ്. യാതൊരുവിധ വ്യക്തമായ പഠനങ്ങളും ഇല്ലാതെയാണ് എൻഡോസൾഫാൻ ആണ് പ്രശ്നകാരി എന്ന വിലയിരുത്തിയത്. മാത്രമല്ല അതിനു പിന്നീട് ഉണ്ടായ നടപടികൾ മുഴുവൻ തന്നെ അഴിമതികൾ നിറഞ്ഞതും സുതാര്യമല്ലാത്തവയും ആയിരുന്നു.

ഇതിനെതിരെ ആദ്യമായി സംസാരിച്ചുതുടങ്ങിയത് ഡോക്ടർ കെ എം ശ്രീകുമാർ ആയിരുന്നു. ഡോക്ടർ കെ എം ശ്രീകുമാർ ഉയർത്തിയ പ്രശ്നങ്ങൾ വാസ്തവമാണ് എന്നാണ് ഇതേക്കുറിച്ച് കൂടുതൽ പഠിച്ച് കാസർഗോഡ് ജില്ലാ കളക്ടർ ഡോക്ടർ സജിത് ബാബു കൊടുത്ത റിപ്പോർട്ടിലുമുള്ളത്.  ഈ വിഷയം സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം സർക്കാർ തന്നെ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡോക്ടർ ശ്രീകുമാർ പുറത്തു വിടുന്ന വിവരങ്ങൾ ഞെട്ടിക്കുന്നവയാണ്.

മരിച്ചവര്‍ക്കും പെന്‍ഷന്‍

20 വർഷക്കാലം ആണ് കാസർകോട് കശുമാവിൻ തോട്ടങ്ങളിൽ വായു മാർഗ്ഗം എൻഡോസൾഫാൻ തളിച്ചത്. ഒരു ഹെക്ടറിൽ 1.3 കിലോ ഗ്രാം എന്ന അളവിൽ ആണ് അവിടെ തളിച്ചിട്ടുള്ളത്. എന്നാൽ ഇതിനേക്കാൾ അധികമായി ഹെക്ടറിൽ 80 കിലോയിൽ അധികം ഏലം കൃഷിക്കുവേണ്ടി ഉപയോഗിച്ചിട്ടുള്ള ഇടുക്കി ജില്ലയിൽ ഇല്ലാത്ത പ്രശ്നങ്ങൾ ആണ് കാസർഗോഡ് എൻഡോസൾഫാൻ മൂലമാണ് എന്ന് പറയുമ്പോൾ അതിലുള്ള പൊരുത്തക്കേടുകൾ നമ്മൾ ചിന്തിക്കണം. കാസർഗോഡ് എൻഡോസൾഫാൻ മൂലം ഉള്ള പ്രശ്നങ്ങൾ ഉള്ളവരെ കണ്ടെത്തുന്നതിനായി 38 മെഡിക്കൽ ക്യാമ്പുകൾ നടത്തിയിട്ടുണ്ട്. 6278 പേരാണ് ദുരിത ബാധിതരായി കണ്ടെത്തപ്പെട്ടിട്ടുള്ളത്.

ഉഷ്ണമേഖലാപ്രദേശങ്ങളിൽ പത്തുദിവസം കൊണ്ട് വിഘടിച്ചു പോകുന്ന കീടനാശിനിയായ എൻഡോസൾഫാന്റെ പരിണിതഫലം പഠിക്കാൻ ആരംഭിച്ചത് പത്തുവർഷത്തിനു ശേഷം മാത്രമാണ്. ഇതുവരെ ദുരിതബാധിതർക്ക് വേണ്ടി 285 കോടി രൂപ ചെലവഴിച്ചു. ഇങ്ങനെ സർക്കാർ ചെലവഴിച്ച തുക കൈപ്പറ്റിയവരുടെയും ഇപ്പോഴും കൈപ്പറ്റുന്ന വരുടെയും വിവരങ്ങൾ സർക്കാർ തന്നെ പുറത്തുവിട്ട രേഖകളിലൂടെ ലഭിച്ചതാണ്. ആ വിവരങ്ങൾ തന്നെ ഞെട്ടിക്കുന്നതാണ്.

1200 രൂപ മുതൽ 2200 രൂപ വരെ പ്രതിമാസ പെൻഷൻ ദുരിതബാധിതർക്ക് നൽകുന്നുണ്ട്. ഇപ്പോഴും പെൻഷൻ കൊടുത്തു കൊണ്ടിരിക്കുന്ന അല്ലെങ്കിൽ വാങ്ങിക്കൊണ്ടിരിക്കുന്ന 125 പേർ മരണപ്പെട്ടു പോയവരാണ്. അതായത് മരിച്ചുപോയവർക്കും ഇപ്പോഴും പെൻഷൻ കൊടുത്തു കൊണ്ടിരിക്കുന്നു. ഇങ്ങനെ മരണപ്പെട്ടുപോയവരുടെ പേരിൽ പണം വാങ്ങുന്നതു തടയാൻ ദുരിതബാധിതരോടപ്പം ആരോഗ്യപ്രവർത്തകർ നിൽക്കുന്ന ഒരു ഫോട്ടോ കൂടി വേണമെന്ന് ജില്ലാ കളക്ടർ നിർദേശം വെച്ചിരുന്നു എങ്കിലും ദുരിതബാധിതരെ പ്രദർശനവസ്തുക്കൾ ആക്കരുത് എന്നുപറഞ്ഞുകൊണ്ട് അതിനെതിരെ വൻ പ്രതിഷേധം ഉണ്ടായിരുന്നു. ഈ പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന ആളുകൾ തന്നെ വൈകല്യം ഉള്ള ആളുകളെ കളക്ടറേറ്റ് പഠിക്കൽ നിരത്തി കിടത്തി പ്രതിഷേധ ജാഥകൾ സംഘടിപ്പിക്കുന്നുമുണ്ട്.

ദുരിതബാധിതരാണ് എന്ന് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ ആളുകളെയും BPL ആക്കിമാറ്റി അവർക്ക് സൗജന്യ റേഷൻ പോലെയുള്ള കാര്യങ്ങളും നൽകിവരുന്നു. വലിയ സമ്പന്നരായ, ഇരുനില വീടും, ആഡംബര കാറുകളും ഉള്ളവർ പോലും ഇങ്ങനെ സൗജന്യറേഷൻ വാങ്ങുന്നുണ്ട് എന്നതാണ് മറ്റൊരു വസ്തുത.

ദുരിതബാധിതർ എന്ന ലിസ്റ്റിൽ വന്ധ്യത എന്ന പ്രശ്നം ഉള്ളവർ 55 പേരാണ്. എന്നാൽ ഇതിൽ 28 പേർക്ക് കുട്ടികൾ ഉണ്ട്. ബാക്കിയുള്ള 27 പേരിൽ ഒരാൾ മുൻപ് ഗർഭിണി ആയിരുന്ന ആളുമാണ് (അതായത് വന്ധ്യത അല്ല പ്രശ്നം എന്നത് വ്യക്തമാണ്). ബാക്കിയുള്ള 26 പേർ ദമ്പതികളാണ്. അതായത് കുട്ടികൾ ഉണ്ടാവാത്തതിൽ ഭാര്യക്കും ഭർത്താവിനും വന്ധ്യത എന്ന പ്രശ്നം ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണ്. എന്നിട്ടും രണ്ടുപേർക്കും വന്ധ്യത ഉണ്ട് എന്നും ആ വന്ധ്യതയ്ക്ക് കാരണം എൻഡോസൾഫാൻ ഉപയോഗം ആണ് എന്നും വരുത്തുന്നതിലൂടെ എല്ലാവർക്കും പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നു.

എൻഡോസൾഫാൻ മൂലം രോഗബാധിതരായ രോഗികളെ പരിചരിക്കുന്നതിന് സർക്കാർ പ്രതിമാസം 700 രൂപ പെൻഷൻ നൽകുന്നുണ്ട്. ഇതേവരെ നാലര കോടി രൂപയാണ് അതിനു വേണ്ടി സർക്കാർ ചെലവഴിച്ചിട്ടുള്ളത്. ഇപ്പോൾ ധനസഹായം വാങ്ങുന്ന 813 പേരിൽ 25 പേർ മരണപ്പെട്ടു പോയവരാണ്. പക്ഷേ അവരെ പരിചരിക്കാൻ എന്ന പേരിൽ ഇപ്പോഴും പെൻഷൻ വാങ്ങി കൊണ്ടിരിക്കുന്നു. ഇത് സംബന്ധിച്ച മുഴുവൻ വിവരങ്ങളും സർക്കാരിൻറെ കയ്യിൽ ഉണ്ടുതാനും!

78 വയസ്സുള്ളവര്‍ മരിച്ചാലും ധനസഹായം

ദുരിത ബാധിത പ്രദേശത്തിന് സമീപത്തായി ജില്ലാ ആശുപത്രികൾ താലൂക്ക് ആശുപത്രികൾ പരിയാരം മെഡിക്കൽ കോളേജ് എന്നിങ്ങനെ 5 സർക്കാർ ആശുപത്രികൾ ഉള്ളപ്പോൾ നാഷണൽ ഹെൽത്ത് മിഷൻ ചികിത്സയ്ക്കായി നിർദ്ദേശിക്കുന്നത് മംഗലാപുരത്ത് ഉള്ള സ്വകാര്യ ആശുപത്രികളെ ആണ്. മംഗലാപുരത്ത് ഉള്ള കസ്തൂർബാ മെഡിക്കൽ കോളേജുകൾക്ക് ചികിത്സയിനത്തിൽ കൊടുത്തിരിക്കുന്നത് ഏകദേശം 4.25 കോടി രൂപയാണ്. ഒരു വ്യക്തിക്ക് വേണ്ടിമാത്രം 31 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട് (OP No. 8487 പ്രശാന്ത് കുമാർ). ഇതുവരെ ചികിത്സാ ഇനത്തിൽ സർക്കാർ ചെലവഴിച്ച 16.53 കോടി രൂപയിൽ 6.05 കോടി രൂപയുടെ ബില്ലുകളോ കൂടുതൽ വിവരങ്ങളോ ഇല്ലത്രേ!! (സർക്കാർ വിവരാവകാശ നിയമം മൂലം അറിയിച്ചതാണ് ഇക്കാര്യം).

2153 പേർക്ക് ദുരിതബാധിതർ എന്ന പേരിൽ 6.83 കോടി രൂപയുടെ കടങ്ങൾ എഴുതിത്തള്ളി . ഈ വായ്പകൾ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ളവ, വാഹന വായ്പ, ഗൃഹോപകരണങ്ങൾ വാങ്ങുന്നതിന്, ആഡംബര വസ്തുക്കൾ വാങ്ങുന്നതിന്, ഗൃഹനിർമ്മാണത്തിന് എന്നിവയ്ക്കായി എടുത്തവ ആണെന്ന് സർക്കാർ തന്നെ സമ്മതിക്കുന്നു. ഈ വായ്പയിൽ ഒന്നും തന്നെ ദുരിതബാധിതരെ ചികിത്സിക്കുന്നതിനോ മറ്റോ എടുത്തത് ആണോ എന്നത് വ്യക്തമല്ല. ദുരിതബാധിതരെ ചികിത്സിക്കുന്നതിനു വേണ്ടി മാത്രം എടുത്ത വായ്പകളേ എഴുതി തള്ളാവു പക്ഷേ സർക്കാർ നിർദ്ദേശത്തിൽ അങ്ങനെ വ്യക്തമായി പറയുമില്ല. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യമാണ്.

കേരളത്തിലെ ശരാശരി ആയുർദൈർഘ്യം ത്തേക്കാൾ കൂടിയ പ്രായത്തിൽ മരിച്ചവരെ പോലും ദുരിത ബാധിതരായി കണക്കാക്കി ഏതാണ്ട് നാലു കോടിയോളം രൂപ ബന്ധുക്കൾ കൈപ്പറ്റിയിട്ടുണ്ട്. 78 വയസ്സ് പ്രായമുള്ളവരുടെ മരണകാരണം എൻഡോസൾഫാൻ ദുരിതം ആണ് എന്ന് വരുത്തി അവർക്ക് 5 ലക്ഷം രൂപ വീതം കൊടുക്കുമ്പോൾ നമ്മുടെ പൊതു ഖജനാവിൽ നിന്നുമാണ് ആ പണം പോകുന്നത്.

എൻഡോസൾഫാൻ മൂലം മരണപ്പെട്ടവർ എന്ന പേരിൽ ഉണ്ടാക്കിയ ലിസ്റ്റിൽ ഉൾപ്പെട്ടവർ പിന്നീട് മെഡിക്കൽ ക്യാമ്പുകളിൽ പങ്കെടുത്തതായിട്ടാണ് രേഖകളിൽ കാണുന്നത്. മരണപ്പെട്ടുപോയ 113 പേർ പിന്നീട് ക്യാമ്പുകളിൽ പങ്കെടുത്തിട്ടുണ്ട്!! ദുരിത ബാധിതരായി മരിച്ചു എന്നു പറഞ്ഞാൽ 5 ലക്ഷം രൂപ ധന സഹായം ലഭിക്കും. ഇങ്ങനെ 3.91 കോടി രൂപ ലിസ്റ്റിലെ ഇരട്ടിപ്പ് വഴി അനധികൃതമായി കൈപ്പറ്റിയിട്ടുണ്ട്. അതുകൊണ്ട് മുൻപ് ഏതെങ്കിലും മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത് മറ്റു വിഭാഗമെന്ന അടയാളപ്പെടുത്തിയവർ പോലും പിന്നീട് മരണശേഷം ദുരിതബാധിതൻ എന്ന് അറിയപ്പെടുന്നു. കൂടാതെ ക്യാമ്പ് നടക്കുന്നതിനു മുൻപ് മരണപ്പെട്ട 69 പേർ ദുരിത ബാധിതരായി മരണപ്പെട്ടു എന്ന് ഗവൺമെൻറ് രേഖകൾ കാണിക്കുന്നു.

വ്യാജ രേഖയുണ്ടാക്കിയവര്‍ ഒട്ടേറെ

എൻഡോസൾഫാൻ ഇര എന്ന പേരിൽ വ്യാജ രേഖകളുണ്ടാക്കി ധനസഹായം വാങ്ങിക്കൊണ്ടിരിക്കുന്ന ഒരുപാടുപേർ ഇപ്പോഴുമുണ്ട് . രജിത (OP No. 3955) മാനസിക വൈകല്യം ഉണ്ടെന്ന് ക്യാമ്പിൽ സാക്ഷ്യപ്പെടുത്തിയ കുട്ടിയാണ്. പിന്നീട് പരസഹായമില്ലാതെ എസ്എസ്എൽസി പാസായി. അനന്യ (OP No. 34621) ഈ പ്രദേശത്ത് ഉള്ള ആളല്ല. എന്നാൽ വേറെ ആളുടെ അഡ്രസ്സ് വ്യാജമായി ഉപയോഗിച്ച് പട്ടികയിൽ കയറിക്കൂടി . എൻറെ അറിവോ സമ്മതമോ ഇല്ലാതെ എൻറെ അഡ്രസ്സ് ഉപയോഗിച്ച് ലിസ്റ്റിൽ കയറിപ്പറ്റിയ ഇവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് അനുരാജ് വിഎസ് രാജപുരം, എന്നയാൾ ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. ഇങ്ങനെ എത്ര പേർ വ്യാജ വിലാസത്തിലൂടെ എൻഡോസൾഫാൻ ദുരിതബാധിതർ ആണ് എന്ന് ജനങ്ങളെ വഞ്ചിക്കുന്നുണ്ടാവാം ?

ഷെയ്ഖ് ഹസീന (OP No. 70657) ജനിച്ചതും വളർന്നതും ബോംബെയിലാണ്. അവരുടെ മാതാപിതാക്കളും വർഷങ്ങളായി ബോംബെയിൽ സ്ഥിരതാമസമാക്കിയ വരാണ്. ഇവരാരും എൻഡോസൾഫാൻ തളിക്കുന്ന കാലത്ത് ആ പ്രദേശത്ത് താമസിച്ചിരുന്നവർ അല്ല . എങ്കിലും പിന്നീട് എൻഡോസൾഫാന്റെ ഇര എന്ന പേരിൽ മാധ്യമങ്ങളിൽ വാർത്തയായി. ഇവർക്കുവേണ്ടിയും സർക്കാർ ഖജനാവിൽ നിന്ന് എൻഡോസൾഫാൻ ദുരിതബാധിത എന്ന പേരിൽ ധനസഹായം നൽകിക്കൊണ്ടിരിക്കുന്നു.

സന്ദീപ് (OP No 99) എൻഡോസൾഫാൻ മൂലം മാനസിക വൈകല്യമുള്ള ആൾ ആണെന്ന് സാക്ഷ്യപ്പെടുത്തി ധനസഹായം വാങ്ങിയിരുന്ന ആളാണ്. എന്നാൽ പിന്നീട് ഇയാൾക്ക് വിദേശത്ത് ജോലി ലഭിച്ചപ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമായി വരികയും ഈ ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭ്യമല്ലാത്തതിനാൽ തന്നെ എൻഡോസൾഫാൻ ദുരിതബാധിതൻ എന്ന ലിസ്റ്റിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എൻഡോസൾഫാൻ സെല്ലിനെ സമീപിച്ചു. ഇതേ പോലെ തന്നെ വിനയകുമാർ എന്ന മറ്റൊരു വ്യക്തിയും വിദേശത്ത് ജോലി ആവശ്യത്തിനു വേണ്ടി തന്നെ ദുരിതബാധിത ലിസ്റ്റിൽ നിന്നും ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് അപേക്ഷ കൊടുത്തിട്ടുള്ള വ്യക്തിയാണ്.

സ്നേഹ എന്നു പേരായ കുട്ടി തന്നെ ലിസ്റ്റിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ട്. ആ കുട്ടി പറയുന്നത് ഒരു മെഡിക്കൽ ക്യാമ്പ് ആണ് എന്ന് കേട്ട് തലവേദനയ്ക്ക് വേണ്ടിയാണ് ക്യാമ്പിൽ പോയത് എന്നും എന്നാൽ പിന്നീടാണ് ദുരിത ബാധിതയായി ലിസ്റ്റ് ചെയ്ത കാര്യം അറിയുന്നത് എന്നും തനിക്ക് ഇപ്പോൾ യാതൊരുവിധ പ്രശ്നങ്ങളും ഇല്ല എന്നും തന്നെ രോഗബാധിതയായി ചിത്രീകരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നും ആവശ്യപ്പെട്ടാണ് അവർ സെല്ലിനെ സമീപിച്ചത്.

ക്യാമ്പ് നടത്തിയ മെഡിക്കൽ സംഘം നിരുത്തരവാദിത്വപരമായി ട്ടാണ് പ്രവർത്തിച്ചത് എന്നും ശാസ്ത്രീയ മാർഗ്ഗത്തിലൂടെ അല്ലാതെ വൈകാരികപരമായിട്ടാണ് ഡോക്ടർമാർ ഈ വിഷയം കൈകാര്യം ചെയ്തത് എന്നും ജില്ലാ കളക്ടർ തൻറെ റിപ്പോർട്ടിൽ പരാമർശിക്കുന്നു.

ഒരേ വ്യക്തി രണ്ടു ക്യാമ്പുകളിൽ പങ്കെടുത്ത ഇരിട്ടി പെൻഷൻ വാങ്ങുന്ന സംഭവങ്ങളുമുണ്ട്. ഒന്നാമത്തെ ക്യാമ്പിൽ പങ്കെടുത്ത യാതൊരു കുഴപ്പവും ഇല്ലാത്തവരാണ് എന്ന് കണ്ടു തിരിച്ചയച്ചവർ അടുത്ത ക്യാമ്പിൽ പങ്കെടുത്ത് ലിസ്റ്റിൽ കയറി കൂടുന്നു. എങ്ങനെയും ഈ ലിസ്റ്റിൽ കയറിക്കൂടിയാൽ പിന്നീട് ആജീവനാന്ത കാലം പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചുകൊണ്ടിരിക്കും!!

മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത ഉൾപ്പെടുത്തിയ കാറ്റഗറി പിന്നീട് അട്ടിമറിച്ച് വേറെ കാറ്റഗറി ആക്കിമാറ്റുന്ന ഒട്ടനവധി കേസുകളും ഉണ്ട് . ഇങ്ങനെ ഒന്നരക്കോടി രൂപയിലധികമാണ് സർക്കാരിന് നഷ്ടപ്പെട്ടത്. ഇങ്ങനെ ആസൂത്രിതമായി നടത്തുന്ന തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരും ഉദ്യോഗസ്ഥരും ഇപ്പോഴും സർവീസിൽ തുടരുന്നു എന്നത് ഖേദകരമാണ് എന്ന് ജില്ലാകളക്ടർ റിപ്പോർട്ട് ചെയ്യുന്നു.

ഡോക്ടര്‍മാര്‍ തൊട്ട് മാധ്യമങ്ങള്‍ വരെയുള്ള അവിശുദ്ധ മുന്നണി

പീഡിത മുന്നണിയും ഡോക്ടർമാരും രാഷ്ട്രീയ പാർട്ടികളും എഴുത്തുകാരും മാധ്യമങ്ങളും ഉൾപ്പെട്ട ഒരു അവിശുദ്ധ മുന്നണിയാണ് ഈ പ്രശ്നത്തിന് പിന്നിൽ. ഇതിൽ കുറച്ചുപേരെങ്കിലും തെറ്റിദ്ധരിക്കപ്പെട്ടു പോയവരാണ്. കേരളത്തിൽ ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന 8 ലക്ഷം ആളുകൾ ഉണ്ടെന്നാണ് സർക്കാർ കണക്ക്. അവർക്ക് വളരെ തുച്ഛമായ സഹായങ്ങൾ മാത്രം നൽകുമ്പോൾ കാസർഗോഡ് ഉള്ള ദുരിതബാധിതർ എന്ന പേരിൽ കുറേപേർ വലിയ സഹായധനം കൈപ്പറ്റി കൊണ്ടിരിക്കുന്നത് അനീതിയാണ്.

കാസർഗോഡ് സിംബലായി കാണിക്കുന്ന സെറിബ്രൽ പാൾസി, ഹൈഡ്രോ സെഫാലസ് , ഡൗൺ സിൻഡ്രോം എന്നിവയൊക്കെയും മറ്റു പ്രദേശങ്ങളിലും ഉള്ളവ തന്നെയാണ്. പക്ഷേ ഇങ്ങനെയുള്ള കുട്ടികളെ സംഘടിതമായി പ്രദർശിപ്പിക്കുന്നതിലൂടെ ഇത് കാസർഗോഡിന്റെ മാത്രം പ്രശ്നമാണെന്ന മിഥ്യാബോധം നമ്മളിൽ ഉണ്ടാക്കുന്നു. ശാസ്ത്രത്തെയും സാങ്കേതികതയേയും മനുഷ്യൻ ഇതുവരെ ഉണ്ടാക്കിയ നാഗരിക മൂല്യങ്ങളെയും നിരസിക്കുന്ന വിധത്തിൽ സാഹിത്യ ഭാവനകളെ യാഥാർത്ഥ്യമെന്ന് തോന്നിപ്പിക്കത്തക്ക വിധത്തിൽ അവതരിപ്പിക്കുമ്പോൾ അത് യുക്തിബോധവും ശാസ്ത്രാവബോധവും തുടങ്ങിവരുന്ന വിദ്യാർത്ഥി കളിലേക്ക് പാഠപുസ്തകങ്ങൾ ആയി അടിച്ചേൽപ്പിക്കുകയും ചെയ്യുമ്പോൾ ഇതിൻറെ പിന്നിലെ വസ്തുതകൾ നാം തിരിച്ചറിയേണ്ടതുണ്ട്.

ഈ വിഷയം വസ്തുതകൾ നിരത്തി ഡോക്ടർ കെ എം ശ്രീകുമാർ നടത്തുന്ന പ്രഭാഷണം യൂട്യൂബിൽ ലഭ്യമാണ്.
https://youtu.be/Ie6YcqoI9qY


Leave a Reply

Your email address will not be published. Required fields are marked *