നടന്‍ ശ്രീനിവാസന്‍ പറയുന്നപോലെ ഇംഗ്ലീഷ് മരുന്നുകള്‍ കടലില്‍ ഒഴുക്കിയാല്‍ കാന്‍സര്‍ കുറയുമോ?; കേരളത്തില്‍ അര്‍ബുദരോഗികള്‍ വര്‍ധിക്കുന്നതിന്റെ യഥാര്‍ഥ കാരണം എന്താണ്? – ഡോ. കെ. എം. ശ്രീകുമാര്‍


“കേരളത്തിന് കാന്‍സര്‍ ഹോസ്പിറ്റലുകളല്ല വേണ്ടത്, മറിച്ച് എല്ലാ ഇംഗ്ലീഷ് മരുന്നും കടലിലേക്ക് കൊണ്ടിട്ട് കഴിഞ്ഞാല്‍ ഇവിടെ കാന്‍സര്‍ കുറയും. ഈ ഇംഗ്ലീഷ് മരുന്നൊക്കെ കടലില്‍ കൊണ്ടുപോയി ഇട്ടാല്‍ കടലിലെ മത്സ്യങ്ങള്‍ക്ക് പ്രശ്‌നമാണ്, പക്ഷെ മനുഷ്യരുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടും” – നടന്‍ ശ്രീനിവാസന്റെ ഈ പ്രസ്താവന കേരളം ഏറെ ചര്‍ച്ച ചെയ്‌തതാണ്‌ . പക്ഷേ അപ്പോഴും പലരും ചോദിക്കാറുണ്ട്. പണ്ടെത്തേക്കാള്‍ കേരളത്തില്‍ അര്‍ബുദം എത്രയോ കൂടുതല്‍ അല്ലേ. മറ്റ് സംസ്ഥാനങ്ങളില്‍ കാന്‍സര്‍ നിരക്ക് കുറവല്ലേ. കേരളത്തില്‍ അര്‍ബുദരോഗികള്‍ വര്‍ധിക്കുന്നതിന്റെ യഥാര്‍ഥ കാരണം എന്താണ്. എഴുത്തുകാരനും ശാസ്ത്രപ്രചാരകനുമായ ഡോ. കെ. എം. ശ്രീകുമാര്‍ പ്രതികരിക്കുന്നു.

കാന്‍സറിന് കാരണം എന്തായിരിക്കാം? കേരളത്തില്‍ കാന്‍സര്‍ കൂടുതല്‍ ഉണ്ടല്ലോ. ഒരു അമ്പതുകളില്‍, അറുപതുകളില്‍, എഴുപതുകളില്‍… അങ്ങനെ പരിശോധിച്ചു നോക്കിയാല്‍, ഒരുപാട് കാന്‍സര്‍ രോഗികള്‍ കൂടിയിട്ടുണ്ടെന്ന് പ്രായമായിട്ടുള്ളവര്‍ പറയും.

അര്‍ബുദത്തിന് എന്നല്ല ഏതു രോഗത്തിനായാലും രണ്ടു വസ്തുതകള്‍ നമ്മള്‍ പരിശോധിക്കേണ്ടതായിട്ടുണ്ട്. ഒന്ന് ഇന്‍സിഡന്‍സ് ആണ്. ഒരു വര്‍ഷം എത്ര പേര്‍ക്ക് പുതിയതായിട്ട് രോഗം പിടിപെടുന്നു. അതാണ് ഇന്‍സിഡന്‍സ്. വേറൊന്ന് പ്രിവിലന്‍സ് ആണ്. ഒരു സമയത്ത്, അതായത് ഒരു ദിവസം ഒരു സമയത്ത് ഒരു പ്രദേശത്ത് എത്ര പേര്‍ക്ക് കാന്‍സര്‍ ഉണ്ട്. അത് പ്രിവിലന്‍സാണ്. ഒരു സമൂഹത്തില്‍ എത്ര പ്രാബല്യത്തിലുണ്ട് എന്നതാണ് അത് പരിശോധിക്കുന്നത്. ഇതു രണ്ടുമാണ് ഏതൊരു രോഗത്തിനും നമ്മള്‍ പരിശോധിക്കാറുള്ളത്. അത് നോക്കി കഴിഞ്ഞാല്‍, ഏറ്റവും കൂടുതല്‍ കാന്‍സറിന്റെ പ്രിവിലന്‍സ് വികസിത രാജ്യങ്ങളിലാണ്.

കീടനാശിനി നിയമങ്ങളൊക്കെ കര്‍ശനമായി നടപ്പാക്കുന്ന, കൃത്യമായിട്ട് സാമ്പിള്‍സ് എടുക്കുന്ന, ഓര്‍ഗാനിക്ക് ഫാമിങ്ങ് ഒക്കെ കൂടുതലുള്ള വികസിത രാജ്യങ്ങളിലൊക്കെയാണ് കാന്‍സര്‍ കൂടുതല്‍ ഉള്ളത്. അവരുടെ സ്വഭാവികമായിട്ടുള്ള ആയുസ്സ് നോക്കികഴിഞ്ഞാല്‍ എല്ലാം എണ്‍പതിന് മുകളിലാണ്. ഇപ്പോള്‍ എണ്‍പത്തിനാലോ, എണ്‍പത്തിയഞ്ചോ ഒക്കെ ആയിക്കാണും. അപ്പോള്‍ ആയുസ്സു കൂടുംതോറും അര്‍ബുദത്തിന്റെ നിരക്ക് കൂടുന്നു എന്നാണ് കണക്ക്. ആയുസ്സാണ് കാന്‍സറുമായിട്ടു ഏറ്റവും കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത്. കേരളത്തിന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം ഇപ്പോള്‍ എഴുപത്തഞ്ചു വയസ്സാണ് . അത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി നോക്കുമ്പോള്‍ കൂടുതലാണ്.

ഏകദേശം ഒരു ലക്ഷത്തിന് നൂറ്റിമുപ്പത് പേര്‍ക്ക് എന്നുള്ള തോതിലാണ് കേരളത്തില്‍ കാന്‍സര്‍ നിരക്ക്. വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതൊട്ടും കൂടുതലല്ല . പക്ഷേ നടന്‍ ശ്രീനിവാസന്‍ എന്താണ് പറയുന്നത്? കേരളത്തില്‍ കാന്‍സര്‍ കൂടിക്കൂടി വരുന്നു. “കേരളത്തിന് കാന്‍സര്‍ ഹോസ്പിറ്റലുകളല്ല വേണ്ടത്, മറിച്ച് എല്ലാ ഇംഗ്ലീഷ് മരുന്നും കടലിലേക്ക് കൊണ്ടിട്ട് കഴിഞ്ഞാല്‍ ഇവിടെ കാന്‍സര്‍ കുറയും” – ശ്രീനിവാസന്റെ വാക്കാണ്. ഞാന്‍ അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്ന ഒരാളാണ്. അദ്ദേഹം ഒരുപാട് കഴിവുകള്‍ ഉള്ള വ്യക്തിയാണ് അദ്ദേഹം. പക്ഷേ അദ്ദേഹത്തിന്റെ ആ പ്രസ്താവന പരിശോധിക്കണം. ഹോസ്പിറ്റലല്ല വേണ്ടത്, മറിച്ച് ഈ ഇംഗ്ലീഷ് മരുന്നൊക്കെ കടലില്‍ കൊണ്ടുപോയി ഇട്ടാല്‍ കടലിലെ മത്സ്യങ്ങള്‍ക്ക് പ്രശ്‌നമാണ്, പക്ഷെ മനുഷ്യരുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടും എന്നുള്ള നിലക്കാണ് അദ്ദേഹം പറഞ്ഞത്.

ലാന്‍സെറ്റ് എന്ന വളരെ പ്രശസ്തമായ ഒരു ജേര്‍ണലില്‍ വന്നിട്ടുള്ളതും, രാജേഷ് ദീക്ഷിത്തിന്റെ പേപ്പറില്‍ പറയുന്നതും, പ്രായം കൂടുന്തോറും കാന്‍സറിന്റെ സാധ്യത കൂടിക്കൂടി വരുന്നുവെന്നാണ്. Cancer Research UK എന്ന സൈറ്റ് പറയുന്നതെന്താണ്, By far the biggest risk factor for most cancers is simply getting older. പ്രായം കൂടുന്നത് നമ്മള്‍ക്ക് തടയാന്‍ കഴിയില്ലല്ലോ. നിങ്ങളുടെ ജീനുകളില്‍, നമ്മുടെ ഓരോ കോശവും കുറച്ച് കാലത്തേക്കല്ലേ ജീവിക്കുകയുള്ളൂ. നിങ്ങളുടെ എല്ലിലെ കോശങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു. നിങ്ങളുടെ വെളുത്ത രക്താണുക്കളും, ചുവന്ന രക്താണുക്കളും കുറച്ചുകാലം ജീവിക്കുന്നു, അവര്‍ ചത്തുപോകുന്നു, പുതിയതായിട്ട് ഉണ്ടാകുന്നു. അപ്പോള്‍ നിങ്ങള്‍ മാറികൊണ്ടേ ഇരിക്കുന്നു. അതുകൊണ്ടല്ലേ നമ്മള്‍ക്ക് പ്രായത്തിന്റെ ഓരോ ഫീച്ചേഴ്സും വരുന്നത്. ആ മാറുന്നതൊക്കെ നിങ്ങളുടെ കോശങ്ങളാണ്, ആ കോശങ്ങളിലൊക്കെയാണ് ജീനുകളുള്ളത്. ആ ജീനുകള്‍ മള്‍ട്ടിപ്ലെ ചെയ്യുമ്പോള്‍ തെറ്റുകള്‍ വരുന്നു. ആ തെറ്റുകള്‍ കൂടിക്കൂടി വരുമ്പോഴാണ് കാന്‍സര്‍ സാധ്യതയും കൂടുന്നത്.

അപ്പോള്‍ ഒരു ചോദ്യം. മനുഷ്യന്‍ ഒരു zygote-ല്‍ നിന്നുണ്ടായി. ഒരു സെല്ലില്‍ നിന്നാണ് എത്രയോ കോടി കോശങ്ങളുള്ള ഒരു മനുഷ്യന്‍ ഉണ്ടാകുന്നത്. ആനയോ? ആനയും ഒരു zygote-ല്‍ നിന്നാണുണ്ടാകുന്നത്. അപ്പോള്‍ ഒരു മനുഷ്യനേക്കാള്‍ എത്രയോ ഇരട്ടിയാണ് ഒരു ആനയുടെ കോശങ്ങളുടെ എണ്ണം. അപ്പോള്‍ ഈ ആനയൊക്കെ പണ്ടേ കാന്‍സര്‍ വന്ന് ചത്തുപോകണ്ടേ? എങ്ങിനെയാണ് പരിണാമത്തില്‍ ആന ബാക്കി വന്നത് എന്നുള്ളതാണ് ചോദ്യം. അതിന് കാരണം കണ്ടെത്തിയിരിക്കുന്നത് B56 എന്ന ഒരു ജീനാണ്. ഇത് tumor suppressing ആയിട്ടുള്ള ഒരു ജീനാണ്. ഇത് ആനയില്‍ ഏകദേശം 50 എണ്ണത്തോളമുണ്ട്. മനുഷ്യനില്‍ രണ്ടെണ്ണമേയുള്ളൂ. ആ ജീന്‍ നമ്മൾക്ക് കുറവാണ്. ആനക്കത് കൂടുതലാണ്. അപ്പോള്‍ multiplication rate കൂടുതലുള്ള ഒരു ജീവിക്ക് സ്വാഭാവികമായും അത് പരിണാമത്തിലൂടെ അത് സിദ്ധിച്ചിട്ടുണ്ട്. അതാണ് ഇതിന്റെ കാരണം.

അപ്പോള്‍ ഇന്ത്യന്‍ സമൂഹം താരതമ്യപ്പെടുത്തുമ്പോള്‍, കേരള സമൂഹത്തില്‍ കൂടുതല്‍ കാന്‍സര്‍ വരാനുള്ള കാരണമെന്താണ്. ഇന്ത്യന്‍ സമൂഹത്തില്‍ 60 വയസ്സിന് മുകളിലുള്ള സീനിയര്‍ സിറ്റിസന്‍സ് ആറു ശതമാനമേയുള്ളൂ. പക്ഷെ നമ്മുടെ സമൂഹത്തില്‍ (കേരളത്തില്‍) അത് പന്ത്രണ്ട് ശതമാനമുണ്ട്. കാരണം കേരളത്തില്‍ ആയുസ്സ് കൂടുതലുണ്ട്. പ്രായമായവരുടെ എണ്ണം കൂടുന്നതനുസരിച്ച് കാന്‍സറിന്റെ നിരക്ക് ഇവിടെ കൂടുന്നത്. 80 വയസ്സിന് മുകളില്‍ നോക്കിയാല്‍ കാന്‍സര്‍ സാധ്യത അഞ്ചിരട്ടിയോളമാണ്. ഇനിയും കൂടും, ഇനിയും കാലം പോകുംന്തോറും ഇനിയും ആയുസ്സ് ഇനിയും വര്‍ധിക്കും. ഒരു 80-85 വയസുവരെയൊക്കെ ആകും. അപ്പോള്‍ കാന്‍സറിന്റെ നിരക്ക് ഇനിയും കൂടുമെന്നതില്‍ സംശയിക്കേണ്ട – ഡോ ശ്രീകുമാര്‍ വ്യക്തമാക്കുന്നു.

കീമോഫോബിയ | Chemophobia എന്ന വളരെ വിജ്ഞാനപ്രദമായ ഈ വീഡിയോ മുഴുവനായും കാണുന്നതിന് യൂട്യൂബ് ചാനൽ സന്ദർശിക്കുക ലിങ്ക് – https://youtu.be/wH58fsaNR6E


Leave a Reply

Your email address will not be published. Required fields are marked *