“നിങ്ങള്‍ പറക്കുന്ന ആനയെ കണ്ടിട്ടുണ്ടോ? ഞാന്‍ കണ്ടിട്ടുണ്ടെന്ന് മാത്രമല്ല, അത് ആകാശത്തു കൂടി വന്ന് എന്റെ തലയില്‍ മൂത്രമൊഴിച്ചിട്ടുണ്ട്!!” ഡോ വൈശാഖന്‍ തമ്പിയുടെ വൈറലായ വീഡിയോ ഇങ്ങനെ


ദൃക്സാക്ഷി മൊഴിക്ക് സയന്‍സിലെ പേര് ടെസ്റ്റിമോണിയല്‍ (testimonial) അഥവാ അനക്‌ഡോട്ടല്‍ എവിഡന്‍സ് (anecdotal evidence) എന്നാണ്. സയന്‍സില്‍ ഏറ്റവും ദുര്‍ബലമായ തെളിവായിട്ട് കണക്കാക്കപ്പെടുന്ന ഒന്നാണ് ടെസ്റ്റിമോണിയല്‍ എവിഡന്‍സ്. പക്ഷെ നമ്മള്‍ നിരന്തരം കേള്‍ക്കാറുണ്ട്. ഒരു പ്രത്യേക മരുന്ന് ക്യാന്‍സറിന് ചികില്‍സിച്ചു ഭേദമാക്കാന്‍ ഇഫക്ടിവ് ആണ് എന്ന് നിങ്ങള്‍ കേള്‍ക്കുന്നെങ്കില്‍, അതിന് തെളിവായിട്ട് കേള്‍ക്കാന്‍ സാധിക്കുന്നത് മിക്കവാറും ആരുടെയെങ്കിലും അനുഭവമായിരിക്കും. ഈ അനുഭവങ്ങളെ സയസന്‍സിന് എത്രമാത്രം സ്വീകാര്യമാണ്? ഡോ വൈശാഖന്‍ തമ്പിയുടെ വൈറല്‍ ആയ ഒരു വീഡിയോയുടെ പ്രസക്ത ഭാഗങ്ങള്‍ വായിക്കാം

“ഇവിടെ ഇരിക്കുന്ന ആരെങ്കിലും പറക്കുന്ന ആനയെ കണ്ടിട്ടുണ്ടോ? കണ്ടിട്ടുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ ഒന്നു കൈ ഉയര്‍ത്തണം, പറക്കുന്ന ആനയെ കണ്ടിട്ടുള്ള ആരെങ്കിലും. കണ്ടിട്ടില്ല എന്നു കരുതാം. പക്ഷെ ഞാന്‍ നിങ്ങളോട് പറയുകയാണ് – ഞാന്‍ കണ്ടിട്ടുണ്ട്. അതൊരു പബ്ലിക് അഡ്രസ്സിന്റെ ഭാഗമായിട്ടു പറയുന്നതിന് പകരം നിങ്ങള്‍ ഓരോരുത്തരും ആയിട്ടുള്ള ഒരു വണ്‍ ടു വണ്‍ സംഭാഷണത്തിനിടയ്ക്ക്, ഞാന്‍ വളരെ ആത്മിവശ്വാസത്തോട് കൂടി പറയുകയാണ്, ഞാന്‍ പറക്കുന്ന ഒരാനയെ കണ്ടിട്ടുണ്ട്. വേണമെന്നുണ്ടെങ്കില്‍ കുറച്ചു കൂടി ഡ്രമാറ്റിക് ആയിട്ട്, ഈ പറക്കുന്ന ആന ആകാശത്തു കൂടി വന്നെന്റെ തലയില്‍ മൂത്രമൊഴിച്ചിട്ടുണ്ട് – എന്നു ഞാന്‍ പറയുകയാണ്, വളരെ കോണ്‍ഫിഡന്‍സോട് കൂടി.

കുറച്ചു കാലമായിട്ടു നിങ്ങള്‍ക്കെന്നെ അറിയാമെന്നു കരുതുക. വലിയ കുഴപ്പമുള്ള ആളല്ല, സാധാരണഗതിയില്‍ നോര്‍മലായി   സംസാരിക്കുന്ന ആളാണ്. ഞാനിങ്ങനെ ആത്മവിശ്വാസത്തോടെ ഒരു അവകാശവാദം നടത്തിയാല്‍, നിങ്ങളുടെ പ്രതികരണം എന്തായിരിക്കും?

നിങ്ങള്‍ എങ്ങനെയായിരിക്കും ആ അവകാശവാദത്തെ സ്വീകരിക്കുന്നത്? വിശ്വസിച്ച്, സമ്മതിച്ചു തരുമോ? അതോ ചോദ്യം ചോദിക്കുമോ? അതോ ആള് കൈവിട്ടു പോയി എന്നു കരുതി എഴുതിതള്ളുമോ? അതോ  ചോദ്യം ചെയ്യുമോ? ചോദ്യം ചെയ്യുമെങ്കില്‍, ഏതു തരം ചോദ്യങ്ങളാണ് ചോദിക്കാന്‍ പോകുന്നത്? അതിന് എന്തൊക്കെ മറുപടികള്‍ കിട്ടിയാലാണ് നിങ്ങള്‍ക്ക് തൃപ്തിയാവുക? അതാണ് ചോദ്യം. ആന പറക്കുകയാണെന്നു പറഞ്ഞാല്‍ വിശ്വസിക്കില്ല നിങ്ങള്‍. ഒകെ, സമ്മതിച്ചു. ഞാന്‍ പറയുന്നു നിങ്ങള്‍ ഈ ലോകത്തെ എല്ലാ ആനകളെയും കണ്ടിട്ടുണ്ടോ?… ഇല്ല, ഇവിടെ ഇരിക്കുന്ന ആരും ലോകത്തെ ആന എന്നു പറയുന്ന സ്പീഷ്യസില്‍ പെട്ട എല്ലാ ജീവികളെയും കണ്ടിട്ടുള്ള ആളാവാന്‍ സാധ്യതയില്ല.

അങ്ങിനെയാണെന്നുണ്ടെങ്കില്‍ എന്തുകൊണ്ട് പറക്കുന്ന ഒരു ആന ഉണ്ടായിക്കൂടാ? ഞാനേ കണ്ടുള്ളൂ, നിങ്ങള്‍ക്കിനിയും കാണാനുള്ള സമയം ഉണ്ടെന്നു വരും, നാളെ കണ്ടെന്നു വരും. അപ്പോള്‍ വിശ്വസിച്ചാ മതി എന്നാണെങ്കില്‍, ഇപ്പോള്‍ ഞാന്‍ പറയുന്നത് സമ്മതിച്ചു തരുമോ? എന്തായിരിക്കാം ആ ലോജിക്കല്‍ ആര്‍ഗ്യുമെന്റ്. സാധാരണഗതിയില്‍ നമ്മളുടെ അടുത്ത് ഒരാള്‍ വന്ന് ഇങ്ങനെ ഒരു അവകാശവാദം നടത്തിയാല്‍, നമുക്ക് ഒരുപാട് റീസണിംഗ് ഉണ്ടാവും. അങ്ങനെ ഒരാന പറന്നു വന്ന് അയാളുടെ തലയില്‍ മൂത്രമൊഴിച്ചിട്ടുണ്ടെന്നുണ്ടെങ്കില്‍, അയാള്‍ മാത്രമായിരിക്കില്ല കാണുക. ഇത്രയും വലിയ ഒരു ജീവി പോവുമ്പോള്‍ ഒരാള് മാത്രം കാണുവാനുള്ള സാധ്യത കുറവാണ്. വേറെ ആരെങ്കിലുമൊക്കെ കണ്ടിട്ടുണ്ടാവും. ആന പറക്കുന്നു എന്നു പറഞ്ഞുകഴിഞ്ഞാല്‍, ഇപ്പോള്‍ ഒരാള് കണ്ടു, എന്നു പറഞ്ഞങ്ങു അവഗണിക്കാനൊന്നും പോകുന്നില്ല. അതൊരു വാര്‍ത്തയാകാനുള്ള സാധ്യതയുണ്ട്, അതൊരു ചര്‍ച്ചാവിഷയമാകും. കാരണം അത് അസാധാരണമാണ്.  അപ്പൊള്‍ പല റീസണ്‍സ് നമുക്കുണ്ടാവും, പല ലൈന്‍ ഓഫ് ആര്‍ഗ്യുമെന്റിലൂടെ, നമ്മള്‍ സ്വയം തീരുമാനത്തില്‍ എത്തുകയാണ്.

എല്ലാ ആനകളെയും ഞാന്‍ കണ്ടിട്ടില്ല. പറക്കുന്ന ഒരു ആന ചിലപ്പോ ഉണ്ടായേക്കാം, ആ ആനയെ കുറിച്ചാണ് ഈ മനുഷ്യന്‍ സംസാരിക്കുന്നത് എന്ന് കരുതാം. അല്ലെന്നുണ്ടെങ്കില്‍ ഈ മനുഷ്യന്‍ ഒന്നുകില്‍ മനഃപൂര്‍വ്വം കള്ളം പറയുന്നതാണ്, അല്ലെങ്കില്‍ ഈ മനുഷ്യനൊരു തെറ്റിദ്ധാരണ സ്വയം ഉണ്ടായിട്ട്, ആത്മാര്‍ത്ഥമായി പറയുന്നതാവാം. ഇങ്ങനെ ഒരു റീസണിംഗില്‍ എല്ലാവരും എത്തും. കാരണം ഒരാള്  പറഞ്ഞു,  അനുഭവത്തില്‍ സമ്മതിച്ചു എന്നുള്ളതുകൊണ്ട് മാത്രം നമ്മള്‍ സമ്മതിച്ചു കൊടുക്കില്ല.  ഈ പറക്കുന്ന ആനയുടെ എക്സ്ട്രീം ഉദാഹരണം പറയാന്‍ ഒരു കാരണം ഉണ്ട്.  അത് എല്ലാവര്‍ക്കും പെട്ടന്ന് റീസണ്‍ ചെയ്യാന്‍ പറ്റും, പക്ഷെ പലപ്പോഴും അനുഭവങ്ങള്‍ ഇത്ര എക്സ്ട്രീം ആയിരിക്കില്ല. അപ്പോള്‍ നമ്മള്‍ ഇതിലേക്ക് എത്താന്‍ അല്പം ബുദ്ധിമുട്ടും.

സാന്ദര്‍ഭികമായി ഈ വിഷയം സംസാരിക്കുമ്പോള്‍, Occam’s razor എന്നു പറഞ്ഞിട്ടൊരു ഫിലോസഫിക്കല്‍ ടൂളിനെയൊന്നു പരിചയപ്പെടുത്താം. നമ്മള്‍ ഇത്തരം ഒരേ കാര്യത്തെ ഫലപ്രദമായി വിശദീകരിക്കുന്ന രണ്ട് വിശദീകരണങ്ങള്‍ നിങ്ങളുടെ മുന്‍പില്‍ ഉണ്ടെന്നു കരുതുക, equally effective explanations. ഇതില്‍ ഏതിനെ സ്വീകരിക്കണം എന്ന ഒരു ധര്‍മ്മസങ്കടം വരുമ്പോള്‍ നമ്മള്‍ ഉപയോഗിക്കുന്ന ഒരു ടൂള്‍ ആണ്  Occam’s razor. Occam’s razor പറയുന്നത്, ഇതില്‍ ഏറ്റവും കുറച്ച് ബേസിക് അസംപ്ഷന്‍സ് ഉള്ള വിശദീകരണമായിരിക്കും ശരിയാകാന്‍ കൂടുതല്‍ സാധ്യത.

ഒരുദാഹരണം – നിങ്ങളുടെ പറമ്പില്‍, അടുത്തടുത്തു നില്‍ക്കുന്ന രണ്ടു മരങ്ങള്‍ ഒരേ ദിശയിലേക്ക് മറിഞ്ഞു വീണു കിടക്കുന്നു. അപ്പോള്‍ ഒരാള്‍ പറയുകയാണ് ഞാന്‍ കണ്ടതാണ് ഈ മരങ്ങള്‍ വീഴുന്നത്, രണ്ടു ഉല്‍ക്കകള്‍ ഇങ്ങനെ പാരലല്‍ ആയിട്ടു വന്നു ഈ രണ്ട് മരങ്ങളെയും ഇടിച്ചു, എന്നിട്ട് ഈ രണ്ടു മരങ്ങളില്‍ തട്ടി അവിടെ നിന്ന് ചിതറി പരസ്പരം കൂട്ടിയിടിച്ച് ഇല്ലാതായി. രണ്ടുമരങ്ങളെയും തട്ടിയിട്ടു. ആ മനുഷ്യന്‍ വളരെ കോണ്‍ഫിഡനസായിട്ടു പറയുന്നു. ഇത് സാധ്യമാണോ? ഇങ്ങനെ സംഭവിക്കാമോ? അങ്ങിനെ സംഭവിച്ചു കൂടായ്കയില്ല. രണ്ടുല്‍ക്കകള്‍ വന്നേക്കാം.പക്ഷെ അതിന് ഇഫക്ടിവ് ആയിട്ട് ഇതേ പ്രതിഭാസത്തെ വിശദീകരിക്കുന്ന വേറൊരു വിശദീകരണമുണ്ട് – ഈ മനുഷ്യന്‍ കള്ളം പറയുന്നതായിരിക്കാം. ഇതിലേതിനാണ് സാധ്യത കൂടുതല്‍?

രണ്ട് ഉല്‍ക്കകള്‍ക്ക് സമാന്തരമായിട്ട് വന്ന് അടുത്തടുത്ത് നില്‍ക്കുന്ന രണ്ടു മരങ്ങളെ  ഇടിച്ചു തട്ടി ചിതറി പരസ്പരം കൂട്ടിയിടിച്ചില്ലതാവാം, കത്തിപോകാം. പക്ഷെ ഈ മനുഷ്യന്‍ കള്ളം പറയുന്നതാകാം. മൂന്നാമതൊരാള്‍ പറയുകയാണ്, കാറ്റടിച്ചു വീണാതാണെന്ന്. കാറ്റ് എപ്പോഴും ഒരേ ദിശയിലേക്കടിക്കുമ്പോള്‍, അടുത്തടുത്ത് നില്‍ക്കുന്ന മരങ്ങള്‍ ഒരേ ദിശയിലേക്ക് മറിഞ്ഞു വീഴാം. അപ്പോള്‍ നിങ്ങള്‍ പരിസരത്തുള്ള മരങ്ങള്‍ നോക്കിയാല്‍ അതെല്ലാം ആ സൈഡിലേക്ക് ചാഞ്ഞു നില്പുണ്ടെന്നുണ്ടെകില്‍, there is an effectively and more probable explanation. അപ്പോള്‍ നമ്മള്‍ പോസിബിലിറ്റിസും, പ്രോബബിലിറ്റിസും കൂടി ഇവിടെ മനസ്സിലാക്കേണ്ടതുണ്ട്. ഇത് പോസിബിള്‍ ആണോ? രണ്ടു ഉല്‍ക്കകള്‍ പാരലല്‍ ആയിട്ടു പറന്നു വന്ന് രണ്ട് മരത്തെ ഇടിച്ചാല്‍ രണ്ടു മരങ്ങളും ഒരേ ഡയറക്ഷനിലേക്ക് വീഴാം. ഒരു പക്ഷെ അത് തിയററ്റിക്കലി സാധ്യമായിരിക്കാം. It can be possible, but the question is whether it is probable. രണ്ടും രണ്ടര്‍ത്ഥമുള്ള ചോദ്യങ്ങളാണ്.


Full Video Link – https://youtu.be/Xjr061qxLbo

ഇവിടെ ഒരാള്‍ ഒരു തയ്യല്‍ സൂചി കയ്യില്‍ പിടിച്ചിട്ട് ഇവിടുന്നിങ്ങോട്ട് ഓടുകയാണ്. മറ്റൊരാള്‍ അതിനെതിരെ ഒരു നൂലിങ്ങനെ പിടിച്ചിട്ട് ഓടുകയാണ്, ഈ നൂല്‍ ഈ തയ്യല്‍ സൂചിക്കകത്ത്  കയറുമോ? കയറാനുള്ള സാധ്യതയുണ്ടോ? പ്രകൃതി നിയമങ്ങളൊന്നും തന്നെ കയറാനുള്ള സാധ്യത തടയുന്നില്ല. കേറാം.  അതിന്റെ പ്രോബബിലിറ്റി അറിയണം, അവിടെയാണ് നമുക്ക് ഈ പ്രശ്‌നം വരുന്നത്. ഇത് എത്രത്തോളം പോസിബിള്‍ ആണ്. സൂചിക്കുഴയോഗം എന്നൊരു തമാശ യോഗം ഉണ്ട്, ജ്യോത്സ്യന്‍മാരെ കളിയാക്കുന്ന ഒരു യോഗമാണ്. സൂചിക്കുഴയോഗം എന്നു പറഞ്ഞാല്‍, ജോല്‍സ്യന്‍ പറയുന്നു – മോനെ നിന്റെ ജീവിതം സുഖമായിട്ട് രക്ഷപ്പെടാനുള്ള എല്ലാ സാധ്യതകളും ഗ്രഹനില പ്രകാരം കാണുന്നുണ്ട്’. എത്രത്തോളം ഉണ്ടന്ന് ചോദിക്കുമ്പോള്‍, ഒരാള്‍ സൂചിയെടുത്തോണ്ടു ഓടുന്നു, മറ്റൊരാള്‍ നൂലെടുത്തോണ്ടു ഓടുന്നു, ഈ നൂല്‍ ഈ സൂചിക്കകത്ത് കയറാന്‍ ഒരു സാധ്യതയുണ്ടോ? പ്രോബബിലിറ്റി, അത്രയും പ്രോബബിലിറ്റി നീ രക്ഷപെടാനുള്ള സാധ്യത ഉണ്ടെന്ന്. അതാണ് സൂചിക്കുഴ യോഗം. ഏതാണ്ട് എഴുതി തള്ളുന്ന കേസിലാണ് ഇത് പറയുന്നത്.

ഇതാണ് നമ്മുടെ വിഷയം, പ്രോബബിലിറ്റി എത്രത്തോളം? ഒരു വിശദീകരണം ആകുമ്പോള്‍, അത് എന്തും ആയിക്കൊള്ളട്ടെ, അത് എത്രത്തോളം പ്രോബബിള്‍ ആണ്, അവിടെയാണ് നമ്മള്‍ anecdotal evidence-നെ പരിശോധിക്കേണ്ടത്. ഒരു സാക്ഷി മൊഴി, ദൃക്സാക്ഷി മൊഴി, എന്റെ അനുഭവമാണ്, അത് ഞാന്‍ കണ്ടതായികൊള്ളട്ടെ, കേട്ടതായികൊള്ളട്ടെ, അനുഭവിച്ചറിഞ്ഞതായികൊള്ളട്ടെ, തൊട്ടറിഞ്ഞതായികൊള്ളട്ടെ, എന്തുമായികൊള്ളട്ടെ, ദൃക്സാക്ഷി മൊഴിക്ക് സയന്‍സിലെ പേര് ടെസ്റ്റിമോണിയല്‍ അഥവാ അനക്‌ഡോട്ടല്‍ എവിഡന്‍സ് എന്നാണ്. സയന്‍സില്‍ ഏറ്റവും ദുര്‍ബലമായ തെളിവായിട്ട് കണക്കാക്കപ്പെടുന്ന ഒന്നാണ് ടെസ്റ്റിമോണിയല്‍ എവിഡന്‍സ്, പക്ഷെ നമ്മള്‍ നിരന്തരം കേള്‍ക്കാറുണ്ട്, ഇപ്പോള്‍ ഒരു പ്രത്യേക മരുന്ന് ക്യാന്‍സറിന് ചികില്‍സിച്ചു ഭേദമാക്കാന്‍ ഇഫക്ടിവ് ആണ് എന്ന് നിങ്ങള്‍ കേള്‍ക്കുന്നെങ്കില്‍, അതിന് തെളിവായിട്ട് കേള്‍ക്കാന്‍ സാധിക്കുന്നത് മിക്കവാറും ആരുടെയെങ്കിലും അനുഭവമായിരിക്കും. കാന്‍സര്‍ അല്ലെങ്കില്‍ സോറിയാസിസ് ആയിക്കൊള്ളട്ടെ അതാരുടെയെങ്കിലുമൊക്കെ അനുഭവം, അതിനെയാണ് നമ്മള്‍ ടെസ്റ്റിമോണിയല്‍, അനക്‌ഡോട്ടല്‍ എവിഡന്‍സ് എന്നു പറയുന്നത്. എനിക്ക് അനുഭവമുണ്ട് അല്ലെങ്കില്‍  കൊല്ലത്തുള്ള എന്റെ ചിറ്റമ്മയുടെ മകളുടെ ഭര്‍ത്താവിന് അനുഭവമുണ്ട്, ഇങ്ങനെ ഒരനുഭവം. അതാണ് ടെസ്റ്റിമോണിയല്‍ എവിഡന്‍സ്.”- ഡോ. വൈശാഖന്‍ തമ്പി വിശദീകരിക്കുന്നു.

ഡോ. വൈശാഖന്‍ തമ്പി അവതരിപ്പിച്ച “ശാസ്ത്രമുതലും ദൃക്സാക്ഷിയും | Science and Testimonial Evidence” എന്ന വീഡിയോയിലെ ഒരു ഭാഗമാണ് മുകളിൽ വായിച്ചത്. ഈ വീഡിയോയുടെ പൂർണരൂപം esSENSE GLOBAL യൂട്യൂബ് ചാനലിൽ കാണാം.
ലിങ്ക് – https://youtu.be/Xjr061qxLbo

 


Leave a Reply

Your email address will not be published. Required fields are marked *