മാംസാഹാരം മാത്രം കഴിച്ചു ജീവിക്കുന്ന എസ്‌കിമോകള്‍ക്ക് നമ്മളേക്കാള്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടോ; സസ്യ ഭക്ഷണം മാത്രം കഴിക്കുന്നത് നല്ലതാണോ? – ഡോ അഗസ്റ്റസ് മോറിസ്


‘മാംസാഹാരം മാത്രം കഴിച്ചു ജീവിക്കുന്ന ഒരുപാട് ജനവിഭാഗങ്ങള്‍ ഭൂമിയിലുണ്ട്. സസ്യഭക്ഷണം ഇല്ലാതെയാണ് ഉത്തരധ്രുവത്തിലെ എസ്‌കിമോകളും ജീവിക്കുന്നത്. അവിടെ ചെന്ന് നിങ്ങള്‍ പടവലവും പാവക്കയും വേണമെന്ന് പറഞ്ഞാല്‍ വളരെ ബുദ്ധിമുട്ടായി പോകും. അവിടെ തിമിംഗലത്തിന്റെ ഇറച്ചി, സീല്, റെയിന്‍ഡിയര്‍ ഇതുമാത്രമേ കിട്ടൂ. അവരും ജീവിക്കുന്നുണ്ട് ഭൂമിയില്‍. നമ്മളെക്കാളൊക്കെ ആരോഗ്യമുണ്ട്.ഈ പറയുന്ന ജീവിതശൈലീ രോഗങ്ങള്‍, അല്ലെങ്കില്‍ ശോധന ഇല്ലായ്മയോ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളോ അവിടെ കൂടുതലായി കാണുന്നില്ല’- ‘സസ്യ ഭക്ഷണം മാത്രം കഴിക്കുന്നത് നല്ലതാണോ?’ ഡോ അഗസ്റ്റസ് മോറിസിന്റെ വൈറലായ ഒരു വീഡിയോയുടെ പ്രസക്ത ഭാഗങ്ങള്‍ വായിക്കാം.
സസ്യ ഭക്ഷണം മാത്രം കഴിക്കുന്നത് നല്ലതാണോ?

‘മാംസാഹാരം മാത്രം കഴിച്ചു ജീവിക്കുന്ന ഒരുപാട് ജനവിഭാഗങ്ങള്‍ ഭൂമിയിലുണ്ട്. ഇന്ത്യയില്‍ ബുദ്ധമതം ശക്തിപ്പെട്ടപ്പോള്‍ അവരാണ് ഈ അഹിംസയുടെ ആള്‍ക്കാര്‍ ആയിട്ടിങ്ങനെ നടന്നത്. ജൈനമതക്കാരും അങ്ങിനെയാണ്. അപ്പോള്‍ അവരോടൊപ്പം പിടിച്ചു നില്‍ക്കാന്‍ മറ്റു മാര്‍ഗം ഇല്ലാഞ്ഞിട്ടാണ് കുറച്ച് ആള്‍ക്കാര്‍, എന്നാപിന്നെ നമുക്കും സസ്യാഹാരം മതി എന്നു പറഞ്ഞത്.

മനുഷ്യന്റെ തലച്ചോറിന്റെ വികാസം എന്നു പറയുന്നത് മാംസഭക്ഷണം കഴിച്ചത് കൊണ്ട് മാത്രമാണുണ്ടായത്. അല്ലെങ്കില്‍ ഈ ഒരു ജീവിക്ക് 1400 ഗ്രാം വലിപ്പമുള്ള തലച്ചോറിന്റെ ആവശ്യം ഇല്ല. ആ തലച്ചോറ് വികസിച്ചതുകൊണ്ട് മാത്രമാണ് മനുഷ്യന് ഇന്ന് ഈ ഒരു ലെവലില്‍ എത്താന്‍ പറ്റിയത്. പഴുത്ത പഴങ്ങളും, ഏതാനും വെള്ളരി പോലുള്ള ഏതേലും സാധനങ്ങളുമല്ലാതെ വേറെ എന്തെങ്കിലും മനുഷ്യന് കഴിക്കാന്‍ പറ്റുമോ? സെല്ലുലോസോ, ഹെമിസെല്ലുലോസോ ദഹിപ്പിക്കാന്‍ ശേഷിയില്ലാത്ത ജീവി എങ്ങിനെയാണ് വെജിറ്റേറിയന്‍ ആവുക? നിങ്ങള്‍ക്ക് വേണമെങ്കില്‍ പ്ലാവില വെട്ടിയിട്ടു തരാം, അല്ലെങ്കില്‍ പച്ച ഏത്തക്ക തരാം, കഴിച്ചു കാണിക്കാന്‍ പറ്റുമോ? സെല്ലുലോസിനെയോ, ഹെമിസെല്ലുലോസിനെയോ ദഹിപ്പിക്കത്തക്ക രീതിയിലുള്ള യാതൊരു ദഹനവസ്തുവും നിങ്ങളുടെ ദഹനവ്യവസ്ഥയില്‍ ഇല്ല എന്നുള്ളതാണ് വാസ്തവം.

പിന്നെ എന്തിനാണ് അല്‍പ്പം പച്ചക്കറികള്‍ കഴിക്കാന്‍ പറയുന്നത്? ഒരു ദിവസം 240 ഗ്രാം തൊട്ടു 300 ഗ്രാം വരെ പച്ചക്കറികള്‍ ഉള്‍പ്പെടുത്തണം എന്നു പറയുന്നത് മറ്റൊന്നിനുമല്ല, ഈ സെല്ലുലോസും ഹെമിസെല്ലുലോസും ദഹിക്കുകയില്ല. അത് കുടലില്‍ കിടക്കുമ്പോൾ കുറച്ചധികം ഫെര്‍മന്റ്റേഷന് (കിണ്വനം) വിധേയമാകും, അതുമായി ബന്ധപ്പെട്ട് കുറച്ചു വാതകങ്ങളൊക്കെ ഉണ്ടാകും. പക്ഷെ, ഈ സാധനം കുറച്ചധികം ജലാംശത്തെ ആഗിരണം ചെയ്യും. ഈ ജലാംശത്തെ ആഗിരണം ചെയ്യുന്നത് കൊണ്ട് നിങ്ങള്‍ക്ക് ശോധനക്ക് ഒരു സഹായകരമായ ഒരു സംഗതി ആയിട്ട് മാറും. ഇതില്ലാതെ തന്നെയാണ് ഉത്തരധ്രുവത്തിലെ എസ്‌കിമോകളും ജീവിക്കുന്നത്. അവിടെ ചെന്ന് നിങ്ങള്‍ പടവലവും പാവക്കയും വേണമെന്ന് പറഞ്ഞാല്‍ വളരെ ബുദ്ധിമുട്ടായി പോകും. അവിടെ തിമിംഗലത്തിന്റെ ഇറച്ചി, സീല്, റെയിന്‍ഡിയര്‍ ഇതുമാത്രമേ കിട്ടൂ. അവരും ജീവിക്കുന്നുണ്ട് ഭൂമിയില്‍. നമ്മളെക്കാളൊക്കെ ആരോഗ്യമുണ്ട്. ഈ പറയുന്ന ജീവിതശൈലീ രോഗങ്ങള്‍, അല്ലെങ്കില്‍ ശോധന ഇല്ലായ്മയോ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളോ വളരെ കൂടുതലായിട്ട് അവിടെ കാണപ്പെടുന്നില്ല.

അതുപോലെയുള്ള പല ജനവിഭാഗങ്ങളും ഭൂമിയില്‍ ഉണ്ട്. ഇനി, സസ്യാഹാരം കൂടുതലായാല്‍ ഉള്ള കുഴപ്പം എന്താണ്. ഈ പറഞ്ഞ സംഗതി തന്നെ, സെല്ലുലോസിനെയും ഹെമിസെല്ലുലോസിനെയും ദഹിപ്പിക്കാന്‍ പറ്റാത്തത് കൊണ്ട് ചെറുകുടലില്‍ വെച്ച് ഇവ കിണ്വനം അഥവാ ഫെര്‍മന്റെഷനു വിധേയമാകുന്നത് കൊണ്ട് ആസിഡാണ് ഉണ്ടാകുന്നത്. ആമാശയത്തില്‍ മാത്രമേ ആസിഡ് ഉള്ളൂ. വായ, അന്നനാളം ചെറുകുടല്‍, വന്‍കുടല്‍ ഇത്രയും സ്ഥലങ്ങളില്‍ ക്ഷാരഗുണമാണ് ഉള്ളത്. ക്ഷാരഗുണത്താല്‍ സമ്പുഷ്ടമായി കിടക്കുന്ന ഒരു സ്ഥലത്ത് ആസിഡ് ഉണ്ടായാല്‍, അതിന്റെ ആന്തരിക പരിതസ്ഥിതി മാറും, ഒന്ന്. രണ്ട്, കിണ്വനത്തിനു വിധേയമാക്കുമ്പോൾ ഒരുപാട് വാതകങ്ങള്‍ ഉത്പാദിപ്പിക്കും – ഹൈഡ്രജന്‍, നൈട്രജന്‍, മീഥേല്‍. നിങ്ങള്‍ ഒരുപാട് സംഗതികള്‍ വലിച്ചു വാരികഴിച്ചതിനു ശേഷം നിങ്ങളുടെ വയറ്റിനകത്ത് ഇത്തിരി കമ്പനമൊക്കെ അടിച്ചിട്ട്, നിങ്ങള്‍ പോകുമ്പോള്‍ ചില ശബ്ദമൊക്കെ ഉണ്ടാകും. അപ്പോള്‍ ആള്‍ക്കാരു ചോദിക്കുമ്പോ പറയും, പുള്ളി എയര്‍ ഇന്ത്യയുടെ ആളാണെന്ന് ചിലര്‍ പറയും. കാരണം അങ്ങിനെയാണ്, ആ വാതകത്തിനു പുറത്തു പോയേ പറ്റൂ. പലരും പറയാറുണ്ട് സസ്യഭക്ഷണം is the best… എന്നല്ല.

മാംസഭക്ഷണത്തിന്റെ പ്രിപ്പറേഷനിലാണ് കുഴപ്പം. ഞാന്‍ നേരത്തെ പറഞ്ഞു, കരിഞ്ഞ ഭക്ഷണം, അതും ഏറെ നാളായിട്ട് കഴിക്കുമ്പോഴാണ് പ്രശ്‌നം. മനുഷ്യനെന്നു പറഞ്ഞാല്‍ സസ്യഭുക്കുമല്ല, മാംസഭുക്കുമല്ല, മനുഷ്യനൊരു മിശ്രഭുക്കാണ്. പക്ഷെ തീയുടെ ഉപയോഗം ഉണ്ടെങ്കില്‍ മാത്രം. പിന്നെയും ചിലര്‍ പറയും, പച്ചകറികളൊക്കെ പച്ചക്ക് സാലഡ് ആയിട്ട് കഴിക്കൂ കഴിക്കൂ എന്ന്. ഈ സാധനത്തിനെ ആര്‍ക്കാണ് ദഹിപ്പിക്കാന്‍ പറ്റുന്നത്. സിങ്ക് ഉള്‍പ്പെടെയുള്ള മൂലകങ്ങളുടെ ആഗിരണത്തെ തടയുന്നൊരു പരിപാടിയാണ് പച്ചക്ക് കഴിക്കുന്നത്. വേവിക്കുമ്പോള്‍ കുറച്ച് പോഷകങ്ങള്‍, വൈറ്റമിന്‍ സി ഉള്‍പ്പെടെ കുറച്ചു സാധനങ്ങള്‍ നഷ്ടപ്പെടും, അറിയാം. പക്ഷെ മനുഷ്യന്റെ ദഹനവ്യവസ്ഥക്കു നല്ലത് വേവിച്ചത് തന്നെയാണ്. ഇതു മനസ്സിലാക്കാതെ കുറച്ച് ആള്‍ക്കാര് കുറെ പച്ചക്കറികള്‍ സംഗതികളൊക്കെ വലിച്ചു വാരി കയറ്റിയിട്ട് വയറ്റുവേദന, അസ്വസ്ഥത, ബുദ്ധിമുട്ട് ഒക്കെയായിട്ട് വരാറുണ്ട്. എന്തു കൊണ്ടാണെന്നു ചോദിച്ചാല്‍, ആരെങ്കിലും എന്തെങ്കിലും പറയുമ്പോള്‍ ഉടനെ എടുത്തു ചാടി അങ്ങോട്ട് പോവും. പ്രത്യേകിച്ച് എന്തെങ്കിലും അച്ചടിച്ചു വന്നു കഴിഞ്ഞാല്‍ പിന്നെ മലയാളിയുടെ കാര്യം പോക്കാണ്. ക്ഷിപ്രവിശ്വാസശീലമാണ്.’- ഡോ അഗസ്റ്റസ് മോറിസ് ചൂണ്ടിക്കാട്ടി

‘കാന്‍സര്‍ അറിയേണ്ടതെല്ലാം’ എന്ന വിജ്ഞാനപ്രദമായ ഈ വീഡിയോ മുഴുവനായി കാണുന്നതിന് യൂട്യൂബ് ചാനൽ സന്ദർശിക്കുക. ലിങ്ക് – https://youtu.be/8Iu76Kb7MtI


Leave a Reply

Your email address will not be published. Required fields are marked *