‘അങ്ങനെയാണെങ്കിൽ എസെന്‍സ് തീവ്ര ഇടതാണ്’! വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സി രവിചന്ദ്രന്‍


“വലതുപക്ഷ രാഷ്ട്രീയം മാറ്റത്തെയും (change) പരിഷ്‌കരണത്തെയും (reform) പ്രതിരോധിച്ച് തുടര്‍ച്ചയ്ക്കും (continuity) സ്ഥിരതയ്ക്കും (stability, status quo) പ്രാധാന്യം നല്‍കും. എന്നാല്‍ സമഗ്രമാറ്റവും പരിഷ്‌കരണവുമാണ് ഇടത് മുദ്രാവാക്യം. ഈ ഒരൊറ്റ മാനദണ്ഡം മാത്രം നോക്കിയാല്‍ സാര്‍വത്രിക പരിഷ്‌കരണം ലക്ഷ്യമിടുന്ന എസെന്‍സ് തീവ്ര ഇടതാണ്. മാറ്റത്തെ പ്രതിരോധിക്കുന്ന ഏറ്റവും വലിയ സാമൂഹിക സ്ഥാപനം മതമാണ്. അതേസമയം മതപക്ഷവാദവും മതപ്രീണനവും ജാതിപ്രചരണവും ആചാരസംരക്ഷണവും പാര്‍ട്ടിവിധേയത്വവും അശാസ്ത്രീയതകളും മുന്നോട്ടുവെക്കുന്ന കമ്മ്യൂണിസ്റ്റുകാരും യുക്തിവാദികളും തീവ്ര വലതു നിലപാടാണ് മുന്നോട്ടുവെക്കുന്നതെന്ന് പകല്‍പോലെ വ്യക്തമാണ്.”- സി രവിചന്ദ്രന്‍ പച്ചക്കുതിര മാസികയില്‍ എഴുതിയ ലേഖനത്തിന്റെ രണ്ടാം ഭാഗം വായിക്കാം.
ഹ്യൂമനിസത്തില്‍ ശത്രുക്കളില്ല

മുസ്ളീങ്ങള്‍ ഇന്ത്യയില്‍ ന്യൂനപക്ഷമല്ലെന്ന് പറയുന്നു എന്നൊരു ആരോപണവും വരുന്നുണ്ട്. ഗണിതപരമായി നോക്കിയാല്‍ 49% ആയാല്‍ ന്യൂനപക്ഷമായി. അത് ചാക്കോ മാഷിന്റെ കണക്കാണ്. രാഷ്ട്രീയ-സാമൂഹിക വ്യവഹാരങ്ങളില്‍ ഈ ബൈനറിഗണിതം സാധുവല്ല. മതന്യൂനപക്ഷങ്ങളുടെ കാര്യമെടുത്താല്‍ ഇന്ത്യയില്‍ ലക്ഷണമൊത്ത ന്യൂനപക്ഷങ്ങള്‍ ജൂതരും പാഴ്സികളും ബൗദ്ധരും ജൈനരുമാണ്. പിന്നെ നിരീശ്വരവാദികള്‍! ഇവരോടൊക്കെ കൊഞ്ചാനും കുഴയാനും ന്യൂനപക്ഷപ്രേമികളായ രാഷ്ട്രീയപാര്‍ട്ടികള്‍ ബദ്ധപെടുന്നത് കണ്ടിട്ടുണ്ടോ? 20 കോടി വരുന്ന (15%) ഇന്ത്യന്‍ മുസ്ളീങ്ങള്‍ ന്യൂനപക്ഷത്തിന്റെ പരിധിക്ക് പുറത്ത് നില്‍ക്കുന്ന ജനസംഖ്യയാണ്. ജര്‍മ്മനിയില്‍ ഹോളോകോസ്റ്റിന് വിധേയമായ ജൂതരുമായി (0.75%) അവരെ താരതമ്യപെടുത്തി വംശഹത്യയുടെ വരമ്പത്ത് നില്‍ക്കുന്ന ജനം എന്നൊക്കെയുള്ള ഭീതിവ്യാപാരം സംഘടിപ്പിക്കുന്നത് അപഹാസ്യമാണ്.

ഇന്ത്യയിലെ ഹിന്ദു-മുസ്ലിം മതലഹളകള്‍ ചരിത്രവസ്തുതയാണ്. പക്ഷെ വംശഹത്യ സംബന്ധിച്ച ഭീതിവ്യാപാരവും ഉന്മൂലന സിദ്ധാന്തവുമൊക്കെ ഈയാഗോ രാഷ്ട്രീയത്തിന്റെ ഉത്പന്നങ്ങളാണ്. ഹോളോകോസ്റ്റ് കാലത്ത് യൂറോപ്പിലെ മറ്റ് രാജ്യങ്ങളില്‍ ജൂതര്‍ ക്രിസ്തുവിന്റെ ഘാതകര്‍ എന്ന നിലയില്‍ നിര്‍ദ്ദയം പീഡിപിക്കപെട്ടിരുന്നു. എന്നാല്‍ മുസ്ലിങ്ങള്‍ അവിഭക്ത ഇന്ത്യയുടെ ഭരണാധികാരി വര്‍ഗ്ഗമാണ്. ഔറംഗസീബിന്റെ ഇന്ത്യന്‍ സാമ്രാജ്യം ബ്രിട്ടീഷ് ഇന്ത്യയെക്കാള്‍ വലുതായിരുന്നു. അവിഭക്ത ഇന്ത്യയില്‍ നിന്ന് ജനിച്ച മൂന്ന് രാജ്യങ്ങളില്‍ രണ്ടിലും ഇസ്ലാമിക ഭൂരിപക്ഷമാണുള്ളത്. 2021 സെന്‍സ് വരുമ്പോള്‍ ഒരുപക്ഷെ ലോകത്തെ ഏറ്റവും വലിയ മുസ്ലിം ജനസംഖ്യ ഇന്ത്യയിലായിരിക്കും. പാകിസ്ഥാന്‍ ഒഴികെ ഇന്ത്യയ്ക്ക് ചുറ്റുമുള്ള മുസ്ലിം രാജ്യങ്ങളുമായി മികച്ച വ്യാപാര-നയതന്ത്ര ബന്ധങ്ങളാണ് ഇന്ത്യയ്ക്കുള്ളത്. മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും തള്ളി മുന്നോട്ടുപോകാന്‍ ബി.ജെ.പിക്കും സാധ്യമല്ല. വര്‍ദ്ധിച്ച മുസ്ലിം-കൃസ്ത്യന്‍ അനുഭാവമുള്ള ഹിന്ദുപാര്‍ട്ടി ആയിട്ടായിരിക്കും ബി.ജെ.പി അതിജീവിക്കുക.

എസെന്‍സിന് മാനവികതയില്ലേ?

എസെന്‍സിന് മനുഷ്യത്വവും മാനവികതയുമില്ല, സയന്‍സും കടുംപിടുത്തങ്ങളുമാണ് അവര്‍ മുന്നോട്ടുവെക്കുന്നത് എന്നൊരു വ്യാജ ആരോപണവും വരുന്നുണ്ട്. Holier than you, virtue signalling തുടങ്ങിയ പരനിന്ദാപരമായ അവകാശവാദങ്ങളാണ് ഇവിടെ മുഖ്യ ഇന്ധനം. അഭിഷിക്തര്‍ (the anointed) എന്ന് സ്വയം നിരൂപിക്കുന്നവര്‍ ഈ ഒളിയമ്പ് സാഹിത്യത്തിന് നേതൃത്വം നല്‍കുന്നു. ശത്രുവിനെ ആഴത്തില്‍ മുറിവേല്‍പ്പിക്കാന്‍ പരോക്ഷ സാഹിത്യം അവതരിപ്പിക്കും. പ്രതിച്ഛായക്ക് കോട്ടം തട്ടുമെന്ന ഭീതിയില്‍ അസഭ്യം ഒഴിവാക്കും. അത് ബുദ്ധിപൂര്‍വം മറ്റുള്ളവരെകൊണ്ട് ചെയ്യിക്കും. ഭീരുത്വവും കാപട്യവും നിയന്ത്രിത അനുപാതത്തില്‍ കൂട്ടികുഴച്ച ഈ ബൗദ്ധിക സത്യസന്ധതയില്ലായ്മയുടെ ഉത്പന്നമാണ് മനുഷ്യനാകണം എന്ന ആഹ്വാനം. താന്‍ എംപതി (empathy) രാജാവാണ്, 917 മാനവികവാദിയാണ് എന്നാല്‍ മറ്റുള്ളവര്‍ അങ്ങനെയല്ല എന്നിവര്‍ വാദിക്കും.

ഇവരുടെ ഭാരംകൂടിയ മാനവികതയുടെ തെളിവ്? വിശേഷിച്ച് ഒന്നുമില്ല, സ്വയംവീര്‍പ്പിക്കലും പരനിന്ദയും കണ്ട് മനസ്സിലാക്കികൊള്ളണം! മനുഷ്യന്‍ ആകടോ എന്നൊക്കെ അന്യന്റെ മുഖത്ത് നോക്കി അലറിതിമിര്‍ക്കുന്ന മാലാഖമാര്‍ കാഴ്ചവെക്കുന്നത് ഹോമോഫോബിയക്ക് (homophobic) സമാനമായ നിലപാടാണ്. അന്യനെ തന്നില്‍ കുറഞ്ഞവനായി കാണുന്നതിലെ സുതാര്യമായ കാപട്യവും സമത്വരാഹിത്യവും അവിടെ പ്രകടമാണ്. അവകാശപെടുന്ന ഏംപതിയുടെ പത്തിലൊന്ന് അവരിലുണ്ടെങ്കില്‍ ഇത്തരം വീമ്പിളക്കലും പരനിന്ദയും അസാധ്യമായിരിക്കും. കുറെക്കൂടി മര്യാദയും അനുതാപവും ബന്ധങ്ങളിലും പ്രതികരണങ്ങളിലും നിഴലിക്കും. ഇനി, മറ്റ് മനുഷ്യര്‍ക്ക് എംപതി കുറവാണ് എന്നവര്‍ ശരിക്കും ചിന്തിക്കുന്നുവെങ്കില്‍ ജൈവികവും ജനിതകപരവുമായ ന്യൂനതകളെ അപഹസിക്കുന്നത് ബോഡിഷെയ്മിംഗിനെക്കാള്‍ വലിയ തെറ്റാണെന്ന് തിരിച്ചറിയണം.

ഭരണഘടന അട്ടിമറിക്കുക എളുപ്പമാണോ?

സംഘപരിവാര്‍ ശക്തികള്‍ രാജ്യത്തെ ഭരണഘടനതന്നെ അട്ടിമറിക്കാന്‍ പോകുമ്പോള്‍ എസെന്‍സിന് ആശങ്കയില്ലേ? ഭരണഘടന അട്ടിമറിക്കുക അത്ര എളുപ്പമാണെന്ന് കരുതുന്നില്ല എന്നതാണ് ഉത്തരം. ആര്‍ട്ടിക്കിള്‍ 368 പ്രകാരം പരിഷ്‌കരണം ഭരണഘടന അനുവദിക്കുന്നുണ്ട്. എങ്കിലും ഭരണഘടനയുടെ അടിസ്ഥാന ഘടന (basic features) മാറ്റാനാവില്ലെന്ന് സുപ്രീംകോടതി വിധിയുണ്ട്. ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപബ്ലിക്കാണ്. ആ നില മാറ്റുക ഭരണഘടനാപരമായും നിയമപരമായും എളുപ്പമല്ല. സോഷ്യലിസംപോലുള്ള സാമ്പത്തിക അന്ധവിശ്വാസങ്ങള്‍ എടുത്ത് മാറ്റുന്നതിനോട് വിയോജിപ്പില്ലതാനും. ഗാന്ധിയന്‍ എക്കണോമിക്സും സ്വദേശിയും സോഷ്യലിസവും നിയന്ത്രിത കാപിറ്റലിസവുമൊക്കെ ചേര്‍ന്ന ഒരു അവിയല്‍ സാമ്പത്തിക നയമാണ് ബി.ജെ.പി പിന്തുടരുന്നത്.

സര്‍വാധികാരം കിട്ടിയാല്‍ ഭരണഘടന അട്ടിമറിക്കുമെന്ന് ഉറപ്പുള്ള മറ്റ് രണ്ട് ശക്തികള്‍ ഇസ്ലാമും കമ്മ്യൂണിസവുമാണ്. ചൈനയുടെ ആര്‍മിപോലും ചൈനയുടേതല്ല, ചൈനീസ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടേതാണ്. പക്ഷെ ഇന്ത്യയില്‍ ഇരുകൂട്ടര്‍ക്കും സ്‌കോപ് കുറവാണ്. ഭരണഘടനയുടെ അടിസ്ഥാനഘടനയും സ്വാഭാവവും അട്ടിമറിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍, ആ ദിശയിലുള്ള ശ്രമങ്ങളെ രൂക്ഷമായി എതിര്‍ക്കാന്‍ എസെന്‍സ് മുന്നണിയിലുണ്ടാകും.

ജാതിസംവരണം ദളിത് പ്രശ്നമോ?

മറ്റൊരു ചോദ്യം സംവരണത്തെ കുറിച്ചുള്ളതാണ്. എനിക്ക് സംവരണം എന്ന ആശയത്തോട് തന്നെ യോജിപ്പില്ല. ജാതി-സാമ്പത്തിക-പാര്‍ട്ടി സംവരണങ്ങള്‍ മുതല്‍ പണ്ട് നിലവിലിരുന്ന മേല്‍ജാതി അലിഖിത സംവരണം വരെ ഈ പട്ടികയില്‍പെടും. എല്ലാ സംവരണവും സമത്വവിരുദ്ധമാണ്. പൊതു മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവിധം അവശരും പിന്നാക്കവും ആയവരൊഴികെ മറ്റാര്‍ക്കും സവിശേഷ പരിഗണനയോ പ്രിവിലേജോ കൊടുക്കരുത്. അവസരസമത്വം (equality of opportunities) എല്ലാവര്‍ക്കും ഉണ്ടാകണം. ഫലസമത്വം (equality of outcome) ബലപ്രയോഗത്തിലൂടെ നടപ്പിലാക്കുന്നത് അനീതിയാണ്. ജാതി നിര്‍മാര്‍ജനമാണ് പുരോഗമന രാഷ്ട്രീയക്കാര്‍ ലക്ഷ്യമിടേണ്ടത്. ജാതി അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വീതംവെക്കുന്നത് ജാതീയത പോഷിപ്പിക്കും.

പുകവലിക്കാര്‍ക്കേ ആനുകൂല്യമുള്ളൂ എന്ന് വന്നാല്‍ ജനം പുകവലി ശീലമാക്കും, ശീലിച്ചവര്‍ ഉപേക്ഷിക്കുകയുമില്ല. ആനുകൂല്യം ഉള്ളതുകൊണ്ടാണോ ജനം പുകവലിക്കുന്നത്, അത് വരുന്നതിന് മുമ്പും പുകവലി നിലവില്‍ ഇല്ലേ എന്നീ ചപല ചോദ്യങ്ങളൊക്കെ അവിടെ അപ്രസക്തമാണ്. ജാതിസംവരണം ദളിത് പ്രശ്നമാക്കുന്നത് ഒരു ഗീബല്‍സിയന്‍ തന്ത്രമാണ്. കേരളത്തില്‍ മൊത്തം ജാതിസംവരണത്തിന്റെ 83.3% ദളിത് ഇതര ജാതികള്‍ക്കാണ്. അപ്പോള്‍ അടിച്ചമര്‍ത്തലും ജാതിവിവേചനവുമൊക്കെ പൊയ് വെടികളാണ്. എങ്കിലും ഹമാസ് കുട്ടികളെയും സ്ത്രീകളെയും മുന്നില്‍ നിറുത്തി പിറകില്‍നിന്നും റോക്കറ്റ് തൊടുക്കുന്നതുപോലെ സംവരണവിരുദ്ധത സമം ദളിത്വിരുദ്ധത എന്ന കപട മുദ്രാവാക്യം ഉയര്‍ത്തിയാണ് സംവരണയുദ്ധങ്ങള്‍ കൊഴുപ്പിക്കുന്നത്. ഇന്ന് സര്‍വജാതിസംവരണമാണ് നിലവിലുള്ളത്. ജാതിയും മതവുമില്ലാത്തവര്‍ പോലും ജാതിസംവരണം ആവശ്യപ്പെടുന്നു! അനീതിയിലൂടെ നീതിയും നീതിയിലൂടെ അനീതിയും അസാധ്യമാണ്. അനീതി തുടങ്ങിവെച്ചാല്‍ പ്രശ്നപരിഹാരം ലോകമെമ്പാടും സമാനമാണ്. ഫലം എല്ലാവര്‍ക്കുമായി വീതിക്കേണ്ടിവരും. എല്ലാവര്‍ക്കും കിട്ടിയാല്‍പിന്നെ പരാതി പറയാന്‍ ആളുണ്ടാവില്ല. കുറച്ച് പേര്‍ക്ക് സൗജന്യനിരക്കില്‍ വില്‍പ്പന നടത്താം എന്ന് തീരുമാനിക്കുന്ന വ്യാപാരിക്ക് ആത്യന്തികമായി സൗജന്യം എല്ലാവര്‍ക്കും കൈമാറേണ്ടിവരും.

നൂറ്റാണ്ടുകളായി വിവേചനം നേരിടന്നുവരെ കൈ പിടിച്ച് കയറ്റുന്ന ധനാത്മക വിവേചനമാണ് ജാതിസംവരണം എന്ന തെറ്റായ വൈകാരികയുക്തി പരിശോധിക്കപെടേണ്ടതുണ്ട്. പിന്നാക്കം നില്‍ക്കുന്നവര്‍ക്കും അവശര്‍ക്കും ജാതിസംവരണം ഒരിക്കലും തുണയേകുന്നില്ല എന്നതാണ് വസ്തുത. സംവരണം തുണയ്ക്കുന്നത് ജാതിപ്രഭുക്കളെയും പ്രഭുജാതികളെയും മാത്രമാണ്. മുന്നാക്കം നില്‍ക്കുന്ന, അവശരല്ലാത്ത, മികവില്‍ മുമ്പന്തിയിലുള്ളവര്‍ക്ക് മാത്രമാണ് സംവരണനേട്ടം ലഭിക്കുന്നത്. ഏത് ജാതിയെ സംബന്ധിച്ചും അതാണ് അവസ്ഥ. മുന്‍നിര നേട്ടംകൊയ്യും, ഭാവി തലമുറകള്‍ക്ക് കൈമാറും. അവശരും പിന്നാക്കക്കാരും അനുസ്യൂതമായി പിന്തള്ളപെടും. വിശപ്പിന് പരിഹാരം എന്ന നിലയില്‍ ഒരു കൂട്ടത്തിലേക്ക് വലിച്ചെറിയുന്ന ഭക്ഷണപൊതികള്‍ ചാടിപിടിക്കുന്നത് ഉയരമുള്ള, മുമ്പ് ഭക്ഷണം ലഭിച്ച കരുത്തരായിരിക്കും. അവശനും പട്ടിണിക്കാരനും അത് ലഭിക്കില്ല. കാരണം അവര്‍ക്ക് ലഭിക്കണം എന്ന ലക്ഷ്യം ആ വലിച്ചെറിയലിന് ഇല്ല.

അവശരെ സഹായിക്കലാണ് ജാതിസംവരണത്തിന്റെ ലക്ഷ്യം എന്ന് അവകാശപെടുന്നവര്‍ അവര്‍ക്ക് വേണ്ടി സംവരണക്യൂവില്‍ നിന്ന് മാറി നില്‍ക്കുമോ? അവശരെയും സഹായിക്കലാണ് ലക്ഷ്യമിടുന്നതെങ്കില്‍ പരീക്ഷയിലും ഇന്റര്‍വ്യുവിലും ഉയര്‍ന്ന മാര്‍ക്ക് നേടുന്ന മുന്‍നിര റാങ്കുകാരെ നിയമിക്കുന്നതിലൂടെ ജാതിസംവരണത്തിന്റെ മുഖ്യലക്ഷ്യത്തെ അട്ടിമറിക്കുകയാണ്. എല്ലാവര്‍ക്കും മിനിമംയോഗ്യത ഉണ്ടെന്നിരിക്കെ സംവരണ ഊഴത്തില്‍ നിയമിക്കേണ്ടത് ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്നവരെയല്ലേ? കുറഞ്ഞ മാര്‍ക്ക് അവരുടെ മുന്‍ഗാമികള്‍ അനുഭവിച്ച വിവേചനത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ജീവിതസാഹചര്യങ്ങളുടെയും സാക്ഷ്യപത്രമാകുന്നു. സംവരണസാഹിത്യത്തിലെ സുതാര്യമായ കാപട്യമാണ് ഇവിടെ പ്രകടമാകുന്നത്. ജാതിസംവരണത്തിന് വേണ്ടി വീറോടെ വാദിക്കുന്ന മാനേജുമെന്റുകള്‍ സ്വജാതിയിലെ യോഗ്യതയുള്ള പിന്നാക്കകാര്‍ക്കാണോ ജോലി കൊടുക്കുന്നത്? സാമ്പത്തികസംവരണത്തിന് വേണ്ടി വാദിക്കുന്ന മാനേജുമെന്റുകള്‍ സ്വജാതിയിലെ യോഗ്യതയുള്ള ദരിദ്രരെയാണോ തിരഞ്ഞെടുക്കുന്നത്? ഉത്തരം നമുക്കറിയാം. ഭരണത്തിലിരിക്കുന്ന പാര്‍ട്ടിക്കാര്‍ സകല പദവികളും സ്വന്തമാക്കുന്നതിനെ കുറിച്ച് എല്ലാവരും രോഷത്തോടെ പ്രതികരിക്കുന്നത് കാണാം. പാര്‍ട്ടിക്കാരില്‍തന്നെ സമ്പന്നരും പ്രബലരും എല്ലാം അടിച്ചുമാറ്റുന്നു എന്നുമവര്‍ വിലപിക്കും, ഏതിനം സംവരണത്തിലും അന്തര്‍ലീനമായ സമത്വവിരുദ്ധതയും അനീതിയും പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് പാര്‍ട്ടി സംവരണം നല്ലൊരു കേസ് സ്റ്റഡിയാണ്.

എന്താണ് വലതുപക്ഷം?

എസെന്‍സിനെതിരെ ഉന്നയിക്കപെടുന്ന മറ്റൊരു യമണ്ടന്‍ ആരോപണം അതൊരു വലതുപക്ഷ സംഘടനയാണ് എന്നതാണ്. വലതുപക്ഷ മൂല്യങ്ങള്‍ ഒളിച്ചുകടത്തുന്നു, പൊതുബോധത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുന്നു എന്നൊക്കെയാണ് അധിക്ഷേപങ്ങള്‍. ഇതുകേള്‍ക്കുമ്പോള്‍, സന്ദേശം സിനിമയിലെ വരണ്ട താത്വിക ചര്‍ച്ചകള്‍ ഓര്‍മ്മവരുന്നുണ്ടോ? അതല്ലെങ്കില്‍ കാറ്റാടിമരങ്ങളോട് യുദ്ധംചെയ്യുന്ന ഡോണ്‍ ക്വിക്സോട്ടിനെ?

താന്‍ ബ്രഹ്‌മജ്ഞാനം സിദ്ധിച്ചവനാണ് എന്ന വാദംമുതല്‍ ഞങ്ങളുടെ കുടുംബം നമ്പൂതിരിമാരില്‍ നിന്നും മാര്‍ഗ്ഗം കൂടിയതാണ് എന്നുവരെ പാരമ്പര്യ-പദവി വാദങ്ങള്‍ നിര്‍ലജ്ജം എഴുന്നെള്ളിക്കുന്ന മലയാളികളുണ്ട്. അതുപോലെയാണ് താനൊരു ഇടതുപക്ഷം ആണ്, എന്നെ ബഹുമാനിക്കാന്‍ പഠിക്കൂ എന്ന പ്രചരണവുമായി പലരും ശോകരായി ഉഴറുന്നത്. ഇടത് എന്നാല്‍ ഗ്രേഡ് കൂടിയ ആളാണ്, പുരോഗമനവാദിയാണ്, മാനവികബോധം ഉള്ള ആളാണ് പരിഷ്‌കരണവാദിയാണ് എന്നൊക്കെയാണ് ഇവര്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥം. ചെയ്യുന്നതും പറയുന്നതും ശരിയും ധാര്‍മ്മികവും വസ്തുതാപരവുമാണോ എന്നല്ലേ പരിശോധിക്കേണ്ടത് എന്ന് നാം ചോദിക്കുമ്പോള്‍ അതല്ല ഇടത് ആവുകയാണ് പ്രധാനം എന്ന നിലയിലാണ് ഇക്കൂട്ടരുടെ മറുപടി. അവരുടെ പട്ടികയില്‍ എബ്രഹാം ലിങ്കണ്‍ മുതല്‍ ഇമ്മാനുവല്‍ മക്രോണ്‍വരെ വലതുപക്ഷണാണ്. ഈ വലതുപക്ഷ ചാപ്പ സത്യത്തില്‍ പഴയൊരു ഐറ്റമാണ്. സി.പി.ഐ യെ വലത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നാണ് വിളിച്ചിരുന്നത്. ഗ്രൂപ്പ് യുദ്ധകാലത്ത് പിണറായിവിജയനും കൂട്ടരും സി.പി.എമ്മില്‍ വലതുവ്യതിയാനം കൊണ്ടുവരുന്നു എന്നായിരുന്നു വി.എസ് പക്ഷത്തിന്റെ ആരോപണം. അത്തരം വാചാടോപങ്ങളുടെ ഇന്നത്തെ അവസ്ഥ എന്താണ്?

വസ്തുതയും തെളിവും പരിഗണിച്ച് മാനവികതയുടെ വെളിച്ചത്തില്‍ ശരിയായ നിലപാട് സ്വീകരിക്കുക എന്ന നയമാണ് എസെന്‍സ് സ്വീകരിക്കുന്നത്. തെളിവുകള്‍ നയിക്കട്ടെ എന്ന് വാദിക്കുന്ന ഒരു കൂട്ടായ്മക്ക് ഏതെങ്കിലും പക്ഷത്ത് നില്‍ക്കും എന്ന് മുന്‍കൂറായി ഉറപ്പ് നല്‍കാനാവില്ല. എന്താണോ ശരി, എന്താണോ വസ്തുതാപരം, എന്തിനാണോ തെളിവുള്ളത്, എന്താണോ മാനവികം-അതാണ് എസെന്‍സ് സ്വീകരിക്കുന്ന പക്ഷം. അല്ലാതെ ഞങ്ങള്‍ ഇടതാണ് അല്ലെങ്കില്‍ വലതാണ് എന്ന പാരമ്പര്യബോധത്തില്‍ അധിഷ്ഠിതമായ പക്ഷാഘാത മുന്‍വിധികളല്ല. എസെന്‍സിന് പ്രധാനം സ്വാതന്ത്ര്യമാണ്, വട്ടക്കയറുകളല്ല. കേരളത്തിലെ യുക്തിവാദം ഇടതുപക്ഷമാണ് എന്നതാണ് മറ്റൊരു അവകാശവാദം. ആയിക്കോട്ടെ, ആര്‍ക്കാണെതിര്‍പ്പ്? മതപക്ഷപാതിത്വം, ജാതിപ്രചരണം, രാഷ്ട്രീയവിധേയത്വം എന്നിവ അനുപമമായി കാണുന്നവര്‍ മറ്റേതെങ്കിലും പക്ഷപാതിത്വംകൂടി അവകാശപെടുന്നെങ്കില്‍ അതവരുടെ ആഭ്യന്തരകാര്യം മാത്രമാണ്. എസെന്‍സിന് അതില്‍ വിശേഷിച്ച് അഭിപ്രായമൊന്നുമില്ല.

ഇത്രയും പറഞ്ഞ സ്ഥിതിക്ക് എന്താണ് രാഷ്ട്രീയത്തില്‍ വലതുംഇടതും എന്നു പരിശോധിക്കുന്നതില്‍ തെറ്റില്ല. ഫ്രഞ്ച് വിപ്ലവകാലത്ത് രാജാധികാരത്തെ അനുകൂലിച്ചവര്‍ നാഷണല്‍ അസബ്ളിയുടെ വലതുവശത്തും എതിര്‍ക്കുന്നവര്‍ ഇടതുവശത്തും സ്ഥാനംപിടിച്ചു എന്ന് പറയപെടുന്നു. രണ്ടിലും പെടാത്ത മിതവാദികള്‍ മധ്യത്തില്‍ ഇരുന്നോ എന്ന് വ്യക്തമല്ല. രാജാവിന്റെ നോട്ടത്തില്‍ ഇടത് ഇരിക്കുന്നവര്‍ രാജാവിനെ നോക്കുന്നവരുടെ വലതായിരിക്കും. അപ്പോള്‍ ആര് ആരെ നോക്കിയാണ് വലതും ഇടതും തീരുമാനിച്ചത് എന്ന കുസൃതിചോദ്യം കടന്നുവരുന്നു! എന്തായാലും രാജഭരണംപോകണം ജനാധിപത്യം പുലരണം എന്നാഗ്രഹിച്ചവരാണ് ഇടത് എന്ന് പൊതുവായി മനസ്സിലാക്കാം. രാജാവ് പോയി രാജഭരണത്തിന്റെ പുളിയും പോയി. ഇന്ന് ഇടതു-വലത് ബൈനറികള്‍ നിശ്ചയിക്കാന്‍ പുതിയ മാനദണ്ഡങ്ങളും ചാര്‍ത്തുകളും ഉണ്ട്. വ്യത്യസ്ത വര്‍ഗ്ഗീകരണങ്ങളും നിര്‍വചനങ്ങളും ലഭ്യമാണ്. എങ്കിലും പൊതുവെ ആവര്‍ത്തിക്കപെടുന്ന ചില മാനദണ്ഡങ്ങള്‍ പരിശോധിച്ചാല്‍ ഇടത് എന്ന് സ്വയം അടയാളപെടുത്തുന്ന പലര്‍ക്കും തങ്ങള്‍ തീവ്ര വലതാണല്ലോ എന്ന് വിലപിക്കേണ്ടി വന്നേക്കാം.

എസെന്‍സ് തീവ്ര ഇടതാണ്!

ആദ്യത്തെ മാനദണ്ഡം ഇതാണ്: വലതുപക്ഷ രാഷ്ട്രീയം മാറ്റത്തെയും(change) പരിഷ്‌കരണത്തെയും (reform) പ്രതിരോധിച്ച് തുടര്‍ച്ചയ്ക്കും (continuity) സ്ഥിരതയ്ക്കും (stability, status quo) പ്രാധാന്യം നല്‍കും. എന്നാല്‍ സമഗ്രമാറ്റവും പരിഷ്‌കരണവുമാണ് ഇടത് മുദ്രാവാക്യം. ഈ ഒരൊറ്റ മാനദണ്ഡം മാത്രം നോക്കിയാല്‍ സാര്‍വത്രിക പരിഷ്‌കരണം ലക്ഷ്യമിടുന്ന എസെന്‍സ് തീവ്ര ഇടതാണ്. മാറ്റത്തെ പ്രതിരോധിക്കുന്ന ഏറ്റവും വലിയ സാമൂഹിക സ്ഥാപനം മതമാണ്. മതത്തെയും രാജാധിപത്യത്തെയും സ്വച്ഛാധിപത്യത്തെയും അതിരൂക്ഷമായി എതിര്‍ക്കുന്ന സ്വതന്ത്ര സമീപനമാണ് എസെന്‍സ് സ്വീകരിക്കുന്നത്. അതേസമയം മതപക്ഷവാദവും മതപ്രീണനവും ജാതിപ്രചരണവും ആചാരസംരക്ഷണവും പാര്‍ട്ടിവിധേയത്വവും അശാസ്ത്രീയതകളും മുന്നോട്ടുവെക്കുന്ന കമ്മ്യൂണിസ്റ്റുകാരും യുക്തിവാദികളും തീവ്ര വലതു നിലപാടാണ് മുന്നോട്ടുവെക്കുന്നതെന്ന് പകല്‍പോലെ വ്യക്തമാണ്.

ഇടതു രാഷ്ട്രീയത്തിന് മതവുമായി ഐക്യപെടാനോ മതസംരക്ഷണം ഏറ്റെടുക്കാനോ മതവിമര്‍ശനത്തെ തള്ളിപറയാനോ സാധിക്കില്ല. ഇവ മൂന്നും ഉത്സാഹപൂര്‍വം ചെയ്യുന്നവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരും പാരമ്പര്യയുക്തിവാദികളും. യുക്തിവാദത്തിന്റെ കാര്യത്തില്‍പോലും പാരമ്പര്യവും മാമൂലുകളുമാണ് അവര്‍ മുറുകെ പിടിക്കുന്നത്. ജാതീയതയിലും ജ്യോതിഷത്തിലും വിശ്വസിച്ചിരുന്ന, ക്ഷേത്രശിലാസ്ഥാപനം നടത്തിയ, ശബരിമല തീര്‍ത്ഥാടനത്തെ വിമര്‍ശിച്ചവരെ പരിഹസിച്ച സമുദായ പരിഷ്‌കര്‍ത്താവായിരുന്നു ജീവാതാന്ത്യംവരെ എസ്.എന്‍.ഡി.പി നേതാവ് കൂടിയായിരുന്ന സഹോദരന്‍ അയ്യപ്പന്‍ എന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍മാര്‍ വരച്ചുകാണിക്കുന്നുണ്ട്. ജാതിസംവരണ സീറ്റില്‍ ജയിച്ച് മന്ത്രപദം അലങ്കരിച്ച ഇദ്ദേഹമാണ് കേരളത്തിലെ യുക്തിവാദികളുടെ ആത്യന്തിക അതോറിറ്റി.

ഒരു വ്യക്തിയിലേക്ക് അതോറിറ്റിയിലേക്കും ചുരുങ്ങുക എന്നതു തന്നെ സ്വതന്ത്രചിന്തയ്ക്കും യുക്തിവാദത്തിനും വിരുദ്ധമാണെന്നും അവര്‍തന്നെ പറയാറുണ്ട്. കേരളത്തില്‍ അയ്യപ്പനും തമിഴ്നാട്ടില്‍ പെരിയാറും ഇത്തരത്തില്‍ അതോറിറ്റി ആയി മാറിയവരാണ്. എസെന്‍സില്‍ മിക്ക വിഷയങ്ങളിലും ഏകാഭിപ്രായമില്ല. ജാതിസംവരണം, കെ.റെയില്‍, കാര്‍ഷികനിയമം തുടങ്ങിയ വിഷയങ്ങളില്‍ എന്നോട് വിയോജിക്കുന്നവര്‍ എസെന്‍സിലുണ്ട്. പെരിയാര്‍ നാസ്തികനായിരിന്നു, അയ്യപ്പനോ? അയ്യപ്പന്‍ നാസ്തികനാണെങ്കില്‍ സവര്‍ക്കറും നാസ്തികനാണ്! അല്ലെങ്കിലും ഇരുവരും അല്ല. കുറെയേറെ അന്ധവിശ്വാസങ്ങളെ തള്ളുകയും മറ്റു ചിലവയെ ആദരിക്കുകയും ചെയ്യുന്നതാണ് നാസ്തികതയെങ്കില്‍ ഇപ്പോള്‍ കേരളത്തില്‍ അന്ധവിശ്വാസവിരുദ്ധ കാമ്പെയിനില്‍ പങ്കെടുക്കുന്ന സമുദായനേതാക്കളെയും സ്വാമിമാരുമൊക്കെ ഭാവിയില്‍ ആരെങ്കിലും നാസ്തികര്‍ ആയാല്‍ അത്ഭുതപെടേണ്ടതില്ല. വലതുപക്ഷം മിത്തിലും പാരമ്പര്യത്തിലും അഭിരമിക്കുമ്പോള്‍ ഇടതുപക്ഷം യുക്തിചിന്തയും ബൗദ്ധികചിന്തയും മുറുകെപിടിക്കും എന്നതാണ് മറ്റൊരു വ്യവസ്ഥ.

തെളിവുകള്‍ നയിക്കട്ടെ (Let Evidence Lead) എന്ന നിലപാടുമായി ഭാവനയെക്കാള്‍ വസ്തുതകള്‍ക്കും വൈകാരികതയെക്കാള്‍ വൈചാരികതയ്ക്കും മുന്‍തൂക്കും കൊടുക്കുന്ന എസെന്‍സ് ദൈവവിശ്വാസം ഉള്‍പ്പടെയുള്ള നാനാജാതി മത-മതേതര അന്ധവിശ്വാസങ്ങളെയും നിരാകരിക്കുന്നു. അതേസമയം ജാതിരഹിതര്‍ക്കിടയില്‍കൂടി ജാതീയതയും മതസ്വത്വബോധവും കുത്തിവെക്കുകയും മതരഹിതര്‍ അവര്‍ പുറത്തുവന്ന മതത്തെ മാത്രം വിമര്‍ശിച്ചാല്‍ മതിയെന്ന ഫത്വ പുറപെടുവിക്കുകയും ചെയ്യുന്നവരാണ് കേരളത്തിലെ പാരമ്പര്യ യുക്തിവാദികള്‍! മുസ്ളിം സ്ത്രീകളെ മുസ്ലിം ഗൈനക്കോളജിസ്റ്റുകള്‍ പരിശോധിച്ചാല്‍ മതിയെന്ന് തള്ളിവിടുന്ന മതവെറിയരെ പിന്തുടര്‍ന്ന് ഇസ്ലാംവിട്ടവര്‍ മാത്രം ഇസ്ലാമിനെ വിമര്‍ശിക്കാവൂ എന്ന ഫത്വയും അവര്‍ പുറത്തിറക്കിയിരുന്നു. മനുഷ്യരെ ശ്രേണിബദ്ധമായി വേര്‍തിരിക്കുന്ന ജാതി വ്യവസ്ഥ മാറ്റാനാവില്ല, മാറ്റാന്‍ ശ്രമിക്കുന്നവര്‍ ജാതി ഒളിച്ചുകടത്തുന്നവരാണ്, ജാതി ചോദിക്കണം, പറയണം, ചിന്തിക്കണം എന്നൊക്കെ വാദിക്കുകയും ജാതിനിര്‍മൂലനം മുന്നോട്ടുവെക്കുന്നവരെ പരിഹസിക്കുകയും ചെയ്യുന്നതാണ് ഇക്കൂട്ടരുടെ മറ്റൊരു വിനോദം. അതാണത്രെ ഇടതു രാഷ്ട്രീയം!

ജാതിരഹിതരെ പരിഹസിക്കുന്നവര്‍

ജാതിരഹിത ഭാവിയെകുറിച്ച് പോസിറ്റീവായി ചിന്തിക്കാന്‍ ആഹ്വാനം ചെയ്യുമ്പോള്‍ ജാതിവെറി നിലനിന്ന ഭൂതകാലത്തില്‍ ജീവിക്കാനാണ് പാരമ്പര്യ യുക്തിവാദികള്‍ മലയാളികളോട് ആവശ്യപെടുന്നത്. ചോരുന്ന ഇരുട്ടിനെ തിരികെപിടിക്കണം എന്നാണവരുടെ ദുശാഠ്യം. ഇവിടെ ജാതി ഉണ്ടായിരുന്നു, ഇന്നും കുറഞ്ഞ തോതിലെങ്കിലും നിലനില്‍ക്കുന്നു, എങ്കിലും അത് തുടരുന്നത് ആധുനിക നാഗരികതയ്ക്ക് ചേര്‍ന്ന കാര്യമല്ല, ഒഴിവാക്കാന്‍ സാധിക്കുന്ന ഇടങ്ങളിലെല്ലാം ജാതി മറന്ന് മുന്നേറണം എന്നൊക്കെയുള്ള നിലപാടാണ് പുരോഗമന രാഷ്ട്രീയം. എന്നാല്‍ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ ജാതി കോളത്തില്‍ Nil എന്നെഴുതുന്നവരെ പരിഹസിക്കുന്നവരാണ് പാരമ്പര്യ യുക്തിവാദികള്‍! Nil എന്നത് മേല്‍ജാതി ഒളിച്ചുകടത്തുന്നതിനുള്ള കുറുക്കുവഴിയാണത്രെ.

ഇടതുപക്ഷം സമത്വത്തിന്(equality) വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ വലതുപക്ഷം ശ്രേണീബദ്ധമായ (Hierarchical) സാമൂഹ്യവ്യവസ്ഥയെ പിന്തുണയ്ക്കുന്നവരാണ്. വിരോധാഭാസമെന്ന് പറയട്ടെ, ശ്രേണീ ബദ്ധമായ ജാതിവ്യവസ്ഥയ്ക്ക് വേണ്ടി നിലകൊള്ളുന്ന, സമത്വവിരുദ്ധ പരിഗണനകള്‍ക്കും പ്രിവിലേജുകള്‍ക്കുമായി നിരന്തരം വാദിക്കുന്നവരാണ് കേരളത്തിലെ ഇടത് യുക്തിവാദികള്‍! തുല്യത ഇല്ലാത്തവരെ തുല്യരായി കാണാനാവില്ല എന്നതാണ് ഭംഗിവാക്യം. തുല്യത ഇല്ലെന്ന വാദം പോകട്ടെ, തുല്യരായി കാണാനാവില്ലെന്ന കാഴ്ചപാട് പിന്തിരിപ്പനാണ്. തുല്യരാണെന്നും തുല്യരാവണമെന്നും സാഹചര്യങ്ങളിലെ വ്യത്യാസങ്ങള്‍ പരിഹരിക്കപെടണം എന്നതുമാണ് ഇടതു നിലപാട്. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല, തങ്ങള്‍ ഇടതര്‍ ആണെന്ന് ആദ്യം തന്നെ നെറ്റിയില്‍ എഴുതി ഒട്ടിച്ചിട്ടുണ്ട്!

വലതുപക്ഷം പാരമ്പര്യവാദത്തെ (Heteronomy) പിന്തുണയ്ക്കുമ്പോള്‍ ഇടതുപക്ഷം വ്യക്തിയുടെ സ്വയംഭരണാവകാശം (Autonomy) പ്രധാനമായി കാണുന്നവരാണ്. വലതുപക്ഷം മനുഷ്യരെ കൂട്ടങ്ങളായും ഗോത്രങ്ങളായും കാണുമ്പോള്‍ അവിടെ വ്യക്തിക്കും വ്യക്തിസ്വാതന്ത്ര്യത്തിനും പരിമിത പ്രസക്തിയേ ഉള്ളൂ. വ്യക്തി കൂട്ടത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കും കീഴടങ്ങണം. കുടുംബത്തിന് വേണ്ടി വ്യക്തിയെ ത്യജിക്കാം, ഗ്രാമത്തിനു വേണ്ടി കുടുംബത്തെയും രാജ്യത്തിനുവേണ്ടി ഗ്രാമത്തെയും ത്യജിക്കാം എന്നവര്‍ പറയും. എന്നാല്‍ ഇടതു രാഷ്ട്രീയം വ്യക്തിവാദത്തിന്റെ (individualism) ആഘോഷമാണ്.

എസെന്‍സ് വ്യക്തിവാദം പരസ്യമായി മുറുകെ പിടിക്കുന്ന കൂട്ടായ്മയാണ്. ഐന്‍ റാന്‍ഡിനെ(Ayn Rand) പോലുള്ളവരുടെ വ്യക്തിരാഷ്ട്രീയം സംബന്ധിച്ച വാദങ്ങള്‍ പരിഗണിക്കണം എന്ന് വാദിക്കുന്നവരാണ്. അതേസമയം കമ്മ്യൂണിസംപോലുള്ള കളക്റ്റിവിസ്റ്റ് (collectivist) ആശയങ്ങള്‍ ഗോത്ര താല്പര്യത്തിന് പ്രാധാന്യം നല്‍കുന്നവയാണ്. സോവിയറ്റ് ഗുലാഗുകളും കമ്പോഡിയന്‍ കില്ലിംഗ് ഫീല്‍ഡുകളും നമ്മെ നിരന്തരം ഓര്‍മ്മിക്കുക കാര്യമാണത്. സമാനമാണ് ജാതിസംവരണത്തെയും ജാതീയതയേയും പിന്തുണയ്ക്കുന്ന കേരളത്തിലെ പാരമ്പര്യ യുക്തിവാദികളുടെ കാര്യം. ഗോത്രമാണ് അവര്‍ക്ക് പ്രധാനം, വ്യക്തിയല്ല.

പച്ചക്കുതിരയും കുതിരയും

Rationalism എന്ന ഇംഗ്ലീഷ് വാക്കിന് മലയാളത്തില്‍ യുക്തിവാദം എന്ന പദമാണ് ഉപയോഗിച്ച് കാണുന്നത്. മോഡേണ്‍ മെഡിസിനെ അലോപ്പതി എന്നു വിളിക്കുന്നതു പോലെയാണിത്. എന്നാൽ യുക്തിവാദം അഥവാ കേരളത്തിലെ പാരമ്പര്യ യുക്തിവാദികളും യുക്തിവാദവുമായുള്ള ബന്ധം പച്ചക്കുതിരയും കുതിരയും തമ്മിലുള്ളതാണ്. Rationalism ഇടത് ആശയമാണ്. ഇടതുപക്ഷം യുക്തിസഹമായി കാര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ വലതുപക്ഷം വൈകാരികമായി പ്രതികരിക്കുന്നവരാണ്. കേരളത്തിലെ പാരമ്പര്യയുക്തിവാദികള്‍ യുക്തിവാദത്തിന്റെ കാര്യത്തില്‍പോലും പാരമ്പര്യമൂര്‍ത്തികളെയും പുസ്തകങ്ങളെയും ആശ്രയിക്കുന്നവരാണ്. നൂറ്റാണ്ടുകളോളം അടിച്ചമര്‍ത്തപെട്ടവരുടെ പിന്‍തലമുറയോട് വൈകാരികമായി ഐക്യപെടുന്നു എന്ന വാചാടോപം ഉയര്‍ത്തിയാണ് അവര്‍ ജാതിസംവരണത്തിലെ അനീതിയെ ന്യായീകരിക്കുന്നത്. അടിച്ചമര്‍ത്തപെട്ടരെ സഹായിക്കുന്ന ഒന്നല്ല ജാതിസംവരണം എന്ന യാഥാര്‍ത്ഥ്യം അവര്‍ തള്ളുന്നു.

കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ കെട്ടുകഥ, ജൈവകൃഷി, ബദല്‍വൈദ്യം എന്നിവയുടെ കാര്യത്തിലും സമാനമായ വൈകാരിക നിലപാട് മുന്നോട്ടുവെക്കുന്ന യുക്തിവാദികളുണ്ട്. എന്താണ് വസ്തുത(What is fact?) എന്നതല്ല മറിച്ച് മനുഷ്യത്വമാണ് പ്രധാനം എന്നൊക്കെയാണ് വാദിക്കും. തങ്ങള്‍ മനുഷ്യത്വം കൂടിയവരും സാമൂഹികബോധത്തിന്റെ മറുകര കണ്ടവരാണെന്നും സ്വയംവീര്‍പ്പിക്കും. സ്വന്തം കക്ഷിരാഷ്ട്രീയ-സ്വത്വ താല്പര്യങ്ങള്‍ക്ക് ഹാനികരമെന്ന് തോന്നുന്ന വസ്തുതകള്‍ പറയാതിരിക്കലാണത്രെ യുക്തിവാദിയുടെ മുഖ്യ കര്‍ത്തവ്യം! നിസ്സാരമായ കാര്യങ്ങളോട് ഡോണ്‍ ക്വിക്സോട്ട് മാതൃകയിലുള്ള അതിവൈകാരിക പ്രതികരണങ്ങള്‍ കേരളത്തിലെ യുക്തിവാദികളുടെ പൊതുരീതിയാണ്. വസ്തുതകളോടുള്ള ആഴത്തിലുള്ള വിരതിയും സാമൂഹിക പ്രശ്നങ്ങളോടുള്ള അതിവൈകാരികസമീപനവും അവരുടെ രാഷ്ട്രീയ പക്വതയെ കുറിച്ച് ആഴത്തില്‍ സംവദിക്കുന്നു.

ലൈംഗിക-ഭാഷാ ന്യൂനപക്ഷങ്ങളോടുള്ള സമീപനം, പരിസ്ഥിതി, ആഗോളതാപനം, അഭയാര്‍ത്ഥികള്‍, തൊഴില്‍ തേടിയുള്ള കുടിയേറ്റം തുടങ്ങിയ വിഷയങ്ങളില്‍ ശാസ്ത്രീയ യുക്തിയില്‍ അധിഷ്ഠിതമായ മാനവിക സമീപനമാണ് എസെന്‍സ് കൈകൊള്ളുന്നത്. നാസിസം, മാര്‍ക്സിസം, ഫാസിസം തുടങ്ങിയ സ്വേച്ഛാധിപത്യ രാഷ്ട്രീയധാരകളെയും പോപുലിസം, തീവ്രദേശീയത, സാംസ്‌കാരിക ദേശീയത എന്നീ വലതു പാരമ്പര്യ നിലപാടുകളെയും ശക്തമായി എതിര്‍ക്കുന്ന കാര്യത്തിലും എസെന്‍സ് വിട്ടുവീഴ്ചയ്ക്കില്ല. വസ്തുതാപരമായ രാഷ്ട്രീയവും (fact based politics) സാര്‍വേദേശീയതയും മനുഷ്യരെല്ലാം ആഫ്രിക്കയില്‍ നിന്നാണ് എന്ന സമഭാവനയും മുന്നോട്ടുവെക്കുന്ന എസെന്‍സ് റഷ്യന്‍ സാമ്രാജ്യം യുക്രെയിനെ നടത്തിയ കടന്നാക്രമണത്തെ തുടക്കംമുതല്‍ വിമര്‍ശനവിധേയമാക്കുന്നുണ്ട്. എസെന്‍സിനെ സംബന്ധിച്ചിടത്തോളം സാമ്രാജ്യത്വത്തിനും അധിനിവേശത്തിനും എതിരെയുള്ള സമരം ഏതെങ്കിലും ചക്കരവിശ്വാസത്തിന് വേണ്ടിയുള്ള വൈകാരികമായ ഐക്യദാര്‍ഡ്യ പ്രകടനം അല്ല. ഇന്ത്യയില്‍ സംഘപരിവാറും കമ്മ്യൂണിസ്റ്റുകാരുമാണ് പുടിന്റെ അധിനിവേശത്തില്‍ ഏറെ പുളകംകൊള്ളുന്നതെന്നും മറക്കാതിരിക്കുക.

സാമ്പത്തിക അന്ധവിശ്വാസങ്ങളെ തുറന്ന് കാട്ടുന്നത് മുഖ്യ ലക്ഷ്യങ്ങളില്‍ ഒന്നായി ഏറ്റെടുത്ത കൂട്ടായ്മയാണ് എസെന്‍സ്. സാമ്പത്തികസ്വാതന്ത്ര്യം നിഷേധിക്കുന്ന ഫാസിസ്റ്റ് രീതികളെ എതിര്‍ക്കുന്നതിനോടൊപ്പം സ്വതന്ത്ര കമ്പോളത്തിനും തുറന്ന മത്സരത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും വേണ്ടി എസെന്‍സ് നിലകൊള്ളുന്നു. അതേസമയം, മനുഷ്യസമൂഹത്തെ കൊത്തിയരിഞ്ഞ് പല വിഭാഗങ്ങളും ഗോത്രങ്ങളുമായി വിഭജിക്കുന്ന സ്വതരാഷ്ട്രീയത്തെ (identity politics) പിന്തുണയ്ക്കുന്നുമില്ല. സ്വത്വരാഷ്ട്രീയത്തെ മനസ്സ് കൊണ്ട് അംഗീകരിക്കുമ്പോഴും വര്‍ഗ്ഗവിഭജനസിദ്ധാന്തം അനുസരിച്ചാണ് സമൂഹത്തെ വിഭജിക്കേണ്ടതെന്ന അക്ഷരതെറ്റ് ചൂണ്ടിക്കാട്ടി സ്വത്വരാഷ്ട്രീയത്തെ എതിര്‍ക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. സ്വത്വരാഷ്ട്രീയവും കടന്ന് ഉപസ്വത്വങ്ങളും സൂക്ഷ്മസ്വത്വങ്ങളും വരെ ആഘോഷിക്കപെടണം എന്ന നിലപാടാണ് കേരളത്തിലെ പാരമ്പര്യ യുക്തിവാദികളുടേത്.

ഹ്യൂമനിസത്തില്‍ ശത്രുക്കളില്ല

സ്വതന്ത്രമനുഷ്യര്‍ എപ്പോഴും ഏതെങ്കിലും പക്ഷത്ത് അടിമബോധത്തോടെ ശിലാരൂപത്തില്‍ ഉറച്ച് നില്‍ക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. സന്ദര്‍ഭം, സാഹചര്യം, വസ്തുത, തെളിവ് എന്നിവയുടെ അടിസ്ഥാനത്തില്‍ അതാത് സമയങ്ങളില്‍ ശരിയും യുക്തിസഹവും മാനവികവുമായ നിലപാട് സ്വീകരിക്കാനാണ് സ്വതന്ത്രമനുഷ്യര്‍ തയ്യാറാകേണ്ടത്. പക്ഷാഘാതം സൃഷ്ടിക്കുന്ന പരിമിതികള്‍ ഭയാനകമാണ്. മേല്‍പ്പറഞ്ഞ മാനദണ്ഡങ്ങളെല്ലാം പരിശോധിച്ചാല്‍ കേരളത്തിലെ പാരമ്പര്യ യുക്തിവാദികളും കമ്മ്യൂണിസ്റ്റുകലും തീവ്ര വലതുപക്ഷമാണെന്ന് വ്യക്തമാകും. തങ്ങളെന്താണോ അതല്ല എന്ന് തെളിയിക്കാനുള്ള പങ്കപ്പാട് സ്വന്തം വാല്‍ കടിച്ച് തുപ്പാന്‍ വെമ്പുന്ന നായയുടെ പരിതോവസ്ഥയുമായി താരതമ്യം വഹിക്കുന്നതാണ്. എന്തായാലും ആരെയും ഇടത്-വലത് ചാപ്പയടിച്ച് കളിക്കാന്‍ എസെന്‍സിന് താല്‍പ്പര്യമില്ല.

നിങ്ങള്‍ പറയുന്നതും ചെയ്യുന്നതും ആര്‍ക്കെങ്കിലും ഗുണകരമോ സഹായകരമോ ആകുന്നെങ്കില്‍ അതൊരു നല്ല കാര്യമാണ്. സുഖകരമല്ലെങ്കിലും പ്രശ്‌നമില്ല. കാരണം നിങ്ങളവരില്‍ പരിഷ്‌കരണ സമ്മര്‍ദ്ദം ചെലുത്തുകയാണ്. എസെന്‍സ് മുന്നോട്ടുവെക്കുന്ന ഹ്യൂമനിസത്തില്‍ ശത്രുക്കളില്ല. തലയ്ക്കടിച്ച് കൊല്ലേണ്ടവരും ആട്ടിപ്പായിക്കേണ്ടവരും വെറുപ്പില്‍ കുളിപ്പിക്കേണ്ടവരും ഇല്ല. എല്ലാവരും സ്വീകാര്യരാണ്. പൊരുത്തപെടാനാവാത്തരില്‍ നിന്നും മാറി നടക്കാം. ജീവിതം ശത്രുവിന് എതിരെയുള്ള പോരാട്ടമല്ല. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള പരസ്പരനശീകരണമോ സവര്‍ണ്ണനും അവര്‍ണ്ണനും തമ്മിലുള്ള കുടിപ്പകയോ ആണും പെണ്ണും തമ്മിലുള്ള ജണ്ടര്‍ യുദ്ധമോ അല്ലത്. സദാ മുന്നില്‍ കാണേണ്ട മുഖ്യ ശത്രുവും ഇല്ല. ശത്രുക്കളുടെ സഞ്ചാരവീഥികളില്‍ മൈന്‍ വിതറാനോ വാരിക്കുഴി തീര്‍ക്കാനോ ചെലവഴിക്കേണ്ട പാഴ് വസ്തുവായി ജീവിതത്തെ പരിമിതപെടുത്തരുത്.

മാനവികമൂല്യങ്ങളുടെയും ശാസ്ത്രീയ ആശയങ്ങളുടെയും അനുസ്യൂത ധാരകളില്‍ മലയാളി നനഞ്ഞൊലിക്കട്ടെ. മഴ പെയിതിറങ്ങണം. മിക്കപ്പോഴും ചാറ്റലായി, അത്യപൂര്‍വമായെങ്കിലും ഒരു പേമാരിയായി…സത്യത്തിന്റെ കുളിരില്‍ കെട്ടിപിടിക്കണം. പെയ്യുമ്പോള്‍ എന്തെല്ലാം നനയ്ക്കണം എന്ന ചോദ്യത്തിന് പ്രസക്തിയില്ല. നനയാന്‍ താല്‍പ്പര്യമില്ലാത്തവര്‍ മാളത്തില്‍ ഒളിച്ചുകൊള്ളും, അല്ലാത്തവര്‍ കുട ചൂടും. വിത്തിറക്കാന്‍ നില്‍ക്കുന്നവന്‍ അനുഗ്രഹമായും വിളവെടുക്കുന്നവന്‍ ശല്യമായും മഴയെ വിലയിരുത്തിയേക്കാം. കളി മുടങ്ങിയ വാശിയില്‍ കുട്ടി മഴയെ ശപിച്ചേക്കാം. അപ്പോഴും പെയ്യാതിരിക്കല്‍ അസാധ്യമാണ്. വരള്‍ച്ചയില്‍ കൃത്രിമ മഴ വരണം. ഭരണഘടന നിങ്ങളോട് അതാവശ്യപെടുന്നു. മാനവികവും യുക്തിസഹവും വസ്തുതാപരവുമായ ആശയധാരയില്‍ നനയാന്‍ ആഗ്രഹിക്കുന്നവര്‍ പുറത്തു വരാതിരിക്കില്ല. ചിലരത് ആസ്വദിക്കാന്‍ ശീലിക്കും. മഹത്തായ പലതിന്റെയും തുടക്കമായിരിക്കും അത്.

(അവസാനിച്ചു)

About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *