“ഇംഗ്ലീഷില്‍ Rationalism എന്നു പറയുന്ന ആശയത്തോട് യോജിപ്പാണ്. പക്ഷെ കേരളത്തില്‍ യുക്തിവാദി പ്രസ്ഥാനത്തെ ആ അര്‍ത്ഥത്തില്‍ പരിഗണിക്കാനാവില്ല. അവരുടെ മതപക്ഷപാതം, പാര്‍ട്ടിവിധേയത്വം, ജാതിപ്രസരണം എന്നീ മൂന്ന് കാര്യങ്ങളിലാണ് പ്രധാന വിയോജിപ്പ്. പഴയകാല യുക്തിവാദികളെപോലെ ഇസ്ലാംമത പക്ഷപാതികളാകാതെ ഇസ്ലാമിനെ വിമര്‍ശിക്കുന്നു, പരമ്പരാഗതമായ രീതിയില്‍ കമ്മ്യൂണിസ്റ്റ് വിധേയത്വം കാണിക്കാതെ അവരെ നാലാംമതം എന്നു വിശേഷിപ്പിക്കുന്നു എന്നീ രണ്ട് കുറ്റങ്ങളാണ് എസെന്‍സില്‍ ആരോപിക്കപെടുന്നത്”- ചാപ്പയടികള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും മറുപടിയായി സി രവിചന്ദ്രന്‍ പച്ചക്കുതിരയില്‍ എഴുതിയ ലേഖനത്തിന്റെ ആദ്യഭാഗം വായിക്കാം. |
ചാപ്പയടിക്കാരും ചാവേറുകളും അറിയാന്‍!
പച്ചക്കുതിരയില്‍ എഴുതിയിട്ട് കാലം കുറെയായി. എഡിറ്റര്‍ കെ.വി ജയദേവുമായി ഒരു ദശകത്തെ പരിചയമുണ്ട്, 2022 ഒക്ടോബര്‍ രണ്ടിന് എറണാകുളത്തെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എസെന്‍സ് ഗ്ലോബല്‍ (esSENSE Global) സംഘടിപ്പിച്ച് ഏഴായിരത്തിലധികംപേര്‍ പങ്കെടുത്ത ലിറ്റ്മസ് 22 എന്ന ഏകദിന നാസ്തിക-സ്വതന്ത്രചിന്താ സെമിനാറിന്റെ വിജയത്തിന് ശേഷം, എനിക്കും എസെന്‍സ് ഗ്ലോബലിനും എതിരായി മാധ്യമ-സൈബര്‍ ലോകത്ത് ഉണ്ടായ ലിഞ്ചിംഗിന്റെയും വെറുപ്പ് കാമ്പയിന്റെയും കാരണങ്ങള്‍ ആരാഞ്ഞ് അദ്ദേഹം ഈയിടെ വിളിച്ചിരുന്നു. ദീര്‍ഘനേരം ഞങ്ങള്‍ ഫോണില്‍ സംസാരിച്ചു. ശേഷം വാട്സ് ആപ്പില്‍ ചര്‍ച്ചയില്‍ ഉന്നയിക്കപെട്ട പ്രശ്നങ്ങളോടുള്ള പ്രതികരണം മാഗസിനില്‍ എഴുതണം എന്ന സ്ന്ഹപൂര്‍വമുള്ള നിര്‍ദ്ദേശത്തിന്റെ ഉത്പന്നമാണ് ഈ ലേഖനം.
2018 മേയില്‍ ചില സ്വകാര്യ അനുഭവങ്ങളെ കുറിച്ച് എഴുതിയിരുന്നു. എന്നാല്‍ ഇവിടെ വിഷയം കൂടുതലും രാഷ്ട്രീയമാണ്. ചെറു പ്രായത്തില്‍ തന്നെ നാട്ടില്‍ കക്ഷിരാഷ്ട്രീയജ്വരം ഉണ്ടായിരുന്നു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്വന്തമായി ഒരു കയ്യാല തല്ലിക്കൂട്ടി അവിടെ ചുണ്ണാമ്പും നീലവും ഉപയോഗിച്ച് സി.കെ.തങ്കപ്പന് അരിവാള്‍ ചുറ്റിക അടയാളത്തില്‍ വോട്ട് ചെയ്ത് വിജയിപ്പിക്കുക എന്നെഴുതിവെച്ചത് ഓര്‍മ്മയുണ്ട്. ഒരാഴ്ചത്തെ പ്രയത്നമായിരുന്നു അത്. കോളേജില്‍ ചെല്ലുമ്പോഴേക്കും കക്ഷിരാഷ്ട്രീയം വിട്ടു.ദൈവ വിശ്വാസത്തില്‍ നിന്ന് മോചിതനായതും ക്രമേണയാണ്. അഞ്ചാംക്ലാസ് കഴിഞ്ഞതോടെ പ്രാര്‍ത്ഥന നിലച്ചു. ഹൈസ്‌കൂളുകളില്‍ എത്തിയപ്പോഴേക്കും ക്ഷേത്രദര്‍ശനം അവസാനിച്ചു.
പിന്നെ കുറെക്കാലം മതാതീത ആത്മീയത, ഭഗവത്ഗീത, വിവേകാനന്ദസാഹിത്യം,അദ്വൈതം എന്നൊക്കെയുള്ള ലൈനില്‍. ഇരുപതുകളുടെ തുടക്കത്തില്‍ സമ്പൂര്‍ണ്ണ മോചനം നേടിയെങ്കിലും മതം, ദൈവം ഇത്യാദി സംഗതികള്‍ ഗൗരവത്തോടെ കാണാന്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. വിശ്വാസികള്‍ അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കട്ടെ, തര്‍ക്കിച്ചിട്ട് കാര്യമില്ല, ഒന്നും മാറാന്‍പോകുന്നില്ല, കഴിയുന്നിടത്തോളം ഒത്തുപോകുന്നതാണ് യുക്തിസഹം എന്നൊക്കെയുള്ള നിസംഗതയായിരുന്നു. മതാചാരങ്ങളെയോ ദൈവവാദങ്ങളെയോ എതിര്‍ക്കാന്‍ പോയിട്ടില്ല. വിവാഹം പരമ്പരാഗത രീതിയില്‍. നാസ്തിക-സ്വതന്ത്രചിന്ത ആക്റ്റിവിസത്തിലേക്ക് തിരിയുന്നത് നാല്‍പ്പതിനോട് അടുപ്പിച്ചാണ്. ഇപ്പോള്‍ ചവിട്ടി നിറുത്താന്‍ പറ്റാത്ത അവസ്ഥയില്‍. യുക്തിവാദി പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടായിരുന്നില്ല. ചെറിയ തോതിലെങ്കിലും ബന്ധപെട്ടിരുന്നത് ശാസ്ത്ര സാഹിത്യ പരിഷത്തുമായാണ്.
നാസ്തികനും ആള്‍ദൈവ ചാപ്പ!
നാസ്തികത പ്രചരിപ്പിച്ച് സ്വയം ദൈവമായി മാറിയ രവിചന്ദ്രന്‍ ഹിന്ദുത്വയെ സഹായിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നത് എന്തുകൊണ്ട് എന്നതായിരുന്നു ജയദേവിന്റെ ആദ്യ ചോദ്യങ്ങളിലൊന്ന്. തെറ്റായ ചോദ്യമാണിത്. ഞാന്‍ ഹിന്ദുത്വയെ സഹായിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ല. troll, trash, terminate എന്ന കാന്‍സല്‍ കള്‍ച്ചറിന്റെ (cancel culture) ഭാഗമായി ഇഷ്ടമില്ലാത്ത വ്യക്തികളെ ഡീപ്ളാറ്റ്ഫോം (deplatform) ചെയ്തു രാഷ്ട്രീയപരമായി റദ്ദാക്കി കളയുക എന്ന വോക്കിസ്റ്റ് (wokism) രീതിയാണ് ഇവിടെ അവലംബിക്കപെടുന്നത്. രണ്ടാമതായി, ഞാന്‍ സ്വയം ദൈവമായി മാറിയതല്ല, അത്തരത്തില്‍ അധിക്ഷേപിക്കപെടുകയാണ്. അത് ആര്‍ക്കും ആരെയും ചെയ്യാം. ലഹരിവിരുദ്ധത പറയുന്നവനെ ലഹരി അടിമയായി ചാപ്പയടിക്കും, അഴിമതിവിരുദ്ധ പ്രവര്‍ത്തകനെ അഴിമതി രാജാവാക്കും, നാസ്തികത പറയുന്നവനെ ആള്‍ദൈവമായും കള്‍ട്ട് നേതാവായും അധിക്ഷേപിക്കും…അതോടെ ചാപ്പയടിക്കപെടുന്നവര്‍ പ്രസക്തിയും സ്വീകാര്യതയും നഷ്ടപെട്ട് ഇല്ലാതായികൊളളും എന്ന സങ്കല്‍പ്പമാണ് ഇത്തരം വെറുപ്പ് കാമ്പയിനുകളുടെ ഉള്ളടക്കം. എന്നെ പരിഹസിക്കാനാണെങ്കിലും ദൈവം എന്നത് ഒരു മലിന സങ്കല്‍പ്പമാണെന്ന ധാരണ പ്രചരിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്.
ഒരിക്കല്‍ എന്റെ ഫേസ്ബുക്ക് പേജില്‍വന്ന് പേര് ‘രവി(സ)’എന്നെഴുതി കൊണ്ടിരുന്ന ഒരാളോട് ‘എന്നെ മുഹമ്മദ് ആക്കരുത്’ എന്ന് അഭ്യര്‍ത്ഥിച്ചതും എന്തോ കണ്ട് പേടിച്ചത് പോലെ പുള്ളിക്കാരന്‍ പെട്ടെന്ന് പണി നിറുത്തി. ഇതു കണ്ടതും ‘പ്രവാചകനിന്ദ’ വരുമെന്ന് ഭയന്ന് അതേ പോസ്റ്റിന് കീഴില്‍ സമാനമായി ‘രവി(സ)’എന്നെഴുതികൊണ്ടിരുന്ന രണ്ട് ലിബറല്‍പ്രീണനപ്രഭുക്കള്‍ അവരുടെ എല്ലാ കമന്റുകളില്‍നിന്നും ഇടിമിന്നല്‍ വേഗതയില്‍ ‘(സ)’ നീക്കംചെയ്തുകളഞ്ഞു! ലിഞ്ചിംഗിനിടയിലും ഉള്‍ഭയം കൈവിടാത്തവരാണ് ലിബറല്‍ ബുദ്ധിജീവികള്‍ എന്ന് സാരം. പാരമ്പര്യ യുക്തിവാദികളും ഇസ്ലാമിസ്റ്റുകളും റിഗ്രസീവ് ലെഫ്റ്റ് എന്നറയിപ്പെടുന്നവരുമാണ് പൊതുവെ എസെന്‍സും രവിചന്ദ്രനും ഹിന്ദുത്വയെ നോര്‍മലൈസ് ചെയ്യുന്നു എന്നരീതിയില്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
ഇന്ത്യയില്‍ ഭീഷണി സംഘപരിവാര്‍
ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയഭീഷണി സംഘപരിവാര്‍ രാഷ്ട്രീയമാണ് എന്നതാണ് എന്റെ നിലപാട്. ആഗോളതലത്തില്‍ ഇസ്ലാമിക മതതീവ്രത മനുഷ്യരാശിക്ക് തന്നെ ഭീഷണിയാകുമ്പോള്‍ കേരളത്തില്‍ ഇസ്ലാമും കമ്മ്യൂണിസ്റ്റുകളും ജനാധിപത്യസമൂഹം ഏറ്റവുമധികം ഭയക്കുന്ന ശക്തികളായി നിലകൊള്ളുന്നു. കേരളത്തില്‍ അവരെ കഴിഞ്ഞുമാത്രമേ സംഘപരിവാര്‍ ഉയര്‍ത്തുന്ന ഭീഷണി കടന്നുവരുന്നുള്ളൂ. സമകാലിക കേരളത്തില്‍ ഏറ്റവുംമധികം ഹിന്ദുത്വ/ഹിന്ദുമത വിമര്‍ശനം നടത്തിയ വ്യക്തി ഞാനാണ്. ആദ്യമായി സൈബര്‍ലിഞ്ചിംഗിന് വിധേയമാകുന്നതും അത്തരം വിമര്‍ശനങ്ങളുടെ പേരിലാണ്. അറുപതോളം പ്രഭാഷണങ്ങളും ഒമ്പത് പുസ്തകങ്ങളും നിരവധി പോസ്റ്റുകളും ഹിന്ദുമതസാഹിത്യത്തിനും ഹിന്ദുവിശ്വാസരാഷ്ട്രീയത്തിനും വിരുദ്ധമായി ഉണ്ട്. രാഷ്ട്രീയം കൈകാര്യം ചെയ്യാറുണ്ട്. പക്ഷെ കക്ഷിരാഷ്ട്രീയ വിമര്‍ശനം ഉണ്ടാകാറില്ല.
രസകരമെന്ന് പറയട്ടെ കേരളത്തില്‍ ഭരണകക്ഷിയും പ്രതിപക്ഷവും മുഖ്യ എതിരാളികളായി കാണുന്നത് കേരളത്തില്‍ പത്ത് ശതമാനംപോലും വോട്ടില്ലാത്ത, നിയമസഭയില്‍ ഒരൊറ്റ സീറ്റുമില്ലാത്ത ബി.ജെ.പിയെ ആണ്. അതൊരു സൗകര്യമാണ്. ശരിക്കും ഇരുകൂട്ടര്‍ക്കും ആകാശത്തേക്ക് നിറയൊഴിച്ച് ആനന്ദിക്കാം. അതേസമയം കേരളത്തില്‍ ഹിന്ദുമതവിശ്വാസികളുടെ ഏറ്റവും വലിയ രണ്ട് പാര്‍ട്ടികള്‍ക്ക് ഹിന്ദുത്വ ആശയങ്ങള്‍ ഏറ്റെടുത്ത് നേട്ടംകൊയ്യാനും സാധിക്കും. എന്താണ് ഹിന്ദുത്വരാഷ്ട്രീയം? കള്‍ച്ചറല്‍ ഫാസിസമെന്നും ന്യൂനപക്ഷ വിരുദ്ധതയെന്നും വാദിക്കാമെങ്കിലും ഹിന്ദുത്വ എന്നാല്‍ ഇന്ന് ഹിന്ദുമത രാഷ്ട്രീയമാണ്.
മതവും സംസ്‌കാരവുമാണ് വിഷയം. ഒരു കോണ്‍ഗ്രസിനെകൊണ്ട് ആചാരസംരക്ഷണ പ്രകടനപത്രിക ഉണ്ടാക്കിപ്പിക്കുന്നതും പ്രസ്തുത പാര്‍ട്ടിയിലെ സീനിയര്‍ നേതാവിനെകൊണ്ട് വെജിറ്റേറിയന്‍ മുതലയ്ക്ക് റീത്തുവെപ്പിക്കുന്നതും വിപ്ളവ നേതാക്കളെകൊണ്ട് ബലിപ്രകീര്‍ത്തന സാഹിത്യം രചിപ്പിക്കുന്നതും ശബരിമലയുടെ കാര്യത്തില്‍ വീടുവീടാന്തരം കയറി മാപ്പ് പറയിക്കുന്നതുമായ രാഷ്ട്രീയത്തിന്റെ ഓമനപ്പേരാണ് പേരാണ് ഹിന്ദുത്വ രാഷ്ട്രീയം. എന്നാല്‍ കേരളത്തില്‍ ഹിന്ദുത്വവിമര്‍ശനമെന്നാല്‍ സുരേന്ദ്രന്റെ ഉള്ളിതീറ്റയും മോദിയുടെ കാമറാ പൂതിയും അമിത്ഷായുടെ തടിയും സവര്‍ക്കര്‍ ഷൂ നക്കിയ കഥയും കുറച്ച് ചാണകവും ഗോമൂത്രവുമാണ്. സര്‍വ ഹിന്ദു അന്ധവിശ്വാസങ്ങളും ബി.ജി.പിയുടെ മണ്ടയില്‍ ഇട്ടുകൊടുക്കുന്നതോടെ അത് പൂര്‍ത്തിയാകും. തീര്‍ന്നു, ഹിന്ദുത്വത്തെ ഒരു പരുവമാക്കി! ഘോരമായ ഇത്തരം അധിക്ഷേപസാഹിത്യം ചമയ്ക്കുന്നവരാണ് ഹിന്ദുത്വ വിമര്‍ശകര്‍. ഞാനത് ചെയ്യാറില്ല. ഇവയും ഹിന്ദുത്വയുമായി പറയത്തക്ക ബന്ധമൊന്നുമില്ല. കഴിഞ്ഞ നാലഞ്ചു വര്‍ഷമായി എസെന്‍സ് ഗ്ലോബല്‍ സംഘപരിവാറിന് അനുകൂലമായ രീതിയില്‍ മലയാളത്തില്‍ നാസ്തികപ്രചരണം നടത്തിയിട്ടും കേരളത്തില്‍ ബി.ജെ.പിയും പരിവാറും പിന്നോട്ട് പോകുകയാണ് എന്നതാണ് രസകരമായ മറ്റൊരു കാര്യം!
സവര്‍ക്കറും തെണ്ടുല്‍ക്കറും
കള്‍ച്ചറല്‍ നാഷണലിസം, ആര്‍ഷഭാരത സംസ്‌കാരം, യോഗ, ഗീത, യോഗ, ജ്യോതിഷം, വാസ്തു, കര്‍സേവ, രാമായണം, രാമായണം സിരീയല്‍, പശു, ബദല്‍വൈദ്യം, അനാചാരങ്ങള്‍, ഉന്നത വിദ്യഭാസ്യരംഗത്തെ കാവിവല്‍ക്കരണം, വര്‍ഗ്ഗീയലഹളകളും ധ്രൂവീകരണവും, രാമജന്മഭൂമി, ഗവര്‍ണ്ണര്‍ രാഷ്ട്രീയം, സര്‍ക്കാരുകളെ അട്ടിമറിക്കല്‍, ഫാസിസ്റ്റ് രാഷ്ട്രീയം… തുടങ്ങിയ ഹിന്ദുത്വയുമായി ബന്ധപെട്ട നിരവധി വിഷയങ്ങളില്‍ വിമര്‍ശനാത്മകമായി എഴുതുകയും സംസാരിക്കുകയും ചെയ്ത ഒരു വ്യക്തിയെന്ന നിലയില്‍ കേരളത്തില്‍ ആരെങ്കിലും ഗൗരവപൂര്‍വം ഹിന്ദുത്വവിമര്‍ശനം നടത്തുന്നതായി എനിക്ക് തോന്നിയിട്ടില്ല. അത്തരം ശ്രമങ്ങള്‍ വ്യവസ്ഥാപിതമായി നടത്തുന്ന ഇടത് പാര്‍ട്ടിക്കാരെയോ യുക്തിവാദികളെയോ ചൂണ്ടിക്കാട്ടാനാവില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനും വോട്ട് ബാങ്ക് സംരക്ഷണത്തിനും ആവശ്യമായ കമ്മ്യൂണല്‍ ബാറ്റിംഗ് മാത്രമാണ് അവരുടെ ഹിന്ദുത്വ വിരുദ്ധസമരം.
അതുകൊണ്ട് ഹിന്ദുത്വയ്ക്കോ ഹിന്ദുമതരാഷ്ട്രീയത്തിനോ യാതൊരു പോറലും ഏല്‍ക്കുന്നുമില്ല. വ്യാജ പരിപ്രേഷ്യങ്ങള്‍ ചമച്ച് രാമായണത്തിലെയും മഹാഭാരതത്തിലെയും മൂല്യധാരയെ പ്രകീര്‍ത്തിക്കുന്നതോ, മോദിയുടെ പാട്ടകൊട്ടലിന് പകരം ധൂമസന്ധ്യയും ദീപംകൊളുത്തലും അവതരിപ്പിക്കുന്നതോ കൊണ്ട് ഹിന്ദുത്വയ്ക്ക് പരിക്കേല്‍ക്കില്ല. മോദിയെ തോല്‍പ്പിക്കുന്നത് കൊണ്ട് അവസാനിക്കുന്ന ഒന്നാണതെന്നും കരുതുന്നില്ല. മോദി പോയാല്‍ യോഗി വരാം, യോഗിയുടെ സ്ഥാനത്ത് വേറൊരാള്‍.. ഗാന്ധിജിയുടെ കൊലപാതകം സൃഷ്ടിച്ച അവമതിപ്പും നെഹ്രുവിന്റെ മതേതര രാഷ്ട്രീയവുമാണ് ഹിന്ദുമതരാഷ്ട്രീയത്തെ 40 കൊല്ലത്തിലധികം അധികാരത്തില്‍ നിന്ന് അകറ്റി നിറുത്തിയത്.
സവര്‍ക്കാര്‍, ഗോല്‍വാള്‍ക്കര്‍ എന്നിവരെ കുറിച്ചോ വിചാരധാരയെ കുറിച്ചോ ഒക്കെയുള്ള ശരാശരി മലയാളിയുടെ അറിവ് തീരെ കമ്മിയാണ്. പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സവര്‍ക്കറിന്റെ ചിത്രംപോലും മാറിപോകുന്നത് അതുകൊണ്ടാണ്. സവര്‍ക്കറെക്കാള്‍ മലയാളിക്ക് പരിചയം തെണ്ടുല്‍ക്കറെയും അഗാര്‍ക്കറെയുമൊക്കെയാണ് എന്നു പറയുന്നതില്‍ തമാശയില്ല. ഇന്നത്തെ ഹിന്ദുത്വരാഷ്ട്രീയത്തില്‍ പ്രധാനം സവര്‍ക്കറിന്റെയും ഗോള്‍വാള്‍ക്കറിന്റെയും ഹിന്ദുരാഷ്ട്ര സാഹിത്യമല്ല. അതിന് സംഘപരിവാറിനെ അധികാരത്തിലെത്തിക്കാനുള്ള ശേഷിയൊന്നുമില്ല. ആര്‍.എസ്.എസുകാര്‍ റൂട്ട് മാര്‍ച്ച് നടത്തിയും ധ്വജമുയര്‍ത്തിയുമല്ല ബി.ജെ.പി ഇന്ത്യയുടെ ഭരണംപിടിച്ചത്. അവര്‍ ഭരണഘടനയെ നിരാകരിച്ചതും ദേശീയപതാകയെ ഇക്ഴത്തിയതുമല്ല ഭരണം കൊണ്ടുവന്നത്. സത്യത്തില്‍ അതൊക്കെ സംഘപരിവാറിന് തിരുത്തേണ്ടിവന്ന കാര്യങ്ങളാണ്. ഹിന്ദുമതവിശ്വാസവും ആചാരങ്ങളും സംസ്‌കാരവും അടങ്ങിയ വിശ്വാസരാഷ്ട്രീയം (faith politics) വെച്ച് കളിച്ചാണ് സംഘപരിവാര്‍ അധികാരം നേടിയെടുത്തത്. അതില്‍ പശുവും കര്‍സേവയും അയോദ്ധ്യയും ശബരിമലയുമൊക്കെയാണ് മുഖ്യയിനങ്ങള്‍. അതിനെ തൊട്ടുകളിക്കാന്‍ ഇന്ത്യയിലെ മറ്റ് രാഷ്ട്രീയകക്ഷികള്‍ തയ്യാറല്ല. സിപിഎമ്മിന് ബീഹാറില്‍ പശുസംരക്ഷണം നടത്താനായി വോട്ട് ചോദിക്കേണ്ടിവന്നതും ഗുജറാത്തില്‍ കേജ്രിവാള്‍ രാമക്ഷേത്രത്തിലേക്ക് സൗജന്യ തീര്‍ത്ഥാടനം പ്രഖ്യാപിച്ചതും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ സിലബസ്സ് തിരിച്ചറിഞ്ഞ് തന്നെയാണ്.
ഹിന്ദുരാഷ്ട്രം, ന്യൂനപക്ഷങ്ങള്‍, രാജ്യത്തിന്റെ ശത്രുക്കള്‍, ആരാണ് ഹിന്ദു തുടങ്ങി നിരവധി വിഷയങ്ങളില്‍ തങ്ങളുടെ പ്രഖ്യാപിത നിലപാടുകള്‍ മയപെടുത്താനോ പരിഷ്‌കരിക്കാനോ സംഘപരിവാര്‍ ശ്രമിക്കുന്നുണ്ട്. ഇന്നും ഗാന്ധിവധം ആഘോഷിക്കുന്ന തീവ്ര കുശിനി ഗ്രൂപ്പുകളെ തിരസ്‌കരിച്ച് ഗാന്ധിയെ തന്നെ അപ്പാടെ അപ്രോപ്രിയേറ്റ് ചെയ്യാനുമാണ് അവര്‍ ശ്രമിക്കുന്നത്. കുറഞ്ഞപക്ഷം അവരങ്ങനെ അഭിനയിക്കുകയെങ്കിലും ചെയ്യുന്നു. തലവെട്ടും ഉന്മൂലന രാഷ്ട്രീയവും കയ്യൊഴിഞ്ഞ് ജനാധിപത്യത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെപ്പോലെയാണ് വിചാരധാരയിലെ വെറുപ്പ് സാഹിത്യം ക്രമേണ കയ്യൊഴിയുന്ന ആര്‍.എസ്.എസിനെയും പരിഗണിക്കേണ്ടത്. അക്രമവും വന്യതയും ഉപേക്ഷിക്കുമെന്ന് പറഞ്ഞാല്‍ ഐസിസിനും കയ്യടിക്കണം. സാമൂഹ്യവ്യവസ്ഥയിലെ ഇത്തരം ക്രമാനുഗതമായ പരിഷ്‌കരണത്തെയാണ് സ്വതന്ത്രചിന്തകര്‍ പിന്തുണയ്ക്കേണ്ടത്. ആര്‍.എസ്.എസുകാരും എസ്.ഡി.പി.ഐക്കാരും അടക്കമുള്ളവര്‍ മതേതരകാഴ്ചപാട് കൈവരിക്കണം. രാഷ്ട്രീയം ഇന്‍ക്ലൂസീവ് ആകണം. മതയിടങ്ങള്‍ മതേതരമാകണം. മതേതര ഇടങ്ങള്‍ കൂടുതല്‍ മതരഹിതമാകണം. മതരഹിത ഇടങ്ങള്‍ കൂടുതല്‍ സ്വതന്ത്രമാകണം-ഇതാണ് എസെന്‍സ് മുന്നോട്ടുവെക്കുന്ന അടിസ്ഥാന നിലപാട്.
എന്തുകൊണ്ട് കാര്‍ഷികബില്‍?
എസെന്‍സ് കാര്‍ഷികബില്ലിനെ പിന്തുണയ്ക്കുന്നുണ്ട്. അതുകൊണ്ട് അവര്‍ സംഘപരിവാറിന്റെ കോടാലിക്കൈ ആണ്-ഇതാണ് മറ്റൊരു ചാപ്പയടി. സത്യത്തില്‍ തിരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി കേന്ദ്ര ഭരണകക്ഷി കാര്‍ഷികനിയമം കയ്യൊഴിഞ്ഞപ്പോള്‍ അവരെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ഞങ്ങള്‍ ചെയ്തത്. എസെന്‍സ് ബില്ലിനൊപ്പമാണ്. കാരണം അത് രാജ്യത്തിനും കര്‍ഷകര്‍ക്കും ഗുണകരമാണ്. നിയമം നല്ലതോ ചീത്തയോ ആകട്ടെ എതിര്‍ കക്ഷിയാണ് കൊണ്ടുവരുന്നതെങ്കില്‍ കണ്ണുമടച്ച് എതിര്‍ത്തിരിക്കണം എന്ന ഉത്തരവാദിത്വരഹിതമായ രാഷ്ട്രീയതിമിരത്തെ പിന്തുണക്കുന്നില്ല.
ഏകീകൃത സിവില്‍ കോഡും കര്‍ഷകബില്ലും ഏത് പാര്‍ട്ടി അവതരിപ്പിച്ചാലും പിന്തുണയ്ക്കും. കെ-റെയിലിനെ അനുകൂലിക്കുന്നതും, വിഴിഞ്ഞത്ത് മതനേതൃത്വം നടത്തുന്ന സമരത്തെ എതിര്‍ക്കുന്നതും, ഏതെങ്കിലും പാര്‍ട്ടിയോടുള്ള ഇഷ്ടമോ ഇഷ്ടക്കേടോ കാരണമല്ല. ഇത്തരം രാഷ്ട്രീയ നിലപാടുകള്‍ കേരളത്തില്‍ ഇടതുപാര്‍ട്ടികളും ഇസ്ലാമിസ്റ്റുകളും മുന്നോട്ടുവെക്കുന്ന പൊതു നരേറ്റവുമായി ചേര്‍ന്ന് പോകുന്നില്ല എന്നതാണ് പ്രശ്നം. സ്വാഭാവികമായും എസെന്‍സും രവിചന്ദ്രനുമൊക്കെ സംഘപരിവാറിന് മണ്ണൊരുക്കുന്നവരായി മുദ്രകുത്തപെടുന്നു. ഇടതു-ഇസ്‌ളാമിസ്റ്റ് നരേറ്റീവുകള്‍ക്ക് ഒപ്പം സഞ്ചരിക്കാത്തവരെല്ലാം കേരളത്തില്‍ സംഘികളാണ്. പണ്ട് അവരുടെ പേര് ബൂര്‍ഷ്വ, സാമ്രാജ്യത്വവാദി, തൊഴിലാളി വിരുദ്ധന്‍ എന്നൊക്കെ ആയിരുന്നു. ഇന്ന് അത്തരം ചാപ്പകള്‍ കോമഡിയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറും തുടങ്ങി നടന്‍ മോഹന്‍ലാല്‍വരെ സംഘികളാണ്. ചിലപ്പോള്‍ പിണറായി വിജയന്‍ മുതല്‍ യച്ചൂരി വരെ. സംഘി ചാപ്പയുടെ sell-by date കഴിഞ്ഞു. പകരം പുതിയതെങ്കിലും വരുമായിരിക്കും. അപ്പോഴും എസെന്‍സ് വസ്തുതയില്‍ അധിഷ്ഠിതമായ രാഷ്ട്രീയനിലപാടുകള്‍ പിന്തുടരും, സമൂഹം എസെന്‍സില്‍ നിന്നും അത് പ്രതീക്ഷിക്കുന്നുണ്ട്.
കരാര്‍ പണിപോലെ ലിഞ്ചിംഗ്?
എന്തുകൊണ്ട് ഇത്രമാത്രം സൈബര്‍ ലിഞ്ചിംഗ്? സത്യത്തില്‍ ഇതൊരു പുതിയ കാര്യമല്ല. ഇത്രത്തോളം വ്യാപ്തിയും പ്രഹരശേഷിയും മുമ്പ് ഉണ്ടായിരുന്നില്ല എന്ന് മാത്രം. മാസികകളിലേക്കും പത്രത്തിലേക്കും തെറി കത്തുകളയച്ചിരുന്ന, ഫോണ്‍ വിളിച്ച് സംസ്‌കൃതം ഒഴുക്കിയിരുന്ന, മൂത്രപ്പുരഭിത്തികള്‍ വികലമാക്കിയിരുന്ന പലരും മോര്‍ഫിംഗും ലിഞ്ചിംഗുമായി സൈബര്‍ മീഡിയയിലേക്ക് കൂട് മാറി എന്നുകണ്ടാല്‍ മതി.
കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മതസംഘടനകള്‍ക്കും സ്വന്തമായി ലിഞ്ചിംഗ് ടീമുകളുണ്ട്. രഹസ്യ ഗ്രൂപ്പുകളില്‍ വെച്ച് ആസൂത്രണം ചെയ്ത് കൊട്ടേഷന്‍പോലെ നടപ്പിലാക്കി അവരുടെതന്നെ ഓമന മാധ്യമങ്ങളെകൊണ്ട് റിപ്പോര്‍ട്ട് ചെയ്യിക്കും. അങ്ങനെയാണ് പൊങ്കാലകളും ലിഞ്ചിംഗും എയറില്‍ കയറ്റലുമൊക്കെ നിമിഷനേരംകൊണ്ട് വൈറലാക്കുന്നത്. മുഹമ്മദ് അഖ്ലക്കിന്റെ വീട്ടില്‍ പശുമാംസം ഉണ്ടെന്ന അഭ്യൂഹം വാട്സ് ആപ്പിലൂടെ പ്രസരിപ്പിച്ച് ആ സാധുവിന്റെ വീടാക്രമിച്ചത് ഓര്‍മ്മയില്ലേ? അതേ രീതിശാസ്ത്രമാണ് സൈബര്‍ ലിഞ്ചിംഗിലും അനുവര്‍ത്തിക്കപെടുന്നത്. 2020 ല്‍ എന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ രാത്രി മൂവായിരത്തിലധികം വെറുപ്പ് കമന്റുകളാണ് വന്നത്. കരാര്‍ പണിപോലെ, കീ കൊടുത്തതുപോലെ ആളുകള്‍ വന്നെങ്കിലേ ഇത് സാധ്യമാകൂ. ലിഞ്ചിംഗ് ടീമുകള്‍ പലപ്പോഴും പരസ്പരം സഹായിക്കും, തെരുവ് മാഫിയകളെപോലെ പരസ്പരം ഏറ്റുമുട്ടുകയും ചെയ്യും. ഒരാള്‍ വിചാരിച്ചാല്‍ നിമിഷംനേരംകൊണ്ട് അന്റാര്‍ട്ടിക്കയില്‍വരെ വെറുപ്പ് സാഹിത്യം പടര്‍ത്താം. ആളുടെ മികവോ പറയുന്നതിന്റെ സാധുതയോ അവിടെ വിഷയമല്ല.
നിങ്ങളെകുറിച്ച് ഇത്രയധികം വിവാദവും ലിഞ്ചിംഗ് ഉണ്ടായിട്ടും എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്നൊരു ചോദ്യം ജയദേവ് ഉന്നയിക്കുന്നുണ്ട്. ഇത് ലിഞ്ചിംഗിന്റെയും പൊങ്കാലയുടെയും കാലമാണ്. രാഷ്ട്രീയം മുതല്‍ സിനിമ വരെ താറടിക്കലും ഡൗണ്‍ഗ്രേഡിംഗുമാണ് ഇപ്പോഴത്തെ അംഗീകൃത ഫാഷന്‍. സിനിമയുടെ ആദ്യപ്രദര്‍ശനം തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ ഡൗണ്‍ഗ്രേഡിംഗ് കാമ്പയിന്‍ ആരംഭിക്കും. എല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥകളാണ്. സംവിധായകന്‍, നായകന്‍, നിര്‍മ്മിതാവ് എന്നിവരുടെ ജാതി, മതം, രാഷ്ട്രീയം എന്നിവ ഉന്നയിച്ചുള്ള കൊലവിളികളും വ്യക്തിഹത്യയുമാണ് മുഖ്യയിനം. പണ്ട് തിയേറ്ററുകളില്‍ പരസ്പരം കൂവി തോല്‍പ്പിച്ചു കൊണ്ടിരുന്നവരുടെ പുതുതലമുറയാണ്. ഇപ്പോള്‍ എല്ലാം ഒന്നുപറഞ്ഞ് രണ്ടിന് വര്‍ഗീയതയില്‍ അവസാനിക്കുന്നു എന്നതാണ് പ്രധാന വ്യത്യാസം. വ്യാജവ്യാഖ്യാനങ്ങളും നുണകളും വീഡിയോ കട്ടുകളും പ്രസരിപ്പിക്കുന്നത് പ്രതികരണം അര്‍ഹിക്കുന്നില്ലെന്ന് മാത്രമല്ല സംഘാടകര്‍ അത് പ്രതീക്ഷിക്കുന്നുമില്ല. ചര്‍ച്ചയോ പ്രതികരണമോ അല്ല മറിച്ച് പരമാവധി മുറിവേല്‍പ്പിക്കുക, നശിപ്പിക്കുക എന്നതാണ് പ്രസ്തുത ദൗത്യങ്ങളുടെ ഉള്ളടക്കം. ഞാനല്ലാത്തതും എന്നില്‍ ഇല്ലാത്തതുമായ കാര്യങ്ങള്‍ ആരോപിക്കപെടുമ്പോള്‍ അതിന് മറുപടി ആവശ്യമില്ല. ഒരാള്‍ സ്ത്രീ എന്നോ ഹോമോസെക്ഷ്വല്‍ എന്നോ വിശേഷിപ്പിച്ചെന്നിരിക്കട്ടെ, നിങ്ങള്‍ ഇതുരണ്ടുമല്ലെന്ന് ഉറപ്പുണ്ടെങ്കില്‍ അത്തരം വിളികള്‍ പരിഗണിക്കേണ്ടതില്ല; ആണെങ്കില്‍ സന്തോഷിക്കാം.
ഗോഡ്സെയും ഡിറ്റന്‍ഷന്‍ സെന്ററും
ഗാന്ധിയെക്കാള്‍ മികച്ചവനാണ് ഗോഡ്സെ എന്ന് ഞാന്‍ പറഞ്ഞു എന്നൊരു ഗീബല്‍സിയന്‍ നുണ നിരത്തുമ്പോള്‍ ഗാന്ധിയെ വ്യക്തിപരമായി ഏറെ ഇഷ്ടപെടുകയും ഗോഡ്സെയോട് വ്യക്തിപരമായോ രാഷ്ട്രീയപരമായോ യാതൊരു താല്‍പ്പര്യവും സൂക്ഷിക്കാത്തവനുമായ ഞാന്‍ എന്തിന് അസ്വസ്ഥനാകണം?! ലോകരാജ്യങ്ങളിലെല്ലാം ഡിറ്റന്‍ഷന്‍ സെന്ററുകള്‍ ഉണ്ട്, അതിന്റെ പ്രത്യേകതകള്‍ ഇന്നയിന്നതാണ് എന്നുപറയുമ്പോള്‍ ഞാന്‍ ഡിറ്റന്‍ഷന്‍ സെന്ററുകളെ മഹത്വപെടുത്തുകയും മുസ്ളീങ്ങളെ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് വിടണം എന്നു നിര്‍ദ്ദേശിക്കുകയും ചെയ്തു എന്ന് വ്യാഖ്യാനിക്കുന്നവരോട് എന്ത് പ്രതികരണമാണ് നടത്തേണ്ടത്?
കളിനിയമങ്ങള്‍ മാനിക്കാത്തവരോട് കളിച്ച് ജയിക്കാനാവില്ല. എതിര്‍വാദങ്ങളോ മറുപടികളോ അവിടെ പ്രസക്തമല്ല. പ്രതികരിച്ചാല്‍തന്നെ വെള്ളപൂശല്‍, പെയിന്റടി, മെഴുകള്‍, ഉരുളല്‍, എന്തുപറഞ്ഞാലും ചാപ്പ മാറ്റില്ല..തുടങ്ങിയ സ്ഥിരം കാപസ്യൂളുകളും കുമ്മോജികളും മാത്രമേ മറുപടിയായി ഉണ്ടാകൂ. ആരോപണങ്ങളുടെ കഥയില്ലായ്മ ചൂണ്ടിക്കാട്ടുന്നവരെല്ലാം രവിചന്ദ്രന്റെ അടിമകള്‍ ആയിമാറും. ഒന്നിലധികംപേരുണ്ടെങ്കില്‍ വിളിപ്പേര്‍ മാറി വെട്ടുകിളികള്‍ എന്നാകും. അവഗണന ഒരു കലയാണ്. പരിശീലനംകൊണ്ട് ഏറെ മുന്നേറാന്‍ കഴിയുന്ന ഒന്ന്.
പിളര്‍പ്പോ, എപ്പോള്‍, എവിടെ?
എസെന്‍സ് എങ്ങനെയാണ് പിളര്‍ന്നത് എന്നതാണ് മറ്റൊരു ചോദ്യം! സമാനതകളില്ലാത്ത വെറുപ്പ് കാമ്പയിന്‍ അതിജീവിച്ചാണ് ഇക്കുറി ലിറ്റ്മസ് വിജയകരമായി നടത്തിയത്. എസെന്‍സ് പിളര്‍ന്നു, നാസ്തികര്‍ അങ്കലാപ്പില്‍ എന്നൊക്ക ലിറ്റ്മസിന് തൊട്ടുമുന്നേ മുഖ്യധാരാ മാധ്യമങ്ങളിലും ദാവ ചാനലുകളിലും സ്പോണ്‍സേഡ് റിപ്പോര്‍ട്ട് വന്നിരുന്നു. അപ്പോഴാണ് എസെന്‍സില്‍ ഉള്ളവര്‍പോലും അതറിയുന്നത്. പിളര്‍പ്പോ, എപ്പോള്‍, എവിടെ? എസെന്‍സ് ഒരു രാഷ്ട്രീയപാര്‍ട്ടിയോ സാധാരണ സംഘടനയോ അല്ല. അതൊരു ദൗത്യമാണ്-Project esSENSE! പ്രവര്‍ത്തനം പ്രധാനമായും ഓണ്‍ലൈനിലാണ്.
2000 അംഗങ്ങള്‍ ഉള്ള നാസ്തികനായദൈവം എന്നൊരു സീക്രട്ട് ഫേസ്ബുക്ക് ഗ്രൂപ്പാണ് (ND ഗ്രൂപ്പ്)മദര്‍ബോര്‍ഡ്. എന്തുകൊണ്ട് രഹസ്യഗ്രൂപ്പ്? അംഗങ്ങളുടെ വ്യക്തി/ജോലി സുരക്ഷയാണ് വിഷയം. നാസ്തികരാണ് എന്ന് പുറത്തറിയുന്നതില്‍ പലര്‍ക്കും പ്രശ്നമുണ്ട്. esSENSE-ന്റെ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുക, ഫണ്ടിംഗ് തുടങ്ങിയ കാര്യങ്ങളാണ് ഗ്രൂപ്പില്‍ നടക്കുന്നത്. മൂന്ന് ലിറ്റ്മസുകളും(2018, 2019, 2022) നാല് എസെന്‍ഷ്യകളും അഞ്ഞൂറിലധികം പബ്ലിക് പ്രോഗ്രാമുകളും സംഘടിപ്പിച്ചതും ഈ ഗ്രൂപ്പാണ്. ഒരു ഫേസ്ബുക്ക് ഗ്രൂപ്പിന് നേരിട്ട് സമൂഹത്തില്‍ ഇടപെടാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകള്‍ തരണം ചെയ്യാന്‍ ട്രസ്റ്റ് ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘടനകളാണ് എസെന്‍സ് ക്ലബും (Reg No.TSR/TC/541/2016) എസെന്‍സ് ഗ്ലോബലും (Reg No. TSR/TC/352/2018) എസെന്‍സ് ക്ലബിന്റെ പ്രവര്‍ത്തനം മന്ദതയിലാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി എസെന്‍സ് ഗ്ലോബല്‍ സജീവമാണ്. എസെന്‍സ് ഗ്ലോബലിന്റെ വാര്‍ഷിക പരിപാടിയാണ് ലിറ്റ്മസ്.
2012 ല്‍ നാസ്തികനായ ദൈവം (ഡി.സി ബുക്സ്)എന്ന എന്റെ പുസ്തകത്തിന്റെ റീഡേഴ്സ് ക്ലബ് പോലെ ഞാന്‍ തുടങ്ങിയ ഒരു സംരംഭമാണ് ND ഗ്രൂപ്പ്. തുടക്കത്തില്‍ പത്തില്‍ താഴെ അംഗങ്ങള്‍. 2016 ജൂണിലാണ് ഗ്രൂപ്പ് വിപുലീകരിക്കുന്നത്. ഒരു ഘട്ടത്തില്‍ അംഗസംഖ്യ 2200 കടന്നിരുന്നു. എല്ലാ വര്‍ഷവും ഏതാനുംപേര്‍ പുറത്തുപോകും, കുറെപേര്‍ പുതിയതായി വരും. ഫേസ്ബുക്ക് ഗ്രൂപ്പുകളുടെ പൊതു സ്വഭാവമാണിത്. വ്യക്തി-രാഷ്ട്രീയ താല്‍പര്യങ്ങള്‍ കാരണമാണ് പലരും പുറത്തുപോകുന്നത്. അവര്‍ക്ക് ഗ്രൂപ്പിനെ കുറിച്ച് പരാതിയുണ്ടാവും. അവരെ കുറിച്ച് അതിലേറെ പരാതികള്‍ ഗ്രൂപ്പിനും ഉണ്ടാകും. പുറത്തു പോകുന്നവരില്‍ ചിലര്‍ സൈബര്‍ലിഞ്ചിംഗും അപവാദപ്രചരണവും നടത്തും. ശ്രദ്ധ പിടിക്കാനുള്ള അടവ് എന്ന നിലയില്‍ ഗ്രൂപ്പ് അത്തരം നീക്കങ്ങള്‍ അവഗണിക്കുകയാണ് പതിവ്. വസ്തുതാപരമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയാല്‍ പരിഗണിക്കും. 2018 മുതല്‍ എസെന്‍സ് ഗ്ലോബല്‍ മുന്നേറുന്നുണ്ട്. 2018 ലെ ലിറ്റ്മസില്‍ 3000 പേര്‍ പങ്കെടുത്തെങ്കില്‍ 2019 ല്‍ കോഴിക്കോട് ഇത് 7000 ആയി വര്‍ദ്ധിച്ചു. ഇക്കുറി എറണാകുളത്ത് രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ലിറ്റ്മസില്‍ അതിലേറെ പങ്കാളിത്തം ഉണ്ടായി.
എസെന്‍സ് ഒരു യുക്തിവാദ സംഘടനയല്ല
യുക്തിവാദികളില്‍ ചിലര്‍ എസെന്‍സിനെതിരെ സൈബര്‍ ലിഞ്ചിംഗ് നടത്തുന്നത് എന്തുകൊണ്ടെന്ന് ജയദേവ് ചോദിക്കുന്നുണ്ട്. ആദ്യമേ പറയട്ടെ, esSENSE Global ഒരു യുക്തിവാദി സംഘടനയല്ല. ഇംഗ്ലീഷില്‍ Rationalism എന്നു പറയുന്ന ആശയത്തോട് യോജിപ്പാണ്. പക്ഷെ കേരളത്തില്‍ യുക്തിവാദി പ്രസ്ഥാനത്തെ ആ അര്‍ത്ഥത്തില്‍ പരിഗണിക്കാനാവില്ല. അവരുടെ മതപക്ഷപാതം, പാര്‍ട്ടിവിധേയത്വം, ജാതിപ്രസരണം എന്നീ മൂന്ന് കാര്യങ്ങളിലാണ് പ്രധാന വിയോജിപ്പ്. പഴയകാല യുക്തിവാദികളെപോലെ ഇസ്ലാംമത പക്ഷപാതികളാകാതെ ഇസ്ലാമിനെ വിമര്‍ശിക്കുന്നു, പരമ്പരാഗതമായ രീതിയില്‍ കമ്മ്യൂണിസ്റ്റ് വിധേയത്വം കാണിക്കാതെ അവരെ നാലാംമതം എന്നു വിശേഷിപ്പിക്കുന്നു എന്നീ രണ്ട് കുറ്റങ്ങളാണ് എസെന്‍സില്‍ ആരോപിക്കപെടുന്നത്.
പല യുക്തിവാദിനേതാക്കളെയും ചൂണ്ടിക്കാട്ടി ഒന്നിച്ചുനില്‍ക്കണം-എന്തിനാണ് തമ്മിലടിക്കുന്നത് എന്നൊക്കെ പലരും ചോദിക്കാറുണ്ട്. തെറ്റിദ്ധാരണകൊണ്ട് പറയുന്നതാണിത്. ഈ പറയുന്ന നേതാക്കളാരുംതന്നെ ഒരുകാലത്തും എസെന്‍സിന്റെ ഭാഗമായിരുന്നില്ല എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ വേര്‍പിരിയലിന്റെയോ തമ്മിലടിയുടെയോ പ്രശ്നം ഉദിക്കുന്നില്ല.
പന്തിന് അടിക്കുക, കാലിനടിക്കരുത്
വ്യക്തികളല്ല ആശയങ്ങളാണ് എതിര്‍ക്കപെടേണ്ടത് എന്നതാണ് എസെന്‍സ് നിലപാട്. പന്തിന് അടിക്കുക, കാലിനടിക്കരുത്-അതാണ് തത്വം. Fact based politics, evidence based medicine, humanism based society… എന്നിങ്ങനെ എസെന്‍സ് മുന്നോട്ടുവെക്കുന്ന ആശയങ്ങളോട് അനുഭാവമുള്ളവര്‍ക്ക് ഒപ്പംകൂടാം. വിയോജിപ്പ് തോന്നുമ്പോള്‍ വിട്ടുപോകാം വേണമെങ്കില്‍ തിരിച്ചുംവരാം. വളരെ അയഞ്ഞ സംഘടനാ സംവിധാനമാണ്. യുക്തിവാദികളായി അറിയപ്പെടുന്ന പലരും എസെന്‍സുമായി സഹകരിക്കുന്നുണ്ട്. പരിഷത്തുകാരും സി.പി.എം, ബി.ജെ.പി, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളില്‍ പെട്ടവരും എസെന്‍സ് പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. പോപ്പുലര്‍ ഫ്രണ്ട്, ആര്‍.എസ്.എസ് തുടങ്ങിയ സംവിധാനങ്ങള്‍ വിടുന്നവരും എത്താറുണ്ട്. എസെന്‍സിന് മുസ്ളിം വിരുദ്ധ ചാപ്പ അടിച്ച് കൊടുക്കാന്‍ പലരും ബദ്ധപെടുമ്പോഴും പ്രസ്തുത മതത്തിന് പുറത്തുവന്ന ആയിരങ്ങളാണ് ലിറ്റ്മസ് പോലുള്ള സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നത്. ലിറ്റ്മസ് 22 ല്‍ മതനേതാക്കളെയും പങ്കെടുപ്പിച്ചിരുന്നു. പരമാവധി ഇന്‍ക്ലൂസീവ് ആയ രാഷ്ട്രീയമാണിത്.
എസെന്‍സ് മുന്നോട്ടുവെക്കുന്ന വ്യക്തിവാദവും ശാസ്ത്രനിബദ്ധതയും പലര്‍ക്കും സ്വീകാര്യമല്ല എന്നത് സത്യമാണ്. സ്വാഭാവികമായു ഗോത്രങ്ങളും കൂട്ടങ്ങളും എതിരാകുന്നു. എല്ലാ ഗോത്രങ്ങളും എതിരാകുമ്പോഴാണ് നിങ്ങള്‍ ശരിക്കും സ്വതന്ത്രമാകുന്നത്. ഇത് രക്തസാക്ഷികളും ഷഹീദുകളും ബലിദാനികളും ആഘോഷിക്കപെടുന്ന നാടാണ്. ഏറ്റവും വലിയ ന്യൂനപക്ഷം വ്യക്തിയാണ്. കേരളത്തില്‍ ന്യൂനപക്ഷത്തോട് യാതൊരു ദയയുമില്ലാത്ത രണ്ട് മതരാഷ്ട്രീയശക്തികളാണ് ഇസ്ലാമും കമ്മ്യൂണിസവും. ഇക്കാര്യത്തില്‍ സംഘപരിവാറും കോണ്‍ഗ്രസും അവര്‍ക്ക് പിന്നിലേ വരൂ. സ്വന്തം കൂട്ടരിലെ ന്യൂനപക്ഷത്തെ അവര്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് നോക്കുക. ട്രോട്സ്‌കി മുതല്‍ ചന്ദ്രശേഖരന്‍മാരുടെവരെ അനുഭവങ്ങള്‍ മുന്നിലുണ്ട്. ഐസിസ് കൊന്നുകൂട്ടിയതില്‍ നല്ലൊരു പങ്കും മറ്റ് മുസ്ലിങ്ങളായിരുന്നു. പാകിസ്ഥാനിലെ പള്ളികളില്‍ വെള്ളിയാഴ്ചകളില്‍ പൊട്ടിത്തെറിക്കുന്നവരില്‍ ഏറിയപങ്കും ഷിയകളും അഹമ്മദിയരുമാണ്.