‘മൃഗീയമായി പൊള്ളലേല്‍പ്പിക്കുന്നവയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന മതത്തെ കാര്യമായിട്ടൊന്നും വിമര്‍ശന വിധേയമാക്കിയിട്ടില്ലെന്ന് തന്നെയാണതിന് കാരണം. ഇസ്ലാം മതവിമര്‍ശനമോ, ഇസ്ലാമിലെ സ്ത്രീകളുടെ നരക തുല്യ ജീവതമോ ആയിരുന്നു സിനിമ പറയാന്‍ ആഗ്രഹിച്ചിരുന്നതെങ്കില്‍, സിനിമയതില്‍ പരാജയപ്പെട്ടു പോയെന്ന് പറയാതെ വയ്യ. ഇസ്ലാം പശ്ചാത്തലമില്ലാതെയും ഇതേ കഥ അവതരിപ്പിക്കാന്‍ കഴിയുമോ എന്നൊന്ന് നോക്കിയാല്‍ മതി ഇത് ബോധ്യപ്പെടാന്‍!’ – സി. എസ്. സുരാജ് എഴുതുന്നു |
മതത്തെ തൊടാത്ത ബിരിയാണി!
ഒട്ടനവധി അവാര്‍ഡുകള്‍ വാരി കൂട്ടി, പ്രയാണം തുടര്‍ന്നു കൊണ്ടിരിക്കുന്ന മലയാള ചലച്ചിത്രമാണ് സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി. ഒരുപാട് രുചികൂട്ടുകള്‍ കൃത്യ സമയത്ത് കൃത്യമളവില്‍ ചേര്‍ത്തുണ്ടാക്കുന്നൊരു വിഭവമാണ് ബിരിയാണി. ബിരിയാണിയെന്ന പേരൊഴിച്ച്, അതിന്റെ രുചിയുള്‍പ്പടെ മറ്റെല്ലാം അപ്രത്യക്ഷമാവാന്‍, ഈ കൃത്യതയില്‍ ചെറിയ ചില മാറ്റങ്ങള്‍ സംഭവിച്ചാല്‍ മതിയാവും!
ഇത്തരത്തില്‍, രുചികൂട്ടുകളുടെ കാര്യത്തില്‍ ബിരിയാണിയെന്ന ചലച്ചിത്രത്തിന് എത്രത്തോളം കൃത്യത കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നുള്ളത് വലിയ ചോദ്യ ചിഹ്നമായി തന്നെ അവശേഷിക്കുകയാണ്! സ്ത്രീ, മതം, ലൈംഗീകത, തീവ്രവാദം, വേശ്യാവൃത്തി തുടങ്ങിയ ഒട്ടനവധി വിഷയങ്ങളെ പറ്റിയാണ് സിനിമ പറഞ്ഞു പോവുന്നത്. നമ്മുടേത് പോലൊരു സമൂഹത്തില്‍, തൊട്ടാല്‍ കൈ പൊള്ളുമെന്നുറപ്പുള്ള വിഷയങ്ങളാണ് ഇവയെല്ലാം. എന്നാലൊന്നുറപ്പാണ്, ആരുടേയും കൈ പൊള്ളിക്കാതെ തന്നെ ഈ സിനിമ കടന്നു പോവും!
മൃഗീയമായി പൊള്ളലേല്‍പ്പിക്കുന്നവയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന മതത്തെ കാര്യമായിട്ടൊന്നും വിമര്‍ശന വിധേയമാക്കിയിട്ടില്ലെന്ന് തന്നെയാണതിന് കാരണം. ഇസ്ലാം മത വിമര്‍ശനമോ, ഇസ്ലാമിലെ സ്ത്രീകളുടെ നരകതുല്യ ജീവതമോ ആയിരുന്നു സിനിമ പറയാന്‍ ആഗ്രഹിച്ചിരുന്നതെങ്കില്‍, സിനിമയതില്‍ പരാജയപ്പെട്ടു പോയെന്ന് പറയാതെ വയ്യ. ഇസ്ലാം പശ്ചാത്തലമില്ലാതെയും ഇതേ കഥ അവതരിപ്പിക്കാന്‍ കഴിയുമോ എന്നൊന്ന് നോക്കിയാല്‍ മതി ഇത് ബോധ്യപ്പെടാന്‍!
കുഴപ്പം തീവ്ര വിശ്വാസികള്‍ക്ക് മാത്രം
സമൂഹ്യ വിപത്തുകളുടെ അടിസ്ഥാന കാരണങ്ങളില്‍ ഒന്നായ മതത്തെ എവിടെയാണ് സിനിമ കൃത്യമായി വിമര്‍ശിക്കുന്നതെന്ന് മനസ്സിലാവുന്നില്ല. എന്നാല്‍ ഒന്നുണ്ട്, തീവ്രവാദം എന്ന വിഷയം കൈകാര്യം ചെയ്തു കൊണ്ട് മതവും ‘നല്ലവിശ്വാസികളും’ തീവ്രവാദം പോലുള്ള ഒന്നിന് ഉത്തരവാദികളല്ലെന്ന് വളരെ കൃത്യമായി പറഞ്ഞു വെക്കുന്നുണ്ട് സിനിമ. അതായത് ‘നല്ലവിശ്വാസി’കളല്ലാത്ത ‘തീവ്രവിശ്വാസി’കളുടെ മാത്രം കുഴപ്പമാണ് തീവ്രവാദം പോലുള്ള മനുഷ്യത്വ രഹിതമായവ. അതില്‍ മതത്തിന് യാതൊരു പങ്കുമില്ലെന്ന്! താന്‍ സംതൃപ്തയായില്ലെന്ന് ഭര്‍ത്താവിന് മുന്നില്‍ പ്രകടിപ്പിക്കാന്‍, അവിടെ വെച്ചു തന്നെ സ്വയംഭോഗം ചെയ്യാന്‍, ഭര്‍ത്താവിന് ഇഷ്ടമില്ലെങ്കിലും തന്റെ വീട്ടിലേക്ക് താന്‍ പോവുമെന്നുറച്ച തീരുമാനമെടുക്കാനും, അത് നടപ്പിലാക്കാനും കഴിവുള്ള ഖദീജയും, പുരുഷന്മാര്‍ ഉള്‍പ്പെടുന്ന ഒരു വീടിനെ ഒന്നടങ്കം തന്നെ ഭരിക്കാന്‍ കഴിവുള്ള ഖദീജയുടെ ഭര്‍തൃമാതാവും സിനിമയിലെ പ്രധാന കഥാപാത്രങ്ങളാണ്. ഇസ്ലാമിലെ ഏത് സ്ത്രീകള്‍ക്കാണ് ഇതൊക്കെ ചെയ്യാന്‍ കഴിയുകയെന്നുള്ളത് മറ്റൊരു ചോദ്യം തന്നെയാണ്!
ഇത്രയും ധൈര്യമുള്ള ഖദീജ തന്നെയാണ് പിന്നീട് ഭര്‍ത്താവില്‍ നിന്നും ഫോണിലൂടെ തലാഖ് ലഭിക്കുമ്പോള്‍, ഒന്നും പ്രതികരിക്കാതെ, അവകാശപ്പെട്ട ജീവനാംശത്തിന് വേണ്ടി പോലും ശബ്ദമുയര്‍ത്താതെ നിശബ്ദയായി നില്‍ക്കുന്നതും, സിനിമയുടെ അവസാന ഭാഗത്ത് ആത്മഹത്യക്ക് ശ്രമിക്കുന്നതും!
ഒരു മുസ്ലിം സ്ത്രീക്ക് ഇതിനൊന്നും കഴിയില്ലെന്നാണ് സിനിമ പറയുന്നതെങ്കില്‍, സിനിമയുടെ ആദ്യ ഭാഗങ്ങളില്‍ കാണിക്കുന്ന കാര്യങ്ങളും ഒരു മുസ്ലിം സ്ത്രീക്ക് ചെയ്യാന്‍ കഴിയില്ലെന്ന് സമ്മതിക്കേണ്ടി വരും! ഇടക്ക് വെച്ച് തന്റെ സ്വന്തമിഷ്ടപ്രകാരം വേശ്യാവൃത്തിയിലേക്ക് പോവുന്നുണ്ട് ഖദീജ. ആരെങ്കിലും മനപ്പൂര്‍വം ഖദീജയെ ഒരു വേശ്യയാക്കുന്നതൊന്നുമല്ല. സ്വന്തമിഷ്ട്ടത്തിന് തിരഞ്ഞെടുക്കുന്ന തൊഴിലു തന്നെയാണത്. വേശ്യാവൃത്തിയിലുള്ള സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ചൂഷണങ്ങളും, പീഡനങ്ങളും സിനിമ നല്ല കടുത്ത ഭാഷയില്‍ സംസാരിച്ചു പോവുമെന്നാണ് അപ്പോള്‍ ധരിച്ചത്. എന്നാലിവിടേയും സിനിമ നിരാശ മാത്രമാണ് സമ്മാനിച്ചത്!
പലപ്പോഴും വിഷയം സാമ്പത്തികം മാത്രം
സമൂഹമെങ്ങനെയാണ് വേശ്യാവൃത്തിയിലുള്ള സ്ത്രീകളെ നോക്കി കാണുന്നതെന്നോ, അവരെയെങ്ങനെയാണ് സമൂഹം തിരസ്‌ക്കരിക്കുന്നതെന്നോ കാണിച്ചു തരാനുള്ള അവസരവും സിനിമ വേണ്ട രീതിയില്‍ ഉപയോഗിക്കുന്നില്ല. ഇത് കേവലം ചില പോലീസ് ഉദ്യോഗസ്ഥരിലേക്ക് മാത്രമായി ഒതുക്കുകയാണ് സിനിമയിവിടെ ചെയ്യുന്നത്. ചില സമയങ്ങളില്‍ ഖദീജയുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്ക് കാരണം അവളുടെ മതമോ, ലിംഗമോ, ഒന്നും തന്നെയല്ല പകരം സാമ്പത്തികസ്ഥിതി മാത്രമാണെന്ന് പോലും തോന്നിപ്പിക്കുന്നുണ്ട് സിനിമ.
ഖദീജ ഗര്‍ഭധാരണം നടത്തുന്നുണ്ട് സിനിമയില്‍. താന്‍ പോലുമറിയാതെ താന്‍ ഗര്‍ഭിണിയായിരിക്കുന്നുവെന്നാണ് ഖദീജ തന്നെ അതിനെ പറ്റി പറയുന്നത്. തൊഴിലുമായി ബന്ധപ്പെട്ട് തീര്‍ത്തും ആകസ്മികമായി യാതൊരു തയ്യാറെടുപ്പുകളുമില്ലാതെ, വേണ്ട ആലോചനകളില്ലാതെ, നടന്നൊരു ഗര്‍ഭധാരണമാണ് അതെന്നുറപ്പാണ്. ഇതിനെ തുടര്‍ന്ന്, തന്റെ പ്രിയപ്പെട്ടൊരാളെ വിളിച്ചു വരുത്തുന്നുണ്ട് ഖദീജ. കുഞ്ഞിനെ വളര്‍ത്താന്‍ പോയിട്ട് തനിക്കൊന്ന് പട്ടിണിയില്ലാതെ ജീവിക്കാന്‍ പോലും കഴിയാത്ത സാമ്പത്തിക സ്ഥിതിയാണ് ഖദീജയുടേത്. അങ്ങനെയുള്ളൊരു ഖദീജ, ഗര്‍ഭച്ഛിദ്രം നടത്താനായുള്ള സഹായത്തിനായാവും അയാളെ വിളിച്ചു വരുത്തിയതെന്ന് വിചാരിക്കുമ്പോഴേക്കും ആ ധാരണയേയും തെറ്റിച്ചു കളഞ്ഞു കൊണ്ടാണ് സിനിമ പിന്നീട് മുന്നോട്ടു പോവുന്നത്.
കുഞ്ഞിനെ വളര്‍ത്താന്‍ വേണ്ട സാമ്പത്തിക സ്ഥിതിയുള്‍പ്പടെയുള്ള ഒരു സാഹചര്യവുമില്ലെങ്കിലും വേണ്ടില്ല കുഞ്ഞിനെ ജനിപ്പിച്ചു കൊള്ളണമെന്ന് വാദിക്കുന്ന നമ്മുടെ പൊതുബോധ ചിന്തയെയാണ് അവിടെ കാണാന്‍ കഴിഞ്ഞത്. ഈ പൊതുബോധത്തെ ശക്തമായി നിഷേധിക്കാന്‍ കഴിയുമായിരുന്ന ഒരു രംഗമായിരുന്നുവത്. ഒരു സ്ത്രീ തനിക്ക് അബോര്‍ഷന്‍ വേണമെന്നാവശ്യപ്പെട്ടു കൊണ്ട്, നമ്മുടെ ആശുപത്രികളില്‍ കയറി ചെല്ലുമ്പോള്‍ അവിടെ നിന്നും നേരിടേണ്ടി വരാവുന്ന പ്രതികൂല സാഹചര്യങ്ങളേയും, ഡോക്ടര്‍മാരുടേയും സമൂഹത്തിന്റേയും ചൂഷണങ്ങളും, വരച്ചു കാണിക്കാമായിരുന്ന സിനിമ അതിനും മുതിരുന്നില്ല.
സ്വന്തം ചാപിള്ളയെ കൂടി ചേര്‍ത്തുണ്ടാക്കിയ ബിരിയാണി!
എല്ലാവരെയും വിളിച്ചൊരു വിരുന്നു നല്‍കുകയെന്ന ലക്ഷ്യവുമായി അപ്പോഴും ഖദീജ മുന്നോട്ടു പോവുകയാണ്. അങ്ങനെയവസാനം സമൂഹത്തിലും മതത്തിലുമുള്ള ‘ഉന്നതരെ’ വിളിച്ചു വരുത്തികൊണ്ട് ബിരിയാണിയും മറ്റും വിളമ്പുകയാണ് ഖദീജ ചെയ്യുന്നത്. വെറും ബിരിയാണിയല്ല സ്വന്തം ചാപിള്ളയെ കൂടി ചേര്‍ത്തുണ്ടാക്കിയ ബിരിയാണി!
എങ്ങനെ നോക്കിയാലുമത് കഴിക്കാന്‍ യോഗ്യതയുള്ളവര്‍ അതിലെ ചിലര്‍ മാത്രമാണ്. എന്നാല്‍ അവര്‍ക്കു മാത്രമല്ല, തന്റെ കസ്റ്റമേഴ്സ് ആയിരുന്നവര്‍ക്കും, സിനിമയിലപ്പോള്‍ വരെ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്തവര്‍ക്ക് പോലും വിളമ്പുന്നുണ്ട് ഈ ബിരിയാണി.എന്തിനായിരുന്നുവതെന്ന ചോദ്യമവിടെ ബാക്കിയാണ്! തന്റെ ജീവിതം നശിപ്പിച്ചവരെ വിളിച്ചാ ബിരിയാണി കഴിപ്പിക്കണമെന്ന് പറയുന്നതിന് പകരം സമൂഹത്തിലെ ‘ഉന്നതരെ’ വിളിച്ചാ ബിരിയാണി കഴിപ്പിക്കണമെന്നാണ് ഖദീജ പറയുന്നത്. ഇത് കൊണ്ടെന്താണ് ഉദ്ദേശിച്ചതെന്നും വ്യക്തമല്ല!
ആത്മഹത്യ ചെയ്യാനുള്ള ധൈര്യമില്ലെന്ന് പറയുന്ന അതേ ഖദീജ പിന്നീട് ആത്മഹത്യക്ക് ശ്രമിക്കുന്ന രംഗമാണ് സിനിമയില്‍ കാണിക്കുന്നത്. നിലവിലെ അവസ്ഥയെക്കാളുമെത്രയോ മോശമവസ്ഥ ജീവിതത്തിലുണ്ടായിരുന്നപ്പോഴും അത് ചെയ്യാതിരുന്ന ഖദീജ എന്തിനായിരുന്നുവത് ചെയ്തതെന്ന് സിനിമ പറയുന്നുമില്ലതാനും! വേശ്യാവൃത്തിയുള്‍പ്പടെ താന്‍ ചെയ്തതൊക്കെ തെറ്റായിരുന്നുവെന്ന തോന്നലായിരുന്നോ അതിന് പിന്നില്‍? തനിക്കിവിടെ ജീവിച്ചു മടുത്തുവെന്ന തോന്നലായിരുന്നോ അതിന് പിന്നില്‍? തനിക്കിവിടെയിനിയൊന്നും തന്നെ ചെയ്യാനില്ലെന്ന തോന്നലായിരുന്നോ അതിന് പിന്നില്‍?
മതത്തെ തൊടാതെ മതപരിഷ്‌ക്കരണ ശ്രമം മാത്രം
സിനിമ മതത്തെ തൊട്ടിട്ടില്ലെന്ന് നൂറു ശതമാനമുറപ്പാണ്. ആകെ ചെയ്തിട്ടുള്ളത് വിവാഹ പ്രായമുയര്‍ത്തുക പോലുള്ള മതപരിഷ്‌കരണ തന്ത്രങ്ങള്‍ ആ ഉദ്ദേശത്തിലല്ലെങ്കിലും പറഞ്ഞു പോവുകയും, മതപൗരോഹത്യത്തെ വിമര്‍ശിച്ചു പോവുകയും മാത്രമാണ് ചെയ്തിട്ടുള്ളത്. മതമല്ല മതപൗരോഹത്യമാണ് ഇവിടുത്തെ യഥാര്‍ത്ഥ പ്രശ്‌നമെന്ന് വാദിച്ചു കൊണ്ട് മതത്തെ താലോലിച്ചിരിക്കുന്നവര്‍ക്കും, മതത്തെ ശക്തിയുക്തം മുന്നോട്ടു കൊണ്ടു പോവാനായി, മതപരിഷ്‌ക്കരണം വേണമെന്നാവശ്യപ്പെടുന്നവര്‍ക്കും ഇതൊരുപക്ഷെ ദഹിച്ചെന്നു വരാം, ഗുണകരമായെന്നും വരാം.!
മതമുള്‍പ്പടെയുള്ള സമൂഹത്തിലെ ഒരുപറ്റം മാലിന്യങ്ങളെ കുറിച്ച്, സിനിമ പറയാന്‍ ശ്രമിച്ചിട്ടുണ്ടെന്നുള്ളത് നേര് തന്നെ. എന്നാല്‍, അതൊന്നും വേണ്ട വിധത്തില്‍ പറഞ്ഞു പോവാന്‍ സിനിമക്കായില്ലെന്നതാണ് വാസ്തവം. ഇങ്ങനെയൊരു രീതിയില്‍ സിനിമ അവതരിപ്പിച്ച അണിയറ പ്രവര്‍ത്തകരും, മികച്ച അഭിനയം കാഴ്ച്ചവെച്ച അഭിനേതാക്കളും അഭിനന്ദനമര്‍ഹിക്കുന്നുണ്ട്.
എന്നാല്‍, സിനിമയിലെ കഥാപാത്ര സൃഷ്ടികളും, അഡ്രസ്സ് ചെയ്യേണ്ടിരുന്ന വിഷയങ്ങളെ മറന്നു കൊണ്ടുള്ള സിനിമയുടെ ഒഴുക്കും, സിനിമ പറഞ്ഞു പോയ കാര്യങ്ങളും, പുരോഗമനമായിരുന്നു സിനിമയെന്ന അവകാശവാദത്തിന് വലിയ രീതിയിലുള്ള വിള്ളലുണ്ടാക്കുക തന്നെ ചെയ്തിട്ടുണ്ട്.
എന്‍.ബി. : അഭിപ്രായം തീര്‍ത്തും വ്യക്തിപരമാണ്. എല്ലാവരുടെയും അഭിപ്രായം ഇത് തന്നെയായിരിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല!