ഇസ്ലാം വിമര്‍ശനത്തിന്റെ പേരില്‍ ഐ.എസ്. ഭീഷണി; ജാമിത ടീച്ചര്‍ക്ക് ഐക്യദാർഢ്യം


‘ഇസ്ലാമിസ്റ്റുകള്‍ക്കെതിരായും ഞാന്‍ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ ഖുറാനിലും ഹദീസിലുമുള്ള വസ്തുതകള്‍ പറയാന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളൂ.ഖുറാനിലും ഹദീസിലുമുള്ള വസ്തുതകള്‍ പറഞ്ഞാല്‍ കൊല്ലപ്പെടുമെന്നും ജയിലിലാക്കപ്പെടുമെന്നും ഞാന്‍ ഇപ്പോഴാണ് മനസിലാക്കുന്നത്. ഖുറാനിലുള്ള കാര്യങ്ങള്‍ ലോകം അറിയാന്‍ പാടില്ലാത്തതാണോ? ഖുറാനിലുള്ള തീവ്രവാദവും ഭീകരവാദവും ഒക്കെ ലോകം അറിഞ്ഞു പോയിക്കഴിഞ്ഞാല്‍ നമ്മുടെ അബ്ദുല്‍ഖാദര്‍ പുതിയങ്ങാടി ജയിലിലായപോലെ ഞാന്‍ ഒക്കെ കൊല്ലപ്പെടുമെന്നാണ് ഇപ്പോള്‍ മനസിലാക്കുന്നത്. നിങ്ങള്‍ക്കന്നെ കൊല്ലാം പക്ഷേ തോല്‍പ്പിക്കാനാവില്ല’- ഇസ്‌ലാമിക്ക് സ്‌റ്റേറ്റിന്റെ വധ ഭീഷണിയുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകളില്‍ ജാമിത ടീച്ചര്‍ പ്രതികരിക്കുന്നു.
കൊല്ലാം, പക്ഷേ തോല്‍പ്പിക്കാനാവില്ല!

കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഐ.എസ് ബന്ധം ആരോപിക്കപ്പെട്ട് കണ്ണൂരില്‍ രണ്ട് യുവതികള്‍ പിടിയിലായത്. മിസ്ഹ സിദ്ദിഖ്, ഷിഫ ഹാരീസ് എന്നീ രണ്ടു യുവതികളാണ് എന്‍.ഐ.എയുടെ പിടിയിലായത്. എന്നാല്‍ ഇവര്‍ ഇസ്ലാമിക വിമര്‍ശകയും സ്വതന്ത്രചിന്തകയുമായ ജാമിത ടീച്ചറെ വധിക്കാന്‍ പദ്ധതിയിട്ടിയിരുന്നതായി അന്വേഷണ ഏജന്‍സികള്‍ പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകളാണ് ചില മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. ഐ.എസിനെതിരേ പൊതുയിടങ്ങളിലും സമൂഹമാധ്യമങ്ങളിലും ശബ്ദിക്കുന്നവരെ കൊലപ്പെടുത്താന്‍ അറസ്റ്റിലായ യുവതികള്‍ ആഹ്വാനം ചെയ്തിരുന്നുവെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. വിദേശത്തു നിന്ന് പ്രത്യേക ഗ്രൂപ്പുണ്ടാക്കി ഐ.എസ് ആശയം പ്രചരിപ്പിച്ച ഇരുവരും അടുത്ത കാലത്താണ് കണ്ണൂരിലെത്തിയത് എന്നാണ് എന്‍.ഐ.എ പറയുന്നത്. ഇവരുടെ പല രഹസ്യഗ്രൂപ്പുകളിലും ചാറ്റുകളിലും ജാമിത ടീച്ചറെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍.ഐ.എക്ക് കിട്ടിയിട്ടുണ്ടെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കഴിഞ്ഞകുറേക്കാലമായി ഭീഷണികള്‍ക്ക് നടുവിലൂടെയാണ് ജാമിത ടീച്ചറുടെ ജീവിതം. ഇസ്‌ലാമിനെ വിമര്‍ശിക്കുന്നുവെന്നപേരില്‍, വധശ്രമവും വീട് ആക്രമണവും പല തവണ അവര്‍ക്ക് നേര്‍ക്ക് ഉണ്ടായിട്ടുണ്ട്. പക്ഷേ ഇത് ആദ്യമായാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേരുകളുള്ള ഐസിസ് പോലുള്ള സംഘടനയുടെ ഭീഷണിയുണ്ടാവുന്നത്. പൊതുവെ കേരളം അപകട രഹിതമാണെന്നൊക്കെ പലരും പറയുന്നുണ്ടെങ്കിലും ചേകന്നൂര്‍ മൗലവി തൊട്ട്, ജോസഫ് മാഷ് വരെയുള്ളവരുടെ അനുഭവം മറിച്ചാണ്. അതുകൊണ്ടുതന്നെ ജാമിത ടീച്ചര്‍ക്കൊപ്പം നില്‍ക്കുക എന്നത്, മതേതര കേരളത്തിന്റെ ആവശ്യം കൂടിയാണ്. ജാമിത ടീച്ചര്‍ക്ക് ഐക്യദാര്‍ഢ്യം.

ഐ.എസ് ഭീഷണിയുടെ വാര്‍ത്തയെക്കുറിച്ച് ചോദിച്ചപ്പോള്‍ ജാമിത ടീച്ചറുടെ ആദ്യ പ്രതികരണം ‘കൊല്ലാം പക്ഷേ തോല്‍പ്പിക്കാനാവില്ല’ എന്നായിരുന്നു.’ ഈ വാര്‍ത്തയോട് എങ്ങനെ പ്രതികരിക്കണം എന്ന് അറിയില്ല. ഇത് ജനാധിപത്യ രാജ്യം തന്നെയല്ലേ? മതാധിപത്യം ഏതാണ്ട് നമ്മുടെ നാടിനെ കീഴടക്കി കളഞ്ഞു. ശക്തരായ ഭരണാധികാരികള്‍ ഇല്ലാത്തത് കാരണമാണ് മുസ്ലിം തീവ്രവാദികളുടെ അഴിഞ്ഞാട്ടം നമ്മുടെ നാട്ടില്‍ നടക്കുന്നത്.’- ജാമിത ടീച്ചര്‍ പറയുന്നു.

ഖുറാനിലുള്ള വസ്തുതകളെ പേടിക്കുന്നത് എന്തിന്?

‘എന്നെ ഇവര്‍ ടാര്‍ജറ്റ് ചെയ്തിട്ട് രണ്ടു മൂന്നു വര്‍ഷമെങ്കിലും ആയി. നേരിട്ടും അല്ലാതെയും പലതവണ ഇവര്‍ ആക്രമണം നടത്തിയിട്ടുണ്ട്. അതില്‍ നിന്നെല്ലാം ഇവര്‍ പരാജിതരായി. ഇസ്ലാമിസ്റ്റുകള്‍ക്കെതിരായും ഞാന്‍ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ ഖുറാനിലും ഹദീസിലുമുള്ള വസ്തുതകള്‍ പറയാന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളൂ.ഖുറാനിലും ഹദീസിലുമുള്ള വസ്തുതകള്‍ പറഞ്ഞാല്‍ കൊല്ലപ്പെടുമെന്നും ജയിലിലാക്കപ്പെടുമെന്നും ഞാന്‍ ഇപ്പോഴാണ് മനസിലാക്കുന്നത്. ഖുറാനിലുള്ള കാര്യങ്ങള്‍ ലോകം അറിയാന്‍ പാടില്ലാത്തതാണോ? ഖുറാനിലുള്ള തീവ്രവാദവും ഭീകരവാദവും ഒക്കെ ലോകം അറിഞ്ഞു പോയിക്കഴിഞ്ഞാല്‍ നമ്മുടെ അബ്ദുല്‍ഖാദര്‍ പുതിയങ്ങാടി ജയിലിലായപോലെ ഞാന്‍ ഒക്കെ കൊല്ലപ്പെടുമെന്നാണ് ഇപ്പോള്‍ മനസിലാക്കുന്നത്.’-ടീച്ചര്‍ ചൂണ്ടിക്കാട്ടി

‘ഖുറാനില്‍ അത്രമാത്രം ആളുകള്‍ അറിയാന്‍ പാടില്ലാത്ത വസ്തുകള്‍ ആണുള്ളത്. ഖുറാനിലുള്ള വസ്തുതകള്‍ ലോകം അറിഞ്ഞുപോയാല്‍ ഇസ്ലാം നശിച്ചു പോകുമോ, ഇല്ലാതായി പോകുമോ എന്ന് ഒരു വിഭാഗം ആളുകള്‍ ഭയക്കുന്നു. നമ്മുടെ നാട്ടില്‍ തന്നെ ഇസ്ലാമിസ്റ്റ് തീവ്രവാദികള്‍ എങ്ങനെയാണ് അഴിഞ്ഞാടുന്നത് എന്ന് നമ്മള്‍ കാണുന്നുണ്ട്. ശക്തമായ ഭരണസംവിധാനം നമുക്ക് ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

കുറച്ച് നാള്‍ മുന്‍പാണ് അലിയാര്‍ കാസ്മി പറഞ്ഞത് ആറുവയസുള്ള കുഞ്ഞിനെ, ആയിഷയെ മുഹമ്മദ് നബി കെട്ടി എന്ന് പറയുന്നവരെ ഭൂമിയ്ക്ക് മുകളില്‍ വച്ചേക്കാന്‍ പാടില്ല എന്ന് പറഞ്ഞത്്. ഒരു നടപടിയും ഇതിന്മേല്‍ വന്നിട്ടില്ല. നമ്മള്‍ ഒക്കെ ഒരുപാട് ശബ്ദിച്ചു ഇവര്‍ക്ക് എതിരെ. പക്ഷേ നടപടിയുണ്ടായില്ല.

എം.എം.അക്ബര്‍ ക്ലബ് ഹൗസിലാണ് പറഞ്ഞത്. എക്‌സ് മുസ്ലീം ആയ ആളുകളെ കായികമായി നേരിടണം എന്ന് പറഞ്ഞു. അവര്‍ക്കൊക്കെ എതിരെ ഈ കൊലവിളിയും ഭീഷണിയും മുഴക്കുന്നവര്‍ക്ക് എതിരെ ഒരു നിയമ സംവിധാനവും നമ്മുടെ നാട്ടില്‍ വരുന്നില്ല. അതുപോലെ റഫീഖ് സലഫി എന്ന് പറയുന്ന ജിഹാദി പണ്ഡിതന്‍, ഇസ്ലാമിസ്റ്റ്, മുജാഹിദ് വിഭാഗത്തിന്റെ പണ്ഡിതന്‍ പറഞ്ഞത് എന്നെയൊക്കെ പബ്ലിക് കൈകാര്യം ചെയ്യണം എന്നാണ്. ഇതുപോലെ ദേശവിരുദ്ധമായിട്ടുള്ള ശക്തികള്‍ നമ്മുടെ നാട്ടിലുണ്ട്. ഇപ്പോള്‍ തന്നെ താലിബാന്റെ പ്രശ്‌നം വന്നു. താലിബാന്‍ ഫാന്‍സ് ആണ് നമ്മുടെ നാട്ടില്‍ അഴിഞ്ഞാടിക്കൊണ്ടിരിക്കുന്നത്. താലിബാന്‍ നടപ്പിലാക്കുന്നത് എന്താണ് ഇസ്ലാമിക നിയമമാണ്.’- ജാമിത ടീച്ചര്‍ പറഞ്ഞു.

വാർത്ത ©ദീപിക

നടക്കുന്നത് താലിബാന്‍ ഫാന്‍സിന്റെ അഴിഞ്ഞാട്ടം

‘ഇസ്ലാമിക നിയമത്തെ നമ്മുടെ നാട്ടില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനെ നമ്മള്‍ എതിര്‍ക്കുന്നു. ഖുര്‍ ആന്‍ നിയമമാണെങ്കില്‍ ഹിന്ദുവിനും ക്രിസ്ത്യാനിയ്ക്കുമൊന്നും മനസമാധാനത്തോടെ ജീവിക്കാന്‍ സാധിക്കില്ല. മതപരമായ എല്ലാ സംവിധാനങ്ങളും ഇവര്‍ നമ്മുടെ നാട്ടില്‍ നടപ്പിലാക്കും.

നമുക്ക് അഭിപ്രായ സ്വാതന്ത്ര്യമോ ആവിഷ്‌ക്കാര സ്വാതന്ത്ര്യമോ ഉണ്ടാകില്ല. അങ്ങിനെ വരുമ്പോള്‍ നമ്മുടെ മനുഷ്യാവകാശങ്ങള്‍ എല്ലാം ലംഘിക്കപ്പെടും. അതുകൊണ്ട് ഈ നാട് ജനാധിപത്യ രാജ്യമായി തന്നെ തുടരാന്‍ അവസാനശ്വാസം വരെ പൊരുതും എന്നാണ് എനിക്ക് പറയാനുള്ളത്. ഇത് ഒന്നാമത്തെ കാര്യം.

രണ്ടാമതായി ഖുറാനിലെ വസ്തുതകള്‍ തുറന്നു പറഞ്ഞാല്‍ ഇങ്ങനെ കൊല്ലാനും ചാകാനും ഒക്കെ നില്‍ക്കുന്ന ഒരു വിഭാഗം ആളുകളോട് പറയാനുള്ളത് ഒന്നുകില്‍ ഖുറാന്‍ നിങ്ങള്‍ പഠിപ്പിക്കണം, അല്ലെങ്കില്‍ ഞങ്ങള്‍ പഠിപ്പിക്കും ഖുറാനിലും ഹദീസിലുമുള്ള ആശയങ്ങള്‍ എന്താണെന്ന്.. ദേശവിരുദ്ധത എന്താണെന്നും മാനവികത എന്താണെന്നും ഞങ്ങള്‍ക്ക് ജനങ്ങളെ പഠിപ്പിച്ച് കൊടുക്കേണ്ടി വരും.

ഐഎസ് തീവ്രവാദികളെ തലങ്ങും വിലങ്ങും പരിപോഷിപ്പിക്കുന്ന ഒരു വിഭാഗമാണ് നമ്മുടെ നാട്ടിലെ മുസ്ലിം തീവ്രവാദികള്‍. ഇപ്പോള്‍ ഇസ്ലാമിക സംഘടന ഏത് സംഘടന എടുത്ത് നോക്കിയാലും അവരുടെയൊക്കെ പൊതുവായ ശത്രുവാണ് ഞാന്‍. എക്‌സ് മുസ്ലിം ആയിട്ടുള്ള എല്ലാവരും ഇവര്‍ക്ക് ശത്രുക്കള്‍ തന്നെയാണ്. ഇവരൊക്കെ ഞങ്ങളെ ഇങ്ങനെ കൊലവിളിക്കുകയും ഭീഷണിപ്പെടുത്തുകയും കൊല്ലാന്‍ ശ്രമിക്കുകയും ഒക്കെ ചെയ്യുന്നു. നേരിട്ട് എത്ര തവണ ഇവര്‍ ശ്രമിച്ചു. എന്നിട്ട് ഇവര്‍ക്ക് എതിരെ ഒരു നടപടിയും വരുന്നില്ല.’

നടക്കുന്നത് മത പ്രീണനം

‘ശരിക്ക് പറഞ്ഞാല്‍ നമ്മുടെ നാട്ടില്‍ സെക്യുലറിസ്റ്റ് സംവിധാനം ആണെന്ന് പറയുന്ന ഭരണ സിരാ കേന്ദ്രങ്ങളിലിരിക്കുന്ന എല്ലാ ആളുകളും തലങ്ങും വിലങ്ങും മതത്തെ പരിപോഷിപ്പിച്ചും പ്രീണിപ്പിച്ചും കൊണ്ടാണ് കയറി വന്നിട്ടുള്ളത്. ഇന്നിവര്‍ നടത്തുന്നത് മതപ്രീണനം തന്നെയാണ്. മതത്തെ എങ്ങനെയെങ്കിലും പ്രീണിപ്പിക്കുക നാല് വോട്ടിനു വേണ്ടി സ്വന്തം രാജ്യത്തെ ഒറ്റുകൊടുക്കുന്ന രീതിയാണ് കണ്ടുകൊണ്ടിരിക്കുന്നത്.

എനിക്ക് ആത്യന്തികമായി പറയാനുള്ള വസ്തുത ഇതാണ്. നമ്മുടെ നാട് ഈ പോക്ക് പോയാല്‍ അഫ്ഗാനികള്‍ ഓടിയപോലെ ഇവിടെ ഇസ്ലാമിസ്റ്റ് താലിബാനികള്‍ ഈ നാട് കീഴടക്കുകയും നമ്മള്‍ ഒക്കെ കുറ്റിയും പറിച്ചോണ്ട് ഓടുകയും ചെയ്യേണ്ടി വരും. ആ രീതി ഇല്ലാതിരിക്കാന്‍ വേണ്ടി അവസാന ശ്വാസം വരെയും ഈ മതതീവ്രവാദത്തിന്നെതിരെ പോരാടാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ഇത്രയും കാലം പുരുഷന്മാര്‍ കുറെ ശ്രമിച്ചു. ഇവര്‍ എന്നെ കൊല്ലാന്‍ ശ്രമിച്ചു അതുമല്ലെങ്കില്‍ ആയുധവുമായി വന്നു. എന്നെ ഭീഷണിപ്പെടുത്തി. ഇപ്പോഴിതാ രണ്ട് സ്ത്രീകളും ഇനി എന്നെ എന്ത് ചെയ്‌തെന്നാലും ശരി ഇസ്ലാമിക തീവ്രവാദത്തിന്നെതിരെയുള്ള പോരാട്ടത്തില്‍ നിന്ന് ഒരടി പോലും ഭയന്ന് പുറകോട്ടു മാറുന്ന പ്രശ്‌നമേയില്ല’-ജാമിത ടീച്ചര്‍ പറയുന്നു.


Leave a Reply

Your email address will not be published. Required fields are marked *