മസ്തിഷ്‌ക്കത്തിന്റെ വികാസ പരിണാമ ചരിത്രത്തിലൂടെ ഒരു അത്യപൂര്‍വ പുസ്തകം; പ്രമോദ് കുമാര്‍ എഴുതുന്നു


ന്യുറോ സയന്‍സിന്റെ ചികിത്സാ ചരിത്രത്തെ മനോഹരമായി അനാവരണം ചെയ്യുന്ന കൃതികള്‍ മറ്റു ഭാഷകളില്‍ പോലും വിരളമായി ഇരിക്കുമ്പോള്‍, അസാധാരണമായ നേട്ടമാണ് ഈ ഗ്രന്ഥത്തിലൂടെ മലയാളത്തിന് ലഭിച്ചിരിക്കുന്നത്. ഡോ. കെ രാജശേഖരന്‍ നായരുടെ ‘ഞാന്‍ എന്ന ഭാവം’ എന്ന പുസ്തകത്തെക്കുറിച്ച് പ്രമോദ് കുമാര്‍ എഴുതുന്നു.

‘ഞാന്‍ എന്ന ഭാവം’

ഏതാണ്ട് ആറ് പതിറ്റാണ്ടിലേറെ നാഡീരോഗചികിത്സകനായി ഇന്ത്യയിലും വിദേശത്തും സേവനമനുഷ്ടിച്ചിട്ടുള്ള ഡോ. കെ രാജശേഖരന്‍ നായരുടെ (KR Nair) ചികിത്സ അനുഭവത്തിന്റെയും, ആ മേഖയിലെ അഗാധമായ വായനയുടെയും പണ്ഡിത്യത്തില്‍ നിന്ന് കടഞ്ഞെടുത്ത പുസ്തകമാണ് ‘ഞാന്‍ എന്ന ഭാവം’. ന്യൂറോളജിയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദേശീയ ബഹുമതികളും കേരള സാഹിത്യ അക്കാദമിയുടെ വൈജ്ഞാനിക സാഹിത്യ പുരസ്‌കാരവും ഗ്രന്ഥകാരന്‍ നേടിയിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ന്യൂറോളജി എമിരിറ്റസ് പ്രൊഫസറായി തന്റെ സേവനം തുടര്‍ന്നു വരുന്ന ഗ്രന്ഥകര്‍ത്താവ്, ഈ വിശിഷ്ട പുസ്തകം തന്റെ 80ാം വയസിലാണ് രചിച്ചിരിക്കുന്നത് എന്നത് ആരെയും അത്ഭുതപ്പെടുത്തും. വെറുതെ മസ്തിഷ്‌കത്തിന്റെയും ന്യുറോ സയന്‍സിന്റെ ചരിത്രത്തെയും, അതിലെ മഹാരഥന്മായ ഭ്വിഷഗരുടെ നാഴികകല്ലായി മാറിയ ചികിത്സകളെയും, കണ്ടുപിടുത്തങ്ങളെയും പരിചയപ്പെടുത്തുകയല്ല ഗ്രന്ഥകാരന്‍ ചെയ്യുന്നത്. അനുപമമായ ഈ മഹാരഥന്മാരുടെ ജീവിത ഏടുകളിലെ ചികിത്സാ ചരിത്രത്തിലെ ആവിസ്മരണിയ നിമിഷങ്ങളോടൊപ്പം തന്റെ തന്നെ അനുഭവങ്ങള്‍ കൂടി ഒപ്പിയെടുക്കുകയാണ്.

നിഘണ്ടുകാരന്‍, ഭാഷാചരിത്രഗവേഷകന്‍, കവി, മലയാള ഭാഷാപണ്ഡിതനുമായ ശൂരനാട്ട് കുഞ്ഞന്‍പിള്ളയുടെ മകനാണ്, ഡോ. കെ രാജശേഖരന്‍ നായര്‍. അദ്ദേഹത്തിന് ജനിതകപരമായി കിട്ടിയ സാഹിത്യ നിപുണത, ആഖ്യാനത്തെ അത്യന്തം ഹൃദ്യവും മനോഹരമാക്കുന്നു. ദസ്തയോവ്‌സ്‌കി, മോപ്പാസാങ്, മാഴ്സല്‍ പ്രൂസ്റ്റ്, കാഫ്ക്ക, കാളിദാസന്‍, പിക്കാസോ, സാല്‍വദോര്‍ ദാലി, ബീഥോവന്‍, തുടങ്ങിയ മഹാരഥര്‍മ്മാരുടെ സൃഷ്ടികളില്‍ കൂടി മാത്രമല്ല, അതിന്റെ സൃഷ്ടാക്കളുടെ ചിതറി തെറിക്കുന്ന മാനസിക ജീവിതത്തിലെക്കും ഗ്രന്ഥകാരന്‍ തന്റെ അന്വേഷണം കൊണ്ട് പോകുന്നത് വായനയെ അത്യന്തം ഉദ്യോഗജനകമാക്കുന്നു.

മസ്തിഷ്‌ക്കത്തിന്റെ ചരിത്രം

ലോകപ്രശസ്ത ന്യൂറോളിജിസ്റ്റുകളായ ഒലിവര്‍ സാക്‌സിന്റെയും, വിളയന്നൂര്‍ രാമചന്ദ്രനുമൊക്കെ സുഹൃത്താണ് ഗ്രന്ഥകാരന്‍. അവരുടെ ലോക പ്രശസ്തമായ കൃതികളോടൊപ്പം നില്‍ക്കുന്ന ഗ്രന്ഥമാണ് ‘ഞാന്‍ എന്ന ഭാവം’ എന്ന് നിസ്സംശയം പറയാം. ന്യുറോ സയന്‍സിന്റെ ചികിത്സ ചരിത്രത്തെ മനോഹരമായി അനാവരണം ചെയ്യുന്ന കൃതികള്‍ മറ്റു ഭാഷകളില്‍ പോലും വിരളമായി ഇരിക്കുമ്പോള്‍, അസാധാരണമായ നേട്ടമാണ് ഈ ഗ്രന്ഥത്തിലൂടെ മലയാളത്തിന് ലഭിച്ചിരിക്കുന്നത്.

മലയാളത്തില്‍ എഴുതപ്പെട്ട ശാസ്ത്രഗ്രന്ഥങ്ങളില്‍ തന്നെ മികച്ചതും ന്യുറോ സയന്‍സിന്റെ മേഖലയിലെ അതി ശ്രേഷ്ഠവുമാണെന്ന് ‘ഞാന്‍ എന്ന ഭാവം’. ഒന്നര കിലോഗ്രാം പോലും വരാത്ത മനുഷ്യ മസ്തിഷ്‌കത്തിന്റെ ചരിത്രത്തിലേക്ക് ഗ്രന്ഥ കര്‍ത്താവ് നേരിട്ട് കടക്കുകയല്ല ചെയ്യുന്നത്. പകരം 13.8 ബില്യന്‍ വര്‍ഷം മുമ്പ് പ്രപഞ്ച ഉല്‍പ്പത്തിക്ക് കാരണമായ ബിഗ് ബാങ്ങും, 4.57 ബില്യണ്‍ വര്‍ഷം മുമ്പ് സോളാര്‍ സിസ്റ്റം ഉണ്ടായതും, 3.5 ബില്യണ്‍ വര്‍ഷം മുമ്പ് ജീവ ആവിര്‍ഭാവത്തിന്റെ ആദിമകണ്ണികളായ അമിനോ ആസിഡുകളും, ന്യുക്ലിയസ് അമിനോ ആസിഡുകളും സ്വയം പകര്‍പ്പുകള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഡി എന്‍ എയും സൃഷ്ടിക്കപ്പെട്ട പ്രാഗ് ചരിത്രത്തിലേക്കും ഗ്രന്ഥകര്‍ത്താവ് കടക്കുന്നു.

ഒറ്റക്കോശ ജീവികള്‍ക്കു പിന്നാലെ വന്നത് ഒരുപാടു കോശങ്ങളുള്ളവയായിരുന്നു. പക്ഷേ ഇവക്കുവേണ്ട പ്രത്യേക കോശങ്ങളുണ്ടാവാന്‍ വീണ്ടും കുറെയേറെ നാള്‍ വേണ്ടി വന്നു. ഒന്നും രണ്ടും കൊല്ലമല്ല രണ്ടു മൂവായിരം മില്യണ്‍ വര്‍ഷങ്ങള്‍. ആ അറിവുകള്‍ കൈമാറാന്‍ പ്രത്യേക ന്യൂറോണ്‍ കോശങ്ങളുണ്ടായത് 700 മില്യണ്‍ കൊല്ലങ്ങള്‍ക്കു മുമ്പ് മാത്രം.

ആ കോശങ്ങളില്‍ കെമിക്കലുകള്‍ക്കു പുറമേ ചെറു ഇലക്ട്രിക്ക് തരംഗങ്ങളായി അറിവുകള്‍ പകര്‍ന്നാടപ്പെട്ടു. ആ ജീവികളുടെ ദേഹമാകെ ന്യൂറോണുകള്‍ പടര്‍ന്നുകിടക്കുകയാണെങ്കിലും അവ തമ്മില്‍ ബന്ധപ്പെടുന്നത് നീണ്ട ആക്‌സോണ്‍ വാലുകളും അവയുടെ ഇടയിലുള്ള സിനാപ്‌സ് സന്ധികളും കൊണ്ടാണ്. മസ്തിഷ്‌കവും സുഷുമ്‌നാഡിയുമൊന്നുമായില്ലെങ്കിലും ആ ന്യൂറോണുകളും ഒരു കൂട്ട മായാണ് പ്രവര്‍ത്തിക്കുന്നത്. നെര്‍വ്വ് നെറ്റ് (Nerve Net). അവയിലും ഓടുന്നത് ചെറു ചെറു ചൊട്ട് ഇലക്ട്രിക്കല്‍ തരംഗങ്ങളും. കഷ്ടി ഒന്നൊന്നര സെന്റിമീറ്റര്‍ പോലുമില്ലാത്ത അത്തരമൊരു ജീവി-ഹൈഡ്രയില്‍ പോലും ആ ഓട്ടവും വേഗത്തിലാണ്. ഒരു സെക്കന്‍ഡില്‍ അഞ്ചു മീറ്റര്‍… അതേ ന്യുറോണുകളുടെയും മസ്തിഷ്‌കത്തിന്റെയും ചരിത്രം അവിടെ നിന്നും തുടങ്ങുന്നു.

മനുഷ്യമസ്തിഷ്‌ക്കം വികസിച്ചത്

എന്തു കൊണ്ടായിരിക്കും മനുഷ്യന്റെ മസ്തിഷ്‌കം മറ്റു ജീവികളില്‍ നിന്നും കൂടുതല്‍ വികസിതമായത് എന്നതിന് കൃത്യമായ ഉത്തരം ശാസ്ത്രലോകത്തിന് നല്‍കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ പോലും ഇന്ന് ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെട്ട നിഗമനങ്ങളിലേക്ക് ഗ്രന്ഥകാരന്‍ ഒരു കഥയിലൂടെ നമ്മളെ കൊണ്ട് പോകുന്നു, അതിങ്ങനെയാണ്…

നിയാന്‍ഡര്‍ത്താലുകള്‍ക്ക് പിന്നെ വന്ന ഹോമോസാപിയന്‍ മനുഷ്യകുലത്തിന്റെ പല പരിണാമവികാസങ്ങളും ഉണ്ടായിരുന്നെങ്കിലും അപൂര്‍ണ്ണമായിരുന്നു. ഹോമോ സാപിയന്‍സിനു കിട്ടിയ മസ്തിഷ്‌കവികാസം ഒരു പക്ഷേ, അന്ന് വന്നു ഭവിച്ചത് ഒരു ചെറിയ ജീന്‍ പരിവര്‍ത്തനം കൊണ്ടായിരുന്നു. വേട്ടയാടി കിട്ടിയ മൃഗങ്ങളെ പച്ചയ്ക്ക് കടിച്ചു പറിച്ച്, ദശകളെ മുറിച്ച് കഷണങ്ങളാക്കാന്‍ വേണ്ട മൂര്‍ച്ച അവരുടെ മുന്‍പല്ലുകള്‍ക്ക് ഉണ്ടായിരുന്നു. അവ അരച്ച് വിഴുങ്ങാന്‍ പാകത്തില്‍ ചവയ്ക്കാന്‍ പോന്ന അണപ്പല്ലുകളുടെ ദംശന താണി മുന്‍ ഹോമോ വര്‍ഗ്ഗങ്ങളെക്കാള്‍ കുറെക്കൂടി ശക്തവുമായിരുന്നു. ആ അണപ്പല്ലുകള്‍ക്ക് അമര്‍ത്താന്‍ വേണ്ട മര്‍ദ്ദം കൊടുക്കാന്‍ അതിശക്തമായ മുഖപേശികളും ഉണ്ടായിരുന്നു.

ഈ ദംശനതാണിയും മസ്തിഷ്‌കവളര്‍ച്ചയുമായി എന്തു ബന്ധം എന്ന് ആരും ചോദിച്ചുപോകും. അവിശ്വസനീയമായി തോന്നും പരിണാമങ്ങള്‍ സംഭവിക്കുന്ന രീതികള്‍. അവ കാലത്തിന്റെയും സാഹചര്യങ്ങളുടെയും ആവശ്യങ്ങളാണ്. കൂട്ടുകൂടി ജീവിക്കുമ്പോള്‍ ആവശ്യം കൂട്ടരുമായി ആശയവിനിമയം നടത്തുന്നതാണ്. അതിനു വേണ്ടിയിരുന്നത് മസ്തിഷ്‌ക വളര്‍ച്ചയായിരുന്നു. അതിനു തടസ്സമായി നിന്നിരുന്നത് തലയോട്ടിയുടെ ഉറച്ച എല്ലുകളും അവയില്‍ ദൃഢമായി ഉറപ്പിച്ചിരുന്ന അതിശക്തമായ പേശികളുമായിരുന്നു. ശരീരത്തിലെ പേശികളില്‍ ഏറ്റവും കൂടുതല്‍ മര്‍ദ്ദം ഉണ്ടാക്കുവാനാകുന്നത് ചവയ്ക്കാനുള്ള പേശിക്കാണ്. തലയോട്ടിയുടെ താഴെയുള്ള എല്ലില്‍ നിന്നു (Zygomatic arch) തുടങ്ങുന്ന കീഴ്ത്താടി അടയ്ക്കുന്ന മുഖത്തെ മസ്സീറ്റര്‍ പേശി (masseter) വരെ ഏകദേശം 50 കിലോഗ്രാം മര്‍ദ്ദം രണ്ടുമൂന്നു സെക്കന്‍ഡിലേക്ക് ഉണ്ടാവാം. ആ പേശിയുടെ ശക്തമായ പിടിത്തം ഒന്നു മതിയായിരുന്നു തലയോട്ടിയുടെ വളര്‍ച്ച തടസ്സപ്പെടാന്‍.

ഏകദേശം സമകാലത്താവണം രണ്ടു ജനിതകവ്യതിയാനങ്ങള്‍ വന്നത്. ഒന്ന് മസ്സീറ്റര്‍ പേശികളുടെ ദൃഢത ലേശം കുറഞ്ഞു. കാലാസ്ഥികള്‍ കുറെക്കൂടി വികസിച്ചു. തലയോട്ടിയുടെ വലിപ്പം കൂടി. മസ്തിഷ്‌കം കുറെക്കൂടി വളര്‍ന്നു.
മറ്റേതു ഭാഷയുടെ ഉല്‍പ്പത്തിക്ക് നിദാനമായ ചെറുതെങ്കിലും ഗണനീയമായ മാറ്റങ്ങള്‍ ഏഴാം ക്രോമസോമിന്റെ ഒരു ഭാഗത്തുള്ള ഒരു ജീനിന് (FoxP2 gene) ഉണ്ടായി. ഫോക്‌സ് പി ജീന്‍ മറ്റൊരുപാട് ജീവികള്‍ക്കുമുണ്ട്. പക്ഷേ, അതിനു വന്ന മാറ്റമാണ് ഭാഷയ്ക്കു നിദാനം. അതിനു മസ്തിഷ്‌കത്തിലെ ന്യൂറോണുകളുടെ എണ്ണവും പ്രവര്‍ത്തനക്ഷമതയും സന്ധിബന്ധങ്ങളും ഒരുപാട് കൂടണമായിരുന്നു.

റീസസ് കുട്ടിക്കുരങ്ങന്റെ വെറും 93 ഗ്രാം മസ്തിഷ്‌കത്തിലെ വെറും 6 ബില്യണ്‍ ന്യൂറോണ്‍ കോശങ്ങളല്ല, ചിമ്പാന്‍സിയുടെ 390 ഗ്രാം മസ്തിഷ്‌കത്തിലെ 22 ബില്യണ്‍ ന്യൂറോണ്‍ കോശങ്ങളല്ല, തടിയന്‍ ഗോറില്ലയുടെ 500 ഗ്രാം മസ്തിഷ്‌കത്തിലെ 33 ബില്യണ്‍ ന്യൂറോണ്‍ കോശങ്ങളല്ല, മനുഷ്യന് 1350 ഗ്രാം തൂക്കമുള്ള മസ്തിഷ്‌കവും അതില്‍ നൂറു ബില്യണിലേറെ ന്യൂറോണ്‍ കോശങ്ങളുമാണുള്ളത്. നിയാന്‍ഡര്‍ത്താല കളുടെയും തലവലിപ്പം വേണ്ടത്രയുണ്ട്, അവയ്ക്കും ഭാഷാജീന്‍ (FoxP2) ഉണ്ടായിരുന്നു. എന്നാലും ഭാഷ നിയാന്‍ഡര്‍ത്താലുകള്‍ക്കില്ലായിരുന്നു.

നമ്മള്‍ ഹോമോസാപിയന്‍ (Homosapiens) കൂട്ടരാണ്, ചിന്തിക്കുന്ന ഹോമോ കൂട്ടം. ആ പേരും പോരാ എന്നാണ് പുരാമാനവ വിജ്ഞാനക്കാര്‍ (Paleo anthropologists) പറയുന്നത്. അവര്‍ പറയുന്ന രീതിയിലാണെങ്കില്‍ ഹോമോ സാപിയന്‍സ് സാപിയന്‍സാണ് (Homosapiens sapiens). ആവര്‍ത്തിച്ചു ചിന്തിക്കുന്ന മനുഷ്യരാണ് നമ്മള്‍. തെക്കന്‍ ആഫ്രിക്ക യില്‍ ഏകദേശം രണ്ടു ലക്ഷം കൊല്ലങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്ന ഒരു സ്ത്രീയുടെ (മിറ്റോക്കോണ്‍ഡ്രിയല്‍ ഈവ് Mitochondrial Eve) സന്തതിപരമ്പരയില്‍ പെട്ടവര്‍.

ദ ഹോളി ബുക്ക് ഓഫ് ഹോമോസ്

തുടര്‍ന്ന് ഗ്രന്ഥകാരന്‍, ഈ ഹോമോ സാപിയന്‍സ് സാപിയന്‍സിന്റെ നൂറു ബില്യണ്‍ ന്യുറോണുകളുടെ അതിനിഗൂഢ ലോകമായ മസ്തിഷ്‌കത്തെയും, അതിന്റെ വിവിധ ഭാഗങ്ങളെയും, അതിനെ ബാധിക്കുന്ന രോഗാവസ്ഥയേയും, അതിനെ കുറിച്ച് പഠിച്ച മഹാരഥന്മാരായ മസ്തിഷ്‌ക ഭിഷഗ്വരന്മാരെയും, അവരുടെ കണ്ടത്തെലുകളും, മസ്തിഷ്‌ക രോഗം ബാധിച്ച കലകാരന്മാരുടെയുംാ സാധാരണ രോഗികളുടെയും, അവരുടെ അത്യന്തം വേദനജനകമായ ജീവിതത്തെ കുറിച്ചും 500 അധികം പേജുകളിലൂടെ വിശദമായി രേഖപ്പെടുത്തുന്നു.

പ്രശസ്ത നിരൂപകന്‍ എസ് ജയചന്ദ്രന്‍ നായര്‍ ഈ പുസ്തകത്തെ വിശേഷിപ്പിച്ചത് The Holy Book of Homos എന്നാണ്. ആ വിശേഷണത്തില്‍ ഒട്ടും അതിശയോക്തി ഇല്ലെന്ന് തന്നെയാണ് എനിക്കുമുള്ള അഭിപ്രായം. മലയാളത്തിലെ വൈജ്ഞാനിക സാഹിത്യ ഗ്രന്ഥങ്ങളിലെ, പ്രത്യേകിച്ച് ന്യുറോ സയന്‍സിന്റെ മേഖലയിലെ ഒരു ക്ലാസിക് ഗ്രന്ഥം തന്നെയാണ് ഡോ. കെ രാജശേഖരന്‍ നായരുടെ ‘ഞാന്‍ എന്ന ഭാവം’. പുസ്തകത്തില്‍ നിന്നുള്ള ഒരു കഥ ഇങ്ങനെയാണ്.

അമേരിക്കയിലെ വെര്‍മോണ്ട് സ്റ്റേറ്റില്‍ 1848 ല്‍ നടന്ന അപകടത്തില്‍, ഫിനിയസ് ഗേജ് എന്ന ചെറുപ്പക്കാരന്റെ തല തുളച്ചു ഒരു കമ്പിപ്പാര കടന്ന് പോയി, തലച്ചോറിന്റെ ഒരു ഭാഗം തന്നെ ഛേദിച്ചു പോയെങ്കിലും ഫിനിയസ് ഗേജ് വര്‍ഷങ്ങളോളം ജീവിച്ചു. എന്നാല്‍ ആപകടം അയാളുടെ സ്വഭാവത്തെ പാടെ മാറ്റിമറിച്ചു. കോമാളിത്തരം കാണിച്ചും ഇണങ്ങിയും പിണങ്ങിയും തല്ലുകൂടിയും തെറിവിളിച്ചും തെറ്റിയും തെണ്ടിയും അയാള്‍ പിന്നെയും കുറച്ചു നാള്‍ ജീവിച്ചു. മസ്തിഷ്‌കത്തിന്റെ വിവിധ ഭാഗങ്ങളെ കൂടുതല്‍ മനസിലാക്കാന്‍ ശാസ്ത്ര ലോകത്തിന് ഈ അപകടം ഒരു നിമിത്തമായി എന്നതാണ് ചരിത്രം.

ശാസത്രം വിട്ട് അല്‍പ്പം ചരിത്രം

തീര്‍ച്ചയായും എല്ലാവരും അത്യാവശ്യം വായിച്ചിരിക്കേണ്ട പുസ്തകമാണിത്.  പുസ്തകത്തില്‍ നിന്ന്- ശാസ്ത്രം വിട്ട് ഇവിടെ കുറച്ചു ചരിത്രം പറയണം, ന്യൂറോളജി എന്ന ശാസ്ത്രശാഖയുടെ തുടക്കവും വളര്‍ച്ചയും അറിയാന്‍. സ്ഥലം പാരീസ്, കാലയളവ് 1600-കളുടെ മധ്യം മുതല്‍ 1900 മധ്യം വരെയുള്ള ഏകദേശം മുന്നൂറു കൊല്ലം. കഥാപാത്രങ്ങള്‍ അനവധി. ആ കഥകള്‍ ഇവിടെ ആവുന്നത്ര ചുരുക്കി പറയാം.

ഫ്രാന്‍സിന്റെ ചരിത്രത്തില്‍ വല്ലാത്ത ഒരു ഘട്ടം ലൂയി പതിനാലാമന്റെ (1638-1715), കാലമായിരുന്നു. സൂര്യരാജാവ് എന്നു സ്വയം വിശേഷിപ്പിച്ചിരുന്ന മൂപ്പര്‍ സകല അയല്‍രാജ്യങ്ങളോടും തുടര്‍ച്ചയായ യുദ്ധങ്ങളിലായിരുന്നു. ഇതൊക്കെ കണ്ടും കേട്ടും അനുഭവിച്ചും നാട്ടുകാര്‍ അവയെല്ലാം മടുത്ത് എതിര്‍ത്തെങ്കിലും, അങ്ങേര് പാരീസ് നഗരത്തിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് പട്ടാളത്തിന്റെ ഒരു വെടിമരുന്നു പുര കെട്ടിപ്പൊക്കി. അന്നത്തെ വെടിമരുന്നിന്റെ കൂട്ട്, കല്ലുപ്പും (Rock Salt-‘Salt Peter’þ ‘Salpetriere) കരിയും ഗന്ധകവും കൂടി ആയിരുന്നു. ആ പുരയുടെ പേരുമതായി- കല്ലുപ്പ്-സാല്‍പിത്രയേര്‍, ആ സ്ഥലത്തു തന്നെ പട്ടാളത്തിനു പാര്‍ക്കാന്‍ നിറയെ ബാരക്കുകളുമുണ്ടായി.

ആ വെടിമരുന്നുപുരയില്‍ ഈ കൂട്ടൊക്കെ ഇട്ട് കൂട്ടിവച്ച ഒരു നാളില്‍ എങ്ങനെയോ അത് പൊട്ടിത്തെറിച്ച് ആ പ്രദേശമാകെ കത്തി. ഒരുപാട് പേര്‍ ആ തീപിടിത്തത്തില്‍ കത്തിച്ചാവുകയും ചെയ്തു. അതോടെ നഗരത്തില്‍നിന്ന് മാറി ദൂരെ പ്രാന്തപ്രദേശത്തേക്ക് ആ വെടിപ്പുര മാറ്റിയെങ്കിലും ആ വെടിമരുന്നുപുരയുടെ പണ്ടത്തെ പേര് മാറിയില്ല. ”കല്ലുപ്പു പുര- സാല്‍പിത്രയേര്‍’.

ലൂയി രാജാവിന്റെ ഭരണത്തിന്റെ ‘ഗുണം’ കൊണ്ട് നാടാകെ ദരിദ്രമായി. അഗതികളും രോഗികളും വയസ്സന്മാരും വയസ്സികളും ഭ്രാന്തന്മാരും പട്ടിണിക്കാരും കള്ളന്മാരും കൊള്ളക്കാരും വേശ്യകളും ഒക്കെ കൊടുംദാരിദ്ര്യം കൊണ്ട് നാട്ടുമ്പുറങ്ങളില്‍നിന്ന് പാരീസ് നഗരത്തിലേക്കു തന്നെ ചേക്കേറി. അവരെ എവിടെയെങ്കിലും പിടിച്ചിടാന്‍, പാര്‍പ്പിക്കാന്‍ ഇടങ്ങള്‍ വേണമായിരുന്നു. അഞ്ചു പുരകളാണ് 1600-കളുടെ ആദ്യത്തില്‍ അതിനു തിരഞ്ഞെടുത്തത്. രണ്ടെണ്ണം വലുതായിരുന്നു. പെണ്ണുങ്ങള്‍ക്ക് സാല്‍പിത്രയേര്‍. ആണുങ്ങള്‍ക്ക് അതുപോലെ വേറൊരു പട്ടാള ക്യാമ്പായ ബിസെര്‍ത്തും (Bicetre). പിന്നെ ലാ പിത്യേ (Hopital de la Pitie) അടക്കം മൂന്ന് ചെറിയ ആശുപത്രികളും. സാല്‍പിത്രയേര്‍ ആശുപത്രിക്കു തന്നെ 32 ഹെക്ടര്‍ ഭൂമിയായിരുന്നു (79 ഏക്കറിലധികം). അതില്‍ നിരനിരയായി പുതിയ കെട്ടിടങ്ങളും പിന്നെ ഭൂഗര്‍ഭ അറകളും പണിഞ്ഞു ഇക്കൂട്ടരെ പാര്‍പ്പിക്കാന്‍.

ആയിരക്കണക്കിനു പിച്ചക്കാരും പട്ടിണിക്കാരും ഭ്രാന്തന്മാരും മാറാവ്യാധിക്കാരും വേശ്യകളും കള്ളന്മാരും കഴുത്തറപ്പന്മാരും കൊലപാതകികളും കയറിക്കൂടിയ ഈ സ്ഥാപനങ്ങള്‍, ഒരേ സമയം ആതുരാലയങ്ങളും അഗതിമന്ദിരങ്ങളും തടവറകളും ഒക്കെ ചേര്‍ന്നതായിരുന്നു. വല്ലാതെ ബഹളം ഉണ്ടാക്കിയിരുന്ന മാനിയാക് രോഗികളെ പാര്‍പ്പിക്കാനായിരുന്നു ഭൂഗര്‍ഭ അറകള്‍. വാതിലില്‍ ഇരുമ്പഴികള്‍ ഉള്ള, കാറ്റും വെളിച്ചവും കയറാത്ത ചെറിയ ചെറിയ അറകള്‍.

രോഗികളെ നിയന്ത്രിക്കാന്‍ മെഡിക്കല്‍ പോലീസ് (corps d’archers) നായ്ക്കളുമായിട്ടാണ് അവിടെയൊക്കെ പാറാവ് നടത്തുക. വെളിച്ചം കയറാത്ത ഇരുട്ടു മുറികളുടെ ചുമരുകളില്‍ കാലുകളിലും കഴുത്തിലും ഇരുമ്പു ചങ്ങലകള്‍ കെട്ടി ഭ്രാന്തന്മാരെ തളച്ചിടും. അക്രമികളെയും കഴുത്തറപ്പന്മാരെയും എല്ലുകള്‍ തല്ലിച്ചതച്ച് അനങ്ങാന്‍ വയ്യാതെയാക്കും. ആരും പുറത്തിറങ്ങി കടന്നുകളയാതിരിക്കാന്‍ പൊക്കമുള്ള കമ്പിവേലികള്‍ കെട്ടിത്തിരിച്ചു. ജോലിയെടുക്കാന്‍ പ്രാപ്തരായവരെ മാത്രം പാറാവുകാര്‍ പുറത്തും കൊണ്ടുപോയി ജോലിയെടുപ്പിക്കും, രാജപാതകളും വെളിമ്പറമ്പുകളും തൂത്തുവാരിക്കും, പാചകം ചെയ്യിപ്പിക്കും, തുണി അലക്കിക്കും. കൂട്ടത്തില്‍ സാല്‍പിത്രയേര്‍ പാരീസിലെ ഏറ്റവും വലിയ വേശ്യാലയവുമായി മാറി എന്നു വേറൊരു കഥ.

പക്ഷേ അന്നത്തെ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്, സാല്‍പിത്രയേര്‍ ആയിരുന്നു യൂറോപ്പിലെ ഏറ്റവും വലിയ ‘ആശുപത്രി’യെന്ന്. പതിനായിരത്തോളം ജനം, ചത്തും ചാവാതെയും അഴുകിയും പുഴുകിയും ആര്‍ത്തരായി അവിടെ അന്നുണ്ടായിരുന്നു. എന്ത് ആശുപത്രി! അത് അന്നത്തെ ഫ്രഞ്ച് സമൂഹത്തിലെ തകര്‍ന്നു തരിപ്പണമായ ആയിരക്കണക്കിന് അഗതികളെ അടച്ചുപൂട്ടിയ വെറും വലിയ മനുഷ്യക്കൂട് മാത്രമായിരുന്നു.

നാട്ടുകാര്‍ക്ക് ആയിടങ്ങള്‍ മൃഗശാലകള്‍ പോലെ ആയിരുന്നു. കൂകിവിളിക്കുന്ന, കോക്രി കാട്ടുന്ന, പാവം ഭ്രാന്തന്മാരെ കാണാന്‍ പൈസകൊടുത്ത് ടിക്കറ്റെടുത്ത് അവര്‍ അവിടെ കയറും, ആ രോഗികളെ കാണും, കല്ലുകള്‍ പെറുക്കി അവരെ എറിയും, അവര്‍ കരയുന്നതു കാണാന്‍ കമ്പുകള്‍ കൊണ്ടു കുത്തും, തുണിയില്ലാതെ നടക്കുന്നവരെ കമ്പിയഴികള്‍ക്കടുത്തേക്കു വിളിച്ച് അപ്പം കൊടുക്കും. അപ്പം കൊടുക്കാനല്ല വേറെ പലതിനും കൂടെയായിരുന്നു അതും. ഈ പേക്കൂത്ത് കാണലിന് ഒരു പേരും വീണു ”മെനാജിരി’ (menagerie). ആ നാട്ടുകാര്‍ക്ക് സമയം കൊല്ലാന്‍ പറ്റിയ നല്ല വിനോദമായി അത്.

പാറാവു ചുറ്റുന്ന കാലാളുകളെയും നായ്ക്കളെയും പേടിച്ച്, ഒച്ചയും അനക്കവുമില്ലാതെ ചത്ത വീടു മാതിരിയാവും ആ ഇടങ്ങള്‍ പകലുകള്‍ മുഴുവന്‍. വെളിച്ചമില്ലാത്ത തണുത്തുറഞ്ഞ രാത്രികളില്‍ ചിലപ്പോള്‍ ആ ആര്‍ത്തരില്‍ ആരെങ്കിലും ആധി മൂത്ത് അലറിവിളിക്കും. അതു കേട്ട് അടുത്ത സെല്ലുകളില്‍ അടച്ചിട്ട ആയിരങ്ങളും അലറിത്തുടങ്ങും. അവരുടെ അതുവരെ അടക്കിവച്ച സന്ത്രാസങ്ങളെല്ലാം അണപൊട്ടിയതുപോലെ പുറത്തു വരും. അത് നാടാകെ അലയടിക്കും ആശുപത്രിയുടെ ആര്‍ത്തനാദമായി, നോവിന്റെ, നൊമ്പരത്തിന്റെ വേദനയുടെ, നിരാശകളുടെ, ഉന്മാദത്തിന്റെ രോഷത്തിന്റെ ആക്രോശവും ഗര്‍ജ്ജനവും നിര്‍ഘോഷവുമായി. മണിക്കൂറുകളോളം നില്‍ക്കുന്ന ആ ആരവം നിറുത്താന്‍ പാറാവുകാര്‍ വരും, കണ്ണില്‍ കണ്ട എല്ലാവ രെയും തല്ലും, തല്ലിച്ചതയ്ക്കും, വായടപ്പിക്കും.

മനോനില തെറ്റിയവര്‍ക്ക് കൊടിയ പീഢനം

അതിയായ വിഷമത്തോടെയാണ് ശാസ്ത്രചരിത്രകാരന്മാര്‍ വിശദമായി രേഖപ്പെടുത്തിയ ഈ കഥകള്‍ ഇവിടെ സൂചിപ്പിക്കുന്നത്. മനോനില തെറ്റിയ ഇവരെ ചികിത്സിക്കാന്‍ അന്നു മരുന്നുകളൊന്നുമില്ലായിരുന്നു. അന്നു വ്യാപകമായിരുന്ന ഭേദ്യങ്ങളും കെട്ടിയിടലും ധാരകോരലും രക്തം വാര്‍ത്തിക്കളയലും പൊള്ളിക്കലും വയറിളക്കലുകളും (bleeding, blistering, purging) ഒന്നും ഒരു ഗുണവും ഇവര്‍ക്കു ചെയ്തില്ല. അവര്‍ അന്യരെ ഉപദ്രവിക്കാതിരിക്കാന്‍ ഒരു വഴിയേ ഉണ്ടായിരുന്നുള്ളൂ. ചങ്ങലയ്ക്കിടുക. എന്നിട്ടും കിടന്നു പിടയ്ക്കുന്നവരെ നിശ്ചലരാക്കാന്‍ അവരുടെ ദേഹമാകെ മൂടുന്ന ലോഹച്ചട്ടയിട്ട് (straight jacket) പൂട്ടിയിടും.

അവരെ ചികിത്സിക്കാന്‍ അന്നത്തെ മനോരോഗവിദഗ്ധര്‍ പലരെയും സാല്‍പിത്രയേറിലും മറ്റും നിയമിച്ചെങ്കിലും പലരും ചെന്നില്ല. ചെന്നവര്‍ക്ക് ഒന്നും ചെയ്യാന്‍ അറിയില്ലായിരുന്നു, ചെയ്യാനുമില്ലായിരുന്നു. 1792-ല്‍ ഫ്രഞ്ച് വിപ്ലവ കാലത്ത് (1787 -1799) കലാപകാരികള്‍ സാല്‍പിത്രയേര്‍ ആശുപത്രിയിലേക്കു ഇരച്ചു കയറി. അവിടെയുണ്ടായിരുന്ന പെണ്ണുങ്ങളെയും കുട്ടികളെയും തല്ലിച്ചതച്ച്, കുറെ പേരുടെ കഴുത്തറുത്ത് കൊന്നുതള്ളി. ആ ലഹള ഒന്നു ശ്രമിച്ചപ്പോഴേക്കും അധികൃതര്‍ക്കു കുറെക്കൂടി ബോധം വന്നു. ഈ പാവങ്ങളെ ഇങ്ങനെ കൊല്ലാക്കൊലയ്ക്ക് വിടുന്നത് എങ്ങനെയെങ്കിലും തടയണമെന്ന്. അവര്‍ക്കു വേണ്ട എന്തെങ്കിലുമൊക്കെ ചികിത്സ കൊടുക്കണമെന്ന്. പക്ഷേ പ്രശ്‌നം അവിടേക്കു വരാന്‍ ഡോക്ടര്‍മാര്‍ക്കും മനോരോഗവിദഗ്ധര്‍ക്കും സമ്മതമല്ലായിരുന്നു.

അക്കാലത്താണ് ഫിലിപ്പ് പിനേല്‍ (Dr. Philippe Pinel, 1745-1826) തന്റെ ആദ്യകാല പരാജയങ്ങളെയൊക്കെ അതിജീവിച്ച് ബിസെര്‍ത് ആശുപത്രിയില്‍ (Hospital Bicetre) കയറുന്നത്. കത്തോലിക്കനല്ലാത്ത പിനേല്‍ തന്റെ വൈദ്യവിദ്യാഭ്യാസം തുടങ്ങിയത് അന്ന് ഒരു പേരുമില്ലായിരുന്ന തൊലൂസ് യൂണിവേഴ്‌സിറ്റിയിലായിരുന്നു (University of To lose). പിന്നെ വീണ്ടും മോണ്ട്‌പെലിയേ യൂണിവേഴ്‌സിറ്റിയില്‍ (Univer sity of Montpellier) നിന്ന് ബിരുദം എടുത്തെങ്കിലും ജോലിയൊന്നും തരപ്പെട്ടില്ല, ആദ്യത്തെ പതിനഞ്ചു പതിനാറുകൊല്ലം. വെറുമൊരു പ്രാദേശികമായ തൊലൂസ് യൂണിവേഴ്‌സിറ്റിയില്‍നിന്നു നേടിയ വൈദ്യ ബിരുദം പാരീസുകാര്‍ക്ക് പോരാ എന്നു തോന്നി. ഒരു ജോലിയ്ക്കുള്ള അഭിമുഖത്തില്‍ പരീക്ഷകര്‍ പച്ചയ്ക്കങ്ങ് പിനേലിനോട് പറഞ്ഞു ”തനിക്ക് ഒരു വിവരവും ഇല്ലല്ലോടോ ഒന്നിലുമെന്ന്”.

തര്‍ജമകളും എഴുത്തും പത്രപ്രവര്‍ത്തനവുമായി നടന്ന പിനേല്‍ ഭാഗ്യവശാലാണ് ഒരു സ്വകാര്യ മനോരോഗാശുപത്രിയില്‍ ജോലിക്കു കയറുന്നത്. ഫ്രഞ്ച് വിപ്ലവത്തോട് അനുഭാവമുണ്ടായിരുന്ന അദ്ദേഹത്തിന് 1778-ല്‍ ബിസെര്‍ത് ആശുപത്രിയിലെങ്കിലും ജോലി കിട്ടിയത് വേറെ ആരും ആ ആശുപത്രിയിലേക്കു തിരിഞ്ഞു നോക്കാത്തതുകൊണ്ടാണ്. തന്റെ മനോരോഗ വൈദ്യജ്ഞാനം എത്ര പരിമിതമാണെന്ന് അദ്ദേഹത്തിന് മനസ്സിലായതും അവിടെവച്ചാണ്. അത്ഭുതപ്പെട്ടുപോയത് ഡോക്ടര്‍ ഒന്നുമല്ലാത്ത അവിടത്തെ മെഡിക്കല്‍ സൂപ്രണ്ട് ഴാങ് ബാപ്പി പുസ്സാങ് (Jean-Baptiste Pussin 1746-1811) മനോരോഗികളെ പരിചരിക്കുന്നതു കണ്ടാണ്. അവരുടെ കാല്‍ച്ചങ്ങലകളൊക്കെ മുറിച്ചുകളഞ്ഞ്, മാര്‍ച്ചട്ടകള്‍ (straight jacket) അഴിച്ചുകളഞ്ഞ് പുസ്സാങ് അവരെ സ്വതന്ത്രരാക്കി. അതുകൊണ്ട് ഒരു പ്രശ്‌നവും ആ രോഗികള്‍ക്കോ അവരുടെ ആള്‍ക്കാര്‍ക്കോ ആശുപത്രികള്‍ക്കോ വന്നുമില്ല.

ബിസെര്‍ത് ആശുപത്രിയില്‍നിന്ന്, സാല്‍പിത്രയേര്‍ ആശുപത്രിയിലേക്കാണ് പിന്നെ പിനേല്‍ ജോലി മാറി പോയത്. അതും മനോരോഗവിദഗ്ധനായി. അവിടെ ചെന്നു തീരെ വൈകാതെ ചെയ്തത്, പുസ്താങ്ങിന്റെ മാതിരി മനോരോഗികളുടെ ചങ്ങലകള്‍ അഴിച്ചു കളയുകയായിരുന്നു. അപ്പോഴേക്കും സാല്‍പിത്രയേറിലേക്കുതന്നെ ജോലിമാറ്റം നേടിവന്ന പുസ്സാങ്ങിന്റെ സഹകരണവും അതിനുണ്ടായിരുന്നു. തന്റെ ഈ നവോദ്ധാരണത്തിന്റെ ക്രെഡിറ്റ് പിനേല്‍, പുസ്സാങ്ങിന് കൊടുത്തെങ്കിലും ജനം ധരിച്ചത് ഇത് പിനേലിന്റെ മാത്രം ആശയമാണെന്നാണ്. മനോരോഗികളെ ചങ്ങലയ്ക്കിടുക, അവരുടെ രക്തം വാര്‍ത്തിക്കളയുക, അവര്‍ക്ക് മാര്‍ച്ചട്ട ഇടിക്കുക, പൊള്ളിക്കുക. വിരേചനം ചെയ്യിക്കുക, തല്ലുക, എന്നുള്ളതെല്ലാം അവര്‍ നിര്‍ത്തി. ജനം കാഴ്ചകള്‍ കാണാന്‍ സാല്‍ചിത്രയേറിലേക്കു ടിക്കറ്റുമെടുത്ത് കയറുന്ന ‘മെനാജിരി’ പ്രദര്‍ശനവും അവസാനിപ്പിച്ചു.

ഭ്രാന്താലയം മികച്ച വൈദ്യപഠനകേന്ദ്രമാവുന്നു

പിനേലായി പൊതുജനത്തിന്റെയും മാധ്യമങ്ങളുടെയും ഹീറോ. പത്രങ്ങള്‍ പുകഴ്ത്തുന്നു. സാംസ്‌കാരിക നായകര്‍ വാഴ്ത്തിപ്പാടുന്നു. ചിത്രകാരന്മാര്‍ അതു വരയ്ക്കുന്നു. ചരിത്രചിത്രകാരനായ ടോണി റോബര്‍ട്ട് ഫ്‌ളൂറി (Tony Robert-Fleury 1837-1911) വരച്ച ആ പിനേല്‍ ചിത്രം ഇന്നും പ്രസിദ്ധമാണ്. പിനേലങ്ങനെ വിശ്വപ്രസിദ്ധനായെങ്കിലും, ആ ആശയം ആദ്യം നടപ്പിലാക്കി പിനേലിനെയും പഠിപ്പിച്ച ഴാങ് ബാപ്റ്റി പുസ്സാങ്ങിന്റെ കഥ ആരും നോക്കാത്ത ചരിത്രപുസ്തകങ്ങളിലെ ഇടത്താളുകളില്‍ തീരെ പൊടിയക്ഷരങ്ങളില്‍ ഇന്നുമുണ്ട്.

പിനേല്‍ തുടങ്ങിവച്ച ആ വിഖ്യാതമായ പരിഷ്‌കാരങ്ങള്‍ ഉള്‍ക്കൊണ്ട് സാല്‍പിത്രയേര്‍ മെല്ലെ പാരീസിലെ ഏറ്റവും മികച്ച വൈദ്യപഠന കേന്ദ്രമായി മാറി. വൈദ്യ വിദ്യാര്‍ത്ഥികള്‍ ആദ്യം അറച്ചറച്ചാണ് അവിടെ പഠിക്കാന്‍ ചെന്നത്. പിന്നെ അവരുടെ കഥകളറിഞ്ഞ ധാരാളം പേര്‍ അവിടെ ചേര്‍ന്നു. പഠിക്കാന്‍ ഒരുപാട് രോഗികള്‍. പഠിപ്പിക്കാന്‍ അറിവുള്ള പുതിയ അധ്യാപകര്‍, പഠനരീതി വളരെ പ്രയോഗികവും. മെല്ലെ വിയന്നയെപ്പോലെ, ഫ്രാങ്ക്ഫര്‍ട്ടിനെപ്പോലെ, പാരീസില്‍ ഒരു ഫ്രഞ്ച് സ്‌കൂള്‍ ഓഫ് മെഡിസിന്‍ രൂപപ്പെട്ടു.

പിനേല്‍ മരിച്ച് ഇരുപത്തിമൂന്നുകൊല്ലം കൂടി കഴിഞ്ഞാണ് ആ വൈദ്യവിദ്യാലയത്തിലേക്കു ഴാങ് മാര്‍ട്ടിന്‍ ഷാര്‍ക്കോ (Jean Martin Charcot 1825-1893) വിദ്യാര്‍ത്ഥിയായി കയറുന്നത് (1849). ഒരുപക്ഷേ, ഇത വിശ്രുതനായ ഒരു വൈദ്യവിദ്യാര്‍ത്ഥി ലോകത്തില്‍ ഒരിടത്തും ഉണ്ടായിട്ടില്ല എന്നു പറയാം. താരതമ്യേന വെറുമൊരു തുക്കടാ മനോ രോഗാശുപത്രി ആയിരുന്ന ഒരിടത്തെ തന്റെ മാത്രം കഴിവുകൊണ്ട് യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട വൈദ്യഗവേഷണ/പഠനകേന്ദ്രമായി മാറ്റിയതിന്റെ മുഴുവന്‍ വിഖ്യാതിയും ഷാര്‍ക്കോയ്ക്കു മാത്രം അവകാശപ്പെട്ടതാണ്.

പഠനത്തിനുശേഷം ഭേദപ്പെട്ട ഉന്നത കേന്ദ്രങ്ങളില്‍ പോകുന്നതിനു പകരം തന്റെ മാതൃസ്ഥാപനത്തില്‍ തന്നെ തുടരാനും, അവിടെ മനോരോഗങ്ങള്‍ക്ക് ഉപരി ശുദ്ധന്യൂറോളജി പഠനം തുടങ്ങാനും ഷാര്‍ക്കോ കാണിച്ച മികവ് അസാധാരണമായിരുന്നു. തന്റെ അത്യഗാധമായ ഭാഷാസ്വാധീനം ഒട്ടൊന്നുമല്ല അദ്ദേഹത്തിനു സഹായകരമായത്. ഇംഗ്ലീഷിലും ഗ്രീക്കിലും ജര്‍മനിലുമുള്ള അറിവുകൊണ്ട് സ്വായത്തമാക്കിയത് ആ ഭാഷകളിലുള്ള പഴയതും പുതിയതുമായ വൈദ്യപ്രബന്ധങ്ങളും സാഹിത്യകൃതികളുമാണ്. യൂറോപ്പിലെ മിക്ക മ്യൂസിയങ്ങളിലും കയറിയിറങ്ങി കലാരൂപങ്ങളും ചിത്രകലാരീതികളും മനസ്സിലാക്കി. ഇവയെല്ലാം തന്നെ തരാതരം തന്റെ ക്ലാസ്സുകളില്‍ സമര്‍ത്ഥമായി ഉപയോഗിക്കാനും സാധിച്ചു.

തന്റെ കീഴില്‍ പരിശീലനം തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി തുടങ്ങിയ ക്ലിനിക്കല്‍ ന്യൂറോളജി ക്ലാസ്സുകള്‍ വൈകാതെതന്നെ ലോകമെമ്പാടുമുള്ള വൈദ്യവിദ്യാര്‍ത്ഥികളുടെ ഏറ്റവും ഇഷ്ടപ്പെട്ട ക്ലാസ്സുകളായി. ഷാര്‍ക്കോയുടെ ക്ലിനിക്കല്‍ ഡെമോണ്‍സ്‌ട്രേഷനുകള്‍ ആദ്യം ചൊവ്വാഴ്ചകളിലായിരുന്നു (Lecons du mardi). പിന്നെ അതു വെള്ളിയാഴ്ചകളിലും കൂടി ആയി. അഞ്ഞൂറുപേരെ വരെ ഉള്‍ക്കൊള്ളാവുന്ന വലിയ ഹാളാണ് അതിനു വേണ്ടി പുതുതായി ഉണ്ടാക്കിയത്. അതില്‍ ഫ്രാന്‍സിലെ വൈദ്യവിദ്യാര്‍ത്ഥികള്‍ മാത്രമല്ല ബ്രിട്ടണില്‍ നിന്നും, അമേരിക്കയില്‍ നിന്നും നിരവധി പേരാണ് വന്നിരുന്നത്. മെല്ലെ, ന്യൂറോളജിയില്‍ പഠനം പൂര്‍ത്തിയാകുന്നതിനു ഷാര്‍ക്കോയുടെ അടുക്കല്‍ നിന്നുകൂടി പരിശീലനം ലഭിച്ചാലേ മതിയാവൂ എന്നും വന്നു.

വിദ്യാര്‍ത്ഥികളുടെ മുമ്പില്‍ വച്ചുതന്നെ ഷാര്‍ക്കോ രോഗികളെ പരിശോധിക്കും. ഡയഗ്‌നോസിസിന് താന്‍ സ്വീകരിച്ച ക്ലിനിക്കല്‍ മെത്തേഡുകളും രോഗചരിത്രത്തില്‍നിന്നുള്ള പൊട്ടുകളും പൊടികളും പറഞ്ഞുകൊടുക്കും. എന്തുകൊണ്ട് മറ്റു ഡയഗ്‌നോസിസുകള്‍ താന്‍ തള്ളിക്കളയുന്നു എന്നു കാണിച്ചുകൊടുക്കും. മുമ്പ് താന്‍ കണ്ട രോഗികളുടെ കഥകള്‍ ചൊല്ലിക്കൊടുക്കും, അവരുടെ രേഖാചിത്രങ്ങള്‍ വരച്ചുകാണിക്കും. ഷാര്‍ക്കോ വരച്ച ആ രേഖാചിത്രങ്ങള്‍ ഇന്നും ഉണ്ട്. അദ്ദേഹമാണ് ക്ലിനിക്കല്‍ ഫോട്ടോഗ്രാഫിയും സ്ലൈഡ് പ്രൊജക്ഷനുമെല്ലാം വൈദ്യത്തില്‍ പഠനോപാധികളായി നടാടെ കൊണ്ടുവന്നത്. ഫ്രാന്‍സിനു പുറത്തുനിന്നു വന്ന വൈദ്യവിദ്യാര്‍ത്ഥികളില്‍ പേരുകേട്ടവര്‍ സിഗ്മണ്ട് ഫ്രോയ്ഡ് (18561-939) അടക്കം പലരുമുണ്ടായിരുന്നു. ഗുരുവിനെക്കാളും പ്രശസ്തി നേടിയ ശിഷ്യനായിരുന്നു ഫ്രോയ്ഡ്.

വൈദ്യവിദ്യാര്‍ത്ഥികള്‍ മാത്രമല്ല, ഷാര്‍ക്കോയുടെ ക്ലാസ്സുകളില്‍ കവികളും കഥാകാരന്മാരും ചിത്രകാരന്മാരും ഒക്കെ വരും. ചെറുകഥയെഴുത്തുകാരനായ മോപസാങ്ങും. ‘സാന്‍ മിഷേലിന്റെ കഥ’ എന്ന നോവലെഴുതിയ ആക്‌സല്‍ മുന്തേയും, നോവലിസ്റ്റും നാടകമെഴുത്തുകാരനുമായ യൂള്‍സ് ക്ലാറിറ്റും (Jules Claretie) കവിയായ പാള്‍ അരിനും (Paul Arane) ഒക്കെ അവിടെ വിദ്യാര്‍ത്ഥികളെന്ന മട്ടില്‍ വരുമായിരുന്നു. അദ്ദേഹത്തിന്റെ ക്ലാസ്സുകള്‍ കേള്‍ക്കാന്‍. ബ്രുയൈയുടെ (Pierre Andre Brouillet) പ്രസിദ്ധമായ ഷാര്‍ക്കോ ക്ലാസ്സിന്റെ ചിത്രത്തില്‍ ഉള്ള ന്യൂറോളജി വിദ്യാര്‍ത്ഥികളുടെ പേരും നാളുകളുമൊക്കെ ഇന്നും ഞങ്ങള്‍ അസൂയയോടെ നോക്കിക്കാണുന്നവയാണ്.

സീനിയര്‍ ആയ പല ഡോക്ടര്‍മാരും സാഹിത്യകാരന്മാരും ചിത്രകാരമാരും വൈദ്യവിദ്യാര്‍ത്ഥികളായി പ്രച്ഛന്നരായി അവിടെ വന്നത് ഷാര്‍ക്കോയുടെ അധ്യാപനരീതികള്‍ കണ്ടും കേട്ടും മനസ്സിലാക്കാനുമായിരുന്നു. മോപ്പസാങ്ങിന്റെയും മറ്റും എത്രയോ കഥകളില്‍ സാല്‍പിത്രയേറും സ്ഥാനം പിടിച്ചു.