കുട്ടനാടിന്റെ പ്രതിസന്ധികളും കാരണങ്ങളും പരിഹാരങ്ങളും; ബിജുമോൻ എസ് പി എഴുതുന്നു


Water, water everywhere and not a drop to drink… എന്നുള്ള സാമുവൽ ടെയ്ലർ കൊളെറിഡ്ജിന്റെ കവിതയിലെ ഏറെ പ്രസിദ്ധമായ വരികൾ, കുട്ടനാട്ടുകാരെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതാനുഭവത്തിന്റെ നേർക്കാഴ്ച തന്നെയാണ്… കുട്ടനാടൻ പ്രദേശവും അവിടുത്തെ ജനതയും നേരിടുന്ന വിവിധ പ്രശ്നങ്ങളും അവയുടെ പരിഹാരങ്ങളും വിശകലനം ചെയ്യുന്നു – ബിജുമോൻ എസ് പി.
കുട്ടനാട് – പ്രതിസന്ധികൾ; അടിസ്ഥാന കാരണങ്ങൾ; പരിഹാര മാർഗ്ഗങ്ങൾ

ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ മൂന്ന് ജില്ലകളിലായി പടർന്നു കിടക്കുന്ന ഒരു ചതുപ്പ് പ്രദേശമാണ് കുട്ടനാട്. എന്നാൽ കുട്ടനാട് എന്ന പേരുള്ള ഒരു താലൂക്ക് സ്ഥിതി ചെയ്യുന്നത് ആലപ്പുഴ ജില്ലയിൽ മാത്രമാണ്. സമുദ്രനിരപ്പിൽ നിന്നും 1.2 മുതൽ 3 മീറ്റർ വരെ താഴെയായിട്ടാണ് ഈ പ്രദേശങ്ങളിലെ കായൽ (വേമ്പനാട്) നികത്തിയെടുത്ത നെൽ കൃഷിയിടങ്ങൾ സ്ഥിതി ചെയ്യുന്നത്.

കൂടുതൽ സ്ഥലങ്ങളിൽ നെൽകൃഷി വ്യാപിപ്പിച്ച് കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യ സാക്ഷാത്ക്കാരത്തിന് വേണ്ടിയാണ് തിരുവിതാംകൂർ ഭരണാധികാരികൾ വേമ്പനാട് കായൽ നികത്തലിന് അനുമതി നല്കിയത്. 1865 നും 1945 നും ഇടയിലുള്ള മൂന്ന് ഘട്ടങ്ങളിലായിട്ടാണ് വേമ്പനാട് കായൽ നികത്തപ്പെട്ടത്. ആദ്യഘട്ടങ്ങളിൽ തിരുവിതാംകൂർ സർക്കാർ കായൽ നികത്തലിന് എന്തെങ്കിലും സാമ്പത്തിക സഹായങ്ങൾ നല്കിയിരുന്നോ എന്നതിന് യാതൊരു രേഖകളും ലഭ്യമല്ല. പ്രാദേശിക പ്രമാണിമാർക്ക് തങ്ങളുടെ സ്വന്തം ചിലവിൽ നികത്തിയെടുത്ത കൃഷിയിടങ്ങളിൽ കൃഷി ചെയ്യുവാനുള്ള അവകാശം മഹാരാജാവിൽ നിന്നും ലഭിച്ചിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

പിന്നീട് മൂന്നാം ഘട്ടമായപ്പോൾ മതിയായ സർക്കാർ സാമ്പത്തിക സഹായവും വെള്ളം വറ്റിക്കുവാനുള്ള യന്ത്ര സാമഗ്രികളും കായൽ നികത്തലുകാർക്ക് ലഭിച്ചതിന്റെ ഫലമായി കുറഞ്ഞ കാലയളവിനുള്ളിൽ കൂടുതൽ കൃഷിയിടങ്ങൾ നികത്തി എടുക്കുവാൻ സാധിച്ചു. സമുദ്രനിരപ്പിനും താഴെ, ഏകദേശം 500 ച.കി.മീ ഓളം വിസ്തീർണ്ണത്തിൽ, നെൽകൃഷി ചെയ്യുന്ന ലോകത്തിലെ ഏക താഴ്ന്ന പ്രദേശം എന്ന ഖ്യാതി, കേരളത്തിന്റെ നെല്ലറയെന്നറിയപ്പെടുന്ന കുട്ടനാടിന് സ്വന്തം.

പ്രകൃതി രമണീയമായ ഈ ഭൂപ്രദേശത്തിന്റെ ദൃശ്യചാരുത ആസ്വദിക്കുവാൻ തദ്ദേശിയരും വിദേശികളുമായ പതിനായിരക്കണക്കിന് വിനോദ സഞ്ചാരികളാണ് പ്രതിവർഷം കുട്ടനാട്ടിലെത്തുന്നത്. ആഢംബര സൗകര്യങ്ങളോട് കൂടിയ ചെറുതും വലുതുമായ ആയിരത്തിൽപ്പരം ഹൗസ് ബോട്ടുകളാണ് വിനോദ സഞ്ചാര മേഖലയിൽ പ്രവർത്തിച്ചു വരുന്നത്.

2012 ൽ കാർഷിക പൈതൃക നഗരമായി പ്രഖ്യാപിക്കപ്പെട്ട കുട്ടനാട്ടിൽ മുഖ്യ കൃഷികളായ നെൽകൃഷിയും മത്സ്യ കൃഷിയും കൂടാതെ നാളികേരവും നേന്ത്രയ്ക്കയും വ്യാപകമായി കൃഷി ചെയ്യപ്പെടുന്നു.ഇടത്തരം കർഷകരും കർഷകത്തൊഴിലാളികളുമാണ് ജനസംഖ്യയിൽ മഹാഭൂരിപക്ഷവും.

പേരിന്റെ പിന്നിൽ

കുട്ടനാട് എന്ന പേരിന്റെ പിന്നിൽ പ്രധാനമായും മൂന്ന് കഥകളാണ് നിലനില്ക്കുന്നത്. പ്രാചീന ചേരരാജാവായ ചേരൻ ചെങ്കുട്ടവന്റെ പേരിൽ നിന്നുമാണ് കുട്ടനാട് രൂപപ്പെട്ടതെന്നാണ് ഒരു വാദം. ബുദ്ധമത സ്വാധീനം നിലനിന്നിരുന്ന കാലത്ത്, ബുദ്ധന്റെ പ്രാദേശിക നാമമായ കുട്ടനിൽ നിന്നുമാണ് കുട്ടന്റെ നാട് എന്ന അർത്ഥത്തിൽ കുട്ടനാട് രൂപപ്പെട്ടതെന്നാണ് മറ്റൊരു വാദം. പ്രാചീന കാലത്ത് നിബിഢ വനപ്രദേശമായിരുന്ന ഇവിടം കാട്ടുതീയിൽ കരിഞ്ഞു പോയെന്നും അതിനാൽ ഈ പ്രദേശം ചുട്ടനാട് എന്നറിയപ്പെട്ടെന്നും അത് കാലാന്തരത്തിൽ കുട്ടനാട് ആയി പരിണമിക്കപ്പെട്ടെതാണെന്നുമാണ് മറ്റൊരു വാദം.

കരിഞ്ഞ സ്ഥലമായതു കൊണ്ടാണ് കുട്ടനാട്ടിലെ പതിനാല് ഗ്രാമങ്ങളുടെ പേരിനൊപ്പം കരി എന്ന വാക്ക് കൂടി ചേർത്ത് വിളിയ്ക്കുന്നതെന്നും ഇക്കൂട്ടർ വാദിക്കുന്നു. ഉദാ:- കൈനകരി, ചാത്തൻ കരി, രാമൻകരി, പുതുക്കരി, ചേന്നംകരി, മാമ്പുഴക്കരി, കുന്നംകരി, കുമരംകരി, മിത്രക്കരി, ചങ്ങൻകരി, ചതുർത്ഥ്യാകരി, ഊരുക്കരി, തായൻ കരി, കണ്ടൻകരി. ഇന്നും കുട്ടനാട്ടിലെ കായൽ പ്രദേശങ്ങളിൽ നിന്നും ലഭിക്കുന്ന കരിഞ്ഞുണങ്ങിയ തടിക്കഷണങ്ങൾ ഈ വാദങ്ങൾക്ക് പിൻബലമേകുവാനുള്ള തെളിവായി ഇവർ ചൂണ്ടിക്കാട്ടുന്നു.

ജലവിതാനം

പമ്പ, മീനച്ചിലാർ, അച്ചൻകോവിലാർ, മണിമലയാർ എന്നീ നാല് നദികളാണ്, കേരളത്തിന്റെ കിഴക്കൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സഹ്യപർവ്വത ശ്യംഖങ്ങളിൽ നിന്നും ഉദ്ഭവിച്ച്, അറബിക്കടലിനെ ലക്ഷ്യമാക്കി കുട്ടനാടിന്റെ വിരിമാറിലൂടെ പടിഞ്ഞാറോട്ട് കൂടിക്കലർന്ന് പരന്നൊഴുകി പ്രധാനമായും തോട്ടപ്പള്ളി സ്പിൽവേയിലൂടെയും തണ്ണീർമുക്കം ബണ്ടിലൂടെയും അറബിക്കടലിൽ പതിക്കുന്നത്.

അറബിക്കടലിലെ ജലനിരപ്പ് ഉയർന്നിരുന്നാൽ (വേലിയേറ്റം) മേൽപറഞ്ഞ നാലുനദികളിലെ ജലം കടൽ സ്വീകരിക്കുകയില്ല. കടലിലെ ജലനിരപ്പ് ഉൾനാടൻ ജലാശയങ്ങളേക്കാൾ കുറയുമ്പോൾ (വേലിയിറക്കം) മാത്രമാണ് ജലാശയങ്ങളിൽ സംഭരിക്കപ്പെടുന്ന ജലത്തിന് കടലിലേയ്ക്ക് ഒഴുകി മാറുവാൻ അവസരം ലഭിക്കുന്നത്. കടലും കായലും തമ്മിൽ സ്വരച്ചേർച്ചയില്ലാത്ത വേളകളിൽ കുട്ടനാട്ടിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്ന് ജനജീവിതത്തെ സാരമായി ബാധിക്കാറുണ്ട്.

കുട്ടനാടൻ ജലാശയങ്ങളിലെ ജലനിരപ്പും ജലത്തിന്റെ ലവണത്വവും (ഉപ്പുരസം) നിയന്ത്രിക്കുവാൻ വേണ്ടിയാണ് 1954 ൽ തോട്ടപ്പള്ളിയിൽ സ്പിൽവേയും, വേമ്പനാട് കായലിന് കുറുകെ ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കത്തേയും കോട്ടയം ജില്ലയിലെ വെച്ചൂരിനേയും ബന്ധിപ്പിച്ചു കൊണ്ടുള്ള 1400 മീറ്റർ നീളമുള്ള തണ്ണീർമുക്കം ബണ്ടും 1974 ൽ നിർമ്മിച്ചത്.

ബണ്ടിന്റെ നിർമ്മാണം കൊണ്ട് കുട്ടനാട്ടിലെ നെല്ലുത്പാദനം ഗണ്യമായി വർദ്ധിപ്പിക്കുവാൻ സാധിച്ചു എന്നത് ഏറെ സന്തോഷകരമായ കാര്യം തന്നെയാണ്. എന്നാൽ ബണ്ട് നിർമ്മാണം കുട്ടനാടിന്റെ തനത് മത്സ്യപ്രജനന വ്യവസ്ഥകളിലും മറ്റ് ആവാസ വ്യവസ്ഥകളിലും ഗുരുതരമായ പ്രത്യഘാതങ്ങളാണ് സൃഷ്ടിച്ചത്. ഇത് കുട്ടനാട്ടിലെ മത്സ്യസമ്പത്തിലും മത്സ്യബന്ധനത്തൊഴിലാളികളുടെ വരുമാനത്തിലും അതിശയകരമായ രീതിയിലുള്ള കുറവ് രേഖപ്പെടുത്തി.

ലോവർ കുട്ടനാട്, അപ്പർ കുട്ടനാട്, നോർത്ത് കുട്ടനാട് എന്നിങ്ങനെ പ്രധാനമായും കുട്ടനാടിനെ മൂന്നായി വിഭജിക്കപ്പെട്ടിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ മുഴുവൻ ഭാഗവും, കുട്ടനാട് താലൂക്കിലെ എടത്വാ, തലവടി , മുട്ടാർ എന്നീ ഗ്രാമങ്ങൾ ഒഴിച്ചുള്ള ഭാഗങ്ങളും, കാർത്തികപ്പള്ളി താലൂക്കിന്റെ പകുതി വടക്ക് ഭാഗവും ലോവർ കുട്ടനാട്ടിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നു. എന്നാൽ അപ്പർ കുട്ടനാട്ടിൽ ഉൾപ്പെടുന്ന ഗ്രാമപ്രദേശങ്ങൾ ആലപ്പുഴ ജില്ലയിലും കോട്ടയം ജില്ലയിലും പത്തനംതിട്ട ജില്ലയിലുമായി പരന്ന് കിടക്കുന്നു. കോട്ടയം ജില്ലയിലെ വൈക്കം താലൂക്കും ചങ്ങനാശ്ശേരി താലൂക്കിന്റെ പടിഞ്ഞാറൻ ഭാഗങ്ങളും നോർത്ത് കുട്ടനാട്ടിൽ ഉൾപ്പെടുന്നു.

പൂർവ്വകാലപ്രശ്നങ്ങളും പരിഹാരശ്രമങ്ങളും – ഒരു പരിശോധന

ഉയർന്ന ജനസാന്ദ്രതയും, ദാരിദ്രവും, വർദ്ധിച്ചുവന്ന ജനസംഖ്യയ്ക്ക് ആനുപാതികമായി കൃഷിയും മറ്റ് കാർഷികേതര ഉപജീവനോപാധികളും വരുമാന സ്രോതസ്സുകളും വികസിപ്പിക്കേണ്ടത് ഒരു കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു എന്നത് തർക്ക രഹിതമായ കാര്യമാണ്. പാരിസ്ഥിതിക സംതുലിതാവസ്ഥയെ അവഗണിച്ചു കൊണ്ട് നടത്തപ്പെടുന്ന ഏത് വികസന പ്രവർത്തനങ്ങളും, ലോകത്തിന്റെ ഏത് കോണിലായാലും ശരി, താത്കാലികനേട്ടങ്ങളോടൊപ്പം സുസ്ഥിരമായ കോട്ടങ്ങളും സൃഷ്ടിക്കുമെന്ന് നാം ഇതിനോടകം അനുഭവിച്ചറിഞ്ഞ അറിവുകളാണ്. ഒരു കാലഘട്ടത്തിന്റെ അതിജീവനത്തിനു വേണ്ടി, ലഭ്യമായ ജ്ഞാന മാർഗ്ഗങ്ങൾ ഉപയോഗിച്ചു നിർമ്മിച്ച പരിഹാര മാർഗ്ഗങ്ങളെ നിലനിർത്തിക്കൊണ്ടുള്ള, ഇതര പ്രശ്നപരിഹാര മാർഗ്ഗങ്ങളാണ് ഇന്ന് കുട്ടനാടിന് വേണ്ടത്.

കേരള സംസ്ഥാനം രൂപപ്പെടുന്നതിന് മുമ്പേ, കുട്ടനാടിന്റെ വികസനത്തിന് വേണ്ടി തിരുവിതാംകൂർ ഭരണാധികാരികൾ നീക്കങ്ങൾ തുടങ്ങിയിരുന്നു. 1953-54 കാലഘട്ടത്തിൽ കുട്ടനാടിന്റെ വികസനം മുൻ നിർത്തി സമർപ്പിക്കപ്പെട്ട വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് തോട്ടപ്പള്ളി സ്പിൽവേയും, തണ്ണീർമുക്കം ബണ്ടും, എ.സി.റോഡും നിർമ്മിക്കപ്പെട്ടത്.

1958 ൽ പരിപൂർണ്ണനിർമ്മാണം പൂർത്തിയാക്കിയ തോട്ടപ്പള്ളി സ്പിൽവേ കൊണ്ട് പ്രധാനമായും ഉദ്ദേശിച്ചത്, പമ്പാ നദിയിലേയും അച്ചൻകോവിലാറിലേയും മണിമലയാറിലേയും പ്രളയജലത്തെ കടലിലേയ്ക്ക് ഒഴുക്കിക്കളയുക എന്നുള്ളതായിരുന്നു. 1975 ൽ രണ്ടാം ഘട്ടം പൂർത്തിയാക്കിയ തണ്ണീർമുക്കം ബണ്ടിന്റെ പ്രധാന നിർമ്മാണോദ്ദേശം, കുട്ടനാടൻ ജലാശങ്ങളെ ഉപ്പുവെള്ളത്തിൽ നിന്നും സംരക്ഷിക്കുകയും അതിലൂടെ കുട്ടനാട്ടിൽ രണ്ടാംകൃഷി നടപ്പിലാക്കുകയും ചെയ്യുക എന്നുള്ളതായിരുന്നു. ഇക്കാര്യത്തിൽ വിജയിക്കാനായി എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്.

ഈ വിജയത്തിന്റെ മധുരത്തിനിടയിലും പാരിസ്ഥിതിക സംതുലനാവസ്ഥയ്ക്കും ആവാസ വ്യവസ്ഥയ്ക്കും ഏറ്റ ആഴത്തിലുള്ള മുറിവുകൾ ഇന്നും അപരിഹാര പ്രശ്നങ്ങളായി തുടരുന്നു. 1990 ൽ പൂർത്തിയാക്കിയ എ.സി. റോഡിന് സമാന്തരമായി (ആലപ്പുഴ – ചങ്ങനാശ്ശേരി റോഡ് ) പദ്ധതി പ്രകാരം പൂർത്തിയാക്കേണ്ടിയിരുന്ന എ.സി. കനാലിന്റെ പണികൾ ഇനിയും പൂർത്തിയായിട്ടില്ല എന്നത് ഖേദകരമാണ്.

എന്തായാലും കഴിഞ്ഞ അര നൂറ്റാണ്ട് കാലം, കുട്ടനാട്ടുകാരെ സംബന്ധിച്ചിടത്തോളം സംഭവ ബഹുലമായിരുന്നു. പരിസ്ഥിതിയിൽ ഇടപെട്ട് നടത്തിയ വികസനങ്ങളുടെ ഗുണദോഷങ്ങൾ അവർ അനുഭവിച്ചറിഞ്ഞു. അത് പല പുത്തൻ പാഠങ്ങളും അവരെ പഠിപ്പിച്ചു. അവർ അനുഭവിച്ചറിഞ്ഞ ഓരോ പ്രതിസന്ധികളും വളരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും, പഠിക്കുകയും , പാരിസ്ഥിതിക സംതുലനാവസ്ഥ നിലനിർത്തിക്കൊണ്ടുള്ള പരിഹാര മാർഗ്ഗങ്ങൾ ആവിഷ്കരിക്കുകയും ചെയ്യേണ്ടത്, ഇന്ന് കുട്ടനാടൻ മേഖലകളുടെ അതിജീവനത്തിനും നിലനില്പിനും തന്നെ അത്യന്താപേക്ഷിതമായി മാറിയിരിക്കുന്നു.

എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ (MSSRF)

കുട്ടനാടൻ മേഖലയിലെ പ്രശ്നങ്ങൾ സവിസ്തരം പഠിക്കുവാനും, പാരിസ്ഥിതിക സംതുലനാവസ്ഥയ്ക്ക് കോട്ടം വരാത്ത രീതിയിലുള്ള പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുവാനും വേണ്ടി, കേന്ദ്ര സർക്കാർ നിയോഗിച്ച M.S. Swaminathan കമ്മറ്റി (ഡോ. മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ) 2007 ലാണ് റിപ്പോർട്ട് സമർപ്പിച്ചത്. എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ (MSSRF) റിപ്പോർട്ട് എന്ന പേരിലാണ് ഈ റിപ്പോർട്ട് അറിയപ്പെടുന്നത്. 227 പേജുള്ള പ്രസ്തുത റിപ്പോർട്ട് കുട്ടനാട്ടിലെ പ്രശ്നങ്ങൾ തലനാരിഴകീറി യാഥാർത്ഥ്യ ബോധത്തോടെ പഠിച്ച് തയ്യാറാക്കിയതാണ്. നിരവധി വിദഗ്ധരുടേയും എണ്ണമറ്റ വ്യത്യസ്ത മേഖലകളിലുള്ള കുട്ടനാട് നിവാസികളുടേയും നിരന്തര പരിശ്രമത്തിന്റെ ഫലമായിട്ടാണ് അന്തിമ റിപ്പോർട്ട് രൂപപ്പെട്ടതും അധികാരികൾക്ക് സമർപ്പിക്കപ്പെട്ടതും.

റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുവാനായി , 1839.75 കോടി രൂപയാണ് ഡോ. എം.എസ്. സ്വാമിനാഥൻ കമ്മറ്റി ശുപാർശ ചെയ്തത്. ഏഴ് സുപ്രധാന മേഖലകളിൽ ഊന്നൽ നല്കിക്കൊണ്ട് സമർപ്പിക്കപ്പെട്ട റിപ്പോർട്ടിന്റെ പരിപൂർണ്ണമായ നടപ്പിലാക്കലിന് വേണ്ടിയാണ്,
കേന്ദ്ര സർക്കാർ 2008 ൽ “കുട്ടനാട് പാക്കേജ് ” എന്ന 2139.8 കോടി രൂപയുടെ അതിബൃഹത്തായ പദ്ധതിയ്ക്ക് രൂപം നല്കിയത്. ഒരു വ്യാഴവട്ടം കഴിഞ്ഞ ഈ വേളയിൽ  “കുട്ടനാട് പാക്കേജ് ” എന്ന ബൃഹത്തായ പദ്ധതി , ഒത്തൊരുമയോടും, കാര്യക്ഷമതയോടും, പ്രശ്ന കേന്ദ്രീകൃതമായും, സുതാര്യതയോടും കൂടി നടപ്പിലാക്കുവാൻ ഭരണ സംവിധാനങ്ങൾക്ക് കഴിഞ്ഞോ ഇല്ലയോ എന്ന് കുട്ടനാടൻ ജനത ഐക്യത്തോടു കൂടി അതിസൂക്ഷ്മ പരിശോധന നടത്തേണ്ടിയിരിക്കുന്നു.

അത്തരം പരിശോധനകളും അവസരയോചിതവും നിഷ്പക്ഷവുമായ ഭാവികാല സംഘടിത ഇടപെടലുകളും പോരാട്ടങ്ങളുമായിരിക്കും, ഇനിയുള്ള കാലം കുട്ടനാടിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണ്ണായകമായ ഇടപെടൽ നടത്തുവാൻ പോകുന്നതെന്ന് നിസ്സംശയം പറയട്ടെ!!

കുട്ടനാട്ടിലെ വർത്തമാനകാല പ്രതിസന്ധികൾ – ഒരന്വേഷണം

കേരളത്തിലെ ഇതര പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായി, അതിജീവനവുമായി ബന്ധപ്പെട്ട് നിരവധി പ്രതിസന്ധികൾ നൂറ്റാണ്ടുകളായി നേരിട്ടു കൊണ്ടിരിക്കുകയും, അതിനോടെല്ലാം പോരാടി ജീവിതം നയിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നവരാണ് കുട്ടനാടൻ നിവാസികൾ. തണ്ണീർമുക്കം ബണ്ടിന്റേയും തോട്ടപ്പള്ളി സ്പിൽവേയുടേയും നിർമ്മാണത്തിന് ശേഷം, ഗണ്യമായ കുതിച്ചു കയറ്റമാണ് നെല്ലുത്പാദന മേഖലയിൽ ഉണ്ടായത്. ഉപ്പുവെള്ളത്തിൽ നിന്നും പുഞ്ചകൃഷിയെ (first crop) സംരക്ഷിക്കുന്നതിൽ തണ്ണീർമുക്കം ബണ്ടും, മൺസൂൺ കാലത്തെ അധികജലം മൂലം ഉണ്ടാകുവാൻ സാധ്യതയുള്ള മടവീഴ്ചയിൽ (breaching of outer bund) നിന്നും പാടശേഖരങ്ങളിലെ രണ്ടാം കൃഷിയെ (second crop) സംരക്ഷിക്കുന്നതിൽ തോട്ടപ്പള്ളി സ്പിൽവേയും നിർണ്ണായകമായ പങ്ക് വഹിക്കുന്നു. വർഷത്തിൽ രണ്ട് കൃഷി സാധ്യമായതോടു കൂടി, സാമ്പത്തികപരമായ ഉയർച്ചകൾ കുട്ടനാട്ടിൽ പ്രകടമായി.

24 കിലോമീറ്റർ ദൈർഘ്യമുള്ള A. C. റോഡിന്റെ നിർമ്മാണത്തോടു കൂടി റോഡ് ഗതാഗത സാധ്യതകളുടെ ഗുണഫലങ്ങൾ കുടനാട്ടുകാർക്ക് അനുഭവിക്കുവാൻ അവസരം ലഭിച്ചു. കേരള ഭൂപടത്തിലെ കുട്ടനാടിന്റെ സ്ഥാനം കൊണ്ടും, മുമ്പ് സൂചിപ്പിച്ച തനത് ഭൂപ്രകൃതി സവിശേഷതകൾ കൊണ്ടും, വർഷത്തിലൊരു വെള്ളപ്പൊക്കം നൂറ്റാണ്ടുകളായി കുട്ടനാട്ടിൽ ഉണ്ടാകാറുണ്ട്. ജനജീവിതത്തെ സാരമായി ബാധിക്കാതെ ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ വെള്ളപ്പൊക്ക ഭീഷണിയിൽ നിന്നും കുട്ടനാട് മോചിതമാകുകയും ചെയ്തിരുന്നു.

വർഷത്തിലൊരിക്കൽ മാത്രം ഉണ്ടായിക്കൊണ്ടിരുന്ന ഇത്തരം ചെറിയ വെള്ളപ്പൊക്കങ്ങളിൽ ആനന്ദം കണ്ടെത്തുന്നവരായിരുന്നു കുട്ടനാട്ടുകാരെന്ന് പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ 99 ലെ മഹാപ്രളയത്തിന് ശേഷം (the great flood of July 1924),  2018 ആഗസ്റ്റ് മാസത്തിൽ കേരളം നേരിട്ട “മറ്റൊരു നൂറ്റാണ്ടിലെ” മഹാപ്രളയമാണ് കുട്ടനാടൻ ജനതയുടെ ജീവിതം ആകമാനം മാറ്റിമറിച്ചത്.  57 ശതമാനം ആലപ്പുഴ ജില്ലയിലും 30 ശതമാനം കോട്ടയം ജില്ലയിലും 13 ശതമാനം പത്തനംതിട്ട ജില്ലയിലുമുള്ള പത്ത് താലൂക്കുകളിലായി പരന്നുകിടക്കുന്ന 874 ചതുരശ്ര കിലോമീറ്റർ കുട്ടനാടൻ ഭൂപ്രദേശങ്ങളിൽ ഉൾപ്പെടുന്ന 50000 വീടുകളാണ് പൂർണ്ണമായോ ഭാഗികമായോ 2018 ലെ മഹാപ്രളയത്തിൽ നശിച്ചത്.

ഏകദേശം രണ്ട് ലക്ഷം ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റി പാർപ്പിക്കേണ്ടതായി വന്നു. കണക്കുകൾ പ്രകാരം ഏകദേശം 15000 ഹെക്ടറിലെ നെൽകൃഷിയും 10000 ൽപ്പരം തെങ്ങുകളും വെള്ളപ്പൊക്കത്തിൽ നശിച്ചു. ആയിരം കോടിയിലധികം രൂപയുടെ നാശനഷ്ടങ്ങളാണ് 2018 ലെ മഹാപ്രളയം മൂലം കുട്ടനാട്ടിലുണ്ടായതെങ്കിൽ, 19500 കോടി രൂപയുടെ നാശനഷ്ടങ്ങളും 488 വിലയേറിയ മനുഷ്യ ജീവനുകളുമാണ് കേരളത്തിലാകമാനം നഷ്ടമായത്.

തുടന്നുള്ള അടുത്ത രണ്ട് വർഷങ്ങളിലും അതായത് ആഗസ്റ്റ് 2019 ലും ആഗസ്റ്റ് 2020 ലും കുട്ടനാട്ടിലുണ്ടായ വെള്ളപ്പൊക്കത്തിൽ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായത്. എന്നാൽ ഈ നാശനഷ്ടങ്ങൾ 2018 ലെ മഹാപ്രളയവുമായി താരതമ്യം ചെയ്യുമ്പോൾ ചെറുതായിരുന്നു എന്നു കാണാം. ഇതിനെ തുടർന്ന് 2020 സെപ്റ്റംബർ മാസത്തിൽ നടത്തിയ ഒരു വീഡിയോ കോൺഫെറൻസിലൂടെയാണ് അന്നത്തെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ 2447 കോടി രൂപയുടെ “രണ്ടാം കുട്ടനാട് പാക്കേജ് ” പ്രഖ്യാപിച്ചത്. 2019 മാർച്ച് വരെയുള്ള കാലത്തിനുള്ളിൽ 1013. 15 കോടി രൂപ വിവിധ മേഖലകളുടെ വികസനങ്ങൾക്കായി കുട്ടനാട്ടിൽ ചിലവഴിച്ചതായും മുഖ്യമന്ത്രി വീഡിയോ കോൺഫെറൻസിൽ വ്യക്തമാക്കി.

കുട്ടനാടൻ ജനതയുടെ ജീവിതത്തിന്റെ അടിത്തറ ഇളക്കുന്ന പ്രശ്നങ്ങൾ ഒട്ടനവധിയാണ്. അവയിൽ ചിലത് മുൻഗണനാ ക്രമത്തിൽ താഴെ കൊടുക്കുന്നു.

1. വെള്ളപ്പൊക്കം / വെള്ളക്കെട്ട് / വരൾച്ച
2. ശുദ്ധജലക്ഷാമം/ കുടിവെള്ള പ്രശ്നം.
3. കൃഷി നാശം / തൊഴിലില്ലായ്മ
4. ഉൾനാടൻ മത്സ്യ ദൗർലഭ്യത
5. ജല – അന്തരീക്ഷ മലിനീകരണം
6. ആരോഗ്യപ്രശ്നങ്ങൾ
7. വൈദ്യുതി ലഭ്യതയിലെ ന്യൂനതകൾ
8. ജല ഗതാഗത യാത്രാ പ്രശ്നങ്ങൾ
9. ഉന്നത വിദ്യാഭ്യാസ ദൗർലഭ്യത
10. ടൂറിസം മേഖലയിലെ പ്രതിസന്ധികൾ

ജനജീവിതവുമായി നേരിട്ട് ബന്ധമുള്ള പ്രശ്നങ്ങൾ മാത്രമാണ് മുകളിൽ ചൂണ്ടിക്കാണിച്ചത്.

രാമ്സർ കൺവൻഷൻ (Ramsar convention) പ്രകാരം അന്താരാഷ്ട്ര പ്രാധാന്യമുള്ള ഭൂപ്രദേശമാണ് കുട്ടനാടും കുട്ടനാടൻ ആവാസ വ്യവസ്ഥയും (Kuttanad wetland ecosystem). കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളിലായി കുട്ടനാടൻ ഭൂപ്രദേശങ്ങളിൽ നടന്നിട്ടുള്ള കായൽ നികത്തൽ (Lake reclamation) ഉൾപ്പെടെയുളള മറ്റ് അനവധി മാനുഷിക ഇടപെടലുകൾ, മേഖലയുടെ പാരിസ്ഥിതിക താളത്തിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ആയതിനാൽ കുട്ടനാടിന്റെ തനത് ആവാസ വ്യവസ്ഥയും പ്രകൃതി സംതുലനാവസ്ഥയും പ്രകൃതി സൗന്ദര്യവും നിലനിർത്തുവാനും പുന:സ്ഥാപിക്കുവാനും ആവശ്യമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുവാൻ ഭരണാധികാരികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അന്താരാഷ്ട്ര പ്രാധാന്യമുളള കാർഷിക പൈതൃക വ്യവസ്ഥയെ (Globally Important Agricultural Heritage System- GIAHS ) പരിപാലിച്ച് നിലനിർത്തേണ്ടത് ആവശ്യമാണ്. മുകളിൽ പ്രതിപാദിച്ച പത്ത് അടിസ്ഥാന പ്രശ്നങ്ങൾക്കാണ് എത്രയും വേഗത്തിൽ പരിഹാരം കാണേണ്ടത്.

മേൽസൂചിപ്പിച്ച പത്ത് പ്രതിസന്ധികളിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്ന് രണ്ട് കാര്യങ്ങൾ ചർച്ച ചെയ്യാം.

വെള്ളപ്പൊക്കം/വെള്ളക്കെട്ട് /വരൾച്ച

വർഷകാലങ്ങളിലും മറ്റും ജലസംഭരണശേഷിക്ക് അതീതമായി കുട്ടനാടൻ ജലാശയങ്ങളിലേയ്ക്ക് ഒഴുകിയെത്തുന്ന അധികജലം മൂലം ജലാശയങ്ങൾ കരകവിഞ്ഞൊഴുകുന്നതാണ് വെള്ളപ്പൊക്കമെങ്കിൽ , സുഗമമായ നീരൊഴുക്കിന് തടസ്സമായി നിലകൊള്ളുന്ന നിരവധി ഘടകങ്ങളാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്. രണ്ടിന്റേയും കാരണങ്ങൾ പരസ്പരബന്ധിതമാണുതാനും.

മാനുഷിക ഇടപെടലുകൾ മൂലം വേമ്പനാട് കായൽ ഉൾപ്പെടെയുള്ള കുട്ടനാടൻ ജലാശയ മേഖലകളിലെ ജലസംഭരണശേഷിയിൽ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. മുൻകാലങ്ങളിൽ കുട്ടനാട്ടിലേയ്ക്ക് ഒഴുകിയെത്തുന്ന ജലത്തെ ഒരു പരിധി വരെ സംഭരിച്ച്, കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്നും സംരക്ഷിക്കുവാനുള്ള ശേഷി കുട്ടനാടൻ ജലാശയങ്ങൾക്കുണ്ടായിരുന്നു. ജലസംഭരണശേഷിയിൽ വന്നിട്ടുള്ള ഈ കുറവാണ് അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കങ്ങൾക്കുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്. എന്നാൽ ജലസംഭരണശേഷി പൂർണ്ണമായും തിരിച്ചു പിടിക്കുക എന്നത് തികച്ചും അസാധ്യവും അനവസരവുമാണ്.

ജലസംഭരണ ശേഷി കുറയുവാനുള്ള കാരണങ്ങളിൽ ചിലത്

1. നെല്ലുത്പാദനത്തിന് വേണ്ടിയുള്ള കായൽ നികത്തലുകൾ (ഏകദേശം രണ്ട് നൂറ്റാണ്ടുകൾക്ക് മുമ്പ് തുടങ്ങിയതാണ്)
2. കാർഷികേതര ആവശ്യങ്ങൾക്കുവേണ്ടിയുള്ള അനധികൃത വൻകിട – ചെറുകിട കായൽ, മറ്റ് ജലാശയങ്ങളുടെ കൈയ്യേറ്റങ്ങളും നിർമ്മിതികളും
3. അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ
4. കായലിലേയും നദികളിലേയും തോടുകളിലേയും കുളങ്ങളിലേയും മറ്റും അടിത്തട്ടുകളിൽ അടിഞ്ഞുകൂടുന്ന ചെളി, സമയബന്ധിതമായി നീക്കം ചെയ്യാത്തതു മൂലമുണ്ടാകുന്ന ആഴം കുറയലുകൾ.
5. മാലിന്യ നിക്ഷേപങ്ങൾ
6. ആഫ്രിക്കൻ പായലിന്റെ വർദ്ധനവ്

പരിഹാര മാർഗ്ഗങ്ങൾ

1. കാർഷിക / കാർഷികേതര കായൽ നികത്തലുകളും കൈയ്യേറ്റങ്ങളും അവസാനിപ്പിക്കുവാൻ വേണ്ടി ശക്തമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കുക
2. അശാസ്ത്രീയ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുക
3. ജലാശയങ്ങളിലെ ആഴം വർദ്ധിപ്പിക്കുക. (സുഗമമായ നീരൊഴുക്കിന് വിഘാതം സൃഷ്ടിക്കുന്ന മേഖലകളെ കുറിച്ച് സമഗ്രമായ പഠനം നടത്തി ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അടിയന്തിരമായി ആഴം വർദ്ധിപ്പിക്കൽ നടപ്പിലാക്കുക )
4. കുട്ടനാടൻ ജലാശയങ്ങളിലേയ്ക്ക് അനിയന്ത്രിതമായ രീതിയിൽ ഖരമാലിന്യങ്ങൾ തള്ളി വിടുന്നവർക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കുക.
5. ശാസ്ത്രീയ രീതികളിലൂടെ പായൽ നിർമ്മാർജ്ജനം നടപ്പിലാക്കുക.

മേൽ വിവരിച്ച കാര്യങ്ങൾ കൂടാതെ വെള്ളപ്പൊക്കത്തിലേയ്ക്ക് നയിക്കുന്ന കാരണങ്ങൾ ഒഴിവാക്കുവാൻ വേണ്ടി, താഴെപ്പറയുന്ന കാര്യങ്ങൾ കൂടി സമയബന്ധിതമായി നടപ്പിലാക്കേണ്ടതാണ്.

a) മതിയായ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കി തോട്ടപ്പള്ളി സ്പിൽവേയുടേയും തണ്ണീർമുക്കം ബണ്ടിന്റേയും പ്രവർത്തന ക്ഷമത പുനസ്ഥാപിക്കുക. തോട്ടപ്പള്ളി സ്പിൽവേയിൽ നിന്നും സുഗമമായി ജലം കടലിലേയ്ക്ക് ഒഴുകുന്നതിന് തടസ്സമായി നിലകൊള്ളുന്ന മണൽത്തിട്ടകൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണുക.
b) എ.സി. കനാൽ നിർമ്മാണം പൂർത്തീകരിക്കുക
c) തോട്ടപ്പള്ളി സ്പിൽവേയിലേയ്ക്കുള്ള ലീഡിംഗ് ചാനലിന്റെ ട്രഡ്ജിംഗ് വർക്കുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീയാക്കി ചാനലിന്റെ ആഴം
വർദ്ധിപ്പിക്കുക.
d) തണ്ണീർമുക്കം ബണ്ടിന്റെ തെക്കൻ ഭാഗങ്ങളിലും ട്രഡ്ജിംഗ് നടത്തി ആഴം വർദ്ധിപ്പിക്കുക
e) കുട്ടനാട്ടിലേയ്ക്ക് ഒഴുകിയെത്തുന്ന നാല് നദികളിൽ ഏറ്റവും വലിയ നദിയായ പമ്പാ നദിയിലും (കല്ലാർ ഭാഗത്ത് ) അച്ചൻകോവിലാറ്റിലും (പുന്നമേട്ടിലും കോട്ടവാസലിലും) നിർമ്മിക്കുവാൻ പദ്ധതിയിട്ട മൂന്ന് ഡാമുകളുടേയും നിർമ്മാണം എത്രയും പെട്ടെന്ന് തുടങ്ങുക.
f) പമ്പാ നദിയിൽ നിലവിലുള്ള ഡാമുകളായ പമ്പാ ഡാമിന്റേയും കക്കി ഡാമിന്റേയും ജലസംഭരണികളിൽ ട്രഡ്ജിംഗ് നടത്തി ആഴം വർദ്ധിപ്പിക്കുക.
g) നാല് നദികളുടേയും ഉത്ഭവസ്ഥാനം മുതൽ കുട്ടനാടൻ പ്രദേശങ്ങളിൽ ലയിക്കുന്നതുവരെയുള്ള ഭാഗങ്ങളിൽ രൂപപ്പെട്ടിട്ടുള്ള തടസ്സങ്ങൾ നീക്കം ചെയ്ത് സ്വാഭാവിക നീരൊഴുക്ക് പുനസ്ഥാപിക്കുക.
h) അച്ചൻകോവിലാറിലെ അധികജലം കായംകുളം കായലിലേയ്ക്ക് വഴിതിരിച്ചു വിടാനുള്ള പദ്ധതികൾ നടപ്പിലാക്കുക.
i) ശാസ്ത്രീയമായ പഠനങ്ങൾ നടത്തിയതിന് ശേഷം , കുട്ടനാട്ടിലെ അധിക ജലം കടലിലേയ്ക്ക് തള്ളിവിടുവാനുള്ള High Power Pumping സ്റ്റേഷനുകൾ തോട്ടപ്പളളിയിലും തണ്ണീർമുക്കത്തും സ്ഥാപിക്കുക. (നെതർലാന്റ് മോഡൽ)

അധിക ഡാമുകളുടെ നിർമ്മാണത്തോടെ, അനാവശ്യമായി കടലിലേയ്ക്ക് ഒഴുക്കിക്കളയേണ്ടിവരുന്ന അധിക ജലത്തെ സംഭരിച്ച്, വൈദ്യുതോത്പാദനത്തിന് ശേഷം, മിച്ചം വരുന്ന ജലത്തെ വേനൽക്കാലത്ത് കുട്ടനാട്ടിലേയ്ക്ക് എത്തിച്ചാൽ കുട്ടനാട്ടിലെ വരൾച്ചയ്ക്ക് പരിഹാരവുമാകും.

Water, water everywhere and not a drop to drink… എന്നുള്ള സാമുവൽ ടെയ്ലർ കൊളെറിഡ്ജിന്റെ കവിതയിലെ ഏറെ പ്രസിദ്ധമായ വരികൾ, കുട്ടനാട്ടുകാരെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതാനുഭവത്തിന്റെ നേർക്കാഴ്ച തന്നെയാണ്. നാലുപാടും വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാടൻ ജനത നേരിടുന്ന തരത്തിലുള്ള അതി തീവ്ര കുടിവെള്ളക്ഷാമം, ഭൂമിയിൽ മറ്റേതെങ്കിലും സമാന ഭൂപ്രദേശത്ത് ഉണ്ടാകുവാനുള്ള സാധ്യത വിരളമാണെന്ന് തോന്നുന്നു.

മേൽ സൂചിപ്പിച്ച പത്ത് പ്രതിസന്ധികളിൽ ഏറെ ചർച്ച ചെയ്യപ്പെടേണ്ട പ്രതിസന്ധി തന്നെയാണ് കുട്ടനാട്ടിലെ നീറുന്ന ശുദ്ധജലക്ഷാമം. 1969 ൽ തുടങ്ങിയ കുട്ടനാട് കുടിവെള്ള പദ്ധതി അര നൂറ്റാണ്ടിനു ശേഷവും പൂർണ്ണമാകാതെ തുടരുന്നു. പ്രതിദിനം ആവശ്യമായ ഏകദേശം 30 ദശലക്ഷം ലിറ്റർ കുടിവെള്ളത്തിന്റെ പകുതി പോലും കുട്ടനാട്ടുകാർക്ക് ലഭിക്കുന്നില്ലെന്നാണ് പരാതി.

പൈപ്പിംഗ് ജോലികൾ പൂർത്തിയാകാത്തതിനാൽ 2013 ൽ നീരേറ്റുപുറത്ത് സ്ഥാപിച്ച 14 ദശലക്ഷം ലിറ്റർ ശേഷിയുള്ള ജലശുദ്ധീകരണ പ്ലാന്റിന്റെ പ്രയോജനവും പൂർണ്ണമായും ലഭിക്കുന്നില്ല. ചില വകുപ്പുകൾ തമ്മിലുള്ള തർക്കങ്ങളും ഏകോപനമില്ലായ്മയുമാണ് പൈപ്പുകൾ ഇടുന്നതിലുണ്ടാകുന്ന കാലതാമസത്തിനുള്ള പ്രധാന കാരണങ്ങളായി മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

കുട്ടനാടൻ കുടിവെള്ള പ്രതിസന്ധി ശാശ്വതമായി പരിഹരിക്കുന്നതിന്റെ ഭാഗമായി, കുട്ടനാട് കുടിവെള്ള പദ്ധതി അതിവേഗം പൂർത്തികരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കഴിഞ്ഞ ജൂൺ മാസം ഉറപ്പു നല്കിയിട്ടുണ്ടെന്ന് കുട്ടനാട് എം.എൽ.എ തോമസ് കെ തോമസ് പ്രസ്താവിച്ചിട്ടുണ്ട്. മുൻമന്ത്രിയും സ്ഥലം എം.എൽ.എ യും സൗജന്യമായി നൽകിയ സ്ഥലത്ത് പുതിയ ജലശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുമെന്ന മന്ത്രിയുടെ പ്രസ്താവനയെ ഏറെ സന്തോഷത്തോടെയും അതിലേറെ പ്രതീക്ഷയോടെയുമാണ് കുട്ടനാട്ടുകാർ കാണുന്നത്. ഇത്തരം നീക്കങ്ങളിലൂടെ നീറുന്ന കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്ന് പ്രത്യാശിക്കാം. കുട്ടനാട്ടിലെ പ്രതിസന്ധികളെല്ലാം അടിയന്തിരമായി പരിഹരിക്കുവാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് മന്ത്രി സജി ചെറിയാനും കഴിഞ്ഞ ജൂൺ മാസം പ്രസ്താവിച്ചിട്ടുണ്ട്. ഇതും കുട്ടനാട്ടുകാർക്ക് ഏറെ പ്രതീക്ഷ നല്കുന്നു.

സമൂഹ മാധ്യമത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തി ” സേവ് കുട്ടനാട് ” എന്ന ഹാഷ് ടാഗിലൂടെ കുട്ടനാട്ടിലെ പ്രതിസന്ധികൾ പൊതുസമൂഹ ദൃഷ്ടിയിലെത്തിക്കുവാൻ ആയിരക്കണക്കിന് യുവാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. ശക്തിയാർജ്ജിച്ചുവരുന്ന സംഘടിത ജനകീയ ആവശ്യങ്ങളോട് , ഭരണകൂട വ്യവസ്ഥകൾ അനുകൂലമായി പ്രതികരിക്കുമെന്നും കുട്ടനാട്ടിലെ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം ഉടനെ ഉണ്ടാകുമെന്നും പ്രതീക്ഷിച്ചു കൊണ്ട് ഏറെ നീണ്ടു പോയ ഈ കുറിപ്പ് ഇവിടെ അവസാനിപ്പിക്കുന്നു.

നന്ദി; നമസ്ക്കാരം


Leave a Reply

Your email address will not be published. Required fields are marked *