യുക്തിക്കും ആധുനികയ്ക്കും നിരക്കുന്ന എന്തുണ്ട് ഗീതയില്‍; ഹരിദാസന്‍ പി. ബി. എഴുതുന്നു


‘സംസ്‌കൃതം അറിയാത്തവര്‍ ഭഗവത് ഗീത വിമര്‍ശിക്കരുത് എന്ന് പറഞ്ഞാല്‍, അതിനര്‍ത്ഥം നിങ്ങള്‍ കേട്ടാല്‍ മാത്രം മതി അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കരുത് എന്നും കൂടി അര്‍ത്ഥം വരും. ഞങ്ങള്‍ സംസ്‌കൃതം അറിയുന്നവര്‍ പറയാം. നിങ്ങള്‍ അത് കേട്ട് ആരാധനയോടെ ഇരുന്നോളൂ എന്നതുകൂടി അര്‍ത്ഥം . ഇതു പഴയ ബ്രാഹ്‌മണിക്കല്‍ വാദം തന്നെയല്ലേ. ഞങ്ങള്‍ ബ്രാഹ്‌മണര്‍ പഠിച്ചവര്‍ ആണ്, ഞങ്ങള്‍ക്ക് മാത്രമേ കാര്യങ്ങള്‍ അറിയൂ എന്ന് തുടങ്ങി, അവസാനം ഇത് ഞങ്ങള്‍ക്ക് മാത്രമേ പഠിക്കാന്‍ അവകാശമുള്ളൂ എന്നതിലേക്ക് ഇനിയെത്ര ദൂരം ഉണ്ട്?!’- ഹരിദാസന്‍ പി. ബി. എഴുതുന്നു
ഭഗവത്ഗീത വിമര്‍ശനവും സംസ്‌കൃത പരിജ്ഞാനവും

ഈ ലേഖനം ഭഗവത് ഗീതയെ കുറിച്ചുള്ളതല്ല. സംസ്‌കൃതം അറിയാതെ അതും ക്ലാസിക്കല്‍ സംസ്‌കൃതം അറിയാത്തവര്‍ ഭഗവത്ഗീത വിമര്‍ശിക്കരുത് എന്ന വാദത്തെ കുറിച്ച് മാത്രമാണ്. ക്ലബ്ഹൗസിലെ ചര്‍ച്ചയില്‍ കൈ ഉയര്‍ത്തി ഇടപെടാന്‍ ചില വ്യക്തിപരമായ കാരണങ്ങളാല്‍ എനിക്ക് കഴിഞ്ഞില്ല. അതുകൊണ്ട് ഒരു ചെറുകുറിപ്പ് ആക്കി ഇവിടെ കുറിക്കുന്നു.

സംസ്‌കൃതം അറിയാത്തവര്‍ ഭഗവത് ഗീത വിമര്‍ശിക്കരുത് എന്ന് പറഞ്ഞാല്‍, അതിനര്‍ത്ഥം നിങ്ങള്‍ കേട്ടാല്‍ മാത്രം മതി അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കരുത് എന്നും കൂടി അര്‍ത്ഥം വരും. ഞങ്ങള്‍ സംസ്‌കൃതം അറിയുന്നവര്‍ പറയാം. നിങ്ങള്‍ അത് കേട്ട് ആരാധനയോടെ ഇരുന്നോളൂ എന്നതുകൂടി അര്‍ത്ഥം. ഇതു പഴയ ബ്രാഹ്‌മണിക്കല്‍ വാദം തന്നെയല്ലേ? ഞങ്ങള്‍ ബ്രാഹ്‌മണര്‍ പഠിച്ചവര്‍ ആണ്, ഞങ്ങള്‍ക്ക് മാത്രമേ കാര്യങ്ങള്‍ അറിയൂ എന്ന് തുടങ്ങി, അവസാനം ഇത് ഞങ്ങള്‍ക്ക് മാത്രമേ പഠിക്കാന്‍ അവകാശമുള്ളൂ എന്നതിലേക്ക് ഇനിയെത്ര ദൂരം ഉണ്ട്. കേള്‍ക്കുക ആസ്വദിക്കുക ഞങ്ങള്‍ പറയുന്നത് വിശ്വസിക്കുക അടുത്തപടി അനുസരിക്കുക എന്നതായിരിക്കും. കാലങ്ങള്‍ വളരെ മാറിയിരിക്കുന്നു. നടക്കില്ല.

വേണ്ടത് യുക്തിക്ക് നിരക്കുന്ന വാദങ്ങള്‍

ഇന്നലെ കേട്ട വേറൊരു അവകാശവാദമാണ് ഉപനിഷത്തുക്കളെ ഉദ്ധരിച്ചുകൊണ്ട് പ്രമാണങ്ങള്‍ തരാം. മഹാനുഭാവ, വേദങ്ങളെയോ ഉപനിഷത്തുകളെയോ ഉദ്ധരിച്ചുകൊണ്ടുള്ള പ്രമാണങ്ങളല്ല ഞങ്ങള്‍ക്ക് വേണ്ടത്. ആധുനിക വിദ്യാഭ്യാസം ലഭിച്ച ഞങ്ങള്‍ക്ക് വേണ്ടത്, യുക്തിക്ക് നിരക്കുന്ന സമര്‍ത്ഥനങ്ങളാണ്. ഞങ്ങള്‍ ഈ ഗ്രന്ഥങ്ങളെയൊക്കെ സമീപിക്കുന്നത് അവയില്‍ ഏതൊക്കെയാണ്, അതില്‍ എന്തൊക്കെയാണ് ആധുനിക മൂല്യങ്ങള്‍ക്ക് നിരക്കുന്നത് എന്ന് തട്ടിച്ചുനോക്കാനും, വിലയിരുത്താനുമാണ്. അവയെ ആരാധനയോടെ കൊണ്ടുനടക്കാനല്ല. വേദങ്ങളില്‍ അല്ലെങ്കില്‍ ഉപനിഷത്തുകളില്‍ പറഞ്ഞിരിക്കുന്നു എന്നത് ഒരു സാധൂകരണമല്ല.

ഞങ്ങളുടെ പ്രധാന ആരോപണം തന്നെ പ്രതിലോമകരമായ ആശയങ്ങള്‍ ഗീതയിലും വേദങ്ങളിലും ഉപനിഷത്തുകളിലും ഉണ്ട് എന്നതാണ്. ഹിംസാല്‍മകമായ, മനുഷ്യനെയും മനുഷ്യനെയും വേര്‍തിരിച്ചുകാണുന്ന ആശയങ്ങള്‍ ഗീതയില്‍ കാണുന്നു എന്നതാണ് പോയിന്റ് ഓഫ് ആര്‍ഗ്യുമെന്റ്. അവിടെ ഉപനിഷത്തുകളില്‍ നിന്ന് പ്രമാണങ്ങള്‍ തരാം എന്നു പറയുന്നതിന്റെ സാംഗത്യമെന്താണ്? ഹിംസാല്‍മകമായ, മനുഷ്യനെയും മനുഷ്യനെയും വേര്‍തിരിച്ചുകാണുന്ന ആശയങ്ങള്‍ വിമര്‍ശിക്കാന്‍ ക്ളാസ്സിക് സംസ്‌കൃതം, പാണിനിയുടെ കാലത്തെ സംസ്‌കൃതം അറിഞ്ഞിരിക്കണം എന്നു പറയുന്നത് എന്ത് കഷ്ടമാണ്.

ഗീത പ്രഭാഷിക്കുന്നവരുടെ പൊതുവെ ഗീതാരാധകരുടെ എല്ലാവരുടെയും പ്രധാന അവകാശവാദങ്ങളിലൊന്ന്, ഗീത ജീവിതത്തിലെ എല്ലാ സന്ദിഗ്ധ അവസ്ഥകളിലും അത് നമുക്ക് വഴിക്കാട്ടിയാകുന്നു എന്നതാണ്. ഗീതായാപാരായണം ജീവിതത്തിലെ സംഘർഷങ്ങളെ അഭിമുഖീകരിക്കാന്‍ നമ്മെ സഹായിക്കുന്നു എന്നതാണ് അവകാശവാദം. എന്ന് വെച്ചാല്‍ സംസ്‌കൃതം അറിയുന്നവരുടെ ജീവിത സന്ദിഗ്ധതകളില്‍ ഗീത വഴികാട്ടിയാകുന്നു എന്നാണോ അര്‍ത്ഥം? യോഗ ശാസ്ത്രമാകട്ടെ, ജ്ഞാനമാകട്ടെ കര്‍മ്മ വിശദീകരണമാകട്ടെ, ഒരു സാധാരണക്കാരന്‍ എന്ന നിലക്ക് ഞങ്ങള്‍ക്ക് അറിയേണ്ടത്, അത് ജീവിതത്തിലെ, ലോകത്തിലെ അവസ്ഥകളെ യഥാവിധി വിലയിരുത്തുന്നുണ്ടോ എന്നതാണ്. അങ്ങനെയാണ് ഗീതയുടെ അവകാശവാദം.

ഗീതയെ സമീപിക്കുമ്പോള്‍ ഞങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്ക് മോക്ഷത്തിന് വഴിയന്വേഷിച്ചു വരുന്നതല്ല. ഈ കാര്യങ്ങള്‍ക്ക് ഗീത എന്തുപറയുന്നു എന്ന് കാണാന്‍ വരുന്നതാണ്. കഴിഞ്ഞ മുവായിരം വര്‍ഷമായി വലിയൊരു വിഭാഗം ജനതതിയെ ബ്രഹ്‌മാവിന്റെ പാദങ്ങളില്‍ നിന്ന് വന്നവനായി സേവിക്കാന്‍ മാത്രമായി ഉള്ളവരാണെന്ന് വകതിരിച്ചു മാറ്റിനിര്‍ത്തിയിരിക്കുന്നത് ഭഗവല്‍ വചനങ്ങളല്ലേ, ‘കൃഷ്ണ’ വചനങ്ങള്‍? എന്തേ മനുഷ്യനും മനുഷ്യനും തമ്മിലുള്ള വേര്‍തിരിവിനെ സാധൂകരിക്കുന്നു.

കുലനാശകമായ വര്‍ണ്ണസങ്കരം

”സങ്കരോ നരകായൈവ
കുലഘ്‌നാനാം കുലസ്യ ച”
(വര്‍ണ്ണ സങ്കരം കുലത്തിനും കുലനാശകരുടെയും …… നരകകാരണമായിത്തീരുന്നു)
ഇതിലെ ‘വര്‍ണ്ണ സങ്കരം’ എന്ന പ്രയോഗം മാത്രം വായിച്ചാല്‍ മതി സര്‍. ആ വാക്കിന്റെ അര്‍ത്ഥം മാത്രം അറിഞ്ഞാല്‍ മതി. സംസ്‌കൃതം മുഴുവന്‍ പഠിക്കേണ്ട കാര്യമില്ല. ആ വാക്കു തന്നെ pregnant with implications. ഇത് മാത്രം വായിച്ചു വളരെയേറെ വിമര്‍ശിക്കാനുള്ളത് അതിലുണ്ട്. ‘നരകകാരണം ആയിത്തീരുന്നു എന്ന് പറഞ്ഞുകഴിയുമ്പോള്‍ നിറഞ്ഞു നില്‍ക്കുന്ന സവര്‍ണ ബോധം ഞങ്ങള്‍ക്ക് വിമര്‍ശിക്കണം. അത് സംസ്‌കൃത ഭാഷയോടുള്ള, കഴിഞ്ഞ കാലത്തോടുള്ള ആരാധനകൊണ്ടുമാത്രം മൂടിവെക്കാന്‍ പറ്റുന്നതല്ല. ഉറക്കെ ഉറക്കെ പറഞ്ഞേ പറ്റൂ. സംസ്‌കൃതം പഠിച്ചിട്ടുവന്നിട്ടു പറയൂ എന്ന് പറയുന്നതില്‍ ഒരു തടസ്സവാദം ഉണ്ട് സര്‍.

ഒരു അച്ഛന്റെ നാലുമക്കളും ഒരേ ‘ഗുണ വിഭാഗശഃ’ യില്‍ പെട്ടവരായിരിക്കുമോ. ഒരച്ഛന്റെ നാലുമക്കള്‍ നാലുസ്വഭാവക്കാരായിരിക്കും. ഒരു ബ്രാഹ്‌മണന്റെ നാലുമക്കളും ഒരേ ‘ഗുണകര്‍മ്മ വിഭാഗശഃ’ യില്‍ പെട്ടവരായിരിക്കില്ല എന്ന് വിമര്‍ശിക്കാന്‍ സംസ്‌കൃതം പഠിച്ചാലേ പറ്റൂ എന്നുണ്ടോ. അതിന് ആധുനിക വിദ്യാഭ്യാസം മതി. ബയാസുകള്‍ ഇല്ലാത്ത കാഴ്ചപാടുകള്‍ മതി. എന്റെ അയല്‍വാസി മുത്തശ്ശി നടക്കുമ്പോഴും കിടക്കുമ്പോഴും ‘കൃഷ്ണ, ഗുരുവായൂരപ്പ, ഭഗവതി’ എന്ന് പറഞ്ഞു കൊണ്ടുനടക്കുന്നവരാണ്. അതുകൊണ്ടു കാര്യമില്ല, പാടത്തെ നെല്ല് കൊയ്ത് നമ്പൂതിരിയുടെ വീട്ടില്‍ കൊണ്ടിടലാണ് അവരുടെ ‘കര്‍മ്മം’ എന്നാണ് ചാതുര്‍വര്‍ണ്യം പറയുന്നത്. അവര്‍ക്ക് എന്നാലേ മോക്ഷം കിട്ടുകയുള്ളു എന്ന് പറയുന്നതില്‍ ഒരു നൈതികത ഇല്ലായ്മ ഉണ്ട്.

അതില്‍ കുശാഗ്രബുദ്ധിയാണ് ഉള്ളത്. ഇതു പറയാന്‍ സംസ്‌കൃതം പാണിനി പറഞ്ഞത് പ്രകാരം പഠിക്കേണ്ടതില്ല സര്‍. ചാതുര്‍വര്‍ണ്യം ദൈവസൃഷ്ടി, ദൈവഹിതം ആണെന്നു പറയുമ്പോള്‍, അത് അലംഘനീയം sacrosanct, ആണെന്ന് പറയുമ്പോള്‍ അത് തെറ്റാണെന്ന് പറയാന്‍ ഒരു ജ്ഞാനദൃഷ്ടിയുടെ ആവശ്യവും ഇല്ല. ഒരു ഗുരുവിന്റെ കാല്‍കീഴിലിരുന്നും ഇതൊന്നും മനനം ചെയ്യേണ്ട കാര്യവുമില്ല. മാനവികതയില്ലെങ്കില്‍ അത്തരം ഗുരുവിന്റെ കാല്‍ക്കീഴില്‍ ഇരുന്ന് മനനം ചെയ്തിട്ട് കാര്യവുമില്ല. ഇത് അനീതിയാണ് എന്ന് മുവായിരം വർഷമായി ഒരു ഗുരുവര്യനും കാണാത്തതെന്തേ?!

ഗീത ഒരു മതപുസ്തകമല്ലെന്ന് അംബേദ്ക്കര്‍

ഇവിടെ അംബേദ്കര്‍ ഗീതയെ കുറിച്ച് പറഞ്ഞത് പ്രസക്തമാണ്. ‘The soul of Bhagawat Gita seems to be the defense of Chaturvarnyam and securing its observance in practice.’ ഫിലോസഫിയെ കൂട്ടുപിടിച്ചുകൊണ്ട് വേദങ്ങളുടെ അപ്രമാദിത്തങ്ങളില്‍ ചാരിനിന്നുകൊണ്ട് ചാതുര്‍വര്‍ണ്ണത്തെ ഉറപ്പിക്കുക. അതാണ് ഭഗവത്ഗീത ചെയ്യുന്നത് എന്നാണ് അംബേദ്കര്‍ പറയുന്നത്. ഗുരുക്കന്മാരുടെയും ഭാഷയുടെയും കവിതയുടെ മനോഹാരിതയുടെയും മറുപുറത്തുനിന്ന് വസ്തുതകളെ കാണേണ്ടതുണ്ട്. അംബേദ്കര്‍ ഗീതയെ കുറിച്ച് പറഞ്ഞ വേറൊരു പ്രധാന ആശയം, ‘ഗീത ഒരു മതപുസ്തകമല്ല’ എന്നതാണ് . അത് ബൈബിള്‍ പോലെ അല്ലെങ്കില്‍ ഖുറാന്‍ പോലെ എന്നും പാരായണം ചെയ്യേണ്ട പുസ്തകമൊന്നുമല്ല. ഗീത ഒരു സുവിശേഷ പുസ്തകം, അല്ലെങ്കില്‍ ഗോസ്‌പെല്‍ അല്ല .’What the Bhagavat Gita does is to defend certain dogmas of religion on Philosophical grounds’. ചില മത കാര്യങ്ങളെ തത്ത്വശാസ്ത്രം വെച്ച് ന്യായീകരിക്കലാണ് ഗീത ചെയ്യുന്നത്. എല്ലായ്പോഴും അഭിമാനത്തോടും ആരാധനയോടും മാത്രം പഴമയെ വിലയിരുത്തേണ്ടതില്ല.

അംബേദ്കര്‍: ‘Buddha preached Non-voilence. He not only preached it but the people at large – except the Brahmins – had accepted it as the way of l-i-fe.’ …. … Buddha had condemned the Karma and the Yajnas on the ground of Himsa. ബുദ്ധന്‍ അന്ന് ഹിംസയെ, ചതുര്‍വര്‍ണ്യത്തെ നിശിതമായി വിമര്‍ശിച്ചു. എന്താണ് അതിന് ബ്രാഹ്‌മണര്‍ക്ക് ഉണ്ടായിരുന്ന ഉത്തരം? അത് വേദപ്രോക്തം ആണെന്നത് മാത്രം. സംസ്‌കൃതം അറിഞ്ഞാലേ വിമര്‍ശിക്കാന്‍ അര്‍ഹതയുള്ളൂ എന്ന് പറയുമ്പോഴും ഇതേ ഡിഫെന്‍സ് തന്നെയാണ് പറയുന്നത്. ആധുനിക മൂല്യങ്ങള്‍ക്ക് നിരക്കുന്നതാണോ ഈ ഗ്രന്ഥങ്ങള്‍ എന്ന് വിലയിരുത്താന്‍ വേദങ്ങളോ ഉപനിഷത്തുകളോ അറിഞ്ഞിരിക്കേണ്ട കാര്യമില്ല.

ഇനിയൊന്ന് ഭഗവത്ഗീത പ്രഭാഷകര്‍ ആഘോഷിക്കുന്ന നിര്‍വാണം എന്ന ശബ്ദമാണ്. ഈ ശബ്ദം ഒരു ഉപനിഷത്തില്‍ നിന്നും പ്രമാണങ്ങള്‍ കൊണ്ടുവരാന്‍ പറ്റാത്തതാകുന്നു. അംബേദ്കര്‍ പറയുന്നത് നിര്‍വാണം എന്ന സങ്കല്പം തന്നെ ബുദ്ധിസത്തിന്റെതാണെന്നാണ്. നിര്‍വാണം ശബ്ദം ബുദ്ധിസത്തിലാണ് ആദ്യമായി ഉപയോഗിക്കപ്പെടുന്നത്. പ്രീ-ബുദ്ധിസം ഉപനിഷത്തുകളില്‍ ഈ ശബ്ദം ഉപയോഗിച്ചിട്ടില്ല. നിര്‍വ്വാണ ശബ്ദത്തിന് ഗീതയിലെ ഉദാഹരണം, ഗീത 2/72 ‘ബ്രഹ്‌മ നിര്‍വാണം ഋഛതി”, (ബ്രഹ്‌മ നിര്‍വാണം പ്രാപിക്കുന്നു). അംബേദ്കറുടെതന്നെ വാക്കുകള്‍ ഉപയോഗിക്കുന്നതാവും കൂടുതല്‍ ശരി: ‘From where has the Gita borrowed this Nirvana Theory ? Surely it is not borrowed from Upanishads. For no Upanishad even mentions the word Nirvana. The whole idea is peculiarly Bhuddhist and is borrowed from Bhuddhism.’ എന്നുവെച്ചാല്‍ ഇക്കാര്യത്തില്‍ ഉപനിഷത്തുകളില്‍ നിന്നും പ്രമാണങ്ങള്‍ കൊണ്ടുവരാന്‍ പറ്റില്ല എന്നുകൂടി അര്‍ത്ഥം.

സംസ്‌കൃതത്തിന്റെ മൂല രൂപം അറിഞ്ഞിട്ടും കാര്യമില്ല. ഇക്കാര്യത്തില്‍ അംബേദ്കറെ സാധൂകരിക്കുന്ന വേറൊരു പുസ്തകം കൂടി കാണാന്‍ ഇടയായി. കാശിനാഥ് ഉപാദ്ധ്യായ എഴുതിയ 1971 ല്‍ പ്രസിദ്ധീകരിച്ച ‘Early Buddhism and The Bhagawad-g-ita’. അംബേദ്കര്‍ പറഞ്ഞ ആശയവുമായി concur ചെയ്യുന്ന വേറൊരു പണ്ഡിതന്‍ പറഞ്ഞിരിക്കുന്നു എന്ന നിലക്കാണ് അദ്ദേഹത്തെ ഇവിടെ ഉദ്ധരിക്കുന്നത്. ഭഗവത്ഗീതയില്‍ അഞ്ചു ശ്ലോകങ്ങളില്‍ നിര്‍വാണ ശബ്ദം കാണുന്നു. മേല്‍പ്പറഞ്ഞ 2/72 , 5/24 ല്‍ ബ്രഹ്‌മ നിര്‍വാണം അധിഗച്ഛതി (ബ്രഹ്‌മ നിര്‍വാണം പ്രാപിക്കുന്നു ) ; 5/25 ലഭന്തേ ബ്രഹ്‌മ നിര്‍വാണം, (ബ്രഹ്‌മ നിര്‍വാണം ലഭിക്കുന്നു ) ; 5/26 അഭിതോ ബ്രഹ്‌മ നിര്‍വാണം (ബ്രഹ്‌മാനന്ദം എങ്ങും നിറഞ്ഞിരിക്കുന്നു ); 6/15 ശാന്തി നിര്‍വാണം പരമാം (മോക്ഷപരമായ ശാന്തിയെ പ്രാപിക്കുന്നു ) എന്നിങ്ങനെ. മാത്രമല്ല ഉപാദ്ധ്യായ പറയുന്നത് ശ്രദ്ധ, പ്രജ്ഞ , നിര്‍മമ (2/71 ) അനികേത (12 /19 ), നൈഷ്‌കര്‍മ്യ 3/4, എന്നീ വാക്കുകള്‍ ബുദ്ധിസത്തിലെ നിക്കായ യില്‍ കാണുന്ന അതേ ശബ്ദങ്ങളാണെന്നാണ്. Quote : ‘…..are exactly the same as their corresponding words of the Nikayas. None of these words is traceable in the pre-Buddhistic Upanishads.’ (ഉപാദ്ധ്യായ വേറെയും ധാരാളം ഉദാഹരങ്ങളും ആശയങ്ങളും പറഞ്ഞിരിക്കുന്നു, വിസ്താരഭയത്താല്‍ എല്ലാം ഇവിടെ വിവരിക്കുന്നില്ല).

ആയിങ്ങള്‍ കൊല്ലപ്പെടുമ്പോള്‍, കൃഷ്ണാ നീ എവിടെ?

ഇനി ഈ ലേഖനത്തിലെ ആശയത്തിലേക്ക് വന്നാല്‍, സംസ്‌കൃതം അറിയുന്നവര്‍ക്ക് മാത്രമല്ല സര്‍ അതിനെ വിമര്‍ശിക്കാന്‍ അവകാശം. ആധുനിക മാനവ മൂല്യങ്ങളും സന്ദിഗ്ധതകളും ഗീതയില്‍ പോയി തട്ടിച്ചുനോക്കേണ്ടതുണ്ട് സര്‍. അതിന് സംസ്‌കൃതം പഠിച്ചവര്‍ക്ക് മാത്രമേ അവകാശമുള്ളൂ എന്നത് കഷ്ടമാണ്. മാനവ ചരിത്രത്തില്‍ നടക്കുന്ന വംശഹത്യകളും കൊലപാതകങ്ങളും ചൂഷണങ്ങളും ‘സംഭവാമി’, സ്വയം സംഭവിച്ചുകൊണ്ട്, ഭഗവാന്‍ പരിഹരിക്കുന്നുണ്ടോ. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ ഒരു നൂറ്റാണ്ടില്‍ പോലും കൃഷണന്‍ അതിനു മിനക്കെട്ടിട്ടില്ല. നൂറ്റാണ്ടുകളോളം അടിമ സമ്പ്രദായത്തിലൂടെ മനുഷ്യര്‍ ജീവിച്ചപ്പോള്‍, പിരമിഡുകളും റോമും ഇസ്ലാമിക് കാലിഫേറ്റ്കളും അടിമ സമ്പ്രദായത്തിലൂടെ കെട്ടിപ്പടുത്തപ്പോള്‍ ആയിരത്താണ്ടുകള്‍ ഭഗവാന്‍ നോക്കിനിന്നു. ഇവയൊക്കെ മൂര്‍ത്തമായ തെളിവല്ല എന്നതാണ് വാദമെങ്കില്‍ cross Atlantic അടിമ വ്യവസ്ഥിതി തെളിവുകളുടെ കൂമ്പാരം ഉള്ളതാണ്.

ഇരുനൂറ്റിഅന്‍പതോളം വര്‍ഷങ്ങള്‍ ആഫ്രിക്കന്‍ വന്‍കരയിലെ നിസ്സഹായരായ മനുഷ്യരെ സ്ത്രീകളും കുട്ടികളുമടക്കം അവശരെ കാലില്‍ ചങ്ങലക്കിട്ടു മരപൂട്ടിട്ടു മുറുക്കി നൂറു കണക്കിന് കിലോമീറ്ററുകള്‍ നടത്തിച്ചും, ചാപ്പയടിച്ചും സ്രാവുകള്‍ക്ക് എറിഞ്ഞുകൊടുത്തും നിരന്തരം പീഡിപ്പിച്ചും ആണിതറച്ച വീപ്പക്കുറ്റിയില്‍ കിടത്തി ഉരുട്ടിവിട്ടും തൊലിയുരിച്ചും ജീവനോടെ വേട്ടനായ്ക്കള്‍ക്ക് എറിഞ്ഞുകൊടുത്തും തിന്മകള്‍ നടമാടിയപ്പോള്‍, കോടിക്കണക്കിന് നിസ്സഹായരെ നരകയാതനയില്‍ എറിഞ്ഞപ്പോള്‍ എന്തേ കൃഷ്ണ, ധര്‍മ്മത്തിന് തളര്‍ച്ച സംഭവിക്കാത്തത് കൊണ്ടാണോ അധര്‍മ്മം ആവശ്യത്തിന് നടക്കാത്തതുകൊണ്ടാണോ, നീ സംഭവിക്കാതിരുന്നത് അഥവാ ജന്മമെടുക്കാതിരുന്നത്? അതോ അത് ജംബുദീപ നിവാസികളുടെ മാത്രം സ്‌പെഷല്‍ പാക്കേജ് ആയിരുന്നതുകൊണ്ടാണോ നീ സംഭവിക്കാതിരുന്നത്?

അതുപോലെ അറുപത് ലക്ഷം ജൂതന്മാരെ നരക തുല്യമായ ജീവിത വ്യഥകളിലൂടെ നയിച്ച് ഗ്യാസ് ചേംബറിൽ ഇട്ട് പുകച്ചപ്പോഴും കൃഷ്ണന്‍ മാറിനിന്നു. ഇതൊക്കെ പറയാനും ഗീതയിലെ മൂല്യങ്ങളുമായി ഒത്തുനോക്കാനും സംസ്‌കൃതം പഠിക്കാതെ തന്നെ നിരീക്ഷിക്കാവുന്ന കാര്യങ്ങളാണ്. ഇനിയും ഏറെ പറയാം എങ്കിലും ഒരു ചെറുകുറിപ്പ് മാത്രമായി ഇവിടെ നിര്‍ത്തുന്നു.


Leave a Reply

Your email address will not be published. Required fields are marked *