അമേരിക്ക ചെകുത്താനാണ്, ഞങ്ങള്‍ കുഞ്ഞാടും; റഷ്യന്‍ ഇരവാദത്തിന്റെ വസ്തുതയെന്താണ്; സി രവിചന്ദ്രന്‍ എഴുതുന്നു


“ചരിത്രത്തില്‍ റഷ്യന്‍ സാമ്രാജ്യം ചെയ്ത യുദ്ധങ്ങളുടെ പട്ടിക നീണ്ടതാണ്. 1991 ല്‍ സോവിയറ്റ് യൂണിയന്‍ വിഘടിച്ചശേഷം റഷ്യ നടത്തിയ അധിനിവേശങ്ങളും യുദ്ധങ്ങളും ആഭ്യന്തര അടിച്ചമര്‍ത്തലുകളും ചില്ലറയല്ല. എന്നിട്ടും റഷ്യ മാലാഖയായി അഭിനയിക്കുന്നു, ഇരവാദം ഉയര്‍ത്തുന്നു. റഷ്യന്‍വംശീയതയും ഭാഷാവെറിയും മൂപ്പിച്ച് വിട്ട് അയല്‍രാജ്യങ്ങളെ വിരട്ടുന്നു, വിഘടിപ്പിക്കുന്നു.”- സി രവിചന്ദ്രന്‍ എഴുതുന്നു

കരുത്തന്റെ കൊലവിളി

സ്വീഡനും ഫിന്‍ലന്‍ഡും നാറ്റോയില്‍ ചേരരുത് എന്ന് റഷ്യയുടെ പുതിയ തീട്ടൂരം (https://www.foxnews.com/world/russia-finland-sweden-nato). ഇന്നുവരെ ഒരു നാറ്റോ രാജ്യവും റഷ്യയെ ആക്രമിച്ചിട്ടില്ല, തിരിച്ച് റഷ്യയും. ഒരു രാജ്യം നാറ്റോയില്‍ ചേര്‍ന്നാല്‍ റഷ്യയ്ക്ക് കയറി മേയാനാവില്ല. സ്വാഭാവികമായും അത് റഷ്യയ്ക്ക് ഇഷ്ടമല്ല. ചുറ്റുമുള്ള രാജ്യങ്ങള്‍ വിധേയരായി, വംശംവദരരായി നില്‍ക്കണം. കസാക്കിസ്ഥാനെപോലെ എപ്പോള്‍ വേണമെങ്കിലും കയറിയിറങ്ങാന്‍ കഴിയണം. പത്ത് വലിയ രാജ്യങ്ങളുടെ വലുപ്പമുളള ഒരു ഭൂഖണ്ഡമാണ് റഷ്യ. ചെറിയ ജനസംഖ്യ, ശരാശരി എന്നു പറയാവുന്ന സമ്പദ് വ്യവസ്ഥ, ഒരവയവം മാത്രം വല്ലാതെ വളര്‍ന്നിരിക്കുന്നു-സൈനികശേഷി! അതില്‍ തന്നെ ആണവായുധങ്ങളുടെ കാര്യത്തില്‍ മുന്‍തൂക്കം. നെപ്പോളിയന്റെ സാമ്രാജ്യവും ബ്രിട്ടീഷ് സാമ്രാജ്യവും ഓട്ടോമന്‍ സാമ്രാജ്യവും തുടങ്ങി ലോകത്തെ സര്‍വ സാമ്രാജ്യങ്ങളും ഇടിഞ്ഞിറങ്ങിയിട്ടും ഇന്നുംനിലനില്‍ക്കുന്നത് റഷ്യന്‍ സാമ്രാജ്യം മാത്രം! സാമ്രാജ്യമായില്ലെങ്കില്‍ ആകണം-അതാണ് പുടിന്റെ ചിന്ത!

യുദ്ധങ്ങളെല്ലാം നടത്തുന്നത് അമേരിക്ക എന്ന ചെകുത്താനാണ്, തങ്ങള്‍ ആരെയും ആക്രമിക്കാത്ത കുഞ്ഞാടുകളാണ് എന്ന കറുത്ത ഫലിതവും റഷ്യ അവതരിപ്പിക്കാറുണ്ട്. ചരിത്രത്തില്‍ റഷ്യന്‍ സാമ്രാജ്യം ചെയ്ത യുദ്ധങ്ങളുടെ പട്ടിക നീണ്ടതാണ്. 1991 ല്‍ സോവിയറ്റ് യൂണിയന്‍ വിഘടിച്ചശേഷം റഷ്യ നടത്തിയ അധിനിവേശങ്ങളും യുദ്ധങ്ങളും ആഭ്യന്തര അടിച്ചമര്‍ത്തലുകളും ചില്ലറയല്ല (https://military-history.fandom.com/wiki/List_of_wars_involving_Russia). എന്നിട്ടും റഷ്യ മാലാഖയായി അഭിനയിക്കുന്നു, ഇരവാദം ഉയര്‍ത്തുന്നു. റഷ്യന്‍വംശീയതയും ഭാഷാവെറിയും മൂപ്പിച്ച് വിട്ട് അയല്‍രാജ്യങ്ങളെ വിരട്ടുന്നു, വിഘടിപ്പിക്കുന്നു. അവിടെയുള്ള സര്‍ക്കാരുകളെ പാവകളാക്കി മാറ്റുന്നു. ലുക്കോഷെങ്കോ പോലുള്ള കാടന്‍ ഏകാധിപതികളെ പാലൂട്ടി വളര്‍ത്തുന്നു.

പണ്ട് ഉപഗ്രഹ രാജ്യങ്ങളായ ഹംഗറിയിലും ചെക്കോസ്ളോവാക്കിയയിലും കിഴക്കന്‍ ജര്‍മ്മനി മുതല്‍ തെക്ക് കിടക്കുന്ന അഫ്ഗാനിസ്ഥാന്‍ വരെയുള്ള രാജ്യങ്ങളിലും റഷ്യന്‍ ടാങ്കുകള്‍ അനുവാദമില്ലാതെ കടന്നുചെന്നിട്ടുണ്ട്, പ്രാദേശിക ജനതയ മര്യാദ പഠിപ്പിച്ചിട്ടുണ്ട്. ഇന്നും അവരത് ആഗ്രഹിക്കുന്നു. എല്ലാവരും സമാധാനം മാത്രം ആഗ്രഹിക്കുമ്പോള്‍ തങ്ങളുടെ അസഹിഷ്ണുതയും ദുശാഠ്യങ്ങളും വലിയ നേട്ടം കൊണ്ടുവരുമെന്ന് റഷ്യയ്ക്കറിയാം. സമാന സാഹചര്യം 1939 ല്‍ യൂറോപ്പിലുണ്ടായതു മറക്കാറായിട്ടില്ല (https://www.npr.org/2018/01/19/578899804/in-munich-neville-chamberlain-gets-the-best-of-hitler).

റഷ്യ വാഴ്സ പാക്റ്റ് (Warsaw Pact) പിരിച്ചുവിട്ടത് വലിയ ഔദാര്യമായി അവതരിപ്പിക്കപെടാറുണ്ട്. എന്താണ് വസ്തുത?
പിരിച്ചുവിട്ടില്ലെങ്കിലും അത് പിരിഞ്ഞുപോയേനെ. It was too rotten to survive. രക്ഷിക്കാന്‍ കഴിയുമായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വാഴ്സ സഖ്യം പിരിച്ചുവിട്ടിട്ടും നാറ്റോ സംഖ്യം പിരിച്ചുവിടാതിരുന്നതെന്ത് എന്നതാണ് കോട്ടപ്പള്ളി സാഹിത്യത്തിലെ മറ്റൊരു ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യം.

വാഴ്സ പിരിച്ചുവിടുന്നത് വാഴ്സ രാജ്യങ്ങളുടെ ഇഷ്ടം. നാറ്റോ പിരിച്ചുവിടുന്നത് തീരുമാനിക്കാനുള്ള അവകാശം നാറ്റോ രാജ്യങ്ങള്‍ക്ക്. ആയിരത്തില്‍ താഴെ സൈനികര്‍ മാത്രമുള്ള ലക്സംബര്‍ഗും സ്റ്റാന്‍ഡിംഗ് ആര്‍മി ഇല്ലാത്ത ഐസ്‌ലന്‍ഡുമൊക്കെ നാറ്റോയില്‍ നില്‍ക്കുന്നത് നാറ്റോ നല്‍കുന്ന സുരക്ഷാകുട ആഗ്രഹിക്കുന്നതുകൊണ്ടാണ്. ജര്‍മ്മനിയും ഫ്രാന്‍സും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ സാമ്പത്തികമായി മുന്നേറുന്നതും ഈ കവചത്തിന്റെ തണലില്‍ ആണ്. ജപ്പാനും കൊറിയയും ഓസ്ട്രേലിയയും ഇസ്രായേലും അടക്കമുള്ള നാറ്റോയ്ക്ക് പുറത്തുള്ള നിരവധി സഖ്യരാജ്യങ്ങള്‍ക്കും (Major non-NATO ally/MNNA) നേറ്റോ സംഖ്യം ആശ്രയമായി വര്‍ത്തിക്കുന്നു. വാഴ്സ സഖ്യം തകര്‍ന്നു എന്നു കരുതി അവരെന്തിനും നാറ്റോ പിരിച്ചുവിടണം? ഞങ്ങളുടെ സഖ്യം പോയി, അതുകൊണ്ട് നിങ്ങള്‍ക്കും വേണ്ട എന്ന ശാഠ്യം ഹിംസാത്മകാണ്.

നാറ്റോ തങ്ങള്‍ക്കെതിരെയാണ്,തങ്ങള്‍ക്കെതിരെ മാത്രമാണ് എന്നു വരുത്തിതീര്‍ക്കാന്‍ റഷ്യ കാട്ടികൂട്ടുന്ന കോപ്രായങ്ങള്‍ക്കിടയില്‍ ഒരു ചോദ്യം മറഞ്ഞുപോകരുത്: 1991 ശേഷം എത്ര നാറ്റോ രാജ്യങ്ങള്‍ റഷ്യയെ ആക്രമിച്ചു, ഭീഷണി ഉയര്‍ത്തി? റഷ്യ ദുര്‍ബലമായ സമയത്ത് പാശ്ചാത്യരാജ്യങ്ങള്‍ പിടിമുറുക്കിയെന്നും ഇപ്പോള്‍ ശക്തരായ റഷ്യ തിരിച്ചടിക്കുന്നുവെന്നുമാണ് മറ്റൊരു വാദം. കൃത്യമായും ഇതേ ചരിത്രം തന്നെയാണ് ഒന്നാംലോകയുദ്ധത്തിന് ശേഷം നാസി ജര്‍മ്മനിക്കും പറയാനുള്ളത്. ആദ്യം ദുര്‍ബലം, കുറെക്കാലം ചത്തതുപോലെ കിടക്കുന്നു, എഴുന്നേറ്റ് നില്‍ക്കാനുള്ള ശേഷി വരുമ്പോള്‍ തനിക്കൊണം പത്തി വിടര്‍ത്തി ആടാന്‍ തുടങ്ങുന്നു. ഏകാധിപതികളെയും സ്വേച്ഛാധിപത്യഭരണകൂടങ്ങളെയും വല്ലാതെ ആരാധിക്കുന്ന മനോഭാവം റഷ്യന്‍ ജീനുകളിലുണ്ട്. പീറ്റര്‍ ദ ഗ്രേറ്റും ജോസഫ് സ്റ്റാലിനും പുടിനുമൊക്കെ അവിടെ വീരപുരുഷന്‍മാരാകുന്നത് അങ്ങനെയാണ്.

അയ്യായിരത്തോളംവരുന്ന പലതരം ആണവായുധങ്ങള്‍ മുഴുവന്‍ റഷ്യയ്ക്ക് കൈമാറി അണവായുധ നിരോധന കരാറിലും ഒപ്പ് വെച്ച് 1996 ല്‍ പൂര്‍ണ്ണമായും ആണവവിരുദ്ധമായി മാറിയ രാജ്യമാണ് യുക്രെയിന്‍. അവിടെയാണ് വംശീയവും ഭാഷപരവുമായ കുത്തിതിരിപ്പുകള്‍ ഉണ്ടാക്കി റഷ്യ അധിനിവേശം നടത്തിയിരിക്കുന്നത്. റഷ്യന്‍ സംസാരിക്കുന്നവര്‍ വസിക്കുന്ന രാജ്യങ്ങളെല്ലാം റഷ്യയുടെ സാമാന്തരാജ്യങ്ങളായി കഴിഞ്ഞുകൊള്ളണം എന്ന നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. 20-25% വരെ റഷ്യന്‍ വംശജരുള്ള ബാള്‍ട്ടിക്ക് രാജ്യങ്ങളൊക്കെ ഭീതിയുടെ നിഴലില്‍ വിറങ്ങലിച്ച് നില്‍ക്കുന്നത് അതുകൊണ്ടാണ്. അവര്‍ക്ക് റഷ്യയില്‍ നിന്നും സംരക്ഷണംവേണം, സഹായംവേണം. യുക്രെയിന്റെ ഗതി തങ്ങള്‍ക്ക് വരരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു. നാറ്റോയിലേക്ക് രാജ്യങ്ങള്‍ ചേക്കേറുന്നത് അതുകൊണ്ടാണ്. നാറ്റോ അംഗത്വം ഒരു ഇന്‍ഷ്വറന്‍സ് പോളിസിയാണ്;കുറഞ്ഞപക്ഷം അവരങ്ങനെ ചിന്തിക്കുന്നു. പ്രതിസന്ധി വന്നാല്‍ നാറ്റോ രക്ഷിക്കുമോ എന്നതൊക്കെ അവര്‍ തീരുമാനിക്കട്ടെ. 75 വര്‍ഷത്തെ നൂട്രാലിറ്റിക്ക് ശേഷം സ്വീഡനും ഫിന്‍ലന്‍ഡും വരെ നാറ്റോയില്‍ അഭയം തേടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ റഷ്യ ഉയര്‍ത്തുന്ന ഭീഷണി എന്തെന്ന് ഊഹിക്കാം.

ന്യൂക്ളിയര്‍ ആയുധങ്ങളുടെ കൂമ്പാരവുമായി, ആണവ മിസൈലുകള്‍ അതിര്‍ത്തികളില്‍ കൊണ്ടുവെച്ച് യൂറോപ്യന്‍ രാജ്യങ്ങളെ വിരട്ടി ജീവിക്കാന്‍ റഷ്യയ്ക്ക് അവകാശമുണ്ട്. പോളണ്ടിന്റെ ലിത്വേനിയയുടെയും അതിര്‍ത്തികളില്‍ അവര്‍ ആണവ മിസൈലുകള്‍ സ്ഥാപിച്ചിട്ട് അധികകാലമായില്ല. (https://www.independent.co.uk/news/world/europe/russia-nuclear-missiles-kaliningrad-baltic-sea-poland-lithuania-nato-a8199011.html). റഷ്യയ്ക്ക് മിസൈലുകള്‍ വെക്കാം. പക്ഷെ അയല്‍ രാജ്യങ്ങള്‍ക്ക് അതിനുള്ള അവകാശമില്ല,അവര്‍ക്ക് സുരക്ഷാ തണല്‍ തേടാന്‍ അവകാശമില്ല! അതിര്‍ത്തിയിലെ റഷ്യന്‍ മിസൈലുകളും സൈനിക സാന്നിധ്യവും യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് സുരക്ഷാ ഭീഷണിയല്ലേ? അതും അപ്പുറത്ത് റഷ്യന്‍ സാമ്രാജ്യംപോലൊരു അധിനിവേശ ശക്തി പേശി പെരുപ്പിച്ച് നില്‍ക്കുമ്പോള്‍? Putinism is unmitigated fascism. It should be vaccinated against.

നിഷ്ഠൂരമായ കയ്യൂക്കുമായി റഷ്യ ഉക്രെയിന്‍ ജനതയ്ക്ക് മുകളില്‍ തീ മഴ പെയ്യിക്കുമ്പോള്‍ പരിഷ്‌കൃതലോകം നിസ്സഹായമായി നില്‍ക്കുന്നത് നല്‍കുന്ന അപായസൂചനകള്‍ കനത്തതാണ്. എതിര്‍വശത്ത് അമേരിക്കയുണ്ട് എന്ന ഒരൊറ്റ വിദ്വേഷ മുദ്രാവാക്യം ഉയര്‍ത്തി പുടിന്‍ എന്ന ഏകാധിപതിയെ ന്യായീകരിക്കുന്നവര്‍ തീ കോരിയിടുന്നത് ഉക്രെയിന്‍ ജനതയുടെ മുറിവുകളിലാണ്. Stop the war and save Ukraine should be the default stance for the civilized world. ഏതെങ്കിലും രാജ്യം റഷ്യ എന്ന ആണവ ഭീമനെ പേടിച്ച് നാറ്റോയില്‍ ചേര്‍ന്നാല്‍ അവരെ വെറുതെ വിടില്ലെന്നാണ് റഷ്യ പ്രഖ്യാപിക്കുന്നത്. രാജ്യങ്ങള്‍ റഷ്യയെ പേടിക്കുന്നു, തിരിച്ച് റഷ്യയാകട്ടെ ഭയം അഭിനയിച്ച് ഭീഷണി മുഴക്കുന്നു. നട്ടെല്ല് മരവിപ്പിക്കുന്ന ഇരവാദവും ഊതിപെരുപ്പിച്ച ഭീതിവ്യാപാരവും പക്കമേളമിട്ട് അവരെയെല്ലാം കടന്നാക്രമിക്കുന്നു. റഷ്യയ്ക്ക് അടുത്ത് നിന്ന് ആരും ബീഡി പോലും വലിക്കരുത്. റഷ്യയ്ക്ക് പന്തംകൊളുത്തി റോന്തു ചുറ്റാം. അടിപൊളി. കവിഭാവന അനുസരിച്ച് ഹിറ്റ്ലറിന് തുമ്മി ഒമിക്രോണ്‍ പിടിച്ചിട്ടുണ്ടാവണം.


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *