നിഷിദ്ധസംഗമം (incest) കുറ്റകരമോ?


മാതാപിതാക്കളും കുട്ടികളുമായുള്ള ലൈംഗികബന്ധം, സഹോദരര്‍‍ക്കിടയിലുള്ള ബന്ധം, വിവാഹം, പുനരുത്പാദനം എന്നിവ ആധുനികനാഗരികത പൊതുവെ നിരുത്സാഹപ്പെടുത്തുകയോ കുറ്റകരമായി കാണുകയോ ചെയ്യുന്ന കാര്യങ്ങളാണ്. അതിന് കാരണങ്ങള്‍ പലതുണ്ട്…

നിഷിദ്ധസംഗമം അല്ലെങ്കില്‍ അഗമ്യഗമനം (incest or consanguineous sex) സ്വതന്ത്ര ചിന്തയുടെ ഭാഗമാണോ? മനുഷ്യചിന്തയുടെ പരിധിയില്‍ വരുന്ന എല്ലാ കാര്യങ്ങളും സ്വതന്ത്രചിന്തയുടെ ഭാഗമാണ്. സ്വതന്ത്ര്യബോധത്തോടെ ചിന്തിക്കുന്ന (fantasize) കാര്യങ്ങളെല്ലാം നടപ്പിലാക്കാനാവുമോ(acting on) എന്ന ചോദ്യത്തിന് ഇല്ല എന്നാണ് ഉത്തരം. It is a social No. കുട്ടികളോട് ലൈംഗിക താല്പര്യം ഉള്ള ഒരാള്‍ക്ക്‌ അതിനെ കുറിച്ച് ചിന്തിക്കുന്നതിന് സ്വാതന്ത്ര്യമുണ്ട്.നിയമസംവിധാനത്തിനു അത് തടയാനാവില്ല. പക്ഷെ അത്തരം ചിന്തകള്‍ നടപ്പിലാക്കാന്‍ തുനിഞ്ഞാല്‍ നാഗരികസമൂഹം അതിനെ തടയും-നിയമപരമായിതന്നെ. സഹജമൂല്യബോധവും(innate morality) ആര്‍ജ്ജിത ധാര്‍മ്മികതയും(acquired morality) തമ്മിലുള്ള വ്യത്യാസമാണിവിടെ പ്രസക്തമാകുന്നത്. സഹജ ധാര്‍മ്മിക മൂല്യബോധത്തോടൊപ്പം നാഗരികതയുടെ മുന്നേറ്റത്തിന്റെ ഭാഗമായി മനുഷ്യകുലം പലതരം മൂല്യങ്ങള്‍ ആര്‍ജ്ജിച്ചിട്ടുണ്ട്. സമത്വബോധം, ലിംഗനീതി, അടിമത്തത്തിന് എതിരെയുള്ള നിലപാട്, പരിസരമലിനീകരണത്തിന് എതിരെയുള്ള നിലപാട്, യുദ്ധവിരുദ്ധത etc തുടങ്ങി ആയിരക്കണക്കിന് ആര്‍ജ്ജിത മൂല്യങ്ങളുടെ ബലത്തിലാണ് ആധുനിക മനുഷ്യനാഗരികത കെട്ടിപടുത്തിരിക്കുന്നത്. അത് പരിണാമത്തിനും പരിഷ്‌കരണത്തിനും വിധേയമാണ്.

സെമറ്റിക് മതസാഹിത്യപ്രകാരം മനുഷ്യന്‍ സന്തതിപരമ്പരകള്‍ ഉണ്ടാക്കുന്നത് നിഷിദ്ധസംഗമങ്ങളിലൂടെയാണ്. അതിലും മെച്ചപെട്ട രീതിയില്‍ കഥ ചമയ്ക്കാനുള്ള ഭാവന ഇല്ലാതെ പോയതാവാന്‍ വഴിയില്ല. ബൈബിളിലെ മനുഷ്യോത്പത്തി കഥ എഴുതിയവരും കഥ രചിച്ച കാലവും നിഷിദ്ധബന്ധങ്ങളെ വലിയൊരു പ്രശ്‌നമായി കണ്ടിട്ടുണ്ടാവില്ല. സമാനമായ കഥകള്‍ ബൈബിളില്‍ വേറെയുമുണ്ട്. സ്വപിതാവുമായി ആസൂത്രിതമായി രതിയില്‍ ഏര്‍പ്പെടുന്ന ലോത്തിന്റെ പെണ്‍മക്കളുടെ കഥ ശ്രദ്ധിക്കുക(ഉത്പത്തി 19). ക്ലിയോപാട്ര തന്റെ മൂന്ന് സഹോദരന്‍മാരെ വിവാഹം ചെയ്തിരുന്നുവെന്ന് ചരിത്രം സാക്ഷ്യപെടുത്തുന്നു. അതിലൊരാള്‍ ശൈശവം മുതല്‍ അവര്‍ ലാളിച്ച് വളര്‍ത്തിയ കുട്ടിയാണ്. അവസാന ഭര്‍ത്താവ് മാര്‍ക്ക് ആന്റണി ആയിരുന്നു. ക്ലിയോ പാട്ര ചെയ്തിരുന്ന കാര്യം അന്ന് പലരും ചെയ്തിട്ടുണ്ടാവും എന്ന് തന്നെ ഊഹിക്കാം. ആറു വയസ്സിലെ വിവാഹവും അമ്മായിഅപ്പനും മരുമകനും സ്വന്തം പെണ്‍മക്കളെ അന്യോനം വിവാഹം ചെയ്തുകൊടുക്കുന്ന രീതിയും ഒക്കെ നിലവിലിരുന്ന കാലഘട്ടത്തെ കുറിച്ച് മതസാഹിത്യങ്ങള്‍ സംസാരിക്കുന്നുണ്ട്. പക്ഷെ ഇത്തരം ശീലങ്ങളും രീതികളും മനുഷ്യസമൂഹം ലോകമെമ്പാടും കയ്യൊഴിഞ്ഞു. ഇന്നും അപവാദങ്ങളുണ്ടാവാം. പക്ഷെ അപവാദങ്ങള്‍ (exceptions) നിയമത്തെ സാധൂകരിക്കുന്നു എന്നാണല്ലോ. നാഗരിക മനുഷ്യന്‍ കയ്യൊഴിഞ്ഞിട്ടും നിഷിദ്ധബന്ധങ്ങളെ പിന്തുണച്ചുകൊണ്ട് സങ്കുചിത സാഹിത്യം ചമയ്ക്കുകയാണ് മതംചെയ്തത്. എന്നാല്‍ മതേതരമായി മനുഷ്യന്‍ സാമൂഹികമായും വൈകാരികമായും പരിഷ്‌കരിച്ചപ്പോള്‍ മതസാഹിത്യം രചിച്ച് ചെറുത്തുനിന്നെങ്കിലും ആത്യന്തികമായി ആ പരിഷ്‌കരണം സ്വീകരിക്കാന്‍ മതവും നിര്‍ബന്ധിതമായി.

മാതാപിതാക്കളും കുട്ടികളുമായുള്ള ലൈംഗികബന്ധം, സഹോദരര്‍‍ക്കിടയിലുള്ള ബന്ധം, വിവാഹം, പുനരുത്പാദനം എന്നിവ ആധുനികനാഗരികത പൊതുവെ നിരുത്സാഹപ്പെടുത്തുകയോ കുറ്റകരമായി കാണുകയോ ചെയ്യുന്ന കാര്യങ്ങളാണ്. അതിന് കാരണങ്ങള്‍ പലതുണ്ട്. കുട്ടികളുമായി ബന്ധപെടാന്‍ ശ്രമിക്കുന്ന മാതാപിതാക്കള്‍ കുട്ടിയുടെ വ്യക്തിത്വത്തെ തകര്‍ക്കാനും ലൈംഗിക അടിമയായി കുട്ടിയെ ഉപയോഗിക്കാനുമുള്ള സാധ്യത താരതമ്യേന കൂടുതലാണ്‌. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിലെ അധികാര സമവാക്യങ്ങളില്‍ വലിയ അന്തരമുണ്ട്. There is higher degree of power differential. തിരിച്ചറിവില്ലാത്ത പ്രായത്തില്‍ രക്ഷകര്‍ത്താവിന്റെ ഇംഗിതത്തിന് വഴങ്ങുന്ന കുട്ടി ബന്ധം തുടരുകയും പില്‍ക്കാലത്ത് പൊതുസമൂഹത്തില്‍ അത്തരം ബന്ധങ്ങള്‍ക്ക് ലഭിക്കുന്ന അസ്വീകാര്യത തിരിച്ചറിയുന്നതോടെ വൈകാരികമായി തകര്‍ന്നുപോകാനും സാധ്യതയുണ്ട്.

പ്രായപൂര്‍ത്തിയായ ശേഷം അനുമതി കൊടുക്കാന്‍ അധികാരമുള്ള പ്രായത്തില്‍ (mature enough to give consent) അഗമ്യഗമനം ആകാമോ എന്നു ചോദിച്ചാല്‍ വലിയ തോതില്‍ ദുരുപയോഗത്തിന് സാധ്യതയുള്ള ഏറെയുള്ള ഒരു ബന്ധം നിഷിദ്ധമാക്കുന്നത് തന്നെയാണ് ഉചിതം എന്ന തിരിച്ചറിവിലാണ് ലോകമെമ്പാടും മനുഷ്യസമൂഹം എത്തിചെര്‍ന്നിട്ടുള്ളത്. ബലപ്രയോഗത്തിലൂടെയുളളതും(forced) ഒരാളുടെ താല്പര്യമില്ലായ്മ (one party is unwilling) ഉള്ളപ്പോഴും മാത്രമല്ല നിക്ഷിദ്ധബന്ധങ്ങള്‍ വര്‍ജ്യമാകുന്നതെന്ന് സാരം. എല്ലാത്തരം ബന്ധങ്ങളിലും ലൈംഗികചൂഷണം(sex abuse) ഉണ്ടാകാനുള്ള സാധ്യതയില്ലേ എന്ന ചോദ്യം ഉയരാം. തീര്‍ച്ചയായും സാധ്യതയുണ്ട്. എന്നാല്‍ നിഷിദ്ധബന്ധങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായതിനാല്‍ സാധ്യത താരതമ്യേന കൂടുതലായിരിക്കും. ഇരയ്ക്ക് കുറ്റബോധം(guilt feeling) കാരണം പുറത്ത് പറയാനാവാത്ത അവസ്ഥയുണ്ടാവാം. ഇരുകൂട്ടരും കുറ്റക്കാരാണെന്ന ബോധം ഇരകളെ നിശബ്ദരാക്കിയേക്കാം. രക്തബന്ധുക്കള്‍ക്കിടയിലുള്ള ബന്ധമായതിനാല്‍ വൈകാരികമായ ബ്ലൈക്‌മെയിലിംഗിനുള്ള സാധ്യതയും കൂടുതലാണ്.

പാപ-പുണ്യ സമവാക്യങ്ങള്‍ മൂലമല്ല നിഷിദ്ധബന്ധങ്ങള്‍ മനുഷ്യസമൂഹം ക്രമേണ കയ്യൊഴിഞ്ഞത്. കയ്യൊഴിഞ്ഞത് കൊണ്ട് പാപ-പുണ്യ സമവാക്യങ്ങള്‍ നിര്‍മ്മിക്കപെടുകയായിരുന്നു. അതിന് പരിണാമപരമായ കാരണങ്ങളും ഉണ്ട്. സാമൂഹ്യശീലപരമായും(mimetic) ജനിതകപരവുമായ (genetic) കാരണങ്ങള്‍. കുടുംബം സ്ഥാപിതമായതോടെ വ്യക്തി-സാമൂഹിക ബന്ധങ്ങള്‍ നിര്‍വചിക്കപ്പെട്ടു. ആയത് നിഷിദ്ധബന്ധങ്ങള്‍ക്കുള്ള സാധ്യത ഗണ്യമായി കുറച്ചു, അല്ലെങ്കില്‍ നിരുത്സാഹപെടുത്തി. വാത്സല്യത്തിലും ലാളനയിലും അധിഷ്ഠതമായി തുടങ്ങുന്ന ബന്ധങ്ങള്‍ കാമപൂരണത്തിലേക്ക് തിരിയുന്നത് ഇരുകൂട്ടര്‍ക്കും അസ്വസ്ഥത ഉളവാക്കും. നിഷിദ്ധബന്ധങ്ങള്‍ക്ക് സമൂഹത്തിന്റെ സ്വീകാര്യതയില്ലാത്തതിനാല്‍ അത്തരം ബന്ധങ്ങളില്‍ ഏര്‍പെടുന്നവര്‍ കുറ്റബോധം, വിഷാദം എന്നിവ തുടങ്ങി ആത്മഹത്യാപ്രവണത വരെയുള്ള സ്ഥായിയായ മാനസികപ്രശ്‌നങ്ങള്‍ വരെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. സ്വീകാര്യതയില്ലാത്ത പ്രണയബന്ധങ്ങള്‍പോലും പലര്‍ക്കും കടുത്ത സമ്മര്‍ദ്ദം ജനിപ്പിക്കുമെന്നോര്‍ക്കുക. നിഷിദ്ധബന്ധങ്ങള്‍ക്ക് ഒരു വൈകാരികവശം കൂടിയുണ്ട്. ഉറ്റമിത്രങ്ങളുമായിപോലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ രണ്ട് സാധ്യതകളാണ് അവിടെയുളളത്. ബന്ധം വിജയകരമാണെങ്കില്‍ അടുപ്പം കൂടും. അല്ലെങ്കില്‍ ഉറ്റമിത്രങ്ങളായി അവരെ കാണാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. സ്വന്തം കുടുംബത്തില്‍ ഇതേ അവസ്ഥ ഉണ്ടായാല്‍ സമാനമായ ഫലസാധ്യതയാണുള്ളത്. സ്ഥിരമായ സ്‌നേഹവും സംരക്ഷണവും പ്രസക്തമാകുന്ന കുടുംബ ബന്ധങ്ങളെ അതിസങ്കീര്‍ണ്ണമാക്കാന്‍ നിഷിദ്ധബന്ധങ്ങള്‍ കാരണമായിത്തീരാം.

രക്തബന്ധമുള്ളവര്‍ക്കിടയിലുള്ള(blood relations) ലൈംഗിക താല്പര്യം ജനിതകപരമായി തന്നെ കുറവാണ്. നല്ലൊരു പങ്കിനും ഇത് സംബന്ധിച്ച് ഒരു അറപ്പ് (revulsion) നിലനില്‍ക്കുന്നുണ്ട്. നാഗരികത കൊണ്ടുവരുന്ന സാമൂഹകബോധവും അറിവും ഈ അറപ്പ് വര്‍ദ്ധിപ്പിക്കുന്നു. പാമ്പിനെയും പട്ടിയേയും ഭക്ഷിക്കാത്തവര്‍ക്ക് അവയുടെ മാംസം കാണുമ്പോള്‍ അറപ്പ് തോന്നു. എന്നാല്‍ അറിയാതെ ഭക്ഷിച്ചാല്‍ ശാരീരികമായി പ്രശ്‌നമില്ലതാനും. ഇവിടെ വിവാഹബന്ധത്തിലേക്ക് പോകാതെ ഉഭയസമ്മതത്തോടെയുള്ള (mutual consent) ലൈംഗികബന്ധം മാത്രമായാല്‍ നിഷിദ്ധബന്ധങ്ങള്‍ കുഴപ്പമില്ല എന്നൊരു വാദം കടന്നുവരും; കേവലമായ ലൈംഗികതാല്പര്യങ്ങള്‍ക്കുപരിയായ വൈകാര്യമൂല്യം അത്തരം ബന്ധങ്ങള്‍ക്കുണ്ടെന്നും. നിഷിദ്ധബന്ധങ്ങളും (incest) അതുവഴിയുള്ള പുനരുത്പാദനവും(inbreeding) രണ്ട് വിഷയങ്ങള്‍ തന്നെയാണ്. ഇന്‍ബ്രീഡിംഗ് സാമൂഹികപരമായും വ്യക്തിപരമായും വളരെയേറെ സങ്കീര്‍ണ്ണവും മോശപ്പെട്ട ഫലങ്ങള്‍ ഉളവാക്കുന്നതുമാണ്.

മനുഷ്യന്‍ പൊതുവെ ‘കാഴ്ചജീവി’യായിട്ടാണ് അറിയപ്പെടുന്നത് We are optical animals. അറുപത് ശതമാനത്തിലേറെ ബാഹ്യവിവരങ്ങള്‍ കാഴ്ചയിലൂടെ ശേഖരിക്കുന്ന നമുക്ക് ലൈംഗിക രാസവസ്തുകള്‍(pheromone) പ്രസരിപ്പിച്ച് ലൈംഗിക താലപര്യം വ്യക്തമാക്കുന്ന രീതിയില്ല എന്നാണ് പൊതുവെ കരുതപ്പെടുന്നതെങ്കിലും വിഭിന്ന ജീന്‍ പൂളുകള്‍ ഉള്ളവരുണ്ടാക്കുന്ന ഫെറാമോണുകളോടും മനുഷ്യര്‍ക്ക് കൂടുതല്‍ ലൈംഗിക ആകര്‍ഷണം തോന്നും എന്നുള്ള പഠനങ്ങളുണ്ട് (https://www.sciencedirect.com/science/article/pii/S0301211504004749). രക്തബന്ധുക്കള്‍ക്കിടയിലുള്ള ലൈംഗിക ബന്ധത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ജനിതകവൈകല്യങ്ങളും പാരമ്പര്യരോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത താരതമ്യേന കൂടുതലാണ്. യൂറോപ്യന്‍ രാജകുടുംബങ്ങള്‍ തമ്മിലുള്ള തുടര്‍ച്ചയായുള്ള വിവാഹബന്ധങ്ങള്‍ ഹിമോഫീലിയ പോലുള്ള പാരമ്പര്യ രോഗങ്ങളുടെ തുടര്‍ച്ച ഉറപ്പുവരുത്തി. വേണ്ടത്ര ജീന്‍ കലര്‍പ്പ് ഉണ്ടായിട്ടില്ലഎന്നതായിരുന്നു പ്രശ്‌നം. ബ്രിട്ടണില്‍ വിക്‌ടോറിയ രാജ്ഞിക്ക് ഹീമോഫിലിയ ബി യ്ക്ക് (Hemophilia B) ഹേതുവായ ജനിതക സവിശേഷത ഉണ്ടായിരുന്നു. രക്തബന്ധുക്കള്‍ക്കിടയിലാകുമ്പോള്‍ ജീന്‍പൂള്‍ മിശ്രണത്തിനുള്ള സാധ്യതകള്‍ വീണ്ടും കുറയുകയാണ്. ഹാനികരമായ അലീലുകളുടെ ശേഖരണം (accumulation of deleterious alleles) സംഭവിക്കാനുള്ള സാധ്യത വര്‍ദ്ധിക്കുമെന്നതില്‍ തര്‍ക്കമില്ലല്ലോ.

സ്വവര്‍ഗ്ഗലൈംഗികത മിക്കപ്പോഴും ഒരു മസ്തിഷ്‌ക നിലപാടാണ്. എന്നാല്‍ നിഷിദ്ധബന്ധങ്ങള്‍ ഒരു തെരഞ്ഞെടുപ്പ് (choice) മാത്രമാണ്. സ്വവര്‍ഗ്ഗലൈംഗികത 1500 ഓളം സ്പീഷിസുകളില്‍ കാണാനാവും. എന്നാല്‍ നിഷിദ്ധബന്ധങ്ങള്‍(നാം കാണുന്ന അര്‍ത്ഥത്തില്‍) മൃഗലോകത്തുണ്ടെങ്കിലും സ്വവര്‍ഗ്ഗലൈംഗികത പോലെ വ്യാപകമല്ല. നിഷിദ്ധബന്ധങ്ങള്‍ വളരെ കൃത്യമായി ഒഴിവാക്കുന്ന ജീവികളുണ്ട്. ഉദാഹരണമായി, മതഗ്രന്ഥങ്ങളൊന്നും വായിക്കാത്ത ചിലതരം എലികള്‍(wild mice) അവയുടെ മൂത്രത്തില്‍ അടങ്ങിയിരിക്കുന്ന ഒരു സവിശേഷ പ്രോട്ടീന്‍ മണത്താണ് അടുത്ത ബന്ധുക്കളുമായി ബന്ധപെടുന്നത് ഒഴിവാക്കുന്നത് (https://www.sciencefocus.com/nature/how-do-wild-animals-prevent-inbreeding) പരിണാമചരിത്രം പരിശോധിച്ചാല്‍ സ്വന്തം സ്പീഷിസിനെ തന്നെ ഭക്ഷണമാക്കുന്ന ജീവികള്‍ കുറവാണ്. നരഭോജി ആയാല്‍ മനുഷ്യന് വേണ്ട പോഷകങ്ങളില്‍ നല്ലൊരു പങ്കും ലഭിക്കുമായിരുന്നിട്ടും നരഭോജിത്വം (Cannibalism) നമ്മില്‍ അറപ്പുളവാക്കുന്നതിന്റെ കാരണവും പരിണാമപരമാകാനാണ് സാധ്യത. പ്രകൃതിദത്തമായതെല്ലാം നല്ലതെന്നോ മോശമെന്നോ അല്ല പറഞ്ഞുവരുന്നത്. പല ജീവികളും നിഷിദ്ധബന്ധങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നു എന്നത് ഒരു വസ്തുതയാണ് എന്ന് ചൂണ്ടിക്കാട്ടിയന്ന് മാത്രം;പാപ-പുണ്യ സങ്കല്‍പ്പങ്ങളെ ആധാരമാക്കിയല്ല അത്തരം നിലപാടുകള്‍ രൂപംകൊള്ളുന്നതെന്നും.

അമേരിക്കയിലെ പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പടെ പല സമൂഹങ്ങളും നിഷിദ്ധബന്ധങ്ങള്‍ നിയമപരമായി തന്നെ കുറ്റകരമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നിഷിദ്ധബന്ധം പുറത്തറിയുന്നത് കുറവായാരിക്കും. അമേരിക്കയില്‍ മൊത്തം ഗര്‍ഭഛിദ്രങ്ങളില്‍ ഒരു ശതമാനം മാത്രമാണ് നിഷിദ്ധബന്ധത്തിന്റെ ഫലമായി ഉണ്ടാകുന്നത്. ഇവിടെ ഡേറ്റ കൃത്യത അവകാശപെടാനാവില്ല. റഷ്യ, ജപ്പാന്‍, ഫ്രാന്‍സ് പോലെ പല രാജ്യങ്ങളും (see the incest map*) ഉഭയസമ്മതത്തോടെയുള്ള നിഷിദ്ധബന്ധങ്ങള്‍ കുറ്റകരമായി കാണുന്നില്ല. ചില രാജ്യങ്ങളില്‍ അത് അരുതായ്മയാണ്, പക്ഷെ നിയമപരമായി നിശബ്ദവും. ഇന്റര്‍നെറ്റിലെ പോണ്‍ സൈറ്റുകളില്‍ ഇത്തരം ബന്ധങ്ങള്‍ ചിത്രീകരിക്കുന്ന വീഡിയോകള്‍ക്ക് വലിയ ഡിമാന്‍ഡുണ്ട്. പോണ്‍ മിക്കപ്പോളും ഭാവനാവ്യായാമത്തിനായാണ് പ്രേക്ഷകര്‍ ഉപയോഗിക്കുന്നത് എന്നതിനാല്‍ ഇത്തരം വീഡിയോകള്‍ക്കുള്ള ഡിമാന്‍ഡ് അത്തരം ബന്ധങ്ങള്‍ നിത്യജീവിതത്തില്‍ ഉണ്ട് എന്നതിന്റെ തെളിവാകുന്നില്ല. സ്വതന്ത്രമായി ചിന്തിക്കുന്നതും ചിന്തയനുസരിച്ച് പ്രവര്‍ത്തിക്കുന്നതും തമ്മില്‍ വലിയ അന്തരം ഉണ്ട് എന്നര്‍ത്ഥം.

മതം ഉള്ളതുകൊണ്ടാണ്, അല്ലെങ്കില്‍ മതത്തിന്റെ പ്രബോധനം ഉള്‍ക്കൊള്ളുന്നത് കൊണ്ടാണ് നിഷിദ്ധബന്ധങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുന്നു എന്ന വാദം കേള്‍ക്കാന്‍ കഴിയുന്നതില്‍ ഏറ്റവും അപഹാസ്യമായ ഒന്നാണ്. മതങ്ങള്‍ വരുന്നതിന് വളരെ മുമ്പ് തന്നെ അഗമ്യഗമനവിരുദ്ധ നിലപാടുകള്‍ മനുഷ്യരില്‍ സാമൂഹികപരമായും ജനിതകപരമായും രൂപംകൊണ്ടിരുന്നു. അപവാദങ്ങള്‍ അന്നുമിന്നും നിലനില്‍ക്കുന്നു. നിഷിദ്ധബന്ധത്തെ നിയമപരമായും സാമൂഹികപരമായും മതപരമായും വിലക്കാം. ഭൂരിപക്ഷം മനുഷ്യരുടെയും സഹജനിലപാട് (inherent preference) അങ്ങനെയായതുകൊണ്ടാണ് അത്തരം നിയമങ്ങള്‍ വരുന്നത്. പക്ഷെ അത്തരം ചിന്തകളെയും ഭാവനകളെയും വിലക്കാനാവില്ല. മതമുള്ളതുകൊണ്ടാണ് ഞങ്ങള്‍ ബലാത്സംഗം ചെയ്യാത്തത് എന്നു പറയുന്നതിലും നികൃഷ്ടമായ ന്യായമാണ് മതം ഉള്ളതുകൊണ്ടാണ് അമ്മപെങ്ങന്‍മാരെ തിരിച്ചറിയാനാവുന്നത് എന്ന അവകാശവാദം. മതമില്ലെങ്കിലും ഉണ്ടെങ്കിലും മനുഷ്യര്‍ക്ക് സാധിക്കുന്ന ഒരു കാര്യം മതത്തിന്റെ അക്കൗണ്ടില്‍ ചേര്‍ക്കുന്നു എന്നുമാത്രം. മതം പതിവുപോലെ ഇവിടെയും ‘എട്ടുകാലി മമ്മൂഞ്ഞ് ‘കളിക്കുന്നു. മതം ഇല്ലാതിരുന്നെങ്കില്‍ തങ്ങള്‍ എത്രയോ മോശം മനുഷ്യരായിരുന്നേനെ എന്ന അന്ധവിശ്വാസത്തിനു അടിമപെടുന്നവര്‍ കരുണ അര്‍ഹിക്കുന്നു. നിഷിദ്ധബന്ധങ്ങള്‍ ആധുനിക മനുഷ്യ നാഗരികതയുടെ ഭാഗമല്ല. അതേസമയം അപവാദങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുന്നു. ഇതും വ്യക്തിഗത തെരഞ്ഞെടുപ്പിന്റെ ഭാഗമാണ്. ഭൂരിപക്ഷം മനുഷ്യരും അത് വര്‍ജ്ജിക്കുന്നു എന്നാണ്‌ മനുഷ്യചരിത്രം സാക്ഷ്യപെടുത്തുന്നത്.


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *