വിശ്വാസം! അതല്ലേ എല്ലാം…

Avatar

അയ്യപ്പസ്വാമിയില്‍ വിശ്വസിക്കുന്ന ഒരു ശരാശരി ഭക്തന് ഒരു വിശ്വാസ പാക്കേജ് ഉണ്ട്. ആ പാക്കേജില്‍ ഉള്‍പ്പെടുന്ന കാര്യങ്ങളാണ്:-

  • അയ്യപ്പന്‍ സ്ത്രീയില്‍ നിന്നും ജനിച്ചവനല്ല.
  • തൃമൂര്‍ത്തികളില്‍ രണ്ടു മൂര്‍ത്തികള്‍ക്കുണ്ടായ കുട്ടിയാണ് – ഹരിഹരസുതന്‍.
  • കാട്ടില്‍ നിന്നും അനാഥനായി കിട്ടി.
  • രാജാവ് വളര്‍ത്തി.
  • വില്ലാളി വീരനായിരുന്നു.
  • ചതിക്കാനുള്ള ആസൂത്രണങ്ങള്‍ നടന്നു.
  • അമ്മക്കു വേണ്ടി പുലിപ്പാലിനായി പൊന്‍മകന്‍ കാട്ടില്‍ പോയി.
  • പുലിപ്പുറത്ത് കയറി തിരിച്ചു വന്നു.
  • വഞ്ചനയുടെയും ചതിയുടെയും ലോകം മടുത്ത് ശബരിമലയില്‍ പോയി ‘ഇരുന്നു’
  • അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്.
അയ്യപ്പനെ സംബന്ധിച്ച വിശ്വാസ പാക്കേജില്‍ അതിപ്രധാനമായ മറ്റൊന്നാണ് ശുദ്ധി. ഇടവും വലവും ശുദ്ധി നോക്കുന്നതിന്റെ ഭാഗമായി കുടുംബമടക്കം കാലത്തെഴുന്നേറ്റുള്ള കുളിയുണ്ട്. പാചകമൊക്ക ശുദ്ധിയായി കുളിച്ചതിനു ശേഷം മാത്രം. ഭക്ഷണവും അങ്ങിനെ തന്നെ. പൂജകള്‍ പിന്നെ പറയേണ്ടതില്ലല്ലോ. ഇപ്രകാരം ശുദ്ധി നോക്കുന്നതിന്റെ ഭാഗമായാണ് ആര്‍ത്തവമുള്ള സ്ത്രീകളെ അകറ്റിയത്.

ശുദ്ധി എന്താണെന്ന് നിശ്ചയിക്കുന്നത് എപ്പോഴും പ്രാകൃതമായ ബോധ്യങ്ങളാണ്. ഗോത്രീയ ജീവിതത്തിന്റെ ശേഷിപ്പ്. ‘ഇതെന്താണീ നാലു ദിവസം വരുന്ന ചോര’ എന്ന് കൃത്യമായി വിശദീകരിക്കാന്‍ കഴിയാതിരുന്ന മനുഷ്യര്‍ ഉണ്ടാക്കിയെടുത്ത അബദ്ധ ധാരണകളിലൊന്നാണ് ആര്‍ത്തവം സംബന്ധിച്ച അശുദ്ധി. യുക്തിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ വിശദീകരിക്കാനാകാത്ത ഇത്തരം ധാരണകളെയാണ് അന്ധവിശ്വാസങ്ങള്‍ എന്ന് വിളിച്ചു പോരുന്നത്. പക്ഷെ ആചരിച്ചാചരിച്ച് കാലപ്പഴക്കം വന്നാല്‍ പിന്നീടവക്ക് വിശദീകരണങ്ങള്‍ തന്നെ ആവശ്യമില്ലാതെ മനുഷ്യമസ്തിഷ്‌ക്കത്തില്‍ ഉറച്ചു നില്‍ക്കാനാകും. സയന്‍സിന്റെ വഴിയിലൂടെ സഞ്ചരിക്കുന്ന മനുഷ്യര്‍ പിന്നീട് ഇത്തരം അന്ധവിശ്വാസങ്ങളെ യുക്തിയുടെയും തെളിവിന്റെയും അടിസ്ഥാനത്തില്‍ കൃത്യമായി വിശദീകരിച്ചാല്‍ പോലും മസ്തിഷ്‌ക്കത്തില്‍ ഉറച്ചു പോയ പഴയ ധാരണകളെ മാറ്റാന്‍ പലര്‍ക്കുമാകില്ല. ശാസ്ത്രജ്ഞന്‍മാര്‍ പോലും അന്ധവിശ്വാസികളായി തുടരുന്നത് ഇത് കൊണ്ടാണ്.

ഇത്തരം വിഷയങ്ങളില്‍ സയന്‍സിന്റെ അഭിപ്രായം പറയാന്‍ പരമ യോഗ്യരെന്ന് പൊതുസമൂഹം കരുതുന്നവരെ കൊണ്ട് (Authority) മാധ്യമങ്ങള്‍ വഴി നിരന്തരം പ്രചരിപ്പിച്ചാല്‍ പതിയെ തെല്ലുമാറ്റം കൊണ്ടുവരാന്‍ കഴിയും. വിശ്വാസം പാക്കേജ് ആയാണ് തലക്കുള്ളില്‍ കയറ്റപ്പെടുന്നത് എന്നതിനാല്‍ ആ പാക്കേജിലുള്ള വിശ്വാസസാമാനങ്ങള്‍ ഒറ്റക്കൊറ്റക്കായി ഉപേക്ഷിക്കാന്‍ ആദ്യമൊക്കെ വലിയ പ്രയാസമായിരിക്കും. അതിന്റെ ഉദാഹരണമാണ് സ്ത്രീകള്‍ തന്നെ സ്വയം ‘ഞങ്ങള്‍ക്ക് ശുദ്ധിയില്ല’ എന്ന മുദ്രാവാക്യവുമായി നാടു ചുറ്റുന്നത്. പണ്ട് സുപ്രീം കോടതി മുസ്ലീം പുരുഷന്‍മാരുടെ ‘തോന്നും പോലെ മൊഴി ചൊല്ലുന്ന’ സമ്പ്രദായത്തില്‍ ഇടപെട്ട് ഉപേക്ഷിക്കപ്പെട്ട സ്ത്രീക്കിത്തിരി ജീവനാംശം കൊടുക്കാന്‍ വിധിച്ചപ്പോള്‍ മുസ്ലീം സ്ത്രീകള്‍ കാടിളകി വന്ന് ആ വിധിക്കെതിരെ പ്രകടനം നടത്തുകയുണ്ടായി. അന്ന് പ്രകടനം നടത്തിയ മുസ്ലീം സ്ത്രീകളും ഇന്ന് തെറി പറഞ്ഞ് പ്രകടനം നടത്തുന്ന കുലസ്ത്രീകളും മതം നല്‍കിയ വിശ്വാസപാക്കേജുകള്‍ മുള്ളോടെ വിഴുങ്ങിയ അന്ധവിശ്വാസികള്‍ ആകുന്നു. താനും ഒരു സ്ത്രീയാണെന്നുള്ള ആത്മാഭിമാനമില്ലാത്തവരായി അവരെ ഇത്രക്ക് അധ:പതിപ്പിച്ചത് പ്രധാനമായും അവരുടെ മത വിദ്യാഭ്യാസമാണ്. ശാസ്ത്രീയ മനോഭാവം പകര്‍ന്നു കൊടുക്കാന്‍ ഉതകുന്ന വിദ്യാഭ്യാസം ലഭ്യമല്ലാത്തതിനാല്‍ മതവിദ്യാഭാസത്തിലൂടെ കിട്ടുന്ന അറിവാണ് യഥാര്‍ത്ഥ അറിവെന്ന് ഭൂരിപക്ഷവും കരുതുന്നു. പാഠപുസ്തകങ്ങളില്‍ നിന്ന് കിട്ടുന്ന അറിവൊക്കെ ‘ജോലിക്ക് വേണ്ടിയുള്ള’ വെറും പരിശീലനം മാത്രം.

അല്‍പ്പം വിവരമുണ്ടെന്ന് കരുതുന്ന പുരോഗമനകാരികളായ ആളുകള്‍ പറയുന്നത് ഇത്തരം വിശ്വാസങ്ങളെ ബഹുമാനിക്കണമെന്നാണ്. എഴുത്തിനിരുത്താനും ഹരിശ്രീ കുറിക്കാനുമൊക്കെ സാംസ്‌ക്കാരിക നായകളുടെ തള്ള് ഉദാഹരണം. ശ്രീകൃഷ്ണന്‍ എന്തോ ഒരു പ്രത്യേക ടൈപ്പ് ദൈവമാണെന്നും പുള്ളിയെ തിരിച്ചു പിടിക്കേണ്ടതുണ്ട് എന്നൊക്കെ തള്ളി മറിക്കുന്നവരും ഇഷ്ടം പോലുണ്ട്. ഗീതയും ബൈബിളും ഖുറാനുമൊക്കെ നാട്ടിലെ മ്യൂസിയങ്ങളിലും ലൈബ്രറികളിലും അടച്ചുസൂക്ഷിച്ചാല്‍ നാടുരക്ഷപ്പെടുമെന്ന് പറയേണ്ട സാംസ്‌ക്കാരിക നായകര്‍ ഇവയൊക്കെ വ്യാഖ്യാനിച്ച് കയ്യടി വാങ്ങുന്ന മതപ്രാസംഗികരുടെ നിലയിലേക്ക് അധ:പതിച്ചതോടെ വിശ്വാസപൊട്ടത്തരങ്ങള്‍ക്കൊക്കെ സമൂഹത്തില്‍ ഒരു വിലയുണ്ടായി. സുന്നത്ത് പോലെ കുട്ടികളെ ദോഷകരമായി ബാധിക്കുന്ന വിശ്വാസങ്ങളെ പോലും ശാസ്ത്രം കൊണ്ട് മുട്ടുകൊടുത്തു നിര്‍ത്തുന്ന ശാസ്ത്ര പ്രചാരകരായ ഡോക്ടര്‍മാര്‍ കേരളത്തില്‍ സര്‍വ്വ സാധാരണമായി. സര്‍വ്വോപരി ‘വിശ്വാസം അതല്ലേ എല്ലാം’ എന്നത് കേരളത്തില്‍ ഏറ്റവും പ്രചാരമുള്ള പരസ്യവാചകവുമായി.