മതപിണ്ടങ്ങള്‍

Ravichandran C

…എല്ലാ മതങ്ങളും പ്രാകൃതമാണ്; പ്രാകൃതമല്ലാത്തവയാകട്ടെ ഉത്തരാധുനികവും. Religions are either primitive or post-modern. ആധുനികതയോ യാഥാര്‍ത്ഥ്യബോധമോ മതങ്ങളില്‍ ഉണ്ടെന്ന് കരുതുന്നത് ഒരു നാണംകെട്ട അന്ധവിശ്വാസം മാത്രമാണ്. മതം മുന്നോട്ടുവെക്കുന്ന കാര്യങ്ങള്‍ പറയുമ്പോള്‍ അതൊക്കെ ‘പ്രാകൃത’മാണെന്ന് തോന്നുന്നുവെങ്കില്‍ കുഴപ്പം പറയുന്നവരുടെയല്ല, മതത്തിന്റേതാണ്. അശുദ്ധി സങ്കല്‍പ്പങ്ങളും സ്ത്രീവിവേചനവും ബഹുഭാര്യത്വവും പ്രാകൃതം തന്നെയാണ്.

മല കയറാനും ബാങ്ക് വിളിക്കാനും പെണ്ണിന് അവകാശമുണ്ടാകണം എന്നാവശ്യപ്പെടുന്ന നാടകമാണ് ഇക്കഴിഞ്ഞ കോഴിക്കോട് സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാംസ്ഥാനം നേടിയ ‘കിത്താബ്’ (https://www.youtube.com/watch?v=BvmFgpK47Ow). കോഴിക്കോട് മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച ഈ നാടകം ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാംസ്ഥാനം നേടുകയുണ്ടായി. കിത്താബില്‍ കൂടുതലും പെണ്‍കുട്ടികളാണ് അഭിനയിച്ചിരിക്കുന്നത്. പുരുഷന്റെ പകുതി ബുദ്ധിയേ സ്ത്രീക്കുള്ളൂ, പുരുഷന്റെ പകുതി സ്വത്തിനേ അവള്‍ക്ക് അവകാശമുള്ളൂ, അവളുടെ സാക്ഷ്യത്തിന് പുരുഷസാക്ഷ്യത്തിന്റെ പകുതി വിലയേ ഉള്ളൂ…. തുടങ്ങിയ പ്രാകൃതവും സ്ത്രീവിരുദ്ധവുമായ മതനിയമങ്ങളെ ഈ നാടകം ആക്ഷേപഹാസ്യത്തിലൂടെ വിമര്‍ശിക്കുന്നു. ഇസ്ലാമിക സ്വര്‍ഗ്ഗത്ത് പുരുഷന് 72 ലൈംഗിക ഇണകളെ സമ്മാനമായി കിട്ടുമ്പോള്‍ സ്ത്രീകള്‍ക്ക് കഥയനുസരിച്ച് ഒന്നും കിട്ടുന്നില്ലെന്ന് വിളിച്ചുപറയുന്ന നാടകം ജില്ലാകലോത്സവത്തില്‍ നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിക്കപ്പെട്ടത്.

വൈകാതെ നാടകത്തിനെതിരെ ഇസ്ലാമിക മതമൗലികവാദികള്‍ പ്രതിഷേധങ്ങളും ഭീഷണികളുമായി തെരുവിലിറങ്ങി. മേമുണ്ട സ്‌കൂളിന്റെ ഫേസ്ബുക്ക് പേജില്‍ വെറുപ്പ് കൊണ്ട് പൊങ്കാലയിട്ടു. അതോടെ സ്‌കൂള്‍ അധികൃതര്‍ മാപ്പെഴുതി കൊടുത്ത് നാടകം പിന്‍വലിച്ചു. ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ നാടകത്തിന് സംസ്ഥാന കലോത്സവത്തില്‍ അവതരണാനുമതി നിഷേധിക്കപ്പെട്ടു. വിഷയം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായെങ്കിലും ഇരുമ്പാണി വരെ വെള്ളംതൊടാതെ വിഴുങ്ങുന്ന സാംസ്‌കാരികനായകരും ലിബറല്‍ ബുദ്ധിജീവികളും കൊത്തിയില്ല. നവോത്ഥാന സിംഹങ്ങള്‍ ഇങ്ങനെയൊരു നീതിനിഷേധം കണ്ട ഭാവമേ കാണിച്ചില്ല. ആവിഷ്‌കാരസ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോള്‍ ഒപ്പുശേഖരണവും കൂട്ടപ്രസ്താവനയുമൊക്കെ ഇറക്കി ശീലിച്ച ചിലര്‍ പ്രതിഷേധപ്രസ്താവനയില്‍ അറിയാതെ ഒപ്പിട്ടെങ്കിലും ‘കാര്യം മനസ്സിലാക്കി’ കുരിശ് കണ്ട പ്രേതത്തെ പോലെ ഒപ്പ് സഹിതം പിന്‍മാറി. ഇസ്ലാമിനെ ‘പ്രാകൃതമത’മായി ചിത്രീകരിക്കുന്നതിലെ ഞെട്ടലും വേദനയുമാണ് ഈ ഞെട്ടലിസ്റ്റുകള്‍ കാരണമായി ചൂണ്ടിക്കാട്ടിയത്. മതം വ്രണപ്പെടുന്നതിന് മുമ്പേ മതത്തിന് വേണ്ടി വ്രണപ്പെടുന്ന മതവ്രണിതര്‍!

ഇസ്ലാം മാത്രമല്ല എല്ലാ മതങ്ങളും പ്രാകൃതമാണ്; പ്രാകൃതമല്ലാത്തവയാകട്ടെ ഉത്തരാധുനികവും. Religions are either primitive or post-modern. ആധുനികതയോ യാഥാര്‍ത്ഥ്യബോധമോ മതങ്ങളില്‍ ഉണ്ടെന്ന് കരുതുന്നത് ഒരു നാണംകെട്ട അന്ധവിശ്വാസം മാത്രമാണ്. മതം മുന്നോട്ടുവെക്കുന്ന കാര്യങ്ങള്‍ പറയുമ്പോള്‍ അതൊക്കെ ‘പ്രാകൃത’മാണെന്ന് തോന്നുന്നുവെങ്കില്‍ കുഴപ്പം പറയുന്നവരുടെയല്ല, മതത്തിന്റേതാണ്. അശുദ്ധി സങ്കല്‍പ്പങ്ങളും സ്ത്രീവിവേചനവും ബഹുഭാര്യത്വവും പ്രാകൃതം തന്നെയാണ്. ബീയാത്തു എന്നൊരു കഥാപാത്രത്തിന് പേര് വരുന്നതോ വീട്ടമ്മ കോഴിയെ പിടിക്കാന്‍ കുട്ടയുമായി ഓടി നടക്കുന്നതോ ഇസ്ലാമിനെ പ്രാകൃതമാക്കുന്നില്ല. മനുഷ്യജീവിതങ്ങളിലെ ആന്തരിക നന്മയും ചപലതകളും കലാപരമായി ചിത്രീകരിക്കുകയാണവിടെ. സ്വര്‍ഗ്ഗത്ത് പോകാന്‍ താല്പര്യമില്ലാത്ത പെണ്‍കുട്ടി തനിക്ക് ബാങ്ക് വിളിക്കണമെന്ന് പറയുന്നതിലെ ‘ആന്തരികവൈരുദ്ധ്യ’ത്തെ ചൂണ്ടിക്കാണിക്കുന്ന ‘ജിമിക്കി കമ്മല്‍ മോഡല്‍ കോമഡി ന്യായീകരണങ്ങളൊക്കെ വന്നു കഴിഞ്ഞു. ബാങ്ക് കുറഞ്ഞപക്ഷം വിളിക്കാന്‍ പറ്റുന്ന ഒന്നാണ്, പക്ഷെ എന്താണ് ഈ സ്വര്‍ഗ്ഗം? ഒരു നാടകത്തില്‍ കഥാപാത്രങ്ങള്‍ നടത്തുന്ന സംഭാഷണ ശകലങ്ങളും രംഗങ്ങളും യാഥാര്‍ത്ഥ്യത്തിന്റെയും സാമാന്യയുക്തിയുടെയും കണ്ണിലൂടെ നോക്കി കാണാനുള്ള ശ്രമം ശോചനീയമാണ്. ആക്ഷേപഹാസ്യവും രൂപകങ്ങളും മനസ്സിലാക്കി ആസ്വദിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കലാസ്വാദനം അസാധ്യമായിരിക്കും.

യഥാര്‍ത്ഥത്തില്‍ ഇസ്ലാമിനെ പ്രാകൃതമായി ചിത്രീകരിച്ചത് കിത്താബ് എന്ന നാടകമല്ല. മറിച്ച് നാടകത്തിന് ശേഷം ആ മതത്തിലെ മൗലികവാദികള്‍ പ്രകടിപ്പിച്ച ഹിംസാത്മകതയാണ്. അക്രമവും ഭീഷണിയും പ്രാകൃത ഉപാധികളാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകാന്‍ വഴിയില്ലല്ലോ. കിത്താബിന് മറുപടി എന്ന നിലയില്‍ ‘കിത്താബിലെ കൂറ’ എന്ന പേരില്‍ കാമ്പസ് ഫ്രണ്ടിന്റെ ആഭിമുഖ്യത്തില്‍ ഒരു പ്രതിനാടകം (https://www.youtube.com/watch?v=z1nyncLKs9o) തെരുവില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. അഭിനന്ദനീയമായ കാര്യമാണിത്. തികച്ചു ജനാധിപത്യപരവും സൃഷ്ടിപരവും. ഇസ്ലാം എന്നാല്‍ സംവാദമേ സാധ്യമല്ലാത്ത, എപ്പോള്‍ വേണമെങ്കിലും അക്രമാസക്തമായി പൊട്ടിത്തെറിക്കാവുന്ന, സഹിഷ്ണുത തീരെയില്ലാത്ത ഒരു മതമാണ് എന്ന് സ്ഥാപിക്കാനുള്ള ഇസ്ലാമിനെ ഒഴിച്ച് ഒന്നിനെയും പേടിയില്ലെന്ന് വീമ്പടിക്കുന്ന ഇസ്ലാംപേടിക്കാരായ സാംസ്‌കാരിക ബുദ്ധിജീവികളുടെ കരണത്തേറ്റ അടി കൂടിയാണ് ഇത്തരം കലാദൗത്യങ്ങള്‍. നോക്കൂ, മതമൗലികവാദികള്‍പോലും കുറെയൊക്കെ കാലികമായി പരിഷ്‌കരിക്കുന്നുണ്ട്. അത്രപോലും മാനവികബോധം മതവ്രണിതര്‍ പ്രകടിപ്പിക്കുന്നില്ലെന്നതാണ് ഖേദകരം. പക്ഷെ ആദ്യനാടകത്തെ ഞെക്കികൊല്ലാതെ പ്രതിനാടകം അവതരിപ്പിക്കുമ്പോഴേ ഇത്തരം പ്രതികരണങ്ങള്‍ സാര്‍ത്ഥകമാകൂ. മതം പ്രാകൃതമല്ലെന്ന് തെളിയിക്കേണ്ടത് അങ്ങനെയാണ്. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടും സംവാദങ്ങളെ സംവാദങ്ങള്‍കൊണ്ടും കലയെ കല കൊണ്ടും നേരിടുക.

‘പ്രാകൃതം’ എന്നാല്‍ പ്രകൃതിപരം എന്നൊരു അര്‍ത്ഥം കൂടിയുണ്ട്. പ്രകൃതിയിലെ ഏത് ജീവിയും പ്രകോപിക്കപ്പെടുമ്പോള്‍ അതിവൈകാരികതയിലേക്കും ഹിംസയിലേക്കും തിരിയും. മസ്തിഷ്‌കത്തിലെ ലിമ്പിക് വ്യവസ്ഥ സക്രിയമാകും, ഫ്രണ്ടല്‍ കോര്‍ട്ടെക്‌സ് മന്ദീഭവിക്കും. ചിന്താശേഷിയും ജനാധിപത്യബോധവുമുള്ള മനുഷ്യര്‍ക്കും സംഘടനകള്‍ക്കും കൂടുതല്‍ സഹിഷ്ണുതയോടെ കാര്യങ്ങള്‍ കാണാനാവും. മതം ഹിംസയും ഭീഷണികളുമായി കളം നിറയുമ്പോള്‍ പ്രാകൃതവും ആദിമവുമായ ഉത്തരങ്ങള്‍ക്ക് അപ്പുറമുള്ളതൊന്നും തങ്ങളുടെ കൈവശമില്ലെന്ന് പ്രഖ്യാപിക്കുയാണ്. ഭീഷണിയുടെ മുന്നില്‍ വിലപ്പെട്ടതെല്ലാം ത്യജിച്ചായാലും ജീവന്‍ രക്ഷിക്കാനാവും മനുഷ്യമസ്തിഷ്‌കം നല്‍കുന്ന സഹജമായ നിര്‍ദ്ദേശം. ഭീഷണിയും ഹിംസയും ഉപയോഗിച്ച് എത്ര കൊടിയ അനീതിയും അടിച്ചേല്‍പ്പിക്കാനാവും. മതത്തിനെന്നല്ല ഹിംസയും അസഹിഷ്ണുതയും മുഖ്യ ആയുധങ്ങളായി കൊണ്ടുനടക്കുന്ന ഏതൊരാള്‍ക്കും അത് നിസ്സാരമായി ചെയ്യാനാവും. ഹിംസ വഴി നേടിയെടുക്കുന്നതെല്ലാം കളവുമുതലാണ്. ചുരുക്കത്തില്‍ കിത്താബ് നാടകം ആധുനികവും പരിഷ്‌കൃതവുമാണെങ്കില്‍, പ്രതിനാടകം ഒഴികെ, അതിനോടുള്ള മതമൗലികവാദികളുടെ പ്രതികരണം പ്രാകൃതവും ഹിംസാത്മകവുമായിരുന്നു.

എന്തുകൊണ്ടോ മതമൗലികവാദികള്‍ കുറെക്കൂടി പരിഷ്‌കരിക്കപ്പെട്ടതുകൊണ്ട് വലിയ അപകടം ഒഴിവായി. അത്രപോലും വളര്‍ച്ച കാണിക്കാത്തവരാണ് ‘ഇസ്ലാംപേടി’ മൂത്ത മതത്തിന് വേണ്ടി വ്രണപ്പെടുന്ന ലിബറല്‍ ബുദ്ധിജീവികള്‍! ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് വേണ്ടി ആത്മഹൂതിക്ക് വരെ തയ്യാറാണെന്ന് വീമ്പിളക്കുന്ന സുകൃതജന്മങ്ങളാണിവര്‍ എന്നോര്‍ക്കണം.

കിത്താബിന്റെ തുടക്കത്തില്‍ ഒരു ചെറുകഥയുടെ സ്വതന്ത്ര ആഖ്യാനമാണ് നാടകത്തിന്റെ ഇതിവൃത്തമെന്ന് വിളിച്ചു പറയുന്നുണ്ട്. പരാമര്‍ശിക്കപ്പെടുന്ന ചെറുകഥയുമായി ‘ബാങ്ക് വിളിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടി’ എന്നൊരു കാര്യത്തില്‍ മാത്രമാണ് സാമ്യം. നിഷിദ്ധവും ദുഷ്‌കരവുമായ കാര്യങ്ങള്‍ സങ്കല്‍പ്പിക്കുന്നത് മനുഷ്യ സ്വഭാവമാണ്. പറക്കാനാഗ്രഹിച്ച മനുഷ്യര്‍ പറക്കല്‍വാഹനങ്ങള്‍ സങ്കല്‍പ്പിക്കും. പട്ടിണിക്കാരന്‍ മുന്തിയ ഭക്ഷണവും നിര്‍ധനന്‍ സമ്പത്തും സ്വപ്നം കാണും. ഇതൊരുതരം സങ്കല്‍പ്പരതിയാണ്. ബാങ്ക് വിളിക്കാന്‍ അനുവാദമില്ലാത്ത മതത്തിലെ കോടിക്കണക്കിന് സ്ത്രീകള്‍ അങ്ങനെയൊക്കെ ചെയ്യുന്നതായി സങ്കല്‍പ്പിക്കുക സ്വാഭാവികമാണ്. അത്തരമൊരു സങ്കല്‍പ്പം ഏതെങ്കിലും ഒരു കഥാകൃത്താണ് ലോകത്തേക്ക് ആദ്യമായി കൊണ്ടുവന്നത് എന്ന വാദത്തില്‍ കഴമ്പില്ല. കിത്താബ് ഒരു കഥയുടെ സ്വതന്ത്ര ആവിഷ്‌കാരമാണെന്ന് പറഞ്ഞ് അവതരിപ്പിക്കേണ്ട കാര്യമില്ലായിരുന്നു എന്നാണ് കഥാകൃത്തിന്റെ പിന്നീടുണ്ടായ പ്രതികരണം വ്യക്തമാക്കുന്നത്. കിത്താബിന്റെ ശില്‍പിയായ റഫീഖ് മംഗലശ്ശേരിയുടെ മര്യാദ ഇവിടെ ശ്ലാഘിക്കപ്പെടേണ്ടതുണ്ട്. അനര്‍ഹമായ പരിഗണന കിട്ടിയതോടെ കഥാകൃത്ത് കൊമ്പത്ത് കയറി. നാടകകൃത്തിനെ ചൂണ്ടിക്കാട്ടി ടിയാന്‍‍ മതമൗലികവാദികളുടെ മുന്നില്‍ സ്വയം മഹത്വപ്പെടുത്തി.

റഫീഖിനെ വിസ്തരിക്കാനുള്ള പരോക്ഷമായ ആഹ്വാനമായിരുന്നു അത്. തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ പ്രൊഫ റ്റി.ജെ. ജോസഫുമായി ബന്ധപെട്ട ചോദ്യപേപ്പര്‍ വിവാദ സമയത്ത് അദ്ദേഹത്തെ വിഡ്ഢിയായി ചിത്രീകരിച്ചുകൊണ്ട് അന്നത്തെ വിദ്യാഭ്യാസമന്ത്രി നടത്തിയ പ്രസ്താവന ഉണ്ടാക്കിയ അതേ ദ്രോഹമാണ് പ്രസ്തുത കഥാകൃത്ത് റഫീക്കിനോട് ചെയ്തത്. പിച്ച കൊടുത്തില്ലെങ്കിലും പട്ടിയെ വിട്ട് കടിപ്പിക്കാതിരിക്കാനുള്ള മര്യാദ പോലും ഉണ്ടായില്ല. എന്തുകൊണ്ടോ മതമൗലികവാദികള്‍ കുറെക്കൂടി പരിഷ്‌കരിക്കപ്പെട്ടതുകൊണ്ട് വലിയ അപകടം ഒഴിവായി. അത്രപോലും വളര്‍ച്ച കാണിക്കാത്തവരാണ് ‘ഇസ്ലാംപേടി’ മൂത്ത മതത്തിന് വേണ്ടി വ്രണപ്പെടുന്ന ലിബറല്‍ ബുദ്ധിജീവികള്‍! ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് വേണ്ടി ആത്മഹൂതിക്ക് വരെ തയ്യാറാണെന്ന് വീമ്പിളക്കുന്ന സുകൃതജന്മങ്ങളാണിവര്‍ എന്നോര്‍ക്കണം.

ഒരു സ്‌കൂള്‍ നാടകത്തില്‍ ‘ബാങ്ക് വിളിക്കുന്ന പെണ്‍കുട്ടി’ ഉള്ളതിനാല്‍ തന്റെ കഥ ആസ്പദമാക്കി സിനിമ എടുക്കുന്നവര്‍ കുറ്റപ്പെടുത്തി എന്നൊക്കെയുള്ള കഥാകൃത്തിന്റെ അവകാശവാദം രസകരമായി തോന്നി. ‘ബാങ്ക് വിളിക്കുന്ന മുസ്ലിം പെണ്‍കുട്ടി’ എന്ന ആശയം ലോകത്ത് ഒരാളുടെ മാത്രം മസ്തിഷ്‌കത്തില്‍ ഉണ്ടായ ഒന്നാണോ? പരസ്യപ്പെടുത്തിയ ഒരു കഥയിലെ ഒരു രംഗത്തിന്റെ ആശയം ഉള്‍കൊണ്ട് ലോകത്തെങ്ങും മറ്റാരും യാതൊരുവിധ സ്വതന്ത്ര സാഹിത്യസൃഷ്ടികളോ കലാപ്രകടനങ്ങളോ നടത്തില്ല എന്നു വാഗ്ദാനം ചെയ്തുകൊണ്ട് കരാര്‍ ഒപ്പിടുന്നത് (അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍) കൗതുകകരമെന്നേ പറയാവൂ. അത്തരമൊരു ഉറപ്പ് കഥാകൃത്തില്‍ നിന്നും ആവശ്യപ്പെട്ടങ്കില്‍ അതതിലും വിചിത്രം!

വ്യാപാരപരമായി വിജയസാധ്യത കുറഞ്ഞ ഒരു സിനിമാസംരഭത്തിന് വമ്പന്‍ പരസ്യം നല്‍കിയതിന് റഫീഖിനോട് നന്ദി പറയുകയാണ് സത്യത്തില്‍ കഥാകൃത്തും നിര്‍മ്മാണകമ്പനിയും ചെയ്യേണ്ടത്. രണ്ടാഴ്ചകൊണ്ട് യു-ട്യൂബില്‍ ഒന്നര ലക്ഷത്തോളം പേര്‍ കാണുകയും പതിനായിരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്ത ‘കിത്താബ്’ ലക്ഷ്യമിടുന്നത് വ്യാപാരവിജയം അല്ല. നാടകത്തില്‍ അഭിനയിച്ച കുട്ടികളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. സംസ്ഥാന കലോത്സവത്തില്‍ മത്സരാനുമതി നഷ്ടപ്പെട്ടതോര്‍ത്ത് വിതുമ്പി സദസ്സിലിരുന്ന് മറ്റ് നാടകങ്ങള്‍ കാണുന്ന അവരുടെ മുഖങ്ങള്‍ അത്ര പെട്ടെന്ന് മാഞ്ഞുപോകില്ല. ‘കിത്താബ്’ മലയാളിക്ക് ഒരു തുറന്ന പാഠപുസ്തകമാണ്. ഇസ്ലാമില്‍ ഇല്ലാത്ത അപരിഷ്‌കൃതത്വം അതില്‍ ചിത്രീകരിക്കപ്പെട്ടിട്ടില്ല. ലിംഗനീതിയില്‍ അധിഷ്ഠിതമായ ഒരു സാധ്യതയെക്കുറിച്ചാണ് ‍നാടകം സംസാരിക്കുന്നത്.

സ്‌കൂള്‍ നാടകങ്ങള്‍ ഒരു സംയുക്തദൗത്യമാണ്. സ്‌കൂള്‍ കലോത്സവത്തിന് ‘കുട്ടിപ്രമേയങ്ങള്‍’ മാത്രമേ അവതരിപ്പിക്കാവൂ, അദ്ധ്യാപകരും മുതിര്‍ന്നവരും ഗൗരവമുള്ള പ്രമേയങ്ങള്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ചെയ്യിക്കരുത്… എന്നൊക്കെയുള്ള വാദങ്ങള്‍ കഴമ്പില്ലാത്തവയാണ്. വിവാദവും ഭീഷണികളും വന്നിരുന്നില്ലെങ്കില്‍ ഇതേ കൂട്ടര്‍ പ്രകീര്‍ത്തനസാഹിത്യം പൊഴിച്ചേനെ. മതം ഒഴികെയുള്ള മേഖലകളില്‍ സമാനമായ ശ്രമങ്ങള്‍ വന്നാലും വ്യാപകമായ പിന്തുണ ലഭിക്കും. പക്ഷെ ഇവിടെ കുട്ടികളെകൊണ്ട് മതം വാരിച്ചു എന്നാണ് ആരോപണം! മതത്തെ വല്ലാതെ മഹത്വവല്‍ക്കരിക്കുന്നത് ഭാവിയില്‍ ഇക്കൂട്ടര്‍ക്ക് തന്നെ അപകടകരമായിത്തീരും. പ്രീണിപ്പിച്ച് പ്രീണിപ്പിച്ച് ദേവസ്ത്രീയാക്കാന്‍ പറ്റിയ ഒന്നല്ല മതം എന്ന ചരിത്രസത്യം അവഗണിക്കരുത്. ആശയപരമായ നിരന്തര സംവാദങ്ങളിലേക്ക് മതങ്ങളെ വലിച്ചിഴയ്ക്കണം. മതത്തിന്‌ വ്രണപ്പെടുന്നതിനെക്കാള്‍ വേഗത്തില്‍ മതത്തിന് വേണ്ടി വ്രണപ്പെടുന്ന സാംസ്‌കാരിക ചാവേറുകളുടെ എണ്ണം പെരുകുന്നതാണ് കേരളത്തിന്റെ ദുര്‍ഗതി. മതയാനയുടെ തുമ്പിക്കയ്യില്‍ കടന്നല്‍ക്കൂട് നിക്ഷേപിച്ച് ആളുകളിക്കുന്ന ഇത്തരക്കാര്‍ ജനാധിപത്യബോധമുള്ള ഒരു നാഗരിക സമൂഹത്തിലെ അഞ്ചാംപത്തികളാകുന്നു. മതത്തെക്കാള്‍ മതപിണ്ടങ്ങളെ ഭയക്കേണ്ട കാലം വരികയാണോ?