നീല്‍ ആംസ്‌ട്രോങ്ങ് ഇസ്‌ലാം സ്വീകരിച്ചതുതൊട്ട്, നാസ പുറത്തുവിട്ട ‘ആത്മാക്കളുടെ അലറലോടലറല്‍’ വരെ – ‘അന്ധോ’കളുടെ വിഹാരഭൂമിയായി മലയാള മാധ്യമരംഗവും!


‘നീല്‍ ആംസ്‌ട്രോങ്ങ് ഇസ്‌ലാം സ്വീകരിച്ചു’- ഇന്നത്തെപ്പോലെ വാര്‍ത്താ വിനിമയ സൗകര്യമൊന്നുമില്ലാത്ത 80കളില്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളം, ഒരു പറ്റം ഇസ്‌ലാമിക ഗ്രൂപ്പുകള്‍ ആസൂത്രിതമായി പ്രചരിപ്പിച്ച നുണക്കഥയായിരുന്നു ഇത്. അതിന് അടിത്തറയായതും നാസയുടെ ‘റിപ്പോര്‍ട്ട്’ തന്നെയാണ്. ശൂന്യാകാശത്തില്‍വെച്ച് ബാങ്ക് വിളി കേട്ടതാണെത്രേ നീല്‍ ആംസ്‌ട്രോങ്ങിന്റെ മനസുമാറ്റിയത്. ഇന്റര്‍നെറ്റും ഓഗ്മന്റഡ് റിയാലിറ്റിയും ഒന്നുമില്ലാത്ത ഒരു കാലത്ത്, ഇത്തരം വ്യാജ വാര്‍ത്തകള്‍ കുറച്ചുകാലം പ്രചരിച്ചതില്‍ അത്ഭുമൊന്നുമില്ല. പക്ഷേ എത് വിവരവും നിമിഷങ്ങള്‍കൊണ്ട് വിരല്‍ത്തുമ്പില്‍ കിട്ടുന്ന ആധുനികകാലത്ത് നാസ ‘ആത്മാക്കളുടെ അലര്‍ച്ച’ പുറത്തുവിട്ടു എന്ന് പറഞ്ഞ് എഴുതിപ്പിടിപ്പിക്കുന്ന കേരളത്തിലെ മാധ്യമങ്ങളെ കാണുമ്പോള്‍ സഹതാപം പോലും തോന്നുന്നില്ല.

‘റെയില്‍വേ സ്ലീപ്പേഴസ് വാഷ്ഡ് എവെ’ എന്ന എജന്‍സി വാര്‍ത്തയെ, ഉറങ്ങിക്കിടന്ന നൂറുകണക്കിന് ആളുകള്‍ മഴയില്‍ ഒലിച്ചുപോയി എന്ന രീതിയില്‍ തര്‍ജജമചെയ്തത്, ജേര്‍ണലിസം ക്ലാസുകളിലേക്ക് പ്രവേശിക്കുന്ന ഏത് വിദ്യാര്‍ഥിയും നൂറായിരം തവണ കേട്ടിരിക്കും. എന്നാല്‍ അതിനെയല്ലാം കടത്തിവെട്ടുന്ന രീതിയിലുള്ള ഹിസ്‌റ്റോറിക്ക്  ബ്ലണ്ടറുകള്‍ ആണ് ‘ആത്മാക്കളുടെ അലര്‍ച്ച നാസ പുറത്തുവിട്ടുവെന്ന’ രീതിയില്‍ കഴിഞ്ഞ ദിവസം പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങളൊക്കെ പുറത്തുവിട്ട വാര്‍ത്ത. ഏത് തൊഴിലിലും വരുന്ന അബദ്ധങ്ങൾ പോലെ ജേര്‍ണലിസത്തിനും തര്‍ജ്ജമ പിശകുകളും, ആശയ വൈകല്യങ്ങളുമൊക്കെ കടന്നുവരും. അത് സ്വാഭാവികം മാത്രം. പക്ഷേ ‘ആത്മാവിന്റെ അലറലോടലറല്‍’ തെളിയിക്കുന്നത് അതൊന്നുമല്ല. എന്തിലും ഏതിലും എങ്ങനെ മതത്തെ കയറ്റിവിടാം എന്നുള്ള ഒരു ചിന്തയുടെ ഉപോല്‍പ്പന്നം തന്നെയാണിത്. കാരണം നാസയുടെ കുറിപ്പില്‍ എവിടെയും ആത്മാവിനെക്കുറിച്ച് പറയുന്നില്ല. എന്നാല്‍ ഇത് ആത്മാക്കളുടെ കരച്ചിലാണെന്ന് സോഷ്യല്‍ മീഡിയില്‍ ആരോ കമന്റ് ചെയ്തത്രേ. അത് പിടിച്ചാണ് ആത്മാക്കളുടെ അലര്‍ച്ച ബില്‍ഡപ്പ് ചെയ്തത്.

 

കാലം പഴയതല്ലല്ലോ. ആത്മാക്കളുടെ അലര്‍ച്ച സെക്കന്‍ഡ്‌വെച്ച് നവമാധ്യമങ്ങളില്‍ ട്രോള്‍ ആയി. അതോടെ പലരും പ്ലേറ്റുമാറ്റി ‘ആത്മാക്കളുടെ അലര്‍ച്ചയെന്ന് സോഷ്യല്‍ മീഡിയ’ എന്ന് തിരുത്തി തടിയെടുത്തു. പലരും വാര്‍ത്ത പിന്‍വലിച്ച് റീ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചു. ഈ മാറിയ മാധ്യമ സാഹചര്യവും വിലയിരുത്തപ്പെടേണ്ടതാണ്. പത്തുവര്‍ഷം മുമ്പുവരെ ഏകപക്ഷീയമായ മാധ്യമ സംസ്‌ക്കാരം ആയിരുന്നു ലോകത്ത് നിലനിന്നിരുന്നത്.

കഴിഞ്ഞ കുറേക്കാലമായി കേരളത്തിലെ മാധ്യമങ്ങള്‍ അന്ധവിശ്വാസ പ്രചാരണത്തിന്റെ അനോഫിലസ് കൊതുകുകള്‍ തന്നെയാണ്. എന്തിനും ഏതിലും മതത്തിന്റെ ഒരു താങ്ങ് കൊടുത്താല്‍ വിശ്വാസികള്‍ വായിക്കുമെന്ന ചീപ്പായ തന്ത്രം അവര്‍ പലതവണ ഉപയോഗിച്ച് തേഞ്ഞതാണ്. ജ്യോതിഷം തൊട്ട് ഹോമിയോപ്പതിവരെയുള്ള ലോകത്തെ സകല ഉഡായിപ്പുകളെയും പ്രോല്‍സാഹിപ്പിക്കാന്‍ യാതൊരു മടിയും ഇല്ലാത്തവയാണ് നമ്മുടെ മാധ്യമങ്ങള്‍. അതിന്റെ ഏറ്റവും അവസാനത്തെ കണ്ണിമാത്രമാണ് ആത്മാവിന്റെ അലര്‍ച്ച.   നേരത്തെയും നാസ പലതവണ കേരളത്തില്‍ വേട്ടമൃഗമായിരുന്നു. ശൂന്യാകാശത്ത് ബാങ്കുവിളിയുടെ ശബ്ദം നാസ പുറത്തുവിട്ടത് ഇസ്‌ലാമിക മതപ്രഭാഷകരും, ഓംകാരശബ്ദം കേട്ടത് ഹൈന്ദവ പ്രഭാഷകരും തട്ടിവിടുന്നുണ്ട്. ഇതിലും ഓര്‍ക്കണം – എത്ര തീവ്ര ദേശീയവാദിക്കും നമ്മുടെ ഐ.എസ്.ആര്‍.ഒ.യെ വേണ്ട, നാസയെ മതി!

നാസ പുറത്തുവിട്ട വാര്‍ത്ത ഇങ്ങനെ

655 പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള HELIX 655 എന്ന നെബുലയുടെ ഇമേജില്‍ നിന്നും Sonification പ്രൊസസ് വഴി അതിന്റെ ശബ്ദം രൂപപ്പെടുത്തിയതായിരുന്നു വാര്‍ത്ത.

Helix Nebula
The Helix Nebula is 655 light-years away and three light-years across. When a low-mass star sheds outer material near the end of its life, nebulae like this form.
 
In this sonification, red light is assigned lower pitches and blue light is assigned higher pitches. Just as the frequencies of light increase from red to blue, frequencies of sound increase from low to high pitches.

ഇതാണ് നാസ പുറത്തുവിട്ട സ്റ്റേറ്റ്‌മെന്റ്. ചെറുതെങ്കിലും കൃത്യമായ വിവരണം. ഡേറ്റയെ ശബ്ദ രൂപത്തിലേക്ക് മാറ്റുന്ന സാങ്കേതിക വിദ്യയാണ് ‘സോണിഫിക്കേഷന്‍’. ബഹിരാകാശത്ത് നമുക്ക് ശബ്ദം കേള്‍ക്കാനാകില്ല. ബഹിരാകാശ വസ്തുക്കള്‍ക്കുള്ളില്‍ സംഭവിക്കുന്ന ചലനങ്ങളെ  അവയുടെ ചിത്രങ്ങളെ സോണിഫിക്കേഷന്‍ ചെയ്യുന്നത് വഴി ശ്രവണരൂപത്തില്‍ കേള്‍ക്കാനാകുമെന്നും നാസ വിഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് വിശദമാക്കുന്നു. ഭൂമിയില്‍ നിന്നും 655 പ്രകാശവര്‍ഷം അകലെയുള്ള ഹെലിക്സ് നെബുലയുള്ളത്. നക്ഷത്രങ്ങള്‍ അന്ത്യം സംഭവിക്കുന്നത് വഴിയുള്ള സ്ഫോടനത്താലോ അല്ലെങ്കില്‍ നക്ഷത്രങ്ങളുടെ പിറവിയിലോ രൂപപ്പെടുന്നവയാണ് നെബുലകള്‍. നക്ഷത്രാന്തരീയ ധൂളികള്‍, ഹൈഡ്രജന്‍ വാതകങ്ങള്‍, പ്ലാസ്മ എന്നിവ നിറഞ്ഞ മേഘങ്ങളാണ് നെബുലകള്‍. ‘ദൈവത്തിന്റെ കണ്ണ് ‘ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹെലിക്സ് ഭൂമിയ്ക്കടുത്തുള്ള നെബുലകളില്‍ ഒന്നാണ്. അതിന്റെ ഒരു പേര് മാത്രമാണ് ദൈവത്തിന്റെ കണ്ണ് എന്നുള്ളത്. അതു നമ്മുടെ സ്വന്തംലേഖകര്‍ തര്‍ജ്ജമചെയ്താല്‍ ചിലപ്പോള്‍ ദൈവത്തിന്റെ കണ്ണ് കണ്ടെത്തി എന്ന് ആയില്ലല്ലോ എന്ന് നമുക്ക് ആശ്വസിക്കാം. ഇത് ആയിരക്കണക്കിന് ആത്മാക്കളുടെ അലര്‍ച്ച പോലെയോ, സ്ത്രീയുടെ നിലവിളിയോ എന്നും തോന്നാമെന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അഭിപ്രായപ്പെടുന്നുണ്ടത്രെ! ഇത് എടുത്ത തലക്കെട്ടാക്കി ആത്മാവിന്റെ അലര്‍ച്ചയെന്നാക്കുകയാണ് മലയാള മാധ്യമങ്ങള്‍ ചെയ്തത്.

ആ പോസ്റ്റിലെവിടെയും ആത്മാവ് എന്ന് നാസ പറഞ്ഞിട്ടില്ല. ലേഖകര്‍ കയ്യില്‍ നിന്നിട്ട സാഹിത്യഭാവനയാണ് അത്. വിശ്വാസികളെ പുളകം കൊള്ളിച്ച് റീച് ഉണ്ടാക്കുന്ന വിദ്യ. ചുവന്ന പ്രകാശത്തെ ലോ പിച്ച് ആയും നീലയെ ഹൈപിച്ച് ആയും എന്‍കോഡ് ചെയ്ത് ഒരു ശബ്ദചിത്രം ഉണ്ടാക്കി പോസ്റ്റ് ചെയ്തു.  ലേഖകന്‍ അത് വിശ്വാസസാഹിത്യം ചേര്‍ത്ത് എഴുതിവിട്ടു. ആ ശബ്ദം കേട്ടാല്‍ ഹൊറര്‍ പടത്തിന്റെ ട്രാക് പോലെ തോന്നും. ആത്മീയം ചേര്‍ത്ത് ചുട്ടെടുക്കാന്‍ അതുതന്നെ ധാരാളം.

***

ഇതുസംബന്ധിച്ച് സ്വതന്ത്രചിന്തകനും എഴുത്തുകാരനുമായ സി രവിചന്ദ്രന്റെ പോസ്റ്റ് ഇങ്ങനെയാണ്.

In The Name Of NASA
അലയുന്ന ആത്മാവിന്റെ അളിയന്റെ വയറിളക്കംപോലെ എന്നായിരുന്നെങ്കില്‍ സ്ഥിരമായുള്ള നിലവാരം കാത്തുസൂക്ഷിക്കാമായിരുന്നു. സയന്‍സ് വാര്‍ത്തകളില്‍പോലും അര കപ്പ് ദൈവവും രണ്ട് സ്പൂണ്‍ നരകവും കാല്‍ കഴഞ്ച് യക്ഷിയും പാകത്തിന് നിഗൂഡതയും കൂട്ടിചേര്‍ത്ത് ഇളക്കിയില്ലെങ്കില്‍ ഉറക്കംവരില്ലെന്ന് ശഠിക്കുന്ന അന്ധോകളുടെ വിഹാരഭൂമിയായി മലയാള മാധ്യമരംഗം മാറിയിരിക്കുന്നു. ശരിക്കും അന്ധവിശ്വാസത്തിന്റെ അനോഫിലസ് കൊതുകുകള്‍! ചെറിയൊരു ഗ്യാപ് കിട്ടിയാല്‍ കുത്തിവെച്ചു കളയും.’

***

ഉപദ്രവിക്കരുത് പ്ലീസ്!

ഇതുസംബന്ധിച്ച് ശാസ്ത്ര പ്രചാരകന്‍ ഗോപീകൃഷ്ണന്‍ എഴുതിയ കുറിപ്പ് ഇങ്ങനെ. – രണ്ട് മൂന്ന് ദിവസം മുമ്പ് നാസ ഒരു ന്യൂസ് പുറത്ത് വിട്ടു. 655 പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള HELIX 655 എന്ന നെബുലയുടെ ഇമേജില്‍ നിന്നും Sonification പ്രൊസസ് വഴി അതിന്റെ സൗണ്ട് രൂപപ്പെടുത്തിയതായിരുന്നു വാര്‍ത്ത.

എന്നാല്‍ 100 ശതമാനം സാക്ഷരതയുള്ള കേരളത്തിലെ PRESStitute കളുടെ കയ്യില്‍ എത്തിയപ്പോള്‍ അത് ആയിരം ആത്മാക്കളുടെ അലര്‍ച്ചയും സ്ത്രീകളുടെ കരച്ചിലുമായി… ഒപ്പമൊരു ചോദ്യവും… ഇത് നരകത്തിന്റെ ശബ്ദമോ?! ഇന്നും മണ്ണ് കുഴച്ചാണ് മനുഷ്യനുണ്ടായതെന്ന് തര്‍ക്കിക്കുന്ന ലക്ഷക്കണക്കിന് പേര്‍ ഇവിടെയുണ്ട്. അവര്‍ക്ക് മുന്നിലേക്കാണ് അര്‍ദ്ധസത്യം മസാല പുരട്ടി അവതരിപ്പിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെയും മനോരമാന്യൂസിന്റെയും വാര്‍ത്തയില്‍ നെബുലയെ പറ്റിയോ സോണിഫിക്കേഷനെ പറ്റിയൊ ഒന്നും വിവരിക്കുന്നില്ല. ജനം ടിവിയെ ഒരു മാധ്യമമായി പോലും കണക്കാത്തത്‌കൊണ്ട് അതേ പറ്റി ഒന്നും പറയുന്നില്ല.

ഈ വാര്‍ത്തകള്‍ക്ക് കീഴെ വന്ന കമന്റുകള്‍ പിന്നെ പ്രതീക്ഷിച്ചത് തന്നെയായിരുന്നു. ഇന്നലെ വരെ കിത്താബുകളെ കൂട്ടുപിടിച്ചവര്‍ക്ക് ഏഷ്യാനെറ്റും മനോരമയും ഒരു വലിയ പിടിവള്ളി ഇട്ടുകൊടുത്തു… NASA! അതുവരെ ശാസ്ത്രത്തെ എതിര്‍ത്തവര്‍ നാസയുടെ മാന്വല്‍ തന്നെ ഖുറാനും ബൈബിളും വേദവുമാണെന്ന് വരുത്തിതീര്‍ക്കുന്നുണ്ട്.

ഇന്ത്യന്‍ ഭരണഘടനയില്‍ Article 51A(h) ല്‍ പറയുന്ന scientific temper, humanism, spirit of enquiry and reform അഥവാ ശാസ്ത്രീയ അവബോധം, മാനവികത, അന്വേഷണാത്മകത, നവീകരണം എന്നിവ ഇന്ത്യയിലെ ഓരോ പൗരന്റെയും Fundamental duties അഥവാ അടിസ്ഥാന കടമയായാണ് നിര്‍വചിക്കുന്നത്. ഇവിടെയുള്ള മാധ്യമങ്ങളോട് ഒന്നേ പറയാനുള്ളൂ… ഉപകാരം ചെയ്യാനാകില്ലേലും വേണ്ടില്ല… ഉപദ്രവിക്കരുത്…

©Gopi Krishnan via Solution Squ-ad


Leave a Reply

Your email address will not be published. Required fields are marked *