“വിദ്യാഭ്യാസവും അന്ധവിശ്വാസങ്ങളുമായി പറയത്തക്ക ബന്ധമൊന്നുമില്ല. വിദ്യാഭ്യാസം അന്ധവിശ്വാസമുക്തിക്ക് സഹായകരമാണ്. അത്രയേ ഉള്ളൂ. മറിച്ചും സംഭവിക്കാം. സ്വന്തം അറിവും മികവും അന്ധവിശ്വാസ സംരക്ഷണത്തിന് ഉപയോഗിക്കുന്നവരാണ് വിദ്യാസമ്പന്നരില്‍ ഭൂരിപക്ഷവും. അവര്‍ കുറെക്കൂടി മികവോടുകൂടി മതസംരക്ഷണവും വിശ്വാസസംരക്ഷണവും നടത്തുന്നു എന്നതാണ് വസ്തുത. |
നിങ്ങള്‍ നിങ്ങളാകുന്നത്…
ചിറ്റൂരിലെ മഡനപള്ളിയില്‍ അലേഖ്യ(27), സായി ദിവ്യ(22) എന്നീ പേരുകളുള്ള രണ്ട് യുവതികളെ തലയ്ക്കടിച്ച് കൊന്നത് സ്വന്തം മാതാപിതാക്കള്‍(https://www.newindianexpress.com/…./andhrasmadanapalle-2254756.html). മാതാവ് പത്മജ ഒരു സ്വകാര്യ കോളേജിന്റെ കറസ്‌പോണ്ടന്റ്, പിതാവ് പുരുഷോത്തമ നായിഡു വനിതാ കോളേജിന്റെ പ്രിന്‍സിപ്പാള്‍. കൊല്ലപെട്ട കുട്ടികളില്‍ മൂത്തവള്‍ക്ക് ബിരുദാനന്തര ബിരുദം, ഇളയവള്‍ BBA ബിരുദധാരി. എല്ലാവരും വിദ്യാസമ്പന്നര്‍! കോവിഡിന് ശേഷം ഈ തെലുങ്ക് കുടുംബം പെരുമാറ്റവൈകല്യം പ്രദര്‍ശിപ്പിച്ചിരുന്നുവത്രെ. കലിയുഗം അവസാനിച്ച് സത്യയുഗത്തില്‍ പുനര്‍ജനിക്കാനാണ് മക്കളെ കൊലപെടുത്തിയതെന്നാണ് മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞത്! കലിയുഗം…സത്യയുഗം…. പുനര്‍ജന്മം….ഒരു ശരാശരി മതവിശ്വാസി മാറോട് ചേര്‍ക്കുന്ന ഗ്രേഡ് വണ്‍ അന്ധവിശ്വാസങ്ങള്‍! ഈ വാര്‍ത്ത അറിയുന്നവരുടെ ഉള്ളില്‍ അനിവാര്യമായും ഒരു തേങ്ങലുയരും. ഇതെന്ത് ഭ്രാന്താണ് എന്നാവും പലരും പ്രതികരിക്കുക. ഇതൊക്കെ സത്യമാണോ എന്നറിയാതെ ചോദിച്ചുപോകും. അത്ര ദാരുണമായ കുരുതിയാണിത്.
എല്ലാ അന്ധവിശ്വാസികള്‍ക്കും ഇത് ചെയ്യാനാവുമോ? ഒരിക്കലുമില്ല. മസ്തിഷ്‌കത്തിന്റെ ഫ്രണ്ടല്‍ കോര്‍ടെക്‌സ് പ്രവര്‍ത്തിക്കുന്ന ആര്‍ക്കും ചിന്തിക്കാന്‍ പോലും സാധിക്കാത്ത കാര്യമാണിത്. പക്ഷെ അത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്ന പലതും അന്ധവിശ്വാസങ്ങളിലേക്ക് നയിക്കുന്ന ചിന്തരീതിയില്‍ ഉണ്ട്. അത്തരം പ്രവണതകളെ സ്വയം ചിന്തിച്ച് തള്ളാനാകുന്നു എന്നതിനാലാണ് മഹാഭൂരിപക്ഷം വിശ്വാസികളും ഇത്തരം തീവ്രനിലപാടുകളിലേക്ക് പോകാത്തത്. അവര്‍ സ്വന്തം വിശ്വാസം അത്രമേല്‍ നേര്‍പ്പിച്ച് ഉപയോഗിക്കുന്നു എന്നര്‍ത്ഥം.
വിദ്യാഭ്യാസവും അന്ധവിശ്വാസങ്ങളുമായി പറയത്തക്ക ബന്ധമൊന്നുമില്ല. വിദ്യാഭ്യാസം അന്ധവിശ്വാസമുക്തിക്ക് സഹായകരമാണ്. അത്രയേ ഉള്ളൂ. മറിച്ചും സംഭവിക്കാം. സ്വന്തം അറിവും മികവും അന്ധവിശ്വാസ സംരക്ഷണത്തിന് ഉപയോഗിക്കുന്നവരാണ് വിദ്യാസമ്പന്നരില്‍ ഭൂരിപക്ഷവും. അവര്‍ കുറെക്കൂടി മികവോടുകൂടി മതസംരക്ഷണവും വിശ്വാസസംരക്ഷണവും നടത്തുന്നു എന്നതാണ് വസ്തുത. അക്കാദമിക്കായി അന്ധവിശ്വാസസംരക്ഷണം നടത്തുന്നവരെ തട്ടി നടക്കാനാവാത്ത സ്ഥിതിയുണ്ട്. വിദ്യാഭ്യാസം വര്‍ദ്ധിക്കുന്നതനുസരിച്ച് അന്ധവിശ്വാസങ്ങളുടെ തീവ്രത വര്‍ദ്ധിക്കുന്നു, ശാസ്ത്രജ്ഞന്‍മാരുടെ എണ്ണം കൂടുന്നതനുസരിച്ച് ദുരാചാരങ്ങളുടെ നിരക്ക് വര്‍ദ്ധിക്കുന്നു, സാമ്പത്തിക അഭിവൃദ്ധിക്കനുസരിച്ച് മതനിര്‍മ്മിതികളും അനുഷ്ഠാനങ്ങളും മെച്ചപെടുന്നു… എന്തുകൊണ്ടാണിങ്ങനെ എന്നൊക്കെ ചിലര്‍ ചോദിക്കാറുണ്ട്. ചോദ്യകര്‍ത്താക്കള്‍ക്ക് സ്വയംപരിശോധനയിലൂടെ പരിഹരിക്കാവുന്ന സമസ്യകളേ അവിടെയുള്ളൂ.
മികവുള്ളവന്‍ കള്ളനായാല്‍ മികച്ച കള്ളനാകും. അന്ധവിശ്വാസി വിദ്യാസമ്പന്നനായാല്‍ അറിവുള്ള അന്ധവിശ്വാസി ജനിക്കും. അന്ധവിശ്വാസികളായ മനുഷ്യര്‍ സ്വയം നശിപ്പിക്കും. സമൂഹത്തിന്റെ മുന്നേറ്റത്തെ തളര്‍ത്തും. അനാവശ്യ വിഷയങ്ങള്‍ പരിഗണിക്കാനുള്ള ബാധ്യത സൃഷ്ടിക്കും. പുനര്‍ജന്മം ലക്ഷ്യമിട്ട് പെണ്‍മക്കളെ കൊന്നവരെ കുറ്റപെടുത്തുകയും കളിയാക്കുകയും ചെയ്യുന്ന വിശ്വാസികളെ സൈബര്‍ലോകമെമ്പാടും കാണാനാവും. ഇതെങ്ങനെ സാധിക്കുന്നു എന്നാണ് ആവര്‍ത്തിക്കപെടുന്ന ചോദ്യം. പക്ഷെ ഇതേ ചോദ്യം അവരും നേരിടേണ്ടതുണ്ട്. നിങ്ങള്‍ താലോലിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന അതേ അന്ധവിശ്വാസങ്ങളാണ് ഈ തെലുങ്ക് ദമ്പതിമാരും പങ്കുവെക്കുന്നത്. വിശ്വസിക്കുന്നു എന്നവകാശപെടുന്ന കാര്യങ്ങളില്‍ കലര്‍പ്പില്ലാതെ വിശ്വസിക്കുന്നു എന്നതാണ് അവരെ നിങ്ങളില്‍നിന്നും വ്യത്യസ്തരാക്കുന്നത്. നിങ്ങള്‍ അവരാണ് എന്നു തിരിച്ചറിയുമ്പോഴാണ് നിങ്ങള്‍ക്കവരെ മനസ്സിലാക്കാനാവുക. നിങ്ങള്‍ക്കവരെ മനസ്സിലായാല്‍ നിങ്ങള്‍ നിങ്ങളല്ലാതെയാവും.