‘ഇന്ത്യയിലെ പുതിയ കാര്‍ഷിക പരിഷ്‌കരണ നിയമത്തെ കുറിച്ച് നേരിട്ട് പരാമര്‍ശിക്കുന്ന ഏക ഗ്രന്ഥം കുര്‍ആനാണ്’; വൈറലായി സി രവിചന്ദ്രന്റെ ട്രോള്‍


“മതഗ്രന്ഥങ്ങളില്‍ നിറയെ ആധുനിക ശാസ്ത്രം പില്‍ക്കാലത്ത് കണ്ടെത്തിയ സത്യങ്ങളാണെന്ന് വ്യാഖ്യാനിച്ച് വെളുപ്പിക്കുകയെന്നത് മത പ്രഭാഷകരുടെ സ്ഥിരം പരിപാടിയാണ്. എം എം അക്ബറിന്റെ ആഴക്കടല്‍ ആയത്ത് ഓഷ്യാനോഗ്രാഫി ആയത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. പക്ഷേ ഇങ്ങനെ വ്യാഖ്യാനിക്കാന്‍ തുടങ്ങിയാല്‍ ലോകത്തിലെ ഏത് സംഭവവും മത ഗ്രന്ഥങ്ങളില്‍ ഉണ്ടെന്ന് പറയാന്‍ കഴിയുമെന്നാണ് എഴുത്തുകാരനും പ്രഭാഷകനുമായ സി രവിചന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നത്. സ്ത്രീ കൃഷിയിടമാണെന്ന ഖുര്‍ആനിലെ വാചകം വ്യാഖ്യാനിച്ചാല്‍, പുതിയ കാര്‍ഷിക നിയമം പോലും കണ്ടെത്താന്‍ കഴിയുമെന്ന സി രവിചന്ദ്രന്റെ ട്രോള്‍ നവമാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

കുര്‍ആനും കാര്‍ഷികനിയമങ്ങളും

കുര്‍-ആനില്‍ കൃഷിയിടം (tilth) എന്ന വാക്ക് ഒന്നലധികം തവണ കടന്നുവരുന്നുണ്ട്. ഒന്നിതാണ്: ”നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കുംവിധം നിങ്ങള്‍ക്ക് നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്. നിങ്ങളുടെ നന്‍മയ്ക്ക് വേണ്ടത് നിങ്ങള്‍ മുന്‍കൂട്ടി ചെയ്തു വെക്കേണ്ടതുമാണ്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനുമായി നിങ്ങള്‍ കണ്ടുമുട്ടേണ്ടതുണ്ടെന്ന് അറിഞ്ഞിരിക്കുകയും ചെയ്യുക. സത്യവിശ്വാസികള്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക.” (Surah Al-Baqara Ayah #223).

ഈ വരികളുടെ ശരിയായ അര്‍ത്ഥം മനസ്സിലാക്കാന്‍ കുര്‍-ആന്‍ 4.34 കൂടി വായിക്കേണ്ടതുണ്ട്. അതിങ്ങനെയാണ്: ”പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയത് കൊണ്ടും, (പുരുഷന്‍മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്. അതിനാല്‍ നല്ലവരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷന്‍മാരുടെ) അഭാവത്തില്‍ (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ്. എന്നാല്‍ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക. അവരെ അടിക്കുകയും ചെയ്ത് കൊള്ളുക. എന്നിട്ടവര്‍ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരില്‍ ഒരു മാര്‍ഗവും തേടരുത്. തീര്‍ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു.”

ആലങ്കാരികഭാഷയിലാണ് കുര്‍ആനില്‍ ‘കൃഷിയിടം’ എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. ഇസ്ലാമിന്റെ ശത്രുക്കള്‍ പറയുന്നപോലെ സ്ത്രീ പുരുഷന്റെ അടിമയാണ് എന്ന് വിളിച്ചു കൂവുകയല്ലിവിടെ. കൃഷിയിടത്തില്‍ വിത്തുവിതച്ച് വിളകൊയ്യുന്നതു ആധുനിക കൃഷിശാസ്ത്രം അംഗീകരിക്കുന്ന കാര്യമാണ്. സത്രീ-പുരുഷ ബന്ധത്തിലൂടെ നവസൃഷ്ടി നടത്തുമ്പോള്‍ ഇരുകൂട്ടരും അമ്പത് ശതമാനം ജനിതകപദാര്‍ത്ഥം കൈമാറുന്നതിനാല്‍ അക്കാര്യമല്ല കുര്‍-ആന്‍ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. പിന്നെയെന്താണ് അവിടെ വിവരിക്കുന്നത്? ന്യായമായും കൃഷിയും കൃഷിയിടവും തന്നെയാണ് വിവക്ഷിക്കപെടുന്നത്.

വിത്തിന്റെ അമ്പത് ശതമാനം കൃഷിയിടം സംഭാവന ചെയ്യും എന്നു പറയുമ്പോള്‍ സബ്സിഡി എന്ന ആധുനിക കൃഷിവ്യാപര സങ്കല്‍പ്പമാണ് അനാവരണം ചെയ്യപെടുന്നത്. അമ്പത് ശതമാനം സബ്സിഡി സര്‍ക്കാര്‍ നല്‍കണം എന്നര്‍ത്ഥം. താങ്ങുവില (MSP) എന്ന സങ്കല്‍പ്പത്തെ ശക്തമായി സാധൂകരിക്കുന്ന ഒരു നിര്‍ദ്ദേശമാണിത്. ഏതിനം വിത്തുവിതയ്ക്കണം-എപ്പോള്‍ വിതയ്ക്കണം എന്നതിനുള്ള അധികാരം കൃഷിക്കാരനാണ് (പുരുഷന്) എന്ന് ആര്‍ത്ഥശങ്കയില്ലാതെ വി.ഗ്രന്ഥം പ്രഖ്യാപിക്കുന്നു. സത്യത്തില്‍ ആധുനിക മനുഷ്യാവകാശ പ്രഖ്യാപനങ്ങളെ അതിലംഘിക്കുന്ന സാര്‍വത്രികനീതിയാണ് ഇവിടെ പ്രതിപാദിക്കപെടുന്നത്.

അമ്പതു ശതമാനം സബ്സിഡി എന്ന ആശയം കാര്‍ഷികനിയമങ്ങളില്‍ വരുന്നത് ആധുനികകാലത്താണെങ്കിലും പതിനാല് നൂറ്റാണ്ടിന് മുമ്പ് ഈ കുര്‍ആന്‍ ഇക്കാര്യം തര്‍ക്കരഹിതമായ പറഞ്ഞുവെച്ചിരിക്കുന്നു. അതുപോലെ തന്നെയാണ് വിത്തിറക്കാനും വിള കൊയ്യാനും വില്‍ക്കാനും കര്‍ഷകന് സ്വാതന്ത്ര്യം വേണം എന്ന കുര്‍ആനിക ആശയവും. പില്‍ക്കാലത്ത് മനുഷ്യര്‍ കണ്ടെത്തുന്ന കാര്യങ്ങള്‍ വി.ഗ്രന്ഥങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കുന്നു എന്നത് നിസ്സാരമായി കാണുന്നവര്‍ ആഴത്തില്‍ പഠിക്കട്ടെ. ഇന്ത്യയിലെ പുതിയ കാര്‍ഷിക പരിഷ്‌കരണ നിയമത്തെ കുറിച്ച് നേരിട്ട് പരാമര്‍ശിക്കുന്ന ഏക വി.ഗ്രന്ഥം കുര്‍ആനാണ്.

ഭാര്യ കൃഷിയിടം ആണെന്ന വിശേഷണത്തിലൂടെ സ്ത്രീക്ക് കുര്‍ആന്‍ നല്‍കുന്ന സവിശേഷപ്രാധാന്യവും ആദരവും വ്യക്തമാകുന്നുണ്ട്. അന്നം തന്ന് ഊട്ടുന്നതും കൃഷിയിടം തന്നെയാണല്ലോ. കേവലരതിയേയും സന്താനോത്പാദനത്തെയും ഉല്ലംഘിക്കുന്ന മാനവിക മാനങ്ങള്‍ വി.ഗ്രന്ഥം ആധുനിക മനുഷ്യനെ പഠിപ്പിക്കുകയാണ്. 14 നൂറ്റാണ്ടിന് മുമ്പ് ജീവിച്ചിരുന്ന മനുഷ്യര്‍ക്ക് അജ്ജാതമായിരുന്ന ഒരു കാര്യം പച്ചയക്ക് പറയുകയാണ്. ഇവിടെ ഭാര്യ എന്നാല്‍ സ്ത്രീ എന്ന പ്രാഥമിക അര്‍ത്ഥം തന്നെ സ്വീകരിച്ചാല്‍ തെറ്റു പറയാനാവില്ല. പക്ഷെ ആരാണ് ആ സ്ത്രീ? അവിടെയാണ് കുര്‍ആനിക മഹത്വം ഒളിഞ്ഞുകിടക്കുന്നത്. ആ സ്ത്രീ ഭാര്യയാണോ? അല്ല. സാക്ഷാല്‍ ഭൂമി തന്നെയാണ് പരാമര്‍ശിക്കപെടുന്നത്.

ഈ വരികളുടെ സമഗ്രമായ അര്‍ത്ഥം വ്യക്തമാകണമെങ്കില്‍ കുര്‍ആന്‍ 4.34 കൂടി സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. അവിടെ വഴങ്ങാത്ത ഭാര്യയെ അടിക്കാമെന്ന് പറയുന്നുണ്ട്. എന്താണര്‍ത്ഥം? കൃഷിയിടം ഭൂമിയാണ്, ഭാര്യ സ്ത്രീയാണ്. അപ്പോള്‍ ഭാര്യയെ അടിക്കാം എന്നാല്‍ കൃഷിഭൂമിയില്‍ അടിക്കാം എന്ന് മനസ്സിലാക്കാം. കൃഷിഭൂമിയില്‍ ഒരാള്‍ എങ്ങനെയാണ് അടിക്കുന്നത്? കൃഷിഭൂമി ഉഴുതുമറിക്കുക, കൃഷിയിറക്കുക… എന്നൊക്കെയുള്ള അര്‍ത്ഥം മാത്രമേ അവിടെ സാധുവാകൂ. അതായത് മികച്ച രീതിയില്‍ കാര്‍ഷികവൃത്തി ഇഹലോകത്ത് നിര്‍വഹിക്കേണ്ടത് മനുഷ്യന്റെ അതിജീവനത്തിന് അനിവാര്യമാണെന്ന് കുര്‍-ആന്‍ അറിയിക്കുന്നു. 4.34 ല്‍ ഭാര്യയെ ആദ്യം ഉപദേശിക്കുക എന്ന വാക്കിന് അറബിമൂലം അനുസരിച്ച് കൃഷിഭൂമിയില്‍ വളമിടുക എന്ന വ്യാഖ്യാനമാണ് കൂടുതല്‍ ഉചിതമായി വരിക.

മനുഷ്യാദ്ധ്വാനത്തിന്റെ വില മനുഷ്യരാശിയെ ബോധ്യപെടുത്താന്‍ അവതീര്‍ണ്ണമായ ഗ്രന്ഥമാണ് കുര്‍-ആന്‍. അദ്ധ്വാനമഹത്വം വര്‍ണ്ണിക്കുന്ന ഗ്രന്ഥങ്ങള്‍ വേറെ കണ്ടെത്താനായേക്കും. പക്ഷെ ഇതുപോലെ നേരിട്ടും ആഴത്തിലുമുള്ള പരാമര്‍ശം മറ്റെങ്ങും കണ്ടെത്താനാവില്ല. അവതീര്‍ണ്ണമായ കാലത്തെ അറബികള്‍ക്ക് ധാരണയില്ലാതിരുന്ന കാര്യങ്ങളാണ് കാര്‍ഷിക സമ്പദ് വ്യവസ്ഥയുമായി ബന്ധപെടുത്തി കുര്‍ആന്‍ നിഷ്‌കര്‍ഷിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ നടപ്പാക്കുന്ന കാര്‍ഷികനിയമത്തിന് ശേഷമാണ് ലോകജനതയ്ക്ക് ഇക്കാര്യം തിരിച്ചറിയാനായത്.

ഒരു വിഭാഗത്തിന് മറ്റൊരു വിഭാഗത്തെക്കാള്‍ കഴിവ് അള്ളാഹു നല്‍കി എന്ന വാചകം ലിംഗനീതി സങ്കല്‍പ്പത്തിന് വിരുദ്ധമാണ് എന്ന വാദം തെറ്റാണ്. ഒരു നിറച്ച ഗ്യാസ് കുറ്റി ഒറ്റയ്ക്ക് എടുത്തുയര്‍ത്താന്‍ പുരുഷന് സാധിക്കും എന്നതു തിരിച്ചറിഞ്ഞാല്‍ അള്ളാഹുവിന്റെ കരാമത്ത് തിരിച്ചറിയാം. അടി കൊടുത്തിട്ട് അനുസരിപ്പിക്കുന്നവരെ പിന്നീട് ഉപദ്രവിക്കരുത് എന്ന് വി.ഗ്രന്ഥം പറയുന്നതും ശ്രദ്ധേയമാണ്. കൃഷിക്ക് വഴങ്ങുന്ന ഭൂമി ഊഷരമാക്കി കളയരുത് എന്ന ജാഗ്രതയും കരുതലുമാണ് ഈ വാക്യങ്ങളില്‍ നിഴലിക്കുന്നത്. നിങ്ങളുടെ കൃഷിഭൂമി ഇഷ്ടപെട്ട രീതിയില്‍ ഉപയോഗിച്ചുകൊള്ളൂ എന്ന കല്‍പ്പന കര്‍ഷകന്റെ സ്വാതന്ത്ര്യം ഉദ്ഘോഷിക്കുന്നതും ഇടനിലക്കാരെ ഒഴിവാക്കാന്‍ ആഹ്വാനം ചെയ്യുന്നതുമാണ്. ഇടനിലക്കാരുണ്ടെങ്കില്‍ ഇഷ്ടാനുസാരം ഉപയോഗിക്കാനാവില്ലല്ലോ.

ജൂതരുടെ ലൈംഗിക പാരമ്പര്യവാദത്തെ വിമര്‍ശിക്കുന്നതിലൂടെ (Sahih Bukhari, Volume 6, Book 60) നവീന കൃഷിരീതികളും കാര്‍ഷിക ബന്ധങ്ങളും ആധുനികലോകത്തില്‍ അനിവാര്യമാണെന്ന സന്ദേശം വ്യക്തമാകുന്നുണ്ട്. കൃഷിയുടെ സമ്പൂര്‍ണ്ണവും കാലികവുമായ പരിഷ്‌കരണമാണ് അവിടെ സൂചിപ്പിക്കപെടുന്നത്. ഇന്ത്യയിലെ പുതിയ കാര്‍ഷികനിയമം വിഭാവനം ചെയ്യുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സമാനമായ പരിഷ്‌കരണവാദമാണ് കുര്‍-ആനും ഉന്നയിക്കുന്നത്. ശരിയാണ്, കുര്‍ആന്‍ ആധുനിക രാഷ്ട്രനിര്‍മ്മാണവും നിയമനിര്‍മ്മാണവും പഠിപ്പിക്കാനായി എഴുതപെട്ട ഗ്രന്ഥമല്ല. അത് കൃഷിശാസ്ത്രം പഠിപ്പിക്കാന്‍ അവതീര്‍ണ്ണമായതുമല്ല. പക്ഷെ ആധുനികയുഗത്തിലെ കൃഷി നിയമനിര്‍മ്മാണങ്ങള്‍ക്ക് വിരുദ്ധമായതൊന്നും വി.ഗ്രന്ഥത്തില്‍ കണ്ടെത്താനാവില്ല എന്നത് ആരെയും ഇരുത്തി ചിന്തിപ്പിക്കും. അപ്പോഴും അവശേഷിക്കുന്ന ചോദ്യം പ്രസക്തമാണ്-2020 ല്‍ മനുഷ്യരുടെ നിയമനിര്‍മ്മാണസഭ അംഗീകരിച്ച ഒരു ബില്ല് 14 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വിഭാവനം ചെയ്യാന്‍ കുര്‍-ആന്‍ രചിച്ച ആള്‍ക്ക് എങ്ങനെ സാധിച്ചു?! ആരാണതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്? ഉത്തരം കണ്ടെത്തിയാല്‍ നിങ്ങള്‍ നിങ്ങളെ കണ്ടെത്തിയതായി ഉറപ്പിക്കാം.


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *