കമ്മ്യൂണിസത്തിനും ഇസ്ലാമിനും ഒരിക്കലും പരസ്പരം സഹിക്കാനാവില്ല; സി രവിചന്ദ്രന്‍ എഴുതുന്നു


‘കമ്മ്യൂണിസത്തിനും ഇസ്ലാമിനും ഒരിക്കലും പരസ്പരം സഹിക്കാനാവില്ല. പരമാധികാരം കിട്ടുന്ന സ്ഥലങ്ങളില്‍ ഒന്ന് മറ്റൊന്നിനെ അമര്‍ച്ച ചെയ്യും. അതിനി ചൈനയായാലും സോവിയറ്റ് യൂണിയനായാലും ഇറാനായാലും… ആത്യന്തികമായി ഒരേ തിരക്കഥയാവും കാണാനാവുക. ക്ളച്ച് പിടിക്കാത്ത സ്ഥലങ്ങളില്‍ ഇരുവരും പരസ്പരം നക്കിത്തോര്‍ത്തും, മതസൗഹാര്‍ദ്ദം പൂത്തുലയും.’- സി രവിചന്ദ്രന്‍ എഴുതുന്നു
ടൈം മെഷീന്‍

ഹസന്‍ സര്‍ദാര്‍ മികച്ച ഹോക്കി താരമാണ്, ഇമ്രാന്‍ഖാന്‍ ക്രിക്കറ്റില്‍ കേമനാണ്. ഇവര്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചാലും വേറെതെങ്കിലും മതകഥയില്‍ വിശ്വസിച്ചാലും മറ്റ് സാഹചര്യങ്ങള്‍ സമാനമായാല്‍ അതാത് മേഖലകളില്‍ മികവ് തെളിയിക്കാനാണ് സാധ്യത. നല്ല മനുഷ്യര്‍-മോശം മനുഷ്യര്‍ എന്ന വിഭജനത്തിന്റെ കാര്യവും സമാനമാണ്. നല്ല മനുഷ്യര്‍ ഏത് കഥ കേട്ട് വളര്‍ന്നാലും എത്ര ഗോത്രവെറി കുത്തി തിരുകിയാലും മനുഷ്യത്വത്തിന്റെ ഉദാത്തഭാവങ്ങള്‍ പ്രദര്‍ശിപ്പിക്കും. നല്ലവന്‍ ഹിന്ദുമതവിശ്വാസി ആയാല്‍ അവന്‍ നല്ല ഹിന്ദുവായി. നല്ലവന്‍ മുസ്ളിം കഥകള്‍ വെട്ടിവിഴുങ്ങിയാല്‍ അവന്‍ നല്ല മുസ്ലിമായി മാറും. ഇവിടെ പ്രശ്നമെന്തെന്നാല്‍ മനുഷ്യരെ പൊതുവെ നല്ലത്-ചീത്ത എന്ന രണ്ട് വെള്ളം കടക്കാത്ത കമ്പാര്‍ട്ടുമെന്റുകളാക്കാന്‍ സാധിക്കില്ല എന്നതാണ്. പലപ്പോഴും സാഹചര്യങ്ങള്‍ അനുസരിച്ച് അവരുടെ വ്യക്തിത്വം സ്വാധീനിക്കപെടും. വ്യക്തികളിലെ ഹിംസ ഊതിക്കത്തിക്കാന്‍ മതസംഹിതകള്‍ക്ക് സാധിക്കും.

മദ്യം പോലെതന്നെ മതം പലരും വ്യത്യസ്ത നിരക്കിലാണ് ഉപയോഗിക്കുന്നത്. അക്കാരണം ചൂണ്ടിക്കാട്ടി മതം മതം നിര്‍ദ്ദോഷമാണെന്ന പാല്‍ക്കുപ്പി വിശകലനങ്ങള്‍ താലിബറലുകള്‍ മുന്നോട്ടുവെക്കാറുണ്ട്. പലരും പല രീതിയിലും നിരക്കിലും ഉപയോഗിക്കുന്നതിനാല്‍ മദ്യം പ്രശ്നമല്ലെന്ന് ആരെങ്കിലും പറയുമോ?! മദ്യം ആരോഗ്യത്തിന് ഹാനികരമാണ്. കുറച്ചടിച്ചാല്‍, വെള്ളംചേര്‍ത്തടിച്ചാല്‍, വല്ലപ്പോഴും അടിച്ചാല്‍ നാശം കുറയും. മതത്തിന്റെ കാര്യവും സമാനം.

അഫ്ഗാനിസ്ഥാനില്‍ എഴുപതുകള്‍ വരെ ഇസ്ലാമിക തീവ്രവാദം ഉണ്ടായിരുന്നില്ല മറിച്ച് സാമ്രാജ്യത്വമാണ് അതുണ്ടാക്കിയതെന്ന് പറയുന്ന താലിബറല്‍ വാദം കേട്ടിട്ടുണ്ടോ? ഇസ്ലാമിക തീവ്രവാദം തുടങ്ങിയത് 1970 കളിലോ അഫ്ഗാനിസ്ഥാനിലോ അല്ല. പതിനാല് നൂറ്റാണ്ടായി വിവിധ രൂപഭാവഭേദങ്ങളില്‍ കത്തിയും കരിഞ്ഞും അത് ഈ ഭുമുഖത്ത് നിലവിലുണ്ട്. ഇരുപതാംനൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ അഫ്ഗാനിസ്ഥാനില്‍ അധിനിവേശം നടത്തുന്ന ആദ്യത്തെ സാമ്ര്യാജ്യത്വശക്തി സോവിയറ്റ് യൂണിയനാണ്. ഇക്കാലയളവില്‍ മതപോരാളികളെ ഉപയോഗിച്ച് അന്താരാഷ്ട്ര രാഷ്ടീയം നിയന്ത്രിക്കാന്‍ ആദ്യമായി ശ്രമിച്ച രാജ്യവും സോവിയറ്റ് യൂണിയനായിരുന്നു. 1973 ലെ യോംകിപൂര്‍ യുദ്ധത്തില്‍ അത് കാണാനായി. ഈജിപ്തിനെയും സിറിയയേയും എരിവ് കയറ്റി ഇസ്രായേലിനെതിരെ യുദ്ധത്തിനിറക്കിയ സോവിയറ്റ് യൂണിയന്‍ വിശ്വാസത്തിന് വേണ്ടി യുദ്ധംചെയ്യുന്ന മതപോരാളികളെ മുഖ്യശത്രുവിനും സഖ്യകക്ഷിക്കുമെതിരെ യുദ്ധവേദിയില്‍ എത്തിക്കുന്ന പണി തുടങ്ങിവെച്ചു. സോവിയറ്റ് തന്ത്രം കണ്ട് പതറിയ അമേരിക്ക ഇതേ ഐറ്റം അഫ്ഗാനിസ്ഥാനില്‍ സോവിയറ്റ് യൂണിയന് മറുമരുന്നായി നല്‍കി.

അഫ്ഗാനിസ്ഥാന്‍ സോവിയറ്റ് ടാങ്കുകളുടെ ശവപറമ്പായി മാറിയപ്പോള്‍ ഒമ്പത് വര്‍ഷത്തിനിടെ 15000 സോവിയറ്റ് ഭടന്‍മാര്‍ കൊല്ലപെട്ടു, 35000 പേര്‍ക്ക് ഗുരുതരമായ പരിക്കുകളേറ്റു. ഏകദേശം 4 ലക്ഷം അഫ്ഗാനികളാണ് 1980-89 യുദ്ധവുമായി ബന്ധപെട്ട് മരണമടഞ്ഞത്. അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയം നേരിട്ട് നിയന്ത്രിക്കാനും കമ്മ്യൂണിസ്റ്റുകാരോട് അനുഭാവമുള്ള പാവ സര്‍ക്കാരിനെ നിലനിര്‍ത്താനുമാണ് ബ്രഷ്നേവും ആന്ദ്രേപോവും ശ്രമിച്ചത്. എങ്ങനെയാണോ സോവിയറ്റ് യൂണിയന്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളെ അടിമരാജ്യങ്ങളാക്കി അവിടങ്ങളില്‍ പാവസര്‍ക്കാരുകളെ നിലനിറുത്തിയത്, സമാനമായ തന്ത്രമാണ് അഫ്ഗാനിസ്ഥാനിലും പയറ്റിയത്. പക്ഷെ കിഴക്കന്‍ യൂറോപ്പിലെങ്ങും അഫ്ഗാനിസ്ഥാന്‍ പ്രതിഭാസം ഉണ്ടായില്ല. എന്തായിരിക്കും കാരണം? അഫ്ഗാനിസ്ഥാനില്‍ ഉള്ള ഒന്ന് അക്കാലത്ത് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ സര്‍വശക്തിയായി നിലവിലുണ്ടായിരുന്നില്ല-മതം!

ബള്‍ഗേറിയയും യൂഗോസ്ളാവിയയുമൊക്കെ മുസ്ലിം ജനസംഖ്യ കാര്യമായി ഉണ്ടായിരുന്ന രാഷ്ട്രങ്ങളായിരുന്നെങ്കിലും മത-ഗോത്ര തലത്തില്‍ നിന്നും അവര്‍ ഏറെ മുന്നോട്ടുപോയിരുന്നു. അഫ്ഗാനിസ്ഥാനില്‍ സോവിയറ്റ് യൂണിയന് കിട്ടിയ പണിയുടെ ആരാധകരാണ് ചെച്നിയയില്‍ പുതിയ സമരമുഖം തുറന്ന് പില്‍ക്കാലത്ത് റഷ്യയെ വെല്ലുവിളിച്ചത്. സോവിയറ്റ് യൂണിയനെയും കമ്മ്യൂണിസത്തെയും കെട്ടുകെട്ടിക്കുന്നതില്‍ ലോകമെമ്പാടും ഇസ്ലാമും അമേരിക്കയും സഖ്യകക്ഷികളായിരുന്നു. ഇറാന്‍, ഇറാക്ക്, ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ പല രാജ്യങ്ങളിലും അധികാരത്തിലെത്തിയ ഇസ്ലാമികശക്തികള്‍ അതാത് ദേശങ്ങളിലെ കമ്മ്യുണിസ്റ്റ് നേതാക്കളെയും പാര്‍ട്ടിപ്രവര്‍ത്തകരെയും അക്ഷരാര്‍ത്ഥത്തില്‍ ഡിലീറ്റ് ചെയ്തുകളഞ്ഞു. കമ്മ്യൂണിസത്തിനും ഇസ്ലാമിനും ഒരിക്കലും പരസ്പരം സഹിക്കാനാവില്ല. പരമാധികാരം കിട്ടുന്ന സ്ഥലങ്ങളില്‍ ഒന്ന് മറ്റൊന്നിനെ അമര്‍ച്ച ചെയ്യും. അതിനി ചൈനയായാലും സോവിയറ്റ് യൂണിയനായാലും ഇറാനായാലും…ആത്യന്തികമായി ഒരേ തിരക്കഥയാവും കാണാനാവുക. ക്ളച്ച് പിടിക്കാത്ത സ്ഥലങ്ങളില്‍ ഇരുവരും പരസ്പരം നക്കിത്തോര്‍ത്തും, മതസൗഹാര്‍ദ്ദം പൂത്തുലയും.

അമേരിക്ക അഫ്ഗാനിസ്ഥാനില്‍ ഇറക്കിയ മതകാര്‍ഡ് തിരിച്ചുപിടിക്കാന്‍ പറ്റുന്ന ഒന്നായിരുന്നില്ല. അമേരിക്ക മുജാഹിദ്ദീനുകളെ സഹായിച്ചിട്ടുണ്ടെന്നത് ചരിത്രസത്യമാണ്. സോവിയറ്റ് സാമ്രാജ്യം നടത്തിയ അധിനിവേശമാണ് അതിന്റെ മുഖ്യ പ്രകോപനം. അതിലവര്‍ വമ്പന്‍ വിജയം നേടി. സോവിയറ്റ് യൂണിയന്‍ അഫ്ഗാനിസ്ഥാനില്‍ അടിയറവ് പറഞ്ഞെന്ന് മാത്രമല്ല, സ്വന്തംനിലയില്‍ തകര്‍ന്നടിഞ്ഞു. റൊണാള്‍ഡ് റീഗന്റെ എട്ട്(1981-89) വര്‍ഷങ്ങളെക്കുറിച്ചോര്‍ക്കുക. ലോകശക്തിയായിരുന്ന സോവിയറ്റ് യൂണിയന്‍ അഗതി രാജ്യമായി മാറി. സോവിയറ്റ് യൂണിയനെ തിരുത്താന്‍ മാത്രമല്ല മുജാഹിദീനുകള്‍ തുനിഞ്ഞത് മറിച്ച് അവിടുത്തെ പൊളിറ്റിക്കല്‍ സ്പേസ് കയ്യേറാന്‍ കൂടിയാണ്. ഇവിടെയാണ് മതത്തിന്റെ ഉള്ളടക്കം കടന്നുവരുന്നത്. ഇസ്ലാം രാഷ്ട്രീയമതമാണ്. ഇസ്ളാം എന്നു പറഞ്ഞാല്‍ മതി, പൊളിറ്റിക്കല്‍ ഇസ്ലാം എന്ന് പ്രത്യേകം സൂചിപ്പിക്കേണ്ടതില്ല. അധിനിവേശ ശക്തികളെ തുരത്തിയത് കൊണ്ട് ഇസ്ലാമിന്റെ ആവശ്യം പൂര്‍ത്തീകരിക്കപെടുന്നില്ല. ഇസ്ലാം അടിസ്ഥാനപരമായി ജനാധിപത്യത്തിന്റെ വിപരീതമാണ്. അത് മതേതര വിരുദ്ധമാണ്. അശാസ്ത്രീയവും അമാനവികവുമായ ഒരു മത-രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ്. അമേരിക്കയ്ക്കും കമ്മ്യൂണിസ്റ്റ്കാര്‍ക്കും തെറ്റിയത് അവിടെയാണ്.

അമേരിക്ക മുജാഹിദ്ദീനുകള്‍ക്ക് ചെയ്ത സഹായം മതത്തിന്റെ വിശേഷിച്ചും ഇസ്ലാമിന്റെ സ്വാഭാവം പരിഗണിക്കാതെയാണ്. ഇസ്ലാമികപോരാളികളുടെ സ്ഥാനത്ത് മറ്റേതെങ്കിലും പോരാളിസംഘമോ രാഷ്ട്രീയപ്രസ്ഥാനമോ ആയിരുന്നെങ്കില്‍ അഫ്ഗാനിസ്ഥാനില്‍ പിന്നീടുണ്ടായ അശാന്തി ഉണ്ടാകാന്‍ സാധ്യത കുറവാണ്. നിലവിലുള്ള ഭരണക്രമത്തെ അട്ടിമറിച്ചു കൊണ്ട് മറ്റൊരു സംഘം വരുന്ന പ്രശ്നമല്ല അഫ്ഗാനിസ്ഥാനില്‍ ഉള്ളത്. അത്തരം അട്ടിമറികളും അധികാരം പിടിച്ചെടുക്കലും ലോകമെമ്പാടും നടക്കാറുണ്ട്. ഒരു ആധുനിക ജനതയെ പതിനാല് നൂറ്റാണ്ട് പിറകോട്ട് നടത്താനുള്ള ശ്രമമാണ് അഫ്ഗാനിസ്ഥാനില്‍ നടക്കുന്നത്.

പിന്നോട്ടു സഞ്ചരിക്കുക എന്നത് മതങ്ങളുടെ സഹജ സ്വാഭാവമാണ്. ഒരു പട്ടാള മേധാവിക്കോ ഫാസിസ്റ്റിനോ പോലും എളുപ്പം സാധ്യമാകാത്ത കാര്യമാണത്. ഭരണ അട്ടിമറിയുണ്ടാകുന്ന രാജ്യങ്ങളില്‍ അധികാരികള്‍ ഒളിച്ചോടാറുണ്ട്, പക്ഷെ ജനം അവിടെയുണ്ടാവും. അഫ്ഗാനിസ്ഥാനില്‍ സംഭവിച്ചതുപോലെ യാത്രാവിമാനത്തിന് പിറകെ ഓടുന്ന പ്രാണഭീതിക്കടിപെട്ട ജനത അവിടെയെങ്ങും ഉണ്ടാകില്ല. മതം അതിന്റെ സഹജശുദ്ധിയില്‍ പെയ്തിറങ്ങുമെന്ന നട്ടെല്ല് മരവിപ്പിക്കുന്ന ഭീതിയാണ് അഫ്ഗാന്‍ ജനതയെ കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത്. ശുദ്ധമതഭരണത്തിന്റെ രുചിയറിഞ്ഞ വര്‍ഷങ്ങള്‍ അവരെ ഇപ്പോഴും വേട്ടയാടുന്നു.

താലിബാനോ ഐസിസോ ബൊക്കഹറാമോ മതപരമായി തെറ്റാണെന്ന് ഒരു ഇസ്ലാമിസ്റ്റിനും പറയാനാവില്ല. പറഞ്ഞാല്‍ മതപുസ്തകംകൊണ്ട് തന്നെ എറിഞ്ഞുവീഴ്ത്തപ്പെടും. മതം വെള്ളംചേര്‍ത്ത് ഉപയോഗിക്കുന്നു എന്നത് മതത്തിന്റെ സഹജ സ്വഭാവത്തെ റദ്ദാക്കുന്നില്ലെന്ന് മനസ്സിലാക്കണം. പഴയ സോവിയറ്റ് റിപബ്ളിക്കുകള്‍ ഉള്‍പ്പടെ പല മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലും മതേതര-ജനാധിപത്യ ഭരണകൂടങ്ങളുണ്ട്. പല രാജ്യങ്ങളും രാഷ്ട്രീയവും മതവും തമ്മില്‍ അതിര്‍വരമ്പുകള്‍ കല്‍പ്പിച്ച് മുന്നോട്ടുപോകുന്നവയാണ്. ഇതിന് കാരണം ഇസ്ലാം മാറിയതല്ല, മാറിയത് ഈ സമൂഹങ്ങളാണ്. അവര്‍ ഇസ്ലാമില്‍ നിന്നകന്നുകൊണ്ടിരുന്നു. അഫ്ഗാനിസ്ഥാന്റെ കാര്യം നേരെ വിപരീതമാണ്. അവര്‍ ഇസ്ലാമിലേക്ക് സഞ്ചരിക്കുന്നു.

മതം ഒരു ടൈം മെഷീനാണ്. താലിബാനൊപ്പം കൂടിയാല്‍ 1400 വര്‍ഷം ഒറ്റയടിക്ക് പിറകോട്ടോടാം. നിങ്ങള്‍ക്ക് മതത്തെ എണ്ണതേക്കണമെന്ന ആഗ്രഹമുള്ളതുകൊണ്ടു മാത്രം മതം മയമുള്ളതായി തീരുന്നില്ല. അഫ്ഗാനിസ്ഥാനിലും സമാന സാഹചര്യങ്ങളിലും ഉരുത്തിരിയുന്ന ദുരന്തങ്ങള്‍ക്ക് പല കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും. ഏക കാരണത്തില്‍ വിശ്വസിക്കുന്നത് മതങ്ങളും കമ്മ്യൂണിസംപോലുള്ള മതാത്മക കള്‍ട്ടുകളും മാത്രമാണല്ലോ. പക്ഷെ ഈ ബഹുവിധ കാരണങ്ങളില്‍ മുഖ്യപ്രതിസ്ഥാനത്ത് വരുന്നത് മതം തന്നെയാണ്. എങ്ങനെയിത് തിരിച്ചറിയാം? ഒരു സംഭവത്തിന്റെ ഏതൊക്കെ കാരണങ്ങള്‍ നീക്കംചെയ്താല്‍ അതില്ലാതാകുമോ എന്ന് സങ്കല്‍പ്പിച്ചു നോക്കുക. അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ തടവറയാകാന്‍ കാരണം സോവിയറ്റ് യൂണിയനോ അമേരിക്കയോ അധിനിവേശമോ അല്ല. അതിന്റെ കാരണംവരുന്നത് മതത്തില്‍ നിന്ന് തന്നെയാണ്. ബൊക്കോ ഹറാം ഏത് അധിനിവേശത്തിന്റെ സൃഷ്ടിയാണ്?

അഫ്ഗാനെ കമ്മ്യൂണിസ്റ്റുവല്‍ക്കരിക്കാനായി സോവിയറ്റ് പട്ടാളം അധിനിവേശം നടത്താതിരുന്നെങ്കില്‍?! അപ്പോഴും അഫ്ഗാന്‍സമൂഹം ഇസ്ലാമികരാഷ്ട്രീയത്തിന്റെ പിടിയിലേക്ക് പോകാന്‍ സാധ്യതയുണ്ടായിരുന്നു. സത്യത്തില്‍ ആ സാധ്യത മുന്‍കൂട്ടി കണ്ടാണ് സോവിയറ്റ് യൂണിയന്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നുകയറിയതെന്ന് രാഷ്ട്രീയചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. കുര്‍ആനിലെ ആയത്തുകള്‍ ഓതി രംഗത്ത് എത്തിയ അഫ്ഗാന്‍ കമ്മ്യൂണിസ്റ്റ് നേതാക്കളെ കണ്ട് അപകടം മണത്താണ് സോവിയറ്റ് പട്ടാളം അഫ്ഗാനിസ്ഥാനിലേക്ക് ഇരച്ചുകയറിയത്.

ശീതയുദ്ധകാലത്ത് വന്‍ശക്തികള്‍ നേരിട്ട് യുദ്ധം ചെയ്തിരുന്നില്ല. തദ്ദേശീയ ശക്തികളെ പിന്തുണച്ചും അവരെ ആയുധവല്‍ക്കരിച്ചുമാണ് വന്‍ശക്തികള്‍ ഏറ്റുമുട്ടിയിരുന്നത്. അമേരിക്ക വിയറ്റ്നാമില്‍നിന്ന് ഓടിയത് സോവിയറ്റ് യൂണിയന്റെ സൈനിക-സാമ്പത്തിക പിന്തുണ വിയറ്റ്നാമിന് ലഭിച്ചത് കൊണ്ട് മാത്രമാണ്. പ്രോക്‌സി വാര്‍ എന്ന ഓമനപ്പേരിലറിയപ്പെടുന്ന യുദ്ധതന്ത്രം ഇതാണ്. പാകിസ്ഥാന്‍ കാശ്മീരില്‍ ചെയ്യുന്ന അതേ കാര്യം. അഫ്ഗാനിസ്ഥാനില്‍ കുത്തിയിളക്കാന്‍ അമേരിക്കയ്ക്ക് ലഭ്യമായിരുന്നത് മതശക്തികളാണ്, പാകിസ്ഥാന് കാശ്മീരില്‍ ലഭ്യമായിരിക്കുന്നതും അങ്ങനെ തന്നെ. സോവിയറ്റ് സൈന്യത്തിന് പൂക്കള്‍ നല്‍കി പറഞ്ഞയക്കുന്ന ചിത്രങ്ങള്‍ നാം കണ്ടു. ദയവായി പോകരുത്, ഞങ്ങളെ രക്ഷിക്കണം എന്നാണ് അഫ്ഗാനികളും അവിടുത്തെ സര്‍ക്കാരും അമേരിക്കന്‍-നാറ്റോ സഖ്യത്തോട് വിളിച്ചു കേഴുന്നത്. അപ്പോള്‍ എല്ലാവരും ഭയപ്പെടുന്ന മറ്റെന്തോ അവിടെയുണ്ടെന്ന് വ്യക്തം. അഫ്ഗാന്‍ പ്രശ്നം മുഖ്യമായും ഒരു മതനിര്‍മ്മിത ദുരന്തമാണ് എന്നതിന് കൂടുതല്‍ വിശദീകരണം ആവശ്യമില്ല.


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *