പുഷ്പിക്കുന്ന ഭരണഘടന


കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പരമോന്നതകോടതി പുറപ്പെടുവിച്ച വിധികളും നിരീക്ഷണങ്ങളും രാജ്യത്തിന്റെ ഭരണഘടന പുഷ്പിച്ച് തുടങ്ങുന്നു എന്നതിന്റെ ലക്ഷണമാണ്. ഗോത്രീയവും അവികസിതവുമായ ഒരു സാമൂഹികമനസ്സിന് താങ്ങാനാവാത്ത തോതില്‍ പുരോഗമാനാത്മകമാണ് ഇന്ത്യന്‍ ഭരണഘടന. അടിസ്ഥാനപരമായി അതൊരു ഇറക്കുമതി കൂടിയാണ്. നല്ലത് എവിടുന്നും സ്വീകരിക്കണം എന്ന നിലപാടാണ് ഭരണഘടനാനിര്‍മ്മിതിയില്‍ മുഴച്ചുനില്‍ക്കുന്നത്. തദ്ദേശീയ ഭരണഘടനകളല്ല മികച്ച ഭരണഘടനകളാണ് പുരോഗമനസമൂഹങ്ങള്‍ ആവശ്യപ്പെടുന്നത്.

158 വര്‍ഷം പഴക്കമുള്ള IPC സെക്ഷന്‍ 497 വിവാഹിതയായ സ്ത്രീയുടെ വിവാഹബാഹ്യബന്ധങ്ങളെ വ്യഭിചാരമായി (adultery) പരിഗണിക്കുന്നതായിരുന്നു, കുറ്റകരമായി കാണുന്നതായിരുന്നു. ഇത് നിയമപരമായ പൗരസമത്വം ഉറപ്പാക്കുന്ന ആര്‍ട്ടിക്കിള്‍ 14 ന്റെ ലംഘനമാണെന്ന് കണ്ടെത്താന്‍ ആനബുദ്ധിയുടെ ആവശ്യമൊന്നുമില്ല. പുരുഷനും സ്ത്രീക്കും ഒരുപോലെ നിര്‍വഹണസാധ്യതയുള്ള ഒരു കാര്യത്തില്‍ ഒരാള്‍ക്കില്ലാത്ത അവകാശമോ കുറ്റമോ മറ്റേയാള്‍ക്ക് ബാധകമാകുന്നത്‌ ആര്‍ട്ടിക്കിള്‍ 14 ന്റെ മാനഭംഗം തന്നെയാണ്. പക്ഷെ ഇത്രയും കാലം ഈ പുരുഷകേന്ദ്രീകൃത ധാര്‍മ്മികതയും പേറി പരാതികളില്ലാതെ ജീവിക്കാന്‍ സമൂഹം നിര്‍ബന്ധിതമായി. ദുര്‍ഗന്ധം ഒരുപാട് മൂര്‍ച്ഛിച്ചത് മാത്രമല്ല ജനത്തിന്റെ ബൗദ്ധിക നാസാരന്ധ്രങ്ങള്‍ തുറന്നുതുടങ്ങിയതും അലമാരയിലെ കബന്ധം നീക്കംചെയ്യാന്‍ കോടതിക്ക് പ്രേരണയായി. ചെയ്യേണ്ടതാണ്, അനിവാര്യമാണ് എന്നൊക്കെ പറയുന്നതുകൊണ്ടുമാത്രം കാര്യമില്ലല്ലോ. ചെയ്യുക തന്നെ വേണം. സുപ്രീംകോടതി അത് ചെയ്തിരിക്കുന്നു.

ഇന്നത്തെ ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപെട്ട വിധിയിലും സമത്വം എന്ന ഭരണഘടനാവാഗ്ദാനം തന്നെയാണ് സുപ്രീംകോടതി മുറുകെപിടിച്ചത്. ഒരേ തോതില്‍ നിര്‍വഹണസാധ്യതയുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള അവകാശങ്ങള്‍ എല്ലാവര്‍ക്കും തുല്യമായിരിക്കണം എന്നാണ് കോടതി തെളിച്ചു പറഞ്ഞത്. ഇതാണ് ഭരണഘടനയെങ്കില്‍ ഇതല്ലാതെ വേറൊരു തീരുമാനവും എടുക്കാന്‍ സുപ്രീംകോടതിക്ക് സാധ്യമല്ലെന്നതാണ് വാസ്തവം. അതിനിടയിലും വിരുദ്ധപരാമര്‍ശം എഴുതിയ ന്യായാധിപ നമ്മെ ഏറെ ചിന്തിപ്പിക്കുന്നുണ്ട്. അവര്‍ പറഞ്ഞത് ശരിയാണ്- ഭക്തിയില്‍ യുക്തിയില്ല 🙂 പക്ഷെ ഭരണഘടനയിലും ശിക്ഷാനിയമത്തിലും അതുണ്ട്. അത് മനസ്സിലാക്കാത്തതിലെ പരാജയം വലുതാണ്.

ശബരിമലയിലെ സ്ത്രീപ്രവേശം ആരുടെയും വിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കുന്നില്ല. വിശ്വസിക്കാനുള്ള അവകാശം അവിടെ ഭദ്രമാണ്. ഏത് പൊട്ടക്കഥയിലും വിശ്വസിക്കാം, ഏത് പൊട്ടക്കിണറിലും എടുത്തുചാടാം. മതം ആചരിക്കാനുള്ള ഭരണഘടാനാവകാശം സോപാധികമാണ്. മറ്റുള്ളവര്‍ക്ക് നിങ്ങളുടെ കഥകളും ആചാരങ്ങളും പാലിക്കാന്‍ ബാദ്ധ്യതയില്ലെന്ന് ഓരോ വിശ്വാസിയും തിരിച്ചറിയണം. അന്ധവിശ്വാസങ്ങള്‍ പൊതുനിയമങ്ങളല്ല. ശബരിമലയില്‍ പോകരുത് എന്ന് വിശ്വസിക്കുന്ന സ്ത്രീകള്‍ പോകാതിരുന്നാല്‍ മതിയാകും. തങ്ങള്‍ പോകാന്‍ പാടില്ല എന്നതാണോ മറ്റുള്ളവര്‍ പോകരുത് എന്നതാണോ ഭക്തരുടെ ആവശ്യം? ആദ്യത്തേതാണെങ്കില്‍ ഈ വിധി അവരെ സ്പര്‍ശിക്കുക പോലുമില്ല. മതശക്തികള്‍ക്ക് വലിയതോതില്‍ ആഘോഷിക്കാനുള്ള വകുപ്പും ഈ വിധിയിലുണ്ട്. ഭക്തി കച്ചവടം കൊഴുക്കും, വരുമാനം വര്‍ദ്ധിക്കും, സമൂഹത്തില്‍ കൂടുതല്‍ ഇരുട്ടുപരക്കും, ജാതി-മത രാഷ്ട്രീയം തഴയ്ക്കും, ജനം കൂടുതല്‍ അന്ധവിശ്വാസികളാകും….ആനന്ദിക്കാന്‍ ഇതിലേറെ എന്തുവേണം?!(See-https://www.marunadanmalayali.com/…/c…/c-ravichandran-122599)

മൂന്നാമത്തെ നിരീക്ഷണം വന്നത് പട്ടികജാതി-പട്ടികവര്‍ഗ്ഗ സംവരണം സംബന്ധിച്ച സുപ്രീകോടതി ഭരണഘടന ബഞ്ചില്‍ നിന്നാണ്(https://scroll.in/…/with-creamy-layer-in-sc-st-quotas-supre…). ചീഫ് ജസ്റ്റീസ് അടങ്ങിയ ഈ ബഞ്ച് ബുധനാഴ്ച(26.9.18) ചരിത്രത്തില്‍ ആദ്യമായി പട്ടികജാതി-പട്ടിക വര്‍ഗ്ഗക്കാര്‍ക്കിടയില്‍ പ്രഭുവര്‍ഗ്ഗം ‍(ക്രീമീലെയര്‍) ഉണ്ടെന്നും സംവരാണാനുകൂല്യം നല്‍കുമ്പോള്‍ അത്തരക്കാരെ അരിച്ചുമാറ്റി അതേവിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് കൊടുക്കണമെന്നും വ്യക്തമാക്കി. പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരുടെ വകുപ്പുതല പ്രമോഷന്റെ കാര്യത്തില്‍ ആ വിഭാഗത്തിലെ പ്രഭുവര്‍ഗ്ഗത്തെയും സമ്പന്നരെയും ഒഴിവാക്കണം എന്നാണ് ബഞ്ച് പറഞ്ഞത്. ആര്‍ട്ടിക്കിള്‍ 14 മുതല്‍ 16 വരെയുള്ള ഭരണഘടനാ തത്വങ്ങളുടെ കൃത്യമായ വ്യാഖ്യാനമാണിത്.

‘പിന്നാക്കാവസ്ഥ’ വ്യക്തമാക്കുന്ന കണക്കുകള്‍ (quantifiable data) ശേഖരിച്ചതിന് ശേഷം മാത്രമേ പട്ടിക-ജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ജോലിക്കയറ്റത്തില്‍ സംവരണാനുകൂല്യം നല്‍കാവൂ എന്ന 2006 ലെ എം നാഗരാജ് Vs ഇന്ത്യന്‍ യൂണിയന്‍ കേസിലെ വിധിന്യായം ബെഞ്ച് തള്ളിക്കളഞ്ഞു. ഇതിനര്‍ത്ഥം പട്ടികാജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ‘ജാതി തന്നെ ധാരാളം'(ഒ.ബി.സിക്കാരെപ്പോലെ മാനദണ്ഡങ്ങള്‍ പാലിച്ച് പിന്നാക്കാവസ്ഥ തെളിയിക്കേണ്ടതില്ല), സാമൂഹികപിന്നാക്കാവസ്ഥ കണക്കുകള്‍ ഉദ്ധരിച്ച് തെളിയിക്കേണ്ടതില്ല-എന്ന ഇന്ദിരാ സാഹ്നി കേസിലെ(Indira Sawhney & Ors v. Union of India. AIR 1993) വിധിന്യായം തള്ളാന്‍ സുപ്രീകോടതി തയ്യാറല്ല എന്നാണ്. പക്ഷെ ഇന്നുവരെ ഒ.ബി.സി ക്കാര്‍ക്ക് മാത്രം ബാധകമായ ക്രീമിലെയര്‍ വ്യവസ്ഥ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കും ബാധകമാക്കണം എന്നു പറയുകയും ചെയ്തിരിക്കുന്നു. ഈ നിലപാട് ഒറ്റ നോട്ടത്തില്‍ വൈരുദ്ധ്യമുളവാക്കുന്നുണ്ടെങ്കിലും പട്ടികജാതി-പട്ടികവര്‍ഗ്ഗ സംവരണത്തിന്റെ കാര്യത്തില്‍ ആദ്യമായി ‘ജാതിയേതര മാനദണ്ഡം’ കൊണ്ടുവരുന്നത് ശ്രദ്ധേയമാണ്-അതും സാമ്പത്തിക മാനദണ്ഡം.

പട്ടികാജാതി-പട്ടികവര്‍ഗ്ഗക്കാരുടെ കാര്യത്തില്‍ ജാതി മാത്രംകൊണ്ട് സംവരണത്തിനുള്ള അര്‍ഹത പൂര്‍ത്തിയാകുന്നില്ല എന്നാണ് ഇവിടെ സ്ഥാപിക്കപ്പെടുന്നത്. വകുപ്പുതല സ്ഥാനക്കയറ്റത്തിന്റെ (promotion) കാര്യത്തിലുള്ള ഈ നിര്‍ണ്ണായക നയമാറ്റം സ്വാഭാവികമായും നിയമന കാര്യത്തിലേക്കും(recruitment) വ്യാപിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് മറ്റൊരു അനീതിക്കും വൈചിത്ര്യത്തിനും ഹേതുവാകും. ജോലി കിട്ടിയവര്‍ക്ക് ഒരു നീതി, കിട്ടാത്തവര്‍ക്ക് മറ്റൊരു നീതി എന്നുവന്നാലും ആര്‍ട്ടിക്കിള്‍ 14-16 വരെയുള്ള ഭരണഘടനാതത്വങ്ങള്‍ ലംഘിക്കപ്പെടുകയാണ്.

സത്യംപറയാന്‍ കാലം നിങ്ങളോട് ആവശ്യപ്പെടുന്നു. കൂട്ടത്തിന് മാത്രമല്ല കൂട്ടത്തിനുള്ളിലും നീതി വേണമെന്ന് ആവശ്യപ്പെടാനാവുന്നില്ലെങ്കില്‍ സ്വയം ലജ്ജിക്കണം. സമത്വം സംബന്ധിച്ച ഭരണഘടനാതത്വങ്ങള്‍ കൃത്യമായി നിര്‍വചിച്ച് ജാതിവെറിയരുടെയും സംവരേണ്യപ്രഭുക്കളുടേയും വായടിപ്പിക്കുകയാണ് കോടതി ചെയ്തിരിക്കുന്നത്. തങ്ങള്‍ക്കിഷ്ടപെടാത്ത കാര്യം പറഞ്ഞാല്‍ കോടതിക്ക് മേല്‍ കുതിരകയറാന്‍ സംവരേണ്യര്‍ മടിക്കാറില്ല. രാഷ്ട്രീയസമ്മര്‍ദ്ദം ഉപയോഗിച്ച് സുപ്രീംകോടതി നിലപാടില്‍ വെള്ളംചേര്‍ക്കുകയോ അക്രമം അഴിച്ചുവിട്ട് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയോ ചെയ്‌തേക്കാം. പക്ഷെ മനുഷ്യാവകാശങ്ങളുടെ കാവലാളായി നിലകൊണ്ട് ഭരണഘടന വിഭാവനം ചെയ്യുന്ന ഉന്നതതത്വങ്ങള്‍ വളച്ചൊടിക്കാതെ നിര്‍വചിക്കാന്‍ കോടതി തയ്യാറായെന്നത് വലിയ കാര്യം തന്നെയാണ്.

സാമ്പത്തികഘടകം സാമൂഹിക പിന്നോക്കവസ്ഥയുടെ അടിസ്ഥാനഘടകമാണെന്ന് സുപ്രിംകോടതി പണ്ടേ പറഞ്ഞിട്ടുള്ളതാണ്-പിന്നീട് തിരുത്തിയെങ്കിലും. സാമ്പത്തികം എന്ന ഘടകം സംവരണത്തിന്റെ അടിത്തട്ട് മുതല്‍ അംഗീകരിക്കുകയാണ് തത്വത്തില്‍ ഇപ്പോള്‍ സുപ്രീംകോടതി ബഞ്ച് ചെയ്തിരിക്കുന്നത്. സാമൂഹികം-സാമ്പത്തികം-വിദ്യാഭ്യാസം തുടങ്ങിയ ഘടകങ്ങള്‍ പരസ്പരബന്ധിതങ്ങളും കയറിയിറങ്ങി കിടക്കുന്നവയുമാണ്. അതില്‍ സാമൂഹികം മാത്രം എന്തോ വ്യത്യസ്തമായ inter stellar സാധനമാണെന്ന് സമര്‍ത്ഥിക്കാനാണ് സംവരേണ്യര്‍ എന്നും ശ്രമിച്ചിട്ടുള്ളത്.

എത്ര പുരോഗതിനേടിയാലും 2500 ഓളം ജാതികളും അതിലേറെ ഉപജാതികളും വരുന്ന വലിയൊരു ജനവിഭാഗം ചൊവ്വാമനുഷ്യരെപോലെ വ്യത്യസ്തരാണെന്നും ‘എത്ര തേച്ചാലും കുളിച്ചാലും’ അവര്‍ സാമൂഹികമായി ഒരിക്കലും ഉദ്ധരിക്കപ്പെടില്ലെന്നുമുള്ള മാനവികവിരുദ്ധവും ജാതിവെറിപ്രോബോധിതവുമായ നിലപാടാണ് ഇക്കൂട്ടര്‍ സ്വീകരിക്കുന്നത്. ഒരു ജനതയ്ക്ക് എന്തു സംഭവിച്ചാലും അവര്‍ മാറില്ലെന്നൊക്കെ പറയുന്നവരോട് സൗമ്യമായി കാര്യങ്ങള്‍ പറയുകയാണ് കോടതി ചെയ്തിരിക്കുന്നത്. പരിഹാസ്യമായ രീതിയില്‍ ഉയര്‍ന്ന വരുമാനം നിശ്ചയിച്ച് ഒ.ബി.സിക്കാരുടെ ക്രീമിലെയര്‍ സങ്കല്‍പ്പത്തെ നിസ്സാരവല്‍ക്കരിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പട്ടികജാതി-വര്‍ഗ്ഗക്കാരുടെ കാര്യത്തിലും ക്രീമിലെയര്‍ നിര്‍ദ്ദേശം വരുന്നത്. വിമാനവും കപ്പലും ഉള്ളവരൊഴികെ ബാക്കിയെല്ലാവര്‍ക്കും സംവരണം എന്നുറപ്പ് വരുത്താനാവും ഇവിടെയും സംവരണേര്യര്‍ ഉദ്യമിക്കുക.

മുസ്ലീംസ്ത്രീകള്‍ക്ക് ഏകീകൃത സിവില്‍കോഡിന്റെ ഗുണഫലങ്ങള്‍ നിഷേധിക്കുന്ന മുസ്ലീംപുരുഷാധിപത്യത്തെ പോലെയാണ് സംവരേണ്യനേതൃത്വം ക്രീമിലെയര്‍ കാര്യത്തില്‍ എക്കാലത്തും പ്രതികരിച്ചിട്ടുള്ളത്. സമുദായനേതൃത്വം അവരുടെ കയ്യിലാണ്. അവരവര്‍ക്ക് വേണ്ടി ജാതിപറഞ്ഞ് ബഹളമുണ്ടാക്കും. പുരോഗതി നേടിയാലും ഗ്രൂപ്പ് ഫോട്ടോയില്‍ നിന്ന് മാറി നില്‍ക്കാന്‍ തയ്യാറാവില്ലെന്ന് മാത്രമല്ല മുന്‍നിരയില്‍ എപ്പോഴും ഉണ്ടാകുമെന്ന് ഉറപ്പ് വരുത്തുകയുംചെയ്യും. ഏതൊരു ജാതിയിലും വരേണ്യവര്‍ഗ്ഗം അര്‍ബുദ കോശങ്ങളെപ്പോലെ പ്രസ്തുത സമുദായത്തിന് ലഭിക്കേണ്ട പരിഗണനയും പോഷകവും നിരന്തരമായി തട്ടിയെടുക്കുമെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ഏതൊരു വിഭാഗവും പുരോഗതിപ്രാപിക്കുന്നതിന് പ്രധാന തടസ്സവും ഈ വരേണ്യവര്‍ഗ്ഗം തന്നെയായിരിക്കും. ആ നിലയ്ക്ക് സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ ഈ തീരുമാനം ഒരു മനുഷ്യാവകാശരേഖ തന്നെയാണ്. നാളെ ഈ നിലപാടിന് എന്തു സംഭവിച്ചാലും ഇപ്പോഴത്തെ തീരുമാനത്തിന് ചരിത്രപ്രാധാന്യമുണ്ട്.

സുപ്രീംകോടതി ഒന്നിനു പിറകെ മറ്റൊന്ന് എന്ന രീതിയില്‍
പൊതുസമൂഹത്തെ സമത്വം പഠിപ്പിക്കുകയാണ്, അതിന്റെ സിരകളിലേക്ക് നീതിബോധം കുത്തിവെക്കുകയാണ്. It is a legal hat trick. ‘പുഷ്പ്പിക്കാത്ത സസ്യം’ എന്ന വിളിപ്പേര് ഭരണഘടനയില്‍ നിന്ന് മാറിപ്പോകുമ്പോള്‍ പൗരാവകാശങ്ങളെയും വ്യക്തിസ്വാതന്ത്ര്യത്തെയും വിലമതിക്കുന്ന, നീതിബോധമുള്ള ഒരു ജനതയായി പുരോഗമിക്കാനുളള നമ്മുടെ സാധ്യതയും ആനുപാതികമായി വികസിക്കുകയാണ്.

Ref: https://www.facebook.com/ravichandran200055/posts/1836455656391147

Leave a Reply

Your email address will not be published. Required fields are marked *