എന്താണ് സയന്റിഫിക് ടെമ്പര്‍മെന്റ്?; പ്രവീണ്‍ രവി എഴുതുന്നു


“നമ്മള്‍ ജനിച്ചു വീഴുന്നതു മുതല്‍ പരിസരങ്ങളോടും വെളിപാട് സാഹിത്യങ്ങളോടും ഉപദേശങ്ങളോടും കഥകളോടും ഒക്കെ വളരെ അനുകൂലമായി പ്രതികരിച്ചാണ് ശീലിച്ചത്. ആ കാട്ടിലേക്ക് പോവരുത് അവിടെ നരഭോജി കടുവ ഉണ്ട്’ എന്ന് ഗോത്ര തലവന്‍ പറയുമ്പോള്‍ അത് വിശ്വസിച്ചു അവിടെ പോകാതിരുന്നവരുടെ തലമുറ ആണ് അതിജീവിച്ചത്. എന്നാല്‍ ആധുനിക ലോകത്ത് ഈ ശീലം നമ്മുക്ക് തന്നെ ഒരു ബാധ്യത ആയി മാറിയിരിക്കുകയാണ്’- പ്രവീണ്‍ രവി എഴുതുന്നു.
എന്താണ് സയന്റിഫിക് ടെമ്പര്‍മെന്റ്?

എന്നോട് തന്നെ പലരും ചോദിച്ചിട്ടുണ്ട്, എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്ന ഈ സയന്റിഫിക് ടെംബര്‍ എന്ന്. ഞാന്‍ എനിക്ക് അറിയാവുന്ന ഭാഷയില്‍ വളരെ ലളിതമായി ഒന്നു വിശദീകരിക്കാന്‍ ശ്രമിക്കുകയാണ്.

രാജേഷ് മുറ്റത്ത് കളിക്കുകയായിരുന്നു, പെട്ടെന്ന് വന്ന മഴ അവനെ ആകെ നനച്ചു , ‘അമ്മ പറഞ്ഞതു കേള്‍ക്കാതെ രാജേഷ് വീണ്ടും മഴയത്തു കളിച്ചു. പിറ്റേ ദിവസം രാജേഷിനു കടുത്ത പനിയും ചുമയും ഉണ്ടായി. രാജേഷിനു പനി പിടിക്കാന്‍ ഉള്ള കാരണം താഴെ പറയുന്ന ഓപ്ഷനില്‍ നിന്നും ശരിയായത് തിരഞ്ഞെടുക്കുക.

A: വൈറല്‍ ഇന്‍ഫെക്ഷന്‍
B: മഴ നനഞ്ഞത് കൊണ്ട്
C: അമ്മ പറഞ്ഞതു അനുസരിക്കാത്തതു കൊണ്ട്

പരീക്ഷക്ക് ഈ ചോദ്യം ചോദിച്ചാല്‍ ഭൂരിഭാഗം ആളുകളും ഓപ്ഷന്‍ A, അതായത് വൈറല്‍ ഇന്‍ഫെക്ഷന്‍ എന്ന് ഉത്തരം എഴുതാന്‍ ആണ് സാധ്യത. എന്നാല്‍ ജീവിതത്തില്‍ സമാനമായ സംഭവം ഉണ്ടാകുമ്പോള്‍ പരീക്ഷക്ക് ശരി ഉത്തരം എഴുതിയ വലിയ ഒരു ഭൂരിപക്ഷം ജനതയും ഓപ്ഷന്‍ ബി പറയാന്‍ ആണ് സാധ്യത. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

വിശ്വാസം ഒരു ബാധ്യതയാവുമ്പോള്‍

പരിണാമം സ്‌കൂളില്‍ പഠിച്ചവന്‍ തന്നെ വീണ്ടും കാഴ്ച ബംഗ്ലാവിലെ കുരങ്ങന്‍ എന്തുകൊണ്ട് മനുഷ്യന്‍ ആകുന്നില്ല എന്ന് ചോദിക്കുന്നത് നമ്മള്‍ കേട്ടിട്ടില്ലേ?

നമ്മള്‍ ജനിച്ചു വീഴുന്നതു മുതല്‍ പരിസരങ്ങളോടും വെളിപാട് സാഹിത്യങ്ങളോടും ഉപദേശങ്ങളോടും കഥകളോടും ഒക്കെ വളരെ അനുകൂലമായി പ്രതികരിച്ചാണ് ശീലിച്ചത്. നമ്മുടെ പരിണാമത്തിന്റെ തന്നെ ഭാഗമായി ഇത്തരത്തില്‍ മുതിര്‍ന്നവരെയും സുഹൃത്തുക്കളെയും അനുസരിക്കുന്നത് നമ്മളെ അതിജീവിക്കാന്‍ ചെയ്യാന്‍ സഹായിച്ചിരുന്നു. “ആ കാട്ടിലേക്ക് പോവരുത് അവിടെ നരഭോജി കടുവ ഉണ്ട്” എന്ന് ഗോത്ര തലവന്‍ പറയുമ്പോള്‍ അത് വിശ്വസിച്ചു അവിടെ പോകാതിരുന്നവരുടെ തലമുറ ആണ് അതിജീവിച്ചത്.

എന്നാല്‍ ആധുനിക ലോകത്ത് ഈ ശീലം നമ്മുക്ക് തന്നെ ഒരു ബാധ്യത ആയി മാറിയിരിക്കുകയാണ്. അത് കൊണ്ട് ചോദ്യങ്ങള്‍ ചോദിക്കാനും, അതിലൂടെ കൃത്യമായ ഉത്തരങ്ങളിലേക്ക് എത്താനും ഉള്ള പരിശീലനം വീടുകളിലും ഇല്ല സ്‌കൂളുകളിലും ഇല്ല.

പാരമ്പര്യമായി കിട്ടിയ അറിവുകളും വിശ്വാസങ്ങളും കഥകള്‍ ആയും ഉപദേശം ആയും ചെറുപ്പം മുതല്‍ നമ്മിലേക്ക് ഫീഡ് ചെയ്യുന്ന രക്ഷിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും അധ്യാപകരും ഒക്കെ ചേര്‍ന്ന ഒരു പൊതുബോധം ആണ് നമ്മുടെ അറിവുകളില്‍ പലതും നിര്‍മ്മിക്കുന്നത്. അത് ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കാന്‍ നമ്മള്‍ മിനക്കെടാറില്ല എന്നതാണ് വസ്തുത. അത് ശരിയാണോ എന്ന് പരിശോധിക്കാന്‍ നമ്മള്‍ ഒരുപാട് ഊര്‍ജം ചിലവാക്കേണ്ടത് ഉണ്ട്, ഭൂരിഭാഗം ആളുകളും അതിനു മിനക്കെടാറില്ല. ഇനീം അങ്ങനെ ഒരുത്തന്‍ മിനക്കെട്ട് നമ്മളോട് നമ്മള്‍ വിശ്വസിക്കുന്ന ഒരു കാര്യം ശരിയല്ല എന്ന് പറഞ്ഞാല് അത് മനസ്സിലാക്കാന്‍ ഉള്ള അറിവ് നമ്മുക്ക് ഇല്ല എങ്കില്‍ അവിടെ വീണ്ടും തര്‍ക്കം ഉണ്ടാകും. തര്‍ക്കം പിന്നീടു ഈഗോ ആയി മാറും. എന്റെ വിശ്വാസം എന്ത് വില കൊടുത്തും സംരക്ഷിക്കും എന്ന വാശി വരുന്നത് അങ്ങനെ ആണ്.

ഇനീം ഇത്തരത്തില്‍ സ്വയം സയന്റിഫിക് ടെംപര്‍മെന്റ് ഉണ്ട് എന്നു പറയുന്ന എല്ലാവര്‍ക്കും അതുണ്ടോ എന്ന് ചോദിച്ചാലും അവിടെയും സമാനമായ വിശ്വാസങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കാണാം. ഉദാഹരണത്തിന് ഒരു സയന്റിഫിക് കൂട്ടായ്മയുടെ ഭാഗമായി ജീവിക്കുന്ന വ്യക്തി സ്വയം സയന്റിഫിക് ടെമ്പര്‍മെന്റ് ഉണ്ട് എന്ന് കരുതുകയും, ശാസ്ത്ര ലേഖനങ്ങളും ശാസ്ത്ര വിഷയങ്ങളും ഖാണ്ഡം ഖാണ്ഡമായി എഴുതുകയും പോസ്റ്റ് ചെയ്യുകയും മറ്റുള്ളവരോട് പറയുകയും ഒക്കെ ചെയ്യാം. പക്ഷേ വ്യക്തമായി പറയുന്ന കാര്യങ്ങളെ കുറിച്ച് മനസ്സിലാക്കിയിട്ടില്ല എങ്കില്‍ അയാളുടെ സയന്റിിഫിക് ടെംപര്‍മെന്റ് വളരെ ദൂര്‍ബലം ആയിരിക്കും.

ഒരു പരീക്ഷണം ഇങ്ങനെ

അതിനൊരു ഉദാഹരണം കൂടി പറയാം. നിങ്ങള്‍ ഇത്തരത്തില്‍ സ്വയം സയന്റിഫിക് ടെമ്പര്‍മെന്റ് ഉണ്ട് എന്ന് കരുതുന്ന ഒരാളാണ് എന്ന് വിചാരിക്കുക. നിങ്ങള്‍ക്ക് ഒരു അസുഖം വരുന്നു, സ്വാഭാവികമായും നിങ്ങള്‍ മോഡേണ്‍ മെഡിസിന്‍ ചികിത്സയ്ക്ക് തയ്യാറാകുന്നു, എന്നാല്‍ ഡോക്ടര്‍ നിങ്ങളോട് പറയുന്നു ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാനില്ല. കൂടി വന്നാല്‍ ആറുമാസം അല്ലെങ്കില്‍ ഒരു വര്‍ഷം. നിങ്ങള്‍ സയന്റിഫിക് ടെമ്പര്‍ മെന്റ് ഉണ്ട് എന്ന് സ്വയം കരുതുന്ന ആളാണ് എന്നതുകൊണ്ട് നിങ്ങള്‍ അങ്ങനെ തന്നെ മുന്നോട്ടുപോകാന്‍ ശ്രമിക്കുന്നു.

എന്നാല്‍ നിങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളും നിങ്ങളെ അകലെയുള്ള ഒരു ഒറ്റമൂലി വൈദ്യനേ കാണാന്‍ നിര്‍ദ്ദേശിക്കുന്നു. അയാള്‍ സമാനമായ നിരവധി ആളുകളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നിട്ടുണ്ട് എന്നും, ഇതും ഒന്ന് പരീക്ഷിക്കുന്നതില്‍ തെറ്റില്ല എന്നും നിങ്ങളെ നിങ്ങളുടെ സുഹൃത്തുക്കള്‍ നിര്‍ബന്ധിക്കുന്നു. മനസ്സില്ലാ മനസ്സോടെ ആണെങ്കിലും ഒന്നു പോയി നോക്കാന്‍ നിങ്ങള്‍ തീരുമാനിക്കുന്നു. ഇവിടെ സയന്റിഫിക് ടെമ്പര്‍ ശരിക്കും ഉള്ള ഒരാള്‍ ആണെങ്കില്‍ പോലും ചിലപ്പോള്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നിര്‍ബന്ധത്തിനു വഴങ്ങി കൊടുക്കാന്‍ സാധ്യതയുണ്ട്. ഇത്രയും ഭാഗം വരെ സയന്റിഫിക് ടെമ്പര്‍മെന്റ് ഉണ്ട് എന്ന് സ്വയം ഭാവിക്കുന്ന ആളും ശരിക്കും അതുള്ള ആളും തമ്മില്‍ പ്രകടമായ വ്യത്യാസങ്ങള്‍ ഒന്നും നിലപാടുകളില്‍ കാണാന്‍ സാധിക്കില്ല.

എന്നാല്‍ അത്ഭുതകരമെന്ന് പറയട്ടെ ഈ വൈദ്യരുടെ മരുന്ന് കഴിച്ചതോടെ നിങ്ങളുടെ അസുഖം മാറുന്നു. ഇവിടെ ആണ് സയന്റിഫിക് ടെമ്പര്‍മെന്റ് ശരിക്കുമുള്ള ആളും അതുണ്ട് എന്ന് സ്വയം കരുതിയ ആളും തമ്മിലുള്ള വ്യത്യാസം പ്രകടമാകാന്‍ പോകുന്നത്. സയന്റിഫിക് ടെമ്പര്‍മെന്റ് ഉണ്ട് എന്ന് സ്വയം കരുതിയ ആള്‍ ഈ അവസരത്തില്‍ തിരിച്ച് വിശ്വാസ ചികിത്സകളിലേക്കും പാരമ്പര്യ വൈദ്യത്തിലേക്കും പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതേസമയം ശരിക്കും സയന്റിഫിക് ടെമ്പര്‍ ഉള്ള ആള്‍, താന്‍ സ്വീകരിച്ച മരുന്നിനെ കുറിച്ച് പഠിക്കുകയും, തന്റെതിന് സമാനമായ അസുഖങ്ങള്‍ ലോകത്തില്‍ ഇത്തരത്തില്‍ സ്വയം മാറിയിട്ട് ഉണ്ടോ? താന്‍ നേരത്തെ എടുത്ത ട്രീറ്റ്‌മെന്റ് ശരിയാണോ? അതിന്റെ ഇഫക്ട് കൊണ്ടാണോ അസുഖം മാറിയത് എന്നിങ്ങളെ ശാസ്ത്രീയമായി തന്നെ തന്റെ അസുഖം മാറിയതിനു ഉള്ള കാരണങ്ങളെ കണ്ടെത്താന്‍ ശ്രമിക്കും.

യുക്തിവാദിയായി ആഭിനയിക്കുന്നവര്‍

യുക്തിവാദി ആയി അഭിനയിക്കാന്‍ ആര്‍ക്കും കഴിയില്ല, ജീവിതത്തില്‍ പരാജയങ്ങളും ദുരിതങ്ങളും ഉണ്ടാകുമ്പോള്‍ യുക്തിവാദി ആയി അഭിനയിക്കുന്നവന്‍ തിരിച്ചു വിശ്വാസി ആകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഇത്രയും പറഞ്ഞത് കൊണ്ട് സയന്റിഫിക് ടെമ്പര്‍മെന്റ് നിലനിര്‍ത്തുന്നതിന് എത്രമാത്രം ബൗദ്ധിക ഊര്‍ജ്ജം നമ്മള്‍ ചിലവാക്കേണ്ടി ഇരിക്കുന്നു എന്ന് നിങ്ങള്‍ മനസ്സിലാക്കി കാണും. നിങ്ങള്‍ക്ക് വിനോദിക്കാനും ഉല്ലസിക്കാനും സൊറ പറഞ്ഞ ഇരിക്കാനും ഉള്ള സമയങ്ങള്‍ എല്ലാം തന്നെ ഇത്തരത്തില്‍ ചിലവാക്കേണ്ടി വരും. അത് കൊണ്ട് തന്നെ ഇന്നും ലോകത്തില്‍ വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ പൂര്‍ണമായും സയന്റിഫിക് ടെമ്പര്‍മെന്റ് എല്ലാ കാര്യത്തിലും കൊണ്ടുപോകാന്‍ സാധിക്കുന്നുള്ളൂ. Being Rational is biologically a Costly Business.