സ്പാനിഷ് സര്‍ക്കാര്‍ നാഷണല്‍ സെന്റര്‍ ഓഫ് എപിഡമയോളജിയുടെ സഹായത്തോടെ അറുപതിനായാരംപേരെ പങ്കെടുപ്പിച്ച് നടത്തിയ കോവിഡ് റാപ്പിഡ് ആന്റിബോഡി സാമ്പിള്‍ രക്തപരിശോധന അനുസരിച്ച് രാജ്യത്തെ 5% പേര്‍ക്ക് രോഗബാധയുണ്ട്. മരണനിരക്ക് 1.1%. (https://www.aa.com.tr/…/study-5-of-spanish-populati…/1839965)
PCR സാമ്പിള്‍ ടെസ്റ്റിംഗ് ഫലങ്ങളാണ് സാധാരണ രോഗബാധിതരുടെ മൊത്തം കണക്കായി പുറത്ത് വരുന്നത്. ഇതിന്റെ ഏഴിരട്ടി മുതില്‍ 70 ഇരട്ടി വരെയുണ്ടാകും യഥാര്‍ത്ഥ കണക്കെന്ന് പ്രവചിക്കുന്ന മോഡലുകളുണ്ട്. സ്പാനിഷ് ജനസംഖ്യയുടെ 5% രോഗബാധിതരായി എന്നതില്‍ ശരിയുണ്ടെങ്കില്‍ യഥാര്‍ത്ഥ രോഗബാധിതരുടെ എണ്ണം ഇപ്പോഴുള്ളതിലും വളരെ കൂടുതലും മരണനിരക്ക് കുറവുമാണ്. രോഗബാധ ന്യൂനീകരിച്ച് കാണിക്കുന്നു-മരണനിരക്ക് പെരുപ്പിച്ച് കാണിക്കുന്നു എന്ന പ്രവചനമോഡല്‍ നിരീക്ഷണങ്ങളെ ഈ ടെസ്റ്റിംഗ് റിപ്പോര്‍ട്ട് ശരിവെക്കുന്നു. എങ്കിലും ചില മോഡലുകള്‍ അവതരിപ്പിക്കുന്നതുപോലെ വ്യാപകമായ തോതില്‍ രോഗബാധ സ്‌പെയിനില്‍ ഉണ്ടായിട്ടില്ലെന്നും പഠനം സൂചിപ്പിക്കുന്നു.
സ്‌പെയിനില്‍ നിലവില്‍ രോഗബാധിതരുടെ എണ്ണം 2.74 ലക്ഷവും മരണനിരക്ക് 10.21 % ഉം ആണ്. ടെസ്റ്റിംഗ് റിപ്പോര്‍ട്ടിന് അനുസരിച്ച് സ്‌പെയിനിലെ രോഗബാധിതരുടെ യഥാര്‍ത്ഥ എണ്ണം നിലവിലുള്ളതിലും എതാണ്ട് പത്ത് ഇരട്ടിയാണ്(23.5 ലക്ഷം). മരണനിരക്ക് ആകട്ടെ ഏതാണ്ട് പത്തിരട്ടി കുറവും. കോവിഡ് മരണങ്ങളോട് നിര്‍വചനപരമായി വളരെ ഉദാരമായ സമീപനം സ്വീകരിച്ച യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നാണ് സ്‌പെയിന്‍. റഷ്യ(2.63 ലക്ഷം രോഗികള്‍, 2418 മരണം, മരണനിരക്ക്-0.91% മാത്രം) പോലുള്ള രാജ്യങ്ങള്‍ പിന്തുടരുന്ന മാനദണ്ഡങ്ങള്‍ക്ക് ഇതുമായി നല്ല വ്യത്യാസമുണ്ട്. ഇപ്പോള്‍ നടന്നിരിക്കുന്നത് രക്തത്തിലെ റാപ്പിഡ് ആന്റിബോഡി ടെസ്റ്റാണ്. ലോകമെങ്ങും അതിന്റെ വിശ്വസനീയത ചോദ്യം ചെയ്യപെട്ടിട്ടുണ്ടെന്നതും വസ്തുതയാണ് (https://www.thehindu.com/…/rapid-failur…/article31417871.ece). കുറഞ്ഞ സംവേദക്ഷമതയാണ് (low sensitivity) പ്രധാന പരാതി.
സ്‌പെയിനിലെ ജനസംഖ്യ 4.70 കോടിയാണ്. അറുപതിനായിരംപേരുടെ രക്തം പരിശോധിച്ചു എന്നത് ശ്രദ്ധേയമാണ്. ഇത് സ്‌പെയിനിലെ മാത്രം ബാധകമായ പഠനമാണ്. ലോകത്ത് നടന്നിട്ടുള്ള മറ്റ് ആന്റിബോഡി ടെസ്റ്റുകളുമായി താരതമ്യപെടുത്തുമ്പോള്‍ കുറഞ്ഞ രോഗബാധയാണ് സ്പാനിഷ് ടെസ്റ്റ് കാണിക്കുന്നത്. 2 കോടിയോളം ജനസംഖ്യയുള്ള ന്യൂയോര്‍ക്കില്‍ നാലാഴ്ച മുമ്പ് നടന്ന പഠനഫലം അനുസരിച്ച് അവിടുത്തെ ജനസംഖ്യയുടെ 14% വരെ രോഗബാധിതരാണെന്ന് കണ്ടിരുന്നു. (https://www.ndtv.com/…/new-york-test-of-3-000-people-finds-…). മൂവായിരം പേരിലാണ് അവിടെ ടെസ്റ്റിംഗ് നടത്തിയത്.സ്‌പെയിനിലെ വ്യത്യസ്തസ്ഥലങ്ങളില്‍ വ്യത്യസ്ത രോഗനിരക്കാണ് പഠനഫലം കാണിക്കുന്നത്. ചിലയിടങ്ങളില്‍ തീരെ കുറവാണെങ്കില്‍ രോഗം പടര്‍ന്ന സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡില്‍ ജനസംഖ്യയുടെ 11.3% രോഗബാധിതരാണെന്ന് പഠനം പറയുന്നു.
കോവിഡ് രോഗബാധ സംബന്ധിച്ച നിരന്തര പഠനങ്ങള്‍ നടത്തുക എന്നത് രോഗപ്രതിരോധം സംബന്ധിച്ച് വളരെ അത്യാവശ്യമായ കാര്യമാണ്. ലോകമെമ്പാടും 2020 ഡിസമ്പറോടെ ഏറെക്കുറെ വ്യക്തമായ ചിത്രം ഉരുത്തിരിയും എന്നു പ്രത്യാശിക്കാം. അതുവരെ വൈറസിനൊപ്പം എങ്ങനെ ജീവിക്കാം എന്ന് ലോകം പരിശീലിക്കേണ്ടിയിരിക്കുന്നു. ലക്ഷക്കണിക്കിന് രോഗികളുമായാണ് യൂറോപ്യന്‍ രാജ്യങ്ങളെ ക്രമേണ ലോക്ക് ഡൗണില്‍ നിന്ന് പുറത്തുവരാന്‍ ശ്രമിക്കുന്നത്. പരാമവധി ജാഗ്രതയും പ്രതിരോധവുമായി അടച്ചിടാത്ത ഒരു ജീവിതം നയിക്കാന്‍ ലോകം നിര്‍ബന്ധിതമാകുകയാണ്.