രോഗത്തിന്റെ അതിര്‍ത്തികള്‍


സാധ്യതയുള്ള രോഗവ്യാപനത്തെ നേരിടാനുള്ള തയ്യാറെടുപ്പ് കാലമാണ് ലോക്ക്ഡൗണ്‍. വൈറസ് ദേശീയ-സംസ്ഥാന അതിര്‍ത്തികള്‍ പോയിട്ട് റവന്യു-പഞ്ചായത്ത് അതിര്‍ത്തികള്‍ പോലും പരിഗണിക്കുന്നില്ല. ഭരണപരമായ സൗകര്യത്തിനും രോഗനിയന്ത്രണത്തിനുമായാണ് ക്‌ളസ്റ്റര്‍ അപ്രോച്ച് പിന്തുടരുന്നത്. അങ്ങനെയാണ് ഇളവുകളും ഹോട്‌സ്‌പോട്ടുകളും വ്യത്യസ്ത മേഖലകളും തിരിച്ച് ലോക്ഡൗണ്‍ നടപ്പിലാക്കുന്നത്. ഇന്ത്യയില്‍ രോഗംബാധിച്ച 69-80 ശതമാനംപേരും യാതൊരു രോഗലക്ഷണവും പ്രകടിപ്പിക്കുന്നില്ലെന്നതും നമ്മുടെ ടെസ്റ്റ് നിരക്ക് വളരെ പിന്നിലാണെന്നതും പരിഗണിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ വിഭജനങ്ങള്‍ സാങ്കേതിക നടപടികള്‍ മാത്രമാണ്. വളരെ ചെറിയ സാമ്പിള്‍ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് നാം പ്രതിരോധനടപടികള്‍ക്ക് രൂപംനല്‍കുന്നത്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഒരു ദശലക്ഷത്തില്‍ 15000-30000 വരെ ആളുകളെ പരിശോധിക്കുന്നിടത്താണ് നാം 516 പേരെ മാത്രം ടെസ്റ്റു ചെയ്യുന്നത്. അമേരിക്ക 60 ലക്ഷം ടെസ്റ്റുകള്‍ നടത്തിയിടത്ത് അവരുടെ നാലരയിരട്ടി ജനസംഖ്യയുള്ള നാം 7.16 ലക്ഷം ടെസ്റ്റുകള്‍ മാത്രമാണ് നടത്തിയത്. ആദ്യഘട്ടത്തില്‍ ടെസ്റ്റിംഗില്‍ മുന്നില്‍ നിന്ന കേരളം ഇപ്പോള്‍ പിറകിലാണ്.

പത്ത് രോഗികളുള്ള ഒരു ജില്ലയില്‍ നിന്നും 5 രോഗികളുള്ള ജില്ലയിലേക്കുള്ള ഗതാഗതം നിരോധിക്കണം എന്നൊക്കെ പറയുന്നതിനെ ഈ വസ്തുതയുടെ പശ്ചാത്തലത്തില്‍വേണം കാണാന്‍. ഒരു ദിവസം 400 പേരെ ടെസ്റ്റ് ചെയ്താല്‍ പത്ത് പോസീറ്റീവ് കേസുകള്‍ ലഭിക്കുമെങ്കില്‍ 4 ലക്ഷം പേരെ പരിശോധിച്ചാല്‍ പതിനായിരം രോഗികളുണ്ടാവാം. അതായത് ജില്ലതോറും നൂറുകണക്കിന്, ആയിരക്കണക്കിന് രോഗികളുണ്ടാവാം. പോസിറ്റീവ് ആകുന്നവരുടെ എണ്ണം കുറയുന്നതിന്റെ കാരണം രോഗം പകരുന്നത് കുറയുന്നു എന്നാണെന്ന സങ്കല്‍പ്പവുമായി മുന്നോട്ടുപോകരുത്. പ്രധാനപെട്ട കാര്യം രോഗംബാധിച്ചവരെ പരിശോധിക്കുന്നില്ല എന്നതു തന്നെയാണ്. രാജ്യത്ത് രോഗമേഖലകളും ഹോട്‌സ്‌പോട്ടുകളുമൊക്കെ നിര്‍മ്മിച്ച് മുന്നോട്ടുപോകുന്നത് സാമ്പിള്‍ പരിശോധനകളുടെ അടിസ്ഥാനത്തിലായതിനാല്‍ ആചാരപരമായ പ്രധാന്യമേ അതിനുള്ളൂ എന്നു വരുന്നു. It looks so ritualistic.

സാമ്പിള്‍ പിരശോധനകളുടെ അടിസ്ഥാനത്തില്‍ ഇളവുകള്‍ അനുവദിക്കുന്ന സ്ഥലങ്ങള്‍ താരതമ്യേന രോഗരഹിതമെന്നും ഹോട്ട് സ്‌പോട്ടുകള്‍ രോഗനിബിഡമെന്നും ഒരു ധാരണ അറിയാതെ തന്നെ എല്ലാവര്‍ക്കും കൈവരുന്നുണ്ട്. ‘റെഡ് സോണില്‍ നിന്ന് ഗ്രീന്‍ സോണിലേക്ക് സഞ്ചാരം അനുവദിക്കരുത്’ എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ അത്തരമൊരു ധാരണയാണ് ഉണ്ടാകുന്നത്. അതനുസരിച്ച് ആളുകള്‍ പരസ്പരം അകറ്റാനും ഒറ്റപെടുത്താനും ശ്രമിക്കുന്നതും സാധാരണയാണ്. റോഡിലൂടെ മാത്രം രോഗം പകരുന്നു എന്നു കരുതാനാവുമോ? റോഡ് ബ്ലോക്കു ചെയ്യാമെന്നല്ലാതെ നൂറുകണക്കിന് കിലോമീറ്ററുകള്‍ നീളുന്ന ജില്ലാ അതിര്‍ത്തികള്‍ അടയ്ക്കാനാവില്ല. ജില്ലയ്ക്കുള്ളില്‍ സഞ്ചരിക്കാം, അതിര്‍ത്തി കടക്കരുത് എന്നതാണ് മറ്റൊരു നിയന്ത്രണം. ചെങ്ങന്നൂരില്‍ താമസിക്കുന്ന ഒരാള്‍ക്ക് സ്വന്തം ജില്ലയുടെ ഭാഗമായ ആലപ്പുഴ കടപ്പുറംവരെ സഞ്ചരിക്കാം, പക്ഷെ മീറ്ററുകള്‍ അപ്പുറത്തുള്ള പത്തനംതിട്ട-കോട്ടയം ജില്ലകളിലെ സ്ഥലങ്ങളിലേക്ക് പോകാനാവില്ല! ചങ്ങനാശ്ശേരിയില്‍ നിന്ന് ചെങ്ങന്നൂര്‍ വരെയുള്ള 18 കിലോമീറ്റര്‍ യാത്ര ചെയ്യുന്ന ഒരാള്‍ മൂന്ന് ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്. ഇവിടെയൊക്കെ ജില്ലാ അടിസ്ഥാനത്തിലാണ് വിലക്കുകള്‍ വരുന്നത്. പഞ്ചായത്തുകള്‍ സീല്‍ ചെയ്യുമ്പോള്‍ തൊട്ടപ്പുറത്തെ വീടുകളാണ് വിലക്കപെടുന്നത്.

കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുക, രോഗം തേടിപ്പോകാതെ രോഗികളെ തേടിപ്പോകുക. Test as aggressively as possible. രോഗ ലക്ഷണമുള്ളവരുടെ അഞ്ചിരട്ടിയെങ്കിലും ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ ചെയ്യുക. ആരോഗ്യസംവിധാനങ്ങളും സൗകര്യങ്ങളും ശക്തിപെടുത്തി റിവേഴ്‌സ് ക്വാറന്റീന്‍ നടപ്പിലാക്കുക. വാക്‌സിന്‍ വരുന്നവരെയെങ്കിലും രോഗികളെയും മുതിര്‍ന്നവരെയും ദുര്‍ബലരെയും സംരക്ഷിക്കുക. ആരോഗ്യമുള്ള ജനത സാമൂഹികഅകലവും വ്യക്തിശുചിത്വവും ജാഗ്രതയുമായി ജീവിതത്തിലേക്ക് പ്രവേശിക്കട്ടെ. സമ്പദ് വ്യവസ്ഥ അന്നമാണ്. ഉദ്പാദനം അതിജീവനമാണ്. പലര്‍ക്കും അടച്ചിരിക്കാന്‍ സാധിക്കുന്നത് ഭൂരിപക്ഷവും പുറത്ത് കഷ്ടപെട്ടതുകൊണ്ടാണെന്ന് മനസ്സിലാക്കണം. അടച്ചിട്ടിരിക്കുന്ന ജനത വൈറസ് പകര്‍ച്ചവ്യാധിയില്‍ നിന്നും മുക്തി നേടില്ല. എത്ര ഘട്ടങ്ങളായി വന്നാലും എത്ര വര്‍ഷം നീണ്ടാലും രണ്ടു രീതിയിലൂടെ മാത്രമേ ഏതൊരു സമൂഹത്തിനും കൂട്ടപ്രതിരോധം ആര്‍ജ്ജിക്കാനാവൂ. Some how, we need to have a hand shake with the virus. വൈറസുമായി ഏതെങ്കിലും തരത്തില്‍ ഹസ്തദാനം നടത്തുക, ഒന്നുകില്‍ രോഗബാധ അല്ലെങ്കില്‍ വാക്സിന്‍. ആദ്യഘട്ടത്തില്‍ രോഗം ബാധിക്കുന്ന സമൂഹങ്ങളും രാജ്യങ്ങളും രോഗബാധയുടെ തുടര്‍ഘട്ടങ്ങളില്‍ മുന്‍തൂക്കം നേടും.

ഇന്ത്യ പോലെ ലോകത്ത് ഒരു രാജ്യവും ഇത്രയും കര്‍ക്കശമായ രീതിയില്‍, ഇത്ര വലിയ ഒരു ജനതയെ അടിച്ചിട്ടിട്ടില്ല. TPR (test positivity rate) നിരക്ക് നോക്കിയാലും മരണസംഖ്യ നോക്കിയാലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും(ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക, ബര്‍മ്മ…) ഏഷ്യന്‍രാജ്യങ്ങളിലും(ദക്ഷിണകൊറിയ, തയ് വാന്‍, ജപ്പാന്‍ Etc) രോഗബാധ വളരെ കുറവാണ്. രണ്ടു മാസം പിന്നിടുമ്പോഴും പരിശോധിക്കുന്ന നൂറ് പേരില്‍ 4.4% ആളുകള്‍ക്കാണ് രോഗബാധ. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഇത് 18-22 ആണ്. ഒരു ഫാക്ടറിയിലോ ചന്തയിലോ ഒരാള്‍ക്ക് രോഗം ഉണ്ടെന്ന് കണ്ടാല്‍ അവ ഉടനടി അടച്ചിടുന്നു, രോഗം സ്ഥിരീകരിച്ചാല്‍ ആ നിമിഷം ആശുപത്രിയില്‍ പോകണം എന്ന് ചാനലുകള്‍ പ്രഖ്യാപിക്കുന്നു. ഇതൊക്കെ സമൂഹത്തില്‍ വല്ലാതെ ഭീതി പടര്‍ത്തുന്നുണ്ട്. യൂറോപ്പിലും അമേരിക്കയിലും ആകെ തകര്‍ന്നടിഞ്ഞു, അതുപോലെ ഇവിടെയും വരും എന്ന ഭീതിയാണ് ഇപ്പോള്‍ നാം നേരിടുന്ന പ്രധാന വെല്ലുവിളി. കോവിഡ് മറ്റേത് പകര്‍ച്ചവ്യാധിയേയും പോലെ ഒന്നാണ്. സാര്‍സിനെയു മെര്‍സിനെയും അപേക്ഷിച്ച് അപകടം കുറഞ്ഞ ഒന്ന്. രണ്ടു മാസമായി കേവലം നൂറ് വെന്റിലേറ്ററുകളാണ് രാജ്യത്താകെ ഉപയോഗിക്കേണ്ടി വന്നത്. പക്ഷെ ഈ രോഗം നമ്മുടെ സമൂഹത്തില്‍ ഉണ്ടാക്കിയിരിക്കുന്ന stigmatization നോക്കൂ. ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപെടുന്നു, മരിച്ചവരുടെ ജഡം അടക്കാന്‍ സമ്മതിക്കുന്നില്ല, രോഗം ഉണ്ടെന്ന് സംശയിക്കുന്നവരെ നാട്ടുകാരും അയല്‍ക്കാരും ഒറ്റപ്പെടുത്തുന്നു, നഴ്‌സുമാരെയും ആരോഗ്യപ്രവര്‍ത്തകരെയും ഒറ്റപെടുത്താന്‍ ശ്രമിക്കുന്നു…. ഇതെല്ലാം ഭീതിവ്യാപാരത്തിന്റെ ഫലമാണ്. വീണ്ടും പറയട്ടെ, ലോക്ഡൗണ്‍ തയ്യാറെടുപ്പ് കാലമാണ്. അത് വൈറസിനെ തുരത്തില്ല. നമ്മുടെ ലോക്ഡൗണ്‍ വിജയം നേടിയതിന്റെ കാരണം ഇവിടെ ഇതുവരെ സാമൂഹികവ്യാപനം ഇല്ലാതിരുന്നതിനാലാണ്. അടച്ചിട്ട് മൂന്നാമത്തെ ആഴ്ചയാണ് ഇറ്റലിയും സ്‌പെയിനും ഏറ്റവുമധികം അുഭവിച്ചത്. രാജ്യം ചത്തുകിടക്കുകയാണ്. ഏറിയാല്‍ രാജ്യത്തെ പത്തു ശതമാനം സേഫ് സോണിലിരുന്ന് മൊബൈല്‍ കുത്തി കളിക്കുകയാവും. അതല്ല 90 ശതമാനത്തിന്റെയും അവസ്ഥ. ലോക്ഡൗണിലൂടെ നാം നാം കുറെ ജീവനുകള്‍ രക്ഷിച്ചിട്ടുണ്ടെന്ന് കരുതാം, ഇനി രക്ഷിക്കാനുള്ളത് ജീവിതങ്ങളാണ്.


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *