ഉറങ്ങുന്ന വെള്ളം


ഇന്ത്യയിലെ കോവിഡ് രോഗികളില്‍ 69 ശതമാനവും യാതൊരു രോഗലക്ഷണവുമില്ലാത്തവരാണെന്ന് (asymptomatic) ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ICMR) പ്രഖ്യാപിച്ചിരിക്കുകയാണ്. (https://timesofindia.indiatimes.com/…/articles…/75282825.cms) എന്നാല്‍ രോഗലക്ഷണങ്ങളില്ലാത്ത/വളരെ നേരിയ രോഗലക്ഷണങ്ങളുള്ള രോഗികളാണ് എണ്‍പത് ശതമാനവും എന്നു സ്ഥിരീകരിക്കുന്ന ഒരു പഠനം ഉണ്ടെന്ന് ICMR ലെ എപിഡമിയോളജിസ്റ്റ് ഡോ രാമന്‍ ഗംഗകേദ്കര്‍ പറയുന്നുണ്ട്. ഇന്ത്യയിലാകെ നാല് ലക്ഷം സാമ്പിളുകള്‍ പരിശോധിച്ചതില്‍ 18601 പേര്‍ (4.6%)മാത്രമാണ് പോസിറ്റീവായത്. അതില്‍തന്നെ ഭൂരിപക്ഷത്തിനും യാതൊരു രോഗലക്ഷണവുമില്ല! രോഗപ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു സമൂഹത്തെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു പ്രശ്നമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. ഇന്ത്യന്‍ ജനസംഖ്യയുടെ ഒരു ശതമാനത്തെയെങ്കിലും പരിശോധിക്കണമെങ്കില്‍ ഇപ്പോള്‍ നടന്നതിന്റെ മുപ്പതിരട്ടി ടെസ്റ്റുകള്‍ നടക്കേണ്ടിയിരിക്കുന്നു. എത്ര മാസം വേണ്ടിവരും? അതിനിടയ്ക്ക് രോഗവ്യാപനത്തിന്റെ നിരക്കും തോതും വ്യതിയാനപ്പെടാം, നെഗറ്റീവായവര്‍ പോസിറ്റീവാകാം…. സങ്കീര്‍ണ്ണമായ വെല്ലുവിളികളാണ് അവിടെ.

വീടുവീടാന്തരം കയറിയിറങ്ങി എല്ലാ വൃദ്ധജനങ്ങളെയും പരിശോധിച്ച് മാത്രമേ ഈ സാഹചര്യം തരണംചെയ്യാനാവൂ എന്ന് ഒരു വിഭാഗം ആരോഗ്യവിദ്ധഗ്ധര്‍ പറയുമ്പോള്‍ ഇന്ത്യപോലൊരു വലിയ രാജ്യത്ത് എത്തിപിടിക്കാന്‍ കഴിയാത്തതിലും വലിയൊരു ലക്ഷ്യമാണെന്ന അഭിപ്രായവും ഉയരുന്നു. വലിയതോതിലുള്ള പരിശോധന(mass testing) സാധ്യമല്ലെന്ന് ICMR സമ്മതിക്കുന്നുണ്ട്. കോവിഡ് അവലോകന യോഗങ്ങളിലെല്ലാം ”Test, Test, Test..” എന്ന മന്ത്രമാണ് WHO ഉരുവിടുന്നത്. ആരൊയൊക്കെ ടെസ്റ്റ് ചെയ്യണം എന്ന് കൃത്യമായ ധാരണയില്ലാത്തതിനാല്‍ പരമാവധി എല്ലാവരെയും ടെസ്റ്റു ചെയ്യണം എന്നാണ് ആരോഗ്യവിദഗ്ധരുടെ നിലപാട്. കേവലം 4.6% മാത്രം പോസിറ്റീവ് ആകുന്ന പരിശോധനകള്‍ ധാരാളം പണവും ഊര്‍ജ്ജവും സമയവും അപഹരിക്കുന്നുവെന്നതില്‍ തര്‍ക്കമില്ല. രോഗലക്ഷണമില്ലാത്ത രോഗികള്‍ പ്രതിരോധപ്രവര്‍ത്തനത്തിന്റെ മുനയൊടിക്കും. ആരെയൊക്കെ പരിശോധിക്കണം എന്നതിനെക്കാള്‍ ആരെയൊക്കെ പരിശോധിക്കേണ്ട എന്ന് തീരുമാനിക്കുന്നതിന് വലിയ പ്രാധാന്യമുള്ളിടത്താണ് ഈ തിരിച്ചടി. കാര്യക്ഷമതയില്ലാത്ത ഉപകരണങ്ങളും തെറ്റായ പരിശോധനഫലങ്ങളുമാണ് മറ്റൊരു തലവേദന. ചൈനയില്‍നിന്നും ഇറക്കുമതി ചെയ്ത ദ്രുതപരിശോധനാ കിറ്റുകളില്‍ മൂന്നിലൊന്നും ഉപയോഗശൂന്യമോ തെറ്റായ ഫലം നല്‍കുന്നവയോ ആണെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയത് പ്രശ്‌നത്തിന്റെ ആഴം വ്യക്തമാക്കുന്നു.

കോവിഡ് രോഗികളില്‍ മൂന്നില്‍ രണ്ടുപേര്‍ക്കും രോഗലക്ഷണമില്ലെങ്കില്‍ ഭൂരിഭാഗം രോഗികളെയും കണ്ടെത്താന്‍ നമുക്ക് സാധിക്കില്ല. ക്വാറന്റീനിലുംആശുപത്രികളിലും ഉള്ളതിനെക്കാള്‍ എത്രയോ ഇരട്ടി രോഗബീജങ്ങളുമായി പുറത്തുണ്ടാവും! രോഗം വന്നുപോയത് പോലും അറിയാത്തവരുടെ സംഖ്യയുംചെറുതായിരിക്കില്ല. വൈറസ് ബാധയ്ക്ക് ശേഷമുള്ള പ്രജനനകാലം (incubation period) പരിഗണിച്ചാല്‍ സാര്‍സിനും (2-7 ദിവസം) മെര്‍സിനും (2-14), എബോളയ്ക്കും (2-21) കോവിഡ് 19 മായി (2-14 ദിവസം) വലിയ വ്യത്യാസമുണ്ടെന്ന് പറയാനാവില്ല. പ്രാരംഭത്തില്‍ 1-3% രോഗികള്‍ മരിക്കുന്നുവെന്ന് പറഞ്ഞിരുന്നുവെങ്കിലും നിലവില്‍ Covid’19 മരണനിരക്ക് (fatality rate) 7 ശതമാനമാണ് (25.72 ലക്ഷം രോഗികള്‍, 1.78 ലക്ഷം മരണം). SARS, MERS രോഗബാധകള്‍ 10-35% വരെ മരണനിരക്ക് കാണിച്ചപ്പോള്‍ 25-90% ശതമാനംവരെ ആയിരുന്നു എബോളയുടെ മരണനിരക്ക്. പക്ഷെ രോഗബാധ ഉണ്ടായാല്‍ വൈകാതെ കിടപ്പിലാകുമെന്നതിനാല്‍ രോഗിക്ക് എഴുന്നേറ്റ് നടന്ന് രോഗബീജം സമൂഹത്തില്‍ പ്രസരിപ്പിക്കാനാവില്ല. നേര്‍വിപരീതമാണ് കോവിഡ് വൈറസിന്റെ കാര്യം. കോവിഡിന്റെ R0 (ഒരാള്‍ എത്രപേരിലേക്ക് പകര്‍ത്തും എന്നതാണ് R0 കൊണ്ട് ഉദ്ദേശിക്കുന്നത്) 2.2-3.8 ആണ്. സാര്‍സും (2.0-4.0) സമാനമായ തോതില്‍ പകര്‍ച്ചാ സാധ്യതയുള്ള രോഗമാണ്. MERS (0.3-0.8) എബോള (1.5-1.8) തുടങ്ങിയ വ്യാധികളുടെ പകര്‍ച്ചാനിരക്ക് കുറവാണ് (https://science.thewire.in/…/if-covid-19s-symptoms-are-mil…/). എന്നാല്‍ രോഗലക്ഷണമില്ലാത്ത കോവിഡ് രോഗികളുടെ എണ്ണം ഈ താരതമ്യങ്ങളെ അസ്ഥിരപെടുത്തുന്നു.

രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതിന് ശേഷം മാത്രമേ സാധാരണയായി SARS പകരുന്നുള്ളൂ എന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെ ആ കാലഘട്ടത്തില്‍ രോഗികളെ ക്വാറന്റീന്‍ ചെയ്താല്‍ പകര്‍ച്ച തടയാനാവും എന്നും കണ്ടിരുന്നു. രോഗബാധയ്ക്ക് മുമ്പുള്ള പകര്‍ച്ചസാധ്യത എന്നൊരു സങ്കല്‍പ്പം കാര്യമായി പരിഗണിക്കപെടുന്നത് 2003 ലെ SARS ഔട്ട്‌ബ്രേക്കിനെ തുടര്‍ന്നാണ്. സാര്‍സിനെ സംബന്ധിച്ചിടത്തോളം ഇത് 11% ആണെങ്കില്‍ ഇന്‍ഫ്‌ളൂന്‍സ വൈറസിന് 30-50% വരെയാണ്. കോവിഡ് വൈറസാകട്ടെ അതിനപ്പുറം പോകുന്നു എന്നാണ് നമുക്ക് കാണാനാവുന്നത്. (https://www.livemint.com/…/how-bad-is-the-coronavirus-let-c…). ജനസംഖ്യയുടെ എത്ര ശതമാനത്തെ പരിശോധനയ്ക്ക് വിധേയമാക്കി എന്നതിനെക്കാള്‍ ഏത് ഘട്ടത്തിലാണ് പരിശോധന നടന്നത് എന്നതും കോവിഡിന്റെ കാര്യത്തില്‍ നിര്‍ണ്ണായകമാകുന്നു.

നിശബ്ദ രോഗവാഹകര്‍ (silent spreaders) രണ്ട് കാരണങ്ങളാല്‍ നിരപരാധികളാണ്. ഒന്ന്. തങ്ങള്‍ക്ക് രോഗം ഉണ്ടെന്ന് അവര്‍ക്കറിയില്ല രണ്ട്. തങ്ങള്‍ക്ക് രോഗം പരത്താന്‍ കഴിയും എന്നും അവര്‍ക്കറിയില്ല. എന്തായാലും ഈ അവസ്ഥ പുതിയതായി ഉണ്ടായതല്ല. കോവിഡ് രോഗവ്യപനം തുടങ്ങിയ സമയത്ത് തന്നെ ഉരുവംകൊണ്ട ഒരു സാഹചര്യമാണിത്. ഇന്ത്യയില്‍ നിലവില്‍18601 പേര്‍ക്കാണ് രോഗബാധയുള്ളതായി അറിയുന്നത്, മരണം 590. രോഗം പരത്തിയ ആള്‍ക്കാരെ കണ്ടെത്തി മുന്നോട്ടുപോകുകയാണ് നാം ചെയ്യുന്നത് Trace-Test-Treat എന്ന രീതി പ്രതിരോധാത്മകമായ ഒന്നാണ്. വൈറസിനെ പിന്തുടരുന്ന ഈ രീതിയേക്കാള്‍ അങ്ങോട്ട് ചെന്ന് ആക്രമിക്കുന്ന രീതിയാണ് പലരും നിര്‍ദ്ദേശിക്കുന്നത്. രോഗം പടരുന്ന സ്രോതസ്സ് Trace ചെയ്യാനാവാത്ത അവസ്ഥയാണ് സാമൂഹികവ്യാപനം (community spreading) എന്ന സാഹചര്യംകൊണ്ട് നാം ഉദ്ദേശിക്കുന്നത്. വിദേശത്ത് നിന്ന് എത്തുന്ന രോഗികള്‍-അവരില്‍ നിന്ന് പകരുന്ന രോഗികള്‍-പകര്‍ന്ന് കിട്ടിയവര്‍മൂലം രോഗബാധിതരാകുന്നവര്‍-പ്രാദേശികവ്യാപനം എന്നിങ്ങനെ നാല് ഘട്ടങ്ങളും വിഭാവനം ചെയ്യുന്നുണ്ട്. ഇവിടെ രണ്ടാംഘട്ടം മുതല്‍ അദൃശ്യ സ്രോതസ്സുകളില്‍(invisible sources) നിന്നുള്ള രോഗബാധ പ്രതീക്ഷിക്കേണ്ട സാഹചര്യമാണ് കോവിഡ് 19 നെ സംബന്ധിച്ചിടത്തോളം നിലവിലുള്ളത്.

ഫെബ്രുവരി 16 മുതല്‍ 26 വരെ WHO പ്രതിനിധിസംഘം ചെനയിലെ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഗതാഗത കേന്ദ്രങ്ങള്‍, കമ്മ്യുണിറ്റി സെന്ററുകള്‍ എന്നിവ നേരിട്ട് സന്ദര്‍ശിച്ച് ഡേറ്റാശേഖരണം നടത്തിയത് (Report of the WHO-China Joint Mission on Coronavirus Disease 2019 (COVID-19) അനുസരിച്ച് ‘ലക്ഷണരഹിതം'(asymptomatic) എന്ന വിഭാഗത്തില്‍ പെടുത്തിയ 75% പേര്‍ക്കും പിന്നീട് രോഗബാധയുണ്ടായി. രോഗത്തിന്റെ തുടക്കംമുതല്‍ ഒടുക്കംവരെ പൂജ്യം രോഗലക്ഷണങ്ങള്‍(zero symptoms) പ്രകടിപ്പിച്ച പല കേസുകളും WHO കണ്ടെത്തിയിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരില്‍ നല്ലൊരു പങ്കും pre-symptomatic വിഭാഗത്തില്‍ പെട്ടവരാണ് എന്നാണിത് സൂചിപ്പിക്കുന്നത്. അതായത് കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയ സമയത്ത് അവര്‍ asymptomatic ആയിരിക്കുമെങ്കിലും പിന്നീട് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കും. ഇത്തരക്കാര്‍ മരണപെട്ട നിരവധി സംഭവങ്ങളുണ്ട് (https://www.propublica.org/…/what-we-need-to-understand-abo…).

രോഗംബാധിച്ചു തൊട്ടടുത്ത ദിവസങ്ങളില്‍ പകര്‍ച്ച നിരക്ക് കൂടുതലായിരിക്കും. അത്തരക്കാരിലാണ് വൈറസിന്റെ അളവ് (viral load) കൂടുതല്‍. ചുമയോ പനിയോ ഒന്നുമില്ലെങ്കിലും സംസാരിക്കുമ്പോള്‍ തെറിക്കുന്ന ഉമിനീരും തുപ്പലും മാത്രമല്ല രോഗി തൊടുന്നതെല്ലാം പകര്‍ച്ചവസ്തുക്കളായി മാറും (https://www.medrxiv.org/conte…/10.1101/2020.03.15.20036707v2). രോഗലക്ഷണം ഇല്ലാത്തവര്‍ ആശങ്ക ഉയര്‍ത്തുന്നതിന്റെ മുഖ്യ കാരണമിതാണ്. എന്നാല്‍ രോഗലക്ഷണം കാണിക്കാത്ത രോഗികളെ കണ്ടെത്താനായി ബദ്ധപെടുന്നത് പകര്‍ച്ചവ്യാധി നിവാരണത്തില്‍ അത്ര പ്രാധാന്യമുള്ള കാര്യമല്ല എന്ന് അഭിപ്രായപെടുന്ന ആരോഗ്യവിദഗ്ധരുണ്ട്. യാതൊരു രോഗലക്ഷണവും പ്രകടിപ്പിക്കാതെ രോഗം വന്നുപോകുന്നവര്‍ക്ക് അമിത പ്രാധാന്യം നല്‍കേണ്ട കാര്യമില്ല. എല്ലാവരും സാമൂഹിക അകലവും വ്യക്തിശുചിത്വവും ജാഗ്രതയും പാലിക്കുക. രോഗബാധയുണ്ടെന്ന് കണ്ടെത്തിയവരും(infections documented) കണ്ടെത്താനുള്ളവരും(infections undocumented) തമ്മിലുള്ള വ്യത്യാസം കുറച്ചുകൊണ്ടു വരിക. രോഗംബാധിച്ചവര്‍ രോഗലക്ഷണം പ്രകടിപ്പിക്കുന്നുവോ ഇല്ലയോ എന്നത് കാര്യമായി എടുക്കേണ്ടതില്ല. രോഗലക്ഷണമില്ലാത്ത രോഗികളുടെ പിന്നാലെ പോകുന്നത് ശ്രദ്ധ തിരിച്ചുവിടും….ഇങ്ങനെപോകുന്നു ഇക്കൂട്ടരുടെ വാദങ്ങള്‍. മാര്‍ച്ച് 16 ന് സയന്‍സ് മാഗസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് വുഹാനില്‍ അടച്ചിടാന്‍ തീരുമാനിച്ച ജനുവരി 23 ന് മുമ്പ് ചൈനയില്‍ രോഗംബാധിച്ചവരില്‍ 86 ശതമാനത്തെയും കണ്ടെത്താനായിരുന്നില്ല (https://science.sciencemag.org/…/early/2020/03/24/science.a…) പിന്നീട് വുഹാനിലുണ്ടായ സാമൂഹികവ്യാപനത്തിന്റെ കാരണം ഇവിടെ വ്യക്തമാണ്. ‘കുരയ്ക്കാത്ത പട്ടിയും കെട്ടികിടക്കുന്ന വെള്ളവും വര്‍ദ്ധിച്ച ശ്രദ്ധ ആവശ്യപെടുന്നു’-കോവിഡിന്റെ കാര്യത്തില്‍ ഈ പഴമൊഴിയുടെ ഭാരം കൂടുകയാണ്.


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *