കൂട്ടത്തിനുള്ളിലെ നീതി


‘സംവരണസമവാക്യങ്ങള്‍’, ‘ജാതിപ്പൂക്കള്‍’ തുടങ്ങിയ അവതരണങ്ങളില്‍ പരാമര്‍ശിച്ച ഒരു കാര്യംകൂടി സര്‍ക്കാര്‍-രാഷ്ട്രീയ തലത്തില്‍ സജീവ ചര്‍ച്ചയ്ക്ക് ചര്‍ച്ചാവിഷയമാകുന്നു. പുതിയ വാര്‍ത്ത ഉത്തര്‍പ്രദേശില്‍ നിന്നാണ്. സംവരണം മുന്തിരിച്ചാറാണ്, കിട്ടിയവന്‍ കളയില്ല, കിട്ടാത്തവന്‍ ഉറങ്ങില്ല എന്നതായിരുന്നു പ്രസ്തുത അവതരണങ്ങളിലെ മുഖ്യ പ്രമേയങ്ങളിലൊന്ന്. ഭാവിയില്‍ കൂടുതല്‍ ജാതികള്‍ സംവരണപരിരക്ഷയുടെ കീഴില്‍വരും എന്നും നിരീക്ഷിച്ചിരുന്നു. മഹാരാഷ്ട്രയിലെ ഭരണവര്‍ഗ്ഗമായ മറാത്തകള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ 16 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള ബില്‍ മഹാരാഷ്ട്ര അസംബ്ലി കഴിഞ്ഞ മാസം പാസ്സാക്കിയിരുന്നു (https://www.thehindu.com/news/national/other-states/obc-quota-split-a-factor-in-up/article25783124.ece). പല സംസ്ഥാനങ്ങളിലും ജാതികളുടെ മുറവിളി അനുസരിച്ച് 50 മുതല്‍ 69 ശതമാനം വരെ സംവരണം ഏര്‍പ്പെടുത്തപ്പെടുകയാണ്.

പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരിലെ ക്രീമിലെയര്‍ വിഭാഗത്തെ കണ്ടത്തണമെന്നതായിരുന്നു പ്രസ്തുത അവതരണങ്ങളില്‍ പരാമര്‍ശിച്ച മറ്റൊരു കാര്യം. 2018 സെപ്തമ്പറില്‍ സുപ്രിംകോടതി പട്ടികജാതി-പട്ടിക വര്‍ഗ്ഗക്കാരിലെ ക്രീമിലെയറിനെ കണ്ടത്തണമെന്ന വിധിന്യായം മുന്നോട്ടുവെച്ചിരുന്നു(https://scroll.in/article/895981/with-creamy-layer-in-sc-st-quotas-supreme-court-fundamentally-changes-how-caste-reservations-work). SC-ST ജീവനക്കാരുടെ വകുപ്പുതല പ്രമോഷന്‍ കാര്യത്തിലുള്ള ഈ കണ്ടത്തല്‍ റിക്രൂട്ട്‌മെന്റിലും ബാധകമാക്കപ്പെടുമെന്ന് തന്നെ കരുതാം. ഒ.ബി.സി കളുടെ സംവരണം സംബന്ധിച്ച് ചില പ്രശ്നങ്ങളായിരുന്നു വേറൊന്ന്. ഒ.ബി.സി എന്ന സംവരണ കാറ്റഗറിയുടെ കാര്യം കേരളത്തില്‍ അത്ര പ്രസക്തമല്ല. കാരണം 1936 മുതല്‍ കേരളത്തില്‍ ജാതി തിരിച്ച് (ഈഴവര്‍, വിശ്വകര്‍മ്മജര്‍, LC/AI, മുസ്ലിം…തുടങ്ങിയവര്‍ക്ക് വെവ്വേറെ വിഹിതം) സംവരണം ഉണ്ടായിരുന്നു. നിലവില്‍ കേരളത്തിലെ ഒ.ബി.സി എന്നുപറയുന്നത് വിളക്കിത്തല നായര്‍, വെളുത്താട നായര്‍ തുടങ്ങി മറ്റ് രീതിയില്‍ സംവരണവിഹിതം ഇല്ലാത്ത കുറെ ജാതികളുടെ കൂമ്പാരമാണ്. അമ്പതില്‍ 3 മുതല്‍ 6 സീറ്റുകളാണ് ഇവര്‍ക്ക് സംവരണം ചെയ്തിരിക്കുന്നത്. അതായത് മൊത്തം സംവരണത്തിന്റെ 6-12%.

എന്നാല്‍ കേരളത്തിന് പുറത്ത് ഒ.ബി.സി ഒരു വലിയ ജാതിക്കൂമ്പാരമാണ്- പട്ടികജാതി-പട്ടിക വര്‍ഗ്ഗംപോലെ. ഉത്തര്‍പ്രദേശിന്റെ കാര്യമെടുക്കാം. അവിടെ യാദവ, ജാട്ട്, കുര്‍മി തുടങ്ങിയ പ്രബല വിഭാഗങ്ങള്‍ തൊട്ട് വളരെ പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍വരെ 27 ശതമാനം (54% of total reservation) വരുന്ന ഒ.ബി.സി സംവരണത്തിന് മത്സരിക്കുകയാണ്. യു.പിയിലും ബീഹാറിലുമൊക്കെ യാദവ്, ജാട്ട്, കുര്‍മി തുടങ്ങിയ വിഭാഗങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഭരണവര്‍ഗ്ഗങ്ങളാണ്. അവിടെ സംഭവിക്കുന്നതെന്തെന്ന് ഊഹിക്കാന്‍ എളുപ്പമാണ്. സംവരണത്തിന്റെ സിംഹഭാഗവും ഈ പ്രബല സമുദായങ്ങള്‍ കൈക്കലാക്കും. ബാക്കിയുള്ളവര്‍ക്ക് ഈ പ്രബലരുടെ സാന്നിധ്യം മൂലം കാര്യമായി ഒന്നും ലഭിക്കില്ല. കേരളത്തില്‍ ഉള്‍പ്പടെ പട്ടികജാതി-പട്ടിക വര്‍ഗ്ഗക്കാരുടെ കാര്യത്തില്‍ നിലനില്‍ക്കുന്ന അനീതിക്ക് സമാനമായ അവസ്ഥ.

ഇത് അങ്ങനെതന്നെ തുടരുന്നതാണ് പ്രബല സംവരേണ്യസമുദായങ്ങള്‍ക്ക് ഹിതകരം. കൂടെയുള്ളവരുടെ പിന്നാക്കാവസ്ഥ അവര്‍ക്ക് പാല്‍പ്പായസമാണ്. യു.പി യില്‍ ഒ.ബി.സി ലിസ്റ്റിലുള്ള 79 ജാതികള്‍ക്കാണ് 27 ശതമാനം സംവരണം. ഇതില്‍ സിംഹഭാഗവും മേല്‍പ്പറഞ്ഞ പ്രബലജാതികളാണ് സ്വന്തമാക്കുന്നത്. കൂട്ടത്തിന് മാത്രമല്ല കൂട്ടത്തിന് ഉള്ളിലും നീതി വേണം എന്നു പറഞ്ഞാല്‍ ഈ പ്രബലര്‍ ശക്തിയുക്തം എതിര്‍ക്കും. കാരണം ‘പാര്‍ട്ടി ഭിന്നിക്കാതിരിക്കേണ്ടത് ‘ അവരുടെ ആവശ്യമാണ്. അതിനായി അവര്‍ ഏതറ്റംവരെയുംപോകും. സംവരേണ്യകലാപങ്ങളുടെ പൊതു സിലബസ്സ് ഇതാണ്.

ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ ഒ.ബി.സി യുടെ 27 ശതമാനം സംവരണം മൂന്നായി വിഭജിക്കാന്‍ വീണ്ടും നിര്‍ദ്ദേശം വന്നിരിക്കുകയാണ്. ഒ.ബി.സി സംവരണം സംബന്ധിച്ച് പഠനം നടത്തിയ മുന്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി രാഗവേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള നാലംഗ കമ്മറ്റി റിപ്പോര്‍ട്ട് യോഗി ആദിത്യ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുന്നത് ഒ.ബിസി കളെ മൂന്നായി പട്ടികവല്‍ക്കരിക്കാനാണ്. റിപ്പോര്‍ട്ട് സര്‍ക്കാരിന് 2018 ഒക്ടോബറില്‍ അയച്ചുകൊടുത്തുവെങ്കിലും ഇതുവരെ സംസ്ഥാന അസബ്ലിക്ക് മുമ്പാകെ വെച്ചിട്ടില്ല. സമര്‍പ്പിക്കുന്നതിന് മുമ്പ് ലീക്കായി എന്നാണ് വാര്‍ത്തകളിലുള്ളത്(https://www.thehindu.com/news/national/other-states/obc-quota-split-a-factor-in-up/article25783124.ece) ഒ.ബി.സി ക്കുള്ളില്‍ താഴെപ്പറയുന്ന വിഭജനം ആണ് നിര്‍ദ്ദേശിക്കപ്പെടുന്നത്.

OBC(UP)-Total 79 Communities
…………………………………………………..
അതില്‍തന്നെ
(1) Backward(പിന്നാക്കവിഭാഗം)-7 ശതമാനം(യാദവ്, കുര്‍മി, ജാട്ട്… മൊത്തം 9 ജാതികള്‍)
…………………………………………………..
(2) More Backward OBC(അതിപിന്നാക്ക വിഭാഗം)-11ശതമാനം(Gurjar, Kushwaha-Maurya-Shakya, Prajapati, Gaderia-Pal, Baghel, Sahu, Kumhar, Teli and Lodh…..മൊത്തം 37 ജാതികള്‍)
…………………………………………………..
(3) Most Backward OBC(അത്യന്തം പിന്നാക്കം)-9 ശതമാനം(Mallah, Nishad, Kewat, Kashyap and Kahar, apart from Bind, Rajbhar, Bhar, Loniya Chauhan, Dheevar and Ghosi…..മൊത്തം 33 ജാതികള്‍)
……………………………………………………..

ഈ റിപ്പോര്‍ട്ട് നടപ്പിലായാല്‍ യാദവര്‍ക്കും കുര്‍മികള്‍ക്കും ജാട്ടുകള്‍ക്കും 27 ശതമാനം സംവരണത്തിന്റെ ആനുകൂല്യം ലഭിക്കില്ല. പകരം 7 ശതമാനം മാത്രം. നടപ്പിലാക്കപ്പെടാന്‍ വല്ല സാധ്യതയുമുണ്ടോ?! ബി.ജെപി സര്‍ക്കാരാണ് 2018 മേയില്‍ ഈ കമ്മറ്റിയെ നിയമിച്ചത്. സഖ്യകക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുടെ(SBSP) കടുത്ത നിര്‍ബന്ധം കാരണമായിരുന്നു കമ്മറ്റി രൂപീകരണം.ബി.ജെ.പി രാഷ്ടീയ ലാഭത്തിനായി കൊണ്ടുവരുന്ന റിപ്പോര്‍ട്ടാണെന്നോ സമാജ് വാദി-ബി.എസ്.പി സഖ്യത്തിന് പണി കൊടുക്കാനാണുള്ള തന്ത്രമാണെന്നോ ഈ നീക്കത്തെ വിലയിരുത്താം. പക്ഷെ റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്ന കണക്കുകള്‍ ഇത്തരമൊരു വിഭജനത്തെ ശരിവെക്കുന്നുണ്ട്.

യു.പി യില്‍ യാദവ, കുര്‍മി, ജാട്ട് തുടങ്ങിയ ‘പിന്നാക്കജാതികള്‍’ രാഷ്ട്രീയപരമായും സാമൂഹികപരമായും സാമ്പത്തികപരമായും പ്രബലരാണെന്നും ജനസംഖ്യയെക്കാള്‍ കൂടിയ പ്രാതിനിധ്യം അവര്‍ക്ക് ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ സര്‍വീസില്‍ ഉണ്ടെന്നും 400 പേജുള്ള റിപ്പോര്‍ട്ടിലുണ്ടെന്ന്‌ ‘ദി ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘They have not been socially oppressed and feel proud in telling their castes,’-എന്നാണ് റിപ്പോര്‍ട്ടിലെ ഒരു പരാമര്‍ശം. ജനസംഖ്യയ്ക്ക് ആനുപാതികമായ പ്രാതിനിധ്യം എന്നൊരു നിയമം സംവരണം സംബന്ധിച്ച് നിലവിലില്ല. പര്യാപ്തമായ പ്രാതിനിധ്യം(adequate representation) എന്നാണ് ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നത്. ഇവിടെ ജനസംഖ്യാ അനുപാതത്തിലും ഉപരിയായ പ്രാതിനിധ്യം ഉണ്ടായിട്ടും സംവരണം അവസാനിപ്പിക്കണമെന്ന ശിപാര്‍ശയല്ല വന്നിരിക്കുന്നത്! മറിച്ച് 7 ശതമാനം സംവരണം നിലനിര്‍ത്തണമെന്ന ശിപാര്‍ശയാണ് മുന്നോട്ടു വെച്ചിരിക്കുന്നത്. അതായത് അമിത പ്രാതിനിധ്യമുണ്ടെങ്കിലും സംവരണം നിലനിര്‍ത്തണം! അപ്പോള്‍ സംവരണമില്ലാത്ത വിഭാഗങ്ങള്‍ സമരത്തിലേക്ക് തിരിയുന്നതില്‍ അതിശയിക്കാനുണ്ടോ?

എന്നാല്‍ ഈ റിപ്പോര്‍ട്ട് തന്നെ നടപ്പിലാക്കാന്‍ സംവരണതമ്പുരാന്‍മാര്‍ അനുവദിക്കുമോ എന്നത് വേറെ കാര്യം. സംവരണം ‘ഒരു തുള്ളിപോലും’ കുറയ്ക്കാന്‍ ജാതിപ്രമാണികള്‍ സമ്മതിക്കില്ല. സമാജ് വാദി പാര്‍ട്ടിയും ജനതാദളുമൊക്കെ ഒ.ബി.സിക്കാരെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം ഉന്നയിച്ച് തെരുവിലിറങ്ങുമെന്ന് ഉറപ്പാണ്. 2001 ല്‍ രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനും സമാനമായ ഒരു റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. അതിലും മൂന്ന് ഗ്രൂപ്പുകളുണ്ടായിരുന്നു. ആദ്യത്തെ ഗ്രൂപ്പിന്(yadava, kurmi, jat..) 5 ശതമാനം സംവരണം മാത്രമേ നല്‍കിയിരുന്നുള്ളൂ. പക്ഷെ ബി.ജെപിക്ക് വൈകാതെ ഭരണം നഷ്ടപെട്ടതിനാലും നിര്‍ദ്ദേശത്തിന് കോടതി സ്റ്റേ വന്നതിനാലും റിപ്പോര്‍ട്ട് നടപ്പാക്കപ്പെട്ടില്ല.

തങ്ങളുടെ പട്ടികയിലുള്ളവര്‍ കാരണമാണ് തങ്ങള്‍ക്ക് അര്‍ഹമായ വിഹിതം നിഷേധിക്കപ്പെടുന്നതെന്ന് മിക്ക പിന്നാക്ക ജാതികള്‍ക്കും അറിയാം. ബ്രാഹ്മണ്യം, സംവരണവിരുദ്ധര്‍, അമേരിക്കന്‍ സാമ്രാജ്യത്വം… തുടങ്ങിയ പൊതുശത്രുക്കളെ ഉണ്ടാക്കി, ചാപ്പയടി വ്യവസായം കൊഴുപ്പിച്ച്‌ എക്കാലവും കൂട്ടത്തിന്റെ ഉള്ളടക്കം നിലനിര്‍ത്താനാവും സംവരേണ്യ പ്രഭുക്കള്‍ ശ്രമിക്കുക. കേരളത്തിലെ സംവരേണ്യര്‍ മേല്‍സൂചിപ്പിച്ച പ്രസന്റേഷനുകളോട് പ്രതികരിച്ചതും സമാനമായ രീതിയിലാണ്. ഗ്രൂപ്പ് ഫോട്ടോ പൊട്ടിക്കരുത് എന്നായിരുന്നു മുറവിളി. കിട്ടയവര്‍ക്ക് നിലനിറുത്തണം, കിട്ടാത്തവര്‍ക്ക് കിട്ടണം….! സംവരണ പട്ടികയിലേക്ക് ജാതികളെ പുതിയതായി ചേര്‍ക്കുന്നതും ഉളളവര്‍ക്ക് വിഹിതം കൂട്ടികൊടുക്കുന്നതും താരതമ്യേന എളുപ്പമാണ്. പക്ഷെ സംവരണം കുറയ്ക്കാനോ എടുത്തുകളയാനോ ശ്രമിച്ചാല്‍ അതത്ര എളുപ്പമാകില്ല. ഇന്ത്യയില്‍ സംവരണയുദ്ധങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. മതത്തെ നിയന്ത്രിക്കുന്നത് പോലെയാണ് ജാതിയുടെ കാര്യവും. പ്രീണിപ്പിക്കല്‍ അല്ലാതെ മറ്റൊരു ഉപായവും രാഷ്ട്രീയക്കാരുടെ പക്കലില്ല.


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *