മതത്തെ നേര്‍പ്പിക്കാനുള്ള ഉപായമൊന്നും രാഷ്ട്രീയത്തില്‍ ഇല്ല; സയന്‍സ് രക്ഷിക്കുന്ന ജീവിതങ്ങള്‍ – രവിചന്ദ്രൻ സി എഴുതുന്നു


“യുദ്ധം മുസ്ലീങ്ങള്‍ക്ക് വേണ്ടിയാണൈന്നും അതല്ല പാലസ്തീന് വേണ്ടിയാണെന്നും ഹമാസ് തിരിച്ചുംമറിച്ചും പറയുമെങ്കിലും ഇസ്രയേലിന്റെ ജനസംഖ്യയുടെ 20 ശതമാനം വരുന്ന മുസ്ലിങ്ങള്‍ക്കും പാലസ്തീന്‍ ആക്രമണങ്ങള്‍മൂലം ജീവന്‍ നഷ്ടപെടാത്തതില്‍ ഇരുമ്പ് മറ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്.” – രവിചന്ദ്രൻ സി.

സയന്‍സ് രക്ഷിക്കുന്ന ജീവിതങ്ങള്‍

ഇസ്രയേലില്‍ ഒരു മലയാളി ആരോഗ്യപ്രവര്‍ത്തക മതസംഘര്‍ഷത്തില്‍ കൊല്ലപെട്ട വിവരം നാം ചര്‍ച്ച ചെയ്യുന്നു. പാലസ്തീന്‍ തീവ്രവാദികളാണ് ആക്രമണം നടത്തിയത് എന്നെഴുതിയ ശേഷം പലരും സൈബര്‍ ലിഞ്ചിംഗില്‍ വശം കെട്ട് തിരുത്തി മാപ്പ് പറയുന്നു, ചില പോസ്റ്റുകളില്‍ നിന്ന് പാരഗ്രാഫുകള്‍ അപ്രത്യക്ഷമാകുന്നു… മനോഹരമായ പുതിയ ആചാരങ്ങള്‍! ഇനി ആചാരസംരക്ഷകരുടെ വരവാണ്! വിമോചനപോരാട്ടം എന്ന ചെല്ലപ്പേര് ഒഴിവാക്കി സംഗതി മതസംഘര്‍ഷമാണ് എന്ന് മിക്കവരും പരോക്ഷമായെങ്കിലും സമ്മതിക്കുന്നു എന്നതാണ് ശ്രദ്ധേയം. അതാണ് വാക്കുകള്‍ അങ്ങനെയായി പോകുന്നത്. ഇസ്ലാമിക മതസാഹിത്യം ജൂതര്‍ക്കെതിരെ നിഷ്‌കര്‍ഷിക്കുന്ന മരണമില്ലാത്ത വൈരമാണ് ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷത്തിന്റെ ഇന്ധനങ്ങളില്‍ പ്രധാന ഇനം. ഇവിടെ പ്രസക്തമായ ചോദ്യം ഇതാണ്: മതസംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ രാഷ്ട്രീയത്തിന് സാധിക്കുമോ? ഇല്ലെന്ന് ചരിത്രം സാക്ഷ്യപെടുത്തുന്നു.

മതവൈരം പുരാണ കഥയിലെ അശ്വത്ഥാമാവിന്റെ വ്രണംപോലെ അനശ്വരമായി പൊട്ടിയൊലിക്കും. ഒരു കക്ഷി അയഞ്ഞാല്‍ മറുകക്ഷി മുറുകും. ശാശ്വതമായി പരിഹരിക്കപെടണമെങ്കില്‍ മതങ്ങള്‍ നേര്‍പ്പിക്കപെടുകയോ അപ്രസക്തമാക്കപെടുകയോ ചെയ്യണം. രാഷ്ട്രീയത്തിന് മതസംഘര്‍ഷത്തില്‍ പ്രീണനം, പ്രകോപനം എന്നിവ സാധ്യമാണ്. മതത്തെ നേര്‍പ്പിക്കാനുള്ള ഉപായമൊന്നും രാഷ്ട്രീയത്തില്‍ ഇല്ല. താല്‍ക്കാലിക വെടിനിറുത്തലൊക്കെ സാധ്യമാകുന്നത് മതസംഘര്‍ഷത്തിലൂടെ ഉരുത്തിരിയുന്ന സമവാക്യങ്ങള്‍ അനുസരിച്ച് മാത്രമായിരിക്കും. ഉദാ- നാശം മുന്നില്‍കാണുന്നവര്‍ സമാധാനശ്രമങ്ങളില്‍ കൂടുതല്‍ ആവേശം കാണിക്കും, വിജയം കൊതിക്കുന്നവര്‍ അക്കാര്യത്തില്‍ തണുപ്പന്‍മാരായിരിക്കും.

രാഷ്ട്രീയവും മനുഷ്യന്റെ ഇടപെടലുകളും പരാജയപെടുന്നിടത്ത് പരിഹാരങ്ങള്‍ കൊണ്ടുവരാന്‍ സയന്‍സിന് സാധിക്കും. ഇന്നത്തെ ലോകത്ത് യുദ്ധങ്ങളും മനുഷ്യക്കുരുതികളും അകറ്റിയതില്‍ സയന്‍സിന് വലിയൊരു പങ്കുണ്ട്. അതിനുദാഹാരണമാണ് ഇസ്രായേല്‍ നിര്‍മ്മിച്ച ഇരുമ്പ് മറ അഥവാ Iron dome. 2011 മാര്‍ച്ച് 27 നാണ് ഇരുമ്പ് മറ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അതുമൂലം ലോകത്തുണ്ടായ നേട്ടം കണക്കുകൂട്ടലുകള്‍ക്കും അപ്പുറമാണ്. എന്തിനാണ് ഇരുമ്പ് മറ ഇസ്രയേല്‍ ഏര്‍പ്പെുത്തിയത്? ഹമാസ് എന്ന പാലസ്തീന്‍ തീവ്രവാദ സംഘടന പാലസ്തീന്‍ മേഖലയില്‍ നിന്ന് ഇസ്രയേലി പട്ടണങ്ങളിലേക്കും ജനാവാസകേന്ദ്രങ്ങളിലേക്കും റോക്കറ്റുകളും മിസൈലുകളും തൊടുത്തുവിടുന്നു. റോക്കറ്റുകളില്‍ നിന്ന് തങ്ങളുടെ ജനതയെ രക്ഷിക്കാനായാണ് ഇസ്രയേലിന്റെ ഇരുമ്പുമറ പ്രവര്‍ത്തിക്കുന്നത്.

ഹമാസ് റോക്കറ്റുകള്‍ ആകാശത്തിലേക്ക് കുതിച്ചുയര്‍ന്നാല്‍ ഇസ്രായേല്‍ ആന്റി മിസൈല്‍ മിസൈല്‍ കവചം അവയെ പിന്തുടര്‍ന്ന് അന്തരീക്ഷത്തില്‍ വെച്ച് ചാമ്പലാക്കുന്നു (https://www.youtube.com/watch?v=0d_h5uqnYOI). ചിലവ പൂര്‍ണ്ണമായും കത്തിതീരാതെ തറയില്‍ വീഴുന്നു. അയണ്‍ഡോമിന് നിലവില്‍ പത്ത് യൂണിറ്റുകളാണ് (battery) ഉള്ളത്. ഓരോന്നിനും ചെലവ് 50 മില്യണ്‍ US ഡോളര്‍ (ഏകദേശം 350 കോടി രൂപ). അയണ്‍ഡോം പ്രവര്‍ത്തിപ്പിക്കാന്‍ ഇസ്രായേലിന് ചുരുങ്ങിയത് 3500 കോടി രൂപ അടിസ്ഥാന ചെലവുണ്ട്. Interceptor Missile ഒന്നിന്റെ ചെലവ് ഒന്നിന് 40000 US ഡോളര്‍ വരും. ഹമാസ് ആയിരം റോക്കറ്റ് വിട്ടാല്‍ അത്രയും എണ്ണം Interceptor Missiles വേണ്ടിവരും. ഇത്രയും ചെലവും ജാഗ്രതയും കൊണ്ട് ആ മേഖലയില്‍ നിരന്തര യുദ്ധം ഒഴിവാകുന്നു. ജീവിതങ്ങള്‍ സംരക്ഷിക്കപെടുന്നു.

ഇസ്രയേല്‍ വളരെ ചെറിയ രാജ്യമാണ് (22,145 km²). കേരളത്തെക്കാള്‍ (38,863 km²) ചെറുത്. റോക്കറ്റും മിസൈലുകളുമൊക്കെ കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് ആകാശത്ത് വരും. ഏതെങ്കിലും റോക്കറ്റുകള്‍ അയണ്‍ഡോമിന്റെ കണ്ണുവെട്ടിച്ച് ജനവാസകേന്ദ്രങ്ങളില്‍ വീണാല്‍ നാശം സംഭവിക്കുന്നു. ഇക്കുറി ഇരുമ്പുമറ ഭേദിക്കാനായി 5 മിനിറ്റില്‍ 137 റോക്കറ്റുകള്‍ വരെ തൊടുത്തുവിട്ടു എന്നാണ് ഹമാസ് അവകാശപെടുന്നത്. അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന മിസൈലും റോക്കറ്റും പോലെയുള്ള ഉയര്‍ന്ന അളവില്‍ ചൂടുള്ള വസ്തുക്കളെ തിരിച്ചറിഞ്ഞ് പിന്തുടര്‍ന്ന് അന്തരീക്ഷത്തില്‍ വെച്ച് തന്നെ നശിപ്പിക്കുക എന്നതാണ് ഇവിടെ പ്രവര്‍ത്തിക്കുന്ന സാങ്കേതികതത്വം. But it is not impenetrable. അന്തരീക്ഷം നിറയെ അസംഖ്യം റോക്കറ്റുകള്‍/മിസൈലുകള്‍ ഒരേസമയം വന്നാല്‍ ഒന്നൊഴിയാതെ എല്ലാത്തിനെയും പിന്തുടര്‍ന്ന് നശിപ്പിക്കാന്‍ സാധിച്ചെന്ന് വരില്ല. ചിലതൊക്കെ മിസ്സാകും. അങ്ങനെ മുമ്പും സംഭിവിച്ചിട്ടുണ്ട്. പലതും ലക്ഷ്യംതെറ്റി ആളൊഴിഞ്ഞ സ്ഥലത്ത് പോയി വീഴും. ഇരുമ്പ് മറ 90-95 ശതമാനത്തിലേറെ വിജയം നേടിയതുകൊണ്ടാണ് ഇസ്രായേലി ജനതയുടെ ജീവനും സ്വത്തും കുറെ വര്‍ഷങ്ങളായി സംരക്ഷിക്കപ്പെട്ടുകൊണ്ടിരുന്നത്.

അയണ്‍ ഡോം ഇല്ലായിരുന്നെങ്കിലോ? അപ്പോഴും ഹമാസ് റോക്കറ്റ് വിടുകയാണെങ്കില്‍ ഫലം മറ്റൊന്നായിരിക്കും. കുറെയെണ്ണം ജനവാസകേന്ദ്രങ്ങളിലും പട്ടണങ്ങളിലും വീഴും. ഓരോ ബോംബിനും തിരിച്ചടിക്കാന്‍ ഇസ്രായേല്‍ ബാദ്ധ്യസ്ഥരാകും. ഹമാസ് ചെയ്യുന്നതുപോലെ പാലസ്തീന്‍ മേഖലകളിലേക്ക് തിരിച്ച് റോക്കറ്റ് തൊടുക്കാന്‍ ഇസ്രയേല്‍ തയ്യാറാവില്ല. കാരണം അങ്ങനെ ചെയ്താല്‍ ഉണ്ടാകാനിടയുള്ള നാശം അചിന്ത്യമായിരിക്കും. ആണവായുധംവരെ കയ്യിലുണ്ടെന്ന് കരുതപ്പെടുന്ന സൈനിക ശക്തിയാണവര്‍. അതേ നാണയത്തില്‍ തിരിച്ചടിച്ചാലും നേര്‍ക്ക് നേര്‍ കരയുദ്ധത്തിന് ഇസ്രയേല്‍ തയ്യാറായാലും ഫലം വ്യാപകമായ മനുഷ്യക്കെടുതി തന്നെയായിരിക്കും. ഉത്തരവാദിത്വപെട്ട ഒരു രാഷ്ടം എന്ന നിലയില്‍ ലോകം അവരെ കുറ്റവിചാരണ ചെയ്യും.

ഹമാസിന് അത്തരം പ്രശ്‌നങ്ങളൊന്നുമില്ല. ഇസ്ലാമിക പ്രതിരോധ സേന (Islamic Resistance Movement) എന്നാണ് അവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. അംഗങ്ങള്‍ ദൈവഭയമുള്ള ജിഹാദ് വിശ്വാസികളായ മുസ്ലിങ്ങളായിരിക്കണം എന്ന് 1988 ല്‍ പുറത്തുവന്ന ഹമാസ് കവനന്റ് ആവശ്യപെടുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ ഹമാസ് ഇത്രയധികം റോക്കറ്റ് വിടുന്നത് തന്നെ അവയില്‍ ഭൂരിഭാഗവും പരാജയപെടുമെന്ന് അറിഞ്ഞു തന്നെയാണ്. അതാണവരുടെ ആശ്വാസവും. റോക്കറ്റുകളില്‍ മിക്കതും ലക്ഷ്യംകണ്ടാല്‍ ഹമാസിന്റെ നിലനില്‍പ്പും പ്രശ്‌നമാകും. റോക്കറ്റ് വിട്ടു കാണിച്ചുകൊണ്ടിരുന്നാല്‍ അനുസ്യൂതമായ വിദേശപിന്തുണ ഉറപ്പാക്കാം. അയണ്‍ഡോം ഉള്ളതിനാല്‍ അധികം പ്രശ്‌നം ഇസ്രായേലില്‍ ഉണ്ടാകാത്തതിനാല്‍ അവരുടെ തിരിച്ചടിയുടെ തീവ്രതയും കുറയും. ചുരുക്കത്തില്‍ അയണ്‍ഡോം ഹമാസിന്റെ നിലനില്‍പ്പിനും സഹായകരമാണ്.

ജനസവാസകേന്ദ്രങ്ങളില്‍ ഒളിഞ്ഞിരിക്കുകയും സ്ത്രീകളെയും കുട്ടികളെയും മനുഷ്യമറയായി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്യുന്ന
സംഘങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് നശിപ്പിക്കുക എളുപ്പമല്ല. സ്വന്തം ജനതയെ കവചമായി (human shield) ഉപയോഗിക്കുന്ന ഏതൊരു സേനയും പ്രതീക്ഷിക്കുന്നത് ബാഹ്യസഹായമാണ്. പാലസ്തീനികള്‍ ഹമാസിന്റെ തടവുകാരാണ്. യുദ്ധം മുസ്ലീങ്ങള്‍ക്ക് വേണ്ടിയാണൈന്നും അതല്ല പാലസ്തീന് വേണ്ടിയാണെന്നും ഹമാസ് തിരിച്ചുംമറിച്ചും പറയുമെങ്കിലും ഇസ്രയേലിന്റെ ജനസംഖ്യയുടെ 20 ശതമാനം വരുന്ന മുസ്ലിങ്ങള്‍ക്കും പാലസ്തീന്‍ ആക്രമണങ്ങള്‍മൂലം ജീവന്‍ നഷ്ടപെടാത്തതില്‍ ഇരുമ്പ് മറ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്.

അയണ്‍ഡോം സാങ്കേതികത കണ്ടെത്താതിരുന്നെങ്കില്‍? നിഷ്ഫലമായ എത്ര വട്ടമേശ സമ്മേളനങ്ങളും പ്രതിനിധി ചര്‍ച്ചകളും പ്രസ്താവനയുദ്ധങ്ങളും നാം കാണേണ്ടിവരുമായിരുന്നു! അയണ്‍ഡോം ഉണ്ടായിരുന്നത് കൊണ്ട് മാത്രം സംഭവിക്കാതിരുന്ന യുദ്ധങ്ങളും ഇസ്രയേലി ആക്രമണങ്ങളുമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മനുഷ്യരാശിയെ തുണച്ചത്. മതരാഗത്തില്‍ കരയുന്നതും മതതാളത്തില്‍ അര്‍മാദിക്കുന്നതും തകര്‍ച്ചയുടെ പരമാവധിയാണ്. വര്‍ഗ്ഗീയ ലഹളകള്‍ നടക്കുന്നിടത്ത് മനുഷ്യരുടെ തുണിമാറ്റി നോക്കി വെട്ടി വീഴ്ത്തുന്ന സംഭവങ്ങള്‍ ഇന്ത്യന്‍ ചരിത്രത്തില്‍ നിരവധി. സമാനമായി, കൊല്ലപെടുന്നവരുടെ മതവും രാഷ്ട്രീയവും നോക്കി വിലപിക്കുന്ന വിലക്ഷണമായ രുദാലിപ്പണി ആധുനിക സമൂഹം ഏറ്റെടുക്കരുത്. എവിടെ മനുഷ്യന്‍ കരിഞ്ഞുവീണാലും ഉണ്ടാകുന്ന ശ്വാസംമുട്ടലാണ്‌ മനുഷ്യരാശിയെ വഴിനടത്തേണ്ടത്‌.


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *