ശാസ്ത്രജ്ഞരില്‍ കൂടുതലും മതവിശ്വാസികളാണ് എന്ന മതവാദം കൗതുകകരമാണ്. മതം പ്രവര്‍ത്തിച്ചല്ല മതവിരുദ്ധമായി പ്രവര്‍ത്തിച്ചാണ് മതവിശ്വാസി ശാസ്ത്രജ്ഞര്‍ നേട്ടംകൊയ്യുന്നത്. വിശ്വാസികള്‍ ശാസ്ത്രത്തില്‍ നേട്ടം കൈവരിക്കുമ്പോള്‍ അവര്‍ മതത്തെ കൂടുതല്‍ അപമാനിക്കുകയാണ്. കൂദാശയും കൂടോത്രവും ഉപയോഗിച്ച് റോക്കറ്റ് വിക്ഷേപിച്ചാലേ മതത്തിന് അഭിമാനിക്കാന്‍ വഴിയുള്ളൂ. അല്ലാതെ നിരീശ്വരവാദപരമായ സയന്‍സിന്റെ സങ്കേതങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് നേട്ടം കൈവരിച്ചിട്ട് കാര്യമില്ല. ലഹരിക്ക് അടിമ ആയ ഒരാള്‍ ലഹരി ഉപയോഗിക്കാത്ത കാലത്ത് കൈവരിക്കുന്ന നേട്ടം ലഹരിയുടെ മേന്മയാകുമോ?! |
ചെയിന്‍ റിയാക്ഷന്‍
നൊബേല്‍ സമ്മാനജേതാക്കളില്‍ കേവലം 10.5% മാത്രമേ നിരീശ്വരവാദികളേ ഉള്ളൂ, ശാസ്ത്രജ്ഞരുടെ കാര്യമെടുത്താല്‍ 7%, എന്നിട്ടും നിരീശ്വരവാദികള്‍ സയന്‍സ് തങ്ങളുടെ കുത്തകയായി കാണുന്നത് പരിഹാസ്യമാണ്… പ്രചാരത്തിലുള്ള ഒരു ഉപരിപ്ലവ മതവാദമാണിത്. ഇന്‍ബോക്‌സിലും ഇത്തരം ചോദ്യങ്ങള്‍ വരാറുണ്ട്. എന്തിനാണ് ഇതുംപറഞ്ഞ് നടക്കുന്നത് എന്നു മാത്രം മനസ്സിലാകുന്നില്ല. നാസ്തികര്‍ സയന്‍സോ സാഹിത്യമോ കുച്ചുപ്പുടിയോ സ്വന്തമാണെന്ന് അവകാശപ്പെടാറില്ല, ഒന്നും അവര്‍ക്ക് വര്‍ജ്യവുമല്ല. തിരുപ്പതിസമാനമായ ഹോമിയോപ്പതിയില്‍ നിന്ന് പോലും വേണ്ടത് കണ്ടെത്താന്‍ നാസ്തികര്‍ക്ക് സാധിക്കും. ഉദാ- ചായക്ക് മധുരം കുറവാണെങ്കില്‍, പഞ്ചസാര ലഭ്യമല്ലെങ്കില്‍ അത്യവശ്യത്തിന് ഹോമിയോയുടെ സഹായം തേടാം.
ശാസ്ത്രജ്ഞരില്‍ കൂടുതലും മതവിശ്വാസികളാണ് എന്ന മതവാദം കൗതുകകരമാണ്. ഇതിന്റെ നിരര്‍ത്ഥകത മുമ്പൊരു പരിപാടിയില്‍ സൂചിപ്പിച്ചിട്ടുള്ളതാണ്. മതം പ്രവര്‍ത്തിച്ചല്ല മതവിരുദ്ധമായി പ്രവര്‍ത്തിച്ചാണ് മതവിശ്വാസി ശാസ്ത്രജ്ഞര്‍ നേട്ടംകൊയ്യുന്നത്. വിശ്വാസികള്‍ ശാസ്ത്രത്തില്‍ നേട്ടം കൈവരിക്കുമ്പോള്‍ അവര്‍ മതത്തെ കൂടുതല്‍ അപമാനിക്കുകയാണ്. കൂദാശയും കൂടോത്രവും ഉപയോഗിച്ച് റോക്കറ്റ് വിക്ഷേപിച്ചാലേ മതത്തിന് അഭിമാനിക്കാന്‍ വഴിയുള്ളൂ. അല്ലാതെ നിരീശ്വരവാദപരമായ സയന്‍സിന്റെ സങ്കേതങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് നേട്ടം കൈവരിച്ചിട്ട് കാര്യമില്ല. ലഹരിക്ക് അടിമ ആയ ഒരാള്‍ ലഹരി ഉപയോഗിക്കാത്ത കാലത്ത് കൈവരിക്കുന്ന നേട്ടം ലഹരിയുടെ മേന്മയാകുമോ?! മതവിശ്വാസി ശാസ്ത്രത്തില്‍ മുന്നേറിയാല്‍ അത് മതപരാജയവും നാസ്തികതയുടെ സാധൂകരണവുമാണ്.
ഈ വിഷയത്തില്‍ List of nonreligious Nobel laureates എന്ന തലക്കെട്ടോടു കൂടിയ വികി പീഡിയ പേജിലെ വിവരങ്ങളും അനുബന്ധ ഗ്രാഫുകളും പരക്കെ പ്രചരിപ്പിക്കപെടാറുണ്ട് (https://en.wikipedia.org/…/List_of_nonreligious_Nobel_laure…) അതനുസരിച്ച് 1901-2000 വരെയുള്ള നൊബേല്‍ സമ്മാനജേതാക്കളില്‍ 65.4% ക്രൈസ്തവരാണ്. നിരീശ്വരവാദികളാകട്ടെ 10.5% മാത്രം. ലോകജനസംഖ്യയുടെ 0.02% ശതമാനമുള്ള ജൂതര്‍ 21.1 %(138 പേര്‍) നേടിയപ്പോള്‍ ജനസംഖ്യയുടെ 20 ശതമാനത്തില്‍ അധികമുള്ള മുസ്ലീങ്ങളില്‍ നിന്നുള്ള നൊബേല്‍ ജേതാക്കളുടെ എണ്ണം 0.8% (5 പേര്‍) മാത്രം. ഈ പട്ടികയില്‍ പല അവിശ്വാസികളായ നൊബേല്‍ ജേതാക്കളെയും അവര്‍ ജനിച്ച മതങ്ങളുടെ പട്ടികയില്‍ തന്നെയാണ് പെടുത്തിയിട്ടുള്ളതെന്നും അതേ പേജ് സാക്ഷ്യപെടുത്തുന്നു. ഉദാഹരണമായി മില്‍ട്ടണ്‍ ഫ്രീഡ്മാന്‍, റോള്‍ഡ് ഹോഫ്മാന്‍, റിച്ചാഡ് ഫൈന്‍മാന്‍, നീല്‍സ് ബോര്‍, എലൈ മെറ്റ്ച്‌നിക്കോഭ്, റിത്ത ലെവി മൊണ്ടാല്‍സിനി…തുടങ്ങിയവരെയെല്ലാം ഉള്‍പെടുത്തിയിരിക്കുന്നത് നൊബേല്‍ ജേതാക്കളായ ജൂതന്‍മാര്‍ എന്ന പട്ടികയിലാണ്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, ലോക ജനസംഖ്യയില്‍ ഉള്ളതിലും കൂടിയ അനുപാതത്തില്‍ നൊബേല്‍ ജേതാക്കള്‍ക്കിടയില്‍ അവിശ്വാസികള്‍ ഉണ്ടെന്നതാണ്. 2000 ന് ശേഷം ഈ അനുപാതം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് കരുതാം.
സാഹിത്യത്തില്‍ നോബേല്‍ സമ്മാനം ലഭിച്ചവരിലാണ് ഏറ്റവും കൂടുതല്‍ നാസ്തികരുള്ളത്-35%. കഴിഞ്ഞ നൂറ്റാണ്ടിലെ മുന്തിയ വിശ്വസാഹിത്യകാരന്മാരില്‍ മൂന്നിലൊന്നിലേറെ മതനിഷേധികളായിരുന്നു എന്നത് അവിശ്വസനീയമായി തോന്നുന്നുണ്ടോ? ആധുനികതയുടെ ബാക്കിപത്രമാണിത്. സാഹിത്യം ചിന്തയും ഭാവനയും വെച്ചുള്ള കളിയാണ്. അതിന്റെ ആഴങ്ങളില്‍ തെളിയുന്നത് യാഥാര്‍ത്ഥ്യത്തിന്റെ ചെമ്പായിരിക്കും. നിരീശ്വരവാദം സാഹിത്യകാരന്‍മാരെ സംബന്ധിച്ചിടത്തോളം അപ്രാപ്യമായ മറുകര ആണെന്ന ധാരണയുണ്ട്. പകുതി ചെന്നിട്ട് തിരിച്ചു നീന്തുന്നവരാണ് പലരും. എന്നാല്‍ ചിന്താശേഷി കൂര്‍പ്പിക്കുന്നവര്‍ മറുകരയിലെത്തുക തന്നെ ചെയ്യും. സാഹിത്യരചനയില്‍ കൂടുതല്‍ അഭിരമിച്ചാല്‍ ശാസ്ത്രബോധവും യുക്തിചിന്തയും മുളയ്ക്കും എന്നല്ല പറഞ്ഞുവരുന്നത്. അവിടെയെത്തണമെങ്കില്‍ സാഹിത്യജീവികള്‍ക്കും അത്തരത്തില്‍ പരിശീലനം കിട്ടണം, സ്വയം പരിശീലിപ്പിക്കണം.
അതേസമയം, 1901-2000 കാലഘട്ടത്തില്‍ സയന്‍സ് ശാഖകളില്‍ നൊബേല്‍ ജേതാക്കളില്‍ 7% മാത്രമാണ് നിരീശ്വരവാദികള്‍. ശാസ്ത്രജ്ഞരില്‍ തന്നെ ഏറ്റവുമധികം അന്ധവിശ്വാസികള്‍ ഉള്ളത് ഊര്‍ജ്ജതന്ത്രത്തിലാണ് (4.7%) ഏറ്റവും കുറവാകട്ടെ ബയോളജിയുമായി കൂടുതല്‍ ബന്ധപെട്ട വൈദ്യശാസ്ത്രത്തിലാണ്-8.9%. സയന്‍സ് പഠിച്ച് നിരീശ്വരവാദിയായി തീര്‍ന്നു എന്നൊക്കെ പറയുന്നതും സിനിമാ ടിക്കറ്റിന് പണം കിട്ടാതെ വന്നപ്പോള്‍ പോയി നക്‌സലൈറ്റായി എന്നു പറയുന്നതും തമ്മില്‍ വലിയ വ്യത്യാസങ്ങളൊന്നുമില്ല എന്നാണോ ആ കണക്കുകള്‍ പറയുന്നത്? ശാസ്ത്രപ്രചരണം നടത്തി സമൂഹത്തിലെ മതാത്മകത ദുര്‍ബലപ്പെടുത്താം എന്ന വാദിക്കുന്നതില്‍ കഥയില്ലെന്നാണോ?
തിരുവനന്തപുരത്തെ പല കോളേജുകളിലും ഫിസിക്‌സ്-കെമിസ്ട്രി ഡിപ്പാര്‍ട്ടുകളിലെ അദ്ധ്യാപകര്‍ക്കിടയില്‍ കൂടുതല്‍ ഭക്തി മൂത്ത പൊങ്കാല ഇടുന്നത് ആരാണ് എന്നതിനെ സംബന്ധിച്ച് നിലനില്‍ക്കുന്ന മത്സരബോധം അവിശ്വസനീയമായ തോതില്‍ ആഴമേറിയതാണ്. ശാസ്ത്രജ്ഞാനവും (knowledge in science) ശാസ്ത്രീയ മനോവൃത്തിയും (scientific temper) തമ്മില്‍ കാര്യമായ വ്യത്യാസമുണ്ടെന്നാണ് ഇവിടെ തെളിയുന്നത്. ഒന്ന് മറ്റൊന്നിനെ ഉറപ്പിക്കുന്നില്ല. മതാധിഷ്ഠിതസമൂഹങ്ങളില്‍ ശാസ്ത്രീയ മനോവൃത്തിയുള്ള ശാസ്ത്രജ്ഞരുടെ എണ്ണം കുറവായിരിക്കും. പഠിക്കുന്ന സയന്‍സിനെക്കാള്‍ തനതു സാമൂഹ്യധാരണകളാണ് അവരുടെ വ്യക്തിത്വം നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ മുന്തിയ ഊര്‍ജ്ജതന്ത്ര-രസതന്ത്ര പണ്ഡിതര്‍ക്കിടയില്‍ സമാനമായ ഒരു സര്‍വെ നടത്തിയാല്‍ ഫലം ഒരുപക്ഷെ ഇതിലും പരിതാപകരമായിരിക്കും. മതം തിന്ന് ജീവിക്കുന്ന ഒരു പൊതുസമൂഹത്തില്‍ നിന്ന് മെച്ചപെട്ട ഫലങ്ങള്‍ പ്രതീക്ഷിക്കാനാവില്ല.
സയന്‍സ് പഠിച്ച് ശാസ്ത്രീയമനോവൃത്തി വികസിപ്പിക്കുന്നത് പാരച്യൂട്ടുമായി താഴേക്ക് ചാടുന്നത് പോലെയാണ്. പാരച്യൂട്ടുകള്‍ ചിന്തകള്‍ക്ക് സമാനം. തുറന്നെങ്കിലേ പ്രയോജനം ഉള്ളൂ. One can be a science scholar without being scientific. സയന്‍സ് പഠിച്ച് അവിശ്വാസി ആയതിനെക്കാള്‍ അധികംപേര്‍ അതേമാര്‍ഗ്ഗത്തിലൂടെ വിശ്വാസി ആകുകയോ സ്വന്തം അന്ധവിശ്വാസങ്ങള്‍ ന്യായീകരിച്ചെടുക്കുകയോ ചെയ്തിട്ടുണ്ട്. മുന്‍വിശ്വാസത്തിന് അനുസരിച്ച് സയന്‍സിനെ വളച്ചൊടിച്ച് നിഗൂഡവാദങ്ങളും ആത്മീയസാഹിത്യവുമായി മുന്നോട്ടുപോകുന്നവരാണ് കൂടുതലും. ശാസ്ത്രം പഠിച്ചാല്‍ ക്രമേണ നിരീശ്വരവാദിയാകും എന്നത് മറ്റൊരു അന്ധവിശ്വാസം മാത്രം. സയന്‍സിന്റെ രീതിശാസ്ത്രം ചിന്താരീതിയിലേക്ക് ഇണചേര്‍ത്താല്‍ ഭൗതികവാദ-നിരീശ്വരവാദപരമായ ഒരു നിലപാട് അല്ലാതെ മറ്റൊന്നും സാധ്യമല്ല. സയന്‍സ് രക്തത്തില്‍ കലരണം എന്നൊക്കെ പറയുന്നത് അതിനാണ്. ദേഹമാസകലം വാരിപ്പൂശിയിട്ടോ തുപ്പിനടന്നിട്ടോ കാര്യമില്ല.
സയന്‍സിന്റെ രീതിശാസ്ത്രം (methodology) അവലംബിച്ചാല്‍ വിശ്വാസിക്കും അവിശ്വാസിക്കും ഇടനിലവാദിക്കും നേട്ടമുണ്ടാക്കാം. സയന്‍സ് എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കും. It works for all and it is perfectly democratic and secular. Because it provides for the closest look at reality. സയന്‍സ് അടിമുടി നിരീശ്വരവാദപരമാണ്. Science is atheist in content and character. നിരീശ്വരവാദിയായ ഒരു ശാസ്ത്രജ്ഞനും ഉണ്ടായില്ലെങ്കിലും അതാണവസ്ഥ. അതിന്ദ്രിയമോ അതിഭൗതികമോ ആയ ഘടകങ്ങള്‍ക്കോ വിശദീകരണങ്ങള്‍ക്കോ അവിടെ സ്ഥാനമില്ല. നിരീശ്വരവാദപരമായ എന്തും എല്ലാവര്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കും. അന്ധവിശ്വാസങ്ങളാകട്ടെ, അതാതിന്റെ വിശ്വാസികളെപോലും കൈവിടും. ഒരു നൂറ്റാണ്ട് പിന്നോട്ടുപോയാല്‍ നിരീശ്വരവാദി എന്ന് അടയാളപെടുത്തുന്ന ഒരാള്‍ക്ക് ശാസ്ത്രജ്ഞനാകുക പോയിട്ട് ഭിക്ഷക്കാരനാവുന്നത് പോലും അചിന്ത്യമായിരുന്നു. ന്യൂട്ടനും കെല്‍വിനും ഫാരഡെയുമൊക്കെ തങ്ങളുടെ മതവിശ്വാസം ഉറക്കെ പ്രഖ്യാപിച്ചവരാണ്. ആധുനികയുഗത്തില്‍ ചിത്രം മാറി. കൂടുതല്‍ നൊബേല്‍ ജേതാക്കള്‍ ശാസ്ത്രജ്ഞര്‍ തങ്ങളുടെ അവിശ്വാസം തുറന്നു പറയാന്‍ തയ്യാറാകുന്നു. അതുകൊണ്ടാണ് ഈ 7% വരുന്നത്.
ശാസ്ത്രം ഗൗരവമായി പഠിക്കുന്നതുവരെയുള്ള കാലത്ത് തങ്ങളുടെ വ്യക്തിത്വത്തെയും സാമൂഹികജീവിതത്തെയും പരുവപെടുത്തിയ മാമൂലുകളും വിശ്വാസങ്ങളിലും മനുഷ്യന്‍ മുറുകെ പിടിക്കുക സാധാരണമാണ്. ക്രൈസ്തവനായ ഒരാള്‍ സയന്‍സ് പഠിക്കുന്നതോടെ ക്രൈസ്തവ ശാസ്ത്രജ്ഞനായി തീരാനുള്ള സാധ്യത വലുതാണ്. അന്ധവിശ്വാസിയായ ഒരാള്‍ സയന്‍സ് പഠിച്ചു എന്നു കണ്ടാല്‍മതി. ശാസ്ത്രജ്ഞാനം വര്‍ദ്ധിച്ചു, പക്ഷെ ശാസ്ത്രവിരുദ്ധത പോയില്ല. മദ്യക്കച്ചവടം നടത്തി സമ്പന്നരായ പലരും ഒരു തുള്ളിപോലും അടിക്കാത്തവരാണെന്നോര്‍ക്കുക. ചിലരില്‍ മതവിശ്വാസം പോയാലും മറ്റ് മതേതരമായ അന്ധവിശ്വാസങ്ങള്‍ കത്തി നില്‍ക്കും. തെരഞ്ഞെടുപ്പിനുള്ള സമ്മര്‍ദ്ദം (selection pressure) വേണ്ടത്രയില്ലാത്തതാണ് അവിടെ പ്രശ്‌നമാകുന്നത്. ഉദാഹരണമായി കമ്മ്യൂണിസ്റ്റ് സ്വാധീനമുള്ള ഒരു സമൂഹത്തിലെ കട്ട നിരീശ്വരവാദികള്‍പോലും മനുഷ്യപരിണാമത്തിന്റെ ചരിത്രപരമായ വ്യാഖ്യാനം, വൈരുദ്ധ്യങ്ങളുടെ ഐക്യവുംസംഘര്‍ഷവും, വര്‍ഗ്ഗസമരസിദ്ധാന്തം തുടങ്ങിയ പത്തൊമ്പതാം നൂറ്റാണ്ടിലെ ജനകീയ ഹാരിപോട്ടര്‍ ചരക്കുകള്‍ ആവേശപൂര്‍വം പൊക്കിപിടിച്ചു നടക്കുന്നത് കാണാം.
പരമ്പരാഗത പരുവപെടുത്തലുകളുടെ തുടര്‍സ്വാധീനമാണ് അവരുടെ ചിന്തകള്‍ക്ക് ചങ്ങല തീര്‍ക്കുന്നത്. ഒന്നാംചലന നിയമം അനുസരിച്ച് അവര്‍ക്ക് ഓടാനാകുന്ന പരമാവധി ദൂരം അവരുടെ ചക്കര ചങ്ങലകളുടെ മൊത്തം നീളത്തിന് തുല്യമായിരിക്കും. ഈ ഘട്ടത്തില്‍ വലിയതോതില്‍ ഗ്രഹണപരമായ ദഹനക്കേടുകള്‍ക്ക് (cognitive dissonance) സാധ്യതയുണ്ട്. പലരുടെയും ആന്തരിക അസ്വസ്ഥതകള്‍ അസഹിഷ്ണുതവികിരണത്തില്‍ (intolerance radiation) കലാശിച്ചേക്കും. ഊര്‍ജ്ജതന്ത്രത്തില്‍ ഈ പ്രതിഭാസം ചെയിന്‍ റിയാക്ഷന്‍ എന്നറിയപ്പെടുന്നു. ഒരുപക്ഷെ അവര്‍ സ്വന്തം ചങ്ങലകള്‍ക്കെതിരെ നടത്തുന്ന സമരമായിരിക്കും മറ്റുള്ളവര്‍ക്ക് ഒച്ചവെക്കലായി അനുഭവപ്പെടുന്നത്.