പലിശകൂട്ടിയാല്‍ സ്വര്‍ഗം കിട്ടില്ല; മതോക്കണമിക്സ് തുര്‍ക്കിയെ തകര്‍ക്കുമ്പോള്‍; സി രവിചന്ദ്രന്‍ എഴുതുന്നു


“എര്‍ദോഗന്റെ മതവിശ്വാസപ്രകാരം പലിശ കൊടിയ പാപമാണ്. അപ്പോള്‍ പലിശ വേണ്ടെന്ന് വെക്കണോ? വേണ്ട, അത് കുറയ്ക്കണം. അങ്ങനെ പാപഭാരം കുറയ്ക്കണം! തുര്‍ക്കി സെട്രല്‍ ബാങ്കിനോട് ബാങ്ക് റേറ്റ് കുറയ്ക്കാനായി എര്‍ദോഗന്‍ പലതവണം സമ്മര്‍ദ്ദം ചെലുത്തി വിജയിച്ചു.. ഫലമോ നാണ്യപെരുപ്പവും വിലക്കയറ്റവും റോക്കറ്റ് പോലെ കുതിക്കുന്നു. നിലവില്‍ 65% ആണ് തുര്‍ക്കിയിലെ നാണ്യപെരുപ്പനിരക്ക്!”- സി രവിചന്ദ്രന്‍ എഴുതുന്നു
പരലോക എക്കണോമിക്സ്

തുര്‍ക്കി പ്രസിഡന്റ് റിസെപ് തയിപ് എര്‍ദോഗന്‍ (Recep Tayyip Erdogan) മണ്ണെണ്ണ ഒഴിച്ച് തീ കെടുത്താമെന്ന് വിശ്വസിക്കുന്ന ആളാണ്. നാണ്യപെരുപ്പം (inflation) വര്‍ദ്ധിക്കുമ്പോള്‍ പലിശനിരക്ക് (interest rate) കൂട്ടി സേവിംഗ്സ് കൂട്ടി മണി സര്‍ക്കുലേഷന്‍ കുറയ്ക്കുക എന്നത് ലോകമെമ്പാടും പിന്തുടരുന്ന സ്റ്റാന്‍ഡേര്‍ഡ് നടപടി ക്രമം മാത്രമാണ്. പക്ഷെ ലോകമെമ്പാടുമുള്ള സാമ്പത്തിക വിദഗ്ധര്‍ പറയുന്നതിന് നേര്‍വിപരീതമായി പ്രവര്‍ത്തിച്ച് വിജയം നേടാമെന്നാണ് എര്‍ദോഗന്‍ കരുതുന്നത്. കഴിഞ്ഞ രണ്ടരവര്‍ഷമായി തുര്‍ക്കി കേന്ദ്രബാങ്കിന്റെ (The Central Bank of the Republic of Turkey, CBRT) മൂന്ന് മേധാവികളെയാണ് ഈ ഏകാധിപതി മാറ്റിയത്. കാരണം? എര്‍ദോഗന്റെ മതവിശ്വാസപ്രകാരം പലിശ കൊടിയ പാപമാണ്. അപ്പോള്‍ പലിശ വേണ്ടെന്ന് വെക്കണോ? വേണ്ട, അത് കുറയ്ക്കണം. അങ്ങനെ പാപഭാരം കുറയ്ക്കണം! തുര്‍ക്കി സെട്രല്‍ ബാങ്കിനോട് ബാങ്ക് റേറ്റ്(കേന്ദ്ര ബാങ്ക് കീഴിലുള്ള ബ്രാഞ്ചുകള്‍ക്ക് നല്‍കുന്ന ലോണിന്റെ പലിശ/Repo rate) കുറയ്ക്കാനായി എര്‍ദോഗന്‍ പലതവണം സമ്മര്‍ദ്ദം ചെലുത്തി വിജയിച്ചു. 2011 ല്‍ രണ്ട് തവണ അങ്ങനെ കുറച്ചു, 18 ശതമാനത്തില്‍ നിന്ന് 14 ശതമാനമാക്കി. ഫലമോ നാണ്യപെരുപ്പവും വിലക്കയറ്റവും റോക്കറ്റ് പോലെ കുതിക്കുന്നു. നിലവില്‍ 65% ആണ് തുര്‍ക്കിയിലെ നാണ്യപെരുപ്പനിരക്ക്!

2004-2008 കാലഘട്ടത്തില്‍ കുറഞ്ഞ പലിശനിരക്കില്‍ ടര്‍ക്കിഷ് സമ്പദ് വ്യവസ്ഥ മികച്ചനേട്ടം ഉണ്ടാക്കി എന്നതാണ് എര്‍ദഗോന്റെ ഈ ആത്മവിശ്വാസത്തിന് കാരണം. പക്ഷെ അക്കാലത്ത് ലോകമെമ്പാടും ശരാശരി നാണ്യപെരുപ്പ നിരക്ക് കുറവായിരുന്നു. തുര്‍ക്കിയിലും അങ്ങനെ തന്നെയായിരുന്നു. മെച്ചപെട്ട കയറ്റുമതി റെക്കോഡുള്ള രാജ്യമെന്ന നിലയില്‍ തുര്‍ക്കിയുടെ സമ്പദ് വ്യവസ്ഥ അക്കാലത്ത് താരതമ്യേന നല്ല പ്രകടനം കാഴ്ചവെച്ചു. ഇപ്പോള്‍ അതല്ല അവസ്ഥ. ലോകമെമ്പാടും കോവിഡിന് ശേഷം നാണ്യപെരുപ്പവും വിലവര്‍ദ്ധനയും ഭീതിദമായി വര്‍ദ്ധിക്കുകയാണ്. യൂറോപ്യന്‍ യൂണിയനും അമേരിക്കയും ഇന്ത്യും തുടങ്ങി മിക്ക രാജ്യങ്ങളിലും നാണ്യപെരുപ്പ നിരക്ക് വര്‍ദ്ധിക്കുകയാണ്. തുര്‍ക്കിയില്‍ നാണ്യപെരുപ്പം 2020 ല്‍ 29 ശതമാനവും 2021 അവസാനം 40 ശതമാനവും ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ കൈവിട്ട അവസ്ഥയാണ്. വില വര്‍ദ്ധന താങ്ങാനാവാതെ തുര്‍ക്കി ജനത നട്ടം തിരിയുന്നു.

പലിശ പാപമാണെന്നും അത് കൂട്ടിയാല്‍ പാപത്തിന്റെ നിരക്ക് കൂടുമെന്നും തനിക്ക് സ്വര്‍ഗ്ഗം കിട്ടാതെയാകുമെന്നും എര്‍ദഗോന്‍ ഭയക്കുന്നു. പുള്ളിക്കാരന്‍ ഇത് തുറന്നടിക്കാറുമുണ്ട്. മതം സമ്പദ് വ്യവസ്ഥയില്‍ ചെലുത്തുന്ന ദുഷിച്ച സ്വാധീനത്തിന് ഒരുദാഹരണമാണ് ഈ തല തിരിഞ്ഞ പോളിസി. കഴിഞ്ഞ രണ്ടരവര്‍ഷമായി ഈ പോളിസിമൂലം തുര്‍ക്കി ജനത കഷ്ടപെടുമ്പോള്‍ കഴിഞ്ഞവര്‍ഷം കയറ്റുമതി മൂന്നിലൊന്ന് വര്‍ദ്ധിച്ചെന്നും സമ്പദ് വളരുന്നുണ്ടെന്നുമാണ് എര്‍ദോഗന്‍ പക്ഷം വാദിക്കുന്നത്. ഒരു വികസിതരാജ്യത്തെ സംബന്ധിച്ചിടത്തോളം കയറ്റുമതി വര്‍ദ്ധന പുതിയ കാര്യമല്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ബംഗ്ളാദേശ് കൈവരിച്ച നേട്ടം പരിഗണിച്ചാല്‍ തുര്‍ക്കിയുടെ നേട്ടം ഒന്നുമല്ല. കയറ്റുമതി വര്‍ദ്ധന ബാലന്‍സ് ഓഫ് ട്രേഡ് സാഹചര്യങ്ങളെയാണ് നേരിട്ട് നിയന്ത്രിക്കുന്നത്. ആഭ്യന്തര സമ്പദ് വ്യവസ്ഥയിലെ മണി സര്‍ക്കുലേഷനും നാണ്യപെരുപ്പവും തടയാന്‍ കയറ്റുമതി വര്‍ദ്ധന കൊണ്ട് സാധിക്കില്ല.

കയറ്റുമതിയിലൂടെ കൂടുതല്‍ ഡോളര്‍ നേടിയെടുക്കാന്‍ തുര്‍ക്കിക്ക് സാധിക്കുന്നുണ്ടെങ്കിലും അവിടെയും കാതലായ ചില പ്രശ്നങ്ങളുണ്ട്. വര്‍ദ്ധിച്ചുവരുന്ന ഇറക്കുമതിയാണ് പ്രധാന വില്ലന്‍. ഊര്‍ജ്ജോത്പാദനത്തിനായി പ്രകൃതിവാതക ഇറക്കുമതിയെ വല്ലാതെ ആശ്രയിക്കുന്ന രാജ്യമാണ് തുര്‍ക്കി. അസര്‍ബെയ്ജാന്‍, റഷ്യ, ഇറാന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന് കനത്ത തോതില്‍ നടത്തുന്ന ഇറക്കുമതി മൂലം ബില്യണ്‍ കണക്കിന് അമേരിക്കന്‍ ഡോളറാണ് വര്‍ഷംതോറും വേണ്ടിവരുന്നത്. അതുകൊണ്ട് തന്നെ കയറ്റുമതിയിലെ വര്‍ദ്ധന നിഷ്പ്രഭമാക്കി അമേരിക്കന്‍ ഡോളറിനും യൂറോയ്ക്കും എതിരെ ഇടിഞ്ഞിറങ്ങുന്ന ടര്‍ക്കിഷ് ലിറയെ ആണ് കാണാനാവുന്നത്. 2021 ജൂണില്‍ ഒരു ഡോളറിന് 8.28 ടര്‍ക്കിഷ് ലിറ കൊടുത്താല്‍ മതിയായിരുന്നുവെങ്കില്‍ ഇപ്പോള്‍ 17.30 ലിറ കൊടുക്കണം.

യൂറോക്ക് എതിരെയും ലിറ തകര്‍ന്നു. 2021 ജൂണില്‍ 9.82 ലിറയ്ക്ക് ഒരു യൂറോ കിട്ടുമായിരുന്നു. ഇപ്പോള്‍ വേണ്ടത് 18.74 ലിറ. നൂറ് ശതമാനത്തിലേറെ തകര്‍ച്ചയാണ് ഒരു വര്‍ഷം കൊണ്ട് ഉണ്ടായതെന്ന് പറയുമ്പോള്‍ അത് അസാമാന്യമായ ഒരു സ്ഥിതിവിശേഷത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എന്തിനെറെ അത്രത്തോളം വ്യാപാരബന്ധമില്ലാത്ത ഇന്ത്യന്‍ രൂപയ്ക്കെതിരെ പോലും ടര്‍ക്കിഷ് ലിറ തകരുകയാണ്. 2021 ജൂണില്‍ ഒരു ടര്‍ക്കിഷ് ലിറ കിട്ടാന്‍ 8.90 രൂപ വേണമായിരുന്നുവെങ്കില്‍ ഇന്നലെ ക്ലോസ് ചെയ്തത് ഒരു ലിറ സമം 4.5 രൂപ എന്ന നിരക്കിലാണ്- അവിടെയും ഇടിവ് നൂറ് ശതമാനത്തിലേറെ.

എര്‍ദോഗന്‍ നാണ്യപെരുപ്പം കൂടുമ്പോള്‍ ഇങ്ങനെ പലിശനിരത്ത് കുറയ്ക്കാന്‍ തീരുമാനിച്ചത് നാണ്യപെരുപ്പം ആളിക്കത്തിക്കുകയല്ലേ വേണ്ടത്? ഉത്തരം ലളിതമാണ്. തുര്‍ക്കിയില്‍ നാണ്യപെരുപ്പം ഇപ്പോള്‍ 65 ശതമാനമായെങ്കിലും കുറഞ്ഞ ബാങ്ക് റേറ്റ് പ്രതീക്ഷിച്ചപോലെ തീയില്‍ മണ്ണെണ്ണ ഒഴിക്കുന്നപോലെ നാണ്യപെരുപ്പ നിരക്ക് വര്‍ദ്ധിപ്പിച്ചില്ലല്ലോ!. ഇല്ല, അങ്ങനെ ആളിക്കത്തിയിട്ടില്ല. പക്ഷെ അത് എര്‍ദോഗാന്റെ മിടുക്കല്ല. മറിച്ച് തുര്‍ക്കി സമ്പദ് വ്യവസ്ഥയിലെ തന്നെ രണ്ട് സവിശേഷ സാഹചര്യങ്ങളാണ്. ഒന്നാമതായി, പലിശനിരക്ക് കുറച്ചു എന്നു പറയുമ്പോള്‍ രണ്ടു തവണയായി 18% ല്‍ നിന്ന് 14% മാക്കി എന്ന കാര്യം മറക്കരുത്. 14% എന്ന റിപോ നിരക്ക് ലോകനിലവാരം നോക്കിയാല്‍ വളരെ കൂടുതലാണ്. ഇന്ത്യയില്‍ റിസര്‍വ് ബാങ്ക് കമേഷ്യല്‍ ബാങ്കുകള്‍ക്ക് ഇപ്പോള്‍ വായ്പ നല്‍കുന്നത് 4.9% പലിശയ്ക്കാണ്. നാണ്യപെരുപ്പം നേരിടാനാക്കി കൂട്ടിയ നിരക്കാണിതെന്ന് ഓര്‍ക്കണം. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ഞആക ഞലുീ ഞമലേ പരമാവധി 8.5% ല്‍ കൂടിയിട്ടില്ല, ഏറ്റവും കുറഞ്ഞത് നാലര ശതമാനവും. അവിടെയാണ് തുര്‍ക്കിയിലെ 14% ത്തിന്റെ ഗൗരവം മനസ്സിലാകുന്നത്.

തുര്‍ക്കിയില്‍ എര്‍ദഗോന്‍ കേന്ദ്രബാങ്കിനെ കൊണ്ട് കുറപ്പിച്ചത് Repo rate മാത്രമാണ്. ഈ പലിശകുറവ് മൂലം ജനങ്ങള്‍ക്ക് ബാങ്ക് ലോണ്‍ എളുപ്പമാകുകയും കൂടുതല്‍ ടര്‍ക്കിഷ് ലിറ മാര്‍ക്കറ്റിലെത്തി വിലക്കയറ്റവും നാണ്യപെരുപ്പവും ഉഷാറാകുകയും ചെയ്തു. ഒപ്പം സമ്പദ് വ്യവസ്ഥയില്‍ ഉദ്പാദനവും വളര്‍ച്ചയും ഉണ്ടായിട്ടുണ്ടാവും. പക്ഷെ പലിശയിലെ ഈ കുറവ് സ്വകാര്യ നിക്ഷേപങ്ങള്‍ക്കോ സര്‍ക്കാര്‍ ബോണ്ടുകള്‍ക്കോ സ്വര്‍ണ്ണ നിക്ഷേപങ്ങള്‍ക്കോ ബാധകമായിട്ടില്ല. അവിടെയൊക്കെ പലിശ ഇപ്പോഴും ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. ബാങ്ക് റിപ്പോ നിരക്ക് കുറഞ്ഞപ്പോള്‍ എര്‍ദോഗാന് സ്വര്‍ഗ്ഗം ഉറപ്പായിട്ടുണ്ടാവണം. ബാക്കി പലിശ നിരക്കുകള്‍ കുടി നില്‍ക്കുന്നതിനാല്‍ റിപ്പോ നിരക്കിലെ കുറവ് നാണ്യപെരുപ്പനിരക്ക് ആളിക്കത്തിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

എര്‍ദോഗാന്റെ മതോക്കണമിക്സ് മൂലം വന്‍കെടുതിയുണ്ടാകാതിരിക്കുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. ടര്‍ക്കിഷ് സമ്പദ് വ്യവസ്ഥയുടെ വര്‍ദ്ധിച്ചുവരുന്ന ഡോളറൈസേഷന്‍ പ്രക്രിയ (dollarisation) ആണത്. ഡോളറൈസേഷന്‍ എന്നുപറഞ്ഞാല്‍ ഒരു സമ്പദ് വ്യവസ്ഥയില്‍ ഡോളര്‍ കൂടുതലായി ആധിപത്യം ചെലുത്തുന്നു എന്നര്‍ത്ഥം. കയറ്റുമതി-ഇറക്കുമതിക്ക് പുറമേ ദൈനംദിന വിനിമയങ്ങള്‍പോലും അമേരിക്കന്‍ ഡോളറിലാണ് നടക്കുന്നതെന്ന് വന്നാല്‍ ടര്‍ക്കിഷ് ലിറയുടെ മേല്‍ എര്‍ദോഗന്‍ ചെലുത്തുന്ന മോണിട്ടറി സമ്മര്‍ദ്ദത്തിന് ഫലപ്രാപ്തി കുറയും. അതാണ് ശരിക്കും ഇപ്പോള്‍ തുര്‍ക്കിയില്‍ നടക്കുന്നത്. പ്രസിദ്ധ ധനകാര്യ വിദഗ്ധ ഏജന്‍സിയായ മൂഡീസ് അനാലെറ്റിക്സിന്റെ കണക്ക് പ്രകാരം 2020 തുര്‍ക്കി സമ്പദ് വ്യവസ്ഥയില്‍ 45 ശതമാനം വിനിമയവും നടന്നത് അമേരിക്കന്‍ ഡോളറിലായിരുന്നു. 2021 അവസാനം ഇത് 65 ശതമാനം വരെയായി. 2022 അവസാനം ഈ നിരക്ക് വര്‍ദ്ധിക്കുമെന്നും അവര്‍ പ്രവചിക്കുന്നുണ്ട്. ചുരുക്കത്തില്‍ തുര്‍ക്കി സമ്പദ് വ്യവസ്ഥയില്‍ മൂന്നില്‍ രണ്ട് വിനിമയവും നടക്കുന്നത് അമേരിക്കന്‍ ഡോളറിലാണ്. പിന്നെ യൂറോയിലും.

ടര്‍ക്കിഷ് ലിറ ആര്‍ക്കും വേണ്ടാത്ത അവസ്ഥ. ജനങ്ങള്‍ക്ക് ലിറയില്‍ വിശ്വാസം ഇല്ല. കയ്യിലുള്ള ഡോളറും സ്വര്‍ണ്ണവും കേന്ദ്രബാങ്കില്‍ നിക്ഷേപിച്ച് പകരം ടര്‍ക്കിഷ് ലിറ വാങ്ങാന്‍ കേന്ദ്രബാങ്ക് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. ലിറയ്ക്ക് ഭാവിയില്‍ വീണ്ടും വിലയിടിഞ്ഞാല്‍ നികത്തി കൊടുക്കാമെന്ന വാഗ്ദാനവുമുണ്ട്. പക്ഷെ ജനത്തിന് വിശ്വാസം പോര. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളോട് തങ്ങളുടെ വിദേശനാണ്യ ശേഖരത്തിന്റെ 25 ശതമാനം കേന്ദ്രബാങ്കില്‍ സൂക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും നീക്കം ഫലപ്രാപ്തിയിലെത്തുന്നില്ല. ഡോളറൈസേഷന്‍ കടുത്തതോടെ തുര്‍ക്കിയിലെ കേന്ദ്രബാങ്കിന്റെ മോണിട്ടറി പോളിസികളെക്കാള്‍ കൂടുതല്‍ അമേരിക്കയിലെ ഫെഡറല്‍ ബാങ്കിന്റെ മോണിട്ടറി പോളിസികള്‍ക്ക് തുര്‍ക്കി സമ്പദ് വ്യവസ്ഥയില്‍ പ്രസക്തി കൈവന്നു.

അമേരിക്കയില്‍ ഇപ്പോള്‍ നാണ്യപെരുപ്പം ഏഴര ശതമാനത്തിലധികമാണ്. അത് കുറച്ച് കൊണ്ടുവരാന്‍ ഫെഡറല്‍ ബാങ്ക് റിപോ നിരക്ക് കൂട്ടിയിട്ടുണ്ട്, ഇനിയും കൂട്ടിയേക്കാം. സ്വാഭാവികമായും മറ്റ് രാജ്യങ്ങളില്‍ നിന്ന് ഡോളര്‍ നിക്ഷേപങ്ങള്‍ അമേരിക്കയിലേക്ക് പോകാന്‍ സാധ്യത ഏറും. ഈയിടെ ഇന്ത്യയുടെ വിദേശനാണ്യശേഖരത്തില്‍ 47 ബില്യന്റെ കുറവ് വന്നതിന്റെ ഒരു പ്രധാനകാരണം ഇതായിരുന്നുവല്ലോ. തുര്‍ക്കിയിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. അവര്‍ക്ക് ഡോളര്‍ കൂടുതലായി നഷ്ടപെടുന്നു. പക്ഷെ ആഭ്യന്തര വിനിമയത്തിന് പോലും ഡോളര്‍വേണം. ഇന്ത്യയ്ക്ക് ആ പ്രശ്നമില്ല. നമ്മുടെ മൊത്തംവിനിമയത്തിന്റെ രണ്ട് ശതമാനം മാത്രമാണ് ഡോളറില്‍, അതാകട്ടെ കൂടുതലും ഇറക്കുമതിക്ക് വേണ്ടിയാണ്. പക്ഷെ തുര്‍ക്കിയിലെ സ്ഥിതി അതല്ല. സ്വാഭാവികമായും ഡോളര്‍-ലിറ വിനിമയനിരക്കില്‍ ഡോളര്‍ വല്ലാതെ ശക്തിപെടുന്നു. ഇങ്ങനെപോലായാല്‍ തുര്‍ക്കി സമ്പദ് വ്യവസ്ഥയില്‍ ലിറ ക്രമേണ പാര്‍ശ്വവല്‍ക്കരിക്കപെടും.

ഡോളറൈസേഷന്റെ ഒരു പ്രശ്നം ഒരിക്കല്‍ അമ്പത് ശതമാനം കഴിഞ്ഞാല്‍ പിന്നെ തിരികെ പിടിക്കാന്‍ എളുപ്പമല്ലെന്നതാണ്. അസര്‍ബെയ്ജാനിലും ഉറുഗ്വേയിലുമൊക്കെ ഡോളറെസേഷന്‍ അമ്പത് ശതമാനം കഴിഞ്ഞിട്ട് തിരികെ പോയില്ല. തുര്‍ക്കി എക്കോണമിയുടെ കാര്യവും ഭിന്നമല്ല. അവസാനം സിംബാബെയെപ്പോലെ തത്വത്തില്‍ അമേരിക്കന്‍ ഡോളര്‍ എക്കോണമിയായി മാറുമോ എന്നേ അറിയാനുള്ളൂ. നാണ്യപെരുപ്പം ബില്യണ്‍ കണക്കില്‍ കുതിച്ചപ്പോഴാണ് പൂജ്യം എഴുതി കൈകുഴഞ്ഞപ്പോഴാണ്(ഒരു സമയത്ത് നൂറ് ട്രില്യണ്‍ സിംബാബെ ഡോളറിന്റെ(Zimbabwe Dollar (ZWD) currency ഉണ്ടായിരുന്നു) സിംബാബെക്കാര്‍ സ്വന്തം ഡോളര്‍വിട്ട് അമേരിക്കന്‍ ഡോളര്‍ അവരുടെ കറന്‍സിയായി ഉപയോഗിക്കാന്‍ തുടങ്ങിയത്. തുര്‍ക്കിയില്‍ എര്‍ദോഗാന്റെ പലിശ എന്ന പാപത്തിനെതിരെയുള്ള യുദ്ധം ടര്‍ക്കിഷ് എക്കോണമിയെ പാതാളത്തിലേക്ക് വലിച്ചെറിയാത്തതിന്റെ പ്രധാന കാരണങ്ങള്‍ റിപ്പോ നിരക്ക് തന്നെ 14 ശതമാനമാണെന്നതും റിപ്പോനിരക്ക് ഒഴികെയുള്ള പലിശനിരക്കുകള്‍ കൂടുതലാണെന്നതും സമ്പദ് വ്യവസ്ഥയില്‍ നടക്കുന്ന മൂന്നില്‍ രണ്ട് വിനിമയങ്ങള്‍ ഡോളറിലാണെന്നതുമാണ്. അപ്പോഴും സിംബാബെയും വെനിസ്വലയും പിന്നിട്ട വഴിത്താരകളെകുറിച്ച് സ്മരണവേണം. മതംതിന്ന് സമ്പത്ത് പ്രസവിക്കാനാവില്ല.

Loading


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *