അവര്‍ നമ്മളാണ്


ഇന്ത്യാക്കാരുള്‍പ്പടെ 150 രാജ്യങ്ങളിലെ പൗരന്‍മാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പണിയെടുക്കുന്നുണ്ട്. ഗള്‍ഫിലെ പ്രവാസികളെ ‘ഗള്‍ഫുകാര്‍’ എന്നാണ് നാം വിളിക്കുന്നതെങ്കിലും അവരിപ്പോഴും കേരളീയര്‍ തന്നെയാണ്. എത്രകൊല്ലം താമസിച്ചാലും അവിടെ പൗരത്വം ലഭിക്കില്ല. ലോകമെമ്പാടും Covid 19 ലോക്കഡൗണ്‍കൊണ്ട് കഷ്ടപെടുന്നവരില്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവുമധികം പ്രാധാന്യമുള്ള ഒരു പ്രവാസി വിഭാഗമാണ് ഗള്‍ഫ് മലയാളികള്‍. 25 ലക്ഷത്തിലധികം മലയാളികള്‍ Saudi Arabia,United Arab Emirates, Oman, Yemen, Kuwait, Qatar, Bahrain..തുടങ്ങിയ രാജ്യങ്ങളില്‍ പണിയെടുക്കുന്നു. വര്‍ഷത്തില്‍ ഒന്നുരണ്ട് തവണ വന്നുപോകുന്നവരാണ് മിക്കവരും.

ഗള്‍ഫ്‌രാജ്യങ്ങള്‍ കൊറോണ ഭീഷണിയിലാണ്. അവിടെ മുന്‍കരുതലുകളും ജാഗ്രതയും കാര്യക്ഷമമല്ലെന്ന പരാതികളുണ്ട്. ഒരു ഔട്ട്‌ബ്രേക്കിന്‌ സാധ്യതകള്‍ പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. സൗദി രാജകുടുംബത്തിലെ 150 പേര്‍ക്ക് രോഗബാധയുണ്ടായെന്ന വാര്‍ത്ത കണ്ടിരുന്നു. രാജാവും കിരീടാവകാശിയും കോവിഡ് ഭയന്ന് സ്വയം ഒറ്റപെടുത്തി ജീവിക്കുകയാണത്രെ. ഈ രാജ്യങ്ങളില്‍ ടെസ്റ്റുകള്‍ വേണ്ടത്ര നടക്കാത്തു കൊണ്ടുതന്നെ രോഗബാധിതരെ സംബന്ധിച്ച് പുറത്തുവരുന്ന സംഖ്യകള്‍ വിശ്വസനീയമല്ലെന്ന സൂചനയുണ്ട്. മലയാളിതൊഴിലാളികളില്‍ മിക്കവരും കുടുസ്സുമുറികളില്‍ കൂട്ടമായി പാര്‍ക്കുന്നവരാണ്. അവരില്‍ ചിലര്‍ ദിവസവും ജോലിക്ക് പോയി ഈ മുറികളിലേക്ക് തിരിച്ചുവരുന്നു. സാമൂഹിക അകലംപാലിക്കല്‍ ഏതാണ്ട് അസാധ്യമായ സാഹചര്യങ്ങളിലാണ് മിക്കവരുമുള്ളത്.

ഭൂരിപക്ഷത്തിനും ആകെയുള്ള പിടിവള്ളി സ്വന്തം ജോലിയാണ്. ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ ജോലി ഉണ്ടാകുമോ എന്ന ആശങ്ക പലര്‍ക്കുമുണ്ട്. ശമ്പളം തടഞ്ഞുവെക്കലും വെട്ടിക്കുറയ്ക്കലും ഭയക്കുന്നവര്‍ നിരവധി. വിദ്യാലയങ്ങളും പൊതുഇടങ്ങളും അടച്ചിട്ടതിനാല്‍ കച്ചവടംചെയ്തു ജീവിക്കുന്ന മലയാളികള്‍ വലിയ തിരിച്ചടിയാണ് നേരിടുന്നത്. ലോക്ക്ഡൗണ്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഏല്‍പ്പിക്കുന്ന ആഘാതം കൊവിഡുണ്ടാക്കുന്ന കെടുതിയെക്കാള്‍ മാരകമായിരിക്കും എന്ന് ലോകം മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. ലോക്ക്ഡൗണ്‍ കാലത്ത് human rights നെക്കാള്‍ human life നാണ് പ്രാധാന്യം എന്നു നാം പറയാറുണ്ട്. ലോക്ക്ഡൗണ്‍ തത്വത്തില്‍ human life ന് നേരെയുള്ള ചോദ്യംചിഹ്നം തന്നെയാണ്. പ്രവര്‍ത്തിക്കുന്നത് ഇഞ്ചിഞ്ചായാണെന്ന് മാത്രം. ശസ്ത്രക്രിയ വിജയം-പക്ഷെ രോഗി മരിച്ചു എന്ന അവസ്ഥവരുമോ എന്ന ആശങ്ക മുന്നില്‍ തളംകെട്ടി കിടക്കുന്നു.

ഗള്‍ഫില്‍പോയി ‘രക്ഷപെടാം’ എന്നു തീരുമാനിച്ച് സര്‍വ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി ഇവിടെ കാത്തിരുന്നവര്‍ ഹതാശരാണ്. കഴിഞ്ഞ മാസങ്ങളില്‍ ലീവിന് വന്നവര്‍ക്ക് തിരിച്ചുപോകാനും സാധിക്കുന്നില്ല. എത്ര ജീവിതങ്ങളാണ് മുള്‍മുനയില്‍! കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ മൂന്നിലൊന്നോളം ഗള്‍ഫ് മലയാളികളുടെ സംഭാവനയാണ്. മറ്റ് പ്രവാസികളെ അപേക്ഷിച്ച് പരിമിതമായ തൊഴില്‍ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന സാധാരണക്കാരാണ് അവരില്‍ ഭൂരിപക്ഷവും.

കോവിഡ് കാലത്ത് എല്ലാ രാജ്യങ്ങളുടെ അവരവരുടെ പ്രവാസി ജനതയെ സംരക്ഷിക്കാനും നാട്ടില്‍കൊണ്ടുവരാനും പരമാവധി പരിശ്രമിക്കുന്നു. ഗള്‍ഫിലെ മലയാളി കൂട്ടായ്മകളും സന്നദ്ധപ്രവര്‍ത്തകരും അവര്‍ക്ക് സാധിക്കുന്ന രീതിയില്‍ പര്‌സ്പരം സഹായിക്കുന്നുണ്ട്. പക്ഷെ പലര്‍ക്കും അടിയന്തരമായി നാട്ടിലെത്തണം എന്നതാണ് മുഖ്യ ആവശ്യം. നാട്ടിലേക്ക് തിരിച്ചുവരേണ്ട അടിയന്തര സാഹചര്യമുള്ളവരെയെല്ലാം നാം ഉള്‍ക്കൊള്ളണം. സുരക്ഷിതരാണ് എന്ന് ബോധ്യമുള്ളവര്‍ അവിടെ തുടരട്ടെ. എങ്ങനെയും നാട്ടിലെത്തണം എന്നാഗ്രഹിക്കുന്നവരുടെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല. കുവൈറ്റ് യുദ്ധക്കാലത്ത് ഇതേ പ്രശ്‌നം നാം അഭിമുഖീകരിച്ചതാണ്. അത്തരമൊരു ദൗത്യം വീണ്ടും ഏറ്റെടുക്കണം. കോവിഡ് ബാധയുടെ ആരംഭഘട്ടത്തിലുള്ളവരും നിരീക്ഷക്ഷണത്തിലുള്ളവരുമൊക്കെ പ്രവാസികള്‍ക്കിടയില്‍ ഉണ്ടാവാം. കോവിഡിനെ ഭയന്ന് സര്‍വതും ഇട്ടെറിഞ്ഞ് ഗള്‍ഫ് മലയാളികള്‍ ഒറ്റയടിക്ക് കേരളത്തിലേക്ക് വരുന്നത് പ്രായോഗികമല്ലെന്ന് എല്ലാവര്‍ക്കുമറിയാം;അങ്ങനെ സംഭവിക്കാനും പോകുന്നില്ല. പക്ഷെ വരണം എന്ന അടിയന്തര സാഹചര്യത്തിലുള്ളവര്‍ക്ക് അതിന് വഴിയൊരുക്കണം.അവര്‍ക്കുവേണ്ടി പ്രത്യേകം പ്രവാസി-കോവിഡ് ക്യാമ്പുകള്‍ തുടങ്ങുന്നതും സഹായകരമായിരിക്കും.

അടിയന്തരമായി നാട്ടിലെത്താന്‍ താലപര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഒരു വെബ്പോര്‍ട്ടല്‍ ആരംഭിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാകും. ഈ പട്ടിക പ്രകാരം വിമാനയാത്രയുടെ മുന്‍ഗണനാക്രമം ഉണ്ടാക്കാം. നാട്ടിലെത്തുന്നവര്‍ പതിവുപോലെ ക്വാറന്റീനിലേക്കോ കോവിഡ് ക്യാമ്പിലേക്കോ പോകട്ടെ. എല്ലാവര്‍ക്കും പരിരക്ഷ ഉറപ്പാക്കണം. ലോകത്തിന് തന്നെ മാതൃകയായി നിലകൊള്ള കേരളത്തിന്റെ ആരോഗ്യരംഗത്തെ വൈഭവം ഇവിടെ നമ്മെ തുണയ്ക്കും. കേരളത്തിലേക്കുള്ള വിമാനസര്‍വീസ് എത്രയുംപെട്ടെന്ന് പുന:രാംരഭിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. ഗള്‍ഫില്‍നിന്നും വരുന്ന കുട്ടികള്‍ക്ക് ഇന്നത്തെ സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നല്‍കാനാവും. മലയാളികള്‍ എന്ന സ്വത്വബോധത്താല്‍ പ്രചോദിതമായി അല്ല ഇത്രയും എഴുതിയത്. ഏതൊരു രാജ്യത്തെ പ്രവാസിയോടും അതാത് രാജ്യങ്ങള്‍ ചെയ്യേണ്ട കാര്യങ്ങളാണിത്. കാരണം അവര്‍ക്ക് പോകാന്‍ വേറെ ദേശമില്ല. ഈ നാട് അവരുടേത് കൂടിയാണ്. അവര്‍ നമ്മളാണ്.


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *